തെരഞ്ഞെടുപ്പിലെ വിധിയെഴുത്തും അന്തരവും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ഇക്കഴിഞ്ഞ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തിലുണ്ടായിരുന്ന ഇടതു ജനാധിപത്യ മുന്നണിയേക്കാള്‍ എട്ടു ശതമാനത്തിലധികം വോട്ടുകളും 102 സീറ്റുകളും നേടി കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി ഭരണം പിടിച്ചു. പ്രചാരണവും വിശ്വാസവും കൂടിക്കലര്‍ന്ന നിലവിലുണ്ടായിരുന്നത് ഭരണക്കാര്‍ക്ക് ആ വിധി തികച്ചും അപ്രതീക്ഷിതമായിരുന്നു. 2016 ല്‍ അധികാരത്തില്‍ വന്ന സി പി ഐ എം ന്റെ പിണറായി വിജയന്‍ നയിച്ച സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി 2021 ലും ഭരണം പിടിച്ചവരാണ്.

അങ്ങനെ കേരളത്തില്‍ തുടര്‍ ഭരണത്തിന്റെ ചരിത്രം കുറിച്ച പിണറായി വിജയന്‍ മൂന്നാമതും ഭരണത്തിലേറും എന്ന ഉറച്ച വിശ്വാസത്തിലുമായിരുന്നു. ആവശ്യത്തിലുമേറെ പ്രചാരണങ്ങള്‍ എല്ലാ തരത്തിലും അവര്‍ നടത്തുകയും ചെയ്തു. 1957 ലെ സര്‍ക്കാരിന് ചെയ്യുവാന്‍ കഴിഞ്ഞത് 67 ലെ സര്‍ക്കാരിന് ചെയ്യുവാന്‍ കഴിഞ്ഞില്ല, 67 ലെ സര്‍ക്കാരിന് ചെയ്യുവാന്‍ കഴിഞ്ഞത് 87 ലേയും കമ്യൂനിസ്റ്റ് പാര്‍ട്ടി നയിച്ച സര്‍ക്കാരുകള്‍ക്ക് ചെയ്യുവാന്‍ കഴിഞ്ഞില്ലെന്ന ഈ എം എസിന്റെ ഏറ്റുപറച്ചില്‍ ചവറ്റുകൊട്ടയിലാക്കി ഇടതുമുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ അവര്‍ അഭിമാനം കൊണ്ടു. മുന്നണിയിലും പാര്‍ട്ടിയിലും മറിച്ചൊരു വിലയിരുത്തലും ഉണ്ടായിരുന്നുമില്ല. തെരഞ്ഞെടുപ്പിന് മുമ്പ് 110 സീറ്റുകളാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടത്. അവരുയര്‍ത്തിയ രാഷ്ട്രീയത്തിന്റെ ബലത്തിലുള്ള അവരുടെ വിശ്വാസം അചഞ്ചലവുമായിരുന്നു. 21-ാം നൂറ്റാണ്ടിലെ അവരുടെ ആദര്‍ശമായി’വികസനം’, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് രാഷ്ട്രീയത്തിന്റെ അടിത്തറയായി വര്‍ത്തിച്ചത്. സാമ്പത്തിക സമത്വം നേടുക എന്ന ലക്ഷ്യം അവരുപേക്ഷിച്ചു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ ആ സമവാക്യത്തിലെ 2021 ല്‍ സമ്മാനിച്ച വിജയവും അവരുടെ ആത്മ വിശ്വാസം ഉറപ്പിക്കുവാന്‍ പശ്ചാത്തലമായി വര്‍ത്തിച്ചു. എന്നാല്‍ 2026 ലെ ജനവിധിയില്‍ അതെല്ലാം കടപുഴക്കിയ കൊടുങ്കാറ്റാണ് കണ്ടത്. അടിമുടി അവരെ വീഴ്ത്തിയ ജനവിധിയെ അഥവാ ജനങ്ങളുടെ വികാരത്തെ മനസിലാക്കാന്‍ കഴിയാത്തതും അവര്‍ തന്നെ നടത്തിയ പ്രചാരണങ്ങളില്‍ വിശ്വസിക്കുകയും അഭിരമിക്കുകയും ചെയ്തതാണ് ആ വലിയ തിരിച്ചടി ഉണ്ടായതിനേക്കാള്‍ പ്രധാനം. എങ്ങനെയാണ് ആ പരാജയത്തെ വിലയിരുത്തേണ്ടത്. ബാഹ്യതലത്തിലെ രാഷ്ട്രീയമായ കാരണങ്ങള്‍ എല്ലാവരും വിലയിരുത്തുന്നുണ്ട്. എന്നാല്‍ മുമ്പേ തുടക്കമിട്ട സഞ്ചിതമായ ബോധം ബാഹ്യമായ രാഷ്ട്രീയ കാരണങ്ങളിലുമുണ്ടെന്ന് തിരിച്ചറിയണം.

എന്നാല്‍, അതിലും ആഴത്തിലുള്ള പരിശോധന ആവശ്യപ്പെടുന്ന പ്രതിസന്ധികള്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്നുമുണ്ട്. ആദ്യം ഇ.ജ. മു. സര്‍ക്കാരിന്റെ പരാജയത്തിന് പിന്നിലുള്ള ബാഹ്യമായ രാഷ്ട്രീയം പരിശോധിക്കാം. ഇതിനു മുമ്പും എഴുതിയിട്ടുള്ളതു പോലെ, ഇന്ന് ഒരു വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷിയും അവരുടെ നയ പരിപാടികളിലൂടെ ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിച്ച് ജനപിന്തുണ ആര്‍ജ്ജിച്ച് വീണ്ടും തെരഞ്ഞെടുക്കപ്പെടുകയില്ല. അത് ദേശീയ രാഷ്ട്രീയമായാലും സംസ്ഥാനതല രാഷ്ട്രീയമായാലും പ്രകടമായി കാണിക്കുന്നുമുണ്ട്. ഒന്നിനെ തിരസ്‌കരിച്ച് മറ്റൊന്നിനെ ഭരണത്തിലേറ്റുമ്പോള്‍ നിലവിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടുതല്‍ വഷളാക്കുന്നതാണ് കണ്ടു വരുന്നത്. എന്നാല്‍ അപ്പോഴേക്കും ജനങ്ങളുടെ ശ്രദ്ധ മാറിയിരിക്കും. പുതിയ പ്രശ്‌നങ്ങളുയര്‍ത്തി അധികാരം പിടിക്കുന്നവരും മുമ്പേയുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതുകൊണ്ടാണ് ആര്‍ക്കും രണ്ടാമത് വീണ്ടും ഭരണത്തില്‍ വരാന്‍ കഴിയാത്ത സാഹചര്യമാണ്. ആര്‍ക്കെങ്കിലും അധികാരം വീണ്ടും കിട്ടുന്നെങ്കില്‍ അത് വൈകാരികമായ കാരണങ്ങള്‍ അല്ലെങ്കില്‍ അരാഷ്ട്രീയമായ നായക പരിവേഷ പ്രചാരണത്താല്‍ ആയിരിക്കും. അതിനാലാണ് ഇന്നത്തെ രാഷ്ട്രീയത്തിന്റെ പ്രായോജകരായ സാമ്പത്തിക താല്പര്യ ശക്തികള്‍ അവ രണ്ടിലും ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹനം നല്കി വരുന്നത്. നരേന്ദ്ര മോദിയുടേത് ആയാലും ഡോ. മന്‍മോഹന്‍ സിങ്ങിന്റേതായാലും പിണറായി വിജയന്റേതായാലും അത്തരം വൈകാരിക തലത്തിലാണ് നില നിന്നത്. അതില്‍ മന്‍മോഹന്‍ സിങ്ങിന്റെ വീണ്ടുമുള്ള തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല എന്ന വസ്തുതയും കാണണം. പണവും ശക്തിയും ഉപയോഗിച്ച് കാലുമാറ്റിയാണ് ഒടുവില്‍ ഭൂരിപക്ഷം ഒപ്പിച്ചെടുത്തത്. എത്രമാത്രം രാഷ്ട്രീയ ദാരിദ്യം ഉള്ളവരാണെങ്കിലും അത്തരം ചലച്ചിത്ര താരങ്ങളേയും താരമൂല്യമുള്ളവരേയും ആശ്രയിക്കുന്ന പ്രവണത കൂടിക്കൂടി വരുന്നതിന് മറ്റെവിടേയും കാരണമന്വേഷിക്കേണ്ടതില്ല. വിദ്യാഭ്യാസംപോലും നല്ലനിലയില്‍ ഇല്ലാത്ത കേവലം ഒരു സീരിയല്‍ നടിയെപ്പോലും എം പി യാക്കി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള ഒരു കേന്ദ്രമന്ത്രിയാക്കി നരേന്ദ്രമോദി തെറ്റായ കീഴ്‌വഴക്കം സൃഷ്ടിച്ചത് നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. വൈകാരികതയെ പരമാവധി ഉത്തേജിപ്പിക്കുവാന്‍ രാഷ്ട്രീയ ശക്തികളും അവരുടെ പിന്നിലുള്ളവരും നിരന്തരം ശ്രമിക്കുന്നതും തിരിച്ചറിയണം.

ഇ. ജ. മു. വിന്റെ പരാജയത്തിന് ബാഹ്യമായ രാഷ്ട്രീയ കാരണങ്ങള്‍ പലതാണ്. ജനങ്ങള്‍ വിശ്വസിക്കുവാന്‍ പര്യാപ്തമായ മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവരെക്കുറിച്ചുള്ള അഴിമതി ആരോപണങ്ങള്‍, സാധാരണക്കാരുടെ പിച്ചചട്ടിയില്‍ കൈയ്യിട്ട് വാരി നടത്തിയ കനത്ത നികുതി വര്‍ദ്ധന, മേന്‍മയേറിയ ആരോഗ്യ നയങ്ങള്‍ അവകാശപ്പെടുമ്പോഴും ഡോക്ടര്‍, നേഴ്‌സ്, ആവശ്യമായ സ്റ്റാഫ് എന്നിവരുടെ നിയമനങ്ങളിലെ അക്ഷന്തവ്യമായ വീഴ്ചയും ആശുപത്രി കെട്ടിടങ്ങളും മറ്റും തകര്‍ന്നുണ്ടായ അപകട മരണങ്ങള്‍, സര്‍ക്കാരിന്റെ നിഷ്പക്ഷതയിലും പോലീസ് അടിച്ചമര്‍ത്തലിലും ജനങ്ങള്‍ക്കുണ്ടായ അവിശ്വാസം തുടങ്ങിയവ പ്രത്യക്ഷമായ കാരണങ്ങളാണ്. എല്ലാ വിഭാഗം ജനങ്ങളും അതൃപ്തരായിത്തീര്‍ന്നു. അതോടൊപ്പം സാമൂഹികമായ കാരണങ്ങളും ഉണ്ട്. പിണറായി വിജയന്റെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയവുമായുള്ള രഹസ്യ ബന്ധവും സന്ധിചെയ്യലും ജനങ്ങള്‍ വിശ്വസിച്ചത് സാമൂഹികമായ അനുഭവതലത്തിലാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

രാഷ്ട്രീയമായി ഏറ്റവും പ്രധാനപ്പെട്ട വര്‍ഗ്ഗീയ വിരുദ്ധതയെന്ന സി പി ഐ എം ന്റെ സ്ഥിരം പല്ലവിക്ക്, പിണറായി വിജയന്‍ ആര്‍ എസ് എസ് ബന്ധമുള്ള അഡീഷണല്‍ ഡി ജി പി അജിത്കുമാറിനെയും അനുചര വൃന്ദത്തെയും പോലീസില്‍ അവിഹിതമായി സംരക്ഷിച്ചതും തൃശൂര്‍ പൂരത്തില്‍ അട്ടിമറി നടത്തിയതും അയ്യപ്പ സംഗമവും ശബരിമല സ്വര്‍ണ്ണക്കൊള്ളയും നടത്തിയ ഇടതുമുന്നണി സര്‍ക്കാരിനെതിരെ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ന്നിരുന്നു. ശബരിമല സ്വര്‍ണ്ണക്കൊള്ള ഉന്നയിക്കാതെ എന്‍ ഡി എ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതും ജനങ്ങളുടെ മനസില്‍ പതിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഈ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിക്കേറ്റ ഏറ്റവും മാരകമായ പ്രഹരം വെള്ളാപ്പള്ളി നടേശനെ ഉപയോഗിച്ച് നടത്തിയ ന്യൂനപക്ഷ പ്രത്യേകിച്ച് മുസ്ലീം വിരുദ്ധത യാണ്. ആവര്‍ത്തിച്ചുകൊണ്ടിരുന്ന വെള്ളാപ്പള്ളിയുടെ മുസ്ലീം വിരുദ്ധ പ്രചാരണത്തിന്‌വോട്ടു കിട്ടുമെന്നുള്ള വിശ്വാസത്തില്‍ പിണറായി വിജയന്‍ നടത്തിയ സംരക്ഷണ കവചം ജനങ്ങളെ വല്ലാതെ വെറുപ്പിച്ചു. എന്നാല്‍ അത് കേവലം വോട്ട് കൂടുതല്‍ കിട്ടുവാനുള്ള ഒരു നടപടി മാത്രമായി കാണുവാന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞില്ല. പിണറായി വിജയനെതിരെയുള്ള കേസുകള്‍ ഒന്നൊന്നായി നിര്‍വീര്യമാകുന്നതോ കാലതാമസം വരുത്തുന്നതോ ആയ സംഭവങ്ങള്‍ പിണറായി വിജയനില്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികള്‍ ഉപയോഗിക്കുന്നതാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. വെള്ളപ്പള്ളി നടേശശനെതിരെ എസ് എന്‍ ഡി പി യോഗം പ്രവര്‍ത്തകരുടെ കേസ് അട്ടിമറിക്കാന്‍ പിണറായി വിജയന്‍ എല്ലാ സഹായങ്ങളും ചെയ്തത് ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതുപോലെ കേന്ദ്ര ഏജന്‍സികള്‍ വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷിക്കുന്നതും അവയെല്ലാം മരവിപ്പിക്കുന്നതും ജനങ്ങള്‍ മനസിലാക്കിയിരുന്നു. വര്‍ഗീയത പ്രസംഗിച്ച വെള്ളാപ്പള്ളി നടേശന്റെ സ്വീകരണ സമ്മേളനത്തില്‍ പിണറായി വിജയനും വിശ്വസ്തരായ മന്ത്രിമാരും അണിനിരക്കുകയും വെള്ളപ്പള്ളി നടേശനെ വെള്ള പൂശി വെളുപ്പിച്ചതും ജനങ്ങളുടെ മുന്നിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദു ദിനപത്രത്തിന് നല്കിയ മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ടുകൊണ്ട് മലപ്പുറം ജില്ലയ്‌ക്കെതിരെ അഭിമുഖം ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളുടെ പൊതുജന പ്രചാരണ തന്ത്രത്തിന് പിണറായി വശംവദനനാകുമായിരുന്നുവെന്ന് എല്ലാവര്‍ക്കും മനസിലായി. പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും കത്തിമുനയില്‍ അടിയറവ് പറഞ്ഞ് ഹിന്ദുത്വ ഷാഷിസ്റ്റുകളുടെ കേരള സമൂഹത്തില്‍ മനപൂര്‍വ്വം ഭിന്നത ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളോട് സന്ധിചെയ്യുന്നതാണെന്ന് ഏതു കൊച്ചുകുഞ്ഞിനും മനസിലാകുന്നതാണ്. അപ്രകാരം നോക്കിയാല്‍ രാഷ്ട്രീയമായും സാമൂഹികമായും കേരളത്തിന്റെ പൊതുബോധത്തിനെതിരായ പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളാണ് ആ തിരിച്ചടിക്ക് കാരണം. കേവലം ന്യൂനപക്ഷ സമുദായങ്ങളുടെ ശാപം മാത്രമല്ല അവര്‍ക്കുണ്ടായത്. ന്യൂനപക്ഷ സമുദായങ്ങളുമായി ഇടപഴകി ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടേയും ശാപം അവര്‍ ഏറ്റുവാങ്ങി. ശബരിമല കൊള്ള അതിന് ബലവും പകര്‍ന്നു. ശബരിമല കൊള്ള എല്ലാ തവണയുമെന്നതുപോലെ മറ്റുള്ളവരും അഴിമതിക്കാരാണ് എന്ന ഭാവത്തില്‍ സോണിയാ ഗാന്ധിയുടേയും മേല്‍ ആരോപണങ്ങളുടെ പുകമറ ഉണ്ടാക്കുവാന്‍ ശ്രമിക്കുകയാണ് സി പി ഐ എം ചെയ്തത്.

പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇ – ഗ്രാന്റ് വളരെക്കാലം വിതരണം ചെയ്യുന്നതില്‍ പിണറായി സര്‍ക്കാര്‍ വീഴ്ച വരുത്തി. എപ്പോഴും വികസനം എന്ന് ഉരുവിട്ടുകൊണ്ട് നടന്നിരുന്ന സര്‍ക്കാരാണ് വീഴ്ച വരുത്തിയത്. കേരള വികസനം കൊട്ടിഘോഷിക്കുന്ന അവര്‍ വികസനത്തിന്റെ അര്‍ത്ഥം വികലമായാണ് അവര്‍ മനസിലാക്കിയത് എന്നും തിരിച്ചറിയണം. പട്ടിക വര്‍ഗ്ഗ ഹോസ്റ്റലുകള്‍ സഹായധനം ലഭ്യമാക്കാത്തതിനാല്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. അത് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ സമൂഹങ്ങളില്‍പ്പെട്ട പല വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസം മുടങ്ങുവാനിടയായി. തുല്യമായ സാമൂഹികാവസ്ഥയിലുള്ള ഒ ഇ സി വിദ്യാര്‍ത്ഥികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. കോടിക്കണക്കായ രൂപ നിമ്മാണ, റോഡ് പദ്ധതികള്‍ക്ക് ചെലവാക്കി നിര്‍ബാധം നടത്തിയ വര്‍ക്ക് പട്ടിക സമൂഹങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സഹായധനം യഥാസമയം എത്തിക്കാന്‍ കഴിയാത്തത് വലിയ വീഴ്ചയായിരുന്നു. താല്കാലികക്കാര്‍, കരാര്‍ തൊഴിലാളികള്‍, സ്‌കൂള്‍ പാചകതൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍, എല്ലാം പ്രതിമാസവേതനം ലഭിക്കാതെ പരിവേദനങ്ങളുമായി സമരത്തിനിറങ്ങി. തുച്ഛമായ പ്രതിഫലമുള്ള ആശാവര്‍ക്കര്‍മാര്‍ നടത്തിയ സമരം കേരളത്തില്‍ ചര്‍ച്ചാവിഷയമായതാണ്. തുച്ഛമായ വേതന വര്‍ദ്ധനവാണ് ആ തൊഴിലാളികള്‍ ആവശ്യപ്പെട്ടതെങ്കിലും പിണറായി സര്‍ക്കാര്‍ മുഖം തിരിച്ചുതന്നെ നിന്നു. അതേ സമയം കനത്ത ശമ്പളം പറ്റുന്നവര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരുടെ ഡി എ വര്‍ദ്ധിപ്പിക്കുവാന്‍ ഒരു മടിയും ഉണ്ടായതുമില്ല. അതെല്ലാം സര്‍ക്കാരിനെതിരായ ഘടകങ്ങളായി പ്രവര്‍ത്തിച്ചു.

എല്ലാ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളും ബി ജെ പി , കോണ്‍ഗ്രസ്, ജനതാ കുടുംബ പാര്‍ട്ടികള്‍, കമ്യൂനിസ്റ്റ് പാര്‍ട്ടികള്‍, ശക്തമായ അടിത്തറയുള്ള പ്രദേശിക കക്ഷികള്‍ തുടങ്ങിയവരുള്‍പ്പെടെ കാട്ടുകൊള്ളക്കാരെപ്പോലെ പൊതുമുതല്‍ കവര്‍ന്നെടുക്കുന്ന വരാണ്. എന്നാല്‍ ജനങ്ങളുടെ മുമ്പില്‍ വലിയൊരു കൊള്ള അനാവരണമാകുമ്പോള്‍ അതിലെ പ്രതികളെ രക്ഷിക്കാന്‍ പൊതുവെയെല്ലാവരും കൊള്ളക്കാരാണെന്ന പ്രചാരണം വിലപ്പോകുകയില്ല. ജനങ്ങള്‍ വിവേകത്തോടെ തന്നെ കമ്യൂനിസ്റ്റുകളുടെ പ്രചാരണം ശബരിമല വിഷയത്തില്‍ തള്ളിക്കളഞ്ഞു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് പിണറായി വിജയന്‍ – ഹിന്ദുത്വ കൂട്ടുകെട്ടിനെതിരെ തിരിയുവാന്‍ ശക്തവും വ്യക്തവുമായ കാരണങ്ങളുമുണ്ട്.

വെയിലും മഴയും വകവയ്ക്കാതെ സ്ത്രീകള്‍ ഉള്‍പ്പെടെ സങ്കട സമരം തെരുവില്‍ കുറഞ്ഞതല്ലാത്ത കാലം നടത്തിയിട്ടും സര്‍ക്കാരിന്റെ മനസലിഞ്ഞില്ല, സി പി ഐ എം തൊഴിലാളികളെ അധിക്ഷേപിക്കുകയും ചെയ്തു. വലിയ നിര്‍മ്മാണ ജോലികളില്‍ നല്ല തുക കമ്മീഷന്‍ തരപ്പെടുത്തുന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് തിരിച്ചറിഞ്ഞു. പി എസ് സി കോണ്‍സ്റ്റബിള്‍മാരുടെ റാങ്ക് ലിസ്റ്റ് നിയമനം കാത്ത് കിടന്ന ചെറുപ്പക്കാര്‍ അവസാന നിമിഷം ലിസ്റ്റ് റദ്ദാകുന്നതിനെതിരെ നടത്തിയ സെക്രട്ടറിയേറ്റുപടിക്കലെ സമരം ഹൃദയസ്പൃക്കായിരുന്നു. ആവര്‍ത്തന രാഷ്ട്രീയ നാടകങ്ങളില്‍ നിലംപതിക്കുന്നത് തൊഴില്‍ തേടുന്ന ചെറുപ്പക്കാരാണ്. 1986 കാലത്ത് എല്‍ ഡി എഫ് പ്രതിപക്ഷത്തായിരുന്നു. അക്കാലത്താണ് സി പി ഐ എം നേതൃത്തിലുള്ള ഡി വൈ എഫ് ഐ അവരുടെ ഏറ്റവും തീഷ്ണവും അക്രമവും തല്ഫലമായി പോലീസ് ലാത്തിച്ചാര്‍ജും ചേര്‍ന്ന സമരമുണ്ടായത്. പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ഉല്‍ഘാടനം ചെയ്യാന്‍ മന്ത്രി എം വി രാഘവനെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് അവര്‍ സമരം നടത്തി. രക്തസാക്ഷികളെ സൃഷ്ടിച്ച അവര്‍ പിന്നീട് സ്വാശ്രയ കോളജുകള്‍ അനവധി ഉണ്ടാക്കിയതും പരിയാരം മെഡിക്കല്‍ കോളജ് അവരുടെ നിയന്ത്രണത്തില്‍ ആക്കി നിയമനങ്ങളില്‍ തട്ടിപ്പ് നടത്തുന്നതും കണ്ടതാണ്. തൊഴില്‍ നിയമനം നടത്താതിരുന്ന് ലിസ്റ്റ് റദ്ദായി പോകുന്നതും താല്കാലിക നിയമന നിരോധന ഉത്തരവും തമ്മില്‍ വ്യത്യാസം എന്താണെന്ന് കേരള സമൂഹത്തോട് കുറഞ്ഞപക്ഷം യുവജനങ്ങളോട് വിശദീകരിക്കുവാന്‍ ബാദ്ധ്യതയുണ്ട്. തൊഴില്‍ ആവശ്യപ്പെട്ട് സമരം ഇന്‍ഡ്യയില്‍ ആദ്യം നടത്തിയത് ഡോ. ലോഹ്യയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ്. അതിന് ശേഷം 1970 കളില്‍ സോഷ്യലിസ്റ്റ് യുവജന സഭയുടെ ആഭിമുഖ്യത്തിലും യുവജനങ്ങളുടെ അക്രമരഹിത തീവ്ര സമരങ്ങള്‍ ഉണ്ടായി. 1950 കളിലെ സമരത്തില്‍ തൊഴില്‍ അല്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം അല്ലെങ്കില്‍ ജയില്‍ ഉന്നയിച്ചാണ് നടന്നത്. ഇപ്പോള്‍ ജയിലില്‍ പോകാന്‍ തയ്യാറുള്ള സമരങ്ങള്‍ക്ക് പകരം അക്രമം കാണിച്ച് ആക്രോശം മാത്രമുള്ള മാധ്യമ ശ്രദ്ധയില്‍ കേന്ദ്രീകരിക്കുന്ന സമരങ്ങളായി പരിപാടികളില്‍ വ്യക്തതയില്ലാത്ത അരാഷ്ട്രീയതയാണ്. അതിനാലാണ് ലക്ഷ്യം നിറവേറ്റപ്പെടാതെ അകലെയായി മാറുന്നത്. തൊഴില്‍ എന്നു പറഞ്ഞാല്‍ സര്‍ക്കാരുദ്യോഗം മാത്രമാണ് സങ്കല്പം. അവിടെയാണ് ഉല്പാദന രീതി മാറ്റേണ്ടതിന്റെ ആവശ്യകത. അല്ലാതെ മൂലധന നിക്ഷേപം ഉണ്ടായത് കൊണ്ടായില്ല. അതിനാലാണ് പാര്‍ട്ടികള്‍ എല്ലാം ഭരണത്തില്‍ പരാജയപ്പെടുന്നത്.

കേരളത്തിലെ ബി ജെ പി വളര്‍ച്ച

കേരളത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അതിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പുകളേക്കാള്‍ കുറവായി നേടിയ വോട്ടില്‍ നിന്ന് വലിയ വ്യത്യാസം 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബി ജെ പി ഉള്‍പ്പെടുന്ന എന്‍ ഡി എ മുന്നണിക്ക് ലഭിച്ചില്ല. എന്നിട്ടും മാധ്യമങ്ങള്‍ പറയുന്നത് വലിയ നേട്ടം മൂന്നു സീറ്റുകള്‍ നേടി ബി ജെ പി ഉണ്ടാക്കിയെന്നാണ്. തീര്‍ച്ചയായും ബി ജെ പി ക്ക് സംസ്ഥാന ഭരണ സംവിധാനത്തില്‍ ഏറെക്കുറെ 15% വരുന്ന വോട്ട് അവരുടെ പ്രാധിനിധ്യം ലഭിക്കുവാന്‍ അവസരമുണ്ടാക്കി. എന്നാല്‍ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി ജെ പി അതിനുമുമ്പത്തേക്കാള്‍ കുറവാണ് വോട്ടുകള്‍ നേടിയതെങ്കിലും തിരുവനന്തപുരം മേയര്‍ സ്ഥാനം കരസ്ഥമാക്കി വലിയ നേട്ടങ്ങള്‍ ബി ജെ പി ക്ക് ഉണ്ടായെന്ന പ്രചാരണം പോലെ മാത്രമേ അതിനേയും കണക്കലെടുക്കുവാന്‍ സാധിക്കൂ. ചാത്തന്നൂര്‍ , കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലാണ് ബി ജെ പി വിജയിച്ചത്. അവിടങ്ങളിലെ വോട്ടുനില പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ് ബി ജെ പി അവിടങ്ങളിലും യു ഡി എഫ് , എല്‍ ഡി എഫ് മുന്നണികളുടെ ആകെയുള്ള വോട്ടിനേക്കാള്‍ എത്രയോ കുറവാണ് ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ വോട്ടെന്ന് കാണുന്നതാണ്. ബി ജെ പി ക്ക് 51,921 വോട്ടും യു ഡി എഫിനും എല്‍ ഡി എഫിനും ഒരുമിച്ചുകൂട്ടിയാല്‍ 82,801 വോട്ടുമാണ് ചാത്തന്നൂര്‍ മണ്ഡലത്തില്‍ കിട്ടിയത്. അതുപോലെ കഴക്കൂട്ടത്ത് ബി ജെ പി ക്ക് 44,429 വോട്ടും യു ഡി എഫിനും എല്‍ ഡി എഫിനും ഒരുമിച്ചുകൂട്ടിയാല്‍ 78,368 വോട്ടുമാണ് ലഭിച്ചത്. നേമത്താണെങ്കില്‍ ബി ജെ പി ക്ക് 48,995 വോട്ടും യു ഡി എഫിനും എല്‍ ഡി എഫിനും ഒരുമിച്ചുകൂട്ടിയാല്‍ 71,388 വോട്ടുമാണ് ലഭിച്ചത്. ഈ മണ്ഡലങ്ങളിലെ ഭൂരിപക്ഷം കേവലം 4398, 265, 3514 വോട്ടുകളാണ് യഥാക്രമം ചാത്തന്നൂര്‍, കഴക്കൂട്ടം, നേമം എന്നിവിടങ്ങളില്‍ കിട്ടിയത്. നിലവില്‍ കേരളത്തില്‍ ബി ജെ പി യുടെ വളര്‍ച്ച മൂന്ന് സീറ്റ് നേടിയന്നതൊഴിച്ച് വലിയ തോതിലുണ്ടായിട്ടില്ല. മഞ്ചേശ്വരത്ത് മൂന്നക്ക സംഖ്യ വോട്ടുകള്‍ മാത്രമാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ബി ജെ പി പരാജയപ്പെട്ടത് . എന്നാല്‍ ഇത്തവണ മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥി വന്‍ വോട്ടുകളുടെ വ്യത്യാസത്തിലാണ് വിജയിച്ചത്. കേരളത്തിന്റെ മുഖ്യ രാഷ്ട്രീയ ചേരികളായ എല്‍ ഡി എഫ് , യു ഡി എഫ് ചേരികള്‍ പ്രധാനമായും മതനിരപേക്ഷ വീക്ഷണമുള്ള ജനങ്ങളെ പ്രതിനിധീകരിക്കുന്ന വോട്ടുകലുടെ അടുത്തെങ്ങും ബി ജെ പി എത്തുന്നില്ലെന്ന് മനസിലാക്കാവുന്നതാണ്. എന്നാല്‍ ബി ജെ പിയുടെ കേരള സമൂഹത്തിലെ വളര്‍ച്ചയും അതിലടങ്ങിയിരിക്കുന്ന അപകടവും ഗൗരവമായി യുഡിഎഫും എല്‍ ഡി എഫും എടുക്കാത്തതും രാഷ്ട്രീയമായി അതിനെ ചെറുക്കാത്തതും കേരളസമൂഹം തിരിച്ചറിയണം. ബി ജെ പി യെ ചെറുക്കുവാന്‍ എല്‍ ഡി എഫിന്റെ കാലങ്ങളായുള്ള വര്‍ഗ്ഗീയതയെ ചെറുക്കുന്നവര്‍ എന്ന അവകാശവാദമോ പേശീബലത്തിന്റെ ആക്രോശങ്ങളോ ഒട്ടും ഫലവത്തല്ല. ആശയപരമായി കമ്യൂനിസ്റ്റുകള്‍ ഒരു പ്രതിസന്ധിയിലുമാണ്. മതവും മതനിരപേക്ഷതയും തത്വങ്ങളും പ്രയോഗങ്ങളും തമ്മില്‍ ഉള്ള വൈരുദ്ധ്യങ്ങളും അവര്‍ ഇനിയും പരിഹരിക്കേണ്ടിയിരിക്കുന്നു. ഇന്‍ഡ്യയിലെ ജനങ്ങള്‍ പൊതുവെ മഹാത്മാ ഗാന്ധിയുടെ സര്‍വ്വ ധര്‍മ്മ സമഭാവനയെ മതനിഷേധത്തേക്കാള്‍ സ്വീകരിക്കുന്നതാണ് കാണുന്നത്. ദേശീയത, ജാതി തുടങ്ങിയ വിഷയങ്ങളില്‍ അവര്‍ പരമ്പരാഗതമായി സ്വീകരിച്ചിട്ടുള്ള സമീപനങ്ങളും നിലപാടുകളും അസംഗതവും അപര്യാപ്തവുമാണ്. ബി ജെ പി ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ ശരിയായതെന്ന് പറഞ്ഞാല്‍ ഇടതുപക്ഷ നയങ്ങള്‍ പര്യപ്തമല്ലെന്ന് പടിഞ്ഞാറന്‍ ബംഗാള്‍ മതിയായ തെളിവാണ്. ആദ്യം മമത അധികാരം പിടിച്ചപ്പോള്‍ ചിലരെങ്കിലും കരുതി കമ്യൂനിസ്റ്റുകള്‍ തിരിച്ചുവരുമെന്ന്. എന്നാല്‍ 15 വര്‍ഷമായി അധികാരം തുടരുന്ന മമതയ്ക്ക് പകരം സി പി ഐ എം അല്ല ബി ജെ പി ആണ് പകരം വന്നത്. ജനങ്ങളെ തരം തിരിച്ച് വന്‍തോതില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും കേന്ദ്ര രക്ഷാ സേനയും കേന്ദ്ര ഉദ്യോഗസ്ഥരും വഴി കൃത്രിമം നടത്തിയെന്നത് വേറെ സംഗതി. എന്നാല്‍, അന്നത്തെ തിരിച്ചടിക്ക് ശേഷം സി പി ഐ എം അല്പം പോലും മുന്നാക്കം വന്നിട്ടില്ല. ഇത്തവണയും അഞ്ച് ശതമാനം വോട്ടില്‍ താഴെ മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. കുറച്ച് നിലം തൊടാത്ത ബുദ്ധികൊണ്ട് ജീവിക്കുന്നവരും ട്രേഡ് യൂണിയനില്‍ പ്രതിഫലം പറ്റുന്ന മുഴുവന്‍ സമയ പ്രവര്‍ത്തകരും ഉള്‍പ്പെട്ട ആളുകളുടെ ജനജീവിത്തെ സാരമായി സ്പര്‍ശിക്കാത്ത ഒരു പാര്‍ട്ടി മാത്രമായി ബംഗാളില്‍ അവശേഷിക്കും.

ഈ എം എസ് നമ്പൂതിരിപ്പാട് മുമ്പ് കിഴക്കന്‍ യൂറോപ്പില്‍ കമ്യൂനിസം തിരിച്ചു വരികയാണെന്ന് അവിടുത്തെ ഒരു രാജ്യത്ത് മുന്‍ കമ്യൂനിസ്റ്റുകളുടെ ഒരു പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ അവകാശപ്പെട്ടിട്ട് ദശകങ്ങള്‍ കഴിഞ്ഞു. യു എസ് എസ് ആറി ലെ കമ്യൂനിസ്റ്റ് നേതാവ് സ്റ്റാലിന്‍ മഹായുദ്ധ വിജയാനന്തരം സാമ്രാജ്യത്വ ശക്തികളുമായി പങ്കുവച്ചു കിട്ടിയ രാജ്യങ്ങളിലാണ് കിഴക്കന്‍ യൂറോപ്പില്‍ കമ്യൂനിസ്റ്റുകള്‍ ഭരണത്തില്‍ വന്നത്. യുഗോസ്ലാവ്യ പോലെയുള്ള രാജ്യങ്ങള്‍ അപവാദങ്ങളാണ്. മനുഷ്യമനസിന്റെ സാഹചര്യങ്ങളില്‍ താല്കാലിക നിശ്ചയങ്ങള്‍ക്കപ്പുറം അവിടങ്ങളിലെ കമ്യൂനിസ്റ്റ് പാര്‍ട്ടിയുടെ ഭരണ ലഭ്യത ശാസ്ത്രീയമായി കണ്ട ഗൃഹാതുരതയില്‍ ജീവിച്ച ഒരു പഴമക്കാരനായ കമ്യൂനിസ്റ്റിന്റെ ജല്പനങ്ങളാണ് ഇ എം എസിന്റെ പ്രസ്താവനയില്‍ ഒളിഞ്ഞിരിക്കുന്നത്.

യു ഡി എഫിന്റെ തരംപോലെ സന്ധിചെയ്യുന്ന അവസരവാദ രാഷ്ട്രീയവും ആശയ വ്യക്തതയില്ലായ്മയും മുസ്ലീംങ്ങളേയും ക്രിസ്ത്യനികളേയും സംരക്ഷിക്കുന്നവരെന്ന പഴയ രക്ഷാകര്‍തൃ മനോഭാവവും ഒട്ടുമേ ബി ജെ പി യെ ചെറുക്കുകയില്ല. ഭരണത്തില്‍ മാറി വരുന്ന രാഷ്ട്രീയ ചേരികള്‍ പോലെ ബി ജെ പി യേയും പരീക്ഷിക്കാവുന്നതാണെന്ന ഒരു ലാഘവ മനസ് കേരളത്തില്‍ ഒട്ടും അകലെയല്ല. കേരളത്തിന്റെ മതപരമായ ജനസംഖ്യാ സമവാക്യമാണ് അതിന് കാലവിളംബം ഉണ്ടാക്കുന്ന ഘടകം. ബിഷപ്പുമാരില്‍ പലരും തെരഞ്ഞെടുപ്പിന് മുമ്പ് ആ ഘടകത്തെ മറികടക്കുന്ന അവസരവാദപരമായ ബി ജെ പി യെ സഹായിക്കുന്ന പ്രസ്താവനകള്‍ ഇറക്കിയിട്ടുള്ളതും ശ്രദ്ധിക്കണം. എസ് ഡി പി ഐ യുടെ ഇടതു മുന്നണിയെ പിന്തുണക്കുന്ന തീരുമാനം, സി പി ഐ എം ല്‍ നിന്ന് പുറത്ത് വന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ എന്നീ ഘടകങ്ങള്‍ ആ മനോഭാവത്തിന്റെ ഭാഗമാണ്. ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ യു ഡി എഫും എല്‍ ഡി എഫും ഇന്നുള്ള നയങ്ങളാണ് പിന്തുടരുന്നതെങ്കില്‍ സ്വയം കുഴി തോണ്ടുന്ന അവസ്ഥയിലാകും.

ബി ജെ പി യുടെ യഥാര്‍ത്ഥ ഉള്ളടക്കം എന്താണ് ?

ബി ജെ പി എല്ലാ രാഷ്ട്രീയ കക്ഷികളെയുംപോലെ ഒരു കക്ഷിയല്ല. ഹിന്ദു സമുദായത്തില്‍ വികാരമുണര്‍ത്തി പിന്തുണ നേടുന്ന സമുദായ കക്ഷികളില്‍ ഒരെണ്ണവുമല്ല. എല്ലാ സമുദായ കക്ഷികളേയും പോലെ അതല്പം ഏറി വരുമ്പോള്‍ വര്‍ഗീയ കക്ഷിയാവുന്നതുമല്ല. ഒരു മറയായി ഹിന്ദുക്കളെ ഏകീകരിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്ത ശക്തികള്‍ക്ക് ഇന്‍ഡ്യയിലെ ബ്രിട്ടീഷ് അടിമത്തം ശാശ്വതമാക്കുവാന്‍ ഉണ്ടാക്കിയ ഹിന്ദുത്വമെന്ന ആശയത്തില്‍ സവര്‍ക്കര്‍ പടച്ചുണ്ടാക്കിയ പ്രസ്ഥാനമാണ് അത്. പിന്നീട് പ്രസ്ഥാനത്തിന്റെ വിപുലീകരിച്ച രൂപത്തിലും ഫാഷിസ്റ്റ് സ്വഭാവത്തോടും സംഘടനയോടും കൂടിയതുമായ പ്രസ്ഥാനമാണ് ആര്‍ എസ് എസ്സ് . അതിന് അധികാര രാഷ്ട്രീയ മുഖമായ ബി ജെ പി ഉള്‍പ്പെടെ വിവിധ പ്രസ്ഥാനങ്ങളുമുണ്ട്. പടിഞ്ഞാറന്‍ മുതലാളിത്ത സാമ്രാജ്യത്ത പദ്ധതിയില്‍ ഇവിടുത്തെ തനതായ ജാതി ഭീകരതയുടെ ബ്രാഹ്മണവാദം കൂടിക്കലര്‍ന്നതുമാണ.് അതിന്റെ നേരിട്ടുള്ള രാഷ്ട്രീയ ഉപകരണമാണ് ബി ജെ പി. അതിന്റെ അപകടം തിരിച്ചറിയാന്‍ കഴിയാത്ത രാഷ്ട്രീയമാണ് യു ഡി എഫിനും എല്‍ ഡി എഫിനും ഉള്ളത്.

ഒരേ സമയം മുതലാളിത്ത സാമ്രാജ്യത്വവും ജാതി അസമത്വവും ചെറുക്കുന്ന രാഷ്ട്രീയത്തിനേ ജനാധിപത്യത്തെയും സാമൂഹിക ഐക്യത്തെയും തകര്‍ത്ത് കലാപങ്ങളും പാരതന്ത്ര്യവും മനുഷ്യവകാശ നിഷേധവും സൃഷ്ടിക്കുന്ന ബി ജെ പി യെ ചെറുക്കുവാനാവുകയുള്ളൂ. ആ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്‍ ഡി എഫിന്റേയും തമിഴ്‌നാട്ടിലെ ഡി എം കെ യുടേയും ബംഗാളിലെ മമതയുടേയും പരാജയങ്ങളെ വിലയിരുത്തുന്നതിലൂടെയാണ് ബി ജെ പി യെ ചെറുത്ത് നില്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുവാന്‍ കഴിയുകയുള്ളൂ.

ബ്രാമണവാദത്തിനെതിരെ എന്നു പറയുന്ന ദ്രാവിഡ രാഷ്ട്രീയം ഒഴിച്ചു നിര്‍ത്തിയാല്‍ ഡി എം കെ യുടേയും എല്‍ ഡി എഫിന്റേയും മമതയുടെ തൃണമൂലിന്റേയും സര്‍ക്കാരുകളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ നയങ്ങള്‍ തമ്മില്‍ വലിയ ഭേദങ്ങളില്ല. ക്ഷേമപരിപാടികള്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും പോലെ ബംഗാളില്‍ ഇല്ലായിരുന്നുവെന്നാണ് തോന്നുന്നത്. കേരളത്തെ അപേക്ഷിച്ച് നികുതി, നികുതിയേതര വരുമാനത്തില്‍ തമിഴ്‌നാടും ബംഗാളും ഇന്‍ഡ്യയില്‍ മുന്നിലുള്ള സംസ്ഥാനങ്ങളാണ്. എന്നാല്‍ സ്വാതന്ത്ര്യത്തിനുശേഷം അധികാരമേറ്റ ഭരണ കോണ്‍ഗ്രസ് അനുവര്‍ത്തിച്ച സാമ്പത്തിക നയം ഇന്‍ഡ്യയില്‍ കമ്യൂനിസ്റ്റുകള്‍ ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും പിന്തുടരുകയാണ് ചെയ്തത്. മമതയുടെ തൃണമൂല്‍, കോണ്‍ഗ്രസ് പൊട്ടിയുണ്ടായപ്പോള്‍ അതേ നയങ്ങള്‍ പിന്തുടര്‍ന്ന ഒരു അവസരവാദ പാര്‍ട്ടിയാണത്.

ജനാധിപത്യവും കമ്യൂനിസ്‌ററുകളും

സി പി ഐ എം ന്റെ ജനാധിപത്യ രാഹിത്യത്തെക്കുറിച്ച് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പൊക്കെ കമ്യൂനിസ്റ്റ് വിരുദ്ധര്‍ എന്ന വിശേഷണത്തില്‍ വിമര്‍ശകരെ വായടപ്പിക്കാമായിരുന്നു. ഇന്ന് ആ സ്ഥിതി മാറി. എന്നാല്‍ ഓരോ തിരിച്ചടിയും കഴിയുമ്പോള്‍ പാര്‍ട്ടി െതറ്റുകള്‍ പരിശോധിച്ച് തിരുത്തും എന്ന് ഓരോ തവണയും ആവര്‍ത്തിക്കുന്നതല്ലാതെ അതിന് ആധാരമായ പാര്‍ട്ടി ഘടനയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഏറ്റവും മുകളിലെ പിരമിഡിന്റെ തുമ്പത്ത് നിന്നും നിയന്ത്രിക്കുന്ന ഘടനയോട് കൂടിയ പാര്‍ട്ടി ജനാധിപത്യത്തിന് നേര്‍ വിപരീതമാണെന്ന് അംഗീകരിക്കാനോ മാറ്റം വരുത്തുവാനോ അവര്‍ തയ്യാറാല്ല. പിണറായി വിജയന് ഇത്ര നിസ്സാരമായി പാര്‍ട്ടിയെ പിടിമുറുക്കി ആര്‍ എസ് എസുമായി അതിനെ അടിയറ വയ്ക്കുവാന്‍ കഴിഞ്ഞത് അതിന്റെ ഘടന അപ്രകാരമായതിനാലാണ്. അതിന്റെ നിയന്ത്രണം ലഭിക്കുന്ന ആള്‍ തന്നിഷ്ടം പോലെ അടിച്ചമര്‍ത്തുവാനോ കൂട്ടക്കൊല ചെയ്യുവാനോ കഴിയുന്ന നല്ലവനാണെങ്കില്‍ ഔദാര്യം ചെയ്യാനും കഴിയുന്നവന്‍. കൂട്ടക്കൊലകളുടെ ചക്രവര്‍ത്തിമാരായ സ്റ്റാലിനും മാവോയും പോള്‍ പോട്ടും ഉണ്ടായതങ്ങനെയാണ്. ജനങ്ങളുടെ തിരിച്ചടി ഉണ്ടായിരുന്നില്ലെങ്കില്‍ ഒരു കാരണവശാലും തലമുറകള്‍ കഴിഞ്ഞും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുവാന്‍ പോലും അണികള്‍ക്കാകുമായിരുന്നില്ല.

എന്നാല്‍ ജനാധിപത്യ യുഗത്തില്‍ പിണറായി വിജയന്റെ ഏകശാസനയില്‍ അത് വന്നതെങ്ങനെ എന്ന ചോദ്യം ന്യായമാണ്. സി പി ഐ എം ന് അതിന്റെ ആയിരക്കണക്കിന് മുഴുവന്‍ സമയ പെയ്ഡ് പ്രവര്‍ത്തകരുടേത് ഉള്‍പ്പെടെ കോടിക്കണക്കായ തെരഞ്ഞെടുപ്പ് ചെലവുകളും താങ്ങിയിരുന്നത് പടിഞ്ഞാറന്‍ ബംഗാളിലെ തുടര്‍ച്ചയായ ഭരണം വഴി ബംഗാള്‍ സംസ്ഥാന ഘടകമായിരുന്നു. പാര്‍ട്ടിയുടെ കേന്ദ്ര ഓഫിസ് പ്രവര്‍ത്തിക്കുന്നതിന് മാത്രം വലിയ ഒരു തുക ചെലവഴിക്കണം. അത്തരത്തില്‍ ബംഗാള്‍ ഘടകം ഇല്ലാതായപ്പോള്‍ പിണറായി വിജയന്‍ ആണ് സംസ്ഥാനത്ത് രക്ഷകനായതും ക്രമേണ പാര്‍ട്ടിയുടെ ദേശീയ രക്ഷകനും ആയത്. അദ്ദേഹം വൈദ്യുതി മന്ത്രി ആയിരുന്നപ്പോഴുണ്ടായ കനേഡിയന്‍ കമ്പനി ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടിക്ക് വലിയ സഹായമായി തീര്‍ന്നതാണ്. അതാണ് പാര്‍ട്ടിയും അദ്ദേഹത്തെ കൈവിടാതെ കെട്ടിപ്പുണര്‍ന്നത്. അന്ന് പിണറായിയുടെ ആവര്‍ത്തിച്ചുള്ള സിംഗപ്പൂര്‍ യാത്രകള്‍ ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. എന്നാല്‍ അത് അഴിമതി വഴി പാര്‍ട്ടിക്ക് പണമുണ്ടാക്കാനുള്ളതില്‍ നിന്ന് പിണറായി വിജയന്റെ വ്യക്തി തലത്തിലേക്ക് പ്രകടമായും മാറിയ സാഹചര്യമാണ് എക്‌സ്ട്രാ ലോജിക് പണവുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നതും സീതാറാം യച്ചൂരിയെപ്പോലുള്ളവര്‍ താമസിച്ചാണെങ്കിലും പിണറായി വിജയനെതിരായതും. പിണറായി വിജയന്‍ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചുള്ള വിമര്‍ശനങ്ങള്‍ രാഷ്ട്രീയമായി പൊള്ളയായ ഒരു വ്യായമമാണ്. നയവും പരിപാടികളും വിമര്‍ശന വിധേയമാക്കുന്നില്ലെങ്കില്‍ അത് സമൂഹത്തിന് വേണ്ടതായ സംഗതികള്‍ ചര്‍ച്ചയാക്കില്ല. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെടാന്‍ ഇടയാക്കിയത്. മഹാമാരിയും മഹാപ്രളയവും നല്ല രീതിയില്‍ നേരിട്ടുവെന്ന് ജനങ്ങളില്‍ വലിയ വിഭാഗം കരുതുന്നു. നാടിനും നാട്ടിലുമുണ്ടാകുന്ന ദുരന്തങ്ങള്‍ അപ്രസക്തരായ രാഷ്ട്രീയ നേതാക്കള്‍ക്ക് അതിജീവനം നല്കുന്ന ജീവവായുവാണ് ! സി പി ഐ എം വിട്ട ജി സുധാകരന്‍ ഒന്നാം മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. രണ്ടാം മന്ത്രിസഭയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയില്ല. എന്നാല്‍ ഒന്നാം പിണറായി മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷവും രണ്ടാം മന്ത്രിസഭയുടെ കാലാവധി അവസാനിച്ചശേഷവുമാണ് അദ്ദേഹം ആ പാര്‍ട്ടി വിട്ടത്. അദ്ദേഹം ആദ്യ മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ലേഖകന് കൂടിക്കാണുവാന്‍ ഒരവസരം ഉണ്ടായി. അപ്പോള്‍ അദ്ദേഹം ആ പാര്‍ട്ടി വിടുമെന്ന ഒരു ലാഞ്ചനപോലും ഇല്ലായിരുന്നു. എന്നാല്‍ വീണ്ടും മന്ത്രിയാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നുവെന്നാണ് നിഗമനത്തില്‍ എത്തുവാന്‍ കഴിഞ്ഞത്. കാരണം അദ്ദേഹം വി എസ് അച്യുതാനന്ദന്‍ ഗ്രൂപ്പിനെതിരെ പിണറായി പക്ഷത്ത് നിലകൊണ്ട ആളാണ്. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഞങ്ങളല്ലേ പിണറായി വിജയനെ പിന്തുണച്ചത്.’അദ്ദേഹം തന്റെ മന്ത്രി പദവി അവസാനിക്കുന്നതിന് മുമ്പ് മനസ് തുറന്നപ്പോള്‍ അദ്ദേഹം പറഞ്ഞത്, ‘ഈ മന്ത്രി സഭയില്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്തത് പൊതുമരാമത്ത് ( തന്റെ) വകുപ്പല്ലാതെ ഏത് വകുപ്പുണ്ട് ‘എന്നാണ്. അപ്പോള്‍ ജനങ്ങളുടെ ഇടയില്‍ ഒരു ബിംബമായിക്കഴിഞ്ഞിരുന്ന മന്ത്രി ശൈലജ റ്റീച്ചറുടെ ആരോഗ്യ വകുപ്പ് ഇല്ലേ എന്ന കാര്യം സൂചിപ്പിച്ചു. അതിനുള്ള അദ്ദേഹത്തിന്റെ മറുപടി ഏറ്റവും കൗതുകമുണര്‍ത്തുന്നതാണ്. ‘ശൈലജ റ്റീച്ചര്‍ മുഴുവന്‍ അഴിമതിയല്ലേ?’ എന്ന അദ്ദേഹത്തിന്റെ മറുപടി വീണ്ടും അദ്ദേഹത്തോട് ഒരു മറുചോദ്യമായി അഴിമതിയാണോ എന്ന് ചോദിച്ചു. അപ്പോള്‍ ‘മുഴുവന്‍ അഴിമതിയാണ് ‘എന്ന് ആവര്‍ത്തിക്കുകയാണ് ചെയ്തത്.

മഹാമാരി കൃത്രിമമായി കോര്‍പ്പറേറ്റുകള്‍ മനപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും ലോകത്തിലെ സര്‍ക്കാരുകള്‍ വിരലില്‍ എണ്ണാവുന്നതൊഴികെയെല്ലാം കോര്‍പ്പറേറ്റുകളുടെ ആ അഴിമതിയില്‍ ഭാഗമാണെന്നും ഞങ്ങള്‍ കുറേ ആളുകള്‍ പറ്റുന്നിടത്തെല്ലാം പ്രചരിപ്പിക്കു കയും സമരത്തിനിറങ്ങുകയും ചെയ്തതാണ്. വാക്‌സിന്‍ കച്ചവടം മുതല്‍ കോവിഡ് പരിശോധനാ കിറ്റ് വരെ നീളുന്ന ആഴമേറിയ അഴിമതി. അത് ഒരു സഹ ക്യബിനറ്റ് മന്ത്രിയുടെ നാവില്‍ നിന്ന് തന്നെ നേരില്‍ കേള്‍ക്കാനുള്ള അവസരമുണ്ടായെന്ന് മാത്രം. ആ വസ്തുതയെ തെളിയിക്കുന്ന സാഹചര്യങ്ങളുമുണ്ട്.

എന്നാല്‍ അദ്ദേഹം ഉള്‍പ്പെടുന്ന മന്ത്രിസഭയുടെ അഴിമതി പ്രവര്‍ത്തനങ്ങള്‍ അനവധിയാണ്. അതിലൊന്ന് മാത്രം സൂചിപ്പിക്കാം. ജനങ്ങളുടെ ആരോഗ്യ ഡേറ്റ ഒരു കമ്പനിക്ക് കൈമാറിയ ഒരു വിവാദ സംഭവമുണ്ട്. പുറമേ സര്‍ക്കാരിന് എന്തെങ്കിലും നഷ്ടം വരുത്തുന്ന ഒന്നല്ല അത്. എന്നാല്‍ ജനങ്ങളെ മൊത്തക്കച്ചവടം ചെയ്യുന്ന ഒരു വന്‍ അഴിമതിയുടെ ഭാഗമായിരുന്നു. അഴിമതി പ്രത്യക്ഷമായി ജനങ്ങള്‍ക്കനുഭവപ്പെടാന്‍ കഴിയാത്ത ഡിജിറ്റല്‍ യുഗത്തിലെ കോര്‍പ്പറേറ്റ് വാഴ്ചയാണ് ജനങ്ങളെ അടിമകളാക്കുന്നതില്‍ വലിയ വില്ലനാവുന്നത്. ഈ കാലഘട്ടത്തില്‍ ബില്യന്‍ കണക്കിനുള്ള തുക കോര്‍പ്പറേറ്റ് കൊള്ളയടിയിലൂടെയാണ് ജനങ്ങള്‍ക്ക് നഷ്ടപ്പെടുത്തുന്നത്. അതിനുള്ള നയങ്ങളും നടപടികളും ജനങ്ങളുടെ അത്യാവശ്യങ്ങളായി അവതരിപ്പിക്കുവാന്‍ വേണ്ട പ്രചാരണ തന്ത്രങ്ങള്‍ അവര്‍ക്കുണ്ട്. അതിന് ഭരണാധികാരികള്‍ മുതല്‍ ഭരണ, പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, കരാറുകാര്‍, വ്യവസായികള്‍, ബുദ്ധിജീവികള്‍, മാധ്യമങ്ങള്‍ വരെയുള്ള ഒരു വലിയ നിര ഈ രാജ്യത്തെന്നപോലെ മിക്കവാറും രാജ്യങ്ങളിലുമുണ്ട്.

വികസനവും ജനങ്ങളും

മോദി സര്‍ക്കാര്‍ മഹാമാരിയുടെ കാലമാണ് രാജ്യത്തെ സിംഹ ഭാഗവും വരുന്ന കര്‍ഷകരെയും തൊഴിലാളികളേയും ബാധിക്കുന്ന നിയമങ്ങള്‍ ഓര്‍ഡിനന്‍സായും പിന്നീട് പാര്‍ലമെന്റില്‍ ബലം പ്രയോഗിച്ചെന്നപോലെ പാസാക്കിയതും വിപ്ലവത്തിന്റെ മുന്നണിപ്പോരാളികളായി കാള്‍ മാക്‌സ് യാന്ത്രികമായി കണ്ട തൊഴിലാളികളുടെ മേല്‍ അടിച്ചേല്പിച്ചതും. യാതൊന്നും ചെയ്യാനാവാതെ മൂക സാക്ഷികളായി അവര്‍ നിന്നു. എന്നാല്‍ ഏറ്റവും വലിയ സാമ്രാജ്യത്തെ വിരുദ്ധസമരമായ ക്വിറ്റിന്ത്യ സമരത്തിലൂടെ മഹാത്മാ ഗാന്ധിയുടെ ആഹ്വാനപ്രകാരം കര്‍ഷകര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആഞ്ഞടിച്ചതിന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഇന്‍ഡ്യന്‍ മണ്ണിലെ കര്‍ഷകര്‍ ആ മോദി നിയമങ്ങളെ സന്ധിയില്ലാത്ത പ്രക്ഷോഭണത്തിലൂടെ പിന്‍വലിപ്പിച്ച് മോദിയെ മുട്ടുകുത്തിച്ചു. ജി സുധാകരന്‍ പാര്‍ട്ടി വിടുമ്പോള്‍ പറയുന്ന കാരണങ്ങള്‍ പിണറായിയുടെ ഒന്നാം മന്ത്രിയായ ഒന്നാം മന്ത്രിസഭയുടെ കാലത്തും ഉണ്ടായിരുന്നു. കോര്‍പ്പറേറ്റുകള്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ഭരിച്ച കാലം. സുധാകരന്‍ പറയുന്നതുപോലെ റോഡുകള്‍ മിനുസപ്പെടുത്തുന്നതാണ് ഏറ്റവും വലിയ വികസനമെന്ന് കരുതുന്നത് തെറ്റായ വികസന സമീപനമാണ്. ഉള്‍നാടുകളേയും ഗ്രാമങ്ങളേയും ചെറു പട്ടണങ്ങളേയും ബന്ധിപ്പിക്കുന്ന റോഡുകള്‍ ഏറ്റവും അത്യാവശ്യമാണ്. വന്‍തുക കടബാദ്ധ്യത ഉണ്ടാക്കുന്ന റോഡുകള്‍ മാത്രം നിര്‍മ്മിച്ചാല്‍ അത് നേരിട്ട് ഉപയോഗപ്പെടാത്തവരും ആ വമ്പന്‍ കടബാദ്ധ്യതകളുടെ ഭാരം താങ്ങേണ്ടി വരും. എന്നാല്‍ സമൂഹത്തിലെ സമ്പത്ത് വര്‍ദ്ധിക്കുമ്പോല്‍ ആ സമൂഹത്തിന് ആനുപാതികമായി വിഹിതം ലഭിക്കുകയുമില്ല. ആദിവാസികളിലും ദലിത സമൂഹത്തിനും കര്‍ഷക സമൂഹത്തിലും കൈത്തൊഴില്‍കാരിലും ഗ്രാമങ്ങളിലെ അസംഘടിത മേഖലയിലുള്ളവരിലും ഭൂരിപക്ഷവും ഹൈവേ ഉപയോഗിക്കുന്നത് അപൂര്‍മാണ്. അതിന്റെ ചെലവും വഹിക്കേണ്ട ഉത്തരവാദിത്വം അപൂര്‍വ്വമായി അതുപയോഗിക്കുന്നവരും സാമ്പത്തിക നയങ്ങളാല്‍ തകര്‍ക്കപ്പെടുന്നവരുമായ ആ വിഭാഗങ്ങള്‍ക്കുമാണ്. പ്രത്യക്ഷമായി അനുഭവപ്പെടുന്ന നികുതി ഭാരം മാത്രമല്ല കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിക്കുന്ന സംവിധാനത്തിലൂടെയും അസംഘടിത മേഖലയിലെ സമ്പന്ന വര്‍ഗ്ഗം വിലയ്ക്ക് വാങ്ങുന്ന അദ്ധ്വാനത്തിന് സമമായ മൂല്യം കല്പിക്കാത്ത രീതിയും വഴി ആ ഭാരം അവരുടെ തോളിലേക്ക് മാറ്റുന്നു.

രാഷ്ട്രീയ സംസ്‌കാരം ജനവിരുദ്ധമാകുമ്പോള്‍

നിമിഷനേരം കൊണ്ട് അവസാന നിമിഷം നോക്കി അവസരവാദപരമായി പാര്‍ട്ടി മാറുന്ന ‘വിസ്മയങ്ങള്‍’ അഭികാമ്യമല്ല. പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന്റെ മാറ്റം ശരിയായതായിരിക്കാം. അദ്ദേഹം പാര്‍ട്ടി വേദികളില്‍ പല ഘട്ടങ്ങളിലും ഉന്നയിച്ച ശേഷം യാതൊരു തരത്തിലും ന്യായം ലഭിക്കാതെയാണ് പുറത്തു വരാന്‍ നിര്‍ബന്ധിതനായത്. എന്നാല്‍ പെട്ടന്ന് എതിര്‍ പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളായി വന്നവരായ സുധാകരന്‍, റ്റി. കെ. ഗോവിന്ദന്‍, പി. കെ ശശി, അച്യുതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റായിരുന്ന സുരേഷ്, ഐഷാ പോറ്റി എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വം തെറ്റായ ഒരു രാഷ്ട്രീയ സംസ്‌കാരമാണ്. അവര്‍ക്ക് കാതലായ അഭിപ്രായ വ്യത്യാസം അവര്‍ പറയുന്നത് പോലെയാണെങ്കില്‍ യഥാസമയം ഉന്നയിച്ച് ജനങ്ങളുടെ മുന്നില്‍ വയ്ക്കുവാന്‍ അവസരമുണ്ടായിരുന്നു. എന്ന് മാത്രമല്ല ബി ജെ പി ക്കെതിരെ ഉന്നയിക്കുന്ന വാഷിംഗ് മെഷീന്‍ ആരോപണം പോലെ അഴിമതിയിലും ലൈംഗീകതയിലും ആരോപണ വിധേയരെപ്പോലും ചേരി മാറി വന്നപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളാക്കി.

അത് എന്തായാലും അധമമായ രാഷ്ട്രീയ സംസ്‌കാരമാണെന്ന് പറയാതിരിക്കാനാവില്ല. എന്നാല്‍ സി പി ഐ എം ന്റെ ജനാധിപത്യമില്ലാത്ത പാര്‍ട്ടി ഘടനയും ആശയ ദാരിദ്രവും അതിന് വഴിയൊരുക്കി കൊടുത്തു. അവര്‍ മുന്‍കൂട്ടി തങ്ങളുടെ അനുഭവങ്ങളും അഭിപ്രായവുമനുസരിച്ച് ജനങ്ങളുടെ മുന്നില്‍ വെയ്ക്കാനിറങ്ങിയിരുന്നെങ്കില്‍ വധം ഉള്‍പ്പെടെയുള്ള ജനാധിപത്യവിരുദ്ധമായ നടപടികള്‍ക്ക് ഒട്ടും മടിക്കാത്ത സി പി ഐ എം ന്റെ അക്രമ സംസ്‌കാരവും തുല്യമായ ഒരു പക്ഷെ അതിലധികം നിന്ദ്യമായ സംസ്‌കാരമാണെന്ന് പറയണം. പാര്‍ട്ടിയില്‍ വിഭിന്നമായ അഭിപ്രായം പുലര്‍ത്തുന്ന കമ്യൂനിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് തുറന്ന് ഇടപെടുവാന്‍ പാര്‍ട്ടിക്കുള്ളില്‍ അവകാശമില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകുന്നവര്‍ക്ക് അഭിപ്രായം തുറന്ന് പ്രകടിപ്പിക്കുവാന്‍ അവകാശമില്ലെന്ന് കരുതുന്നവര്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരായി അംഗീകരിക്കാനാവില്ല. തെരഞ്ഞെടുപ്പ് പരാജയശേഷം സി പി ഐ എം സംസ്ഥാന സെക്രട്ടറി പാര്‍ട്ടി സഖാക്കള്‍ക്ക് വിമര്‍ശനങ്ങള്‍ തുടര്‍ന്ന് പറയാമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. സെക്രട്ടറിയുടെ ഔദാര്യം മാത്രമാണത് , അവകാശമല്ല. കമ്യൂനിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് പുറത്ത് വരുന്നവര്‍ കൂടുതലായ ജനാധിപത്യ സ്വഭാവമുള്ള ശക്തികളെ തേടുന്നതിന് പകരം ജനാധിപത്യ അഭാവം എറെക്കുറെ തത്വമാക്കിയവരെ സ്വീകരിക്കുന്നതാണ് കാണുന്നത്. അതിന് കാരണം സി പി ഐ എം വിടുന്നവരുടെ അധികാരം ഒന്നുകൊണ്ട് മാത്രമല്ല കമ്യൂനിസ്റ്റ് രാഷ്ട്രീയ സംസ്‌കാരത്തില്‍ അവര്‍ക്ക് കിട്ടിയ പരിശീലനം ജനാധിപത്യം നിഷേധിച്ചും അവര്‍ ഉദ്ദേശിക്കുന്ന ലക്ഷ്യം കൈവരിക്കുക എന്നതാണ്. തല്‍ക്കാലം അവര്‍ അത് അനീതിക്കിരയാക്കിയ അവരുടെ പാര്‍ട്ടിയെ തോല്പിക്കാന്‍ കോണ്‍ഗ്രസ് ചേരിയിലേക്ക് ചേക്കേറുന്നത് ആയിരിക്കാം.

എന്നാല്‍ അത് കോണ്‍ഗ്രസിനു പകരം തെരഞ്ഞെടുക്കുവാന്‍ സാധ്യതയുണ്ടെങ്കില്‍ ബി ജെ പി യാകുന്നതിനും അവര്‍ മടിക്കില്ല. ആദര്‍ശപരമായ നിലപാടുയര്‍ത്തിയ കുഞ്ഞികൃഷ്ണന്‍ പോലും അതിനപവാദമായിരിക്കില്ല. അതിനാല്‍ സി പി എം വിടുന്ന പ്രവര്‍ത്തകര്‍ കായികമായ അടിച്ചമര്‍ത്തലിനെ നേരിടാന്‍ ബി ജെ പി യെ കൂടുതല്‍ അഭികാമ്യമായി കരുതും. പല്ലിന് പല്ല്, കണ്ണിന് കണ്ണ് ആയി അക്രമത്തിന്റെ മാര്‍ഗ്ഗമല്ലാതെ അവരില്‍ ഉദിക്കുന്ന പ്രതികാരവാഞ്ച തീര്‍ക്കുവാന്‍ മറ്റൊരു മാര്‍ഗ്ഗവും അവരുടെ ചിന്തയില്‍പ്പോലും ഇല്ല. അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് പടിഞ്ഞാറന്‍ ബംഗാളില്‍ കണ്ടത്. വര്‍ഗ്ഗീയത അല്ലെങ്കില്‍ വംശീയത, ഗോത്ര വിദ്വേഷം ഉള്‍പ്പെടെ ഏതൊരു വിഭാഗീയതയും ജനങ്ങളുടെ വലിയ പിന്തുണ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് സമൂഹത്തില്‍ അരക്ഷിത ബോധവും അന്യതാ ബോധവും ഉയരുമ്പോഴായിരിക്കും. അരക്ഷിത ബോധം എന്നാല്‍ സാധാരണക്കാരുടെ വരുമാനത്തിലെ ഇടിവും പ്രതിസന്ധിയും തൊഴിലില്ലായ്മയുമാണ്. അന്യതാബോധത്തില്‍ ഉദ്ദേശിക്കുന്നത് ജനകീയ ഭാഷയും സംസ്‌കാരവും അന്യതാ ബോധത്തിലേക്ക് പോകുന്നതാണ്. ഇംഗ്ലീഷില്‍ എല്ലാം നടക്കുന്നത് പുരോഗമനമായി നമ്മള്‍ കാണുമായിരിക്കും. എന്നാല്‍ സാവധാനം അത് ഉണ്ടാക്കുന്നത് ജനങ്ങളുടെ അന്യവല്ക്കരണമാണ്. അത് തിരിച്ചറിയുവാന്‍ കഴിയാത്ത സൂക്ഷമമായ തലത്തില്‍ ദീര്‍ഘകാലമായാണ് ഉണ്ടാകുന്നത്.

പാര്‍ട്ടികളിലെ ജനാധിപത്യം

മഹാത്മാ ഗാന്ധി, ബാബാ സാഹിബ് അംബേഡ്കര്‍ എന്നിവരെ ഹിന്ദുത്വ ഫാഷിസ്റ്റ് കടന്നു കയറ്റകാലത്ത് മൗലീകമായ ആശയങ്ങളിലും അക്രമ വിരുദ്ധ പ്രവര്‍ത്തന രീതിയിലും സ്വീകരിക്കാത്തിടത്തോളം പന്തം കയ്യുടെ പിന്നിലേക്ക് പിടിച്ച് ഇരുട്ടിലേക്ക് വഴിയേതെന്ന് തിരയുന്ന ഇന്‍ഡ്യ , ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളെ പ്രതിരോധിക്കാന്‍ പ്രയാസപ്പെടും. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്തത് പൊതുവെ ജനങ്ങളുടെ ഒരു വിജയമായി മാധ്യമങ്ങള്‍ വാഴ്ത്തുന്നു. എന്നാല്‍ ജനങ്ങള്‍ എന്ന് പറയുന്നത് ആള്‍ക്കൂട്ടമല്ല. ജനാധിപത്യ രീതിയിലുള്ള ഒരു ഘടനയിലൂടെ വ്യക്തമായ തെരഞ്ഞെടുപ്പ് പ്രക്രിയ അതിന് ആവശ്യമാണ്. അപൂര്‍വം ഘട്ടങ്ങളിലൊഴികെ ആള്‍ക്കൂട്ടം തീര്‍പ്പ് കല്പിക്കുന്നത് ജനാധിപത്യമെന്ന് പറയാനാവില്ല. അല്ലെങ്കില്‍ ജനങ്ങളെന്ന് അവകാശപ്പെടുന്നവര്‍ വിധിയെഴുതുകയും നടപ്പാക്കുകയും ചെയ്യും. കോര്‍പ്പറേറ്റ് വാഴ്ച ജനാധിപത്യത്തില്‍ ഇടപെടുന്ന കാലത്ത് തങ്ങളുടെ ഹിതത്തിനനുസരിച്ച് ഒരു ആള്‍ക്കൂട്ടത്തെ മാധ്യമ സഹായത്തോടെ സൃഷ്ടിക്കുവാന്‍ പ്രയാസമുണ്ടാവില്ല. അതാണ് മുന്‍ സോവിയറ്റ് രാഷ്ട്രങ്ങളായ ജോര്‍ജ്ജിയ, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളിലെ ‘പര്‍പ്പിള്‍ വിപ്ലവ’വും പുതിയ കാലത്തെ ജെന്‍സി സമരങ്ങളും.

കേരളത്തിലെ സാധാരണക്കാരുടെ അഭിപ്രായം പ്രകടിപ്പിക്കുവാനും രൂപപ്പെടുത്തുവാനും എന്താണ് മാര്‍ഗ്ഗം എന്ന് ചോദിക്കുമായിരിക്കും. പാമരനെന്നോ വിദ്യാഭ്യാസം നേടിയവരെന്നോ ഉള്ള ഭേദമില്ലാതെ കോണ്‍ഗ്രസ് അംഗത്വമുള്ള എല്ലാവര്‍ക്കും ഓരോ തുല്യമായ വോട്ടും യഥാകാലമുള്ള തെരെഞ്ഞടുപ്പും ഉറപ്പു വരുത്തി പരിശീലിച്ച് ഇന്‍ഡ്യയുടെ ജനാധിപത്യത്തിന് അസ്ഥിവാരമിട്ടത് മഹാത്മാ ഗാന്ധിയാണ്. അതില്‍ വരുത്തിയ അട്ടിമറിയുടെ ഫലമാണ് കോണ്‍ഗ്രസില്‍ ജനാധിപത്യം തകര്‍ന്ന് കുടുംബവാഴ്ചയുണ്ടായതിനും ജനാധിപത്യ വിരുദ്ധശക്തികള്‍ വിജയം നേടിയതിനും ഒരു കാരണം. അധികാരം കേന്ദ്രീകരിച്ച് ഒരു പാര്‍ട്ടി ജനാധിപത്യം ജനങ്ങള്‍ക്ക് നല്കുമെന്ന് പറയുന്നത് ഏറ്റവും വലിയ ഭോഷത്തരമാണ്.

ഇന്ന്, മഹാത്മാ ഗാന്ധി ജനാധിപത്യം ഉണ്ടാക്കിയ കോണ്‍ഗ്രസ് ജനാധിപത്യം നഷ്ടപ്പെട്ട ഒരു ആള്‍ക്കൂട്ട പാര്‍ട്ടിയാണ്. ആ പശ്ചാത്തലത്തിലാണ് ബി ജെ പി, സി പി ഐ എം, എന്നീ ജനാധിപത്യ വിരുദ്ധസ്വഭാവം തത്വ ചിന്തയായി ചുമക്കുന്ന പാര്‍ട്ടികള്‍ക്കെതിരെ കോണ്‍ഗ്രസ് ജനാധിപത്യ ചേരിയെ നയിക്കുന്ന അവസ്ഥ. കഴിഞ്ഞകാലങ്ങളില്‍ കോണ്‍ഗ്രസിന്റെ അടിയന്തിരാവസ്ഥ ഉള്‍പ്പെടെ ജനാധിപത്യ ധ്വംസനങ്ങള്‍ ശക്തിപ്പെടുന്ന പശ്ചാത്തലത്തിലാണ് ഇന്‍ഡ്യയില്‍ ജനാധിപത്യ വാദികളായ പ്രതിപക്ഷ കക്ഷികളും ജനാധിപത്യവാദികളായ വ്യക്തികളും ചേര്‍ന്ന് ജനാധിപത്യത്തിനുവേണ്ടി പോരാട്ടത്തിനിറങ്ങിയത്. ആ പോരാട്ടം വിജയം കണ്ടത് കോണ്‍ഗ്രസിന്റെ വലിയ തകര്‍ച്ചയ്ക്ക് ഇടയാക്കി. എന്നാല്‍ ഇന്ന് ജനാധിപത്യ വാദികളെന്ന് ലേബലൊട്ടിച്ച പാര്‍ട്ടികളിലൊന്നും ജനാധിപത്യം ഇല്ലായെന്നതാണ് സത്യം. എന്നാല്‍ സി പി ഐ എം ആ പോരാട്ടത്തില്‍ ജനാധിപത്യവാദികളുടെ ഒപ്പം നിന്നതായി ഭാവിച്ചു. പോരാട്ടത്തിനിറങ്ങിയതുമില്ല. അത്തരം ജനാധിപത്യ വാദികളെന്ന് പറയുന്ന പാര്‍ട്ടികളുള്ളവരും എല്‍ ഡി എഫിന്റെ ഭാഗമായിരിന്നിട്ടും കമ്യൂനിസ്റ്റുകളുടെ ജനാധിപത്യ കശാപ്പിന്റെ മുന്നില്‍ നോക്കുകുത്തികളായി മാറിയത്. എന്നാല്‍ കേരളത്തില്‍ പരിണിത ഫലമായി കോണ്‍ഗ്രസിലുണ്ടായ ശിഥിലീകരണം സി പി ഐ എം ന് 1969 കാലത്തെ തിരിച്ചടിക്കുശേഷം യുവജന – വിദ്യാര്‍ത്ഥി അടിത്തറ ഉണ്ടാക്കി. അതിന്റെ മേലേ വിദ്യാര്‍ത്ഥി യുവജന മുന്നേറ്റങ്ങളിലൂടെ കെട്ടിപ്പടുത്താണ് ഇന്നത്തെ അവരുടെ പാര്‍ട്ടിയുടേയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേയും പുതിയഅടിത്തറ രൂപപ്പെട്ടത്. കമ്യൂനിസ്റ്റ് പാര്‍ട്ടികളുടെ തത്വം തെറ്റാണെങ്കില്‍ കോണ്‍ഗ്രസിന്റെ പറയാത്ത തത്വവും പ്രയോഗവും അതുപോലെ തന്നെ തെറ്റാണ്. ഒരു കുടുംബത്തിലേക്ക് കേന്ദ്രീകരിച്ച് ജനാധിപത്യം ചിലപ്പോള്‍ ചില കാലത്ത് വ്യക്തികളില്‍ സമ്പൂര്‍ണ്ണ ശരിതെറ്റുകളുടെ അധികാരം കേന്ദ്രീകരിക്കുമായിരിക്കാം. ഇറാനിലെ അയത്തുള്ള ഖൊമേനി, മഹാത്മാഗാന്ധി എന്നിവര്‍ അതിന് ഉദാഹരണമാണ്. എന്നാല്‍ വിപ്ലവാനന്തരം ജനാധിപത്യം ഇല്ലാത്ത ഇറാന്റെ ഭരണഘടനയില്‍ ഖൊമേനി ഭരണഘടനാപരമായി സുപ്രീം ലീഡറായി അംഗീകരിച്ചു. എന്നാല്‍ ഗാന്ധി ഭരണഘടനാപരമായി അല്ല ധാര്‍മ്മികമായാണ് സ്വാധീനം ചെലുത്തിയത്. അദ്ദേഹം യാതൊരു ഭരണഘടനാ സ്ഥാനവും സംഘടനാ തലത്തിലോ സര്‍ക്കാര്‍ തലത്തിലോ വഹിച്ചിരുന്നില്ല. കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നപ്പോഴാകട്ടെ അദ്ദേഹത്തിന് കോണ്‍ഗ്രസ് ഭരണഘടനാപരമായ അധികാരമല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു.

പവര്‍കട്ടില്ലാത്ത പത്തുവര്‍ഷം

എല്‍ ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യമായ ഒരു സംഗതിയായിരുന്നു പവര്‍കട്ടില്ലാത്ത പത്തുവര്‍ഷം എന്നത്. ആ പ്രചാരണ ഇനം അവരുടെ പൊള്ളത്തരവും കാപട്യവുമാണ് പുറത്തുകൊണ്ടുവന്നത്. അവര്‍ക്ക് മുമ്പുള്ള സര്‍ക്കാര്‍ കുറഞ്ഞവിലയ്ക്ക് വൈദ്യുതി വാങ്ങിക്കുവാന്‍ ജിന്ദാള്‍ കമ്പനിയുമായി ഒരു കരാര്‍ വെച്ചിരുന്നതും അതുവഴി വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുമായിരുന്നതുമാണ്. എന്നാല്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അംഗങ്ങളുമായി എല്‍ ഡി എഫ് സര്‍ക്കാര്‍ ഒത്തുകളിച്ച് ആ കരാര്‍ റദ്ദാക്കപ്പെടുകയും പരിണിതഫലമായി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്യേണ്ടിവന്നു. തല്ഫലമായി ഉപഭോക്താക്കള്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുവാന്‍ നിര്‍ബന്ധിതരായി. അതിനാലാണ് വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. ആ സത്യം ജനങ്ങളോട് തുറന്ന് പറയാതെ വൈദ്യുതി ഉല്പാദകരായ കമ്പനികളോട് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി ലഭ്യമാക്കി പവര്‍കട്ടില്ലാത്ത പത്തുവര്‍ഷം തങ്ങളുടെ നേട്ടമായി മേനിനടിക്കുകയാണ് അവര്‍ ചെയ്തത്. കൂടിയ വിലയ്ക്ക് കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങുവാന്‍ ഏര്‍പ്പാട് ചെയ്തതിലെ വെട്ടുമേനി അധികമായും ലഭിക്കുകയും ചെയ്തു.

എല്‍ ഡി എഫിന്റെ അഥവാ സി പി ഐ എം ന്റെ കാലാഹരണപ്പെട്ട ഒരു കാഴ്ചപ്പാട്

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് പവര്‍കട്ടില്ലാത്ത പത്തുവര്‍ഷത്തിന്റെ പൊള്ളത്തരം വെളിപ്പെടുവാന്‍ തുടങ്ങി. ഇന്‍ഡ്യയിലാകെ വേനല്‍ ചൂട് കൂടി ഗാര്‍ഹിക, ഓഫീസ് വൈദ്യുതോപഭോഗം വര്‍ദ്ധിച്ച് എവിടെയും വൈദ്യുതി കമ്മി അനുഭവപ്പെട്ടു. അപ്പോള്‍ കേരളത്തില്‍ കൂടുതലായ വൈദ്യുതി ആവശ്യമായി വന്നു. എന്നാല്‍ കൂടുതലായി വൈദ്യുതി വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ വൈദ്യുതി ഉല്പാദകരായ കമ്പനികള്‍ക്ക് അത് നല്കുവാന്‍ നിവൃത്തിയില്ലാത്ത സാഹചര്യം വന്നു ചേര്‍ന്നു. ഉത്തരേന്ത്യയില്‍ ദിവസച്ചൂട് വര്‍ദ്ധിച്ചതിനാല്‍ അവിടേക്ക് വൈദ്യുതി നല്കുവാന്‍ നിര്‍ബന്ധിതരായപ്പോഴാണ് കമ്പനികള്‍ക്ക് വൈദ്യുതി നല്കുവാന്‍ കഴിയാതെ വന്നത്. ചൂട് കൂടിയാല്‍ പവര്‍കട്ട് ചെയ്യേണ്ട സാഹചര്യത്തെ പത്തുവര്‍ഷത്തെ പവര്‍കട്ടില്ലായ്മയായി ചിത്രീകരിച്ചത്.

കോണ്‍ഗ്രസിന്റെ കാലത്തെ ആഗോളവല്കരണ നയങ്ങളായാലും ബി ജെ പി യുടെ കാലത്ത് അതേ നയങ്ങളായാലും ഡബിള്‍ എഞ്ചിന്‍ മോദി സര്‍ക്കാരിന്റെ കാലത്തെ നയങ്ങളായാലും കുത്തക കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കുവാനുള്ള മാര്‍ഗ്ഗങ്ങളാണ് വൈദ്യുതി ഉല്പാദനവും വിതരണവും വില്പനയുമെല്ലാം. ആ വില നിശ്ചയങ്ങളുടെ ന്യായാന്യായങ്ങളെക്കുറിച്ച് വിലയിരുത്തുവാന്‍ വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളൊന്നും തയ്യാറാകുന്നില്ല. എവിടെയോ എങ്ങിനെയോ തന്നിഷ്ടപ്രകാരം നിശ്ചയിക്കുന്ന വില ഉപഭോക്താക്കള്‍ നല്കുവാന്‍ ബാദ്ധ്യസ്ഥരായിത്തീരുന്ന സാമ്പത്തിക നയങ്ങള്‍ എല്ലാവരും അംഗീകരിച്ചു. അത് ഒരു രാഷ്ട്രീയ അജണ്ടയായി ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ഇവിടെ പുതിയ രാഷ്ട്രീയ ശക്തികള്‍ ഉരുത്തിരിയുക തന്നെ ചെയ്യണം.

അതിലേറെ വൈദ്യുതി ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതിയായി ആധുനിക സാമൂഹിക ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. എന്നാല്‍ ഊര്‍ജം സമം വൈദ്യുതി എന്നാകുമ്പോള്‍ ഉല്പാദിപ്പിക്കുവാന്‍ പ്രകൃതിക്ക് ഏറ്റവും ചെലവേറിയ മാര്‍ഗ്ഗമാണെന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. സൗരോര്‍ജ്ജം പോലെ പ്രകൃതിക്ക് ദോഷകരമായ പ്രത്യാഘാതം കുറഞ്ഞ വൈദ്യുതി ഉല്പാദനം പരമാവധി സാധ്യമാക്കേണ്ടതുണ്ട്. അതുപോലും അതിന്റെ ബാറ്ററി വേസ്റ്റുകൊണ്ട് പരിമിതപ്പെടുത്തേണ്ട സാഹചര്യമുണ്ട്. ഒരു പക്ഷെ ചെലവ് കുറഞ്ഞ വൈദ്യുതോല്പാദനം അധികം വിദൂരത്തല്ലായിരിക്കാം. എന്നാല്‍ അത് സാധ്യമാകുന്നിടം വരെ ഊര്‍ജത്തിന്റെ പലവിധമായ രൂപങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ദൂരക്കാഴ്ചയുള്ള മനുഷ്യരുടെ സ്വഭാവം നാം കാണിക്കേണ്ടിയിരിക്കുന്നു. കാര്‍ഷികമേഖലയിലും ഗാര്‍ഹിക മേഖലയിലും വൈവിധ്യപൂര്‍ണ്ണമായ ഊര്‍ജരൂപങ്ങള്‍ ഉള്ളത് വികസിപ്പിക്കുവാന്‍ നാം തയ്യാറാകണം. ഉല്പാദാനരംഗം പരമാവധി വികേന്ദ്രീകരിച്ചും ചെറുകിട സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുമാണ് നാം വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണേണ്ടത്.

പുതിയ സര്‍ക്കാരും പുതിയ സമീപനവും

മുഖ്യമന്ത്രി വി. ഡി. സതീശന്‍ വലിയ നന്മ കൊണ്ടുവരുമെന്ന് നല്ല പങ്ക് ജനങ്ങളും വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ മന്ത്രിസഭായോഗം ആദ്യം ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയവും അംഗന്‍വാടി ടീച്ചര്‍മാരുടെയും സ്‌കൂള്‍ പാചക തൊഴിലാളികളുടേയും പ്രതിഫലവും വര്‍ദ്ധിപ്പിക്കുവാനുള്ള തീരുമാനമെടുത്തു. പാവങ്ങളുള്‍പ്പെടെയുള്ള ജനങ്ങളെ ശീഘ്ര വികസനത്തിന്റെ നാട്യങ്ങളായി കൊണ്ടുവന്ന കെ റെയില്‍ പുതിയ സര്‍ക്കാര്‍വേണ്ടെന്ന് വച്ചു. അത് രണ്ടും മുന്‍ഗണനാപരമെന്നതിനേക്കാള്‍ മനുഷ്യത്വപരമായി ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നു. അതുപോലെ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതും നാമമാത്രമായ പ്രതിഫലമുള്ള താല്കാലിക, കരാര്‍ തൊഴിലാളികള്‍ അതുപോലെയുള്ള താഴ്ന്ന പ്രതിഫലം പറ്റുന്ന തൊഴിലാളികള്‍ക്കും ജീവിക്കാനവശ്യമായ ശമ്പളം ഉറപ്പു വരുത്തണം. അസംഘടിത മേഖലയില്‍ പണിയെടുക്കുന്ന പാവപ്പെട്ടവര്‍ക്കെല്ലാം ജീവിക്കുവാനാവശ്യമായ കൂലി ഉറപ്പു വരുത്തണം.

സംഭരിക്കുന്ന നെല്ലിന്റെ വില പോലും കടം പറയുന്ന അവസ്ഥ മാറി കര്‍ഷകര്‍ക്ക് രൊക്കം പണമായി നല്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കര്‍ഷകരുടെ മുഴുവന്‍ ഉല്പന്നങ്ങള്‍ക്കും ന്യായ വില കിട്ടാവുന്ന വിധത്തില്‍ നടപടികളുണ്ടാവണം. അവയുടെ സംഭരണവും നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മേല്‍ പറഞ്ഞ സംഗതികള്‍ക്കെല്ലാം മുന്‍ഗണനാടിസ്ഥാനത്തില്‍ പണം മാറ്റി വയ്ക്കുമ്പോള്‍ ജനങ്ങളുടെ ക്ഷേമം യാഥാര്‍ത്ഥ്യമാകും. മറിച്ച് സൗജന്യങ്ങള്‍ നക്കാപ്പിച്ചപോലെ നല്കിയാല്‍ അത് ജനക്ഷേമമാണെന്ന് കൊട്ടിഘോഷിക്കാമെന്നല്ലാതെ മറ്റൊന്നുമാകില്ല.. എന്നാല്‍ അത്തരത്തില്‍ അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി ബഡ്ജറ്റ് വിഹിതം മതിയായ അളവില്‍ മാറ്റിവയ്ക്കുവാന്‍ വി. ഡി. സതീശന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോയെന്നുള്ള ചോദ്യമാണ് പ്രസക്തമായത്.

മനുഷ്യത്വപരമായ തീരുമാനങ്ങള്‍ക്കപ്പുറത്ത് ദേശീയപ്രസ്ഥാനം ഗാന്ധിജിയുടേയും നെഹൃവിന്റേയും സര്‍ദാര്‍ പട്ടേലിന്റേയും നേതൃത്വത്തില്‍ അന്നത്തെ കോണ്‍ഗ്രസ് വേണ്ടെന്ന് വച്ച വന്ദേഭാരതത്തിന്റെ സാധാരണ ദേശീയ ഗീതമായി ചൊല്ലുന്ന ഭാഗത്തിന് പുറമേ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ശഠിക്കുന്ന വിഭജന ലക്ഷ്യമായ ഭാഗം കൂടി സത്യപ്രതിജ്ഞാ ചടങ്ങില്‍ ആലപിച്ച നടപടിയെ ചിലപ്പോള്‍ കോണ്‍ഗ്രസുകാര്‍ ലാഘവ ബുദ്ധിയോടെ കണ്ടേക്കാം. അത് ഹിന്ദുത്വ ഫാഷിസ്റ്റ് ആശയങ്ങളുടെ തടവറയില്‍ കഴിയുന്ന ഗവര്‍ണ്ണറുടെ ഓഫിസിന്റെ നിശബ്ദമായ ഒരു കുതന്ത്രമായിരിക്കാം. എന്നാല്‍ അത് ഹിന്ദുത്വ

ഫാഷിസ്റ്റുകളോട് സന്ധി ചെയ്യുന്ന പഴയ കാലഘട്ടത്തിലെ ഒരു കോണ്‍ഗ്രസിനെ കാണേണ്ടി വരുമോയെന്ന ആശങ്ക തള്ളക്കളയാനാവില്ല. ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികളുടെ രാഷ്ട്രീയം വെറും വര്‍ഗ്ഗീയതയായി മാത്രം കാണുന്നവര്‍ തിരിച്ചറിയേണ്ട സംഗതി, സ്വാതന്ത്ര്യ സമരകാലത്തും ശേഷവും സാമ്രാജ്യത്വ കൂറ് അതിന്റെ അന്തര്‍ധാരയാണെന്നതാണ്. അതിനാലാണ് വിദേശ നിക്ഷേപവും മൂലധനവും നമ്മുടെ പണം വിദേശത്തേക്കൊഴുകുന്ന വികസനവും ഏറ്റവും ഊര്‍ജിതമായി നടപ്പാക്കുന്ന ശക്തികളാകുന്നത്.

മുന്‍ഗണനനാപരമായി കാര്‍ഷിക, കൈത്തൊഴില്‍, അസംഘടിത, ചെറുകിട മേഖലകളില്‍ സംസ്ഥാന വിഹിതം മാറ്റിവയ്ക്കണമെങ്കില്‍ പുതിയ ഭാവനകളും സ്വപ്നങ്ങളും വേണം. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് അഞ്ചുലക്ഷം രൂപ പലിശ രഹിത വായ്പയായി നല്കുന്ന പരിപാടിക്കൊപ്പം സര്‍ക്കാരിന്റെ നയങ്ങളും അതനുസരിച്ച് മാറണം. യൂറോപ്യന്‍ മുതലാളിത്ത വാദികളുടേയോ മാക്‌സിസ്റ്റുകളുടേയോ സോഷ്യല്‍ ഡെമോക്രാറ്റുകളുടേയോ മാക്‌സിസ്റ്റാനന്തരമോ ആയ പുസ്തകങ്ങള്‍ വായിച്ചാല്‍ ഉത്തരം കിട്ടില്ല. ഇന്‍ഡ്യയുടെ മണ്ണിലേക്ക് തിരിയണം. അമേരിക്കയും യൂറോപ്പുമാകാനല്ല നാം ശ്രമിക്കേണ്ടത്. ആഫ്രിക്കയിലെ മാലാവി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആദ്യം ഭക്ഷണം ഉല്പാദിപ്പിക്കണമെന്ന് തീരുമാനിച്ചതും പ്രത്യാഘാതവും പാഠമാക്കണം.

നമ്മുടെ യുവതീയുവാക്കളെ ബഹുരാഷ്ട്ര കുത്തകകളുടെ ബൗദ്ധികവും ശാരീരികവുമായ അദ്ധ്വനത്തിന്റെ സംഭാവനകളാക്കുന്ന വിദ്യാഭ്യാസത്തിന് പകരം കാര്‍ഷിക, കൈത്തൊഴില്‍, ചെറുകിട മേഖലകളില്‍ കാര്യക്ഷമതയും മികച്ചതുമായ സാങ്കേതിക വിദ്യ ഉണ്ടാക്കുന്നവരുമായ വിദ്യാഭ്യാസത്തിന് സന്നദ്ധമാകണം. പുതിയ കണ്ടുപിടുത്തങ്ങളും മാനേജ്‌മെന്റ് പഠനങ്ങളും അതിലേക്കാണ് തിരിയേണ്ടത്. വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉല്പന്നങ്ങളും മറ്റുല്പന്നങ്ങളും എല്ലാ പഞ്ചായത്തുകളിലും ഉല്പാദിപ്പിക്കുവാന്‍ കഴിയും. പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതിക വിദ്യയും വിന്യസിക്കുന്നതിനുമുമ്പേ അത് സമൂഹത്തില്‍ മൊത്തത്തില്‍ തൊഴില്‍രാഹിത്യം ഉണ്ടാക്കുമോയെന്ന് പരിശോധിക്കുവാനുള്ള ഒരു പ്രക്രിയയാണ് ഏറ്റവും അത്യാവശ്യമായിട്ടുള്ളത്. എന്നാല്‍ എല്ലാവര്‍ക്കും തൊഴില്‍ ലഭ്യമാക്കി എല്ലാവരേയും സമ്പന്നരാക്കുന്നതിന് പകരം ബഹു ഭൂരിപക്ഷം ജനങ്ങളേയും അടിമകളാക്കുന്ന സാമ്പത്തിക നയത്തില്‍ നിന്ന് , വിദേശ നിക്ഷേപത്തിലൂടെ എന്നെന്നും കടബാദ്ധ്യത മാത്രം മിച്ചമാകുന്ന സ്ഥിതിയില്‍ നിന്ന് മോചനം നേടാനാകും. ആ വെല്ലുവിളി ഏറ്റെടുക്കുവാന്‍ തക്ക ത്രാണി കോണ്‍ഗ്രസിനും സതീശനും ഉണ്ടോ? അപവാദ മേഖലകള്‍ ഉണ്ടെങ്കിലും മേല്പറഞ്ഞ അടിത്തറ ബലവത്താക്കിയശേഷം മാത്രമേ എല്ലാത്തരം കേന്ദ്രീകൃത ഉല്പാദന രീതികള്‍ക്കും ഐ റ്റി, എ ഐ സാങ്കേതിക വിദ്യകള്‍ക്കും പ്രസക്തിയുള്ളൂ.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply