മതേതരത്വത്തെ വീണ്ടെടുക്കാൻ ജാതീയതയെപ്പറ്റി സംസാരിച്ചു കൊണ്ടുതുടങ്ങാം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

 

ഫാഷിസത്തിന്റെ വളരെ സങ്കീര്‍ണമായ, എളുപ്പം പിടിതരാത്ത, സാധാരണ മനുഷ്യരുടെ കണ്ണില്‍ നിരുപദ്രവവും ഒപ്പം ഏറെ ആകര്‍ഷകവുമായി തോന്നിപ്പിക്കുന്ന ഒരു മഹാമേള ഈ വര്‍ഷം ഫെബ്രുവരിയില്‍ നിളാതീരത്തു നടന്നു. മാമാങ്കത്തിന്റെ ഭൂമികയായ തിരുനാവായയുടെ പ്രാദേശിക ചരിത്രവും ഹിന്ദുമുസ്ലിം സൗഹാര്‍ദ്ദവും വിസ്മരിക്കാനും വര്‍ത്തമാനകാലത്ത് പൗരാണികശേഷിപ്പുകളില്‍ കടന്നുകയറുന്ന ഹിന്ദുത്വയെ പ്രകീര്‍ത്തിക്കാനും പരോക്ഷമായി ആഹ്വാനം ചെയ്യുന്നതായിരുന്നു കേരളത്തിലെ കുംഭമേളയെന്നു വിശേഷിപ്പിച്ച പ്രസ്തുത പരിപാടി. തുടര്‍ന്ന് മെയ് 15 മുതല്‍ 24 വരെ തിരുനാവായില്‍ വെച്ചുതന്നെ വിവിധ സാംസ്‌കാരിക സംഘടനകളുടെ മുന്‍കൈയില്‍ കേരളപ്പെരുമ മൈത്രിമഹോത്സവം എന്ന സാംസ്‌കാരികോത്സവവും നടന്നു. പ്രസതുതവേദിയില്‍ ഡോ ഖദീജ മുംതാസ് നടത്തിയ പ്രഭാഷണത്തിന്റെ ലിഖിത രൂപം.

മതേതരത്വത്തെ വീണ്ടെടുക്കാൻ  ജാതീയതയെപ്പറ്റി സംസാരിച്ചു കൊണ്ടുതുടങ്ങാം

ഫാഷിസത്തിന്റെ വളരെ സങ്കീര്‍ണമായ, എളുപ്പം പിടിതരാത്ത, സാധാരണ മനുഷ്യരുടെ കണ്ണില്‍ നിരുപദ്രവവും ഒപ്പം ഏറെ ആകര്‍ഷകവുമായി തോന്നിപ്പിക്കുന്ന ഒരു മഹാമേള ഈ വര്‍ഷം ഫെബ്രുവരിയില്‍ നിളാതീരത്തു നടന്നു. ഉത്തരേന്ത്യയില്‍ കാലങ്ങളായി, ഗംഗാതീരത്ത് ആവര്‍ത്തിച്ചു നടക്കുന്ന കുംഭമേളയുടെ ഒരു ചെറുപതിപ്പ് ആയിരുന്നു അത് .സമാനമായ ഒന്ന്, ഒരു മഹായാഗം കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ദേശീയ ബിജെപി നേതാക്കളുള്‍പ്പെടെ പങ്കെടുത്തു കൊണ്ട് വിപുലമായി നടന്നതായും അറിഞ്ഞു. കോഴിക്കോട് കക്കോടിയിലും നടന്നു, ദിവസങ്ങളോളം നീണ്ടു നിന്ന അതിരാത്രം. കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ആണ് സംഘാടകര്‍ എന്നും ഇത് കുറച്ചു വര്‍ഷങ്ങളായി വലിയ കോളിളക്കങ്ങളില്ലാതെ നടന്നുകൊണ്ടിരിക്കുന്നു എന്നുമറിഞ്ഞു. നിഷ്‌കളങ്കമായി ഭക്തിപുരസരം ഇവയിലൊക്കെ പങ്കെടുക്കുന്ന ഹൈന്ദവ സമൂഹത്തെയും കണ്ടു. ഒപ്പം, കച്ചവടാഭിവൃദ്ധിയില്‍ ആവേശം കൊണ്ട മുസ്ലിങ്ങളുള്‍പ്പെടെയുള്ള ചെറുകിട ബിസിനസ്സുകാരുടെ ആവേശത്തെപ്പറ്റിയും കേട്ടു. കേട്ടു.

കുംഭമേള നടക്കുന്നെങ്കില്‍ എന്താണ് പ്രശ്നം എന്നു ക്ഷോഭിച്ചത് കൃസ്ത്യന്‍ സമുദായാംഗമായ, അധ്യാപകനായ ഒരു പ്രശസ്ത എഴുത്തുകാരന്‍.. അതെ, എന്താണ് പ്രശ്നം? പണ്ട് ഗാന്ധിജിയോട് സന്തത സഹചാരിണിയായ സുശീലാനയ്യാരും ചോദിച്ചിരുന്നു, . അവര്‍ പറയുന്നതില്‍ എന്താണ് കുഴപ്പം, താങ്കള്‍ പറയുന്നതു തന്നെയല്ലേ അവരും പറയുന്നത് എന്ന്. ഗാന്ധിജിയില്‍ ഹിന്ദു എന്ന അഭിമാനബോധവും ഹൈന്ദവഐകൃത്തിനുള്ള ആഗ്രഹവും ഉണ്ടായിരുന്നു എന്നവര്‍ക്കറിയാമായിരുന്നു. അതു തന്നെയല്ലേ ഹിന്ദു മഹാസഭക്കാരും പറഞ്ഞു കൊണ്ടിരിക്കുന്നത് എന്ന സന്ദേഹമാണ് അവര്‍ പ്രകടിപ്പിച്ചത്. ഈ സന്ദേഹം ഇന്നും നിലനിര്‍ത്തുന്നു എന്നതാണ് ഒരു നൂറ്റാണ്ടായി ഹിന്ദുത്വ ശക്തികളുടെ വിജയവും. അതിലൂടെയാണവര്‍ അവരുടെ ഫാസിസപ്രത്യയശാസ്ത്രത്തിനുള്ള മണ്ണൊരുക്കുന്നത്. ആ മണ്ണിലാണവര്‍ അടുത്ത ഘട്ടത്തില്‍ വെറുപ്പിന്റെ വിത്തു വിതക്കുന്നതും.

ഹിന്ദു മതബോധം ആത്മീയതലത്തില്‍ സൂക്ഷിക്കുമ്പോഴും അന്യമതസ്ഥരെ ചേര്‍ത്തുപിടിക്കാനാവുന്ന വലിയ ജ്ഞാനേയ ബഹുസ്വരതാബോധം ഗാന്ധിജിയിലുണ്ടായിരുന്നു. (തീവ്ര ) ദേശീയതയിലും വംശീയ ഫാസിസത്തിലുമുള്ളത് മതമോ ആത്മീയതയോ അല്ല, തികച്ചും ഭൗതികവാദപരമായ അധികാരമോഹ പ്രത്യയശാസ്ത്രം മാത്രമാണ്. ജര്‍മ്മന്‍ ഫാസിസത്തിലും നാസിസത്തിലും അതാണു പ്രവര്‍ത്തിച്ചത്. ഇസ്രയേല്‍ സയണിസത്തില്‍ നമ്മളിന്നതു കാണുന്നു. അപ്പോള്‍ മതേ തരത്വത്തെപ്പറ്റി സംസാരിക്കുന്നത് പഴയകാലത്തേതുപോലെ പ്രാദേശിക മതമൈത്രിയുടെ ഗൃഹാതുരത പറഞ്ഞു കൊണ്ടാവുന്നതില്‍ അര്‍ത്ഥമില്ല. ചുരുങ്ങിയത്, ഈ പ്രത്യയശാസ്ത്രത്തെ വിശകലനം ചെയ്തു കൊണ്ടാകേണ്ടതുണ്ട് അത്.

യൂറോപ്യന്‍ മതേതരത്വമല്ല ഇന്ത്യന്‍ മതേതരത്വമെന്ന് നാം ആവര്‍ത്തിച്ചു പറയാറുണ്ട്. ശരിയുമാണത്. ഭരണസംവിധാനത്തില്‍ നിന്ന് മതത്തെ അകറ്റിനിര്‍ത്തുക എന്നതായിരുന്നു ദീര്‍ഘകാലം ഒരൊറ്റ മതത്തിന്റെ പൗരോഹിത്യാധികാരത്തില്‍ കീഴില്‍ കഴിഞ്ഞിരുന്ന യൂറോപ്യന്‍ ജനാധിപത്യവാദികളുടെ ആവശ്യം. ഇന്ത്യ പോലൊരു ബഹുമത , ബഹുസംസ്‌കാര ജനതതിയെ കണ്ടു ശീലിച്ചിട്ടില്ലാത്ത അവര്‍ ഇവിടെ ഭരണം സുഗമമാക്കാന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു ഹിന്ദുവിനെയും മുസ്ലിമിനെയും ഭിന്നിപ്പിച്ചുനിര്‍ത്തുക എന്നത്. കോളനി ഭരണത്തില്‍ നിന്ന് ഭരണാവകാശം തങ്ങളിലെക്കെത്താന്‍ ബ്രാഹ്മണാധികാര പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളും തുടക്കത്തിലെ ഏറ്റുമുട്ടല്‍ പാതയുപേക്ഷിച്ച് ആ മാര്‍ഗം തന്നെ സ്വീകരിച്ചത് നാം കാണുന്നു. മുസ്ലിം എന്ന അപരനെ സൃഷ്ടിച്ച് ചാതുര്‍വര്‍ണൃ വിഭാഗത്തിനു പുറത്തുണ്ടായിരുന്ന ദളിതനെയും ആദിവാസിയെയും മറ്റെല്ലാ പാര്‍ശ്വവല്‍കൃത സമൂഹങ്ങളെയും വഞ്ചനാപരമായ ഐക്യബോധത്തില്‍ കുരുക്കിയിട്ട് ,ഗാന്ധിജി നേതൃത്വം കൊടുത്ത മതേതര ദേശീയപ്രസ്ഥാനത്തിനു സമാന്തരമായി വളര്‍ന്നുവരികയായിരുന്നു ആ പ്രതിലോമ ശക്തികള്‍. സവര്‍ക്കറുടെ ജന്മഭൂമി, പുണൃഭൂമിസിദ്ധാന്തമായിരുന്നു അതിനടിത്തറ. ഗാന്ധിജിയുടേത് ഉള്‍ക്കൊള്ളലിന്റെ ആത്മീയതയെങ്കില്‍ സംഘ് പ്രത്യയശാസ്ത്രം ക്രൂരമായ അപരവല്‍ക്കരണത്തിന്റേത്. ഹിന്ദുവിന്റെ അവകാശം ഹനിക്കുന്ന മുസ്ലിമിനെ ചേര്‍ത്തു പിടിച്ചതിനാല്‍ ഗാന്ധി വധാര്‍ഹന്‍ !

ചാതുര്‍വര്‍ണ്യവും അതിന്റെ മനുഷ്യയാതനകളും നൂറ്റാണ്ടുകളായി നിലനിന്ന ഭൂമണ്ഡലമാണല്ലോ ഇന്ത്യ. അതിന്റെ മനുഷ്യവിഭജനാശയത്തെ പ്രതിരോധിച്ചുകൊണ്ടുയിര്‍ കൊണ്ടതാണ് ബുദ്ധിസവും പിന്നീടുണ്ടായ ഭക്തിപ്രസ്ഥാനങ്ങളുമൊക്കെ. ബുദ്ധിസത്തിന് സൈന്ധവസംസ്‌കാരത്തോളം പഴക്കമുണ്ടെന്നും സിദ്ധാര്‍ഥനെന്ന ആറാം നൂറ്റാണ്ടിലെ ഗൗതമബുദ്ധന്‍ ഇരുപത്തെട്ടാമത്തെ ബുദ്ധനായിരുന്നു എന്നും ഡോ. അജയ് ശേഖര്‍ പറയുകയുണ്ടായി. അങ്ങനെയെങ്കില്‍ ബൗദ്ധ ആശയങ്ങള്‍ വേദമതത്തിനു സമാന്തരമായി അതിന്റെ മനുഷ്യവിരുദ്ധതയെ തിരുത്തിക്കൊണ്ട് പല കാലങ്ങളില്‍ പ്രതിരോധമായി നിലനിന്നു കാണണം . ഭരണാധികാര തലത്തില്‍ അതിന് പ്രാമുഖ്യം കിട്ടിയത് മൗരൃ സാമ്രാജ്യകാലത്ത്, ചന്ദ്രഗുപ്തമൗര്യന്റെയും പിന്‍ഗാമിയായിരുന്ന അശോകന്റെയും കാലത്ത്. അതായത് ബി സി 3-4 നൂറ്റാകളില്‍. സത്യത്തിന്റെയും നീതിബോധത്തിന്റെയും ആശയങ്ങള്‍ ഭരണാധികാരികളിലുണ്ടാക്കിയ സ്വാധീനം ജനജീവിതത്തെയും ഏറെ പുരോഗമനാത്മകമാക്കി. വിജ്ഞാനത്തിന്റെയും കലകളുടെയും വൈദ്യത്തിന്റെയും മേഖലകളില്‍ വലിയ ഉണര്‍ച്ചയും വളര്‍ച്ചയും ഉണ്ടായി എന്നു മാത്രമല്ല, സാമ്പത്തികമായ പുരോഗതിയിലേയ്ക്കും പ്രാചീന ഇന്ത്യ വളര്‍ന്നു. നൂറ്റാണ്ടുകള്‍ക്കു ശേഷം, ഇന്ത്യയിലങ്ങോളമിങ്ങോളം ജീവിച്ചു മരിച്ച ഭക്തകവികള്‍, കബീര്‍, തുളസീദാസ്, കര്‍ണാടകദേശത്തെ ബസവണ്ണ തുടങ്ങിയവര്‍ ഉണ്ടാക്കിയ രണ്ടാം നവോത്ഥാന തരംഗം പ്രധാനമായി ആത്മീയതലത്തില്‍ പ്രവര്‍ത്തിച്ച ഒന്നായിരുന്നു. പല കാലങ്ങളിലായി നടന്ന ഇവ രണ്ടിനെയും നവോത്ഥാന പ്രസ്ഥാനങ്ങളായെടുത്താല്‍ സ്വാതന്ത്ര്യ സമര കാലത്തോടനുബന്ധിച്ച് ജ്യോതി ബാ ഫൂലെയുടെയും അംബേദ്ക്കറുടെയും നേതൃത്വത്തില്‍ നടന്ന ഉത്തരേന്ത്യന്‍ നവോത്ഥാനവും കേരളത്തില്‍ ചട്ടമ്പിസ്വാമികള്‍, ശ്രീനാരായണഗുരു, അയ്യങ്കാളി, പൊയ്കയില്‍ കുമാരഗുരു തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളും സവര്‍ണ സമുദായങ്ങള്‍ക്കകത്തു നടന്ന ചലനങ്ങളും മുസ്ലിം നവോത്ഥാന പരിശ്രമങ്ങളും ഒക്കെ ഒരു മൂന്നാംഘട്ടമായി എണ്ണാനാവും. വിശ്വാസജീര്‍ണതകളില്‍ നിന്നുള്ള മുക്തി മാത്രമല്ല നവോത്ഥാനം. അതിലൂടെ കരഗതമാവുന്ന സാംസ്‌കാരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ഉന്നമനവും വൃക്തി, സ്വതന്ത്രമനുഷ്യന്‍, പൂര്‍ണ മനുഷ്യന്‍ എന്നൊക്കെയുള്ള അഭിമാനവും കൂടിയാണത്. ഇന്ത്യയുടെ ഭരണഘടനാനിര്‍മിതിയുടെ അടിസ്ഥാനവും പലഘട്ടങ്ങളിലൂടെ സംഭവിച്ച ഈ നവോത്ഥാന സംരംഭങ്ങളെ ജ്വലിപ്പിച്ചവരുടെ മഹനീയാശയങ്ങള്‍ തന്നെ. സ്വാതന്ത്ര്യം സമത്വം, നീതി എന്നി വൃക്തി അവകാശങ്ങളോടൊപ്പം fraternity എന്ന മനോഹരാശയവും ചേര്‍ത്തുവെയ്ക്കുമ്പോള്‍ അത് ബഹുസ്വരതയുടെ സൗന്ദര്യത്തെ അറിഞ്ഞംഗീകരിക്കുകയും നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് പ്രത്യേകാവകാശങ്ങള്‍, സംവരണം നല്‍കുന്നതിലെ യുക്തിയെ അംഗീകരിക്കാന്‍ പൗരനെ പ്രാപ്തനാക്കുകയും ചെയ്യുന്നു

എന്താണ് ബഹുസ്വരത അല്ലെങ്കില്‍ ബഹുസംസ്‌കൃതി ? അനന്തമായ വൈവിധ്യങ്ങളുള്ള ഭൂപ്രകൃതിയില്‍ ജീവിക്കുന്ന വൃത്യസ്ത ജനതതികളുടെ ജീവനമാര്‍ഗങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കും. അതിലൂടെ ഉരുത്തിരിയുന്ന കലകളും നാട്ടുപാട്ടുകളും മിത്തുകളും പൂര്‍ണമോ അപൂര്‍ണമോ ആയ ദേശചരിത്രവും, മറ്റു സംസ്‌കൃതികളുമായി ആദാനപ്രദാനങ്ങളും ഒക്കെ ചേര്‍ന്നാണ് അവരുടെ സംസ്‌കാരം രൂപപ്പെടുന്നത്. കേരളത്തിന്റെ സംസ്‌കാരം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടേതില്‍ നിന്നോ കാഷ്മീരികളുടേതില്‍ നിന്നോ എത്ര വൃതൃസ്തം ! കേരളത്തിനകത്തു തന്നെ എത്രമാത്രം സാംസ്‌കാരിക വൈവിധ്യങ്ങള്‍ ! തീര്‍ച്ചയായും വ്യത്യസ്തയുള്ള ജനിതകങ്ങളുമായി പിറക്കുന്നവരില്‍ സംസ്‌കാരം പ്രവര്‍ത്തിക്കുന്നതില്‍ സൂക്ഷ്മമായ വൃതിയാനങ്ങള്‍ ഉണ്ടാകാമെങ്കിലും ഒരു പൊതു സംസ്‌കൃതിയുടെ ഭാഗമാണോരുത്തരും. ജാതീയത കൂടി കലര്‍ന്നപ്പോള്‍ ഉപ സംസൂതികളുമുണ്ടായിവന്നു. തങ്ങളെ ചവുട്ടിത്താഴ്ത്തുന്ന വര്‍ക്കെതിരെയുള്ള പ്രതിരോധങ്ങളാണ് കീഴാളകലകളിലും വായ്മൊഴിപ്പാട്ടുകളിലുമൊക്കെ പ്രതിഫലിക്കുന്നത്.

കേരളം പോലൊരു പ്രദേശത്ത് ഈ സംസ്‌കാരം രൂപപ്പെട്ടതില്‍ കടല്‍ വഴിയുള്ള വിദൂര ദേശബന്ധങ്ങള്‍ കൂടി വലിയ പങ്കുവഹിച്ചിട്ടുണ്ട്, ചാതുര്‍ വര്‍ണ്യം എത്തുന്നതിന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് സംഭവിച്ചതുമാണത്. ഭാഷ, കലകള്‍, ഭക്ഷണം എന്നിവയിലെല്ലാം ഈ കലര്‍പ്പുകള്‍ നമുക്കു കാണാo . റോമന്‍, അറേബ്യന്‍, ചൈനീസ് കച്ചവടക്കാരുമായി ബന്ധപ്പെട്ട് സാമ്പത്തികമായ അഭിവൃദ്ധിയും കച്ചവട-ഗതാഗത രീതികളും ഉണ്ടായിവന്നുകാണണം. പ്രാചീന കാലത്തു തന്നെ ഇത്തരം കച്ചവടങ്ങള്‍ നടന്നിരുന്നു എന്നതിന് റോമന്‍ രേഖകളുണ്ട്. ഇപ്പോള്‍ മുസ്രിസ് ഉദ്ഖനനം പുതിയ പുതിയ തെളിവുകള്‍ പുറത്തുവരുന്നു. അങ്ങനെയെങ്കില്‍, പ്രാചീന കാലത്തു തന്നെ കച്ചവടം ചെയ്യാനറിയുമായിരുന്ന ഒരു പരിഷ്‌കൃത സമൂഹവും ഇവിടെയുണ്ടായിരുന്നിരിക്കണം. അവരിലേക്ക് യാതൊരു സംഘര്‍ഷങ്ങളുമില്ലാതെ ബുദ്ധജൈന സന്യാസിമാരും അവരുടെ ആശയങ്ങളുമെത്തി. വിദ്യാഭ്യാസവും വൈദ്യവും കച്ചവടവും പ്രോസാഹിപ്പിക്കപ്പെട്ടു. പിന്നീട് ചേര രാജാക്കന്മാര്‍ ഭരിച്ചിരുന്ന നൂറ്റാണ്ടുകള്‍ . സാഹിത്യവും (ചേരന്‍ ചെങ്കുട്ടവന്റെ കാലത്ത് എഴുതപ്പെട്ട ചിലപ്പതികാരം പോലുള്ള കൃതികള്‍ ഓര്‍ക്കാം ) കലകളും നീതിബോധങ്ങളും പുതുക്കപ്പെട്ടു. ഇസ്ലാം മതം കടല്‍ കടന്നിവിടെയത്തി . ചേരമാന്‍ പള്ളി കൊടുങ്ങല്ലൂരില്‍ ഉണ്ടായി അതിനും കുറച്ചു നൂറ്റാണ്ടുകള്‍ക്കു മുമ്പ് കൃസ്ത്യന്‍ മതവും ജൂതരുമെത്തി ഇവിടത്തുകാരുമായി സമവായത്തോടെ കഴിയാന്‍ തുടങ്ങി.

ചേരമാന്‍ പെരുമാക്കളില്‍ ഒരാള്‍ മക്കയില്‍ പോയി ഇസ്ലാം മതം സ്വീകരിച്ച കഥയും കാലഗണന കൃത്യമായി പറയാനാവില്ലയെങ്കിലും പ്രവാചകന്റെ കാലത്തോ ശേഷമോ സംഭവിച്ചിട്ടുണ്ട്. ശേഷം ഭരണാധികാരം കയ്യാളിയ സാമൂതിരി പ്രാമുഖ്യ ഭരണക്കാലത്ത് 15-ാം നൂറ്റാണ്ടില്‍, പോര്‍ച്ചുഗീസുകാര്‍ കടല്‍ വഴി ഇവിടെയെത്തുന്നു. കോളനിവല്‍ക്കരണ മോഹവും ക്രിസ്തുമത പ്രചരണവും അക്രമാത്മകമായും വഞ്ചനാപരമായും നടത്താന്‍ തുനിഞ്ഞ അവരെ പ്രതിരോധിച്ചത് സാമൂതിരിയുടെ കടല്‍ സൈന്യമായിരുന്ന കുഞ്ഞാലി മരക്കാരും മുസ്ലിം പടയാളികളുമാണുതാനും. ഹിന്ദു ഭരണാധികാരികളും മുസ്ലിങ്ങളുമായുള്ള ആത്മബന്ധം പടയോട്ടത്തില്‍ മാത്രം ഒതുങ്ങുന്നതുമായിരുന്നില്ല. ആത്മീയനേതാവും ജ്ഞാനിയും ഗ്രന്ഥകര്‍ത്താവുമായിരുന്ന സൈനുദ്ധീന്‍ മഖ്ദൂമുമായി സാമൂതിരിക്കുണ്ടായിരുന്ന ആത്മബന്ധവും പ്രസിദ്ധമാണ്. മാമാങ്കത്തിന്റെ ഭൂമികയായ തിരുനാവായയുടെ പ്രാദേശികചരിത്രവും ഹിന്ദുമുസ്ലിം സൗഹാര്‍ദ്ദവും, വര്‍ത്തമാന കാലത്ത് പൗരാണിക ശേഷിപ്പുകളെകളിലേക്കും ചരിത്രത്തിലേക്കുമുള്ള കടന്നുകയറ്റങ്ങളും ഒക്കെ ഇവിടെ നടന്ന പ്രാദേശിക അനക്കാദമിക് ചരിത്രകാരന്റെ പ്രഭാഷണത്തില്‍ തെളിമയോടെ നാം കേട്ടു.മാമാങ്കം അവസാനിപ്പിച്ചത് ടിപ്പുവാണെന്ന ആരോപണത്തെയും അദ്ദേഹം ഖണ്ഡിച്ചിരുന്നു. 1755 ല്‍ ടിപ്പുവിന് 5 വയസ്സുളളപ്പോഴായിരുന്നു അവസാനമാമാങ്കം എന്നദ്ദേഹം. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നതാണ് മാമാങ്കമെന്നതിനാല്‍1766 ല്‍ , ചെറുപ്രായത്തില്‍ മലബാറിന്റെ ഭരണം കയ്യാളാന്‍ തുടങ്ങിയ ടിപ്പു സുല്‍ത്താന്‍ സാമൂതിരിയുള്‍പ്പെടെയുള്ള നാട്ടുരാജാക്കന്മാരുടെ വാഴ്ചയും അവരുടെമാത്സര്യങ്ങളും ചാവേര്‍ രക്തസാക്ഷിത്വങ്ങളും നിലക്കാന്‍ പരോക്ഷമായി കാരണക്കാരനായെന്നാണെങ്കില്‍ അതു ശരിയുമാവാം. ഏതായാലും ടിപ്പു നേരിട്ട് തിരുനാവായയിലെത്തി അതു മുടക്കിയ ചരിത്രമില്ല. ഒരു വാണിജ്യോത്സവം എന്ന രീതിയില്‍ അതു നിലനില്‍ക്കുന്നതിനെ, ഭരിക്കുന്ന നാടിനെ സംബന്ധിച്ച് പരിഷ്‌കൃതാശയങ്ങളുണ്ടായിരുന്ന ടിപ്പു എതിര്‍ക്കുമായിരുന്നു എന്നും ചിന്തിക്കവയ്യ. ഭരണമാറ്റത്തിന്റെ സ്വാഭാവികത മാത്രമായിരുന്നു അത്. 1792 ല്‍ അവസാനിച്ച ടിപ്പുവിന്റെ മലബാര്‍ കാലത്തിനു ശേഷം വന്ന കോളനി ഭരണകാലത്തും അതു പുനരുജ്ജീവിക്കപ്പെട്ടില്ലല്ലോ.

മലബാര്‍ കലാപത്തെ (1921) വര്‍ഗീയവല്‍ക്കരിച്ച് ഈ മണ്ണിന്റെ മതേതരാന്തരീക്ഷത്തെ തകര്‍ക്കാന്‍ തല്‍പ്പരകക്ഷികള്‍ അക്കാലം മുതല്‍ ശ്രമിച്ചിട്ടുണ്ട്. ഖിലാഫത്ത് മൂവ്‌മെന്റിലൂടെ ഹിന്ദുമുസ്ലിം ഐക്യം ശക്തമാകുന്നതില്‍ അസ്വസ്ഥരായ ബ്രിട്ടീഷ് ഭരണാധികാരികള്‍ പോലീസിനെ ഉപയോഗിച്ച് കുപ്രചരണങ്ങളിലൂടെയും ഏകപക്ഷീയമായി മാപ്പിളമാരെ ആക്രമിച്ച് പ്രകോപിപ്പിക്കുന്നതിലൂടെയും കലാപം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചതിനെപ്പറ്റി ഖിലാഫത്ത് പ്രസ്ഥാനത്തില്‍ നേരിട്ട് പങ്കെടുത്ത് ക്രൂര പീഡനങ്ങളും ജയില്‍ വാസവുമനുഭവിക്കേണ്ടിവന്ന മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരി ‘ഖിലാഫത്തു സ്മരണകള്‍’ എന്ന തന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കണ്ണില്‍ മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഒരു രക്തരൂഷിതഘട്ടം മാത്രമായിരുന്നു. ജന്മിത്വവും കോളനി വാഴ്ചയും കൈകോര്‍ത്തപ്പോള്‍ കര്‍ഷകതൊഴിലാളികളായിരുന്ന മുസ്ലിം, കീഴാള സമൂഹം ഒരുനൂറ്റാണ്ടോളം നടത്തിക്കൊണ്ടിരുന്ന പ്രതിരോധങ്ങളുടെ മൂര്‍ദ്ധനൃദശയായി, ഒരു കര്‍ഷക കലാപമായി മാത്രമായി, നോക്കിക്കാണുന്ന ചരിത്രകാരന്മാരുമുണ്ട്. ബ്രിട്ടീഷ് ആര്‍ക്കേവ്‌സിലെ അന്നത്തെ കാബിനററ് രേഖകള്‍ തിരഞ്ഞ മറ്റൊരു ഗ്രന്ഥകര്‍ത്താവ് ആര്‍.കെ. ബിജുരാജ് കണ്ടെത്തുന്നത് (മലബാര്‍ കലാപം_ ചരിത്രരേഖകള്‍ ) കോളനിവാഴ്ചയ്‌ക്കെതിരെ മറ്റു പലയിടങ്ങളിലും നടന്ന പോലെയുള്ള, അടിച്ചമര്‍ത്തപ്പെടേണ്ട ആഭൃന്തരകലാപം എന്ന രീതിയിലാണ് പട്ടാള മേധാവികളും ഭരണാധികാരികളും അതിനെ കണക്കാക്കിയിരുന്നത് എന്നാണ്.

മതം മലബാര്‍ കലാപത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിനും പ്രസക്തിയില്ലാതില്ല .ഖിലാഫത് എന്ന പേര് പട്ടിണിയും അടിച്ചമര്‍ത്തലും ദീര്‍ഘകാലമായി അനുഭവിച്ചിരുന്ന മലബാര്‍ മുസ്ലിമില്‍ ഉണ്ടാക്കിയ ആവേശവും പ്രതീക്ഷയും നമുക്കു തള്ളിക്കളയാനാവില്ല. ഖിലാഫത് അഥവാ,നന്മ രാജ്യ സംസ്ഥാപനത്തിനുള്ള ത്വര അതിലെ നേതാക്കളായിരുന്ന ആലി മുസ്ലിയാരിലും വാരിയം കുന്നത്തു കുഞ്ഞഹദിലും ചെമ്പ്രശ്ശേരി തങ്ങളിലും ഒക്കെ പല അളവില്‍ പലരീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവണം. മലയാളരാജ്യം എന്ന വാരിയംകുന്നന്റെ പുതുരാജ്യസങ്കല്‍പ്പത്തില്‍ ആ നന്മ രാജ്യമായിരുന്നു. അത് ഇന്‍ക്ലൂഷന്റേതായിരുന്നു എന്നതും ഓര്‍ക്കാം. അനീതി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ല എന്ന ഇസ്ലാമിക ആശയവും പ്രവര്‍ത്തിച്ചിട്ടുണ്ടാവണം തങ്ങളോട് സ്‌നേഹത്തോടും നീതിയോടും കൂടി പ്രവര്‍ത്തിച്ചിരുന്ന ജന്മി കുടുംബങ്ങളെ അവര്‍ കാവല്‍ നിന്നു സംരക്ഷിച്ചിരുന്നതും ഓര്‍ക്കാം.

ഈയൊരു നന്മരാജ്യ സങ്കല്‍പ്പം, കൂട്ടുപ്രവര്‍ത്തനത്തിലൂടെ നേടിയെടുക്കേണ്ട ,നിലനിര്‍ത്തേണ്ട ഒന്ന്, മലബാര്‍ കര്‍ഷക സമരങ്ങളുടെ ആദ്യകാല നേതാക്കളായിരുന്ന സൂഫികളുടെ നീതിസങ്കല്‍പ്പം, ഇന്നും മലബാറിലെ മുസ്ലിങ്ങളില്‍ അന്തര്‍ധാരയായി ഉണ്ട് എന്നെനിക്കു തോന്നുന്നു. അതിനെ ചൂഷണം ചെയ്യാവുന്ന ഭൗതികവാദപരമായ മതരാഷ്ട്ര സങ്കല്‍പ്പത്തിലേക്ക് വീണു പോവാതിരിക്കുവോളം അത് ഒരു സര്‍ഗാത്മക ചാലക ശക്തിയാണ്. ഒരളവുവരെ ഇത് ഈ കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തെ മുസ്ലിം ജനവിഭാഗത്തിന്റെ ഊര്‍ജ്ജസ്വലമായ പങ്കാളിത്തത്തിലും നമുക്കു കാണാം. ഒപ്പം ഉണ്ടായ ദളിത് ആദിവാസി വിഭാഗങ്ങളുടെ ഉണര്‍ച്ചയുടെ രാഷ്ട്രീയ പ്രസക്തി തിരിച്ചറിയാന്‍ ഫാസിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കൊന്നുമായില്ല എന്നതും പരിതാപകരം.

ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ആദ്യത്തെ കാല്‍വെയ്പ്പ് ഈ ഉണര്‍ച്ചയെ ഉള്‍ക്കൊള്ളുക എന്നതു തന്നെയാണ്. ഹിന്ദു ഐക്യം എന്ന കെണിയില്‍പെട്ട് പീഡിതരാവാന്‍ പോവുന്നവര്‍ സത്യം തിരിച്ചറിയലാണ്. ‘നമ്പൂതിരി മുതല്‍ നായാടി വരെ’ എന്ന വ്യാജഹിന്ദു ഐക്യവാദമല്ല ‘നായര്‍ മുതല്‍ നായാടി വരെ’ എന്ന ഭാവി പീഡിതപക്ഷ തിരിച്ചറിവുതന്നെയാണ് ഉണ്ടായിവരേണ്ടത്. മതേതരത്വത്തെ തിരിച്ചു പിടിക്കാനും മറ്റൊരു മാര്‍ഗമില്ല.

ഈയിടെയുണ്ടായ മെഡിക്കല്‍ വിദ്യാര്‍ത്ഥി ജിതിന്‍ രാജിന്റെ മരണത്തെ സംബന്ധിച്ചു കൂടി ചിലചിന്തകള്‍ ഇപ്പോള്‍ പ്രസക്തമാണ്. അതൊരു ക്യാംപസ് ജാതിക്കൊലപാതകം തന്നെയായിരുന്നു. ഇനിയും രൂക്ഷമായി വരാനിരിക്കുന്ന വിദ്യാഭ്യാസ സ്വകാര്യവല്‍ക്കരണ പ്രക്രിയകള്‍, നാഷനല്‍ എഡ്യുക്കേഷന്‍ പോളിസി (NEP) യിലൂടെ നിഗൂഢമായി തിരികെ കൊണ്ടു വരാനിരിക്കുന്ന ജാതിവ്യവസ്ഥ, ഒരു തലമുറയുടെ മൊത്തം ചിന്താ ഷണ്ഡീകരണം, ചരിത്ര വക്രീകരണം, ന്യൂനപക്ഷ അപരവല്‍ക്കരണം എന്നിവയുടെയൊക്കെ നാന്ദിയായി അതിനെ കണക്കാക്കാന്‍ നമുക്കായില്ല .52 ദളിത് സംഘടനകള്‍ ഒന്നിച്ചു ചേര്‍ന്നു നടത്തിയ ഹര്‍ത്താലിന് കേരളീയ പൊതു സമൂഹം മൊത്തം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടതായിരുന്നു. പകരം പൊതു സമൂഹത്തിന്റെ അവഗണനയും നിയമ പാലകരെ ഉപയോഗിച്ചുള്ള ഭരണകൂട അടിച്ചമര്‍ത്തലും ആണുണ്ടായത് എന്ന സത്യം ലജ്ജിപ്പിക്കേണ്ടതും ആത്മപരിശോധനയര്‍ഹിക്കുന്നതുമാണ്. ഫാസിസത്തിന്റെ പ്രത്യയശാസ്ത്രത്തെ വ്യക്തമായി മനസ്സിലാക്കാതെ പോയതു തന്നെയാണ് അതിനു കാരണം.

കേരളത്തിന്റെ ബൗദ്ധ ജൈന പാരമ്പര്യത്തെപ്പറ്റിയുള്ള പല സെഷനുകള്‍ ഈ മൈത്രീ മേളയില്‍ നടന്നു എന്നത് അഭിനന്ദനമര്‍ഹിക്കുന്ന കാര്യമാണ്. വാസ്തവത്തില്‍ ജാതീയത എന്ന അമാനവികതയില്‍ നിന്ന് പുറത്തു കടക്കാന്‍ ഏറ്റവും ആവശ്യമായ രണ്ടാമത്തെ ഘടകം ഈ ചരിത്ര ബോധമാണ്. അംഗീകൃത അക്കാദമിക് ചരിത്രകാരന്മാര്‍ തമസ്‌കരിച്ച എട്ടാം നൂറ്റാണ്ടിനുമുമ്പുള്ള കേരള ചരിത്രത്തെ ആദ്യകാലത്ത് ചികഞ്ഞു പുറത്തു കൊണ്ടുവന്നത് ചരിത്രബിരുദമൊന്നുമില്ലാത്ത ദളിത് ബന്ധു എന്‍ കെ ജോസിനെപ്പോലുള്ളവരാണ്. പിന്നീടവയെ അന്വേഷിച്ചു പോയത് സര്‍ഗാത്മക എഴുത്തുകാരും. പി. എം. മധുവിന്റെ വേജ്ജരായ ചരിതം, , മനോജ് കുറൂറിന്റെ മുറിനാവ്, കെ .വി മോഹന്‍കുമാറിന്റെ ഉല എന്നീ നോവലുകള്‍ ഓര്‍ക്കാം. എങ്ങനെയാണ് ബൗദ്ധസന്യാസിമാരെ നാവറുത്തും നാടുകടത്തിയും കൊലചെയ്തും ഈ മതേതര ഭൂമികയില്‍ മനുഷ്യവിഭാഗീയതയുടെ ബ്രാഹ്മണമതം വേരുറപ്പിച്ചത് എന്നവ പറയുന്നു. കഥാകാരന്റെ ഭാവനകള്‍ തീര്‍ച്ചയായും അവയിലുണ്ടാവാമെങ്കിലും വര്‍ഷങ്ങള്‍ നീണ്ട പ്രാദേശിക ഗവേഷണങ്ങള്‍ ആ കൃതികള്‍ക്കു പിന്നിലുണ്ടെന്ന് കഥാകാരന്മാരില്‍ നിന്ന തന്നെ അറിയാന്‍ കഴിഞ്ഞിട്ടുമുണ്ട്. തിരുനാവായയിലെ പ്രാദേശിക ചരിത്രകാരര്‍ ചെയ്തതുപോലെ കേരളത്തിലങ്ങോളമിങ്ങോളം അന്വേഷണങ്ങള്‍ നടന്നിട്ടുണ്ട് .അജയ് ശേഖറിനെപ്പോലെ പുതിയ കാല അക്കാദമീഷ്യരും ഏറെ പ്രതിബദ്ധതയോടെ ഗവേഷണങ്ങള്‍ നടത്തുന്നു. മുസ്രിസ് , കീഴടി ഉദ്ഘനനങ്ങളും അവയിലൂടെ പുറത്തുവരുന്ന ദക്ഷിണേന്ത്യന്‍ ചരിത്രവും എങ്ങനെ ഹിന്ദുത്വ വക്താക്കളുടെ ഉറക്കം കെടുത്തുന്നു എന്നു നാം കാണുന്നുണ്ടല്ലോ.

ഇത്തരം അറിവുകളെ നിരന്തരം ഏറ്റെടുത്തു പ്രചരിപ്പിക്കുക, ചര്‍ച്ച ചെയ്യുക പൊതുപ്രഭാഷണങ്ങള്‍ നടത്തുക എന്നതും ജനാധിപത്യവിശ്വാസികളുടെ വലിയ ഉത്തരവാദിതമാണ്. മൈത്രിമേളയുടെ (കുംഭമേളയും സര്‍വ്വോദയ മേളയും നടന്നിടത്ത് മൈത്രീ മേള എന്ന പേരു തന്നെയാണ് നല്ലത് ) ഉദ്ഘാടന സെഷനില്‍ എത്തി സദസ്സിനെ പ്രചോദിപ്പിച്ച ഞെരളത്തു ഹരിഗോവിന്ദന്‍ അഭിപ്രായപ്പെട്ടതുപോലെ സര്‍ക്കാര്‍ തലത്തില്‍ ഏറ്റെടുത്തു വര്‍ഷാവര്‍ഷം നടത്തപ്പെടേണ്ട ഒന്നുതന്നെയാണ് ഈ മഹാത്സവം. ബുദ്ധനെ, അംബേദ്ക്കറെ, ഗാന്ധിജിയെ , നാരായണഗുരുവിനെ, അവരുടെയൊക്കെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന മേള. ദളിത് ആദിവാസി വിഭാഗങ്ങളുടേതുള്‍പ്പെടെ അവഗണിത കലകളെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുന്ന ഒരു വാര്‍ഷിക മഹാമേള. അതാവട്ടെ നമ്മുടെ ലക്ഷ്യം.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply