
പാറ്റകളും അല്‍ഗോരിതാധിഷ്ഠിത രാഷ്ട്രീയാധിപത്യവും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ‘പാറ്റാ ജനതാ പാര്‍ട്ടി’യുടെ (Cockroach Janta Party) ഉദയം ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തെ ഉലച്ചെന്നു മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയ നിരീക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുകയും ചെയ്തു. ഇത്തരം വെര്‍ച്വല്‍ പ്രതിഭാസങ്ങള്‍ കൊണ്ട് മാത്രം ഒരു ഭരണകൂട വ്യവസ്ഥയെ പെട്ടെന്ന് അട്ടിമറിക്കാന്‍ കഴിയില്ലെങ്കിലും, വരാനിരിക്കുന്ന പുതിയൊരു സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വിത്തുപാകല്‍ എന്ന നിലയില്‍ ഇത് ശ്രദ്ധേയമാണ്.
സാമൂഹിക-രാഷ്ട്രീയ രംഗങ്ങളടക്കം ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് എ.ഐ. (AI) ഏജന്റ് മോഡലുകള്‍, അല്‍ഗോരിതങ്ങള്‍, ഡാറ്റാ നിയന്ത്രിത സംവിധാനങ്ങള്‍ എന്നിവ അതിവേഗം കടന്നുകയറുകയാണ്. ഇത് തികച്ചും അസാധാരണമായ ഒരു പുതിയ ചരിത്രഘട്ടത്തിലേക്കാണ് നമ്മെ നയിക്കുന്നത്. നിര്‍മ്മിത ബുദ്ധിയിലൂടെ മനുഷ്യന്‍ ഇന്ന് പുതിയൊരു ബൗദ്ധിക സത്വത്തെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യചിന്തയ്ക്ക് അനുമാനിക്കാന്‍ കഴിയാത്തത്ര ബുദ്ധിവൈഭവമുള്ള ഈ പ്രതിഭാസം, ശാസ്ത്ര-സാങ്കേതിക രംഗത്ത് അനന്തസാധ്യതകള്‍ തുറന്നിടുന്നുണ്ടെങ്കിലും, ജീവിതത്തിന്റെ മൗലികമായ സ്വകാര്യതയെയും അവകാശങ്ങളെയും അത് ഹനിക്കുന്നുമുണ്ട്.
ജനാധിപത്യത്തിനും സാമൂഹിക സമത്വത്തിനും മനുഷ്യസ്വാതന്ത്ര്യത്തിനും മേല്‍ പുതിയ തരത്തിലുള്ള നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ നിര്‍മ്മിത ബുദ്ധിക്ക് കഴിയും. ഇത് പൊതുസമൂഹത്തിന് അപ്രാപ്യമായ, തികച്ചും സ്വേച്ഛാധിപത്യപരമായ ഭരണകൂട സംവിധാനങ്ങള്‍ രൂപപ്പെടാന്‍ അടിത്തറയിട്ടേക്കാം. കേന്ദ്രീകൃതവും ജനകീയമല്ലാത്തതുമായ ഇത്തരം വ്യവസ്ഥകള്‍ ഭാവിയില്‍ മനുഷ്യരാശിക്ക് വലിയ ഭീഷണിയായേക്കാം. എന്നാല്‍, ഇതിന് വിപരീതമായി മനുഷ്യത്വപരവും മൂല്യാധിഷ്ഠിതവുമായ അല്‍ഗോരിതങ്ങളുടെ വികാസം ഒരു മികച്ച സാമൂഹ്യക്രമത്തിന് വഴിതുറന്നേക്കാനും സാധ്യതയുണ്ട്.
അല്‍ഗോരിതങ്ങളുടെ രാഷ്ട്രീയ സ്വാധീനവും,ജനാധിപത്യ വെല്ലുവിളികളും.
യുദ്ധരംഗത്തും സാമ്പത്തിക-വൈദ്യശാസ്ത്ര- വാര്‍ത്താ വിനിമയ മേഖലകളിലുമെന്ന പോലെ രാഷ്ട്രീയ അധികാര പ്രക്രിയകളിലും ഇന്ന് അല്‍ഗോരിതങ്ങളുടെ സ്വാധീനം പ്രകടമാണ്. വോട്ടര്‍മാരുടെ മനോഭാവ രൂപീകരണം, വാര്‍ത്താ പ്രചാരണം, സോഷ്യല്‍ മീഡിയ ആശയപ്രവാഹം എന്നിവ ഇന്ന് ഡാറ്റാ വിശകലനത്തിലൂടെയും എ.ഐ. പ്രവചനങ്ങളിലൂടെയുമാണ് നിയന്ത്രിക്കപ്പെടുന്നത്. തിരഞ്ഞടുപ്പടുത്ത് വോട്ടര്‍ പട്ടിക പുതുക്കുന്നതിലെ അപാകതകള്‍ (SIR – Special Intensive Revision വഴി തെരഞ്ഞെടുപ്പ് വേളയില്‍ വോട്ടര്‍മാരെ ഒഴിവാക്കുന്നത് പോലുള്ളവ) മുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (EVM) അല്‍ഗോരിത നിയന്ത്രണത്തെക്കുറിച്ചുള്ള സംശയങ്ങള്‍ വരെ ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയെ ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്.
ഒരു ‘മനുഷ്യസൗഹൃദ-സാമൂഹ്യ നിയന്ത്രിത എ.ഐ. ഏജന്റിനെ’ (Benevolent AI) വികസിപ്പിക്കാന്‍ ഗവേഷകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും, മൂലധനാധിഷ്ഠിത ലാഭയേച്ഛയില്‍ ഉന്നിയ ആഗോള സാങ്കേതിക മത്സരങ്ങളും യുദ്ധങ്ങളും ഇതില്‍ വലിയ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. കൃത്യമായ സുരക്ഷാവേലികള്‍ (Guard rails) ഇല്ലാത്ത എ.ഐ. നേരിടുന്ന വെല്ലുവിളികള്‍ ഭയപ്പെടുത്തുന്നതാണ്. മനുഷ്യരെ ആക്രമിച്ച് നശിപ്പിക്കാത്ത എ.ഐ. അധിഷ്ഠിത യുദ്ധോപകരണങ്ങള്‍ സൃഷ്ടിക്കുക എന്നത് അസാധ്യമായി മാറാനാണ് സാധ്യത. ജെമിനി (Gemini), ചാറ്റ് ജിപിറ്റി (ChatGPT), ഡീപ് സീക്ക് (DeepSeek) തുടങ്ങിയ എ.ഐ. ആപ്ലിക്കേഷനുകള്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കുള്ളിലാണോ പ്രവര്‍ത്തിക്കുന്നത് എന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല.
ഉദാഹരണത്തിന്, അമേരിക്കയില്‍ ചാറ്റ് ജിപിറ്റിയുമായി നിരന്തരം സംവദിച്ചിരുന്ന കുട്ടികള്‍ ആത്മഹത്യാ ശ്രമം വരെ നടത്തിയ സംഭവങ്ങള്‍ ഇതിന്റെ മാരകമായ പ്രത്യാഘാതമായി വിലയിരുത്തപ്പെടുന്നു. ‘നിങ്ങളുടെ ജീവിതം ഇനി തുടര്‍ന്നിട്ട് കാര്യമില്ല’ എന്ന എ.ഐ.യുടെ തെറ്റായ ശുപാര്‍ശയാണ് അവരെ ഇതിന് പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു.
ഉല്പാദന ശക്തികളുടെ വികാസവും ഭരണകൂട വ്യവസ്ഥയും:
ഉല്പാദന ശക്തികളുടെ വികാസത്തെ സംബന്ധിച്ച മാര്‍ക്‌സിയന്‍ കാഴ്ചപ്പാട് സാമൂഹിക മാറ്റത്തെക്കുറിച്ചുള്ള മൗലികമായ ശാസ്ത്രീയ വീക്ഷണം നല്‍കുന്നുണ്ട്. ‘ഉല്പാദന ശക്തികളുടെ (Productive Forces) പൂര്‍ണ്ണമായ വികാസം നിലവിലുള്ള ഉല്പാദന ബന്ധങ്ങളെ (Relations of Production) അഴിച്ചുപണിയുന്നത് അനിവാര്യമാക്കും’ എന്നത് എ.ഐ. യുഗത്തില്‍ അന്വര്‍ത്ഥമാവുകയാണ്. പുതിയ സാങ്കേതിക ഉല്പാദന ശക്തികള്‍ വികസിക്കുമ്പോള്‍, അത് ഭരണകൂടത്തിന്റെ ആന്തരിക ഘടനയെയും മനുഷ്യര്‍ തമ്മിലുള്ള സാമൂഹിക-സാമ്പത്തിക ബന്ധങ്ങളെയും പുനഃസംഘടിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുന്നു. അപ്പോള്‍ തന്നെ ഇന്ന് നിലവിലുള്ള പിന്‍തിരിപ്പന്‍ ഭരണകൂടങ്ങള്‍ നിലനില്‍പ്പിനായി ചെയ്യേണ്ടിവരുന്നത് തികച്ചും ജനവിരുദ്ധ നടപടികളാണന്ന് എടുത്തു പറയേണ്ടതില്ല.
ഒരുകാലത്ത് ജനങ്ങളുടെ രാഷ്ട്രീയ ബോധവും നേരിട്ടുള്ള സാമൂഹിക ഇടപെടലുകളുമായിരുന്നു ഭരണകൂടങ്ങളുടെ ദിശ നിശ്ചയിച്ചിരുന്നതെങ്കില്‍, ഇന്ന് ജനങ്ങളുടെ മനോഭാവം പോലും ”ഡിജിറ്റല്‍ എഞ്ചിനീയറിംഗ്” വഴി കൃത്രിമമായി രൂപപ്പെടുത്തുകയാണ്. ഡാറ്റ പുതിയ മൂലധനമായി മാറിയ ഈ കാലഘട്ടത്തില്‍, ജനഹിതത്തെ അട്ടിമറിക്കാന്‍ ഇതിലും എളുപ്പം കഴിയുന്ന മറ്റൊരു മാര്‍ഗ്ഗമില്ല.
പുറമേയ്ക്ക് ജനാധിപത്യ സ്ഥാപനങ്ങളും തെരഞ്ഞെടുപ്പുകളും നിലനില്‍ക്കുന്നുവെങ്കിലും, യഥാര്‍ത്ഥ അധികാരം ക്രമേണ കോര്‍പ്പറേറ്റ്-രാഷ്ട്രീയ കൂട്ടുകെട്ടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഇതിനെ ”സര്‍വൈലന്‍സ് കാപ്പിറ്റലിസം” (Surveillance Capitalism – മേല്‍നോട്ട മുതലാളിത്തം) എന്നും ”ടെക്‌നോക്രാറ്റ് ഫ്യൂഡലിസം” (Technocrat Feudalism) എന്നും ഇന്ന് വിശേഷിപ്പിക്കുന്നു. ഉല്പാദന ശക്തികളുടെ ഈ അതിവേഗ വികാസം മുതലാളിത്ത വ്യവസ്ഥയുടെ തന്നെ ആന്തരിക സ്വഭാവത്തെ മാറ്റിമറിക്കുകയും, പൗരന്റെ സ്വാതന്ത്ര്യത്തെ വെറുമൊരു ”ഡിജിറ്റല്‍ അനുസരണ”ത്തിലേക്ക് ചുരുക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍, മാനുഷിക മൂല്യങ്ങളെ മുന്‍നിര്‍ത്തി സാമൂഹ്യപുരോഗതിക്കായി ചിട്ടപ്പെടുത്തുന്ന അല്‍ഗോരിതങ്ങള്‍, നിലനില്‍ക്കുന്ന വ്യവസ്ഥയെ ആന്തരികമായി തിരുത്താന്‍ ശ്രമിച്ചാല്‍ മുതലാളിത്ത വ്യവസ്ഥയുടെ അന്ത്യം സ്വയം സംഭവിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
എ.ഐ. ഏജന്റുകളും വിവിധ മേഖലകളിലെ പരിവര്‍ത്തനങ്ങളും.
വലിയ ഭാഷാ മോഡലുകളിലെയും (LLMs), മള്‍ട്ടിമോഡല്‍ എ.ഐ. സംവിധാനങ്ങളിലെയും സമീപകാല മുന്നേറ്റങ്ങള്‍ മനുഷ്യജീവിതത്തിന്റെ പ്രധാന മേഖലകളെ പുനഃസംഘടിപ്പിച്ചു പരിവര്‍ത്തനപ്പെടുത്തി കഴിഞ്ഞു. മൈക്രോസോഫ്റ്റ് എ.ഐ. സി.ഇ.ഓ മുസ്തഫ സുലൈമാന്‍ വ്യക്തമാക്കുന്നത് പോലെ, വരും നാളുകളില്‍ 12 മുതല്‍ 18 മാസത്തിനുള്ളില്‍ തന്നെ വൈറ്റ് കോളര്‍ തൊഴിലുകളെല്ലാം എ.ഐ. ഏറ്റെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ്. ഇത് വികസിക മുതലാളിത്ത രാജ്യങ്ങളില്‍ എന്നപോല്‍ വികസനോത്തര രാജ്യങ്ങള്‍ക്കും ബാധകമായി കുടന്നില്ല. ഈ രംഗത്ത് Anthropic-ന്റെ ‘Claude’ പോലുള്ള എ.ഐ. ഏജന്റുകളുടെ ദൂരവ്യാപകമായ കടന്നു കയറ്റം മൂലമുള്ള പ്രത്യാഘതങ്ങള്‍ പ്രായോഗിക തലത്തില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.
തൊഴിലും സോഫ്റ്റ്വെയറും (”വൈബ്-കോഡിംഗ്”).
മനുഷ്യനും എ.ഐ.യും ചേര്‍ന്നുള്ള ഒരു ‘ഹൈബ്രിഡ് തൊഴിലാളി’ (Hybrid Worker) സംവിധാനത്തിലേക്ക് നാം മാറികൊണ്ടിരിക്കുന്നു. സ്വാഭാവിക ഭാഷ ഉപയോഗിച്ച് കോഡ് നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ”വൈബ്-കോഡിംഗ്” (Vibe-Coding) സാങ്കേതിക വിദഗ്ധരല്ലാത്തവര്‍ക്കും അവസരങ്ങള്‍ നല്‍കുമ്പോഴും, പരമ്പരാഗത സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരുടെ തൊഴില്‍ ഘടനയെ അത് പൂര്‍ണ്ണമായി ബാധിക്കുകയോ മാറ്റിമറിക്കുകയോ ചെയ്യുന്നു.
ആരോഗ്യരംഗം
വര്‍ഷങ്ങള്‍ എടുത്തിരുന്ന മരുന്നുകളുടെ മോളിക്യൂള്‍ പരീക്ഷണങ്ങള്‍ എ.ഐ. തത്സമയം അനുകരിക്കുന്നതിലൂടെ ഔഷധ കണ്ടെത്തലുകള്‍ ദിവസങ്ങളായി ചുരുങ്ങി. അഡ്വാന്‍സ്ഡ് കമ്പ്യൂട്ടര്‍ വിഷന്‍ സംവിധാനങ്ങള്‍ വഴി ട്യൂമറുകളോ അല്‍ഷൈമേഴ്സോ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സാധിക്കുന്നു എന്നത് ഈ രംഗത്ത് മനുഷ്യരാശിക്ക് അനിതസാധരണമായ നേട്ടമാണു ഉണ്ടാക്കിയിട്ടുള്ളത്.
ദൈനംദിന ജീവിതവും വ്യക്തിനിഷ്ട ഗതിവിധികളും.
റൈഡ്ഷെയര്‍, മാപ്പിംഗ് ആപ്പുകള്‍ എന്നിവ തത്സമയം തന്നെ ന്യൂറല്‍ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ച് ഗതാഗത പാറ്റേണുകള്‍ വിശകലനം ചെയ്യുന്നത് സര്‍വ്വസാധാരണമാണ്. യൂ ഡ്യൂബ്, CHROME , face book, instagram തുടങ്ങി വ്യക്തിയുടെ അഭിരുചി അനുസരിച്ച് വിഷയങ്ങള്‍ അയാള്‍ക്ക് മുന്‍പില്‍ എത്തിക്കുന്നു. നിരവധി ബന്ധങ്ങള്‍ കോര്‍ത്തു വെക്കുന്നു.
സ്മാര്‍ട്ട് ഹോം സംവിധാനങ്ങള്‍.
”എജന്റെ-എ.ഐ.” ഉപയോഗിച്ച് സുരക്ഷയും ഊര്‍ജ്ജ ഉപഭോഗവും നിയന്ത്രിക്കുന്നു. സൃഷ്ടിപരമായ കലാരംഗവും ‘എ.ഐ. സ്ലോപ്പും’: ജനറേറ്റീവ് എ.ഐ. ഉള്ളടക്ക നിര്‍മ്മാണത്തെ എളുപ്പമാക്കിയെങ്കിലും, ഡിജിറ്റല്‍ ലോകം എ.ഐ. നിര്‍മ്മിത ചവറുല്പന്നങ്ങളാല്‍ (AI Slop – ഗുണനിലവാരമില്ലാത്ത എ.ഐ. ഉള്ളടക്കം) നിറയുകയും, യഥാര്‍ത്ഥ മനുഷ്യാഭിവ്യക്തികളെ വേര്‍തിരിച്ചറിയുന്നത് ബുദ്ധിമുട്ടാവുകയും ചെയ്യുന്നുണ്ട്.
ബൗദ്ധിക കൈമാറ്റത്തിന്റെ വില.
എഴുത്ത്, കോഡിംഗ്, തീരുമാനമെടുക്കല്‍, ഗതാഗതം, എന്നിവ യന്ത്രങ്ങള്‍ക്ക് വിട്ടുകൊടുക്കുമ്പോള്‍ (Cognitive Offloading) മനുഷ്യന്റെ വിമര്‍ശനാത്മക ചിന്താശേഷിയും പ്രശ്‌നപരിഹാര ശേഷിയും , ചുരുക്കത്തില്‍ നമ്മുടെ ”ബൗദ്ധിക സ്വയംഭരണം” എന്നത് നഷ്ടപ്പെടാനുള്ള വലിയ അപകടവും അതില്‍ പതിയിരിക്കുന്നു.
ചുരുക്കത്തില്‍, ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഈ കാലഘട്ടത്തില്‍ ഭൂരിപക്ഷം ജനങ്ങളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് പഴയ രീതിയിലായിരിക്കില്ല. അല്‍ഗോരിതങ്ങളുടെ വിപ്ലവം ഭരണവ്യവസ്ഥയെ ആധുനികവല്‍ക്കരിക്കാന്‍ നിര്‍ബന്ധിതമാക്കുമ്പോള്‍ തന്നെ, അത് മനുഷ്യമൂല്യങ്ങള്‍ക്കും ജനാധിപത്യ-മനുഷ്യാവകാശങ്ങള്‍ക്കും വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇവ സൃഷ്ടിക്കുന്ന ശത്രുതാപരമായ വൈരുദ്ധ്യങ്ങള്‍ വ്യവസ്ഥയ്ക്കുള്ളില്‍ പരിഹരിക്കാനാവാതെ ‘ഘടനാപരമായ പ്രതിസന്ധിയായി’ ജനമധ്യത്തില്‍ തന്നെ പരിഹരിക്കപ്പെടേണ്ട സ്ഥിതി ക്രമേണ വന്നുചേരും എന്നത് നിസ്തര്‍ക്കമാണ്.
സാങ്കേതികവിദ്യ മനുഷ്യസമൂഹത്തെ മോചിപ്പിക്കാനാണോ, അതോ കൂടുതല്‍ കേന്ദ്രീകൃതമായ അധികാരത്തിനും നിയന്ത്രണത്തിനും വഴിയൊരുക്കാനാണോ ഉപയോഗിക്കപ്പെടുക എന്നത് ഭാവിയെ നിര്‍ണ്ണയിക്കുന്ന മൗലികമായ ചോദ്യമാണ്. വരാന്‍ പോകുന്ന നാളുകള്‍ സങ്കീര്‍ണ്ണമാണെങ്കിലും, മനുഷ്യരാശിയുടെ ഭാവി സുസ്ഥിരമാക്കാന്‍ ശേഷിയുള്ള അല്‍ഗോരിതങ്ങള്‍ക്ക് രൂപം നല്‍കാന്‍ നമുക്ക് കഴിഞ്ഞെന്നു വരാം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇന്ന് ഇന്ത്യയിലെ ‘Gen-Z’ തലമുറ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ഏറ്റെടുത്ത, നിലവിലെ ഭരണത്തെ ചോദ്യം ചെയ്യുന്ന ‘പാറ്റാ ജനതാ പാര്‍ട്ടി’ (CJP) പോലെയുള്ള ഡിജിറ്റല്‍ കൂട്ടായ്മകള്‍ വന്‍ തരംഗം സൃഷ്ടിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇത്തരം പ്രതിഭാസങ്ങള്‍ പലപ്പോഴും ഒരു വെര്‍ച്വല്‍ ലോകത്ത് മാത്രമായി ഒതുങ്ങിപ്പോകാനാണ് സാധ്യത. പ്രായോഗിക തലത്തില്‍, തിരഞ്ഞെടുപ്പ് സുതാര്യമാ കത്തിടത്തോളം, ഒരു ഭരണമാറ്റമോ വ്യവസ്ഥാപരമായ മാറ്റമോ ഡിജിറ്റല്‍ ഇടങ്ങളില്‍ മാത്രം തീരുമാനിക്കപ്പെടുക സാധ്യമല്ല. മറിച്ച്, ജനങ്ങള്‍ നേരിട്ട് തെരുവിലിറങ്ങുന്ന ‘ജനവീഥികളില്‍’ തന്നെയാകും വരുംകാല രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ ഗതി നിര്‍ണ്ണയിക്കപ്പെടുക ന്ന് സാരം.
