നിതിന്‍ രാജ് : ഉത്തരവാദി കേരളസമൂഹം തന്നെ

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

 

കാണുന്നില്ലൊരക്ഷരവും
എന്റെ വംശത്തെപ്പറ്റി
കാണുന്നുണ്ടനേക വംശത്തിന്‍ ചരിത്രങ്ങള്‍

പൊയ്കയില്‍ ശ്രീ കുമാരഗുരുദേവന്‍ (പൊയ്കയില്‍ അപ്പച്ചന്‍)

സൂക്ഷ്മാക്രമണങ്ങള്‍ (Microaggression) എന്ന പദം അപമാനത്തിന്റെ ഒരു രൂപമാണ്, അത് വ്യത്യസ്ത രൂപങ്ങളിലും വ്യത്യസ്ത സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലും ദൃശ്യമാണ്., ഒപ്പം തന്നെ ഇതൊരു അധികാര ശക്തിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സൂക്ഷ്മാക്രമണങ്ങള്‍ എന്ന ആശയം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന , അല്ലെങ്കില്‍ സാമൂഹിക ഇടപെടലകളുമായി ഉള്‍ക്കൊള്ളുകയും പ്രതിഫലിക്കുയും ചെയ്യുന്നു. ഈ സാമൂഹിക ഇടപെടലുകളുടെ പ്രതിഫലനം പ്രധാനമായും ദളിത് ഐഡന്റിറ്റികളുടെ സാമൂഹിക ചലനാത്മകതയ്ക്ക് എതിരെയുള്ള വെല്ലുവിളി നിറഞ്ഞ വാദം ഉന്നയിക്കാന്‍ കെല്‍പ്പുള്ളതാകുന്നു. ഒരു ദലിതന്‍ ആയിരിക്കുകയും ദൈനംദിന ജീവിതത്തില്‍ ഒരു ദലിത് സ്വത്വത്തില്‍ ജീവിക്കുകയും ചെയ്യുന്നത് അനുഭവങ്ങളുടെ സങ്കീര്‍ണ്ണതയും ആഴത്തില്‍ വെല്ലുവിളി നിറഞ്ഞതുമായ ഒരു ഘടകമാണ്. കാരണം, ദലിത് വ്യക്തികള്‍ അവരുടെ യോഗ്യത ആവര്‍ത്തിച്ച് തെളിയിക്കുന്നതില്‍ ഒപ്പം സമൂഹത്തില്‍ അനീതി നേരിടാനും ഇടയാക്കുന്നുണ്ട്. അതിന്റെ പരിണിതഫലം എന്നത് നിലനില്പിനായുള്ള പോരാട്ടത്തിന്റെ പരാജയം കൂടിയാണ്.

ജാതിശ്രേണിയെ പ്രതിനിധീകരിക്കുന്ന ഒരു പ്രതീകാത്മക രൂപമായി ഇവ പ്രതിഫലിക്കുന്നു. ഒപ്പം തന്നെ വംശിയതുടെയും വേര്‍തിരിവിന്റെയും ആവര്‍ത്തനങ്ങളാകുന്നു. സാമൂഹ്യ സന്ദര്‍ഭങ്ങള്‍, ഇടങ്ങള്‍ മുതലായവയെ അടിസ്ഥാനമാക്കി നിലകൊള്ളുന്നു. എത്രയൊക്കെ മാറ്റങ്ങള്‍ സംഭവിച്ചാലും ദളിത് സ്വത്വങ്ങള്‍ക്കെതിരായ പ്രതീകാത്മക ലംഘനമായി സൂക്ഷ്മാക്രമണങ്ങളുടെ ഉപയോഗം പല രീതിയില്‍ പല മേഖലകളില്‍ സംഭവിക്കുന്നു. പ്രത്യേകിച്ചു അധികാരത്തില്‍, ഇത്തരം അധികാരപ്രയോഗങ്ങള്‍ സവര്‍ണതയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍. അവിടെ പ്രധാനമായും ദലിത് വ്യക്തികള്‍ക്കും ദലിത് സമൂഹങ്ങള്‍ക്കും ഒരു വെല്ലുവിളിയായി മാറുന്നു. കൂടാതെ ദളിതര്‍ക്ക് നേരെയുള്ള അപമാനവും ജീവിക്കാനുള്ള അവകാശത്തിനു നേരെ നടത്തുന്ന കടന്നാക്രമണം കൂടിയാണ്.

അന്താരാഷ്ട്രതലത്തിലോ ദേശീയതലത്തിലോ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ സൂക്ഷ്മാക്രമണങ്ങള്‍ എന്ന പദം ഉപയോഗിക്കുന്നു. എല്ലാ സ്ഥലങ്ങളിലും ഘടന, തീവ്രത, ഫോര്‍മാറ്റ് എന്നിവ വ്യത്യസ്തമാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ സൂക്ഷ്മാക്രമണങ്ങള്‍ പ്രധാനമായും സംഭവിക്കുന്നത് ദലിതര്‍ക്ക് നേരെയാണ്. മനഃപൂര്‍വ്വമല്ലാത്തതോ മനഃപൂര്‍വ്വമോ ആയ ജാതി അടിസ്ഥാനമാക്കിയുള്ള പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയുന്നത് പ്രധാനമായും ആളുകളെ അവരുടെ ജാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. ദളിത് മനുഷ്യര്‍ ഷേക്ത്രങ്ങളില്‍ കയറിയാല്‍, ദളിത് മനുഷ്യര്‍ വിദ്യാഭ്യാസം നേടുമ്പോള്‍, സാമൂഹികമായി ഉന്നതിയിലേക്ക് എത്തുമ്പോള്‍, ഒരു ഉയര്‍ന്ന ജാതി കുടുംബത്തിലെ പുരുഷന് താഴ്ന്ന ജാതിയില്‍ നിന്നുള്ള ഒരാളെ വിവാഹം കഴിക്കാന്‍ അനുവാദമില്ലാത്തപ്പോള്‍, ജാതിക്കാരന്റെ വീട് സന്ദര്‍ശിക്കുമ്പോള്‍ എപ്പോഴും തറയില്‍ ഇരിക്കണമെന്ന് പ്രതീക്ഷിക്കപ്പെടുന്നു, താഴ്ന്ന ജാതിക്കാരായ വ്യക്തികള്‍ ഒരു ഉയര്‍ന്ന അവര്‍ക്ക് ഉപയോഗിക്കാന്‍ വ്യത്യസ്ത പാത്രങ്ങള്‍ എങ്ങനെ നല്‍കപ്പെടുന്നു എന്നതിലും കാണാം. താഴ്ന്ന ജാതിക്കാരുടെ പാരമ്പര്യങ്ങള്‍ ഉയര്‍ന്ന ജാതിക്കാര്‍ പിന്തുടരുന്ന പാരമ്പര്യങ്ങളെപ്പോലെ ‘ശുദ്ധമല്ല’ എന്ന് ആളുകളെ കാണിക്കുക എന്നതാണ് ലക്ഷ്യം. ഇതൊരു മനുഷ്യവകാശ ലംഘനം ആണെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാതെ ജാതിയുടെ പ്രിവിലേജില്‍ മറഞ്ഞുപോകുന്നു അല്ലെങ്കില്‍ മനപ്പൂര്‍വം മറയ്ക്കപ്പെടുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എല്ലാവരേയും മനുഷ്യരായി കണ്ടാല്‍ പോരെ എന്ന് നിരന്തരം ആക്രോശിക്കുന്ന സമൂഹം ഒന്നടങ്കം തന്നെ ദളിത് മനുഷ്യരുടെ കൊലപാതകങ്ങള്‍ക്ക് കാരണക്കാരാണ് . ജാതിയുടെ പ്രശ്‌നങ്ങളെപ്പറ്റി നിരന്തരം സംസാരിക്കുമ്പോള്‍ എന്തുകൊണ്ട് Microaggression എന്ന പദം ഇവിടെ പ്രസക്തമാകുന്നു എന്ന് പരിശോധിക്കുമ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ദളിത് സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് നേരെ ഉയര്‍ത്തുന്ന വിലങ്ങു തടിയായിട്ടാണ് കാണാന്‍ സാധിക്കുന്നത്. പഠിച്ചില്ല എങ്കിലും നിങ്ങള്‍ക്ക് ജോലിയും അഡ്മിഷനും കിട്ടാന്‍ എളുപ്പമല്ലേ, നിങ്ങള്‍ക്ക് എന്തൊരു സുഖമാണ് എന്ന് പറയുന്ന സമൂഹം ഇവിടെ ഈ ദളിത് വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഉത്തരവാദികളാണ്. ജാതിയുടെ പേരില്‍ കൊല്ലപ്പെടുന്ന മനുഷ്യരില്‍ ഒരാള്‍ കൂടെ എന്ന് കരുതി കണ്ണടയ്ക്കുന്ന ഭരണ സംവിധാനവും ചോദ്യം ചെയ്യപ്പെടും. വിദ്യാഭ്യസ സ്ഥാപനങ്ങളിലെ ജാതീയ അധിക്ഷേപം കാരണം ഒരു ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിലേയ്ക്ക് എത്തിക്കുമ്പോള്‍ ജാതീയതയുടെ ഏറ്റവും ഭീകരമായ വളര്‍ച്ച തന്നെയാണ് കാണാന്‍ കഴിയുന്നത്.

കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആര്‍.എല്‍. നിതിന്‍ രാജിന്റെ മരണത്തിന് കാരണമായത് ജാതിയതുടെ സൂക്ഷ്മാക്രമണമാണെന്ന് നിസംശയം ചൂണ്ടിക്കാണിക്കാം. അതിന്റെ പല ഉദാഹരണങ്ങളും കേരള സമൂഹത്തില്‍ ഉള്‍പ്പെടെ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതൊരു ഒറ്റപ്പെട്ട സംഭവമായി എഴുതീ മാറ്റാന്‍ കഴിയില്ല.

സാമൂഹിക വിവേചനത്തിനെതിരെ ഭരണഘടനപരമായ സംരക്ഷണം നല്‍കിയിട്ടുണ്ടെങ്കിലും, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ ക്യാമ്പസുകളിലെ ക്ലാസ് മുറികളിലെ ഇടപെടലുകളിലെ ജാതീയതയുടെ തീവ്രതയുടെ ഫലമാണ് വീണ്ടും ഒരു ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുടെ ആവര്‍ത്തനം. പേരിന്റെ അറ്റത്തെ ജാതിവാല്‍ അധികാരത്തിന്റെയും പ്രിവിലേജിന്റെയും സ്വാധീനശത്തിന്റെയും ഭാഷയായി രൂപാന്തരപ്പെടുമ്പോള്‍ ദളിത് സമൂഹത്തിന്റെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയുമാണ് കൊല്ലുന്നത്. അവിടെ നേരിട്ടോ അല്ലാതെയോ ഇത്തരത്തിലുള്ള സൂക്ഷ്മാക്രമണങ്ങള്‍ ഉപയോഗിച്ച് തുല്യമായ ഉള്‍പ്പെടുത്തല്‍ സമീപനം (equal inclusive approach) എന്ന പ്രക്രിയ സംഭവിക്കുന്നില്ല. കാരണം ഒരു ഒഴിവാക്കല്‍ എന്ന പ്രക്രിയയിലേയ്ക്കാണ് നയിക്കുന്നത് (exclusion approach) . തുല്യ അവസരം, അന്തസ്സ് തുടങ്ങിയ കാര്യങ്ങളില്‍ എല്ലാ വ്യക്തികളും നിയമത്തിന് മുന്നില്‍ തുല്യരാണ്. എന്നിട്ടും ഉള്‍പെടുത്തല്‍ പ്രക്രിയയില്‍ നിന്നും ഒഴിവാക്കപ്പെടുന്നു. അവരുടെ ഐഡന്റിറ്റി പ്രശ്‌നമാണ്.

സൂക്ഷ്മാക്രമണങ്ങള്‍ പൊതുവെ ഭാഷയുടെയും വാക്കുകളുടെയും കേന്ദ്രീകരണത്തെക്കുറിച്ചോ അല്ലെങ്കില്‍ മറ്റുള്ളവയുടെ മേലുള്ള ഭാഷയുടെയും വാക്കുകളുടെയും ആധിപത്യത്തെക്കുറിച്ചോ അധികാരത്തെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചുമാണ്. നിറം, വംശം, ലിംഗഭേദം, ജാതി, വര്‍ഗം, അധികാരം തുടങ്ങിയ സമൂഹത്തിലെ എല്ലാ മേഖലകളിലെയും സൂക്ഷ്മാക്രമണം കാണാന്‍ സാധിക്കുന്നു . പ്രധാനമായും മുഖ്യധാരാ സ്ഥാപനങ്ങള്‍ക്കുള്ളിലാണ് സൂക്ഷ്മാക്രമണം ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത്. പ്രധാനമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൂക്ഷ്മാക്രമണങ്ങള്‍ (Microaggression) അത് ക്ലാസ്സ്മുറികളില്‍ നിന്നും സ്റ്റാഫ് റൂമുകളില്‍ നിന്നുമാണ് ദളിത് വിദ്യാര്‍ത്ഥികള്‍ നേരിടുന്നത്. മാനസികമായി നേരിടുന്ന കടുത്ത അധിക്ഷേപത്തില്‍ ജാതിയതുടെ ബലവും, അധികാരവും കാണാന്‍ സാധിക്കും. അതിന്റെ ഏറ്റവും വലിയ തിവ്രതയുടെ ഉദാഹരണമാണ് രജനി എസ് ആനന്ദ്, രോഹിത് വെമുല, പായല്‍ (Dr.PayaTadvi), ആര്‍.എല്‍. നിതിന്‍ രാജ് പോലുള്ള വിദ്യാര്‍ത്ഥികള്‍. ഒരു വിദ്യാര്‍ത്ഥിയും മരിക്കാനല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്ക് പോകുന്നത് (ദിനു വെയില്‍). ഈ ദളിത് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുന്നത്/ മരിക്കുന്നത് വിദ്യാഭ്യസ സ്ഥാപനങ്ങളിലാണ്. ആധിപത്യത്തിന്റെയും അധികാരത്തിന്റെയും സവര്‍ണബോധത്തിന്റെയും ക്രൂരതകള്‍ അവസാനിപ്പിച്ചിട്ടില്ല എന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. ഡോ റാമും ഡോ. സംഗീത നമ്പ്യാരും തങ്ങളുടെ എല്ലാ പ്രിവിലെജും ഉപയോഗിച്ചുകൊണ്ട് നഷ്ട്ടപ്പെടുത്തിയത് ഒരു സമൂഹത്തിന്റെ പ്രതീക്ഷയേയും ഭാവിയുമാണ്.

മനുഷ്യ സമൂഹത്തില്‍ ആശയവിനിമയത്തിന്റെ ഭാഷ വളരെ പ്രധാനമാണ്, അതിന് ദ്വിധ്രുവ സ്വഭാവമുണ്ട്. വാക്കുകള്‍ തെറ്റുകളും തെറ്റില്ലാത്തതുമാണ് എന്ന വേര്‍തിരിവുകള്‍ ഉണ്ട്. ഏതു വാക്ക് ആരെയാണ് എവിടെയാണ് ഉപയോഗിക്കേണ്ടതെന്നും അത് സൂചിപ്പിക്കുന്നു. സൂക്ഷ്മാക്രമണത്തില്‍ , ഭാഷയുടെയും വാക്കുകളുടെയും ഉപയോഗം വളരെ പ്രസക്തമാണ്. അതായത് അതിന് നിയന്ത്രിക്കാനും ആധിപത്യം സ്ഥാപിക്കാനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും കഴിയും. ഒഴിവാക്കല്‍, അധികാരം, പ്രത്യേകാവകാശങ്ങള്‍ എന്നിവയുടെ വികസനവും ഉണ്ടാകുന്നു. ഇവിടെ ആര്‍.എല്‍. നിതിന്‍ രാജിന്റെ സംഭവത്തിലും ഡോ റാം ഉപയോഗിച്ച വാക്കുകള്‍ അത്രയും മാനസികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ളവയായിരുന്നു എന്ന് വളരെ കൃത്യമാണ്. എങ്ങനെ പല വാക്കുകള്‍ ഉപയോഗിച്ചുകൊണ്ട് ഒരാളെ അധിക്ഷേപിക്കാം എന്നും അത് എങ്ങനെ ആ വ്യക്തിയെ മാനസികമായി തളര്‍ത്താനും സാധിക്കുമെന്ന് വ്യക്തം. അവിടെയുണ്ടാകുന്ന ട്രോമയെ മറികടക്കാന്‍ പോലും ചില സാഹചര്യങ്ങളില്‍ കഴിഞ്ഞെന്നു വരില്ല. ഒരു അധ്യാപകന്‍ തന്റെ മുന്നില്‍ ഉള്ള വിദ്യാര്‍ത്ഥിയെ അവന്റെ ജീവന്‍ നഷപ്പെടുത്താന്‍ മാത്രമുള്ള വാക്കുകളും ഭാഷയും ഉപയോഗിച്ചിട്ടുണ്ട് എന്ന് വളരെ വ്യക്തമാണ്. ഇത്തരത്തിലുള്ള വാക്കുകള്‍ ഒഴിവാക്കല്‍ (exclusion) പ്രക്രിയയെ പ്രതിഫലിപ്പിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നു; അടിസ്ഥാനപരമായി, ഇത് ദളിത് അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉയര്‍ന്ന ജാതിയിലുള്ള പ്രിവിലേജ്ഡ് ഗ്രൂപ്പ് ദലിതുകളെയും അവരുടെ സ്വത്വത്തെയും ആക്രമിക്കാനും അപമാനിക്കാനും ആധിപത്യം സ്ഥാപിക്കാനും ചില വാക്കുകള്‍ മനഃപൂര്‍വ്വം ഉപയോഗിക്കുന്നു. അങ്ങനെ ഉപയോഗിക്കുന്ന വാക്കുകള്‍ കാരണം നഷ്ട്ടപ്പെട്ടുപോകുന്നത് ഒരു ജനത പോരാടി നേടിയെടുത്ത അവകാശങ്ങളുടെ ഉയര്‍ച്ചയാണ്.

സാമൂഹിക മൂലധനവും, ഫാസിസിസ്‌റ് ആശയകൊഴുപ്പുമുള്ള സമൂഹത്തിനു ഇതൊരു Qulity കുറഞ്ഞ ഒരു കണ്ടെന്റ് മാത്രമായിരിക്കും പക്ഷെ ഇങ്ങനെയൊരു സംഭവം അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഒരു സമൂഹത്തിനെയും കൂടിയാണ്. കാരണം വിദ്യാഭ്യാസം എന്ന അവകാശത്തിന്റെ പാത പിന്തുടര്‍ന്ന് മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്ന ദളിതരായ മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു ആഘാതമാണ്. എങ്ങനെയാകും ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കാന്‍ എത്തുമ്പോള്‍ ആ അന്തരീക്ഷം തനിക്ക് ഒരിക്കലും അനുകൂലമാകില്ല എന്നൊരു തോന്നല്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് സംഭവിച്ചാല്‍ അവരുടെ ഭാവി എന്താകും എന്ന സങ്കീര്‍ണമായ ആശങ്കകള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ഒപ്പം തന്നെ വിദ്യാഭ്യസ സംവിധാനത്തോടുള്ള ഭയവും ഉള്‍വലിയലും സംഭവിക്കുന്നു. അങ്ങനെ സാമൂഹിക സംവിധാനത്തില്‍ നിന്നും പൂര്‍ണമായും ഒരു സമൂഹം തന്നെ ഇല്ലാതാകുന്നു അല്ലെങ്കില്‍ ഇല്ലാതാക്കുന്ന അവസ്ഥ രൂപാന്തരപ്പെടും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ സൂക്ഷ്മാക്രമണങ്ങളുടെ ഇടപെടലുകള്‍ നിര്‍മ്മിക്കുന്ന ജാതിശ്രേണി ഇതിലൊരു ഒരു പ്രധാന പങ്ക് വഹിക്കുന്നു. സമൂഹം ഉപരിതലത്തില്‍ പുരോഗമന തലത്തിലായിരിക്കുമ്പോള്‍ പോലും, അടിസ്ഥാനപരമായ പക്ഷപാതങ്ങള്‍ സാമൂഹിക പശ്ചാത്തലത്തില്‍ ആളുകള്‍ എങ്ങനെ ഇടപഴകുകയും പെരുമാറുകയും ചെയ്യുന്നു എന്നതിനെ സ്വാധീനിക്കുന്നു. കേരളത്തില്‍, ദൈനംദിന ജീവിതത്തില്‍ ജാതി തുറന്നു ചര്‍ച്ച ചെയ്യപ്പെടുന്നില്ല. എന്നിരുന്നാലും, വിവാഹാലോചനകളിലോ സാമൂഹിക സഖ്യങ്ങളിലോ അത് വ്യക്തമായി കാണപ്പെടുന്നു. ജാതി അടിസ്ഥാനമാക്കിയുള്ള അസമത്വം ഭൂതകാലത്തില്‍ നിന്നുള്ള ഒരു കാര്യം മാത്രമാണെന്ന് പലരും അനുമാനിക്കുന്നു, കാരണം ഇന്ന് യാഥാര്‍ത്ഥ്യത്തിന്റെ വെള്ള പൂശിയ ഒരു പതിപ്പാണ്. അത് തന്നെ മുഖ്യധാരാ സമൂഹത്തില്‍ നിന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ നിഷേധിക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള ഒരു പുരോഗമിച്ച / ആധുനികവല്‍ക്കരിച്ച രൂപമായി മാറുന്നു. ഘടനാപരമായ അസമത്വങ്ങള്‍ അധികാരത്തിന്റെയും സാമൂഹിക ഉള്‍പ്പെടുത്തലില്‍ ദലിത് സമൂഹങ്ങളുടെ പ്രാതിനിധ്യത്തെ പരിമിതപ്പെടുത്തുന്ന വിടവ് സൃഷ്ടിക്കുകയും ചെയ്യുന്നു. ആ വിടവില്‍ നഷ്ടപ്പെടുന്നത് ദളിത് സമൂഹത്തിന്റെ ഉയര്‍ത്തെഴുനേല്‍പ്പിനായുള്ള സാധ്യതയും അവസരങ്ങളുമാണ്. ആര്‍.എല്‍. നിതിന്‍ രാജിനെ പോലെയുള്ള ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യസസ്ഥാപനങ്ങള്‍ ഒരു പേടിസ്വപ്നമായി മാറിയാല്‍? ദളിത് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ അവരുടെ കുഞ്ഞുങ്ങളെ ഉന്നത വിദ്യാഭ്യസസ്ഥാപങ്ങളിലേയ്ക്ക് അയക്കാന്‍ തയ്യാറാകുമോ? കാലഹരണപ്പെടാത്ത ജാതിവ്യവസ്ഥയുടെ ശ്രേണികരണം ഉറപ്പിക്കാന്‍ വേണ്ടി, അടിമകളായി തുടരണം എന്ന് ജാതിയുടെ അധികാരവും പവറും തീരുമാനിക്കുമ്പോള്‍ നിങ്ങള്‍ക്ക് സുഖമല്ലേ, പഠിച്ചില്ല എങ്കിലും മാര്‍ക്ക് കുറവാണെങ്കിലും അഡ്മിഷന്‍ കിട്ടുമെന്ന് നിരന്തരം ആക്രോശിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഒരു സവര്‍ണ ശ്രേണിയില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം സ്വത്വത്തിനെതിരെ അപമാനങ്ങള്‍ കേട്ടുകൊണ്ട് ജീവന്‍ അവസാനിപ്പിക്കേണ്ടി വന്നിട്ടില്ല.

ഞങ്ങളുടെ പൂര്‍വികരുടെ ജീവിതം ഒരു ചരിത്രത്തിലും എഴുതിച്ചേര്‍ത്തിട്ടില്ല. എങ്ങനെ എഴുതിച്ചേര്‍ക്കും പുലയാടി മോനും ചെറ്റപ്പുരയും ചരിത്രപുസ്തകത്തില്‍ ചേര്‍ക്കാന്‍ കൊള്ളില്ലല്ലോ.

(ലേഖിക മദ്രാസ് സര്‍വ്വകലാശാലയില്‍ ഗവേഷകയാണ്)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply