
അഞ്ചിടത്തും ദേശീയ പ്രതിപക്ഷത്തിന് വിജയിച്ചേ തീരൂ
ദേശീയ പ്രതിപക്ഷത്തിന് ജയിക്കാനുള്ളതാണ് നാലു വലിയ സംസ്ഥാനങ്ങളിലും ഒരു അര്‍ദ്ധ സംസ്ഥാനത്തും നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍. ജനാധിപത്യം കൃത്യമായ കാലയളവില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ മാത്രമായി ചുരുങ്ങിവരുന്ന ഈ കാലയളവില്‍ നിയമസഭാ വിജയങ്ങള്‍ വളരെ പ്രധാനമാണ്. കാരണം രാഷ്ട്രീയപ്രതിരോധത്തിന്റെ അവസാനത്തെ മേഖല സംസ്ഥാന രാഷ്ട്രീയമാണ്. ഇന്ത്യന്‍ ഫെഡറലിസം ചിറകിട്ടടിക്കുമ്പോള്‍ മാത്രമാണ് ജനാധിപത്യത്തിന്റെ പ്രതിപക്ഷ സ്വരങ്ങളും, പ്രതിരോധ ശബ്ദങ്ങളും ഉയരാറുള്ളത്. സ്റ്റേറ്റിനെ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങളൊക്കെയും ഒരേ രാഗത്തില്‍ മുരളുന്ന സന്ദര്‍ഭത്തില്‍ ബംഗാളും തമിഴ്നാടും കേരളവും വേറിട്ടു ശബ്ദിച്ചില്ലെങ്കില്‍ മറ്റാരാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരെ സംസാരിക്കുക? ഇന്ത്യയെന്ന മഴവില്‍ സംസ്‌കൃതിയെ ഹിന്ദു-ഹിന്ദി-ഹിന്ദുത്വ മോണോകള്‍ച്ചറിലേക്ക് ചുരുക്കുന്ന ബിജെപി രാഷ്ട്രീയത്തെ പ്രതിരോധത്തിലാക്കാന്‍ മറ്റാരാണുള്ളത്?
2024ലെ മെയ്മാസ കാലത്ത് നമ്മള്‍ മറ്റൊരു ആകാശത്തെ സ്വപ്നം കണ്ടിരുന്നു. മുന്നൂറു സീറ്റിനപ്പുറം കടക്കുമെന്ന് കരുതിയ ബിജെപിക്ക് ആ പൊതുതിരഞ്ഞെടുപ്പില്‍ 240 സീറ്റുകള്‍ മാത്രമാണ് ലഭ്യമായത്. കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപിയുടെ രാഷ്ട്രീയ ഭാഷ മാറുമെന്നും മോദി 3.0 പ്രതിരോധത്തിലായിരിക്കും ഭരണം നടത്തുക എന്നും ചിലരെങ്കിലും കരുതി. മൂന്നക്ക സംഖ്യയില്‍ മുത്തമിടുമെന്ന് തോന്നിച്ച കോണ്‍ഗ്രസ്സ് പുതിയ ഊര്‍ജ്ജത്തോടെ തിരഞ്ഞെടുപ്പ് ഭൂപടത്തെ മാറ്റിയെഴുതുമെന്നും കരുതിയവര്‍ ഒരുപാടുണ്ട്. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചത്. ആദ്യത്തെ തിരിച്ചടി മഹാരാഷ്ട്രത്തിലായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വലമായ പ്രകടനം കാഴ്ചവെച്ച കോണ്‍ഗ്രസ്സ്-എന്‍സിപി-ശിവസേനാ സഖ്യത്തിന് വലിയ പരാജയമാണ് നിയമസഭാ തിരഞ്ഞെടുപ്പ് സമ്മാനിച്ചത്. ഹരിയാനയിലും ഇതേ കഥ ആവര്‍ത്തിച്ചു. ദില്ലിയില്‍ കാല്‍നൂറ്റാണ്ടിന് ശേഷം ബിജെപി ഭരണത്തിലെത്തി. ഝാര്‍ഖണ്ഡ് മാത്രമായിരുന്നു അപവാദം. ബീഹാറില്‍ പ്രതിപക്ഷം വിസ്മൃതമായി. എങ്ങും ബിജെപിയുടെ കാവിക്കൊടി പാറുന്നു എന്നല്ല ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സോഫ്റ്റ് വെയറിലേക്ക് രാഷ്ട്രീയം മാറുന്ന കാഴ്ച നമ്മള്‍ കാണുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലം. ഇങ്ങനെയൊക്കെയാവുമ്പോള്‍ ഈ തിരഞ്ഞെടുപ്പുകള്‍ പ്രതിപക്ഷത്തിന് ജയിക്കാനുള്ളതാണ് എന്ന് കരുതുന്നതിന്റെ സാംഗത്യം എന്താണ്?
ഒന്ന്, അസമിലൊഴികെ എല്ലായിടത്തും ബിജെപി ഇതര സര്‍ക്കാരുകളാണ് ഭരിക്കുന്നത്. തമിഴ്നാട്ടിലും കേരളത്തിലും ബിജെപി അധികാരത്തിന്റെ പിന്നാമ്പുറത്താണ് നിലകൊള്ളുന്നത്. ബംഗാളില്‍ പതിനഞ്ചുകൊല്ലമായി മമതാബാനര്‍ജിയുടെ വിമത ശബ്ദമാണ് മുഴങ്ങുന്നത്. എങ്ങനെയും ബംഗാള്‍ പിടിക്കുക എന്നത് ബിജെപിയുടെ ആഗ്രഹമാണ്. ബിജെപിയുടെ അധികാര രാഷ്ട്രീയത്തിന് വഴങ്ങാത്ത ആറ് സംസ്ഥാനങ്ങളേ ബാക്കിയുള്ളൂ-കേരളം, തമിഴ്നാട്, ബംഗാള്‍, തെലങ്കാന, ആന്ധപ്രദേശ്, പഞ്ചാബ്. ഇതില്‍ ബംഗാളിലും തെലങ്കാനയിലും ബിജെപിക്ക് മുഖ്യപ്രതിപക്ഷത്തിന്റെ നിലയുണ്ട്. പഞ്ചാബില്‍ ശ്രദ്ധ കോണ്‍ഗ്രസ്സിനധികാരം ലഭിക്കാതിരിക്കുക എന്നതിലാണ്. കേരളത്തിലും മുഖ്യ പരിഗണന കോണ്‍ഗ്രസ്സിന് സംസ്ഥാനം ലഭിക്കരുത് എന്നതാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ലക്ഷ്യം. അതിന് ആക്കം കൂട്ടുന്നതാണ് കേരളത്തില്‍ സിപിഎമ്മിന്റെ ഭരണ തുടര്‍ച്ച എങ്കില്‍ അങ്ങനെയാവട്ടെ എന്ന് ബിജെപി കരുതിയാല്‍ അത്ഭുതപ്പെടരുത്. കേരളത്തിലും തമിഴ് നാട്ടിലും ബിജെപി ഫൈനല്‍ കളിക്കാനിരിക്കുന്നത് 2031 ലെ തിരഞ്ഞെടുപ്പിലാണ്. അതിന് വേണ്ടുന്ന ഭൂമിക ഒരുക്കുന്നതിനാണ് ഈ തിരഞ്ഞെടുപ്പ്. അഞ്ചായി (പാര്‍ട്ടികള്‍/മുന്നണികള്‍) വിഘടിച്ചുകിടക്കുന്ന തമിഴ്നാടന്‍ രാഷ്ട്രീയ ഭൂമികയില്‍ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ തമിഴകത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ ബിജെപിയുടെ ഇടപെടലുകള്‍ നിര്‍ണ്ണായകമായിക്കൊണ്ടിരിക്കുകയാണ്. ഉപദേശീയതയുടെ രാഷ്ട്രീയ ഭാഷ വഴങ്ങുന്നില്ല എന്നതാണ് അവിടെ ബിജെപിയുടെ വലിയ പ്രശ്‌നം. രാമനുപകരം മുരുകനെ/കുമരനെ ഉയര്‍ത്തിക്കാട്ടിയാല്‍ വീഴുന്നതല്ല തമിഴ് മനസ്സ്. തമിഴ്മക്കള്‍ക്ക് ഭാഷ വികാരവും വിചാരവുമാണ്. തമിഴ് പേച്ചിലാണ് തമിഴ് മക്കള്‍ ഭക്തിയുടെ ഭാഷയും ഭാവനയും കണ്ടെത്തുന്നത്. അതിനെ ഗിമ്മിക്കുകള്‍കൊണ്ട് മറികടക്കുക എളുപ്പമല്ല.
ഇരുവറിലെ പാട്ട് ഓര്‍ക്കുന്നില്ലേ? ”കണ്ണൈ കെട്ടി കൊള്ളാതെ/കണ്ടതെയെല്ലാം നമ്പാതെ/കാക്കൈ കുയിലാകാതെ തോഴാ/ താടികളെല്ലാം ടാഗൂറാ/ മീസൈകളെല്ലാം ഭാരതീയാ?/ വേഷത്തിങ്കെ ഏമാറാതെ തോഴാ!” (കണ്ണുകെട്ടി കാണുന്നതെല്ലാം വിശ്വസിക്കാതെഡേ! കാക്ക കുയിലാകില്ല, എല്ലാ താടിക്കാരും ടാഗോറല്ല, കൊമ്പന്‍മീശക്കാരൊന്നും സുബ്രഹ്മണ്യ ഭാരതിയുമല്ല. ആരുടേയു വേഷം മാത്രം നോക്കി പറ്റിക്കപ്പെടരുത്.) എന്നിരിക്കിലും ദേശങ്ങളും മനസ്സുകളും മാറാം. ഹിന്ദുത്വ രാഷ്ട്രീയവും ബിജെപിയും വളരെക്കാലമായി വിശ്വാസികളുടെ പുറകെയാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ പത്തുശതമാനം വോട്ട് പാര്‍ട്ടി പിടിച്ചിരുന്നു. പുതിയ കളിക്കാര്‍-നടന്‍ വിജയ്-സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും പ്രിയങ്കരന്‍. തമിഴ് ദേശീയവാദി സീമാന്‍ മറ്റൊരാള്‍. പണ്ട് ഉത്തര്‍പ്രദേശില്‍ മായാവതിയും സമാജ്‌വാദിയും ബിജെപിയും തുല്യ ബലാബലത്തിലെത്തിയ കാലത്ത് 25% പിടിക്കുന്ന പാര്‍ട്ടി അധികാരത്തില്‍ വരുമായിരുന്നു. തമിഴ്‌നാട് രാഷ്ട്രീയം അതേ പാതയിലാണ്. അരനൂറ്റാണ്ട് പിന്നിട്ട ദ്രാവിഡ ഭരണത്തിന് പുതിയ മുഖങ്ങളും ആശയങ്ങളും ആവശ്യമാണ്. വോട്ടര്‍മാര്‍ മുഖം തിരിക്കുന്നത് ചിലപ്പോള്‍ ബോറടികൊണ്ടുമാവാം.
ബംഗാളിലെ പ്രതിപക്ഷവും മമതാ ബാനര്‍ജി തന്നെയാണ്. കമ്മ്യൂണിസ്റ്റുകാരെ തെരുവില്‍ നേരിട്ടാണ് മമത നേതാവായത്. ബാംഗ്ലാ മനസ്സ് അവര്‍ക്കറിയാം. രാമനല്ല അവിടെ ദുര്‍ഗ്ഗയാണ് വികാരം. സ്ത്രീകള്‍ ചലിപ്പിക്കുന്ന രാഷ്ട്രമാണ് ബംഗാള്‍. ബംഗ്ലാദേശില്‍ പോലും അങ്ങനെയാണ്. ബിജെപിയുടെ ആണുങ്ങള്‍ വിചാരിച്ചാല്‍ ആ രാഷ്ട്രീയ പരിപ്രേക്ഷ്യത്തിന് മാറ്റം ഉണ്ടാകണമെന്നില്ല. ബിജെപിയുടെ ദില്ലികേന്ദ്രിത രാഷ്ട്രീയം ബംഗാളി ഉപദേശീയതയെ പുനരുജ്ജീവിപ്പിക്കാന്‍ മമതയെ പ്രേരിപ്പിച്ചിട്ടുണ്ട്. മാ, മാട്ടി, മാനുഷ് എന്ന മുദ്രാവാക്യം പുതിയൊരു ചരിത്ര നിര്‍മ്മിതിക്കുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അന്തര്‍ദ്ദേശീയതയില്‍ നിന്നും ബംഗാളിലെ മണ്ണിനെ, അമ്മമാരെ, മനുഷ്യരെ മുന്‍നിര്‍ത്തി മമത പറയുന്ന പരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം പോപ്പുലിസ്റ്റ് ആണെന്നിരിക്കെതന്നെ കഴിഞ്ഞ നൂറ്റാണ്ടിലെ ആരംഭം മുതല്‍ക്ക് ബംഗാളില്‍ സജീവമായിരുന്ന ഒരു രാഷ്ട്രീയ- സാംസ്‌കാരിക ധാരയുടെ തുടര്‍ച്ചയാണ് എന്നത് നമ്മള്‍ മറന്നുകൂടാ.
ദേശത്തെ അമ്മയായി വര്‍ണ്ണിക്കുന്ന ഭാഷ ബംഗാളിനും തമിഴ്നാടിനും മാത്രം സ്വായത്തമായതാണ്. ബങ്കിംചന്ദ്ര ചാറ്റര്‍ജിയും അഭനീന്ദ്രനാഥ ടാഗോറും മനോന്മണീയം സുന്ദരന്മാരും സൃഷ്ടിച്ചെടുത്ത ദേശത്തിന് സ്ത്രീസ്വരൂപമാണ്. അതിന് ചിലപ്പോള്‍ മമതയുടെ ഛായയുണ്ടെന്ന് വരാം. വോട്ടര്‍പട്ടികയില്‍ ഇടപെട്ടും പണമിറക്കിയും മുസ്ലിം അപരവല്‍ക്കരണം നടത്തിയും ഹിന്ദുത്വ ദേശീയത അവതരിപ്പിച്ചും കീഴ്‌പ്പെടുത്താനാവുന്നതാണ് അതെന്ന് ബിജെപി കരുതുന്നുണ്ട്. പിന്നെ ബംഗാളും ഒരു രാഷ്ട്രമല്ല, അനേകം ദേശങ്ങളാണ്. കല്‍ക്കത്തയുടെ മനസ്സല്ല കൂച്ച് ബിഹാറിന്റേതും സിലിഗുഡിയുടെയും പുരുലിയ-ബങ്കുറ ആദിവാസി മേഖലയുടേതും. എങ്കിലും ഏത് തിരഞ്ഞെടുപ്പും പ്രവചനാതീതമാണ് എന്ന അനുഭവപാഠം നിലനില്‍ക്കുന്നുമുണ്ട്.
പിന്നെയും കിഴക്കോട്ട് നീങ്ങുമ്പോള്‍ ദേശത്തിന് പുരുഷാകാര പ്രതീതിയാണ്. പുരുഷരൂപിയാണ് ബ്രഹ്മപുത്ര-നദികളിലെ ഏകാകി. കാമരൂപത്തിലെ ശക്തി പീഠങ്ങളുടെ ഊര്‍ജ്ജമല്ല, കുടിയേറ്റത്തിന്റേയും വിഭജനത്തിന്റേയും ഉറവകളിലാണ് ഹിമന്ദവിശ്വ ശര്‍മ്മ അസമിനെ എത്തിച്ചിരിക്കുന്നത്. 1980 കളിലെ അസം പ്രക്ഷോഭത്തില്‍ അതിന്റെ മേല്‍മണ്ണ് കണ്ടെത്താന്‍ കഴിയും. കുഴിച്ചുനോക്കിയാല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ തേയിലത്തോട്ട നിര്‍മ്മാണത്തിനും എണ്ണ പര്യവേക്ഷണത്തിനും ഗുമസ്തപ്പണിക്കുമൊക്കെയായി തുടക്കമിട്ട കുടിയേറ്റങ്ങളിലും 1940 കളിലെ വിഭജനകാല മുസ്ലിം രാഷ്ട്രീയത്തിനും ഹിമന്ദയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ചളിക്കെട്ട് കാണാം. മനുഷ്യനെത്തന്നെ അപരവല്‍ക്കരിച്ചുകൊണ്ട് അയാള്‍ ഭരണത്തിന്റെ, രാഷ്ട്രീയത്തിന്റെ ഭാഷ മാറ്റിയിരിക്കുന്നു. കോണ്‍ഗ്രസ്സ് മുസ്ലിങ്ങളുടെ മാത്രം പാര്‍ട്ടിയാണ് എന്നയാള്‍ ഉദ്ഘോഷിക്കുന്നു. നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയത്തിലൂടെ 35% വരുന്ന മുസ്‌ലിംവോട്ട് ഏതാണ്ട് രണ്ട് ഡസന്‍ മണ്ഡലങ്ങളിലേക്ക് ചുരുക്കിയിരിക്കുന്നു. (ബ്രഹ്മപുത്രയുടെ തെക്കന്‍ കര-ലോവര്‍ അസമിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് മുസ്‌ലിം ജനത മുഖ്യമായും വസിക്കുന്നത്.) ഹിന്ദു ധ്രുവീകരണം തന്നെയാണ് ഭരണവിരുദ്ധ വികാരത്തെ ന്യൂനീകരിക്കാന്‍ ഹിമന്ദ കണ്ടെത്തിയിരിക്കുന്ന രാഷ്ട്രീയ ഭാഷ. ഒപ്പം, ക്ഷേമപദ്ധതികളും പണം നല്‍കലും. നേതാക്കള്‍ നഷ്ടപ്പെട്ട ശുഷ്‌കിച്ച കോണ്‍ഗ്രസ്സ് അതേ കാരണത്താല്‍ സഖ്യരാഷ്ട്രീയത്തില്‍ അഭയം തേടിയിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തിലാണ് കോണ്‍ഗ്രസ്സ് ബിജെപിയോട് അസമില്‍ പരാജയപ്പെട്ടത്. എന്നാല്‍ ഹിന്ദു-മുസ്‌ലിം മണ്ഡലങ്ങളുടെ പുനഃക്രമീകരണം വോട്ട് സീറ്റായി മാറുമ്പോള്‍ വിചിത്രമായ ഫലങ്ങള്‍ നല്‍കും.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കേരളത്തിലെത്തുമ്പോള്‍ ബിജെപിക്ക് ഏറ്റവും ആശ്വാസകരമാവുക നാലോ അഞ്ചോ സീറ്റും പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയുമാണ്. ഏതാണ്ട് പ്രാദേശിക പാര്‍ട്ടിയായി മാറിയിരിക്കുന്ന സിപിഎമ്മിനെ അവര്‍ ഇന്ന് ഭയക്കുന്നില്ല. കര്‍ണ്ണാടകത്തിലും തെലങ്കാനയിലും ഹിമാചലിലുമായി ചുരുങ്ങിയിരിക്കുന്ന കോണ്‍ഗ്രസ്സിന് ഒരു സംസ്ഥാനം കൂടി ഉണ്ടാകാന്‍ പാടില്ല എന്ന് ബിജെപിക്ക് നിര്‍ബന്ധമുണ്ട്. തിരുവനന്തപുരം നഗരസഭയില്‍ സാധിച്ചെടുത്ത വിജയം പ്രതീകാത്മകം കൂടിയാണ്. അനന്തപുരിയില്‍ നിന്നും തുടങ്ങുന്നു കേരളവിജയമെന്ന് പാര്‍ട്ടി നേതൃത്വം മനക്കോട്ട കെട്ടിയിട്ടുണ്ട്. നേമവും കഴക്കൂട്ടവും ചാത്തന്നൂരും ഇന്നല്ലെങ്കില്‍ നാളെ തങ്ങളുടേതാണ് എന്നവര്‍ കരുതുന്നു. സംഘടനാ തകര്‍ച്ച നേരിട്ട കോണ്‍ഗ്രസ്സിന് ആശ്വാസം പകരാന്‍ അനന്തപുരിയില്‍ സഖ്യകക്ഷികളൊന്നുമില്ല. തിരുവനന്തപുരത്ത് ഇന്ന് ഒരുപക്ഷേ ഏറ്റവും ശക്തമായ സംഘടനാ സംവിധാനമുള്ളത് ബിജെപിക്കായിരിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആശയപരമായും സംഘടനാപരമായും സ്തംഭനം നേരിടുന്ന അവസ്ഥ ഇവിടെയുണ്ട്. നല്ല സാമാജികരുണ്ട് എന്നത് സിപിഎമ്മിനെ സഹായിച്ചേക്കും. കുംഭമേളയും ഭജനയും ഉത്സവങ്ങളുമൊക്കെയായി മലയാളി ഹിന്ദുവിന്റെ മനസ്സ് പിടിക്കാനുള്ള പുറപ്പാടിലാണ് ബിജെപി. ഒട്ടുമേ രാഷ്ട്രീയക്കാരല്ലാത്ത സ്ഥാനാര്‍ത്ഥികളെ അവതരിപ്പിച്ചുകൊണ്ട് കേരളത്തിന്റെ മധ്യവര്‍ഗ്ഗ പരിസരത്തെ അരാഷ്ട്രീയവല്‍ക്കരിക്കുന്ന പരിപാടി തിരഞ്ഞെടുപ്പില്‍ കാണാവുന്നതാണ്. അവകാശ രാഷ്ട്രീയത്തിന്റെ ബോധ്യങ്ങളിലുറച്ച് മലയാളിയെ ഹാന്‍ഡൗട്ട് രാഷ്ട്രീയത്തിന്റെ തടവുകാരാക്കുക എന്ന പരിശ്രമം ബിജെപി മുന്നോട്ട് വെക്കുന്നുണ്ട്. കൃഷിയും വ്യവസായവും ശോഷിച്ചിരിക്കുന്ന ഒരു സമൂഹത്തില്‍ വികസനം എന്നത് വളരെ ശ്രദ്ധിച്ച് പ്രയോഗിക്കേണ്ട കല്പനയാണ്. ഒരു ധനിക ന്യൂനപക്ഷത്തിന്റെ കണ്ണുകള്‍ കടമെടുത്ത് രാഷ്ട്രീയം പറയുന്ന രണ്ട് മുന്നണികളും ബിജെപിക്ക് മണ്ണൊരുക്കുകയാണ് എന്ന് പറയേണ്ടിവരും. പുതിയ ഒരു കേരള മാതൃക വേണം, അതില്‍ പഴയതിന്റെ നന്മകളുണ്ടായിരിക്കുകയും വേണം. സമരം ചെയ്ത് നേടിയെടുത്ത ക്ഷേമ രാഷ്ട്രമല്ല സര്‍ക്കാരിന്റെ ഔദാര്യത്തില്‍ പുലരുന്ന ക്ഷേമരാഷ്ട്രം. വേതനത്തിനായി സമരം ചെയ്യുന്നവരെ പാഠം പഠിപ്പിക്കാന്‍ നടക്കുന്ന ഔദാര്യമതികളായ ഭരണകര്‍ത്താക്കളുടെ രാഷ്ട്രീയം വലതുപക്ഷത്തിന്റേതാണ്. അത് സൃഷ്ടിക്കുന്ന സാമ്പത്തിക സംഘര്‍ഷങ്ങള്‍ വര്‍ഗ്ഗീയതയ്ക്ക് വളമൊരുക്കാറുണ്ടെന്ന ചരിത്രപാഠം നമ്മള്‍ മറന്നുകൂടാ.
പണഞെരുക്കത്തിന്റെ മാസങ്ങളാണ് മുന്നിലുള്ളത്. പടിഞ്ഞാറന്‍ ഏഷ്യയുടെ സാമ്പത്തിക തകര്‍ച്ച നമ്മളേയും ബാധിക്കും. അതിന്റെ രാഷ്ട്രീയമാനങ്ങള്‍ എന്തായിരിക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. എന്നാല്‍ അതിനെ പാകപ്പെടുത്താന്‍ നമ്മള്‍ കാണാന്‍ പോകുന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് കഴിഞ്ഞേക്കും. എല്ലാ കണ്ണുകളും ബംഗാളിലായിരിക്കും. അപ്പോഴേക്കും മണ്ഡലിന്റെ രാഷ്ട്രീയം ബീഹാറില്‍ അവസാനിച്ച് പുതിയ ബിജെപി മുഖ്യമന്ത്രി പട്‌നയില്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുമുണ്ടാകും.
(കടപ്പാട് പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
