
മതവും ഭരണകൂടവും യൂറോപ്യന്‍ നവോത്ഥാനവും
തിരുനാവായില്‍ നടന്ന കേരളപ്പെരുമ, മൈത്രി മഹോത്സവത്തില്‍ ഡോ ഖദീജ മുംതാസ് നടത്തിയ പ്രഭാഷണത്തിലെ രണ്ടു പരാമര്‍ശങ്ങളോടുള്ള – 1. യൂറോപ്യന്‍ മതേതരത്വം, ഭരണകൂടവും മതവും തമ്മില്‍ കര്‍ശനമായ വേര്‍തിരിവ് ആവശ്യപ്പെടുന്നു. മതചിഹ്നങ്ങളെയും അവയുടെ സ്വാധീനത്തെയും പൊതുമണ്ഡലത്തില്‍ നിന്ന് ഒഴിവാക്കുന്നു. 2 ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ നമ്മുടെ നവോത്ഥാന പ്രക്രിയയില്‍ ഇടപെട്ട മനുഷ്യരുടെ മൂല്യബോധത്തില്‍ നിന്ന് ഉറവയെടുത്തതാണ് – പ്രതികരണം
‘യൂറോപ്യന്‍ മതേതരത്വം, ഭരണകൂടവും മതവും തമ്മില്‍ കര്‍ശനമായ വേര്‍തിരിവ് ആവശ്യപ്പെടുന്നു. മതചിഹ്നങ്ങളെയും അവയുടെ സ്വാധീനത്തെയും പൊതുമണ്ഡലത്തില്‍ നിന്ന് ഒഴിവാക്കുന്നു..’ എന്ന് ഡോ ഖദീജ മുംതാസ് തിരുനാവായ പ്രഭാഷണത്തില്‍ പറഞ്ഞത് വസ്തുതാപരമായി തന്നെ തെറ്റാണ്. യൂറോപ്യന്‍ ഭരണകൂട ജനാധിപത്യത്തെ കുറിച്ചുള്ള തെറ്റായ പൊതുബോധ നിര്‍മ്മിതിയായിരിക്കാം ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തുന്നതിന് കാരണം.
നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്നും ഭരണകൂടത്തിന്റെ വിവിധ ഘടനകളില്‍ വ്യത്യസ്ത ക്രൈസ്തവ സഭാ സ്വാധീനങ്ങള്‍ ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.. ഉദാഹരണത്തിന്, ഡെന്‍മാര്‍ക്കില്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ സഭക്ക് ഭരണകൂടങ്ങളില്‍ കൃത്യമായ സ്വാധീനമുണ്ട്. ഇവാഞ്ചലിക്കല്‍ സഭയെ സ്റ്റേറ്റ് മതമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. യുണൈറ്റഡ് കിംഗ്ഡം (UK) ബ്രിട്ടീഷ് രാജാവിനെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സുപ്രീം ഗവര്‍ണറായി നിയമിക്കുന്നു. പല യൂറോപ്യന്‍ രാജ്യങ്ങളിലും സംസ്ഥാന ധനസഹായവും പ്രിവിലേജുകളും സ്റ്റേറ്റ് ക്രൈസ്തവ സഭയ്ക്ക് ലഭിക്കുന്നുണ്ട്. പല യൂറോപ്യന്‍ രാജ്യങ്ങളും നികുതി പിരിവിലൂടെയോ സര്‍ക്കാര്‍ ധനസഹായത്തിലൂടെയോ പരസ്പരബന്ധിതമായ എന്റിറ്റിയായി മതത്തെ നിലനിര്‍ത്തുന്നുമുണ്ട്.
2000-ല്‍ സ്വീഡിഷ് സ്റ്റേറ്റ് ചര്‍ച്ച് നിര്‍ത്തലാക്കപ്പെട്ടു. സ്വീഡന്‍ ഒരു പാര്‍ലമെന്ററി ഭരണഘടനാ രാജവാഴ്ചയായും ഒരു പ്രതിനിധി ജനാധിപത്യമായും ഇന്നും പ്രവര്‍ത്തിക്കുന്നു. നികുതി അധികാരികള്‍ ജനങ്ങളുടെ നികുതിയില്‍ നിന്ന് പള്ളി അംഗങ്ങളുടെ ഫീസ് പിരിച്ചെടുക്കുന്നു. ദേശീയ പാര്‍ലമെന്റിലേക്ക് (റിക്‌സ്ഡാഗ്) പൗരന്മാര്‍ നിയമ നിര്‍മ്മാതാക്കളെ തിരഞ്ഞെടുക്കുന്നതിനാല്‍ രാജ്യത്ത് ജനാധിപത്യമാണ്. എന്നിരുന്നാലും, അത് ഒരു രാജവാഴ്ച കൂടിയാണ്, കാരണം രാഷ്ട്രത്തലവന്‍ ഒരു പാരമ്പര്യ രാജാവാണ്. രാജാവും രാജ്ഞിയും ലൂഥറന്‍ വിശ്വാസത്തില്‍ പെട്ടവരായിരിക്കണം എന്നുമുണ്ട്.
ജര്‍മ്മനിയില്‍ പൊതുവിദ്യാലയങ്ങളില്‍ മത വിദ്യാഭ്യാസം ഉണ്ട്. പോളണ്ടിലും ഗവണ്‍മെന്റിനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് മതമാണ്. അല്ലെങ്കില്‍ കത്തോലിക്കാ സഭയുടെ ‘റോട്ടന്‍ ടു ദി ബോണ്‍’ സ്ഥാപനം ആണ് ഭരണകൂടം എന്ന് തന്നെ പറയാം. എല്‍ജിബിടി ആളുകളെ ‘മഴവില്ല് പ്ലേഗ്’ (rainbow plague)എന്നു വിളിച്ചാണ് അവിടെ പരിഹസിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങള്‍ അവിടെ വളരെ അപകടത്തിലാണ്.
ഓസ്ട്രിയ ഇന്നും ശക്തമായ മതസ്വാധീനമുള്ള രാജ്യമാണ്. മതേതരത്വം ഉയര്‍ന്നുവരുന്നുണ്ടെങ്കിലും, അതിന്റെ സംസ്‌കാരത്തിലും, പൊതു അവധി ദിവസങ്ങളിലും, നിയമവ്യവസ്ഥയിലും, സംസ്ഥാന ധനസഹായത്തിലും ആഴത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത് കത്തോലിക്കാ സഭയുടെ സ്വാധീനങ്ങളാണ്. 2020ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടിയില്‍ കൂടുതലും യാഥാസ്ഥിതികരും ക്രിസ്ത്യാനികളുമാണ്. അവര്‍ ക്രിസ്ത്യന്‍ യൂണിയനുമായി (KU) ഐക്യപ്പെട്ടവരാണ്. എംപിമാരായ പലരും മതഭ്രാന്തന്മാര്‍ തന്നെയത്രേ! വോട്ടെടുപ്പിന് മുമ്പ് പാര്‍ലമെന്റില്‍ കര്‍ത്താവിന്റെ പ്രാര്‍ത്ഥന ചൊല്ലണം. 2015-ല്‍, യാഥാസ്ഥിതിക, ക്രിസ്ത്യന്‍ എംപിമാര്‍ ഗര്‍ഭഛിദ്രം നിരോധിക്കുന്നതിനും കൃത്രിമ ബീജസങ്കലനം നടത്തിയതിന് സ്ത്രീകളെ 5 -12 വര്‍ഷം തടവിന് ശിക്ഷിക്കുന്നതിനും വേണ്ടി വോട്ട് ചെയ്തു. ഒരു രാജ്യം എന്ന നിലയില്‍ എത്ര പുരോഗമനപരമാണെങ്കിലും, മേശപ്പുറത്ത് വരുന്ന ഓരോ പുതിയ നിയമനിര്‍മ്മാണത്തിനും ഏതെങ്കിലും ആര്‍ച്ച് ബിഷപ്പിന്റെയോ അസോസിയേഷന്‍ ഓഫ് കാത്തലിക് ജൂറിസ്റ്റ്സ് (jurists) ന്റെയോ അഭിപ്രായ പ്രകടനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അമേരിക്കയില്‍ ഇന്നും മതസംഘടനകളും മൂല്യങ്ങളും ദൈനംദിന സംസ്‌കാരത്തിലും സാമൂഹിക സേവനങ്ങളിലും രാഷ്ട്രീയത്തിലും, ഭരണകൂടത്തിലും ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. പ്രത്യേകിച്ച് ‘ബൈബിള്‍ ബെല്‍റ്റ്’ (Bible belt) എന്നറിയപ്പെടുന്ന തെക്കുകിഴക്കന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍, ശരാശരിയേക്കാള്‍ ഉയര്‍ന്ന തോതില്‍ ക്രൈസ്തവ സഭകള്‍ ഭരണകൂട നിര്‍വഹണങ്ങളെ ശക്തമായി സ്വാധീനിക്കുന്നുണ്ട്.
‘ഡോ കദീജ മുംതാസ് പറയുന്ന മറ്റൊരു നിരീക്ഷണം ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ എന്നത് നമ്മുടെ നവോത്ഥാന പ്രക്രിയയില്‍ ഇടപെട്ട മനുഷ്യരുടെ മൂല്യ ബോധത്തില്‍ നിന്ന് ഉറവയെടുത്തതാണ് ‘ എന്നാണ്. സാങ്കേതികമായി അത് ശരിയാണെങ്കിലും, ഈ മൂല്യബോധത്തിലേക്ക് ജ്യോതിറാവു ഫൂലെയെയും ഡോ. ബി.ആര്‍. അംബേദ്കറിനേയും നയിച്ച സ്വാതന്ത്ര്യ ബോധം, ആഴത്തില്‍ സ്വാധീനിക്കപ്പെട്ട പാശ്ചാത്യ തത്ത്വചിന്ത, ജ്ഞാനോദയ ആദര്‍ശങ്ങള്‍, യൂറോപ്യന്‍ നവോത്ഥാനം എന്നിവയാണ്. സാമൂഹിക നീതി, സമത്വവാദം (egalitarianism) മനുഷ്യാവകാശങ്ങള്‍ എന്നിവയ്ക്കായുള്ള അവരുടെ പ്രചരണങ്ങള്‍ പ്രധാനമായും പാശ്ചാത്യ രാഷ്ട്രീയ ചിന്തയും യുക്തിബോധവുമാണ് രൂപപ്പെടുത്തിയത്.
സ്‌കോട്ടിഷ് മിഷനറി സ്‌കൂളുകളിലെ ആദ്യകാല വിദ്യാഭ്യാസമാണ് ഫൂലെയെ പാശ്ചാത്യ ബൗദ്ധിക ചിന്തകളിലേക്ക് നയിച്ചത്. തോമസ് പെയിനിന്റെ പൗരോഹിത്യ വിരുദ്ധ, ജനാധിപത്യ, തീവ്ര മാനവിക ആശയങ്ങളില്‍ നിന്ന് ഫൂലെ വളരെയധികം പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. മതപരമായ സിദ്ധാന്തത്തെക്കുറിച്ചുള്ള പെയിനിന്റെ വിമര്‍ശനം അദ്ദേഹം സ്വീകരിക്കുകയും, ഇന്ത്യയിലെ ജാതി ശ്രേണിയെ തകര്‍ക്കാനും മനുഷ്യാവകാശങ്ങള്‍ക്കായി വാദിക്കാനും ഈ ആശയങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. യൂറോപ്യന്‍ നവോത്ഥാനം സഭയുടെ ആധിപത്യത്തെ വെല്ലുവിളിച്ചതുപോലെ, അതില്‍നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഫൂലെയുടെ ‘സത്യശോധക് സമാജ്’ (സത്യാന്വേഷകരുടെ സമൂഹം) ബ്രാഹ്മണ ഘടനകളുടെ ആധിപത്യത്തെ വെല്ലുവിളിച്ചത്.
കൊളംബിയ യൂണിവേഴ്‌സിറ്റിയിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കോണമിക്‌സിലും ഉന്നത പഠനത്തിനിടയിലാണ് അംബേദ്കറുടെ പാശ്ചാത്യ സ്വാധീനം ഔപചാരികമാക്കപ്പെട്ടതും, അതില്‍നിന്ന് അദ്ദേഹം ജ്ഞാനോദയ യുക്തിവാദം നേരിട്ട് സ്വാംശീകരിക്കുന്നതും. കൊളംബിയയില്‍ ആയിരിക്കുമ്പോള്‍, അംബേദ്കര്‍ ജോണ്‍ ഡ്യൂയിയുടെ കീഴില്‍ ആണ് പഠിച്ചത്. പ്രായോഗികവും ജനാധിപത്യപരവും പരീക്ഷണാത്മകവുമായ മാര്‍ഗങ്ങളിലൂടെ യഥാര്‍ത്ഥ ലോകത്തിലെ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ഡ്യൂയിയുടെ പ്രായോഗികതാവാദമാണ് അംബേദ്കറുടെ ജാതി വിരുദ്ധ പ്രായോഗികതയെ നേരിട്ട് രൂപപ്പെടുത്തിയത്.
ഈ രണ്ട് ഇന്ത്യന്‍ മഹാ പരിഷ്‌കര്‍ത്താക്കളും ഈ പാശ്ചാത്യ തത്ത്വചിന്തകളെ ബുദ്ധന്‍, കബീര്‍ തുടങ്ങിയവരുടെ ചിന്തകളുമായി സമന്വയിപ്പിച്ചെങ്കിലും, മനുഷ്യാവകാശങ്ങളെയും ജനാധിപത്യത്തെയും കുറിച്ചുള്ള പാശ്ചാത്യ ആശയങ്ങള്‍ അവരുടെ ബൗദ്ധിക ചട്ടക്കൂടുകളുടെ അടിസ്ഥാനമായിരുന്നു. ലോകത്ത് ഏറ്റവും ‘പുരാതനമായ’ വൈദിക ബ്രാഹ്മണ ഫാസിസം കഴിഞ്ഞ മൂന്നു സഹസ്രാബ്ദങ്ങളില്‍ കൂടുതലായി നിലനിന്ന ഇന്ത്യയില്‍ തീര്‍ച്ചയായും പാശ്ചാത്യ ആധുനിക നവോത്ഥാനത്തിന്റെ സ്വാധീനത്തെ തള്ളിക്കളയാന്‍ കഴിയില്ല. അതിനെ പൗരസ്ത്യ പ്രത്യയശാസ്ത്ര മൂല്യത്തിന്റെ ബാഹ്യാവരണങ്ങള്‍ കൊണ്ട് മൂടിവയ്ക്കാനും കഴിയില്ല. മനുഷ്യനെ ധാര്‍മ്മിക വിമുക്തമാക്കുന്ന (moral disengagement) ഇന്ത്യന്‍ വൈദിക പ്രത്യയശാസ്ത്രത്തിനെതിരെ പൗരസ്ത്യ പ്രത്യയശാസ്ത്രം പഠിച്ചല്ല, മറിച്ച്, പാശ്ചാത്യ ഉന്നത വിദ്യാഭ്യാസം നേടിയാണ് അംബേദ്കര്‍ പ്രത്യധിനിവേശ ആശയങ്ങള്‍ രൂപീകരിച്ചത്.
ഒരു ജൂറിസ്പ്രൂഡന്‍ഷ്യല്‍ (jurisprudential) ഫിലോസഫി പോലും മൂന്ന് സഹസ്രാബ്ദങ്ങളായി ഉണ്ടായിട്ടില്ലാത്ത ഇന്ത്യയില്‍, പാശ്ചാത്യ ആധുനിക ജനാധിപത്യ സ്വാധീനവും, ഇസ്ലാമിക സാഹോദര്യ സങ്കല്പങ്ങളും തന്നെയാണ് അധിനിവേശ വിരുദ്ധ മുന്നേറ്റത്തില്‍ സ്വാധീനിച്ചത്. തീര്‍ച്ചയായും ലോകം മുഴുവന്‍ സംഭവിച്ച നവോത്ഥാനത്തിന്റെ അനുരണനങ്ങള്‍ തന്നെയാണ് ഇന്ത്യയിലും സംഭവിച്ചത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
സാമാന്യമായ നിയമശാസ്ത്രം (jurisprudence) പോലും നിലനിന്നിട്ടില്ലാത്ത ഒരു രാജ്യത്തെ നൃശംസമായ സംസ്‌കൃതിയെ ഉപജീവിച്ച, ഗാന്ധിയന്‍ രീതിയില്‍, ഹിന്ദുത്വത്തെ നേരിടാന്‍ കഴിയും എന്ന് മുംതാസ് അഭിപ്രായപ്പെടുന്നതിലും മൂല്യ യുക്തിഭംഗം ഉണ്ട്. രാമമതാത്മകതയുടെയും ഗോപൂജയുടെയും ഭഗവത്ഗീതയുടെയും പ്രാകൃതമായ ആശയമുഖങ്ങള്‍, ഇനിയും ഒരു സാംസ്‌കാരിക നയതന്ത്രമാക്കി മാറ്റാന്‍ ഇന്ത്യയ്ക്ക് കഴിയില്ല. ഭിക്ഷാംദേഹിത്വത്തിന്റെയും ഭൂതദയയുടെയും അഹിംസയുടെയും ആശയങ്ങള്‍ ഭീകര വൈദിക ബ്രാഹ്മണ ഹിന്ദുത്വത്തില്‍ ലയിപ്പിച്ച് എടുക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ഗാന്ധിയിലേക്ക് തിരിഞ്ഞു നടക്കുന്നത്.
ഗാന്ധിയുടെ ഓര്‍മ്മകളെ നാം നിലനിര്‍ത്തേണ്ടത് അതിന്റെ ചരിത്രപരമായ പിന്തുടര്‍ച്ചക്ക് വേണ്ടിയല്ല, ഹൈന്ദവ – ബൗദ്ധ സംഘര്‍ഷ പരിസരങ്ങളെ പ്രച്ഛന്നവള്‍ക്കരിക്കുവാനും വേണ്ടിയല്ല; മറിച്ച് രാജ്യത്തിനുവേണ്ടി ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ച്, രക്തസാക്ഷിയായ നിഷ്‌കപട വ്യക്തി എന്ന നിലയിലാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
