സംഘപരിവാര്‍ ബുള്‍ഡോസര്‍ നീതി

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

 

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍, മാര്‍ച്ച് 27നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥന് അഞ്ചുവയസ്സ് മാത്രം പ്രായമുള്ള ഒരു പിഞ്ചു ബാലിക മഞ്ഞ നിറമുള്ള ‘ബുള്‍ഡോസര്‍’ സമ്മാനം നല്‍കിയത്. അതിതീവ്രവാദ രാഷ്ട്രീയത്തിന്റെ നേതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് റോള്‍ മോഡല്‍ ആകുന്നത് അസ്വസ്ഥമായ പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്.

ഭൂരിപക്ഷ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂട അധികാരത്തിന്റെയും, അധിനിവേശത്തിന്റെയും വംശീയ ഉന്മൂലനത്തിന്റെയും പ്രതീകമായ ‘ബുള്‍ഡോസര്‍’ അഞ്ചു വയസ്സ് മാത്രം പ്രായമായ കുഞ്ഞു മനസിന്റെ പോലും ആഘോഷ ചിഹ്നമായി മാറുമ്പോള്‍, മുസോളിനിയുടെ ഇറ്റാലിയന്‍ ഫാസിസ്റ്റ് കാലത്ത് നോട്ടുപുസ്തക ചട്ടകളില്‍, ആയുധധാരികളായ, തോക്കുധാരികളായ കുഞ്ഞു കുട്ടികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരുന്നതാണ് ഓര്‍മ്മ വരുന്നത്.

നീതിന്യായ കോടതിയെ അസാധുവാക്കി, വെറും നോക്കുകുത്തിയാക്കി നിര്‍ത്തി, സ്റ്റേറ്റ് നടത്തുന്ന ബുള്‍ഡോസര്‍ നീതി (bulldozer justice)യെ ഇത്തരം ആവിഷ്‌കാരങ്ങള്‍ ഉപയോഗിച്ച് ക്രമാനുസരണവും, സാധാരണവും, പൊതു സ്വീകാര്യവും ആക്കുകയാണ് ഫാസിസ്റ്റ് രീതി. വംശീയ അധിനിവേശ ത്തിന്റെയും രാഷ്ട്രീയ ഭീകരതയുടെയും പ്രതീകം, സാധാരണമാക്കുകയും (normalise) കുട്ടികളെ പോലും ഉപയോഗിച്ച് അത് ആദര്‍ശാത്മകമാക്കി അവതരിപ്പിക്കുകയുമാണ് ഫാസിസം ചെയ്യുന്നത്. ഇന്ന് ഹിന്ദുത്വ ഫാസിസത്തിന്റെ രാഷ്ട്രീയ പദസമ്പത്തായിക്കഴിഞ്ഞ ‘ബുള്‍ഡോസര്‍ നീതി’ എന്ന വാക്ക് ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളുടെയും പൊതു പോളിസിയായി മാറിക്കഴിഞ്ഞു.

കോടതി വിചാരണകള്‍ക്കും വിധികള്‍ക്കും കാത്തു നില്‍ക്കാതെ, ഫ്യൂഡല്‍ ശിക്ഷ നടപ്പാക്കല്‍ രീതിയില്‍ ‘തല്‍ക്ഷണം നീതി’ (instant justice) എന്ന ആകര്‍ഷകമായ പരികല്പന ഉപയോഗിച്ചാണ് ബുള്‍ഡോസര്‍ നീതിയെ സംഘപരിവാര്‍ ഭരണകൂടം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമാക്കുന്നത്. പെട്ടെന്ന് നീതി ലഭ്യമാക്കാന്‍ തങ്ങളുടെ ബുള്‍ഡോസര്‍ നയം വേണം എന്ന രീതിയില്‍, ഫാസിസം ജനങ്ങളെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ കാരണം സുപ്രീംകോടതിയിലെ 90,000 കേസുകള്‍ ഉള്‍പ്പെടെ, 5.5 കോടി കേസുകള്‍ ഇന്ത്യന്‍ കോടതികളില്‍ കെട്ടിക്കിടക്കുന്നത് കൊണ്ടാണ്.

ദി ഇന്ത്യ ജസ്റ്റിസ് റിപ്പോര്‍ട്ട് (The India Justice Report) 2025 പഠനം അനുസരിച്ച് 10 ലക്ഷം ഇന്ത്യക്കാര്‍ക്ക് 15 ജഡ്ജിമാര്‍ മാത്രമാണ് ഉള്ളത്. അതേസമയം 1987ലെ ലോ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്, ഓരോ പത്തുലക്ഷം പേര്‍ക്കും ചുരുങ്ങിയത് 50 ന്യായാധിപന്മാര്‍ എങ്കിലും ഉണ്ടാകണമെന്നാണ്. മൊത്തം തീര്‍പ്പു കല്‍പ്പിക്കപ്പെടാതെ കെട്ടിക്കിടക്കുന്ന കേസുകളില്‍ 25%വും 22 സംസ്ഥാനങ്ങളിലെ കീഴ് കോടതികളിലാണ്. അതേസമയം 51%വും 25 ഹൈക്കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്നു. തെളിവുകളുടെ ഭാരവും വ്യവഹാരത്തിലേക്കുള്ള നീണ്ട പാതയും പലപ്പോഴും തടസ്സമായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ സാധാരണ പൗരന്മാര്‍ പെട്ടെന്നുള്ള നീതിയാണ് ഇഷ്ടപ്പെടുന്നത്. നിയമത്തിന്റെ പ്രയോഗത്തില്‍ ഉണ്ടാവുന്ന ഈ അപര്യാപ്തതയെയും, അതില്‍ ജനങ്ങളുടെ സമീപനത്തെയും മന:ശാസ്ത്രപരമായി ചൂഷണം ചെയ്തുകൊണ്ടാണ് സംഘപരിവാര്‍ വംശീയ ഉന്മൂലനത്തിന്റെ ബുള്‍ഡോസര്‍ നീതി നടപ്പാക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അന്വേഷകനായും ന്യായാധിപനായും ആരാച്ചാരായും പ്രവര്‍ത്തിക്കുന്ന എക്‌സ്ട്രാ ജുഡീഷ്യല്‍ (extrajudicial) എക്‌സിക്യൂട്ടീവ് ഭരണമാണ് ഇന്ന് ബിജെപി ഭരിക്കുന്ന മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും. ചില കേസുകളില്‍, നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങള്‍, വീടുകള്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് പറയുന്ന ഭരണകൂടം, അനധികൃതമായി ഈ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്യോഗസ്ഥര്‍ എങ്ങനെ അനുമതി കൊടുത്തു എന്ന് അന്വേഷിക്കാന്‍ തയ്യാറാകുന്നില്ല. എന്നുമാത്രമല്ല മുസ്ലീങ്ങളുടെ വീടുകള്‍ മറ്റു നിര്‍മ്മിതികള്‍, ‘അനധികൃതം’ എന്ന പേരില്‍ ബുള്‍ഡോസ് ചെയ്ത് തകര്‍ക്കുമ്പോള്‍, തത്തുല്യമായ മറ്റു കെട്ടിടങ്ങള്‍ ഹിന്ദുത്വ വിഭാഗങ്ങളുടെ ആയതുകൊണ്ട്, ഇതേ നടപടി സ്വീകരിക്കുന്നില്ല എന്നും നാം കാണണം. അതായത് ഗോ ജാഗ്രത, (cow vigilante) ആള്‍ക്കൂട്ടക്കൊല (mob lunching) നടപ്പാക്കുന്നവര്‍, തുടങ്ങിയ ഭീകര ക്രിമിനല്‍ സംഘങ്ങള്‍ പോലെ ഭരണകൂടം തന്നെ ഒരു ഭീകര സംഘം ആവുകയും ‘തല്‍സമയ നീതി’ നടപ്പാക്കുകയും ചെയ്യുന്നു.

എത്ര വലിയ നിര്‍മ്മിതിയും പൊളിക്കാന്‍ കഴിയുന്ന, വലിയ ലോഹ ബ്ലെയ്ഡുകളും, മോട്ടോറൈസ്ഡ് ട്രോളറുകളും ഉള്ള ബുള്‍ഡോസറുകള്‍ ഉത്തരേന്ത്യന്‍ ജനജീവിതത്തിലേക്ക് ഫാസിസ്റ്റ് ഭരണകൂടം ഇടിച്ചു കയറ്റാന്‍ തുടങ്ങിയത് 2016 മുതലാണ്. അറിയിപ്പുകളോ ബദല്‍ ജീവിത-തൊഴില്‍ ക്രമീകരണങ്ങളോ ഇല്ലാതെ, ബുള്‍ഡോസറുകള്‍ എത്തി മിനിറ്റുകള്‍ക്കുള്ളില്‍ അവരുടെ മുഴുവന്‍ ജീവിത സമ്പാദ്യവും നശിപ്പിക്കുന്നു. ഇത് 1.68 ദശലക്ഷത്തിലധികം ആളുകളെ തെരുവിലേക്ക് എറിഞ്ഞതായി, നിയമ അഭിഭാഷക സംഘടനയായ ഹൗസിംഗ് ആന്‍ഡ് ലാന്‍ഡ് റൈറ്റ്‌സ് നെറ്റ്വര്‍ക്ക് (Housing and Land Rights Network-HLRN) കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യയിലുടനീളമുള്ള കുടിയിറക്കലുകളുടെ എണ്ണം 2019ല്‍ 1,07625 ആയിരുന്നത് 2022ല്‍ 2,22,686 ആയും 2023ല്‍ 5,15,752 ആയും ക്രമാനുഗതമായി വര്‍ദ്ധിച്ചു. അതായത്, അഞ്ച് വര്‍ഷത്തിനിടെ 379% വര്‍ദ്ധനവ്! 2022 ലും 2023 ലും വീടുകള്‍ പൊളിച്ചുമാറ്റപ്പെട്ടവരില്‍ 89% പേരും മുസ്ലീങ്ങളോ പട്ടികവര്‍ഗക്കാരോ പട്ടികജാതിക്കാരോ മറ്റ് പിന്നാക്ക വിഭാഗക്കാരോ ആണെന്നും ഡേറ്റ വെളിപ്പെടുത്തുന്നു.

ദേശീയ സുരക്ഷ എന്ന പേരില്‍, ‘നിയമവിരുദ്ധ ബംഗ്ലാദേശികള്‍’ എന്ന് മുദ്രകുത്തി, എല്ലാ രേഖകളും ഉണ്ടായിട്ടും 2025 ല്‍ അഹമ്മദാബാദിലെ ചന്ദോള തടാകത്തിന് ചുറ്റുമുള്ള 12,500ല്‍ അധികം വീടുകള്‍ പൊളിച്ചുമാറ്റി. 2022 ലും 2023 ലും കുടിയിറക്കപ്പെട്ട 7,00000ത്തിലധികം ആളുകളില്‍ 44% മുസ്ലീങ്ങളാണെന്ന് HLRN ഡേറ്റ വെളിപ്പെടുത്തുന്നു. 23% പട്ടികവര്‍ഗക്കാരും ആദിവാസികളും മറ്റ് ഗോത്ര വിഭാഗങ്ങളും, 17% മറ്റ് പിന്നാക്ക വിഭാഗങ്ങളും 5% പട്ടികജാതിക്കാരും ആയിരുന്നു എന്ന് കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ഇങ്ങനെ സ്വന്തം രാജ്യത്ത് അതി ദരിദ്രരായ കുടുംബങ്ങളെ പോലും അര്‍ദ്ധസൈനിക വിഭാഗങ്ങളേയും ബുള്‍ഡോസറുകളും ഉപയോഗിച്ച് തകര്‍ത്തെറിയുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ജി -20 രാജ്യങ്ങളുടെ ധനകാര്യ മേധാവികളോട് ‘ഏറ്റവും ദുര്‍ബലരായവരെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം’ എന്ന് ആവശ്യപ്പെടുകയായിരുന്നു!

മുസ്ലീം വീടുകള്‍ തകര്‍ത്തതിനെ ആഘോഷിക്കുന്ന ഗാനങ്ങളുടെ യൂട്യൂബ് വീഡിയോകള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കാണുന്നുണ്ട്. ഭയം ജനിപ്പിക്കാനും മുസ്ലീങ്ങളെ നാടുകടത്താനും അവരുടെ സ്വത്ത് കൈയടക്കുകയോ വളരെ കുറഞ്ഞ വിലയ്ക്ക് അവ വാങ്ങുകയോ ചെയ്യുന്നതിനു വേണ്ടിയാണ് ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത്. ഈ പ്രതിഭാസത്തെ ‘ദുരിത വില്‍പ്പന’ (distress sale) എന്നാണ് വിളിക്കുന്നത്.

അഭയത്തിനുള്ള അവകാശം (ആര്‍ട്ടിക്കിള്‍ 21) ജീവിക്കാനുള്ള അവകാശത്തില്‍ മാന്യമായ ഒരു പാര്‍പ്പിട സ്ഥാനത്തിനുള്ള അവകാശവും ഉള്‍പ്പെടുന്നു. സ്വത്തവകാശം ഭരണഘടന (ആര്‍ട്ടിക്കിള്‍ 300 A) അനുസരിച്ച് നിയമത്തിന്റെ അധികാരം വഴിയല്ലാതെ ഒരു വ്യക്തിയുടെയും സ്വത്ത് അപഹരിക്കരുതെന്ന് അനുശാസിക്കുന്നു. ഇത് ഏതെങ്കിലും സംസ്ഥാനത്തിന്റെ ആവശ്യത്തിനായി ഒഴിപ്പിച്ച് എടുക്കുകയാണെങ്കില്‍ അതിന് മുമ്പ് ന്യായവും നീതി യുക്തവുമായ നടപടിക്രമങ്ങള്‍ ആവശ്യമാണ്. വംശീയതയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സമുദായങ്ങളുടെയും (മുസ്ലിങ്ങള്‍) രാഷ്ട്രീയ വിയോജിപ്പുള്ളവരുടെയും സ്വത്തുക്കള്‍ അധികാരികള്‍ തിരഞ്ഞെടുത്ത്, ബുള്‍ഡോസര്‍ കയറ്റി ഇറക്കി പൊളിച്ചുമാറ്റുകയും, അതേസമയം സമീപത്തുള്ള സമാനമായ മുനിസിപ്പല്‍ നിയമലംഘനങ്ങള്‍ക്ക് നേരെ നടപടി എടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ലക്ഷ്യം വ്യക്തമാവുകയാണ്.

ഒരു കൂട്ടമായി താമസിക്കുന്ന ഒരു കൂട്ടുകുടുംബത്തില്‍, ഒരു വ്യക്തിയുടെ മേല്‍ കുറ്റം ആരോപിച്ച ശേഷം, ആ വീട് മുഴുവന്‍ തകര്‍ത്ത്, കുടുംബം മുഴുവന്‍ ആക്രമിക്കപ്പെട്ട് അവരെ തെരുവിലേക്ക് എറിയുന്നതാണ് ഉത്തരേന്ത്യയില്‍ കാണുന്ന കാഴ്ചകള്‍. ഇത്തരം കൂട്ട ശിക്ഷ ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിന് അന്യമാണ്. കൂട്ട ശിക്ഷകള്‍ നിരോധിക്കുന്ന 1949 ലെ ജനീവ കണ്‍വെന്‍ഷന്റെ ലംഘനമാണ്. എന്നാല്‍ ഇത് കാണുന്ന കോടതികള്‍ പോലും ഫാസിസ്റ്റ് ക്രിമിനല്‍ ഭരണകൂടത്തിന് നേരെ നിശബ്ദമാവുകയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

2024 നവംബറില്‍, ആര്‍ട്ടിക്കിള്‍ 142 പ്രത്യേകം സൂചിപ്പിച്ചുകൊണ്ട് സുപ്രീം കോടതി ഇന്ത്യ മുഴുവന്‍ ബാധകമാകുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോടതി വിചാരണ കൂടാതെയുള്ള, എക്‌സിക്യൂട്ടീവിന്റെ ഇത്തരം ‘ശിക്ഷാ നടപടികള്‍’ ഭരണഘടനാ വിരുദ്ധമാണെന്ന് അതില്‍ പ്രഖ്യാപിക്കുന്നുണ്ട്. ആരോപണം, അന്വേഷണം, വിധി പ്രസ്താവം തുടങ്ങിയ നിയമപാലനത്തിന്റെ ഭരണഘടനാ ക്രമത്തെ, ഒരു വിചാരണയ്ക്ക് പോലും ഇട നല്‍കാതെ അട്ടിമറിക്കുന്നു. അലഹബാദ് ഹൈക്കോടതിയും സുപ്രീം കോടതിയും ഈ ശിക്ഷാനടപടികള്‍, അധികാര വിഭജനം, മൗലികാവകാശങ്ങള്‍ എന്നിവയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചിട്ടും, ജുഡീഷ്യല്‍ വിധിന്യായത്തെ പോലും മറികടന്നുകൊണ്ട് ഫാസിസത്തിന്റെ അധികാര രാഷ്ട്രീയം ജനാധിപത്യത്തെ കീഴടക്കുകയാണ്.

മഞ്ഞ നിറത്തിലുള്ള കൂറ്റന്‍ യന്ത്രങ്ങള്‍ ഇഷ്ടിക മതിലുകള്‍ക്കിടയിലൂടെ അതിക്രമിച്ചു കടക്കുമ്പോള്‍ മുസ്ലീങ്ങളും അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളും ഇന്ത്യന്‍ പൗരന്മാരല്ല എന്ന് ഈ ഫാസിസ്റ്റ് ഭരണകൂടം പ്രഖ്യാപിക്കുകയാണ്. മധ്യപ്രദേശിലെ മാണ്ട്‌ല ജില്ലയില്‍, റഫ്രിജറേറ്ററില്‍ നിന്ന് ബീഫ് കണ്ടെത്തിയെന്ന് പോലീസ് അവകാശപ്പെട്ടതിനെത്തുടര്‍ന്നാണ് മുസ്ലീങ്ങളുടെ 11 വീടുകള്‍ പൊളിച്ചുമാറ്റിയത്. ഇന്ത്യയില്‍ ബുള്‍ഡോസറുകള്‍ അനീതിയുടെ, അധിനിവേശത്തിന്റെ യുദ്ധ വാഹനമായി മാറിയിരിക്കുന്നു. ഗസയിലെ കാറ്റര്‍പില്ലറും ഇന്ത്യയിലെ ജെ.സി.ബിയും യഥാക്രമം ജൂത സയണിസത്തിന്റെയും ഹിന്ദുത്വ ഫാസിസത്തിന്റെയും പ്രതീകങ്ങളാണ്. എന്നാല്‍ അമേരിക്കന്‍ കമ്പനിയായ കാറ്റര്‍ പില്ലര്‍ ഇസ്രായേലിന് ബുള്‍ഡോസറുകള്‍ നല്‍കുന്നതിനെതിരെ വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ അമേരിക്കയില്‍ നടക്കുമ്പോള്‍, അത്തരത്തില്‍ ഒരു പ്രക്ഷോഭവും ജെ.സി.ബി എന്ന കമ്പനി ഇന്ത്യയില്‍ നേരിടുന്നില്ല. ലോകത്തെ വലിയ കോര്‍പ്പറേറ്റ് യന്ത്രോപകരണ നിര്‍മ്മാണ കമ്പനിയായ ജെ.സി.ബിയോട്, ബുള്‍ഡോസറുകള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെ പരസ്യമായി അപലപിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടിട്ടും, പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായിട്ടില്ല.

രാഷ്ട്രീയ എതിരാളികളെ നിശബ്ദമാക്കാനും അവരുടെ ആത്മവീര്യം കെടുത്താനും സംഘപരിവാര്‍ ബുള്‍ഡോസര്‍ നീതി ഉപയോഗിക്കാറുണ്ട്. യു.പിയില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് ഷഹ്ജില്‍ ഇസ്ലാമിന്റെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പും, ബന്ദ ജില്ലയില്‍ ബി.ജെ.പിയില്‍ നിന്ന് സമാജ് വാദി പാര്‍ട്ടിയിലേക്ക് കൂറുമാറിയ ഒരു നേതാവിന്റെ വ്യാപാര സ്ഥാപനവും ഇടിച്ചുനിരത്തിയാണ് പക തീര്‍ത്തത്. ഇത്തരം കോടതി – വിധിന്യായ ബാഹ്യമായ ഫാസിസത്തിന്റെ ക്രൂര യാഥാര്‍ത്ഥ്യം, ഇന്ത്യന്‍ ഭരണഘടനയെ വഞ്ചിക്കുകയും അട്ടിമറിക്കുകയും ചെയ്യുന്ന ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. അവിടെ ഏറ്റവും സ്വാധീനമുള്ള സുപ്രീംകോടതി വിധിന്യായങ്ങള്‍ പോലും വെറും പിന്തുടരാത്ത പ്രതീകങ്ങളായി ചുരുങ്ങുന്നു.

ഡി കെ ബസു കേസില്‍ സുപ്രീംകോടതി ഗൈഡ് ലൈന്‍ വന്നിട്ടും, കസ്റ്റഡി പീഡനം നിര്‍ത്തിയില്ല; തെഹ്സീന്‍ പൂനവാലെ ഗൈഡ് ലൈന്‍ ഉണ്ടായി; പക്ഷേ ആള്‍ക്കൂട്ടക്കൊല നിര്‍ത്തിയില്ല. ശ്രേയ സിംഗാള്‍ കേസില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 66A സുപ്രീംകോടതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് അസാധുവാക്കിയിട്ടും, വര്‍ഷങ്ങള്‍ക്ക് ശേഷവും അതിന്റെ തുടര്‍ച്ചയായ ഉപയോഗം നിര്‍ത്തിയില്ല. അതുപോലെ, സുപ്രീംകോടതിയുടെ നിര്‍ദ്ദേശം ഉണ്ടായിട്ടുപോലും ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടം ബുള്‍ഡോസര്‍ രാജ് നിര്‍ഭയം നടപ്പാക്കുന്നു.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply