
ഏകകക്ഷി ഭരണത്തിന്റെ ഭാവിയും ജനകീയ ജനാധിപത്യവും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
യഥാര്‍ത്ഥത്തില്‍, ജനാധിപത്യ പരവും സമത്വതിഷ്ടിതവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള പോരാട്ടം മനുഷ്യരാശിയുടെ നാളിതുവരെയുള്ള അഭിലാഷങ്ങളിലൊന്നാണ്. എന്നാല്‍, കഴിഞ്ഞ ഏതാനും ദശകങ്ങളായി, ലോകത്തിലെ പല പ്രധാന സമ്പദ്വ്യവസ്ഥകളിലും രാഷ്ട്രീയ-സാമ്പത്തിക അധികാരത്തിന്റെ കേന്ദ്രീകരണം വര്‍ദ്ധിച്ചുവരികയാണ്. മിക്ക പ്രധാന സമ്പദ്വ്യവസ്ഥകളും ഇന്ന് രാഷ്ട്രീയ തലത്തിലും സ്വഭാവത്തിലും കൂടുതലായി സ്വേച്ഛാധിപത്യപരമാകുമ്പോള്‍, സാമൂഹിക-സാമ്പത്തിക തലത്തില്‍ അവ പൂര്‍ണ്ണമായും മുതലാളത്ത്വപരമായി തുടരുന്നുമുണ്ട്. അല്‍ ഗോരിതം അധിഷ്ഠിതമായിട്ടുള്ള നിരീക്ഷണ സാങ്കേതികവിദ്യകള്‍, വിവരവിശകലനം, നിര്‍മ്മിത ബുദ്ധി എന്നിവയിലെ പുരോഗതി ജനാധിപത്യ സ്ഥാപനങ്ങളെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയും, സാമൂഹിക നിയന്ത്രണത്തിനും ഭരണത്തിനും പൂര്‍ണ്ണമായും പുതിയ സംവിധാനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട്, ഭരണകൂടത്തെ എന്നത്തേക്കാളും ഉപരിയായി കേന്ദ്രീകൃതവും ശക്തവുമാക്കാന്‍ പ്രാപ്തമാക്കുകയും ചെയ്തിരിക്കുന്നു.
1991 -ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം, ലോകമെമ്പാടും പ്രചരിക്കപ്പെട്ടത് പൊതുമേലയിലൂന്നിയ സോഷ്യലിസ്റ്റ് – ഏക കക്ഷി ഭരണമാണ് ഏകാധിപത്യത്തിന് അടിസ്ഥാനമാക്കുന്നതെന്നാണ്. എന്നാല്‍ കുത്തവല്‍ക്കരിക്കപ്പെടുന്ന മുതലാളിത്ത വ്യവസ്ഥയുടെ സാമ്പത്തിക-സാമൂഹ്യക പ്രക്രിയയും ഫലത്തില്‍, ബഹുകഷി ഭരണമുണ്ടായാലും ഇല്ലെങ്കിലും, നാളിതുവരെ നിലനിന്നു പോരുന്ന ധാരണകളെ തെറ്റിച്ചു കൊണ്ട് , സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ, തികച്ചും ശക്തമായ ഏകാധിപത്യ വ്യവസ്ഥകളെയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് .
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളോ ഭരണഘടനാ ക്രമീകരണങ്ങളോ പരിഗണിക്കാതെ തന്നെ, ലോകമെമ്പാടുമുള്ള രാഷ്ട്രീയ സംവിധാനങ്ങള്‍ സുതാര്യത, പൊതു പങ്കാളിത്തം, ജനാധിപത്യ ഉത്തരവാദിത്തം എന്നിവ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ബഹുകക്ഷി ജനാധിപത്യം, മാധ്യമ സ്വാതന്ത്ര്യം, രാഷ്ട്രീയ അവകാശങ്ങളും, ജനകീയ പരമാധികാരവും തനിയെ ഉറപ്പുനല്‍കപ്പെടുമെന്ന ദീര്‍ഘകാലമായി നിലനിന്നിരുന്ന കരുതലുകളെ, പ്രതിക്ഷകളെ സമകാലിന സ്ഥിതിഗതികളും, സംഭവവികാസങ്ങളും വെല്ലുവിളിക്കുന്നു. അതേസമയം, വിപ്ലവാനന്തരമുള്ള പല സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും അത്യന്തം കേന്ദ്രീകൃതമായ രാഷ്ട്രീയ ഭരണ സവിധാനത്തോടുകൂടിയ ഭരണകൂട-നിയന്ത്രിത മുതലാളത്ത്വത്തിന്റെ രൂപങ്ങളായി പരിണമിച്ചു എന്നത് ഏറെ ജനാധിപത്യ – കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയേല്‍പ്പിച്ച സ്ഥിതിഗതി ആയിരുന്നു.
ഈ സന്ദര്‍ഭത്തില്‍, ജനാധിപത്യത്തിനായുള്ള പോരാട്ടം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു കേന്ദ്രതത്വമായി, മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്നായിത്തീരേണ്ടതുണ്ട്, അത് ഭാവിയില്‍ തീരുമാനിക്കേണ്ട പൂര്‍ത്തീകരിക്കേണ്ട വിദൂര വാഗ്ദാനമായി അവശേഷിക്കാന്‍ പാടുള്ളതല്ല. അങ്ങനെ അയാല്‍ വിപരീതവും ദൂരന്തപൂര്‍ണ്ണവുമായ സ്ഥിതിഗതിയാണ് കാത്തിരിക്കുകയെന്ന് വ്യക്തം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഏതൊരു സോഷ്യലിസ്റ്റ് പദ്ധതിയുടെയും പ്രഥമ കര്‍ത്തവ്യം, ഉല്‍പ്പാദനോപാധികളുടെയും സ്ഥാപനങ്ങളുടെയും മേലുള്ള ജനാധിപത്യ നിയന്ത്രണം സ്ഥാപിക്കുക, ഉറപ്പുവരുത്തുക എന്നതാണ്. ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ ആവര്‍ത്തിച്ചുകാണുന്ന ബലഹീനതകളിലൊന്ന്, സാമ്പത്തിക വികസനം കൈവരിക്കുകയോ ബാഹ്യ ഭീഷണികളെ അതിജീവിക്കുകയോ ചെയ്യുന്നതുവരെ ജനാധിപത്യ പ്രക്രിയകള്‍ മാറ്റിവയ്ക്കുന്ന പ്രവണതയായിരുന്നു. പല സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും മുതലാളത്ത്വ ശക്തികളില്‍നിന്ന് യഥാര്‍ത്ഥ സൈനിക, സാമ്പത്തിക, രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കിലും, സാമൂഹിക പരിവര്‍ത്തനം പൂര്‍ത്തിയായതിനുശേഷം മാത്രം നല്‍കേണ്ട ഒരു ദ്വിതീയ ലക്ഷ്യമോ പ്രതിഫലമോ ആയി ജനാധിപത്യത്തെ കണക്കാക്കിയാതായി ചിന്തിക്കേണ്ടി വരുന്നു. ബാഹ്യ ഭീഷണിയുടെയും ദേശീയ അടിയന്തരാവസ്ഥയുടെയും കാലഘട്ടങ്ങളില്‍പ്പോലും, ജനകീയ പങ്കാളിത്തം ശക്തിപ്പെടുത്തണം, താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കരുത് എന്ന് സാരം. എല്ലാ സമാനതകളും ഉള്‍കൊണ്ടിട്ടുള്ള ബഹുകക്ഷി കൂട്ടായ്മകളെ പ്രോല്‍ സാഹിപ്പിക്കേണ്ടതുണ്ട് എന്ന് വ്യക്തം.
ഭാവിയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ജനകീയ ജനാധിപത്യ വ്യവസ്ഥക്കായി താഴെപ്പറയുന്ന അടിസ്ഥാന തത്വങ്ങള്‍ പൂര്‍ണ്ണമായി ഉറപ്പിക്കേണ്ടതുണ്ട്:
രാഷ്ട്രീയ ജനാധിപത്യം ഒരു ബൂര്‍ഷ്വാ വിട്ടുവീഴ്ചയല്ല, മറിച്ച് ഒരു സോഷ്യലിസ്റ്റ് ആവശ്യകതയാണ്.
പ്രകടന സ്വാതന്ത്ര്യം, കൂട്ടായ്മാ സ്വാതന്ത്ര്യം, സമ്മേളന സ്വാതന്ത്ര്യം, വിമര്‍ശനാവകാശം എന്നിവ തൊഴിലാളിവര്‍ഗ്ഗത്തിന്റെ സ്വയം വിമോചനത്തിന് അനിവാര്യമാണ്.
ജനാധിപത്യ പങ്കാളിത്തമില്ലാത്ത സോഷ്യലിസം അനിവാര്യമായും ഭരണാധികാരികളും ഭരിക്കപ്പെടുന്നവരും തമ്മില്‍ ഘടനാപരമായ വേര്‍തിരിവ് സൃഷ്ടിക്കുന്നു.
ഒരു സോഷ്യലിസ്റ്റ് സമൂഹം അതിന്റെ സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ടുമാത്രമല്ല, രാഷ്ട്രീയ-സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ജനങ്ങള്‍ക്കുള്ള നിയന്ത്രണത്തിന്റെ വ്യാപ്തി കൊണ്ടുകൂടി വിലയിരുത്തപ്പെടേണ്ടതാണ്.
ഏകകക്ഷി ഭരണത്തിന്റെ ഭാവി
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പ്രതിപാദിക്കുകയും വ്‌ളാദിമിര്‍ ലെനിന്‍ ‘ ഭരണകൂടവും വിപ്ലവും’ (സ്റ്റേറ്റ് ആന്‍ഡ് റെവല്യൂഷന്‍ )എന്ന കൃതിയില്‍ കൂടുതല്‍ വികസിപ്പിക്കുകയും ചെയ്ത, ശാസ്ത്രീയ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തത്തിന്റെ അടിസ്ഥാന പ്രമേയം, ക്രമേണ ഭരണകൂടം വര്‍ഗ്ഗ താല്പര്യങ്ങളുടെ ഭിന്നത കുറയുന്നതോടെ സമൂഹത്തിന് വേണ്ടാതായി മാറുമ്പോള്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ സമത്വപരമായ ഒരു സമൂഹം പൂര്‍ണ്ണമായി ഉടലെടുക്കുകയുള്ളൂ എന്നതാണ് – ഇത് വര്‍ഗ്ഗവിഭജനങ്ങളുടെയും അവയ്ക്ക് കാരണമാകുന്ന സാമൂഹിക സാഹചര്യങ്ങളുടെയും നിര്‍മ്മാര്‍ജ്ജനത്തിലൂടെ സാധ്യമാകുന്ന ഒരു പ്രക്രിയയാണ് താനും. ചരിത്രപരമായി, ഒരു മുന്നണി പാര്‍ട്ടിയുടെ കീഴില്‍ ഭരണകൂട അധികാരത്തിന്റെ താല്‍ക്കാലിക കേന്ദ്രീകരണത്തിനുള്ള ന്യായീകരണം, വിപ്ലവത്തെ പ്രതിവിപ്ലവ ശക്തികളില്‍നിന്ന് സംരക്ഷിക്കേണ്ടതിന്റെ ഉടനടി ആവശ്യകതയിലും, ആഗോള ഉപരോധത്തിനിടയില്‍ വ്യാവസായികവല്‍ക്കരണം ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലുമാണ് വേരൂന്നിയിരുന്നത്, ഇനിയും അങ്ങോട്ട് ഊന്നല്‍ നല്‍കാന്‍ സാദ്ധ്യതയും അതാണ്.
എന്നിരുന്നാലും, ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രപരമായ അനുഭവം, ഈ പരിവര്‍ത്തന ചിന്തയിലെ അഥവാ യുക്തിയിലെ ഒരു ഗഹനമായ വൈരുദ്ധ്യത്തെ വെളിപ്പെടുത്തുന്നു; വര്‍ഗ്ഗസമരം സ്തംഭിക്കുകയോ, അല്ലെങ്കില്‍ കേന്ദ്രീകൃത രാഷ്ട്രീയ ഘടനയ്ക്കുള്ളില്‍ വര്‍ഗ്ഗവൈരുദ്ധ്യങ്ങള്‍ പതിയിരിക്കുയോ , മറഞ്ഞുകിടക്കുകയോ ചെയ്യുമ്പോള്‍, സമൂഹത്തിന് യഥാര്‍ത്ഥത്തില്‍ ജനാധിപത്യപരവും, സമത്വപരവും, കമ്മ്യൂണിസ്റ്റുമായ ഒരു ഭാവിയിലേക്ക് മുന്നേറാന്‍ കഴിയുകയില്ല എന്നതാണ്. തീര്‍ച്ചയായും, അമിതമായ രാഷ്ട്രീയ കേന്ദ്രീകരണം ഭരണകൂട സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതിനുപകരം ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. സാമൂഹിക ബന്ധങ്ങളുടെ തുടര്‍ച്ചയായ പരിവര്‍ത്തനവും, രാഷ്ട്രീയ അധികാരത്തിന്റെ ആഴത്തിലുള്ള ജനാധിപത്യവല്‍ക്കരണവും കൂടാതെ, സോഷ്യലിസ്റ്റ് പദ്ധതികള്‍ സ്തംഭനത്തിനും, ഒടുവില്‍ ബ്യൂറോക്രാറ്റിക് സ്വേച്ഛാധിപത്യത്തിലേക്കും , ഒളിഗാര്‍ക്കിക് ആധിപത്യത്തിലേക്കും , അല്ലെങ്കില്‍ പുതിയ തരത്തിലുള്ള വര്‍ഗ്ഗഭരണത്തിലേക്കുമുള്ള പതനത്തിനും ഇരയായി മാറുന്നു.
ചരിത്രപരമായ തിരിച്ചടികളും തെറ്റിദ്ധാരണകളും
ഇരുപതാം നൂറ്റാണ്ടിന്റെ അനുഭവം ഒരു അപകടകരമായ തെറ്റിദ്ധാരണയ്ക്ക് ജന്മം നല്‍കി: വര്‍ഗ്ഗവൈരുദ്ധ്യങ്ങള്‍ പ്രാഥമികമായി വ്യവസ്ഥക്ക്, സാമൂഹത്തിനുമേലുള്ള ഭരണപരമായ അധികാരത്തിലൂടെ പരിഹരിക്കാനും, സാമൂഹിക സംഘര്‍ഷത്തിന്റെ അടിച്ചമര്‍ത്തല്‍ തനിയെ ഒരു വര്‍ഗ്ഗരഹിത സമൂഹത്തിന് കാരണമാകാനും കഴിയും എന്നതായിരുന്നു ആ തെറ്റിദ്ധാരണ. സോവിയറ്റ് യൂണിയന്റെ അനുഭവം തത്വികമായി ഈ യാന്ത്രിക ഭൗതികവാദപരമായ സമീപനത്തെ തുറന്നു കാട്ടുകയുണ്ടായി – അതിലെ ഘടനാപരമായ പരിമിതികള്‍ പ്രകടമാക്കി. ഭരണകൂട സംവിധാനം ജനാധിപത്യ കേന്ദ്രീകരണ തത്വത്തിന്റെ കേന്ദ്രീകരണടിസ്ഥാനത്തില്‍ വികസിച്ചപ്പോള്‍, രാഷ്ട്രീയ അധികാരം ഒരു ബ്യൂറോക്രാറ്റിക് പാര്‍ട്ടി- ഭരണാധികാരി- വരേണ്യവര്‍ഗ്ഗത്തിനുള്ളില്‍ കൂടുതല്‍ കേന്ദ്രീകരിക്കപ്പെട്ടു. തൊഴിലാളിവര്‍ഗ്ഗം ക്രീയാത്മകമായ, അര്‍ത്ഥപൂര്‍ണ്ണമായ ജനാധിപത്യ നിയന്ത്രണത്തില്‍നിന്ന് ക്രമേണ അനിവല്‍ക്കരിക്കപ്പെടുകയും, തല്‍ഫലമായി പുറത്താക്കപ്പെടുകയും, ഒഴിവാക്കപ്പെടുകയും ചെയ്തു. ‘സോവിയറ്റുകള്‍ക്ക് സമ്പൂര്‍ണ്ണ അധികാരം’ എന്ന യഥാര്‍ത്ഥ വിപ്ലവ മുദ്രാവാക്യം ക്രമേണ ‘പാര്‍ട്ടി ബ്യൂറോക്രസിക്ക് സമ്പൂര്‍ണ്ണ അധികാരം’ എന്ന പ്രായോഗിക യാഥാര്‍ത്ഥ്യത്തിന് വഴിമാറി. തുറന്ന ജനാധിപത്യ പ്രതികരണത്തിന്റെ വഴക്കമില്ലാത്തതിനാല്‍, സംവിധാനം ഉദ്യോഗസ്ഥ ഭരണകൂടാ ധിപത്യത്തിന്റെ സമ്പൂര്‍ണ്ണ അധികാര രൂപത്തിലേക്ക് പരിണമിച്ചു, ഇത് ആരംഭത്തില്‍ തന്നെ സോവിയറ്റുകളെ ദുര്‍ബലപ്പെടുത്തി സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു സാദ്ധ്യതകള്‍ ഒരുക്കൂ കയും, 1991 നുശേഷം ഉണ്ടായ പൂര്‍ണ്ണമായ ശീഫീലകരണത്തോടെ , വിപണി മുതലാളത്ത്വത്തിന്റെ പുനഃസ്ഥാപനം ശ്രദ്ധേയമാംവിധം വേഗത്തിലാക്കുകയും ചെയ്തു.
പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് (ജനകീയ ജനാധിപത്യ ) ചൈനയുടെ സമകാലിക അനുഭവം, അല്പം വ്യത്യസ്തമെങ്കിലും, ജനാധിപത്യ പ്രക്രിയയിലെ അടിസ്ഥാനപരമായ ഒരു വെല്ലുവിളി അത് ഉയര്‍ത്തുന്നു. ചൈന, ഒരു ഭരണകക്ഷിയുടെ കീഴില്‍ രാഷ്ട്രീയ കുത്തക നിലനിര്‍ത്തിക്കൊണ്ടുതന്നെ, ഭരണകൂടം-നയിക്കപ്പെടുന്ന സാമ്പത്തിക ആസൂത്രണത്തെ വന്‍തോതിലുള്ള മുതലാളത്ത്വ വികസനവുമായി സംയോജിപ്പിച്ചിരിക്കുന്നു. ഈ Hybrid (മി ശ്രീത)മാതൃക ഗണ്യമായ ഭരണകൂട ശേഷി പ്രകടമാക്കിയിട്ടുണ്ട്, ഇത് ദ്രുതഗതിയിലുള്ള വ്യാവസായികവല്‍ക്കരണത്തിനും, അതി ദാരിദ്ര്യത്തില്‍ നിന്ന് ജനങ്ങളെ വിമുക്തരാക്കാനും, പരിസര രക്ഷക്കും സാധ്യത ഉളവാക്കി. കൂടാതെ ലോക കബോളത്തില്‍ പുതിയ വെല്ലുവിളികള്‍ക്ക് ചൈനയുടെ സാമ്പത്തിക സങ്കേതിക സൈനീക വളര്‍ച്ച കാരണമാക്കാനും ഇന്ന് ഇടയക്കായിട്ടുണ്ട്. എന്നിരുന്നാലും, ഇത് ശാശ്വതമായ ഏകകക്ഷി ഭരണത്തില്‍ അന്തര്‍ലീനമായ ഘടനാപരമായ പിരിമുറുക്കങ്ങളും, ഉദ്യോഗസ്ഥ- പ്രഭൂത്വ ഭരണ സംവിധാനവും, വിശാലമായ ജനങ്ങളും തമ്മിലുള്ള ആഴത്തിലുള്ള രാഷ്ട്രീയ അകല്‍ച്ചയുടെ വൈരുദ്ധ്യങ്ങളും നൂനതകളും, ജനാതധിപത്യ വിരുദ്ധതയും അതില്‍ അടങ്ങിയ അപകടസാധ്യതകളും എടുത്തുകാണിക്കുന്നു.കൂടാതെ, സോവിയറ്റ് യൂണിയന്‍ പാര്‍ട്ടി ബന്ധിതമായ ബ്യൂറോക്രാറ്റിക് ഭരണ സംവിധാനത്തെ ആശ്രയിച്ചപ്പോള്‍, ആധുനിക ചൈനീസ് ഭരണകൂടം, നേരത്തേ സൂചിപ്പിച്ച, അല്‍ഗോരിതം നയിക്കുന്ന നിരീക്ഷണ സാങ്കേതികവിദ്യകള്‍, വിവര വിശകലനം, നിര്‍മ്മിത ബുദ്ധി എന്നിവയെ സങ്കേതികവിദ്യയുടെ നൈപുണ്യത്തോടെ സംയോജിച്ച് ഉറപ്പിച്ചിരിക്കുന്നു. സാമൂഹിക സഘര്‍ഷ സാദ്ധ്യതകള്‍ തത്സമയം നിരീക്ഷിക്കാനും, പ്രവചിക്കാനും നിയന്ത്രിക്കാനും ഒരു ‘ഡിജിറ്റല്‍ പാന്‍ഒപ്റ്റിക്കോണ്‍’ വിന്യസിക്കുന്നതിലൂടെ, ഭരണകുടത്തിന് രാഷ്ട്രീയ അന്യന വല്‍ക്കരണത്തിന്റെ അകല്‍ച്ചയില്‍ നിന്ന് സ്വയം രക്ഷപ്പെടാനും , എതിര്‍പ്പ് സംഘടിത രൂപം കൊണ്ട് പ്രതിപക്ഷമായി രൂപപ്പെടുന്നതിന് മുമ്പുതന്നെ അതിനെ മുന്‍കൂട്ടി പിരിച്ചുവിടാനുമുള്ള അഭൂതപൂര്‍വമായ ശേഷി ആര്‍ജിക്കാനായിട്ടുണ്ട്, അഥവാ, വികസിപ്പിച്ചിട്ടുണ്ട്.
ജനാധിപത്യ കേന്ദ്രീകരണം ഔപചാരികമായി ചൈനീസ് സംവിധാനത്തിന്റെ സംഘടനാ തത്വമായി തുടരുന്നുണ്ടെങ്കിലും, ചരിത്രപരമായ സന്തുലിതാവസ്ഥ ഏറെക്കുറെ ഒരു വശത്തേക്ക് ചാഞ്ഞിരിക്കുന്നു; മുകളിലേക്കുള്ള തുറന്ന ചര്‍ച്ചയുടെ അടിസ്ഥാനം, ആദര്‍ശനിഷ്ടമായ കീഴ്വഴക്കത്തിനു പകരം, പൂര്‍ണ്ണമായ ഏകീകൃത -കേന്ദ്രികൃത – ഏകശിലാ ചട്ടകൂടിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിന് വ്യവസ്ഥാപിത പരമായി കീഴ്‌പ്പെടുത്തപ്പെട്ടിരിക്കുന്നു. ഇത് ജനാധിപത്യ അവകാശങ്ങളുടെ ധ്വംസനം എന്നേ പറയനാവു. അനന്തരഫലമായി, രാഷ്ട്രീയ മത്സരം ഇടുങ്ങിയതും ഇറുകിയതുമായ, ഒരു ദശലക്ഷം പാര്‍ട്ടി മെംബര്‍മാര്‍ക്കിടയിലുള്ളതു മാത്രമായി തുടരുന്ന സ്ഥിതി നിലനില്‍ക്കുന്നു. വ്യവസ്ഥയുടെ നിയമസാധുത പ്രാഥമികമായി ഉല്പാദന-സാമ്പത്തിക നേടങ്ങളെ ആശ്രയിച്ചും, അതിന്റെ വസ്തുനിഷ്ട പ്രകടനത്തില്‍നിന്നും, സാങ്കേതിക മികവില്‍നിന്നും, ദേശീയ വികസനത്തില്‍നിന്നുമാണ് ഉരുത്തിരിയുന്നത്, താഴേത്തട്ടില്‍ നിന്നുള്ള സജീവ ജനാധിപത്യ പങ്കാളിത്തത്തില്‍നിന്നല്ല. ഫലം, ജനാധിപത്യത്തിനും കേന്ദ്രീകരണത്തിനും ഇടയിലുള്ള ഒരു ചലനാത്മക സന്തുലിതാവസ്ഥയല്ല, മറിച്ച് ഭരണകൂട മുതലാളിത്ത – ഉദ്യോഗസ്ഥ കേന്ദ്രീകരണം ആധിപത്യം പുലര്‍ത്തുകയും, സ്വതന്ത്ര ജനാധിപത്യ രാഷ്ട്രീയ പങ്കാളിത്തം നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന ഒരു വ്യവസ്ഥയാണ് നിലവിലുള്ളത്.
ചുരുക്കത്തില്‍, സോഷ്യലിസത്തെ ഭരണകൂട ഉടമസ്ഥതയിലേക്കോ, സാമ്പത്തിക വളര്‍ച്ചയിലേക്കോ, സാങ്കേതികമോ, ഭരണപരമായ കാര്യക്ഷമതയിലേക്കോ മാത്രമായി ചുരുക്കാന്‍ കഴിയില്ല. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ജനാധിപത്യ പങ്കാളിത്തം, ജനകീയ മേല്‍നോട്ടം, പൗരന്മാര്‍ക്ക് സ്വാധീനം ചെലുത്താനും, വെല്ലുവിളിക്കാനും, അധികാരികളെ ഉത്തരവാദികളാക്കാനുമുള്ള തുടര്‍ച്ചയായ കഴിവ് എന്നിവയില്ലാതെ, സോഷ്യലിസ്റ്റ് വ്യവസ്ഥകള്‍ വ്യത്യസ്ത പേരുകളില്‍ പുതിയ രൂപങ്ങളിലുള്ള ശ്രേണികളും, ആധിപത്യവും പുനര്‍ സൃഷ്ടിക്കാനുള്ള, അഥവാ പുനരുത്പാദിപ്പിക്കാനുള്ള സാധ്യത തള്ളികളയാനാവില്ല. ഭൗതിക ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക വികസനം എന്നിവയില്‍ സോഷ്യലിസത്തിന് ഗണ്യമായ പുരോഗതി കൈവരിക്കാനാകുമെങ്കിലും, ഈ നേട്ടങ്ങള്‍ മാത്രം ജനാധിപത്യ ശാക്തീകരണത്തിന് പകരമാകില്ല. സോഷ്യലിസത്തിന്റെ ഭാവി പ്രാപ്തിയും സ്വീകാര്യതയും – സാമൂഹിക ഉടമസ്ഥതയെ മഹത്തായ ജനകീയ പരമാധികാരവും, ശാശ്വതവും സ്ഥാപനവല്‍ക്കരിക്കപ്പെട്ടതുമായ ജനാധിപത്യ പങ്കാളിത്തവുമായി ഏകീകരിക്കാനുള്ള അതിന്റെ സമ്പൂര്‍ണ്ണ കഴിവിനെ ആശ്രയിച്ചിരിക്കുന്നു.
