സുപ്രീംകോടതിയില്‍ സംഭവിക്കുന്നത് എന്ത് ? അവ പരിശോധിക്കാനുള്ള ഉചിതമായ അവസരമാണ് ഇത്

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17നു വിരമിച്ചു. ജസ്റ്റിസ് എസ് എ ബോബ്‌ഡെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കാനുള്ള ഉചിതമായ അവസരമാണ് ഇത്. പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ഭരണഘടനയ്ക്ക് അനുസൃതമാണോ എന്ന് പരിശോധിച്ച് പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട സ്ഥാപനമാണ് സുപ്രീംകോടതി.

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, കഴിഞ്ഞ കുറച്ചുകാലമായി ഭരണഘടനയുടെ കാവല്‍ക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സുപ്രീംകോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുകയാണ്. സ്വേച്ഛാധിപത്യച്ചുവയുള്ള ഹിന്ദുത്വശക്തികളുടെ ഭരണം, ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂട് തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നത് ഗൗരവമായ ഉല്‍ക്കണ്ഠയ്ക്ക് വിഷയമാകുകയും ചെയ്യുന്നു.

ജസ്റ്റിസ് ഗൊഗോയ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലത്താണ് പൗരന്മാരുടെ മൗലികാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം സുപ്രീംകോടതി വിശ്വാസത്തിന്റെയും മറ്റും കാര്യങ്ങളില്‍ ഭൂരിപക്ഷവാദത്തിന് സന്ധിചെയ്തുകൊണ്ട് എക്സിക്യൂട്ടീവിന് കൂടുതലായും വഴങ്ങിക്കൊടുക്കുന്ന സ്ഥിതിയുണ്ടായത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ ഈ വസ്തുതയ്ക്ക് അടിവരയിടുന്നു. ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തിനും ആര്‍ജവത്തിനും കടകവിരുദ്ധമാണിത്. പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലാണ് ആദ്യ പരാജയം സംഭവിച്ചത്. പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാവുന്നത് സുപ്രീംകോടതിക്കാണ്. എന്നാല്‍, അടുത്തകാലത്ത് ജമ്മു കശ്മീരിലെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇടപെടുന്നതില്‍ കോടതി പരാജയപ്പെട്ടു. ഭരണഘടനയിലെ 370 –ാം വകുപ്പ് റദ്ദാക്കി ആഗസ്ത് അഞ്ചുമുതല്‍ സംസ്ഥാനത്തെ വരിഞ്ഞുമുറുക്കിയപ്പോള്‍ പൗരന്മാര്‍ക്കുമേല്‍ എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് നിരവധി അപേക്ഷകളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും തടവിലിട്ടതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള അപേക്ഷകളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ഈ അപേക്ഷകള്‍ സുപ്രീംകോടതി കൈകാര്യം ചെയ്ത രീതി ആരെയും ഞെട്ടിക്കുന്നതാണ്. മുഹമ്മദ് യൂസഫ് തരിഗാമിക്ക്വേണ്ടി സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയാകട്ടെ, അതല്ലെങ്കില്‍ പത്രസ്വാതന്ത്ര്യത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെക്കുറിച്ചായാലും പൗരന്മാരുടെ സ്വതന്ത്ര സഞ്ചാരത്തെക്കുറിച്ചായാലും ഭരണഘടനയിലെ 19(1) വകുപ്പനുസരിച്ച് പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. മേല്‍പ്പറഞ്ഞ കാര്യത്തെക്കുറിച്ചുള്ള എല്ലാ അപേക്ഷയും പരിഗണിക്കുന്നതിന് മൂന്നംഗ ബെഞ്ചും ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കിയതിനെക്കുറിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കാനായി അഞ്ചംഗ ഭരണഘടനാ ബെഞ്ചും രൂപീകരിക്കുകയുണ്ടായി. രണ്ടു മാസം കഴിഞ്ഞിട്ടും സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഒരപേക്ഷയിലും വിധി പറഞ്ഞിട്ടില്ല. കുട്ടികളെ തടവിലിട്ടതുപോലുള്ള ഗൗരവതരമായ ഹര്‍ജികളില്‍ പോലും വാദംകേള്‍ക്കല്‍ മാറ്റിവച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത പരിഗണന ഡിസംബര്‍ മൂന്നിനാണ്.

കോടതി വിധിന്യായം നല്‍കുന്നത് താമസിപ്പിക്കുന്നത് ജുഡീഷ്യല്‍ ഒഴിഞ്ഞുമാറലിനു തുല്യമാണ്. തെറ്റായ നയങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ ഇത് ഗവണ്‍മെന്റിന് അഥവാ എക്സിക്യൂട്ടീവിന് വഴിയൊരുക്കും. ജുഡീഷ്യല്‍ ഒഴിഞ്ഞുമാറലിനുള്ള മറ്റൊരു ഉദാഹരണമാണ് ഇലക്ടറല്‍ ബോണ്ടുകള്‍ക്കെതിരായ കേസ്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഈ കേസ് കേള്‍ക്കുകയുണ്ടായി. കേന്ദ്ര ഭരണകക്ഷിയാണ് പേര് വെളിപ്പെടുത്താത്തവരില്‍നിന്നും പണം സ്വരൂപിക്കാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ഉപയോഗപ്പെടുത്തിയത്. എന്നാല്‍, വാദം കേട്ടതിനുശേഷം രാഷ്ട്രീയ പാര്‍ടികളില്‍നിന്നും കോടതി ആവശ്യപ്പെട്ട ഫണ്ടിന്റെ വിശദാംശം ഒരു സീല്‍ ചെയ്ത കവറില്‍ തെരഞ്ഞെടുപ്പു കമീഷന് മെയ് 30നു മുമ്പ് കൈമാറുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷമാണ് ഇതെന്നര്‍ഥം. 6000 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് ഇതുവരെ നല്‍കിയിട്ടുള്ളത്.

ഭൂരിപക്ഷ വാദത്തോടുള്ള ഈ സന്ധിചെയ്യല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. മാത്രമല്ല, രാഷ്ട്രത്തിന്റെ മതനിരപേക്ഷ തത്വങ്ങളെ വെല്ലുവിളിക്കാന്‍ ഹിന്ദുത്വശക്തികള്‍ക്ക് അത് കരുത്തുനല്‍കുകയും ചെയ്യും

എക്സിക്യൂട്ടീവിനോടുള്ള വിനയവും അവരെ ചോദ്യം ചെയ്യുന്നതിനുള്ള വൈമനസ്യവും വരുംദിവസങ്ങളില്‍ ജുഡീഷ്യറിക്ക് ദോഷകരമാകുമെന്ന് ഉറപ്പ്. അയോധ്യയെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായം ഭരണഘടനയിലെ മതനിരപേക്ഷ തത്വങ്ങള്‍ക്കായി നിലകൊള്ളുന്നതിലുള്ള പരാജയമാണ് വെളിപ്പെടുത്തുന്നത്. വിധിന്യായത്തിന്റെ ആകത്തുക വിശ്വാസത്തിനും വിശ്വാസപ്രമാണങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്നതാണ്. ഭൂരിപക്ഷ വാദത്തോടുള്ള ഈ സന്ധിചെയ്യല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. മാത്രമല്ല, രാഷ്ട്രത്തിന്റെ മതനിരപേക്ഷ തത്വങ്ങളെ വെല്ലുവിളിക്കാന്‍ ഹിന്ദുത്വശക്തികള്‍ക്ക് അത് കരുത്തുനല്‍കുകയും ചെയ്യും.

ഇത്തരത്തിലുള്ള ചാഞ്ചാട്ടം ശബരിമല വിധിയിലുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കൈാര്യംചെയ്ത രീതിയിലും കാണാവുന്നതാണ്. പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിനുള്ള സാധാരണ നടപടിക്രമത്തിനു വിരുദ്ധമായി ഭൂരിപക്ഷ വിധിന്യായം, കോടതിയുടെ മറ്റ് ബെഞ്ചുകള്‍ പരിഗണിച്ചുവരുന്ന പൊതുവിഷയങ്ങള്‍ വിപുലമായ ഒരു ഏഴംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്. പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പുകല്‍പ്പിക്കാതെ വയ്ക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ ബെഞ്ച് ചെയ്യേണ്ടത് പുതിയതും പ്രധാനവുമായ തെളിവ് ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കലാണ്. അതല്ലെങ്കില്‍ റെക്കോഡുകളില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിലും പുനഃപരിശോധന അനുവദിക്കാം. അതു ചെയ്യുന്നതിനു പകരം ഭൂരിപക്ഷ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ വളഞ്ഞ വഴിയിലൂടെ ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രപരമായ വിധിന്യായത്തെ പുനര്‍വായനയ്ക്ക് വിധേയമാക്കുകയാണ്. ഇവിടെയും അസാധാരണമായ ഈ രീതിക്കുള്ള പ്രചോദനം സ്ത്രീകളുടെ അവകാശത്തേക്കാള്‍ വിശ്വാസത്തിന് പ്രാമുഖ്യം നല്‍കുന്നതിനായിരുന്നു.

സുപ്രീംകോടതിയുടെ ഈ വീഴ്ചയ്ക്കു കാരണം ഒരു ചീഫ് ജസ്റ്റിസിന്റെയോ ഏതാനും ജഡ്ജിമാരുടെയോ വ്യതിചലനം മാത്രമല്ല, ഗവണ്‍മെന്റിന്റെ ബോധപൂര്‍വമായ ശ്രമത്തിന്റെ ഉല്‍പ്പന്നമാണിത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയ്ക്ക് മോഡി സര്‍ക്കാര്‍ ജഡ്ജിമാരുടെ നിയമനക്കാര്യത്തിലും വിവിധ ഹൈക്കോടതികളിലേക്ക് ചീഫ് ജസ്റ്റിസായി പ്രൊമോഷന്‍ നല്‍കുന്ന കാര്യത്തിലും ഇടപെട്ടുവരികയാണ്. ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അഖില്‍ ഖുറേഷിയുടേത്. മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി നിയമിതനാകുന്നതില്‍നിന്നും തടയപ്പെട്ട ഖുറേഷിയെ ത്രിപുര ഹൈക്കോടതിയിലേക്ക് അയച്ചിരിക്കുകയാണ്. രാഷ്ട്രത്തിലെ എല്ലാ സ്ഥാപനങ്ങളിലും ഹിന്ദുത്വ പ്രത്യയശാസ്ത്രം നുഴഞ്ഞുകയറ്റം നടത്തുകയാണ്. ദുഃഖകരമെന്ന് പറയട്ടെ സുപ്രീംകോടതിയും ഇതില്‍നിന്നും അന്യമല്ല.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply