‘പെണ്ണും പൊറാട്ടും’ ആണ്‍ഫാന്റസിയാണോ നാടിന്റെ കഥ?

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

 

നില്‍ക്കാന്‍ പറ്റാത്തിടത്തുനിന്ന് ഓടിപ്പോയിട്ടാണ് ഈ ലോകം ഇത്രയും വലുതായത്. രാജേഷ് മാധവന്‍ സംവിധാനം ചെയ്ത ‘പെണ്ണും പൊറാട്ടും’ സിനിമ സ്വയം നിര്‍വചിക്കുന്നതാണീ ടാഗ്‌ലൈന്‍.

കൊല്ലാന്‍ വേണ്ടി സായുധമായി പിന്തുടരുന്ന ആള്‍ക്കൂട്ടത്തില്‍ നിന്ന് ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയോടുന്ന നായയുടേതായി കേള്‍ക്കുന്ന ആത്മവിശ്വാസം ചോരാത്ത പറച്ചിലാണ്, നില്‍ക്കാന്‍ പറ്റാത്തിടത്തുനിന്ന് ഓടിപ്പോയിട്ടാണ് ഈ ലോകം ഇത്രയും വലുതായത് എന്ന സ്‌റ്റേറ്റ്‌മെന്റ്.

സിനിമ സ്‌കെച്ച് ചെയ്യുന്നത് പട്ടടയിലെ ജീവിതമാണ്. എന്തുകൊണ്ടാണ് അങ്ങനെയൊരു പേര് സിനിമയുടെ ഭൂമിശാസ്ത്രത്തിന്? എത്ര ഓടിയാലും ഒടുങ്ങാന്‍ വിധി ഒടുവില്‍ പട്ടടയിലാണല്ലോ, പല പേരുകളില്‍ ആ വാക്ക് നിയോഗം നിര്‍വഹിക്കുന്നുണ്ട് പല ദേശങ്ങളിലായി, പല ഭാഷകളിലായി, പല സംസ്‌കാരങ്ങളിലായി.

സിനിമ തുടങ്ങുന്നത് മാലിന്യം നിറഞ്ഞ വെള്ളക്കെട്ടിന്റെ പാന്‍ ഷോട്ടിലൂടെ മുഖ്യ കഥാപാത്രമായ നായയിലേക്ക്. നല്ല ജീവിതത്തി ന്റെ ഭൂതകാലമുണ്ട്, പിന്നീട് കുടിയൊഴിപ്പിക്കലിന്റെ പീഢാനുഭവമുണ്ട് ആ നായക്ക്. നായയുടെ ആ അനുഭവലോകത്തിന്റെ ഇന്റിമേറ്റ് ഷോട്ടുകളില്‍ നിന്നാണ് സിനിമ മനുഷ്യരിലേക്ക് പ്രവേശിക്കുന്നത്.

ഒരാള്‍ അയാളുടെ ഭാവനയില്‍ നെയ്യുന്ന നുണ ഒരു ദേശത്തിന്റെ, വംശത്തിന്റെ, പ്രത്യയശാസ്ത്രത്തിന്റെ, മതത്തിന്റെ, രാഷ്ട്രത്തിന്റെ നുണയാവുമ്പോള്‍ ആ നുണയെങ്ങനെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട് സിനിമ. നുണകളെ പ്രത്യയശാസ്ത്രവല്‍ക്കരിക്കുന്ന സത്യാനന്തര കാലത്തെ പൊളിറ്റിക്കല്‍ സിനിമയാകുന്നു അങ്ങനെ പെണ്ണും പൊറാട്ടും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സുട്ടു എന്ന വിളിപ്പേരുള്ള നായയ്ക്ക് പേയിളകുമെന്ന് വിവാഹം കഴിക്കാത്ത, എന്നാല്‍ അവിഹിത ലൈംഗിക ബന്ധത്തില്‍ തല്പരനായ, നാട്ടാരെ കുറിച്ചൊക്കെ അങ്ങനെ കെട്ടുകഥകള്‍ കേള്‍ക്കാനാഗ്രഹിക്കുന്ന മാഷിന്റെ മുന്നറിയിപ്പുണ്ട് സിനിമയില്‍. ആ കഥാപാത്രത്തിന്റെ വാക്കുകള്‍ക്ക് വിശ്വാസ്യതയുണ്ട്, ആധികാരികതയുണ്ട് പട്ടടയില്‍.അയാളില്‍ വന്നുചേരുന്നൊരു രക്ഷാകര്‍തൃത്വമുണ്ട്. അദ്ദേഹത്തിന്റെ തീര്‍പ്പുകളുമുണ്ട്, സകലതിലും, പട്ടടയുടെ മുന്നോട്ടു പോക്കിന്.

പേയില്ലാത്ത സുട്ടുവിന് നാടുറപ്പിച്ചു മാഷ് കല്പിച്ച പേ. ഒരാളുടെ നുണ അങ്ങനെ ആ നാടിന്റെ മുഴുവന്‍ നുണയായി. ഒരാളൊഴികെ എല്ലാവരും വിശ്വസിച്ചു, ഏറ്റുപറഞ്ഞു ആ നുണ, കൊല്ലാനായി പിന്നാലെ ഓടി സകലയായുധങ്ങളുമായി. കൊല്ലുന്നതില്‍ ഇത്രയും പ്രാകൃതമാവുന്ന മറ്റൊരു ജീവിയേത്, മനുഷ്യനല്ലാതെ, മനുഷ്യനില്‍ പുരുഷനല്ലാതെ?

നായക്കല്ല പേയിളകിയത്, പിന്നാലെ കൊല്ലാന്‍ സായുധമായി ഓടുന്നവരിലാണ്. വൈഡ് ഷോട്ടുകളില്‍ ആ ഓട്ടം സിനിമ കാണുന്നവരിലെത്തിയിട്ടുണ്ട്. പേയിളകി എന്ന നുണയ്ക്കു പിന്നാലെ പ്രേക്ഷകരും മനസ്സാലെ നിലയ്ക്കാതെ ഇരുന്നോടി. ലോ,ഹൈ ആംഗിളുകളില്‍ കഥാപാത്രങ്ങളുടെ മനോവിചാരങ്ങളെ സുന്ദരമായി സിനിമ പ്രേക്ഷകരിലെത്തിക്കുന്നു.

ആ നാട്ടിലെ സുന്ദരിയായ, സുഹൃത്തിന്റെ പെങ്ങളായ ചാരുലതയെക്കുറിച്ച് കുമാര്‍ എന്ന ചെറുപ്പക്കാരന്‍ പറഞ്ഞുപരത്തുന്ന കാമാസക്തിയില്‍ പൊതിഞ്ഞ നുണയുണ്ട്.

അവളെ കേള്‍ക്കാതെ നാട് അവനെ മാത്രം കേട്ടു. അവന്റെ നുണ നാടിന്റെ നുണയായി. ആണും പെണ്ണും ഒരുപോലെ ആ നുണയേറ്റെടുത്തു. ആരും സത്യമെന്തെന്ന് അന്വേഷിച്ചില്ല. സത്യം മരിച്ച,നുണയെ ബദല്‍വസ്തുതയായി വാഴ്ത്തുന്ന കാലത്ത് കേള്‍ക്കുന്നത് നുണയാണോ വസ്തുതയാണോ എന്ന് അല്ലെങ്കില്‍തന്നെ എന്തിനന്വേഷിക്കണം!

കുമാറിന് വൈവാഹിക ജീവിതത്തില്‍ താല്പര്യമില്ല. സെക്‌സില്‍ താല്പര്യമുണ്ടുതാനും. അവനവള്‍ക്ക് ഫോണില്‍ സന്ദേശമയച്ചു കാവ്യഭംഗിയിലിങ്ങനെ, മഴ പുഴയിലെങ്ങനെ ചേരുന്നുവോ, അതുപോലെ എനിക്ക് നിന്നില്‍ ചേരണം. എന്നിട്ടൊന്നൂടെ വിശദീകരിച്ചു കിടപ്പറ ബന്ധത്തിലേക്ക് വശീകരിക്കാന്‍. അവള്‍ക്കധികം സമയം വേണ്ടിവന്നില്ല ‘നോ’ പറയാന്‍.

അവളെക്കുറിച്ച് അവന്‍ പറഞ്ഞ കഥ നാട് വിശ്വസിച്ചു. നാട്ടില്‍ പരക്കുന്ന അവിഹിത കഥകളില്‍ പുരുഷന്റെ ഫാന്റസിയാണ്. ആ കഥയില്‍ നിന്ന് നാടിനെ ഒടുവില്‍ അഴിച്ചെടുത്തത് അവള്‍ തന്നെയാണ്. അതവളുടെ ആവശ്യമായിരുന്നു. അവള്‍ തന്നെ മുന്നിട്ടിറങ്ങി. ആ നുണയുടെ വ്യാപനത്തെ തുടര്‍ന്ന് പരിഹാരമായി നിശ്ചയിക്കപ്പെടുന്ന വിവാഹം എന്ന സമൂഹത്തിന്റെ നിര്‍മ്മിതിയെ അവള്‍ പിഴുതെടുത്തു. എത്ര എളുപ്പത്തിലാണ് അവനെന്ന നുണയെ അവള്‍ പൊളിച്ചെടുത്തത്!

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അങ്ങനെ അവന്‍ സൃഷ്ടിച്ച നുണയുടെ റിപ്പബ്ലിക്കില്‍ നിന്ന് അവള്‍ വിമോചിതയായി. അവളതോടെ നിര്‍ത്തുന്നില്ല. പിന്നെയുമുണ്ടായിരുന്നു നാടു വീണുപോയ അഴിച്ചെടുക്കാനുള്ള നുണ.
നാട് പെരുംനുണയില്‍ കെട്ടിപ്പടുത്ത സുട്ടുവിന്റെ പേക്കഥയില്‍ നിന്ന് സുട്ടുവിനേയും അവള്‍ വിമോചിപ്പിച്ചു. വിമോചിതനായ സുട്ടു പക്ഷെ അവള്‍ക്കൊപ്പം പോയില്ല. അവന്‍ അവന്റെ കൂട്ട്, ലോകം കണ്ടെത്തി, ഐക്യപ്പെട്ടു. ചേരേണ്ട കൂട്ടത്തില്‍ അവന്‍ ചേര്‍ന്നു.
മനുഷ്യര്‍ സൃഷ്ടിക്കുന്ന റിപ്പബ്ലിക്കില്‍ നിന്ന് വ്യത്യസ്തമായി വയലന്റല്ലാത്ത മറ്റൊരു ലോകം മറ്റ് ജീവികള്‍ സൃഷ്ടിക്കുന്നുണ്ട്. പട്ടടയല്ല ആ ലോകം.

ആ നിലപാടിലേക്ക് അവനെത്തിയത് മനുഷ്യനത്ര നല്ല ജന്തുക്കളല്ലെന്നുള്ള അനുഭവങ്ങള്‍ പകര്‍ന്ന തിരിച്ചറിവില്‍ നിന്നാണ്. ആരൊക്കെയോ പറഞ്ഞുപരത്തിയ വലിയ നുണയല്ലേ, മനുഷ്യര്‍ സാമൂഹിക മൃഗമാണെന്ന നിര്‍വചനം? മനുഷ്യകാമനകളുടെ റിപ്പബ്ലിക്കാണ് പട്ടട. പേരിനെ ആ അര്‍ത്ഥത്തില്‍ സിനിമ സംയോജിപ്പിച്ചിട്ടുണ്ട്.

(കടപ്പാട് പാഠഭേദം)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply