
ജന്തര്‍മന്തറില്‍ കണ്ട പാറ്റകളുടെ രാഷ്ട്രീയ വിളംബരം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ദില്ലിയില്‍ കൊണാട്ട് പ്ലേസിലെ അംബരചുംബികള്‍ക്കിടയിലുള്ള ചെറിയ ഒരു തുരുത്താണ് ജന്തര്‍മന്തര്‍. ദില്ലിയിലെ ചരിത്രസ്മാരകങ്ങള്‍ക്കിടയിലെ ഒരു ശിശു. എന്നാലും പുരാനകില മുതല്‍ പത്താം നൂറ്റാണ്ടിലെ സൂരജ് കുണ്ടും പില്‍ക്കാലത്തുണ്ടായ ദില്ലി സുല്‍ത്താനത്തിന്റേയും മുഗളരുടേയും നിര്‍മ്മിതികള്‍ക്കിടയില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിക്കപ്പെട്ട ഈ വാനനിരീക്ഷണകേന്ദ്രത്തിന്റെ ചരിത്രപ്രസക്തി ഒട്ടും കുറവല്ല. ഗ്രഹങ്ങളുടെ സഞ്ചാരം പഠിക്കുവാനായി സ്ഥാപിക്കപ്പെട്ട ഈ നിരീക്ഷണനിലയത്തിനകത്തേക്ക് കയറിപ്പോകുന്ന സഞ്ചാരികളേക്കാള്‍ കൂടുതല്‍പേര്‍ ഇതിനുപുറത്ത് പ്രതിഷേധ റാലികളില്‍ പങ്കെടുക്കാറുണ്ട്. ചരിത്രം ജന്തര്‍മന്തറിനകത്തല്ല പുറത്താണ് എന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്. കാരണം രാജ്യത്തിന്റെ ഗ്രഹനില മനസ്സിലാക്കാന്‍ ജന്തര്‍മന്തറിലെ ഗോളമാപിനികളല്ല അതിനുപുറത്ത് തെരുവില്‍ വന്നുകൂടുന്ന ജനതതിയെയാണ് അളക്കേണ്ടത്.
ജൂണ്‍ 6ന് ശനിയാഴ്ച കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി (ചുരുക്കപ്പേര് പാറ്റപാര്‍ട്ടി) വിളിച്ചുചേര്‍ത്ത പ്രതിഷേധയോഗം ഒരു രാഷ്ട്രീയ വിളംബരം കൂടിയായിരുന്നു. ചെറിയ കാലയളവില്‍ (ഏതാനും ദിവസങ്ങള്‍) രണ്ടുകോടി പേര്‍ അംഗങ്ങളായ പാറ്റപാര്‍ട്ടി സാമ്പ്രദായികാര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയല്ല. ചെറുപ്പക്കാരുടെ പ്രസ്ഥാനം എന്നാണ് അതിന്റെ വക്താക്കള്‍ പാര്‍ട്ടിയെ വിശേഷിപ്പിക്കുന്നത്. തലയിലും മീശയിലും നരവീണ ഈ ലേഖകന്‍ പാറ്റപാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ എത്തിച്ചേര്‍ന്നതിന്റെ ചേതോവികാരം എന്ത് എന്ന് ചില യൂട്യൂബര്‍മാര്‍ക്ക് കൗതുകം തോന്നിയതിന്റെ കാരണവും മറ്റൊന്നല്ല. ചെറുപ്പത്തിന്റെ ഊര്‍ജ്ജവും ആവേശവും ആര്‍ജ്ജവവും പ്രതിഷേധത്തില്‍ എമ്പാടും കാണാനുണ്ടായിരുന്നു.
നീറ്റ്, സിബിഎസ്ഇ പരീക്ഷാനടത്തിപ്പിലെ അപാകതകളെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രതിഷേധയോഗം പാര്‍ട്ടിയുടെ സ്ഥാപകന്‍ അഭിജിത് ഡിപ്‌കെ ജന്തര്‍മന്ദറിലെ യോഗം വിളിച്ചുകൂട്ടിയത്. എങ്കിലും ഒരു ജന്‍സി കലാപത്തിന്റെ അരങ്ങൊരുങ്ങലായി പലരും പരിപാടിയെ വ്യാഖ്യാനിക്കുകയുണ്ടായി. ശ്രീലങ്കയും നേപ്പാളും ബംഗ്ലാദേശും ഇന്ത്യയില്‍ ആവര്‍ത്തിക്കുന്നതിന്റെ മുന്നോടിയായി ചിലരെങ്കിലും പാറ്റപാര്‍ട്ടിയുടെ പെട്ടെന്നുള്ള വളര്‍ച്ചയെ കാണുന്നുണ്ട്.
ദില്ലിയിലെ പ്രതിഷേധ രാഷ്ട്രീയം കണ്ടിട്ടുള്ളവര്‍ക്ക് ഓര്‍മ്മ വന്നത് യുപിഎ ഭരണകാലത്ത് അണ്ണാ ഹസാരെയെ മുന്‍നിര്‍ത്തി അരവിന്ദ് കേജ്‌റിവാളും മറ്റും നടത്തിയ അഴിമതി വിരുദ്ധ സമരമാണ്. അതിന്റെ പരിണതി ഒട്ടും ശുഭകരമല്ലാത്ത രീതിയിലായിരുന്നതിന്റെ ചവര്‍പ്പും പുളിപ്പും പലരേയും രാഷ്ട്രീയ സിനിക്കുകളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
ജന്തര്‍മന്തറിലെ ശനിയാഴ്ച ഇപ്രകാരമായിരുന്നു. അനിശ്ചിതത്വം നിറഞ്ഞ ഒരു പകലിന്റെ തുടക്കം, അന്ന് വെളുപ്പിന് അമേരിക്കയിലെ ബോസ്റ്റണില്‍ നിന്നും യാത്രതിരിച്ച ഡിപ്‌കേ ദില്ലിയില്‍ ഇറങ്ങുമ്പോള്‍ എന്ത് സംഭവിക്കും എന്ന ആശങ്കാനിര്‍ഭരമായ ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ടായിരുന്നു. അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ തന്നെ ജന്തര്‍മന്ദറിലേക്ക് യാത്ര ചെയ്യാന്‍ അയാള്‍ക്ക് അനുവാദമുണ്ടാകുമോ എന്ന സംശയം പലര്‍ക്കുമുണ്ടായിരുന്നു. പ്രകടനത്തിന് പോലീസ് അനുമതി നല്‍കുമോ എന്ന ചോദ്യവും ബാക്കി നിന്നിരുന്നു. ജനബഹുലമായിരിക്കുമോ പ്രതിഷേധം, സമാധാനപൂര്‍ണ്ണമായിരിക്കുമോ നടപടിക്രമങ്ങള്‍, ആരൊക്കെ എത്തും എന്നിങ്ങനെ പോയി മറ്റ് സംശയങ്ങള്‍.
ഡിപ്‌കേയുടെ വിമാനം പറഞ്ഞ സമയത്ത് തന്നെ ദില്ലിയിലിറങ്ങി. പോലീസ് പ്രകടനത്തിനുള്ള അനുമതി എയര്‍പോര്‍ട്ടില്‍ കൊണ്ടുചെന്നു നല്‍കി. ചെറുപ്പക്കാര്‍ ജന്തര്‍മന്ദറില്‍ തിങ്ങിനിറഞ്ഞു. മുഖ്യധാരാ പാര്‍ട്ടികള്‍ പ്രതിഷേധത്തെ എതിര്‍ത്തില്ല ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ പങ്കെടുക്കുകയും ചെയ്തു. പ്രതിഷേധം ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങളെ വിശിഷ്യ ഹിന്ദി ടെലിവിഷന്‍ ചാനലുകളെ ഗോദി മീഡിയ (സര്‍ക്കാര്‍ പക്ഷപാതികള്‍ എന്ന് അര്‍ത്ഥം-ഹമുറീഴ ീള വേല േെമലേ) എന്ന് വിളിച്ചുകൊണ്ട് തള്ളിപ്പറഞ്ഞു. നരേന്ദ്രമോദിയോ ബിജെപിയോ മുദ്രാവാക്യങ്ങളിലുണ്ടായിരുന്നില്ല. അംബേദ്ക്കറുടെ ചിത്രങ്ങള്‍ ഭരണഘടനയുടെ പേജുകള്‍ ഇവയൊക്കെ പലരും ഉയര്‍ത്തിക്കാട്ടുന്നുണ്ടായിരുന്നു. ഗാന്ധിയും നെഹ്‌റുവും സന്നിഹിതമായിരുന്നില്ല. ഭരണത്തില്‍ സുതാര്യത, ഉത്തരവാദിത്തം എന്നിവ പരാമര്‍ശിക്കപ്പെട്ടു. പ്രധാന്‍ തന്നെയായിരുന്നു മുഖ്യവില്ലന്‍. അറസ്റ്റുകളും പോലീസ് നടപടികളുമില്ലാതെ ആള്‍ക്കൂട്ടം വൈകുന്നേരം പിരിഞ്ഞുപോവുകയും ചെയ്തു.
പ്രതിഷേധം എന്ന വാക്കു കേട്ടാല്‍തന്നെ ചുവപ്പുകണ്ട കാളയെപ്പോലെ വിറളിപിടിക്കുന്ന ഭരണകൂടം പാറ്റപാര്‍ട്ടിയുടെ പരിപാടിയോട് എന്തുകൊണ്ടായിരിക്കും മൃദുസമീപനം കൈക്കൊണ്ടത്? ഇവര്‍ തമ്മില്‍ എന്തെങ്കിലും അന്തര്‍ധാര സജീവമാണോ? അണ്ണാ ഹസാരെ പ്രതിഷേധത്തെയും ആം ആദ്മി പാര്‍ട്ടിയെയും കുറിച്ച് അത്തരം ആരോപണങ്ങളുണ്ടായിട്ടുണ്ട്. പിന്നെ, സാമൂഹ്യമാധ്യമ കൂട്ടായ്മകളെ നിസ്സാരവല്‍ക്കരിക്കുകയോ തള്ളിപ്പറയുകയോ ചെയ്യുന്ന പ്രവണതയുമുണ്ട്. പക്ഷേ, പാറ്റപാര്‍ട്ടിയുടെ സന്ദര്‍ഭം പഴയൊരു മുഹൂര്‍ത്തത്തിന്റെ പുനരാവര്‍ത്തനമാണെന്ന് തോന്നുന്നില്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
പുതിയ മൂര്‍ത്തമായ സാഹചര്യത്തില്‍ പാറ്റ പാര്‍ട്ടിയുടെ പരിപാടിയെക്കുറിച്ച് മൂന്നു കാര്യങ്ങള്‍ പറയാനുണ്ട്.
ഒന്ന്, ഡിപ്‌കെയുടെ സംരംഭത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യേണ്ടതില്ല. അമേരിക്കയിലിരുന്നുകൊണ്ട് ആപ്പ് രാഷ്ട്രീയവുമായി ബന്ധമുണ്ടായിരുന്ന ഈ ദളിത് വിദ്യാര്‍ത്ഥി പാറ്റപാര്‍ട്ടി എന്ന മുന്‍കൈ തുടങ്ങുന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനേക്കാള്‍ ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യം എന്ന നിലയ്ക്കായിരുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂട്ടായ്മയുടെ പേര് മുതല്‍ മാനിഫെസ്‌റ്റോ വരെയുള്ള സംഗതികള്‍ അങ്ങനെ ആലോചിക്കാന്‍ പ്രേരണ നല്‍കുന്നു. ഭയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനത്തേയും നിയന്ത്രിക്കുന്ന ഒരു കാലഘട്ടത്തില്‍ പരിഹാസവും തമാശയും കലര്‍ന്ന രോഷപ്രകടനത്തിനു മാത്രമേ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ സാധ്യതയുള്ളൂ എന്നും ഡിപ്‌കെ കരുതിക്കാണണം. (ചരിത്രം ഇത് ശരിവയ്ക്കുന്നുണ്ട്.)എന്നാല്‍ സ്ഥാപകന്റെ ഉദ്ദേശ്യത്തിനോ പ്രതീക്ഷയ്‌ക്കോ അപ്പുറമായിരുന്നു സംരംഭത്തിന് ലഭിച്ച ചെറുപ്പക്കാരുടെ പിന്തുണ. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയും പ്രതീക്ഷകളുമാണ് കഴിഞ്ഞ ഏതാനും മാസങ്ങളിലായി പരീക്ഷാനടത്തിപ്പിലെ തട്ടിപ്പുകള്‍ കാരണം തകര്‍ന്നിരിക്കുന്നത്. ഇതിന്റെ ആഘാതം ഹിന്ദിമേഖലയിലെ മധ്യവര്‍ഗ്ഗത്തിനിടയില്‍ വലിയതോതില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനത്തെ നമ്പി പരീക്ഷകള്‍ക്കിരിക്കുന്ന ഇടജാതി അല്ലെങ്കില്‍ പിന്നോക്കജാതി വിഭാഗങ്ങളിലെ കുട്ടികളുടെ കുടുംബങ്ങളുടെ സര്‍ക്കാരിന്മേലുള്ള വിശ്വാസ്യതയാണ് തകര്‍ക്കപ്പെട്ടത്. അതുകൊണ്ടുതന്നെ പരീക്ഷയെ മുന്‍നിര്‍ത്തിയാണ് ജന്തര്‍മന്ദറിലെ മുദ്രാവാക്യങ്ങളുയര്‍ന്നത്. എന്നിരിക്കിലും ചെറുപ്പക്കാരുടെ വര്‍ത്തമാനം പറച്ചിലില്‍ കടന്നുവരുന്നത് ചഋഋഠ, ഇഡഋഠ, ഇആടഋ പരീക്ഷകള്‍ മാത്രമല്ല തൊഴിലില്ലായ്മയും മറ്റ് ബുദ്ധിമുട്ടുകളും അവര്‍ യൂട്യൂബര്‍മാരോട് പ്രതിഷേധത്തിനു കാരണമായി എടുത്തുപറയുന്നുണ്ടായിരുന്നു. നഗരത്തില്‍ ശനിയാഴ്ച കണ്ടതും കേട്ടതും ചെറുപ്പക്കാരുടെ ഉള്ളുതുറക്കല്‍ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ അതിന്റെ രാഷ്ട്രീയത്തിന്റെ സത്യത്തെ നമ്മള്‍ സംശയിക്കേണ്ടതില്ല.
രണ്ട്, കോണ്‍ഗ്രസ്സ്, പ്രത്യേകിച്ചും രാഹുല്‍ഗാന്ധി, പരീക്ഷാക്രമക്കേടുകളെക്കുറിച്ച് പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു. പ്രധാനും മറ്റ് ബിജെപി നേതാക്കളും ഗാന്ധി രാജ്യത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സമരങ്ങള്‍ക്ക് ഒരു ശ്രദ്ധയും നല്‍കാതിരുന്നവര്‍ പാറ്റപാര്‍ട്ടിയില്‍ ഉത്സുകരായി. അണ്ണാഹസാരേയുടെ ഓര്‍മ്മ ഇപ്പോഴും കോണ്‍ഗ്രസ്സിന് നീറ്റലാണ്. ആപ്പ് ഒരു സംഘപരിവാര്‍ ഗൂഢാലോചന മാത്രമായിരുന്നുവെന്നും അതിന്റെ ലക്ഷ്യം കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ മാത്രമായിരുന്നുവെന്നും കരുതുന്ന ഒരുപാട് പേരുണ്ട്. ആ സംശയത്തിന്റെ നിഴല്‍ കോണ്‍ഗ്രസ്സ് ഇക്കോ സിസ്റ്റത്തെ ഇപ്പോഴും അലട്ടുന്നുണ്ട്. എന്നിരിക്കിലും രാഹുല്‍ഗാന്ധി പാറ്റപാര്‍ട്ടിയെ തള്ളിപ്പറയുകയുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. ചെറുപ്പക്കാരിലാണ് തന്റെ കോണ്‍സ്റ്റിറ്റുവന്‍സി എന്ന് രാഹുല്‍ തിരിച്ചറിയുന്നുണ്ട്. ജെന്‍സിക്ക് കൂടുതല്‍ സ്വീകാര്യനായ നേതാവാണ് താന്‍ എന്ന ബോധ്യം അഥവാ ധനികര്‍ക്കും മധ്യവര്‍ഗ്ഗത്തിനും പ്രത്യേകിച്ച് മധ്യവയസ്‌ക്കര്‍ക്കും താന്‍ അനഭിമതനാണെന്നും അദ്ദേഹത്തിന് തോന്നുന്നുണ്ടാവാം.
മൂന്ന്, ചെറുപ്പക്കാരുടെ പ്രതിഷേധം പാറ്റപാര്‍ട്ടിയിലേക്ക് തിരിച്ചുവിടുന്നത് വഴി പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്ക് അതിന്റെ രാഷ്ട്രീയ ആനുകൂല്യം ലഭിക്കില്ല എന്ന് ബിജെപി കണക്കുകൂട്ടുന്നുണ്ടാവും. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ്സും ഇടതു വിദ്യാര്‍ത്ഥി സംഘടനകളുമൊക്കെ വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധി മുതലെടുക്കാതിരിക്കാന്‍ മാത്രമായിരിക്കാം പാറ്റപാര്‍ട്ടിയോട് അനുഭാവപൂര്‍വ്വമായ സമീപനം ഭരണകൂടം കൈക്കൊണ്ടത്. പ്രധാനമന്ത്രി മോദിയുടെ പേരും ബിജെപിയുടെ പേരും ഒഴിവാക്കിക്കൊണ്ട് ധര്‍മ്മേന്ദ്രപ്രധാന്‍ എന്ന നേതാവിലേക്ക് സമരം ചുരുക്കുമ്പോള്‍ പ്രതിപക്ഷത്തിന് ഒരു വലിയ സമരായുധം അല്ലെങ്കില്‍ സമര അജണ്ട നഷ്ടമാകു എന്ന് ബിജെപി കണക്കുകൂട്ടുന്നുണ്ടാവും.
എന്നാല്‍ മാത്തമറ്റിക്‌സും സ്റ്റാറ്റിസ്റ്റിക്‌സുമല്ലല്ലോ രാഷ്ട്രീയം. സാമൂഹ്യ മാധ്യമങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളായിരുന്നു നേപ്പാളിലെ ജെന്‍സി വിപ്ലവത്തിന് ഹേതുവായത്. കൊളമ്പിലും ഢാക്കയിലും ചെറുപ്പക്കാര്‍ തുടങ്ങിവെച്ച സമരങ്ങള്‍ ഭരണകൂടത്തെത്തന്നെ അട്ടിമറിക്കുമെന്ന് ആരും കരുതിയതേയില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ അത്തരം പരിവര്‍ത്തനങ്ങള്‍ എളുപ്പമല്ല.
ആം ആദ്മി പാര്‍ട്ടിയുടെ ഉത്ഭവം യുപിഎ കാലത്തെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യന്‍ സിവില്‍ സമൂഹത്തിന് രാഷ്ട്രനിര്‍മ്മാണത്തില്‍ ഇത്രയേറെ പങ്കുണ്ടായ കാലം വേറെയുണ്ടായിട്ടില്ല. അനേകം സിവില്‍ സമൂഹ മുന്‍കൈകള്‍ക്ക് ഭരണകൂടത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞു. എന്തിന് രാഷ്ട്രീയ സമൂഹത്തെ സിവില്‍ സമൂഹത്തിന് അടിയറവ് വെക്കുന്നു എന്ന വിമര്‍ശനം സോണിയാ ഗാന്ധിയുടെ അക്കാലത്തെ ഇടപെടലുകളെ മുന്‍നിര്‍ത്തി ഉയര്‍ന്നിരുന്നു. രാഷ്ട്രീയ അഴിമതിക്കെതിരെ യുപിഎ സര്‍ക്കാര്‍ നടപടി എടുക്കുന്നതിനും സിവില്‍ രാഷ്ട്രീയത്തിന്റെ ഉയര്‍ച്ച കാരണമായി ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയേറെ മന്ത്രിമാര്‍ അഴിമതിയാരോപണങ്ങള്‍ കാരണം മറ്റൊരു കാലത്തും രാജിവെച്ചിട്ടുണ്ടാവില്ല (മറ്റ് കാലങ്ങളില്‍ അഴിമതി ഇല്ലാഞ്ഞിട്ടല്ല). സിവില്‍ സമൂഹ രാഷ്ട്രീയത്തിന് ലഭിച്ച തുറവിയില്‍ നിന്നുകൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങള്‍ അന്ന് സര്‍ക്കാരിനെതിരെ വലിയ പ്രതിപക്ഷമായി നിലകൊണ്ടത്. അണ്ണാഹസാരെയും കേജ്‌റിവാളും ജനസമ്മതി നേടിയതിന്റെ രാഷ്ട്രീയ സന്ദര്‍ഭം ഇതൊക്കെയാണ്.
കോണ്‍ഗ്രസ്സിനെയും യുപിഎ യെയും അവര്‍ തന്നെ സൃഷ്ടിച്ചെടുത്ത ഈ രാഷ്ട്രീയം തകര്‍ത്തുവെങ്കില്‍ പരോക്ഷമായി അതിന്റെ ഗുണഭോക്താക്കളായത് ബിജെപിയാണ്. ഭരണത്തില്‍ എത്തിയപാടെ മോദി സര്‍ക്കാര്‍ ചെയ്തത് യുപിഎയുടെ സിവില്‍ സമൂഹ രാഷ്ട്രീയ മേല്‍ക്കൈകകളെ (ഉദാ. വിവരാവകാശ നിയമം) ഉന്മൂലനം ചെയ്തുകൊണ്ടാണ്. അവാര്‍ഡ് വാപ്‌സിയും മറ്റും സിവില്‍ സമൂഹത്തിന്റെ ചെറുത്തുനില്‍പ്പായിരുന്നു.
പറഞ്ഞുവരുന്നത് ഇത്രമാത്രം. പാറ്റ പോലുള്ള കൂട്ടായ്മകള്‍ സ്വയം ഭരണം പിടിച്ചെടുത്തു എന്നുവരില്ല എന്നാല്‍ ഭരണകൂട വിരുദ്ധവികാരത്തെ ശക്തിപ്പെടുത്താന്‍ രാഷ്ട്രീയമായ മൂര്‍ച്ചപ്പെടുത്താന്‍ അവ കാരണമായേക്കും. ചെറുപ്പക്കാരെ രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ വലിയ പങ്ക് വഹിക്കും. അതിന്റെ ഗുണഭോക്താക്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ധനസംഘടനാ ശേഷിയുള്ള മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമായിരിക്കില്ല.
എന്തുകൊണ്ടാണ് പാറ്റപാര്‍ട്ടിക്കുള്ള വിശ്വാസ്യത ചെറുപ്പക്കാര്‍ക്കിടയില്‍ തങ്ങള്‍ക്കില്ലാത്തത് എന്ന കാര്യം മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ സ്വയം വിമര്‍ശനമായി ചോദിക്കേണ്ടതാണ്. കടല്‍ക്കിഴവന്മാര്‍-അതില്‍ പലരും അഴിമതിക്കാരും-അരങ്ങുവാഴുന്ന മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളില്‍ ചെറുപ്പക്കാര്‍ എന്തിന് പ്രതീക്ഷ അര്‍പ്പിക്കണം? കുടുംബാധിപത്യവും കുടുംബതാല്പര്യങ്ങളും സംരക്ഷിക്കാന്‍ പാര്‍ട്ടിയേയും പാര്‍ട്ടി അണികളേയും ഉപയോഗിക്കുന്ന നേതാക്കളില്‍ ചെറുപ്പക്കാര്‍ എങ്ങനെ ആകൃഷ്ടരാകും? കോടീശ്വരന്മാര്‍ തിങ്ങി നിറഞ്ഞ ഒരു മണ്ഡലമല്ലേ ഇന്ന് ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയം ?
ഒരുകാര്യമോര്‍ക്കണം. പാറ്റപാര്‍ട്ടി സാമൂഹ്യമാധ്യമ കൂട്ടായ്മുടെ പ്രതിഫലനമെന്ന നിലയില്‍ പുത്തന്‍ പരീക്ഷണമായിരിക്കെത്തന്നെ 201416 കാലം മുതല്‍ക്ക് ഇന്ത്യയിലെമ്പാടും കണ്ടുപോന്ന യുവതയുടെ രാഷ്ട്രീയപോരാട്ടങ്ങളുടെ തുടര്‍ച്ചതന്നെയാണ്. ഇവയൊന്നും പരസ്പരം സംഭാഷണത്തില്‍ ഏര്‍പ്പെട്ടില്ല എന്നതുകൊണ്ട് മാത്രം ഇവ ഒറ്റപ്പെട്ട സംഗതികളാവുന്നില്ല. 2016 ല്‍ രോഹിത് വെമുലയും പിന്നീട് ഗുജറാത്തില്‍ ജിഗ്‌നേഷ് മേവാനിയും തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് സമരവും ഷാഹിന്‍ബാഗിന്റെ പശ്ചാത്തലത്തില്‍ ഉമര്‍ഖാലിദും മറ്റനേകം പേരും മഹാരാഷ്ട്രത്തില്‍ കബീര്‍ കലാമഞ്ചിന്റെ യുവസാരഥികളുമൊക്കെ ഭരണകൂടം ടാര്‍ഗറ്റ് ചെയ്ത യുവനേതാക്കളാണ്. അതില്‍ ചിലര്‍ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമായി പരുവപ്പെട്ടു. മറ്റുചിലര്‍ ജയിലിലാണ്. ചിലര്‍ മരണപ്പെട്ടു. ചിലര്‍ ഗാര്‍ഹികജീവിതത്തിലേക്ക് പിന്‍വാങ്ങി. തങ്ങളിലെ ഏറ്റവും മികച്ചവര്‍,ഏറ്റവും ആര്‍ജ്ജവമുള്ളവര്‍ ഭരണകൂടത്തിന്റെ ബൂട്ടുകള്‍ക്കിടയില്‍ ഞെരിയുമ്പോള്‍ മുഖ്യധാരാ രാഷ്ട്രീയത്തിലെ പ്രതിപക്ഷം അവര്‍ക്കുവേണ്ടി സംസാരിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം ജീവിതസത്യമായി അവരുടെ മുന്നിലുണ്ട്. എല്ലാ പ്രതിഷേധവും ഭരണകൂടം ദേശവിരുദ്ധമെന്ന പേരില്‍ ക്രിമിനലൈസ് ചെയ്ത് തുറുങ്കിലടയ്ക്കുന്ന സാഹചര്യത്തിലാണ് ചെറുപ്പക്കാര്‍ പുതിയ രാഷ്ട്രീയം കണ്ടെത്താന്‍ ശ്രമിക്കുന്നത്. തമിഴ്‌നാട്ടില്‍ നമ്മളതു കണ്ടു. വിജയ് വരിച്ചത് സാമ്പ്രദായിക രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിക്കൊണ്ടല്ല. സംഘടനയുടെ അഭാവവും ധനശേഷിയില്ലായ്മയും തമിഴക വെട്രിക്കഴകം മറികടന്നത് ഹാഷ്ടാഗുകളില്‍ കൂടിയും റീലുകളില്‍ കൂടിയും തങ്ങളുടെ സന്ദേശം ജനങ്ങളിലെത്തിച്ചുകൊണ്ടാണ്. അതുകൊണ്ടാണ് മുഖ്യധാരാ പാര്‍ട്ടികള്‍ക്കോ മാധ്യമങ്ങള്‍ക്കോ ഉരുണ്ടുകൂടിയ കൊടുങ്കാറ്റ് കാണാന്‍ കഴിയാതിരുന്നത്.
പാറ്റപാര്‍ട്ടി ഒരു സൂചനയാണ്. അതിന്റെ തിരയിളക്കത്തില്‍ ഒരു സുനാമി ഇല്ല എന്ന തീര്‍പ്പ് കല്‍പ്പിക്കാന്‍ നമുക്ക് കഴിയില്ല. ഈ അപ്രതീക്ഷിതത്വം തന്നെയാണ് മുഖ്യധാരാപാര്‍ട്ടികള്‍ ഭയക്കേണ്ടതും. ചെവിയോര്‍ത്താല്‍ അവര്‍ക്ക് നല്ലത്-ഇന്ത്യന്‍ ജനാധിപത്യത്തിനും.
(കടപ്പാട് പാഠഭേദം)
