ബ്രാഹ്മണ്യത്തിനു നേരെ ഉയരുന്ന ചൂണ്ടുവിരലാണ് പെരിയാര്‍

 

സമകാലിക സ്ത്രീപക്ഷ ചര്‍ച്ചകളില്‍ വളരെ പ്രസക്തമായ ആശയമാണ് സ്ഥിര ധാര്‍മ്മികത (abiding ethics) എന്നത്. ഏത് സന്ദര്‍ഭത്തിലും മുറുകെ പിടിക്കുന്നതും സ്ഥല-കാലങ്ങള്‍ക്കനുസരിച്ച് മാറ്റം വരാത്തതുമായ ധാര്‍മ്മികതയാണ് സ്ഥിര ധാര്‍മ്മികത. പെരിയാറിന്റെ പ്രവര്‍ത്തനങ്ങളിലുടനീളം സ്ഥിര ധാര്‍മ്മികതക്കായുള്ള നിരന്തര യത്നം കാണാം.

1925ല്‍ പെരിയാര്‍ തുടക്കംകുറിച്ച ആത്മാഭിമാന പ്രസ്ഥാനത്തില്‍ (self respect movement) ഫെമിനിസ്റ്റുകള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന ചില അടിസ്ഥാന ദര്‍ശനങ്ങളുണ്ട്. ഒരു ഘട്ടത്തില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ പെരിയാര്‍ പിന്നീട് അതിന്റെ വിമര്‍ശകനാകുന്നതാണ് നാം കാണുന്നത്. ഗാന്ധി രാഷ്ട്രീയാടിത്തറയായി മതവിശ്വാസത്തെയും അന്തര്‍ജ്ഞാനത്തെയുമാണ് കണ്ടത്. പെരിയാര്‍ യുക്തിചിന്തയെയാണ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനമായി ഗണിച്ചത്. അധികാരികളെ ചോദ്യം ചെയ്യാനും അന്ധവിശ്വാസങ്ങളെ തള്ളിക്കളയാനും അദ്ദേഹം ജനങ്ങളെ പ്രേരിപ്പിച്ചു. ഗാന്ധി വര്‍ണ്ണാശ്രമ ധര്‍മ്മത്തെ അംഗീകരിക്കുകയും ജാതിവ്യവസ്ഥയെ വിമര്‍ശിക്കുകയും ചെയ്തു. പെരിയാറിനെ സംബന്ധിച്ചിടത്തോളം വര്‍ണ്ണാശ്രമ ധര്‍മം തന്നെയാണ് ജാതിയുടെ അടിത്തറ. അവ തമ്മില്‍ ഒരു ഭേദവും പെരിയാര്‍ കണ്ടില്ല. ജാതി നശിക്കണമെങ്കില്‍ ഹിന്ദുമതം ഇല്ലാതാകണം. ഹിന്ദുമതത്തില്‍ ധര്‍മ്മം എന്നത് ജാതിവ്യവസ്ഥയിലൂടെ ഉറപ്പിക്കപ്പെട്ട ശ്രേണീകൃത അസമത്വമല്ലാതെ മറ്റൊന്നുമല്ല. ദൈവവും മതവും ശാസ്ത്രങ്ങളും ബ്രാഹ്മണാധിപത്യവും ഇല്ലാതായാല്‍ മാത്രമേ ജാതിവ്യവസ്ഥ ഇല്ലാതാകൂ. ഗാന്ധിയുടെ മനഃസംസ്‌കരണ സിദ്ധാന്തം പെരിയാര്‍ക്ക് സ്വീകാര്യമായിരുന്നില്ല.

പൊതുമണ്ഡലത്തെ സംവാദമുഖരിതമാക്കാനാണ് പെരിയാര്‍ യത്നിച്ചത്. അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ധൈഷണികരില്‍ ഒരാള്‍ സോക്രട്ടീസ് ആയിരുന്നല്ലോ. സമൂഹത്തെ നവീകരിക്കേണ്ടത് പ്രത്യയശാസ്ത്ര സമരങ്ങളിലൂടെയാണെന്ന് അദ്ദേഹം വിശ്വസിച്ചു. സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാനും അത് വരുത്തിവെക്കാനിടയുള്ള അപായങ്ങളെ തെല്ലും ഭയപ്പെടാതിരിക്കാനുമുള്ള ജാഗ്രത അദ്ദേഹം ജീവിതത്തിലുടനീളം പുലര്‍ത്തി. സ്മൃതിപാരമ്പര്യങ്ങള്‍ വ്യക്തികളുടെ ചിന്താസ്വാതന്ത്ര്യത്തെ അസാധ്യമാക്കിയിരുന്നു. മനുഷ്യരെ ഒറ്റതിരിയാന്‍ അനുവദിക്കാതെ പറ്റത്തിന്റെ ഭാഗമാക്കി തളച്ചിടാന്‍ സ്മൃതികള്‍ ശ്രദ്ധിച്ചു. ഇതില്‍നിന്ന് മനുഷ്യരെ വിമോചിപ്പിക്കലായിരുന്നു പെരിയാറിന്റെ പ്രഥമ ലക്ഷ്യം.

യുക്തിചിന്തയും സ്വതന്ത്രമായ അഭിപ്രായങ്ങളുമുള്ള വ്യക്തികള്‍ അവരുടെ ആശയങ്ങള്‍ സംവാദാത്മകമായി അവതരിപ്പിക്കുകയും അതുവഴി പുതിയ ആശയങ്ങള്‍ ഉണ്ടായിവരികയും ചെയ്യുന്ന ഇടമാണ് പൊതുമണ്ഡലം. ഇത്തരമൊന്നിന്റെ അഭാവമാണ് ജാതിവ്യവസ്ഥയില്‍ കാണുന്നത്. എല്ലാവരേയും തുല്യരായി പരിഗണിക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥയില്‍ മാത്രമേ പൊതുമണ്ഡലം സാധ്യമാകൂ. അത്തരമൊരിടത്തില്‍ സ്വതന്ത്രമായി ഇടപെടുന്ന നിര്‍വാഹകരായാണ് / ഏജന്റുകളായാണ് പെരിയാര്‍ സ്ത്രീകളെ കണ്ടത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചരിത്രപരവും ഘടനാപരവുമായ സാമൂഹിക വിന്യാസമാണ് പിതൃമേധാവിത്വം. പ്രാഥമികമായി അധികാരം പുരുഷന്‍മാരില്‍ നിക്ഷിപ്തമാണ് എന്നതാണ് ഈ വിന്യാസത്തിന്റെ സവിശേഷത. രാഷ്ട്രീയാധികാരം, സമ്പത്തിന്റെ നിയന്ത്രണം, സദാചാരപരമായ കോയ്മ, സാംസ്‌കാരികമായ പ്രതിനിധാനത്തിനുള്ള അധികാരം എന്നിവയെല്ലാം പുരുഷനില്‍ നിക്ഷിപ്തമാക്കുന്ന പ്രത്യയശാസ്ത്രമാണ് പിതൃമേധാവിത്വം.

ഇന്ത്യന്‍ സാഹചര്യത്തില്‍ പിതൃമേധാവിത്വത്തെ ഉറപ്പിക്കുന്നത് മേല്‍സൂചിപ്പിച്ച സ്മൃതിപാരമ്പര്യങ്ങള്‍ തന്നെയാണ്. ബ്രാഹ്മണ്യം എന്ന പ്രത്യയശാസ്ത്ര രൂപമാണ് ജാതീയവും ലിംഗപരവുമായ വിവേചനങ്ങള്‍ക്ക് ഹേതു. പിതൃമേധാവിത്വത്തിനെതിരെ ഐക്യപ്പെടേണ്ട സ്ത്രീസമൂഹത്തെ ശിഥിലമാക്കുകയാണ് ജാതി ചെയ്യുന്നത്. ഈ സാഹചര്യം ലോകത്തെ മറ്റ് സ്ത്രീമുന്നേറ്റങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരാറില്ല.

സമൂഹത്തിന്റെ ആധുനീകരണവുമായി ബന്ധപ്പെട്ട് മാത്രമേ സ്ത്രീവിമോചനത്തെക്കുറിച്ച് ചിന്തിക്കാനാവൂ. മതത്താല്‍ നിര്‍ദ്ദേശിക്കപ്പെട്ട സാമൂഹിക ശ്രേണിയെ നിഷേധിച്ച് യുക്ത്യധിഷ്ഠിതമായ മാനവിക സാമൂഹിക തുല്യതയിലേക്ക് സമൂഹം നീങ്ങുന്നതാണ് പെരിയാറിനെ സംബന്ധിച്ചിടത്തോളം ആധുനികത. പെരിയാറിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഈ പരിപ്രേക്ഷ്യത്തിലാണ് സാക്ഷാല്‍ക്കരിക്കപ്പെട്ടിട്ടുള്ളത്. ശൂദ്രത്വത്തെ അഥവാ എല്ലാത്തരം സാമൂഹ്യ ജീര്‍ണ്ണതകളേയും നിഷേധിച്ച് സമൂഹത്തെ ആത്മാഭിമാനമെന്ന പുതിയ ലക്ഷ്യത്തിലേക്ക് നയിക്കുന്നതാണ് അദ്ദേഹത്തിന് ആധുനികത.

കുടി അരശ് എന്ന കൃതിയില്‍ അദ്ദേഹം ആധുനിക സമൂഹത്തെക്കുറിച്ചുള്ള ഭാവന ആവിഷ്‌ക്കരിക്കുന്നുണ്ട്. ബ്രാഹ്മണര്‍ തങ്ങളേക്കാള്‍ ഉയര്‍ന്നവരാണെന്ന് ചിന്തിക്കുകയും അവരെ പല മട്ടില്‍ സന്തോഷിപ്പിക്കുന്നതാണ് പാപമുക്തിക്കുള്ള മാര്‍ഗ്ഗമെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് ഇന്ത്യന്‍ ജനതയില്‍ ആത്മാഭിമാനം നഷ്ടപ്പെടുന്നതിന് കാരണം. ആത്മാഭിമാനമില്ലാത്ത ജനതക്ക് സ്വരാജ്യം അസാധ്യമാണെന്ന് പെരിയാര്‍ പറയുന്നുണ്ട്. ആത്മാഭിമാനമുള്ള ജനത ജീവിക്കുന്ന സമൂഹത്തില്‍ തുല്യത ഉണ്ടായിരിക്കും. സമധര്‍മ്മം എന്ന വാക്കാണ് ഇതിനായി പെരിയാര്‍ ഉപയോഗിക്കുന്നത്. സ്ത്രീ പുരുഷന്മാര്‍ക്കിടയിലെ സമധര്‍മ്മമാണ് നമ്മുടെ സമൂഹത്തില്‍ അനിവാര്യമായിട്ടുള്ളത്. ഒരു പക്ഷേ അയിത്തത്തിന്റെ നിര്‍മ്മൂലനത്തേക്കാള്‍ മുഖ്യമാണ് സ്ത്രീ -പുരുഷ സമധര്‍മ്മം പുലരുക എന്നത്.

ഒരു സമൂഹത്തിലെ സ്ത്രീകളുടെ നിലയാണ് ആ സമൂഹം കൈവരിച്ച പുരോഗതിയുടെ അടയാളം. സ്ത്രീകള്‍ അടിമകളായാണ് ജീവിക്കുന്നതെങ്കില്‍ ആ സമൂഹത്തിന് ആത്മാഭിമാനം ഇല്ലെന്ന് മനസ്സിലാക്കാം. സ്ത്രീകളെ വസ്തുക്കളെപ്പോലെ കണക്കാക്കുന്നതും ശൈശവവിവാഹവും സ്ത്രീധനവുമെല്ലാം പുലരുന്നതും ആത്മാഭിമാനമില്ലാത്ത സമൂഹത്തിന്റെ ലക്ഷണമാണ്. എല്ലാ മനുഷ്യരുടേയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹമാണ് ആത്മാഭിമാനമുള്ള സമൂഹം.

വിവാഹം എന്ന വ്യവസ്ഥ സ്ത്രീകളെ പുരുഷന്റെ അടിമകളാക്കി മാറ്റുന്നുവെന്ന് പെരിയാര്‍ വാദിച്ചു. കുട്ടിക്കാലം മുതല്‍ക്കേ ഭര്‍ത്താവിനെ യജമാനനായി കാണാന്‍ സ്ത്രീകള്‍ പഠിപ്പിക്കപ്പെടുന്നു. ‘ലോകം പുരോഗമിക്കണമെങ്കില്‍ വിവാഹം ഒരു ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കണം’ എന്ന്‌പോലും അദ്ദേഹം ആവേശത്തോടെ പറഞ്ഞു. വിവാഹം ഒരു വിശുദ്ധ ചടങ്ങായല്ല, മറിച്ച് സ്ത്രീയും പുരുഷനും തമ്മിലുള്ള തുല്യമായ ഒരു കരാറായി മാറണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

വിവാഹങ്ങള്‍ക്ക് പുരോഹിതരുടെ ആശീര്‍വാദം വാങ്ങുന്നത് ആത്മാഭിമാനമില്ലാത്തതിന്റെ സൂചനയാണ്. ആയതിനാല്‍ പെരിയാര്‍ ആത്മാഭിമാന വിവാഹം എന്ന ഒരാശയം തന്നെ മുന്നോട്ടുവെച്ചു. വിവാഹവേളയില്‍ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങള്‍ക്ക് എന്ത് യുക്തിയാണുള്ളത് എന്ന ചോദ്യമാണ് പ്രധാനം. സമധര്‍മ്മത്തെ പുലര്‍ത്തുന്നതും യുക്ത്യധിഷ്ഠിതവുമായ കാര്യങ്ങള്‍ മാത്രമേ ഏത് സന്ദര്‍ഭത്തിലും മനുഷ്യര്‍ ചെയ്യാവൂ. വിവാഹത്തിന്റെ കാര്യത്തിലും ഇത് സാധുവാണ്. മതങ്ങളും ആചാരങ്ങളും അടിച്ചേല്‍പ്പിച്ച തടവറയില്‍നിന്ന് മുക്തമായാല്‍ മാത്രമേ സ്ത്രീകള്‍ സ്വതന്ത്രരാകൂ എന്ന് പെരിയാര്‍ പറയുന്നു. സ്വാതന്ത്ര്യവും ആത്മാഭിമാനവും തമ്മില്‍ ഇഴ പിരിഞ്ഞ് കിടക്കുന്നു. മനുഷ്യര്‍ യുക്തിരഹിതമായി സ്വയം വരിച്ച അടിമത്തത്തില്‍നിന്ന് പുറത്തുകടക്കുന്നതാണ് ആത്മാഭിമാനം എന്നത്. സ്ത്രീകള്‍ക്ക് അവര്‍ക്കിഷ്ടമുള്ളവരെ വിവാഹം കഴിക്കാനും ഇഷ്ടമുള്ളവരോടൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും സ്വാതന്ത്ര്യമുണ്ടായിരിക്കണം. ഒരു തരത്തിലുമുള്ള സദാചാരനിയമങ്ങളും സ്ത്രീ ലൈംഗികതയെ നിയന്ത്രിച്ചുകൂടാ. പ്രത്യുല്‍പ്പാദനത്തെ സ്ത്രീക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനേയും ചെറുക്കണം. എപ്പോള്‍ വേണമെങ്കിലും വിവാഹബന്ധം വേര്‍പെടുത്താനുള്ള സ്വാതന്ത്ര്യം സ്ത്രീക്ക് ഉണ്ടായിരിക്കണം.

സ്ത്രീവിമോചനം പുരുഷന്മാരിലൂടെ സാധ്യമാകില്ലെന്ന് പെരിയാര്‍ ഉറച്ചു വിശ്വസിച്ചു. ഇരയെ മോചിപ്പിക്കാന്‍ വരുന്ന വേട്ടക്കാരെപ്പോലെയാണ് സ്ത്രീകളെ മോചിപ്പിക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാര്‍ എന്ന് പെരിയാര്‍ പരിഹസിച്ചു. സ്ത്രീകള്‍ സ്വന്തമായി സംഘടിക്കണം. ശാരീരികമായ പരിമിതികള്‍ അടിമത്തത്തിന് കാരണമാണെന്ന അപകര്‍ഷതാബോധം വെടിയണം. പ്രസവിക്കാനുള്ള യന്ത്രങ്ങളായി സ്ത്രീകള്‍ മാറരുത്. അമിതമായ പ്രസവം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എങ്കില്‍ അത് നിയന്ത്രിക്കണം.

പെരിയാറിന്റെ ഇത്തരം ആശയങ്ങളുടെയെല്ലാം അടിത്തറ ആത്മാഭിമാനം എന്ന സങ്കല്‍പ്പമാണ്. ഇവ അക്കാലത്ത് സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ ഊഹിക്കാവുന്നതിനുമപ്പുറമായിരുന്നു. സ്ത്രീകള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടണമെന്നും സാമ്പത്തികമായ സ്വാശ്രയത്വം കൈവരിക്കണമെന്നും പെരിയാര്‍ നിര്‍ദ്ദേശിക്കുന്നതും ആത്മാഭിമാനമെന്ന ആശയത്തിന്റെ പിന്‍ബലത്തിലാണ്. ചുരുക്കത്തില്‍ പെരിയാറിന്റെ ആത്മാഭിമാനമെന്ന സങ്കല്‍പ്പം വൈയക്തിക തലത്തിലല്ല, സാമൂഹിക തലത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

1920കളിലെയും 30കളിലെയും ദേശീയ പ്രസ്ഥാനങ്ങള്‍ സ്ത്രീകളെ ‘സാംസ്‌കാരിക പരിശുദ്ധിയുടെ’ പ്രതീകങ്ങളായി മാത്രം കണ്ടപ്പോള്‍, സോവിയറ്റ് യൂണിയനിലെ ലിംഗസമത്വ മാതൃകകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പെരിയാര്‍ വ്യത്യസ്തമായ ഒരു വഴി സ്വീകരിച്ചു. സീതയെയും പാഞ്ചാലിയെയും പോലുള്ള പുരാണ കഥാപാത്രങ്ങളെ മാതൃകയാക്കി ഭര്‍ത്താവിനെ ആരാധിക്കണം എന്ന് പഠിപ്പിച്ച ഉന്നതകുലജാതരും ദേശീയവാദികളുമായ സ്ത്രീകളെ പെരിയാര്‍ നിശിതമായി വിമര്‍ശിച്ചു. വീട്ടുജോലി ഉള്‍പ്പെടെ സ്ത്രീകള്‍ ചെയ്യുന്ന എല്ലാ ജോലികളെയും ‘തൊഴിലായി’ അംഗീകരിക്കണമെന്നും സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണമെന്നും ആത്മാഭിമാന പ്രസ്ഥാനത്തില്‍ അണിചേര്‍ന്ന സ്ത്രീകള്‍ ആവശ്യപ്പെട്ടു.

പെരിയാറിന്റെ ലൈംഗിക ധര്‍മ്മനീതി എന്നത് യുക്തിയിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായിരുന്നു. സ്ത്രീകളുടെ പാതിവ്രത്യത്തെ മാത്രം വാഴ്ത്തുകയും പുരുഷന്മാരുടെ അധാര്‍മ്മികതയെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന രീതിയോട് അദ്ദേഹം വിയോജിച്ചു. വിധവാവിവാഹത്തെ അനുകൂലിച്ച അദ്ദേഹം, ഗര്‍ഭനിരോധനത്തിനും പ്രസവം നിര്‍ത്തുന്നതിനും സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന് വാദിച്ചു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ദേവദാസിസമ്പ്രദായം നിര്‍ത്തലാക്കാന്‍ ഭരണകൂടം നിയമപരമായി ഇടപെടണമെന്ന് ആത്മാഭിമാന പ്രസ്ഥാനം ആവശ്യപ്പെട്ടു. മതപരമായ ആചാരങ്ങള്‍ സ്ത്രീകളുടെ അന്തസ്സിന് വിരുദ്ധമാണെങ്കില്‍ അവിടെ നിയമം ഇടപെടണമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. ചുരുക്കത്തില്‍ ആത്മാഭിമാനവും സ്ത്രീസ്വാതന്ത്ര്യവും ഭരണകൂടമുക്തമാണെന്ന് പെരിയാര്‍ കരുതിയില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആത്മാഭിമാന പ്രസ്ഥാനത്തിലെ സ്ത്രീകള്‍ തങ്ങളെത്തന്നെ ഭാവിയിലെ സ്വതന്ത്ര പൗരന്മാരായും ‘സഖാക്കളായു’ മാണ് കണ്ടത്. ജാതിയുടെയും മതത്തിന്റെയും തടവറയില്‍നിന്ന് സ്ത്രീകളെ മോചിപ്പിക്കാന്‍ ഭരണകൂടത്തിന്റെ അധികാരം എങ്ങനെ ഉപയോഗിക്കാം എന്നതിന് പെരിയാറിന്റെ പ്രസ്ഥാനം ഒരു മാതൃകയാണ്. ബുദ്ധന്‍ മുതല്‍ റൂസ്സോ, മാര്‍ക്സ് എന്നിവരിലൂടെ നീളുന്ന സമത്വ ദര്‍ശനത്തിന്റെ തുടര്‍ച്ചയാണ് പെരിയാര്‍ എന്ന് കാണാന്‍ പ്രയാസമില്ല.

ഇന്ത്യന്‍ ഭരണഘടനയില്‍ പരാമര്‍ശിക്കുന്ന ശാസ്ത്രബോധം, സാമൂഹിക നീതി എന്നീ സങ്കല്‍പ്പങ്ങള്‍ ഈ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഫ്രഞ്ച് വിപ്ലവത്തിന്റെ മൂല്യങ്ങളോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതിയെയും മതത്തെയും പുരുഷാധിപത്യത്തെയും പെരിയാര്‍ കൂടുതല്‍ തീവ്രമായി വിമര്‍ശിച്ചു. സ്ത്രീവാദത്തിന്റെതായ ഒരിന്ത്യന്‍ ധാരയുണ്ട്. ജ്യോതിറാവു ഫുലെ, സാവിത്രിഭായ് ഫുലെ, താരാഭായ് ഷിന്‍ഡെ, പണ്ഡിത രമാഭായ് തുടങ്ങിയവര്‍ ഇന്ത്യയിലെ സ്ത്രീവിമോചന പോരാട്ടത്തിന്റെ മുന്‍ഗാമികളാണ്. ഇക്കൂട്ടത്തില്‍ പരാമര്‍ശിക്കേണ്ട പേരാണ് ഇ.വി.ആറിന്റേത്.

കേരളത്തിലെ ശബരിമല വിവാദം ഈ സമൂഹം എത്രമേല്‍ ബ്രാഹ്മിണ്‍ പാട്രിയാര്‍ക്കിക്ക് കീഴ്പ്പെട്ട സമൂഹമാണെന്ന് ബോധ്യപ്പെടുത്തുന്നു. തന്ത്രിയോടുള്ള ഭക്തിയില്‍നിന്ന് പുറത്തുകടക്കാന്‍ ഈ പ്രബുദ്ധ സമൂഹത്തിന് ഇപ്പോഴും സാധിക്കുന്നില്ല. സ്ത്രീശരീരത്തിന് അശുദ്ധി കല്‍പ്പിക്കുന്നതും സ്വര്‍ണ്ണം മോഷ്ടിക്കുന്നതും തന്ത്രിയാണെങ്കിലും ആ പ്രതിയെ ചൂണ്ടിക്കാണിക്കാനുള്ള ആര്‍ജ്ജവം കേരളീയ സമൂഹത്തിനില്ല. നവോത്ഥാനത്തെ ഗൃഹാതുരമായി അയവിറക്കുന്ന പുരോഗമനമാണ് നമുക്ക് സൗകര്യം.

അപ്പോഴും ഒരു ചൂണ്ടുവിരല്‍ ബ്രാഹ്മണ്യത്തിനും അതിന്റെ ചൂഷണത്തിനും നേരെ ഉയരുന്നുണ്ട്. അതിനെ നമുക്ക് പെരിയാര്‍ എന്ന് വിളിക്കാം.

(കടപ്പാട് പാഠഭേദം)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply