അഞ്ച് സ്‌കെച്ചുകളില്‍ ഒരിന്ത്യന്‍ രാഷ്ട്രീയ കൊളാഷ്

 

ഭരണകൂടത്തിന്റെ വിശ്വാസം നഷ്ടപ്പെട്ട ജനങ്ങളെക്കുറിച്ച് ബ്രഹ്റ്റ് പരിഹാരം എന്ന തന്റെ കവിതയില്‍ പറയുന്നുണ്ട്. ‘അവരെ ഒഴിവാക്കി പുതിയൊരു ജനതയെ തിരഞ്ഞെടുത്തുകൂടേ’ എന്ന് കവിതയിലെ ആഖ്യാതാവ് ചോദിക്കുന്നു. ജനങ്ങള്‍ തീരുമാനിക്കുന്നതാണ് ഭരണകൂടമെന്നത് നമ്മുടെയൊരു വിശ്വാസമാണ്. എന്നാല്‍ ഭരണകൂടം തീരുമാനിക്കുന്നതാണ് ജനങ്ങള്‍ എന്നതാണ് സത്യം. ഭരണകൂടങ്ങളും അതിന്റെ മേസ്തിരി കയ്യാളന്മാരും അതുതന്നെയായിരിക്കാം എക്കാലത്തും ചെയ്തുപോന്നിട്ടുള്ളത്. നമ്മളത് പലപ്പോഴും തിരിച്ചറിയാറില്ല എന്നുമാത്രം.

ഏപ്രില്‍-മെയ് മാസക്കാലത്ത് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളുടെയും ഫലപ്രഖ്യാപനങ്ങളുടെയും പശ്ചാത്തലത്തില്‍ ഈ വസ്തുത നമ്മുടെ മുന്നില്‍ വന്നുനില്‍ക്കുന്നുണ്ട്. കണ്ണും കാതും തുറന്നുവെച്ചാല്‍ ഏതൊരാള്‍ക്കും മനസ്സിലാകുന്നതാണ് ഈ വസ്തുത. അങ്ങനെ ആലോചിച്ചപ്പോള്‍ മനസ്സില്‍ വന്ന അഞ്ച് സ്‌കെച്ചുകള്‍ ഇങ്ങനെ: കൂട്ടിച്ചേര്‍ത്ത് കാണുമ്പോള്‍ അതിനൊരു രാഷ്ട്രീയ കാന്‍വാസിന്റെ രൂപം കൈവരുന്നുണ്ട് എന്ന് തോന്നുന്നു.

സ്‌കെച്ച്-1: ബംഗാള്‍

ജനം ഇടിച്ചുകയറി വോട്ടുചെയ്ത തിരഞ്ഞെടുപ്പായിരുന്നു ബംഗാളില്‍ കണ്ടത്. കാടും പടലും പറിച്ചുനീക്കിക്കണ്ടാല്‍ ‘എന്തതിശയമേ, ജനാധിപത്യം എത്ര മനോഹരമേ’ എന്ന് ആരും പാടിപ്പോകും. ഇലക്ഷന്‍ കമ്മീഷന്‍ കണക്കുപ്രകാരം 95% ത്തിനടുത്തുവരും പോളിംഗ്. വെളുപ്പിനുതന്നെ ബൂത്തുകളില്‍ തിരക്കായിരുന്നു. ദില്ലി അയച്ച സുരക്ഷാസൈനികര്‍ എങ്ങും കാവല്‍ നിന്നു. ആരൊക്കെയോ ആര്‍ക്കൊക്കെയോ വോട്ടു ചെയ്തു. ഒട്ടുമേ കറപുരളാത്ത തിരഞ്ഞെടുപ്പ് എന്ന് ഔദ്യോഗികവാണികള്‍ അറിയിപ്പ് നല്‍കി. വോട്ടെണ്ണിയപ്പോള്‍ പതിനഞ്ച് വര്‍ഷക്കാലം ബംഗാള്‍ ഭരിച്ച തൃണമൂല്‍ കോണ്‍ഗ്രസ്സ് ഔട്ട്. മുഖ്യമന്ത്രി മമതാ ബാനര്‍ജി സ്വന്തം മണ്ഡലത്തിലെ മുഖ്യ എതിരാളി ബിജെപിയുടെ മുഖ്യമന്ത്രിമുഖമായ സുവേന്ദു അധികാരിയോട് തോറ്റു.

എന്തുകൊണ്ട് തൃണമൂല്‍ തോറ്റു? എങ്ങനെയാണ് ബിജെപി ബംഗാളിനെ വരുതിയിലാക്കിയത്? തൃണമൂല്‍ നേരിട്ട അഴിമതി ആരോപണങ്ങളാണോ പാര്‍ട്ടിയെ തോല്പിച്ചത്? തെരുവു വാണ പാര്‍ട്ടിഗുണ്ടകളാണോ വോട്ടര്‍ താത്പര്യങ്ങളെ തൃണമൂലിന് എതിരാക്കിയത്? ബിജെപിയുടെ ഹിന്ദു വര്‍ഗ്ഗീയത പാര്‍ട്ടിവോട്ടായി മാറിയോ? മുപ്പത് ശതമാനം വരുന്ന മുസ്‌ലിംകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതുമൂലം വോട്ടര്‍മാര്‍ എന്ന രീതിയില്‍ അസാധുവാക്കപ്പെട്ടതാണോ? തൃണമൂല്‍ വിരുദ്ധ തരംഗത്തില്‍ മറ്റെല്ലാ പരിഗണനകളും വോട്ടര്‍മാര്‍ അവഗണിച്ചതോ?

ആലോചിക്കാന്‍ ഒരുപാടുണ്ട്. പക്ഷേ, ഇങ്ങനെ ആലോചിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ അശ്ലീലമുണ്ട്. രാഷ്ട്രീയവും അതിന്റെ പ്രയോഗമായ തിരഞ്ഞെടുപ്പും നൈതിക പ്രവൃത്തിയാണ്. ബംഗാളിന്റെ സാഹചര്യത്തില്‍ അത് നൈതികമായിരുന്നോ എന്നതായിരിക്കണം നമ്മുടെ ചോദ്യങ്ങളില്‍ പ്രധാനം.

പൗരാവകാശങ്ങളില്‍ പ്രഥമ ഗണനീയമാണ് വോട്ടാവകാശം. ഒരു പൗരന്റെ സ്വത്വപ്രഖ്യാപനമാണ് അയാളുടെ/അവളുടെ വോട്ട് രേഖപ്പെടുത്തല്‍. ഒരാള്‍ ഒരു വോട്ട്, ഒരു വോട്ട് ഒരു മൂല്യം എന്നതാണ് ഭരണഘടനയുടെ സ്പിരിറ്റ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന സ്ഥാപനത്തെ വിഭാവന ചെയ്തിരിക്കുന്നതും ഇത്രയും കാലം പ്രവര്‍ത്തിച്ചുപോന്നതും വോട്ടവകാശം സാധ്യമാക്കുക എന്ന ഒറ്റക്കാരണത്തെ മുന്‍നിര്‍ത്തിയാണ്.

ബംഗാളില്‍ അതല്ല ഉണ്ടായത്. വോട്ടര്‍റോള്‍ പരിഷ്‌ക്കരണമെന്ന സാധാരണ പ്രക്രിയ അവിടെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. ഭരണകൂടമാണ് അതിന് മുന്‍കൈയ്യെടുത്തത്. ആ നടപടിക്രമം കോടതികള്‍ ശരിവെച്ചു. പൗരാവകാശമല്ല, ഭരണകൂടനീതിയാണ് അളവുകോല്‍ എന്ന് സ്ഥാപിക്കപ്പെട്ടു. ഇതിന്റെ ഫലമായി ബംഗാളില്‍ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത് 91 ലക്ഷത്തില്‍പ്പരം പേരുകളാണ്. 2011ലെ കാനേഷുമാരി പ്രകാരം ബംഗാളിലെ ജനസംഖ്യ 9 കോടിയാണ്. ഏഴരക്കോടി വോട്ടര്‍മാര്‍ ഉണ്ടായിരുന്നതില്‍ ഒരു കോടിയോളം പേര്‍ ഒഴിവാക്കപ്പെട്ടു. ഇതില്‍ 60 ലക്ഷം പേരുകള്‍ മരണപ്പെട്ടവരുടേതാണെന്നോ സ്ഥലത്തില്ലാത്തവരുടെതാണെന്നോ തീരുമാനിക്കപ്പെട്ടു. എന്നാല്‍ 27 ലക്ഷം പേര്‍ തങ്ങള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് പരാതി നല്‍കിയിരുന്നു. അവരുടെ പരാതികളില്‍ തീര്‍പ്പ് കല്പിക്കപ്പെടുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് നടന്നു. വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് സാങ്കേതിക കാരണങ്ങളാലാണ്. റെക്കാര്‍ഡുകളിലെ അക്ഷരത്തെറ്റും എന്യൂമറേറ്റര്‍മാരുടെ അബദ്ധവുമൊക്കെ പേരുകള്‍ ഒഴിവാക്കപ്പെടാന്‍ കാരണമായി. ഇങ്ങനെ ഒഴിവാക്കപ്പെട്ടതില്‍ ഭൂരിപക്ഷവും മുസ്ലിംകളായിരുന്നു. ഒഴിവാക്കപ്പെട്ടവര്‍ നുഴഞ്ഞുകയറ്റക്കാരാണെന്നും അവര്‍ ഇന്ത്യക്കാരല്ല എന്നും കേന്ദ്രമന്ത്രിമാര്‍വരെ പറഞ്ഞു. പ്രധാനമന്ത്രിയും പിന്നെ ബംഗാളില്‍ തിരഞ്ഞെടുപ്പിനായി തമ്പടിച്ച ആഭ്യന്തര മന്ത്രിയും ‘നുഴഞ്ഞുകയറ്റത്തെ’ക്കുറിച്ച് പണ്ടേതന്നെ ഒരു ആഖ്യാനം സൃഷ്ടിച്ചെടുത്തിരുന്നല്ലോ. അങ്ങനെ ”ഗുഡ്പേട്ടി” കളായി പ്രഖ്യാപിക്കപ്പെട്ടവരില്‍ സമീപകാലം വരെ ഇന്ത്യയിലെ നാലാമത്തെ വലിയ ഇംഗ്ലീഷ് പത്രമായ ടെലിഗ്രാഫിന്റെ മുന്‍ എഡിറ്റര്‍ രാജഗോപാല്‍ വരെയുണ്ട്. ഗാന്ധിയുടെയും ടാഗോറിന്റെയും സുഹൃത്തും പത്രപ്രവര്‍ത്തകനുമായിരുന്ന പ്രസിദ്ധ ചിത്രകാരന്‍ നന്ദലാല്‍ ബോസിന്റെ കുടുംബത്തെവരെ തിരഞ്ഞെടുപ്പു കമ്മിഷന്‍ രേഖയില്ലാത്തവരാക്കിയിരുന്നു.

ഇത്രയേറെ ഘോരമായ പൗരാവകാശ ധ്വംസനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തപ്പെട്ട തിരഞ്ഞെടുപ്പിനെക്കുറിച്ച് നമ്മള്‍ എന്തുതരം ചര്‍ച്ചയാണ് നടത്തേണ്ടത്, സര്‍?

ഭരണകൂട ഗുണ്ടായിസം എന്നുതന്നെ വിളിക്കേണ്ടുന്ന ഒരു പരിപാടിയില്‍ തൃണമൂല്‍ ഗുണ്ടയൊക്കെ എന്ത്? അവര്‍ വെറും ഈയാംപാറ്റകള്‍. ഒരു ജനതയെ മുഴുവന്‍, അവര്‍ നിരാധാരമാക്കപ്പെടുമോ എന്ന ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് അരങ്ങേറിയ രാഷ്ട്രീയ ആഭാസം മാത്രമായി ചരിത്രം ഈ തിരഞ്ഞെടുപ്പിനെ രേഖപ്പെടുത്തിയാല്‍? വോട്ടധികാരം നഷ്ടപ്പെട്ടവരൊക്കെ തൃണമൂല്‍ അനുയായികളെന്നോ വന്‍തോതിലുള്ള വോട്ടുനിഷേധം മൂലമാണ് തൃണമൂല്‍ പരാജയപ്പെട്ടതെന്നോ അല്ല ഇവിടെ വിവക്ഷ. അതിന്മുമ്പ് തീര്‍പ്പുകല്പിക്കേണ്ടതാണ് വോട്ടര്‍റോള്‍ പരിഷ്‌ക്കരണം എന്ന പേരില്‍ നടന്ന ജനാധിപത്യധ്വംസനം. ഈ പരിപാടിക്ക് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥനെ വോട്ടെണ്ണി കോഴി കൂവിയപ്പോഴേക്കും ബംഗാള്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചെന്ന്കൂടി വായിക്കുമ്പോഴാണ് ചിത്രം പൂര്‍ണ്ണമാവുക.

ഒരു മതവിഭാഗത്തില്‍ പെട്ട മനുഷ്യരെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുക വഴി ഭരണകൂടം അവര്‍ക്കിഷ്ടപ്പെട്ട ഒരു ജനതയെ തിരഞ്ഞെടുക്കുകയാണ്. ബംഗാളിലെ അധികാരപ്രശ്നത്തിന്റെ പരിഹാരം അങ്ങനെയാണ് ബിജെപി കണ്ടെത്തിയിരിക്കുന്നത്. ബംഗാളിന്റെ രഹസ്യം മനസ്സിലാകുന്നതേയില്ല എന്ന് കെജിഎസ് എഴുതിയിട്ടുണ്ടല്ലോ. നിസ്സാരമായ ഒരു കാറ്റൂതിയാല്‍ കരിയിലകള്‍ ആര്‍ത്തുണരും എന്നദ്ദേഹം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഓര്‍ക്കാപ്പുറത്തായിരിക്കും ചുഴലി പൊങ്ങുന്നത്. അത് ഏതൊക്കെ പര്‍വ്വതങ്ങളെ ഞെരിച്ചമര്‍ത്തുമെന്ന് ആര്‍ക്കറിയാം!

സ്‌കെച്ച്-2: അസം

കുടിയേറ്റങ്ങളുടെ, പലായനങ്ങളുടെ, അധിനിവേശത്തിന്റെ, സമന്വയത്തിന്റെ, ചാവുകളുടെ, അതിജീവനത്തിന്റെ ഭൂപടത്തിന്റെ പേരാണ് അസം. സമുദ്രസമാനമായ ബ്രഹ്മപുത്ര അതിന്റെ അതിരുകളെ സൃഷ്ടിക്കുകയും മായ്ക്കുകയും ചെയ്തുപോരുന്നു. അവിടെ കോമ്പസും പേപ്പറുമെടുത്ത് ചെറിയ മനുഷ്യര്‍ അതിര്‍ത്തികള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു. പരാജയപ്പെടുമ്പോള്‍ അവര്‍ ഭാഷയും മതവും അളവുകോലാക്കി അപരന്മാരെ സൃഷ്ടിക്കുന്നു. അങ്ങനെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ജനതയെ ഭരണകൂടം തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുപ്പു നടത്തി ആ പ്രക്രിയക്ക് നിയമസാധുത നല്‍കുന്നു. ഹിമന്ത ബിശ്വ സര്‍മ്മ എന്ന നേതാവ് ചരിത്രത്തില്‍ ഇടംപിടിക്കാന്‍ പോകുന്നത് അങ്ങനെയാണ്.

അസമില്‍ ബിജെപിക്കാര്‍ 82 സമാജികരുണ്ട്. 126 അംഗങ്ങളുള്ള സഭയില്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സിന് 19 എംഎല്‍എ മാര്‍. അതില്‍ 18 പേര്‍ മുസ്‌ലിംകളാണ്. ‘മിയ പാര്‍ട്ടി’ എന്നാണ് സര്‍മ തന്റെ പഴയ തട്ടകത്തെ പൊതുജനസമക്ഷം വിശേഷിപ്പിക്കുന്നത്. ഇത് യാദൃച്ഛികമല്ല. കുടിയേറ്റ വിരുദ്ധതയായിരുന്നു അസം പ്രക്ഷോഭകാലത്ത് രാഷ്ട്രീയത്തിന്റെ മുഖമുദ്രയെങ്കില്‍ ഇന്നത് മുസ്ലിം വിരുദ്ധതയാണ്. കുടിയേറ്റക്കാര്‍ = മിയ (ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകള്‍ക്കുള്ള ആക്ഷേപപദം) എന്ന സമവാക്യമാണ് സര്‍മ രാഷ്ട്രീയായുധമാക്കിയത്. നിയമസഭാമണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയത്തെ സ്വാധീനിച്ച് മുസ്‌ലിം സാന്നിധ്യമുള്ള മണ്ഡലങ്ങളില്‍ അവരുടെ എണ്ണം കൂട്ടുകയും മറ്റിടങ്ങളില്‍ കുറക്കുകയും ചെയ്യുകവഴി ഏതാണ്ട് 24 മണ്ഡലങ്ങളില്‍ മാത്രമായി മുസ്‌ലിം സ്വാധീനത്തെ സര്‍ക്കാര്‍ പരിമിതപ്പെടുത്തി. മറ്റ് 102 മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപി മത്സരിക്കുന്നത് എന്നുവരെ സര്‍മ പറയുകയുണ്ടായി.

ഈ ബ്ലൂപ്രിന്റ് പുതിയതാണ്. മുസ്ലിം ഭീതിയെ മുന്‍നിര്‍ത്തിയുള്ള ഭൂരിപക്ഷ ഏകീകരണ രാഷ്ട്രീയം ആയുധീകരിച്ചുകൊണ്ട് സര്‍മ അജയ്യനായി തുടരുന്നു. അയാളുടെ വര്‍ഗ്ഗീയതയ്ക്ക് കോടതികള്‍ പോലും വേണ്ടരീതിയില്‍ തടയിടാന്‍ ശ്രമിച്ചിട്ടില്ല. ഭാഷയുടെയും മതത്തിന്റെയും വിടവുകളില്‍ കൂടി സര്‍മ അസമീസ് ദേശീയതയെ ഹിന്ദുത്വ വര്‍ഗ്ഗീയതയുമായി ബന്ധിപ്പിച്ചിരിക്കുന്നു. 25 ലോക്സഭാ മണ്ഡലങ്ങളുള്ള വടക്കുകിഴക്കന്‍ മേഖലയില്‍ ബിജെപി അനിഷേധ്യ തിരഞ്ഞെടുപ്പു ശക്തിയായി മാറിയതിന് പിന്നില്‍ സര്‍മയുണ്ട്.

വിചിത്രമെന്നു പറയട്ടെ, ബംഗാളും അസമും ഇന്ന് ഒരേ രാഷ്ട്രീയ ഭാവനയുടെ തുടര്‍ച്ചയാണ്. പരസ്പരം പോരടിച്ചുനിന്ന രണ്ട് ദേശീയതാ സങ്കല്പങ്ങളെ മുസ്‌ലിം അപരവല്‍ക്കരണത്തിന്റെ രാഷ്ട്രീയത്തില്‍ കൂടി ബിജെപി ഒന്നിപ്പിച്ചിരിക്കുന്നു. ബംഗാളിന്റെ കിഴക്കന്‍ അതിര്‍ത്തി ജില്ലകളിലും ലോവര്‍ അസം എന്നു വിളിക്കുന്ന ബംഗ്ലാദേശിനെ പറ്റിക്കിടക്കുന്ന ബ്രഹ്മപുത്രാ തടത്തിലും തെക്ക് മണിപ്പൂരില്‍ നിന്ന് ഒഴുകിയെത്തുന്ന ബരാക് നദീതടത്തിലും ഭാഷയും മതവും കൂടിക്കലര്‍ന്ന രാഷ്ട്രീയം നിര്‍ണ്ണായക സ്വാധീനമാണ്. ഇന്ന് ഏതാണ്ട് മനുഷ്യനെന്നാല്‍ മതം മാത്രമാണ് എന്ന ചുരുക്കിവായനയിലേക്ക് മാറിയിരിക്കുന്നു.

ഈ രാഷ്ട്രീയത്തിലെ അനുരണനങ്ങള്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങാനിടയില്ല. ബംഗ്ലാദേശിന്റെ രാഷ്ട്രീയ സംസ്‌കാരത്തില്‍ ബംഗാളും അസമും ഉണ്ട്. ഒരു കാലത്ത് ഒരേ ഭരണസംവിധാനത്തിന് കീഴില്‍ കിടന്നിരുന്ന ബ്രിട്ടീഷ് ബംഗാള്‍ പ്രവിശ്യയാണ് ഈ മൂന്നും എന്നത് നമ്മള്‍ ഓര്‍ക്കണം. ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും കൊടുക്കല്‍ വാങ്ങലുകള്‍ ധാരാളം നടന്നിട്ടുണ്ട്.

അവിടെയിപ്പോള്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്തവരെ ഒഴിവാക്കിക്കൊണ്ട് തങ്ങള്‍ക്ക് വേണ്ടുന്ന ഒരു ജനതയെ ബിജെപി തിരഞ്ഞെടുത്തിരിക്കുകയാണ്. ബംഗാളിലും അസമിലുമായി നാനൂറ് നിയമസഭാ സാമാജികര്‍. അതില്‍ 289 പേര്‍ ബിജെപിക്കാര്‍, അവരില്‍ ഒരാള്‍ പോലും മുസ്‌ലിമല്ല. രണ്ടിടത്തും ഭരണം കയ്യാളുന്ന ബിജെപി ഒറ്റ മുസ്‌ലിമിനെപ്പോലും സ്ഥാനാര്‍ത്ഥിയാക്കിയതുമില്ല

സ്‌കെച്ച്-3: തമിഴ്നാട്

ജനത ഒരു രാഷ്ട്രീയത്തെ റദ്ദ് ചെയ്തതിന് സമാനമായ തിരഞ്ഞെടുപ്പ് ഫലമാണ് തമിഴ്നാട്ടില്‍ നമ്മള്‍ കണ്ടത്. ദ്രാവിഡപ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെട്ടുപോന്ന രണ്ട് പാര്‍ട്ടികള്‍ സൃഷ്ടിച്ചെടുത്ത Duo poly ആയിരുന്നു കഴിഞ്ഞ ആറ് പതിറ്റാണ്ടുകാലത്തെ തമിഴ്നാട് രാഷ്ട്രീയം. 1967 ല്‍ കാഞ്ചീവരം നടരാജന്‍ അണ്ണാദുരൈ ഫോര്‍ട്ട് സെന്റ്‌ജോര്‍ജ്ജില്‍ സത്യപ്രതിജ്ഞ ചെയ്ത നാള്‍മുതല്‍ ഇന്നോളം തമിഴ്നാട്ടിലെ മുഖ്യമന്ത്രി ദ്രാവിഡ മുന്നേറ്റ കഴകം എന്ന തിമുക (ഡിഎംകെ) യുടെയും ഓള്‍ ഇന്ത്യാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന അതിമുക (അണ്ണാ ഡിഎംകെ) പ്രതിനിധികള്‍ മാത്രമായിരുന്നു. എന്നുമാത്രമല്ല തിരഞ്ഞെടുപ്പ് 1970 കള്‍ മുതല്‍ക്കേ രാഷ്ട്രീയ സഖ്യങ്ങളുടെ പോരാട്ടമായി മാറിയപ്പോഴും ഏകകക്ഷി ഭരണമാണ് തമിഴ്നാട്ടില്‍ കണ്ടത്. ഒറ്റക്ക് ഭൂരിപക്ഷമില്ലാതിരുന്നിട്ടുപോലും ഡിഎംകെ കോണ്‍ഗ്രസ്സിനെ ഭരണത്തില്‍ കൂട്ടാന്‍ തയ്യാറായിരുന്നില്ല. ദ്രാവിഡസഖ്യത്തിനപ്പുറത്ത് ഒരു പാര്‍ട്ടി വന്നാല്‍, ആ ഭരണം പ്രത്യയശാസ്ത്രശോഷണത്തിന് വിധേയമാകുമെന്ന വിചിത്രവാദമാണ് ഈ പാര്‍ട്ടികള്‍ ഉയര്‍ത്തിപ്പോന്നത്.

ഡി.ജോസഫ് വിജയ് എന്ന അമ്പത്തൊന്നുകാരന്‍ സിനിമാനടന്‍. തമിഴക വെട്രി കഴകം എന്ന രണ്ടുവയസ്സുള്ള പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതോടെ ദ്രാവിഡ പാര്‍ട്ടി മേല്‍ക്കൈക്കു തിരശ്ശീല വീഴുകയാണ്.

പുതിയ കഴകം പുതിയതാവുന്നത് രണ്ടര്‍ത്ഥത്തിലാണ്. ഒന്ന്, അത് ദ്രാവിഡപ്രസ്ഥാന തനിമയില്‍ ആണയിടുന്നില്ല. രണ്ട്, സഖ്യകക്ഷികളുമായി ഭരണാധികാരം പങ്കിടാന്‍ തയ്യാറാണ്. നാളെ മറ്റൊരു കക്ഷി വന്നാലും ഇക്കാര്യങ്ങളില്‍ ഒരു തിരിച്ചുപോക്ക് അസാധ്യമാണ്. പിന്നെയുമുണ്ട് വിജയ് രാഷ്ട്രീയത്തിന് പ്രത്യേകതകള്‍. രണ്ട് ദ്രാവിഡ ഭീമന്മാരും ഉയര്‍ത്തിക്കാട്ടിയ സാമൂഹ്യനീതി രാഷ്ട്രീയത്തിന്റെ വലിയ ഗുണഭോക്താക്കള്‍ തമിഴ്നാടിലെ പിന്നോക്ക ജാതികളായിരുന്നു. ജനസംഖ്യയുടെ 20% വരുന്ന ദളിതര്‍ക്ക് അധികാര രാഷ്ട്രീയത്തില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല. ഒരുകാലത്ത് വലിയ നേതാവാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന തിരുമാവളവനെ ഇക്കൂട്ടര്‍ നിഷ്പ്രഭമാക്കി. വലിയ രാഷ്ട്രീയ ആദര്‍ശങ്ങള്‍ മുന്നോട്ടുവെക്കുകയും ഭരണതലത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തുവെങ്കിലും-തമിഴ്നാടിന്റെ വികസന സൂചികകള്‍ തെളിവാണ് – കുടുംബാധിപത്യമായി ഇപ്പാര്‍ട്ടികള്‍ മാറിയിരുന്നു. കൊടും അഴിമതിയും പാര്‍ട്ടിക്കുള്ളില്‍ ഫ്യൂഡല്‍ നേതൃത്വവുമായി പാര്‍ട്ടിരാഷ്ട്രീയം മാറിയിരുന്നു. വെട്രി കഴകം ഒരു ബദല്‍ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. ചെറുപ്പക്കാരും സ്ത്രീകളും വിസിലൂതി അതിന് അംഗീകാരം നല്‍കിയിരിക്കുന്നു.

ഒരര്‍ത്ഥത്തില്‍ 1970 കളില്‍ തമിഴ്നാട് കണ്ടതരം ഒരു രാഷ്ട്രീയ വിപ്ലവമാണ് ഇപ്പോള്‍ കാണുന്നത്. കോണ്‍ഗ്രസ്-ഡിഎംകെ ദ്വന്ദ്വത്തെ അവസാനിപ്പിച്ചുകൊണ്ട് എംജിആര്‍ എന്ന താരം അഴിമതി ആരോപണങ്ങള്‍ നേരിട്ട ഡിഎംകെ യെ പിളര്‍ത്തി അധികാരം പിടിച്ചെടുത്തു. തന്റെ താരപരിവേഷത്തിന് അനുസൃതമായി ദ്രാവിഡ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയാദര്‍ശങ്ങളെ എംജിആര്‍ മാറ്റിയെടുത്തു. അണ്ണാനാമത്തില്‍ ഭരിക്കുന്നു എന്നുതന്നെയാണ് എപ്പോഴും എംജിആറും ജയലളിതയും പറഞ്ഞുപോന്നത്. പെരിയാറിന്റെ സിലൗട്ടുകള്‍ വേദികളില്‍ ഉണ്ടായിരുന്നു. എന്നാല്‍ നേതാവിന്റെ താരശോഭയില്‍ രക്ഷകര്‍തൃമനോഭാവത്തോടെ ഔദാര്യങ്ങളുടെ രാജകുമാരനും രാജകുമാരിയുമായി തന്നെയാണ് എംജിആറും ജയലളിതയും ഭരണം നടത്തിയത്. എംജിആര്‍ സൃഷ്ടിച്ച രാജാപ്പാര്‍ട്ട് മൂശയിലാണ് വിജയ് യുടെ രാഷ്ട്രീയ സ്വരൂപത്തിന്റെ വാര്‍ക്കയും. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും വിടുതലൈ ചിറുത്തൈകളും മുസ്‌ലിം ലീഗും ഇപ്പോഴിതാ എഡിഎംകെയുടെ പകുതിയും വിജയ് സര്‍ക്കാരിനെ പിന്താങ്ങുന്നു.

എഴുപതുകളിലെ തമിഴ് മക്കളല്ല ഇന്ന് തമിഴ്നാട്ടിലുള്ള പൗരസമൂഹം. പഴയ രാഷ്ട്രീയത്തിന്റെ ആവര്‍ത്തനമായാല്‍ പടം പൊട്ടുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഒരു മ്യൂട്ടേഷനാണ് വെട്രി കഴകം. അതേ ഉപദേശീയതാ വാദം. സാമൂഹ്യനീതി മുദ്രാവാക്യങ്ങള്‍. ഹിന്ദുത്വ വിരുദ്ധത.

എന്നിരിക്കിലും പുതിയ മഴയില്‍ മുളച്ച കൂണുപോലെ, ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി എന്നപോലെ അവ്യക്തമായ രാഷ്ട്രീയ പരിസരമാണ് വെട്രി കഴകത്തിന്റേത്. ജാതിയും പണവും അധികാരവും കൂടിക്കുഴഞ്ഞു കിടക്കുന്ന തമിഴ്നാടന്‍ രാഷ്ട്രീയമണ്ണില്‍ അത് തിരഞ്ഞെടുക്കുന്നത് ഏത് ജനതയെ ആണ്?

ഒരു സീറ്റില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. എഡിഎംകെ യെ മുന്‍നിര്‍ത്തി അവര്‍ നടത്തിയ രാഷ്ട്രീയ നീക്കം പാളിപ്പോവുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ അരങ്ങേറിയിരിക്കുന്ന ജന്‍സി വിപ്ലവം ഏതൊക്കെ ഭൂതത്തെയാണ് തുറന്നുവിടുക എന്ന് മുന്‍കൂട്ടി പറയുക എളുപ്പമല്ല. കോണ്‍ഗ്രസ്സിനോട് കലിമൂത്ത് നില്‍ക്കുന്ന ഡിഎംകെ ബിജെപിയോട് മൃദുസമീപനം സ്വീകരിക്കൂമോ? വാജ്പേയില്‍ നന്മമരത്തെ കണ്ട് അധികാരം കൈയ്യാളിയ ഒരു കാലം- കലൈഞ്ജര്‍ കരുണാനിധിയുടെ കാലം – ഡിഎംകെയ്ക്കുണ്ട്. അക്കാലത്താണ് ഗുജറാത്തില്‍ കലാപം ഉണ്ടായത്. അധികാരമില്ലാത്ത ഒരു അവസ്ഥ പല പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഇന്ന് സാധ്യമല്ല. അമിതാധികാരം കൈയ്യാളുന്ന അത് സാമദാനദണ്ഡഭേദ മാര്‍ഗ്ഗങ്ങളില്‍ പ്രയോഗിക്കാന്‍ മടിക്കാത്ത ബിജെപിയുടെ കാലത്ത് പ്രത്യയശാസ്ത്ര സ്ഥൈര്യമെന്നത് വലിയ വില കൊടുക്കേണ്ടിവരുന്ന ഒരു നിലപാടാണ്. ആരൊക്കെ അതിന് തയ്യാറാകും? ഹിന്ദുത്വവിരുദ്ധമായിരുന്നു തമിഴ്നാട്ടിലെ വോട്ട്. ആ ജനതയ്ക്ക് ഒപ്പം പാര്‍ട്ടികള്‍ നില്‍ക്കുമോ? അതോ മറ്റൊരു ജനതയെ അവര്‍ തിരഞ്ഞെടുക്കുമോ?

സ്‌കെച്ച്-4: കേരളം

തിരഞ്ഞെടുപ്പ് പ്രചാരണം കൊണ്ടുപിടിച്ചുനടക്കുന്ന കാലത്ത് കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഈ ലേഖകന്‍ സഞ്ചരിക്കുകയുണ്ടായി. മഞ്ചേശ്വരത്ത് മൂന്ന് പ്രധാന സ്ഥാനാര്‍ത്ഥികളെ കണ്ടു; പയ്യന്നൂരില്‍ ടി വി കുഞ്ഞികൃഷ്ണനെയും ടി.ഐ.മധുസൂദനനേയും സന്ദര്‍ശിച്ചു; കൊയിലാണ്ടിയും കോഴിക്കോടും ഫറോക്കും വഴി പാലക്കാട്ടെത്തി. ശോഭാസുരേന്ദ്രന് ആളുകളെ ഇളക്കിമറിക്കാന്‍ കഴിയുമെന്ന് അവരുടെ പര്യടനം കണ്ടപ്പോള്‍ മനസ്സിലായി; രമേഷ് പിഷാരടിയോട് സംസാരിച്ചപ്പോള്‍ അയാള്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നുകയും ചെയ്തു. വടക്കന്‍ പറവൂര്‍ കോട്ടയം വഴി റാന്നിയില്‍ ശശി തരൂര്‍ പഴകുളം മധുവിനായി നടത്തിയ റോഡ്‌ഷോ കണ്ടു. തിരുവനന്തപുരത്ത് പ്രചരണത്തിന്റെ പൊടിപൂരത്തിനിടയില്‍ ബിജെപി നേടിയിരിക്കുന്ന മുന്‍കൈ മനസ്സിലാക്കി. ആകെത്തുകയില്‍ അന്ന് തോന്നിയത് ഇത്രമാത്രം:

ഒന്ന്, യുഡിഎഫ് നൂറു സീറ്റ് നേടിയാല്‍ അത്ഭുതപ്പെടാനില്ല (എസ് ഗോപാലകൃഷ്ണന്‍ ദില്ലിയിലിരുന്ന് 105 സീറ്റ് എന്ന് ആണയിട്ട് പറഞ്ഞു.)

രണ്ട്, വടക്കന്‍ കേരളത്തില്‍ അഭൂതപൂര്‍വ്വമായ യുഡിഎഫ് തരംഗം തോന്നി. ലീഗിന്റേയും കോണ്‍ഗ്രസ്സിന്റേയും ഒത്തൊരുമ മുമ്പെങ്ങും കാണാത്തതരത്തില്‍ പ്രചരണത്തില്‍ അനുഭവപ്പെട്ടു. തഹ്ലിയ ഫാത്തിമയുടെ റോഡ്ഷോ, ജയന്തിരാജന്റെ പ്രചരണം എന്നിവ കേരളം ഒരുപാട് മാറിയിരിക്കുന്നു എന്ന് മനസ്സിലാക്കിത്തന്നു. സ്ത്രീസ്ഥാനാര്‍ത്ഥികളുടെ സാമര്‍ത്ഥ്യമൊന്നും ആണുങ്ങള്‍ക്കില്ല എന്നത് വസ്തുതയാണ്. അത് ആണ്‍നേതൃത്വങ്ങള്‍ക്ക് അറിയാം.

മൂന്ന്, നാടെങ്ങും മണ്ടപോയ തെങ്ങുപോലെ ഹൈവേയിലെമ്പാടും ഉയര്‍ന്നുനിന്ന പിണറായി വിജയന്മാര്‍ പുതിയ സിപിഎമ്മിനെ കാട്ടിത്തന്നു. കട്ടൗട്ടുകള്‍ക്ക് വോട്ടവകാശമുണ്ടായിരുന്നെങ്കില്‍ പിണറായി മൂന്നാമതും ഭരണത്തിലെത്തിയേനെ.

നാല്, 2004 ലെ ബിജെപിയുടെ ഇന്ത്യാ ഷൈനിംഗിന്റെ ഓര്‍മ്മ കൊണ്ടുവന്ന പിണറായിയുടെ വികസിത കേരളം ഓട്ടയടയ്ക്കാന്‍ ശ്രമിച്ചത് മധ്യവര്‍ഗ്ഗ താഴേക്കിട വിഭാഗങ്ങളിലെ ദാരിദ്ര്യത്തെയാണ്. ഒരു സര്‍ക്കാരിനും സാധ്യമല്ല എല്ലാവരുടേയും പ്രതീക്ഷകള്‍ സാക്ഷാത്ക്കരിക്കാന്‍. അതുകൊണ്ടുതന്നെ ഞങ്ങള്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി എന്ന മുദ്രാവാക്യം അപകടം പിടിച്ചതല്ലേ എന്ന് സന്ദേഹിച്ചു.

അഞ്ച്, ചെറുപ്പക്കാരുടെ രാഷ്ട്രീയം പൊതുവേ മത്സരരംഗത്ത് കണ്ട 50 ന് മേലുള്ള ആണ്‍ സ്ഥാനാര്‍ത്ഥികളെ അനുഭാവപൂര്‍വ്വമല്ല കണ്ടുവന്നത് എന്ന് തോന്നുന്നു. ഇവര്‍ തമ്മില്‍ ഒരു ഡിസ്‌കണക് ഷന്‍ അനുഭവപ്പെട്ടിരുന്നു.

ആറ്, ഹിന്ദുത്വരാഷ്ട്രീയത്തിനും അതിന്റെ മുസ്‌ലിം വിരുദ്ധതയ്ക്ക് പരോക്ഷാംഗീകാരം നല്‍കിയ സിപിഎം നേതൃത്വത്തിനുമെതിരെ സ്വത്വാധിഷ്ഠിതമല്ലാത്ത ഒരു രാഷ്ട്രീയ നീക്കം അനുഭവപ്പെട്ടിരുന്നു. അതിന്റെ പിതൃത്വം ജമാഅത്തെ ഇസ്‌ലാമിക്കല്ല. ആണെന്നവകാശപ്പെടുന്നത് വര്‍ഗ്ഗീയതയാണ്. ജമാഅത്തെ ഇസ്‌ലാമിയല്ല കേരളത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ നിശ്ചയിക്കുന്നതെന്ന് അതിബുദ്ധിമാനല്ലെങ്കില്‍ ആര്‍ക്കും മനസ്സിലാകുന്നതാണ്.

ഏഴ്, മാറ്റം മലയാളി വോട്ടര്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് വ്യക്തമായി കാണാമായിരുന്നു. അങ്ങനെയങ്ങനെ പോകുന്നു.

തിരഞ്ഞെടുപ്പ്ഫലം ഒട്ടുമേ ഞെട്ടിച്ചില്ല. ഞെട്ടിച്ചത് മറ്റൊരു കാര്യമാണ്. കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ ജനവികാരം തിരിച്ചറിയാനുള്ള കെല്‍പ്പില്ലായ്മ. രണ്ട്, ഇടതുപക്ഷം പരാജയപ്പെട്ടതിന്റെ മുഖ്യകാരണം ഒരു നേതാവിലേക്ക് തങ്ങളുടെ രാഷ്ട്രീയത്തെ ചുരുക്കിയതുമൂലം സൃഷ്ടിക്കപ്പെട്ട ഡെമോക്രസി ഡെഫിസിറ്റാണ് എന്നവര്‍ക്ക് അംഗീകരിക്കാനുള്ള മടി.

രണ്ടുകൂട്ടര്‍ക്കും ഒരു കാര്യത്തില്‍ സമാനതയുണ്ട്. ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടുന്ന ജനതയെ തിരഞ്ഞെടുക്കും എന്ന അഹങ്കാരം. ജനം തന്നെയാണ് എപ്പോഴും ശരി എന്നല്ല പറഞ്ഞുവരുന്നത്. എന്നാല്‍ ജനവികാരം എന്തെന്ന് തിരിച്ചറിയാനുള്ള ഏഴാമിന്ദ്രിയം ഇല്ലാത്ത രാഷ്ട്രീയക്കാരന്‍ രാഷ്ട്രീയക്കാരനേയല്ല. അധികാരം തടവറയാകുമ്പോഴാണ് രാഷ്ട്രീയക്കാരന് ജനത്തെ മനസ്സിലാകാതെ പോകുന്നത്. പോലീസുകാര്‍ ഇന്ദിരാഗാന്ധിയോട് അടിയന്തരാവസ്ഥാക്കാലത്ത് പറഞ്ഞത് തിരഞ്ഞെടുപ്പില്‍ അവര്‍ ജയിക്കുമെന്നാണ്. പിണറായിയോട് കേരളാപോലീസും ഇതുതന്നയായിരിക്കാം പറഞ്ഞിട്ടുണ്ടാവുക. പാര്‍ട്ടിനേതൃത്വം മൂന്നാം സര്‍ക്കാര്‍ വരുന്നു എന്ന് അദ്ദേഹത്തിന് ഉറപ്പുനല്‍കിക്കാണും. ഈ ജനത്തെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല എന്ന് പറയുകയേ നിവൃത്തിയുള്ളൂ. തിരഞ്ഞെടുപ്പ് ഫലം വന്ന് പത്തുദിവസം കഴിഞ്ഞും ജനവിധിയുടെ അര്‍ത്ഥം തിരിച്ചറിയാതിരുന്ന കോണ്‍ഗ്രസ്സ് ഹൈക്കമാന്റും വ്യത്യസ്തമല്ല. വി.ഡി.സതീശന്‍ പല അര്‍ത്ഥത്തിലും ഒരു മാറ്റമാണ് എന്ന് കോണ്‍ഗ്രസ്സിന് വോട്ട് ചെയ്തവര്‍ – അതില്‍ ഒരുപാട് ഇടതുപക്ഷക്കാരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരുമുണ്ട് – കരുതുന്നുണ്ട്. വര്‍ഗ്ഗീയത പറഞ്ഞവരോട് അദ്ദേഹം അനുരഞ്ജനപ്പെട്ടില്ല എന്നതും പിന്തിരിപ്പന്‍ സാമുദായിക നേതാക്കള്‍ക്ക് മുന്നില്‍ തലകുനിച്ചില്ല എന്നതും അദ്ദേഹത്തെ ഒരു ‘ആധുനിക’ രാഷ്ട്രീയക്കാരനാക്കുന്നു. കോണ്‍ഗ്രസ്സിന്റെ നീക്കുപോക്ക് രാഷ്ട്രീയമല്ല അദ്ദേഹത്തിന്റേത് എന്നവര്‍ കരുതുന്നു. സതീശനുള്ള പിന്തുണയില്‍ ഒരു ജന്‍സീ തരംഗമുണ്ട്. അതെന്തായാലും ഈ വോട്ട് യുഡിഎഫ് ന് അനുകൂലമായതില്‍ വലിയ പങ്ക് സതീശന് അവകാശപ്പെടാം.

ഈ തിരഞ്ഞെടുപ്പ് ഒരു ജനറേഷണല്‍ ചെയ്ഞ്ച് ആവശ്യപ്പെടുന്നു. രണ്ട് മുന്നണികളിലെയും വൃദ്ധ നേതൃത്വങ്ങള്‍ അത് തിരിച്ചറിഞ്ഞു. അതവരെ ഭയപ്പെടുത്തി. യുവത്വം തങ്ങളെ കടന്ന് പോകുന്നത് അവര്‍ കാണുന്നുമുണ്ട്. അതിനവര്‍ തടയിടാന്‍ ശ്രമിച്ചു. ജനവിധിയെ സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞ് തങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാന്‍ പരിശ്രമിച്ചു. ജനത അവര്‍ക്കൊപ്പമല്ല. അതുകൊണ്ട് മറ്റൊരു സര്‍ക്കാരിനെ തിരഞ്ഞെടുക്കാന്‍ അവര്‍ ശ്രമിച്ചതില്‍ അത്ഭുതമില്ല.

സ്‌കെച്ച്-5: ഇന്ത്യ

ഓരോ ഇന്ത്യന്‍ സംസ്ഥാനവും ഓരോ രാജ്യമാണ്. ഓരോ സംസ്ഥാന തിരഞ്ഞെടുപ്പും അതാതിടത്തെ ലോജിക്കില്‍ നടന്നുപോവുന്നു. അതുകൊണ്ടാണ് ബംഗാള്‍ മലയാളിയുടെ രാഷ്ട്രീയ മനസ്സില്‍ ഒച്ചയോ അനക്കമോ ഉണ്ടാക്കാതെ കടന്നുപോയത്. അസമിലെ അപകടകരമായ അപരവല്‍ക്കരണത്തിന്റെ മനുഷ്യത്വവിരുദ്ധതയും ചര്‍ച്ചയാകാത്തത്; രണ്ടിടത്തുനിന്നുമുള്ള തൊഴിലാളിയെ മാത്രമേ നമുക്ക് ആവശ്യമുള്ളൂ. തമിഴ് രാഷ്ട്രീയത്തെ വിജയ് ഫാന്‍സിന്റെ മാനസികാവസ്ഥയിലായിരിക്കും നമ്മള്‍ കാണുന്നത്. കേരളത്തില്‍ പരാജയപ്പെട്ടതോടെ 1977 ന് ശേഷം ഇതാദ്യമായി ഇന്ത്യയിലൊരിടത്തും ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലില്ല എന്ന മാറ്റം നാം ആഴത്തില്‍ മനസ്സിലാക്കുന്നുണ്ടോ? വാസ്തവത്തില്‍ വലിയ രാഷ്ട്രീയ ഭൂകമ്പങ്ങളായിരുന്നു ഈ തിരഞ്ഞെടുപ്പുകള്‍.

മൂന്ന് കാര്യങ്ങള്‍ പറയട്ടെ; അവ മൂന്നിനും ഇന്ത്യയിലെമ്പാടും മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തും അനുരണനങ്ങളുണ്ടാക്കാനുള്ള ശേഷിയുണ്ട്.

ഒന്ന്, വിഭജനത്തിന്റെ സന്തതികളായ ബംഗാള്‍, അസം സംസ്ഥാനങ്ങള്‍ മതസ്വത്വത്തിന് പൗരത്വ സങ്കല്പത്തില്‍ പ്രാഥമിക പരിഗണന നല്‍കുന്ന രാഷ്ട്രീയത്തിന്റെ അധികാരപരിധിയിലായിരിക്കുന്നു. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകനേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മനാട് മാത്രമല്ല ബംഗാള്‍. ഹിന്ദു-മുസ്‌ലിം വൈരം മനുഷ്യരല്ലാതാക്കിയ ഒരു ദേശം കൂടിയാണത്. അസമിനും അത്തരം ഒരു ചരിത്രമുണ്ട്. നെല്ലി ഓര്‍ക്കുക. അസംഖ്യം സ്വത്വങ്ങള്‍ പേറുന്ന മനുഷ്യരുടെ ജന്മനാടാണ് കിഴക്കന്‍ ഇന്ത്യ. കിഴക്കന്‍ യുപി മുതല്‍ ബ്രഹ്മപുത്രാ തടം വരെ പരന്നുകിടക്കുന്ന ഈ പ്രദേശത്ത് പൗരത്വനിര്‍ണ്ണയം മതസ്വത്വത്തെ മാത്രം അടിസ്ഥാനമാക്കിയാല്‍ അത് പുതിയ വിഭജനങ്ങള്‍ക്ക് കാരണമാവുകയേ ഉള്ളൂ. പാക്കിസ്ഥാന്‍ അതിര്‍ത്തി മുതല്‍ മ്യാന്‍മാര്‍ അതിര്‍ത്തിവരെ ഭരണം കൈയ്യാളുന്ന ഭാരതീയ ജനതാപാര്‍ട്ടി അത് തിരിച്ചറിയണം. അനേകം മണിപ്പൂരുകള്‍ നിഴലുകളില്‍ പതിയിരിപ്പുണ്ട്.

രണ്ട്, ദ്രാവിഡ പ്രസ്ഥാനമെന്ന മഹത്തായ ആശയം -അതിന്റെ അന്തഃസത്ത ചോര്‍ന്നുപോയിരുന്നുവെങ്കിലും – അധികാരത്തിന് പുറത്തായിരിക്കുന്നു. അറുപതുകൊല്ലത്തെ സാമൂഹ്യനീതി എന്ന സങ്കല്പത്തെ ജനാധിപത്യബോധ്യവും അധികാരപ്രയോഗവുമാക്കിയ ഒരു രാഷ്ട്രീയാദര്‍ശം അവസാനിക്കുകയാണ്. അണ്ണാ ഡിഎംകെ. പിളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഡിഎംകെ യുടെ രൂപമാറ്റം എങ്ങനെയായിരിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. വിജയ് പെരിയാറും കാമരാജും ചേര്‍ന്ന സങ്കരയിനമാണിപ്പോള്‍. വെട്രി കഴകത്തിന് ആപ്പിന്റെ ഗതി വരരുതേ എന്നേ പറയാനുള്ളൂ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മൂന്ന്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിന്‍വാങ്ങല്‍ ഒരു ചരിത്രസന്ധിയാണ്. ഇന്ത്യയില്‍ ആ പ്രസ്ഥാനം ശതാബ്ദിയാഘോഷിച്ചിട്ട് അധികം നാളായിട്ടില്ല. അതിനൊപ്പം ശതാബ്ദി അടയാളപ്പെടുത്തിയ രാഷ്ട്രീയ സ്വയം സേവക് സംഘം ഇന്ന് ഇന്ത്യയുടെ ഭാഗധേയം തീരുമാനിക്കുന്നു എന്നതും ഓര്‍മ്മിക്കണം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ ആധിപത്യശക്തിയായല്ല ചരിത്രത്തില്‍ ഇടം നേടിയത്, ഒരു നൈതിക ആദര്‍ശമായിട്ടാണ്. ജനാധിപത്യവുമായുള്ള അതിന്റെ ഇടപെടലുകള്‍ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള സമാനമനസ്‌കര്‍ക്ക് ആലോചിക്കാനുള്ള വക നല്‍കുന്നുണ്ട്. ജനാധിപത്യവും ഒരു അടവുനയം എന്നതിനപ്പുറം സ്വാതന്ത്ര്യത്തിന്റെ ജീവവായുവായി പാര്‍ട്ടി തിരിച്ചറിയേണ്ട സന്ദര്‍ഭമാണിത്. പ്രാതിനിധ്യ ജനാധിപത്യം എങ്ങനെയാണ് പുരോഗമന രാഷ്ട്രീയമാകുന്നത് എന്നതിനെക്കുറിച്ച് ഇന്നും ആലോചന കുറവാണ്. ജാതി, ജന്റര്‍, മതന്യൂനപക്ഷം – ഈ പരികല്പനകള്‍ രാഷ്ട്രീയ പരികല്പനകള്‍ ആയിരിക്കുന്നു. ഇവയുടെ പ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടത് പുരോഗമന രാഷ്ട്രീയ പ്രവര്‍ത്തനമായി കാണണം. ജനങ്ങള്‍ക്ക് അബദ്ധം പറ്റുന്നതല്ല അവര്‍ തിരുത്തുന്നതാണ് തിരഞ്ഞെടുപ്പ് പരാജയങ്ങള്‍ എന്ന് മനസ്സിലാക്കുന്ന നേതൃത്വം ആവശ്യമാണ്. സക്രിയമായ ഒരു ഇന്ത്യന്‍ ഇടതുപക്ഷം എന്നത്തേക്കാളും ആവശ്യമായ ഈ സന്ദര്‍ഭത്തില്‍ അധികാര രാഷ്ട്രീയത്തിന് പുറത്തുള്ള സംഘാടനവും അത്യാവശ്യമാണ്. മൂലധനം ഇത്രയേറെ മേല്‍ക്കൈ നേടിയിരിക്കുന്ന ഇക്കാലത്ത് അല്ലെങ്കില്‍ എപ്പോഴാണ് ഇടതുരാഷ്ട്രീയത്തിന് പ്രസക്തിയുണ്ടാവുക!

വരാനിരിക്കുന്നത് സുഖകരമായ നാളുകളല്ല. വലിയ സാമ്പത്തിക പ്രതിസന്ധി വരാനിടയുണ്ട്. അതിനെ സര്‍ക്കാര്‍ നേരിടുക ‘നാവടക്കൂ പണിയെടുക്കൂ’ എന്ന് പറഞ്ഞുകൊണ്ടായിരിക്കും. അടുത്തകൊല്ലം യുപി അടക്കം ഏഴ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുണ്ടാകും. പ്രതിപക്ഷം ഛിന്നഭിന്നമാണ്. മമതാബാനര്‍ജി ഒറ്റപ്പെട്ടിരിക്കുന്നു. ബീഹാറില്‍ ബിജെപി സര്‍ക്കാരാണ്. ഹിന്ദി മേഖലയില്‍ ഝാര്‍ഖണ്ഡില്‍ മാത്രമാണ് ബിജെപി വിരുദ്ധ സര്‍ക്കാര്‍. മതവും മൂലധനവും കെട്ടിമറിഞ്ഞുകിടക്കുന്ന ഒരു രാഷ്ട്രീയ ഭൂമികയാണ് ഇന്നത്തെ ഇന്ത്യ. ബീഹാറിലും ബംഗാളിലും തമിഴ്നാട്ടിലും നടന്നത് സംസ്ഥാന കൈമാറ്റമല്ല: 40, 42, 39 ലോക്സഭാ സീറ്റുകളിലേക്ക് ബിജെപിക്ക് ഒരു തുറവികൂടിയാണ്. 2029 ലെ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടാണ് നമ്മള്‍ കേട്ടത്.

(കടപ്പാട് പാഠഭേദം)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , , , , , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply