
വനിതാ കമീഷന്‍ നേതൃത്വം ദലിത്-പിന്നാക്ക സ്ത്രീകളുടേതാകണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വനിതാ കമീഷന്റെ നേതൃത്വത്തെക്കുറിച്ച് തീരുമാനമെടുക്കുമ്പോള്‍ ദലിത്, തീരദേശ, ആദിവാസി മേഖലകളിലെ ജനാധിപത്യസമരങ്ങളില്‍ സിവില്‍സമൂഹപക്ഷത്തുനിന്ന് ഉയര്‍ന്നുവന്ന പോരാളികളെ വേണം പരിഗണിക്കാനെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അല്‍ത്തിയാ സ്ത്രീ സാഹോദര്യ സഹോദരീ സംഘം കേരള വനിതാ ശിശു ക്ഷേമ വകുപ്പു മന്ത്രി ബിന്ദുകൃഷ്ണക്ക് സമര്‍പ്പിച്ച പത്ത് ആവശ്യങ്ങളടങ്ങിയ നിവേദനം.
കഴിഞ്ഞ പത്തുവര്‍ഷക്കാലത്തിനിടയില്‍ കേരളത്തില്‍ സംഭവിച്ച കാതലായ പരിസ്ഥിതി- രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക മാറ്റങ്ങളെ ശ്രദ്ധാപൂര്‍വം വീക്ഷിച്ചവരും അവയില്‍ ലിബറല്‍- ഇതര ഫെമിനിസ്റ്റ് നൈതികപക്ഷത്തുനിന്നുകൊണ്ട് ഇടപെടാന്‍ ശ്രമിക്കുകയും ചെയ്ത സ്ത്രീകളുടെ സൗഹൃദസംഘമാണ് ആല്‍ത്തിയ. ഞങ്ങളുടെ ഈ നിരീക്ഷണങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും വെളിച്ചത്തില്‍ പുതിയ കേരള സര്‍ക്കാരിന്റെ അടിയന്തരശ്രദ്ധയെ താഴെപ്പറയുന്ന പത്തു കാര്യങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
ജാതി-മത- ദേശീയതാകാലുഷ്യങ്ങളും യാഥാസ്ഥിതികത്വവും, അതിതീവ്ര നവ ഉദാരാവാദ സ്വഭാവമുള്ള സര്‍ക്കാര്‍ നയങ്ങളും, ഇരപിടിയന്‍ മുതലാളിത്ത ചൂഷണവും അതുണ്ടാക്കുന്ന വന്‍ അസമത്വങ്ങളും പുറന്തള്ളലുകളും, കാലാവസ്ഥാവ്യതിയാനവും പുതിയ രോഗാവസ്ഥകളും, ഭീകരമായ മൂല്യച്യുതിയും ജനാധിപത്യ- ജനക്ഷേമ സംവിധാനത്തിന്റെ ഭയനാകമായ തകര്‍ച്ചകളും സൃഷ്ടിച്ച പ്രതിസന്ധികളും, ഇവയ്‌ക്കെല്ലാമെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളും നിറഞ്ഞ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
ഈ ഭീകരാന്തരീക്ഷത്തില്‍ സമൂഹം അപ്പാടെ തകര്‍ന്നിടിഞ്ഞിട്ടില്ലെങ്കില്‍ അതിനൊരു പ്രധാനകാരണം തീര്‍ച്ചയായും കേരളത്തിലെ സ്ത്രീകളുടെ കഠിനാദ്ധ്വാനമാണ്. ഈ കാലയളവില്‍ സ്ത്രീകളുടെ അദ്ധ്വാനഭാരം വല്ലാതെ കൂടുകയും, എന്നാല്‍ അവരുടെ പൗരത്വം വീട്ടമ്മനിലയിലേക്ക് അധികമധികം ചുരുങ്ങുകയും ചെയ്തു. അവരുടെ പ്രതിഷേധങ്ങള്‍ പുച്ഛിക്കപ്പെട്ടു, പരിഹസിക്കപ്പെട്ടു, അടിച്ചമര്‍ത്തപ്പെട്ടു. ഭരണകക്ഷിയുടെ പ്രതിച്ഛായയ്ക്ക് അനുകൂലമായ, അതിനോട് പരസ്യമായി വിധേയത്വം കാട്ടുന്ന, സ്ത്രീത്വം പോഷിപ്പിക്കപ്പെട്ടു – അവര്‍ പാര്‍ട്ടീനേതാക്കളുടെ പേരു പാടുന്ന തിരുവാതിരകളിക്കാര്‍ മുതല്‍ തൊഴിലാളിസ്ത്രീകളെന്ന സ്വന്തം നിലയെ സ്വയം നിഷേധിക്കുന്ന പാര്‍ട്ടി അനുഭാവികള്‍ വരെ ആയിമാറി.
പ്രളയത്തിലും മഹാമാരിയിലും സ്ത്രീകളുടെ കൂലിയില്ലാ- കൂലികുറഞ്ഞ അദ്ധ്വാനം വീട്ടിലും പുറത്തും കാര്യമായി ഉപയോഗിക്കപ്പെട്ടു. ഇടതുസര്‍ക്കാര്‍ ജനക്ഷേമത്തിന്റെ കലവറയെന്ന നിലയ്ക്ക് ആദരിക്കുന്ന കുടുംബമെന്ന സ്ഥാപനം ദരിദ്രര്‍ക്കിടയിലെങ്കിലും അസാധ്യമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു – ഇന്ന് കുടുംബത്തിനുള്ളില്‍ ശിശുക്കളും കുട്ടികളും അതിക്രൂരമായി ഹിംസിക്കപ്പെടുന്നത് വാര്‍ത്തയല്ലാതായിക്കൊണ്ടിരിക്കുന്നു. കുടുംബത്തിന്റെ സംരക്ഷണം കിട്ടാത്തവരും കുടുംബത്താല്‍ ഹിംസിക്കപ്പെട്ടവരുമായ കുട്ടികളുടെ സംരക്ഷണക്കാര്യത്തിലും സര്‍ക്കാര്‍ വല്ലാതെ പരാജയപ്പെട്ടു – ലൈംഗികപീഡനത്തിന്റെ ഇരകളായ പെണ്‍കുഞ്ഞുങ്ങളോട് സര്‍ക്കാര്‍ പുലര്‍ത്തിയ സമീപനം തെളിവാണ്.
ഈ പശ്ചാത്തലത്തിലാണ് താഴെപ്പറയുന്ന കാര്യങ്ങള്‍ പ്രസക്തങ്ങളായി ഞങ്ങള്‍ക്കു തോന്നുന്നത്.
1. സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച യാത്രാസൗജന്യത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു
എല്ലാ റൂട്ടുകളിലും സര്‍വീസുകളിലും യാത്രാസൗജന്യം നടപ്പായിട്ടില്ലെങ്കിലും ഇത് ആശാവഹമായ തുടക്കമാണ്. കാരണം, കേരളത്തിന്റെ സാമൂഹ്യനയചരിത്രത്തിന്റെ പൊതുവായ ലിംഗസ്വഭാവത്തില്‍നിന്ന് ഇതൊരു ചുവടുമാറ്റം തന്നെയാണ്. സ്വാതന്ത്ര്യപൂര്‍വകാലം മുതല്‍ക്കേ നമ്മുടെ ജനക്ഷേമ സാമൂഹ്യനയങ്ങള്‍ക്ക് കുടുംബവാദപരമായ (familialistic) സ്വഭാവമാണ് ഉണ്ടായിട്ടുള്ളത്. വ്യക്തികളുടെ ക്ഷേമത്തിന്റെ അടിസ്ഥാനപരമായ സ്രോതസ്സ് അവരുടെ കുടുംബങ്ങളാണെന്ന് നയങ്ങളുടെ തലത്തില്‍ ഭരണകൂടം അംഗീകരിക്കുന്നതിനെയാണ് കുടുംബവാദനയസമീപനം എന്നു വിളിക്കുന്നത്. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ വ്യക്തിയുടെ ക്ഷേമം ഉറപ്പാക്കാന്‍ അവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായവും വിഭവങ്ങളും അറിവും ലഭ്യമാക്കുന്ന സര്‍ക്കാര്‍ പരിപാടികളാണ് അഭികാമ്യമെന്ന് തീരുമാനിക്കപ്പെട്ടു. നമ്മുടെ ജനക്ഷേമനയങ്ങള്‍ക്ക് സ്ത്രീപക്ഷസ്വഭാവം കൊടുക്കാന്‍ ശ്രമിച്ചവരും കുടുംബവാദകളങ്ങളില്‍ തന്നെയാണ് നിന്നത് – കുടുംബത്തിന്റെ ക്ഷേമം സ്ത്രീകളുടെ ക്ഷേമത്തിലേക്കും, തിരിച്ചും, തന്നെത്താനെ നയിച്ചുകൊള്ളുമെന്ന വിശ്വാസമായിരുന്നു അവര്‍ക്ക്. കുടുംബശ്രീ അടക്കമുള്ള പല പ്രശസ്ത ക്ഷേമപരിപാടികളുടെയും ആശയപരമായ അടിത്തറ ഇതാണ്.
പിതൃമേധാവിത്വസമൂഹത്തില്‍ ഈ പ്രതീക്ഷ പൂവണിയാന്‍ എളുപ്പമല്ല എന്ന ഫെമിനിസ്റ്റ് വിമര്‍ശനം കാര്യമായി എടുത്ത സര്‍ക്കാരുകളായിരുന്നില്ല നമ്മുടേത്. 2000- നുശേഷം കുടുംബഹിംസ അടക്കമുള്ള പിതൃമേധാവിത്വ ഹിംസകളെ ചെറുക്കേണ്ടതിന്റെ ആവശ്യം ലിംഗനയങ്ങളില്‍ അംഗീകരിക്കപ്പെട്ടെങ്കിലും, ആ നയങ്ങളുടെ നടത്തിപ്പും ആശയപരമായ ഉള്‍ക്കാമ്പും അങ്ങേയറ്റം ദുര്‍ബലങ്ങളായിരുന്നു.
സ്ത്രീകള്‍ക്കായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സൗജന്യയാത്ര ഈ സങ്കീര്‍ണാവസ്ഥകളുടെ പരിഹാരമൊന്നുമല്ല, തീര്‍ച്ചയായും. പക്ഷേ സര്‍ക്കാര്‍ഭാഷണങ്ങളില്‍ നിത്യസാന്നിദ്ധ്യങ്ങളായ പല സാമൂഹ്യലക്ഷ്യങ്ങളെയും നേടിയെടുക്കാന്‍ അത്യന്താപേക്ഷിമായ പൊതുവിട ലിംഗസമത്വത്തിലേക്കുള്ള ചുവടാണിത്. ഇതില്‍ നഗര ആസൂത്രണം, ഗതാഗതപദ്ധതികള്‍ എന്നിവ ലിംഗപരമായ കാഴ്ചപ്പാടിലൂടെ വീക്ഷിക്കുമ്പോള്‍, പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സൗജന്യയാത്രയും യാത്രസുരക്ഷയും വാഗ്ദാനം ചെയ്യുന്ന പൊതു ഗതാഗതസംവിധാനങ്ങള്‍ നിര്‍ണ്ണായകമാണ്. പൊതു ഇടങ്ങളില്‍ സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന ലിംഗപരമായ വെല്ലുവിളികളുടെ പരിണിതഫലം പലപ്പോഴും പൊതുകര്‍മ്മരംഗങ്ങളില്‍ നിന്ന് സ്ത്രീകളെയും പെണ്‍കുട്ടികളെയും പിന്തിരിപ്പിക്കുന്നതായി കാണാം. പബ്ലിക് ബസ്സുകളില്‍ സൗജന്യയാത്ര തീര്‍ച്ചയായും സ്ത്രീകളുടെ പൊതുരംഗപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകും.
കേരളത്തിലെ നിലവിലുള്ള പല മുഖ്യധാരാ സ്ത്രീശാക്തീകരണ ഉദ്യമങ്ങളും സ്ത്രീകളെ ‘കുടുംബശ്രീ’കളാക്കി മാറ്റുന്നതോടെ, പല സമൂഹങ്ങളിലും, ഒരു കുടുംബം പുലര്‍ത്തിക്കൊണ്ടുപോകുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും സ്ത്രീകളുടെമേല്‍ ചുമത്തപ്പെടുന്നു എന്നുള്ളതാണ് കണ്ടുവരുന്നത്. സാമൂഹ്യശാസ്ത്രഗവേഷണങ്ങള്‍ ഈ അടിയന്തരാവസ്ഥ വളരെ ഗഹനമായി പഠിച്ചിട്ടുണ്ട്. ഇത് സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെ പോഷിപ്പിക്കുകയല്ല, മറിച്ച് പല വിട്ടുവീഴ്ചകള്‍ക്കും വഴിയൊരുക്കി ദുര്‍ബലപ്പെടുത്തുകയാണെന്നാണ് കണ്ടുവരുന്നത്. ഇതിന്റെ കാരണം, കേരളത്തിലെ കുടുംബ സംവിധാനങ്ങള്‍ ഇപ്പോഴും പിതൃമേധാവിത്വത്തിന്റെ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു എന്നുള്ളതാണ്. കേരളത്തിലെ സ്ത്രീകളുടെ പൊതുകര്‍മ്മരംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, തൊഴില്‍രംഗങ്ങളില്‍ അവരുടെ കഠിനാധ്വാനത്തിന്റെ സംഭാവനകള്‍, പരിണിതഫലങ്ങള്‍, എന്നിവയുടെ ഗുണഭോക്താക്കള്‍ പലപ്പോഴും തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍ക്കുപകരം അവരുടെ കുടുംബങ്ങളോ പൊതുസമൂഹമോ ആണെന്നുള്ളത് വെറും യാഥാര്‍ത്ഥ്യമാണ്. ഈ വ്യവസ്ഥയ്ക്ക് മാറ്റം അനിവാര്യമാണ്. വ്യക്തികളെന്ന നിലയ്ക്ക്, സ്ത്രീകള്‍ക്ക് അവരുടെ സ്വത്വത്തിന്റെ സ്വയംഭരണം ഉറപ്പാക്കുന്നതിന് സ്ത്രീകളുടെ അവകാശങ്ങളെ തികച്ചും ഗാര്‍ഹിക, കുടുംബ മേഖലകളില്‍ നിന്ന് വേര്‍പെടുത്തേണ്ടതുണ്ട്. വൈവാഹിക അല്ലെങ്കില്‍ മാതൃപദവിയുമായി കുടുംബത്തിന്റെ അച്ചാണിയായി സ്ത്രീയുടെ അവകാശങ്ങള്‍ ബന്ധിപ്പിക്കുന്നത് സ്ത്രീകളുടെ സമത്വത്തെ പരിമിതപ്പെടുത്തുന്നു, അവരില്‍ സാമ്പത്തിക ആശ്രിതത്വം അടിച്ചേല്‍പ്പിക്കുന്നു, അവരുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ സ്വകാര്യ കുടുംബത്തിന്റെ അധികാര ചലനാത്മകതയ്ക്ക് വിധേയമാക്കുന്നു.
ഈ അവസരത്തില്‍, സൗജന്യ ബസ്സ് യാത്ര സ്ത്രീകള്‍ക്ക് വളരെ ഗുണകരമായിരിക്കും. ഒരു സ്ത്രീ വീട്ടിന് വെളിയില്‍ തൊഴില്‍രംഗത്ത് പ്രവര്‍ത്തിക്കുന്നത് പല ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ കൂടിയാണ്. കുട്ടികളെ സ്‌കൂളില്‍ കൊണ്ടാക്കുക, പച്ചക്കറിയും പലവ്യഞ്ജനവും വാങ്ങിക്കുക, ആശുപത്രിയില്‍ പോവുക, ബില്ലടയ്ക്കുക എന്നിങ്ങനെ പല യാത്രകളുടെ ഒരു ചങ്ങലപ്പൂട്ടിനുള്ളില്‍ നിന്നുമാണ് കേരളത്തില്‍ സ്ത്രീകള്‍ തൊഴില്‍രംഗത്തും പൊതുകര്‍മ്മപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നത്. ഇത്തരത്തിലുള്ള ‘ട്രിപ്പ്-ചെയിനിംഗില്‍’ സ്ത്രീകള്‍ കൂടുതല്‍ പങ്കെടുക്കുന്നതിനാല്‍, യാത്രാനിരക്കുകള്‍, ബസ്സ് കൂലി എന്നിവ അവരുടെ വരുമാനത്തെ അനുപാതമില്ലാതെ ബാധിക്കുന്നു. സൗജന്യ ഗതാഗതം ഈ പണം തിരിച്ചുപിടിക്കുകയും ഫലപ്രദമായി സ്ത്രീകളുടെ വരുമാനം അവര്‍ക്കുവേണ്ടി അവരുടെ ആവശ്യങ്ങള്‍ക്കായി ചെറിയ തോതിലെങ്കിലും വര്‍ദ്ധിപ്പിക്കാന്‍ സഹായകരമാകും. ആല്‍ത്തിയ സ്ത്രീ കൂട്ടായ്മ ഈ സംരംഭത്തെ സ്വാഗതം ചെയ്യുന്നു.
തന്നെയുമല്ല, പല സ്ത്രീകളും പല പല ബസ്സുകള്‍ മാറിക്കയറിയാണ് ജോലിക്ക് പോകുന്നത്, മടങ്ങിവരുന്നത്. ഈ സന്ദര്‍ഭത്തില്‍ സുരക്ഷിതവും സൗജന്യവുമായ ബസ്സുകള്‍ക്കിടയിലുള്ള കണക്റ്റിവിറ്റി, അടിയന്തര സ്റ്റോപ്പുകള്‍ നടത്തിപ്പാനുള്ള സംവിധാനം എന്നിവ പോലുള്ള ലിംഗഭേദ അവബോധം ഉള്‍ക്കൊള്ളുന്ന അടിസ്ഥാന സൗകര്യങ്ങളും നടപ്പാക്കേണ്ടതുണ്ട്. പൊതുഇടങ്ങളിലെ പീഡനങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യം സ്ത്രീകളെ വൈകിയുള്ള ഷിഫ്റ്റുകളില്‍ ജോലി ചെയ്യാനോ മികച്ച ശമ്പളമുള്ള ജോലികള്‍ക്കായി കൂടുതല്‍ ദൂരം സഞ്ചരിക്കാനോ നേരിട്ട് പ്രാപ്തരാക്കുന്നു. സ്വന്തം കുടുംബങ്ങളില്‍ ശമ്പളമില്ലാത്ത പരിചരണത്തിന്റെ ഭൂരിഭാഗവും സ്ത്രീകളാണ് ചെയ്യുന്നത്. സൗജന്യവും സുരക്ഷിതവുമായ പൊതുഗതാഗതം ദൈനംദിന യാത്രാസമയം കുറയ്ക്കാന്‍ സഹായിക്കും. ഇങ്ങനെ നേടിയെടുക്കുന്ന സമയം കൊണ്ട് സ്ത്രീകള്‍ക്ക് സ്വയം ഉന്നമനത്തിനുള്ള വിദ്യാഭ്യാസം, കുറച്ചു ദൂരെയാണെങ്കിലും ശമ്പളമുള്ള ജോലി, എന്നിവയിലേക്ക് ശ്രദ്ധ തിരിച്ചുവിടാന്‍ കഴിയും. തൊഴില്‍രംഗത്ത് ഗതാഗതത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രത്യേക തടസ്സങ്ങള്‍ മനസ്സിലാക്കുന്നതും, സ്ത്രീകളെ ശാക്തീകരിക്കുന്നതിന് ഉള്‍ക്കൊള്ളുന്ന സുരക്ഷിതവും, സൗജന്യവുമായ ഗതാഗത സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതും കൂടുതല്‍ നീതിയുക്തമായ സാമ്പത്തിക സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന നഗരങ്ങള്‍ക്ക് ശക്തമായ അടിത്തറയിടാന്‍ സഹായകമാകും.
കശുവണ്ടി തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, പാചകതൊഴിലാളികള്‍ തയ്യല്‍ തൊഴിലാളികള്‍, ഹോസ്പിറ്റല്‍ ജീവനക്കാര്‍, അസംഘടിത മേഖവയില്‍ തുച്ഛമായ വേതനത്തിന് തൊഴിലെടുക്കുന്നവര്‍, തുടങ്ങി സര്‍വ്വമേഖലയിലെയും സാധാരണക്കാരായ സ്ത്രീകള്‍ക്ക് തങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് യാത്രാക്കൂലിയിനത്തില്‍ ചെലവഴിക്കേണ്ടി വന്നിരുന്നു. ഈ തുക ലാഭിക്കാന്‍ സാധിക്കുന്നതുവഴി ആ പണം കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നിവയ്ക്കായി ഉപയോഗിക്കാന്‍ കുടുംബങ്ങള്‍ക്ക് സാധിച്ചേക്കാം. പ്രതിമാസം 8000 രൂപ മുതല്‍ 15000 രൂപ വരെ ശരാശരി വരുമാനത്തിന് ബസില്‍ ജോലിക്ക് പോയിവരുന്ന സ്ത്രീകള്‍ക്ക്, കുടുംബഭാരം ഏറ്റെടുക്കുന്നതിലൂടെ ഉണ്ടാകുന്ന മാനസിക- ശാരീരിക- വൈകാരിക വെല്ലുവിളികളില്‍നിന്ന് വലിയ ആശ്വാസവും ആത്മവിശ്വാസവും സൗജന്യ യാത്രാപദ്ധതിയിലൂടെ ഉണ്ടായേക്കാം.
ഇന്നത്തെ ഭരണകക്ഷിയുടെ മുഖ്യധാരാ നേതാക്കള്‍ പലപ്പോഴും കുടുംബത്തിന് ഇതുണ്ടാക്കുന്ന ഗുണത്തെ ഊന്നാനാണ് ശ്രമിക്കുന്നതെങ്കിലും അതിലുപരിയാണ് ഈ പദ്ധതിയുടെ പ്രസക്തിയെന്ന് തിരിച്ചറിയേണ്ടതുണ്ട് – സ്ത്രീകളെ വീട്ടുത്തരവാദിത്വങ്ങളുടെയും വീടിന്റെ സാമ്പത്തികഭദ്രതയുടെയും വാഹകരായി കാണുകയല്ല ഈ പദ്ധതി. മറിച്ച്, സ്ത്രീകളുടെ ചലനസ്വാതന്ത്ര്യത്തെ നേരിട്ട് ഉന്നംവയ്ക്കുന്ന, അതിലൂടെ അവരുടെ പൌരത്വത്തെ അംഗീകരിക്കുന്ന, നിലപാടാണ് അതിനു പിന്നില്‍.
യാത്രാചെലവ് ഓര്‍ത്തുമാത്രം ജോലിക്ക് പോകാതിരുന്ന പല സ്ത്രീകള്‍ക്കും ധൈര്യമായി ജോലിക്കിറങ്ങാന്‍ ഈ പദ്ധതി കരുത്ത് പകരുന്നു. ഗാര്‍ഹികഹിംസയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ പലപ്പോഴും തീര്‍ത്തും നിസ്സഹായരാണ് – സൗജന്യയാത്ര അവര്‍ക്ക് ജീവന്‍ രക്ഷിക്കാനുളള വഴി തന്നെയാകും. സ്ത്രീകളുടെ അന്തസ്സും അഭിമാനവും ആത്മവിശ്വാസവും ഉയര്‍ത്തുന്നു. യാത്രാസൗജന്യമെന്നത് കേവലം സൗജന്യമോ ഭിക്ഷയോ അല്ല, മറിച്ച് സ്ത്രീകളുടെ അവകാശവും അവരെ പൊതുധാരയിലേക്ക് കൊണ്ടുവരാനുള്ള നിക്ഷേപവുമാണ്. പണത്തിനായി മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം ആവശ്യങ്ങള്‍ക്കായി (ബാങ്ക്, ആശുപത്രി, പൊതുസ്ഥലങ്ങള്‍) തനിയെ യാത്ര ചെയ്യാനുള്ള സ്വാതന്ത്ര്യം സ്ത്രീകളുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. ബസുകളിലും പൊതുവഴികളിലും സ്ത്രീകളുടെ എണ്ണം കൂടുന്നത് അവര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വബോധം നല്‍കുന്നു. സമൂഹത്തിന്റെ മുഖ്യധാരയില്‍ തങ്ങള്‍ക്കും തുല്യപങ്കാളിത്തം എന്ന ബോധ്യം അവരുടെ അന്തസ്സ് ഉയര്‍ത്തുന്നു. ഉപരിപഠനത്തിന് ദൂരെയുള്ള കോളേജുകളിലും സ്ഥാപനങ്ങളിലും പോകേണ്ടിവരുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇത് വലിയൊരു അനുഗ്രഹമാണ്.
ഗാര്‍ഹികഹിംസയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ പലപ്പോഴും തീര്‍ത്തും നിസ്സഹായരാണ് – സൗജന്യയാത്ര അവര്‍ക്ക് ജീവന്‍ രക്ഷിക്കാനുളള വഴി തന്നെയാകും. സ്ത്രീകളുടെ അന്തസ്സും അഭിമാനവും ആത്മവിശ്വാസവും ഉയര്‍ത്തുന്നു. ഗാര്‍ഹികഹിംസയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ പലപ്പോഴും തീര്‍ത്തും നിസ്സഹായരാണ് – സൗജന്യയാത്ര അവര്‍ക്ക് ജീവന്‍ രക്ഷിക്കാനുളള വഴി തന്നെയാകും. സ്ത്രീകളുടെ അന്തസ്സും അഭിമാനവും ആത്മവിശ്വാസവും ഉയര്‍ത്തുന്നു.കൂടുതല്‍ ആളുകള്‍ പൊതുഗതാഗതം ഉപയോഗിക്കുന്നതുവഴി സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയുകയും മലിനീകരണം ഒരു പരിധി വരെ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. നാട്ടിനു പുറത്തും നഗരപ്രാന്തപ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ആശുപത്രികളില്‍ വരാനും സമയത്തിന് ആരോഗ്യസംരക്ഷണം തേടാനും സൗജന്യയാത്ര സഹായകമാകും. ഇനിയൊരു മഹാമാരി വന്നാല്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ തീര്‍ച്ചയായും സൗജന്യ ബസ് യാത്രയ്ക്ക് അര്‍ഹതയുള്ളവരാണ്.
സ്ത്രീകളുടെ സൗജന്യയാത്രയെ വിപുലമാക്കാനുള്ള ശ്രമങ്ങള്‍ വേണം. ട്രാന്‍സ്ജന്റര്‍ പൌരികള്‍ക്കും ഈ സൗജന്യം ലഭ്യമാക്കിയിരിക്കുന്നത് സ്വാഗതാര്‍ഹമാണ്. വടക്കന്‍ കേരളത്തിലെ ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിച്ച് അവിടുത്തെ സ്ത്രീകള്‍ക്ക് ഇതിന്റെ പൂര്‍ണഫലം ലഭ്യമാക്കണം. ഇതു കൂടാതെ ഗതാഗതത്തില്‍ കൂടുതല്‍ സ്ത്രീകളെ ഡ്രൈവര്‍മാരായും കണ്‍ടക്ടര്‍മാരായും നിയമിക്കുക, ബസ് സ്റ്റാന്റുകളിലും സ്റ്റോപ്പുകളിലും സ്ത്രീകളെ സുരക്ഷാച്ചുമതലകള്‍ ഏല്‍പ്പിക്കുക മുതലായ വിപുലീകരണങ്ങള്‍ക്കും സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
കെ.എസ്.ആര്‍.ടി.സി പോലെയുള്ള പൊതുഗതാഗത സ്ഥാപനങ്ങള്‍ക്ക് ഇത് വലിയ സാമ്പത്തികഭാരമുണ്ടാക്കും, ?ബസുകളില്‍ അമിതമായ തിരക്ക് അനുഭവപ്പെടുന്നത് പ്രായമായവര്‍ക്കും രോഗികള്‍ക്കും ചിലപ്പോള്‍ ബുദ്ധിമുട്ടുണ്ടാക്കും, എന്നും മറ്റുമുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പക്ഷേ സാമ്പത്തികഭാരം ഒന്നുകൊണ്ടു മാത്രം തള്ളിക്കളയേണ്ട നയമല്ല ഇത് – അതിന്റെ ചരിത്രപ്രസക്തി വലുതാണ്. പ്രായമായവര്‍, രോഗികള്‍ മുതലായവരുടെ വലിയ പങ്ക് സ്ത്രീകളാണെന്ന് മറക്കുകയും അരുത്.
2. ഇസ്ലാമോഫോബിയ മുസ്ലിം സ്ത്രീകളെ ഉന്നംവയ്ക്കുന്ന രീതി ഉന്മൂലനം ചെയ്യപ്പെടണം
കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഇസ്ലാംവിരുദ്ധതയെ സാധാരണവത്ക്കരിക്കാന്‍ ഇടതുപക്ഷം തന്നെ തയ്യാറായ ഗുരുതരസാഹചര്യമായിരുന്നു നിലനിന്നിരുന്നത്. അതിനു തടയിടുമെന്ന വാഗ്ദാനമാണ് പുതിയ സര്‍ക്കാരിന്റെ മുഖമുദ്ര. ഈ വാഗ്ദാനം നിറവേറ്റാനുള്ള ശ്രമങ്ങളില്‍ സര്‍ക്കാര്‍ മറന്നുപോകാന്‍ പാടില്ലാത്ത ഒരു പ്രധാനകാര്യം ഇതാണ് – ഇസ്ലാംഭീതി പടര്‍ത്താനുള്ള വലത്- ഇടത് ശ്രമങ്ങള്‍, സാമൂഹ്യമാദ്ധ്യമങ്ങളിലും പുറത്തും, പലപ്പോഴും മുസ്ലീം സ്ത്രീകളെ – മതവസ്ത്രം ധരിക്കുന്ന മുസ്ലിം സ്ത്രീകളെ പ്രത്യേകമായി ഉന്നംവയ്ക്കുന്നവയായിരുന്നു. അതായത്, കേരളത്തില്‍ പടര്‍ന്ന ഇസ്ലാംഭീതി ലിംഗസ്വഭാവമുള്ള ഇസ്ലാംഭീതിയായിരുന്നു (Gendered Islamophobia). ഇത് കര്‍ശനമായും തടയപ്പെടണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
മുസ്ലിം സ്ത്രീകള്‍ തങ്ങളുടെ മതപരമായ സ്വത്വം കാരണവും സ്ത്രീ എന്ന നിലയിലും സമൂഹത്തില്‍ ഇരട്ട വിവേചനം (Double Marginalization) നേരിടുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും, പൗരികള്‍ക്കും ഏത് മതവും ആചരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. മതസ്വാതന്ത്ര്യം ഒരു മൗലികാവകാശമായി ഔദ്യോഗികമായി സംരക്ഷിക്കുന്നുണ്ട്. കാഴ്ചയിലെ സ്വത്വങ്ങളായ (Visual Identity) ഹിജാബ്, പര്‍ദ്ദ തുടങ്ങിയ വസ്ത്രധാരണരീതികള്‍ കാരണം മുസ്ലിം സ്ത്രീകള്‍ പൊതുവിടങ്ങളില്‍ എളുപ്പം തിരിച്ചറിയപ്പെടുന്നു. ഇത് അവരെ അക്രമികളുടെയും വിദ്വേഷ പ്രചാരകരുടെയും എളുപ്പത്തിലുള്ള ലക്ഷ്യമാക്കി മാറ്റുന്നു. മുസ്ലിം സ്ത്രീകള്‍ എല്ലാവരും ‘അടിച്ചമര്‍ത്തപ്പെട്ടവരാണ്’ അല്ലെങ്കില്‍ ‘സ്വന്തമായി ശബ്ദമില്ലാത്തവരാണ്’ എന്ന പൊതുബോധം നിര്‍മ്മിച്ചെടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നു. ദേശീയ തലത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യാനും, ഓണ്‍ലൈന്‍ ഉപദ്രവങ്ങള്‍ക്കും, അവര്‍ക്കെതിരെ ഡിജിറ്റല്‍ ലേലങ്ങള്‍ (ഉദാഹരണത്തിന് ബുള്ളി ഭായ്, സുള്ളി ഡീല്‍സ് ആപ്പുകള്‍ പോലുള്ളവ) നടത്താനും വിദ്വേഷ ഗ്രൂപ്പുകള്‍ തയ്യാറായ കാലത്തിലാണ് കേരളത്തിലും ഈ പ്രവണത തലപൊക്കിയത്.
ഇടതുപാര്‍ട്ടികളുടെ സജീവപ്രവര്‍ത്തകരും മതജീവിതം നയിക്കാത്തവരുമായ മുസ്ലീം സ്ത്രീകള്‍ക്കെതിരെ പോലും ഉള്‍പാര്‍ട്ടിവഴക്കുകളില്‍ മതതീവ്രവാദിയെന്ന വിളി കേള്‍ക്കേണ്ടിവന്ന, അതിലൂടെ അവര്‍ ഇടതുപാര്‍ട്ടിവൃത്തങ്ങളില്‍ത്തന്നെ അരികുവത്ക്കരിക്കപ്പെട്ട, സംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നിട്ടുണ്ട്.? ഈ പ്രവണത തടയേണ്ടത്, മൗലികാവകാശങ്ങളുടെ ലംഘനം എന്നനിലക്കാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണ്. അതിന്മേലുള്ള കടന്നുകയറ്റം ഭരണഘടനാ വിരുദ്ധമാണ്. ?ഇത്തരം വിദ്വേഷ അന്തരീക്ഷം കാരണം പല പെണ്‍കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസവും മികച്ച തൊഴിലവസരങ്ങളും നഷ്ടപ്പെടുന്നു (ഉദാഹരണത്തിന് ഹിജാബ് ധരിച്ചവര്‍ക്ക് സ്‌കൂള്‍പ്രവേശനം നിഷേധിക്കുന്നു. അത് മാറ്റിയാല്‍ മാത്രമേ പ്രവേശനം ലഭിക്കൂ) ഇത് സ്ത്രീശാക്തീകരണത്തിന് വലിയ തിരിച്ചടിയാണ്. ?നിരന്തരമായ ഭയവും വിദ്വേഷവും മുസ്ലിം സ്ത്രീകളില്‍ വലിയ തോതിലുള്ള മാനസിക സമ്മര്‍ദ്ദവും സുരക്ഷിതത്വമില്ലായ്മയും ഉണ്ടാക്കുന്നു.
മുസ്ലിം സ്ത്രീകള്‍ എല്ലാവരും ‘അടിച്ചമര്‍ത്തപ്പെട്ടവരാണ്’ അല്ലെങ്കില്‍ ‘സ്വന്തമായി ശബ്ദമില്ലാത്തവരാണ്’ എന്ന പൊതുബോധം നിര്‍മ്മിച്ചെടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നു. ഇതിനെതിരേ നിയമപരമായ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. മുസ്ലിംസ്ത്രീകള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍/ഓഫ്ലൈന്‍ വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണം. മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന തെറ്റായ വാര്‍പ്പുമാതൃകകളെ തിരുത്തുകയും കര്‍ശനമായ നിയമനടപടികള്‍ എടുക്കുകയും വേണം. സ്വയം പ്രതിരോധവും നേതൃത്വവും ഉള്ള മുസ്ലിം സ്ത്രീകള്‍ വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും കൂടുതല്‍ മുന്നോട്ട് വരാനും തങ്ങളുടെ അവകാശങ്ങള്‍ക്ക് ശബ്ദമുയര്‍ത്താനും തയ്യാറാവുന്നത് അഭിമാനകരമാണ്. മുസ്ലിം സ്ത്രീകളുടെ വൈവിധ്യമാര്‍ന്ന കഴിവുകളെയും അവരുടെ നേട്ടങ്ങളെയും പൊതുസമൂഹത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം.
ഇത് മുസ്ലിം സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല, മറിച്ച് മനുഷ്യാവകാശ പ്രശ്‌നമാണ്. പൊതുസമൂഹത്തിലെ മതേതര- സ്ത്രീപക്ഷ കൂട്ടായ്മകള്‍- ഇവര്‍ക്ക് ശക്തമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കപ്പെടുന്ന മാതൃകാസമീപനങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണം. ഒരു ജനാധിപത്യ സമൂഹത്തിന്റെ പുരോഗതി അളക്കുന്നത് അവിടുത്തെ ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരും സ്വതന്ത്രരുമാണ് എന്ന് നോക്കിയാണ്. മുസ്ലിം സ്ത്രീകള്‍ക്കെതിരെയുള്ള വിദ്വേഷ പ്രവണതകളെ ചെറുക്കുക എന്നത് ജനാധിപത്യ മൂല്യങ്ങളും സ്ത്രീനീതിയും സംരക്ഷിക്കാന്‍ അനിവാര്യമാണ്.
3. ആശ തൊഴിലാളികളുടെ വിഷയങ്ങള്‍ ഗൗരവമായി അന്വേഷിക്കുക
2025- ലെ ആശാ തൊഴിലാളി സമരത്തോട് നടത്തിയ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നത് സ്വാഗതാര്‍ഹമാണ്. എങ്കിലും സമരം കേവലം കൂലിക്കൂടുതലിനു വേണ്ടിയായിരുന്നില്ലെന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്. അമിതമായ ജോലിഭാരവും തൊഴിലിടത്തില്‍ രണ്ടാംകിടക്കാരായി ആശാത്തൊഴിലാളികളെ തരംതാഴ്ത്തുന്നതും സമരത്തിന്റെ വിഷയങ്ങളായിരുന്നു. സമരത്തിനുശേഷം ഇത്തരം പല വിഷയങ്ങളിലും തെറ്റുതിരുത്തുമെന്ന് ഉറപ്പു തന്ന മുന്‍സര്‍ക്കാര്‍ പിന്നീട് പിന്‍വലിയുകയോ മെല്ലെപ്പോക്കിലാവുകയോ ചെയ്യുകയാണുണ്ടായത്.
ഇന്‍സെന്റീവ് ലക്ഷ്യങ്ങള്‍ നേടാനാകാത്തവരുടെ ഹോണറേറിയം പകുതിയാക്കുന്ന രീതി അവസാനിപ്പിക്കുമെന്ന വാക്കാലുള്ള ഉറപ്പ് സമരക്കാര്‍ക്കു കൊടുത്തെങ്കിലും സര്‍ക്കാര്‍ മെല്ലെപ്പോക്കുനയമാണ് പിന്നീട് സ്വീകരിച്ചത്. ഇത് ഇന്‍സെന്റീവ് ടാര്‍ഗറ്റുകള്‍ നേടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെ ആശമാരെ വളരെ മോശമായി ബാധിക്കുന്നുണ്ട്. അതുപോലെ, സമരം ചെയ്ത യൂണിയന്‍ ശക്തമല്ലാത്ത സ്ഥലങ്ങളില്‍ ആശമാരുടെ ജോലിസമയം പഴയതുപോലെ തന്നെ അമിതമായി തുടരുന്നു. അവര്‍ക്ക് മഴക്കാലപൂര്‍വ ഉത്തരവാദിത്വങ്ങള്‍ കണക്കിലധികം ചുമക്കേണ്ടിവരുന്നു. താത്ക്കാലിക ജീവനക്കാര്‍ മാത്രമായ പബ്‌ളിക് റിലേഷന്‍സ് ഉദ്യോഗസ്ഥര്‍ ആശാത്തൊഴിലാളികളോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ തീര്‍ത്തും വിസമ്മതിക്കുന്നതും ശ്രദ്ധേയമാണ്. അതുപോലെ, കേന്ദ്രതലത്തില്‍ പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങളുടെ കാര്യത്തില്‍ യാതൊരു വ്യക്തതയും ഇപ്പോഴുമില്ല. എന്‍ എച് എം ഈ വിഷയത്തില്‍ കാര്യമായ താത്പര്യം കാണിക്കുന്നില്ല. മാര്‍ച്ച് 2026ല്‍ നല്‍കുമെന്നു പറഞ്ഞ ഈ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, അവ റദ്ദാക്കപ്പെട്ടു എന്നും പറഞ്ഞു കേള്‍ക്കുന്നു. സമരം കഴിഞ്ഞ മാസങ്ങളില്‍ കൃത്യമായി കിട്ടിയിരുന്ന ഹോണറേറിയും വീണ്ടും വൈകാന്‍ തുടങ്ങിയിരിക്കുന്നു. ഈ വിഷയങ്ങളിലെല്ലാം സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
4. സ്ത്രീനീതി / ബാലനീതി നിയമങ്ങളുടെ കഴിഞ്ഞ 10 വര്‍ഷത്തെ പ്രയോഗത്തെ പറ്റി അന്വേഷണം.
സ്ത്രീനീതി / ബാലനീതി നിയമങ്ങള്‍ വളരെ ദുര്‍ബലമായ രീതിയിലാണ് നടപ്പിലാക്കിവരുന്നത്. ഈ കുറവുകളെ പറ്റി നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ബാലപീഡനങ്ങളും കൊലകളും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. പോലീസോ, ബാലാവകാശ സംരക്ഷണച്ചുമതലയുള്ള ചൈല്‍ഡ്‌ലൈനോ ആശുപത്രികളോ കുട്ടികളുടെ സുരക്ഷയെ തെല്ലും പരിഗണിക്കുന്നില്ലെന്നതിന് ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് സമീപകാലത്തെ അര്‍ഷിത് എന്ന കുഞ്ഞിന്റെ കൊലപാതകം സൂചിപ്പിക്കുന്നത്. ബാലാവകാശസംരക്ഷണം നടപ്പിലാക്കുന്നതിനുള്ള സംവിധാനങ്ങള്‍ എല്ലാം ദുര്‍ബലപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അത് പ്രയോജനമില്ലാതെയാകുന്നു. ഇതിന് പല കാരണങ്ങളുണ്ട്. അതിലൊന്ന്, ഈ മേഖലയില്‍ താല്പര്യമോ പരിചയമോ ഇല്ലാത്തവര്‍ ആ സ്ഥാനങ്ങളില്‍ വരുന്നുവെന്നതാണ്. അതിനാല്‍ സൂക്ഷ്മതയോടെ ഈ പ്രവര്‍ത്തനത്തിനായുള്ളവരെ തെരഞ്ഞെടുക്കേണ്ടതുണ്ട്.
ബാലാവകാശസ്ഥാപനങ്ങളുടെ വീഴ്ചകളെപ്പറ്റിയും പോലീസ് അടക്കമുള്ള നിമയസംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അനവധി പരിശീലനങ്ങളിലൂടെ കടന്നുപോയശേഷവും ഈ വിഷയത്തില്‍ കാട്ടുന്ന കുറ്റകരമായ അനാസ്ഥയും ആഴത്തില്‍ അന്വേഷിക്കേണ്ട വിഷയങ്ങളാണ്. കുടുംബവ്യവസ്ഥയുടെ പരാജയം എന്ന് വിധിയെഴുതുക മാത്രമല്ല, ആ വ്യവസ്ഥയെ ജനാധിപത്യപരമായി പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങളില്‍ ഭരണകൂടവും പങ്കുചേരേണ്ടതുണ്ട്. സിവില്‍ സമൂഹത്തെ ജനാധിപത്യവത്ക്കരിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്താനും സംശയിക്കാനുമുളള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കാനെങ്കിലും സര്‍ക്കാര്‍ ശ്രമിക്കണം. ഈ വിഷയത്തില്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും അന്താരാഷ്ട്രതലത്തില്‍ ബാലാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരുമായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായവും ഉപദേശവും പ്രയോജനപ്പെടുത്തിയുള്ള അഴിച്ചുപണി അനിവാര്യമാണ്.
കൂടാതെ, സ്ത്രീനീതിനിയമങ്ങളുടെ കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രയോഗത്തെ പറ്റി അന്വേഷണം നടത്തണം. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയുളള നിയമങ്ങള്‍ ഭരണകൂടത്തോട് അടുപ്പമുള്ള സ്വാധീനശേഷിയുള്ള പുരുഷന്മാര്‍ക്ക് തീരെ ബാധകമല്ലാതായ അവനധി സംഭവങ്ങള്‍ വെറും ലൈംഗികവിവാദങ്ങളായി, സ്ത്രീവിരുദ്ധആഖ്യാനങ്ങളായി, ചുരുക്കപ്പെട്ടതിന് നാം സാക്ഷിയായതാണ്. സ്ത്രീകള്‍ക്ക് നീതി നല്‍കുന്ന നിയമങ്ങളിലെ ജനവിശ്വാസത്തെ അല്പാല്പമായി ഇല്ലായ്മപ്പെടുത്തുന്ന ദുര്‍ഭരണം പൂര്‍ണമായും അവസാനിപ്പിക്കേണ്ടതുണ്ട്. അതിനുള്ള തുടക്കമെന്ന നിലയ്ക്ക് ഇത്തരമൊരു റിപ്പോര്‍ട്ടിനു വലിയ പ്രസക്തിയുണ്ട്.
നിലവിലുണ്ടായിരുന്ന നിര്‍ഭയ പോളിസി തുറന്ന ചര്‍ച്ചക്കുശേഷം (പ്രത്യേകിച്ച് താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും / പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പ് വരുത്തി) വേണ്ട മാറ്റം വരുത്തി നടപ്പിലാക്കാവുന്നതാണ്.
5. ആരോഗ്യരംഗത്തെ പിടിപ്പുകേടുകള്‍ക്കെതിരെ സമരം ചെയ്ത സ്ത്രീകള്‍ക്ക് നീതി
ആരോഗ്യരംഗത്തെ അനാസ്ഥകളില്‍ പെട്ട്, നീതിതേടിയെത്തിയ മുഴുവന്‍ സ്ത്രീകള്‍ക്കും സര്‍ക്കാര്‍ വേഗത്തില്‍ നീതി ലഭ്യമാക്കണം. പ്രസവചികിത്സയിലെ പിഴവുകള്‍, ശസ്ത്രക്രിയയ്ക്കിടയിലെ ഗുരുതരമായ വീഴ്ചകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ ശരീരത്തിനുള്ളില്‍ മറന്നുവെക്കുക തുടങ്ങി കേരളത്തിലുണ്ടായ പല സംഭവങ്ങളും കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യരംഗത്തെ അപമാനപ്പെടുത്തിയിട്ടുണ്ട്. വളരെ വിവാദപരമായ പ്രതികരണങ്ങളാണ് മുന്‍സര്‍ക്കാരില്‍നിന്ന് ഈ കേസുകളില്‍ പലതിലും ഉണ്ടായത്. അവയില്‍ ഒരു പരാതിക്കാരിക്ക് ജോലി നല്‍കിയത് അഭിനന്ദനീയമാണെങ്കിലും, പ്രശ്‌നത്തിന് സമഗ്രപരിഹാരം വേറെത്തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു.
പ്രസവചികിത്സയിലെ വീഴ്ചകള്‍ കേരളത്തില്‍ കുറവല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സ്റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനിലും (SHRC) ഉപഭോക്തൃ കോടതികളിലും എത്തിയ മെഡിക്കല്‍ അനാസ്ഥ കേസുകളില്‍ 40%-ത്തിലധികം പ്രസവവുമായി ബന്ധപ്പെട്ട ചികിത്സാ പിഴവുകളാണ്. ഗര്‍ഭസ്ഥ ശിശുവിന്റെയോ അമ്മയുടെയോ മരണം, സമയത്ത് ചികിത്സ നല്‍കാതിരിക്കല്‍ എന്നിവ ഇതില്‍ പെടുന്നു. ശസ്ത്രക്രിയാ പിഴവുകളും ധാരാളം നടക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവശസ്ത്രക്രിയയ്ക്കിടയില്‍ കത്രിക വയറ്റില്‍ മറന്നുവെച്ച ഹര്‍ഷീനയുടെ സംഭവം കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരള മനസ്സാക്ഷിയെ ഉലച്ച ഒന്നാണ്. ഐ.സി.യുവിലെ രോഗി ലൈംഗികപീഡനത്തിനിരയായതിലും ഇരക്ക് നീതി ലഭിച്ചിട്ടില്ല. താലൂക്ക്, ജില്ലാ ആശുപത്രികളില്‍ രാത്രികാലങ്ങളില്‍ ഗൈനക്കോളജിസ്റ്റുകളുടെ അഭാവം മൂലം കൃത്യസമയത്ത് പ്രസവചികിത്സ കിട്ടാതെ ദരിദ്രപശ്ചാത്തലത്തില്‍ നിന്നുള്ള സ്ത്രീകള്‍ ദുരിതമനുഭവിക്കുന്ന അവസ്ഥയ്ക്ക് കഴിഞ്ഞ പത്ത് വര്‍ഷമായിട്ടും പൂര്‍ണ്ണ പരിഹാരമായിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളിലെ അനാസ്ഥയോ – വിഭവദാരിദ്ര്യമോ- കാരണം ജീവന്‍ രക്ഷിക്കാന്‍ സ്വകാര്യ ആശുപത്രികളെ അഭയം പ്രാപിക്കേണ്ടിവരുന്ന സാധാരണക്കാരായ കുടുംബങ്ങള്‍ വലിയ കടക്കെണിയിലാകുന്നു. ശസ്ത്രക്രിയാ പിഴവുകള്‍ മൂലം സ്ഥിരമായ ശാരീരിക വൈകല്യം സംഭവിക്കുന്ന സ്ത്രീകള്‍ മാനസികാഘാതവും സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്നു. ദരിദ്രരായ സ്ത്രീകള്‍ക്ക് വര്‍ഷങ്ങളോളം കോടതി കയറിയിറങ്ങാനും കേസ് നടത്താനുമുള്ള സാമ്പത്തികശേഷി ഉണ്ടാകാറില്ല. തങ്ങളുടെ തെറ്റുകൂടാതെ ജീവച്ഛവമാകേണ്ടി വരുന്ന ദുരവസ്ഥയാണത്.
മാതൃകാപരമായ ഇടപെടലുകള്‍ക്കും ആരോഗ്യരംഗത്തെ പിഴവുകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാനും ഇരകള്‍ക്ക് നീതി ഉറപ്പാക്കാനും, സര്‍ക്കാര്‍ താഴെ പറയുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
ഫാസ്റ്റ് ട്രാക്ക് അന്വേഷണ സംവിധാനം:
മെഡിക്കല്‍ അനാസ്ഥ പരാതികള്‍ അന്വേഷിക്കാന്‍ ആരോഗ്യവകുപ്പിന് പുറത്തുള്ള നിഷ്പക്ഷരായ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ‘ഫാസ്റ്റ് ട്രാക്ക് മെഡിക്കല്‍ ട്രൈബ്യൂണലുകള്‍’ സ്ഥാപിക്കണം. 6 മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി വിധി വരണം.
ഉടന്‍ നഷ്ടപരിഹാരവും പുനരധിവാസവും:
വീഴ്ച സംഭവിച്ചുവെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാല്‍, നിയമപോരാട്ടം അവസാനിക്കുന്നത് വരെ കാത്തുനില്‍ക്കാതെ ഇരയായ സ്ത്രീക്ക് സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായവും സൗജന്യ തുടര്‍ചികിത്സയും ഉറപ്പാക്കണം.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി:
അനാസ്ഥ വരുത്തുന്ന ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്കപ്പുറം, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള മാതൃകാപരമായ ശിക്ഷകള്‍ നടപ്പാക്കണം.
മെഡിക്കല്‍ ഓഡിറ്റിംഗ്:
എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും പ്രസവ ശസ്ത്രക്രിയകളും മറ്റ് പ്രധാന സര്‍ജറികളും കൃത്യമായ ‘മെഡിക്കല്‍ ഓഡിറ്റിംഗിന്’ വിധേയമാക്കണം. കരിമ്പട്ടികയില്‍ പെടുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി വേണം.
6. വയോജന വകുപ്പ് നല്ലതാണ്, പക്ഷേ വയോജനാവസ്ഥ ലിംഗവത്കൃതമാണെന്ന പൂര്‍ണ ബോധ്യത്തോടെ വേണം അതിന്റെ നയം തീരുമാനിക്കാന്‍
വയോജന പുനരധിവാസം എന്നാല്‍ കേവലം ‘ഭക്ഷണവും പാര്‍പ്പിടവും’ നല്‍കിവരുന്ന കേവലകാരുണ്യ (Charity) പ്രവൃത്തിയല്ല. മറിച്ച് അത് ആദരവും ആത്മവിശ്വാസവും സന്തോഷവും ഉറപ്പാക്കുന്ന പൗരാവകാശമാണ്. അപ്പോഴും വയോജനാവസ്ഥ gendered ആണെന്ന പൂര്‍ണബോധ്യത്തോടെ വേണം അതിന്റെ നയം തീരുമാനിക്കാന്‍. കുടുംബ- സാമൂഹിക രംഗത്തുനിന്നെല്ലാം അസ്തിത്വം നഷ്ടപ്പെട്ട് എത്തിപ്പെടുന്ന വൃദ്ധരായ സ്ത്രീകള്‍ക്കും ട്രാന്‍സ് വനിതകള്‍ക്കും പ്രത്യേക പദ്ധതി ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. വയോജനകേന്ദ്രങ്ങളില്‍ അടച്ചിട്ട അവസ്ഥയില്‍നിന്നും അവരുടെ മാനസികോല്ലാസവും ക്രിയാത്മകതയും സമൂഹത്തിന് ലഭ്യമാക്കുന്നവിധം വയോജനകേന്ദങ്ങള്‍ മാറ്റേണ്ടുണ്ട്. ഉദാഹരണത്തിന് കലാകാരന്മാര്‍ക്ക് പുറംവേദികളില്‍ അവസരമൊരുക്കല്‍, കൃഷി നടത്തി പുറത്ത് വിപണിയൊരുക്കല്‍ തുടങ്ങിയവ. ഇവിടെയും കുടുംബവാദപരമായ സമീപനത്തെ സര്‍ക്കാര്‍ മാറ്റിവയ്ക്കണം. വാര്‍ദ്ധക്യകാലസംരക്ഷണം കുടുംബത്തിന് അകത്തും പുറത്തും കഴിയുന്ന സ്ത്രീകള്‍ക്ക് ഒരുപോലെ അവകാശമായി മാറേണ്ടതുണ്ട്.
പൊതുമാധ്യമങ്ങളിലെ വിവരക്കണക്കുകള്‍ അനുസരിച്ച് കേരളത്തില്‍ ഇന്ന് 18.7% പൗരജനങ്ങള്‍ അറുപതു വയസ്സിന് മുകളിലാണ്. ഇത് കേരളത്തെ ഇന്ത്യയുടെ തന്നെ ദേശീയ ശരാശരിയേക്കാള്‍ (ഏകദേശം 11.4%) മുകളിലാക്കി നിര്‍ത്തുന്നു, കൂടാതെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രായമായവരുടെ അനുപാതം കേരളത്തിന് നല്‍കുന്നു. കേരളത്തിലെ മുതിര്‍ന്ന പൗരരില്‍ (60 വയസും അതില്‍ കൂടുതലുമുള്ളവര്‍) ഏകദേശം 54% മുതല്‍ 55% വരെ സ്ത്രീകളാണ്. പുരുഷന്മാരുടെ ഏകദേശം 72 വര്‍ഷം എന്ന ആയുര്‍ദൈര്‍ഘ്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ സ്ത്രീകളുടെ ശരാശരി 78 വര്‍ഷം എന്ന ആയുര്‍ദൈര്‍ഘ്യമാണ് ഈ പ്രതിഭാസത്തിന് കാരണം.
പ്രായമായ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രത്യേകമായ പ്രശ്‌നങ്ങള്‍ പലതാണ്. വിധവത്വത്തിന്റെ ഉയര്‍ന്ന വ്യാപനം, സാമ്പത്തിക ആശ്രയത്വം, വയോജനപീഡനം, അപര്യാപ്തമായ വയോജന ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ പല വെല്ലുവിളികളും വയസ്സായവര്‍ കേരളത്തില്‍ നേരിടുന്നു. ഇതിനാല്‍ വയോജന പാലനത്തിനായുള്ള വകുപ്പ് ലിംഗവ്യത്യാസവും ലിംഗനീതിയും കണക്കിലെടുത്തുകൊണ്ടുള്ള നയങ്ങള്‍ നടപ്പിലാക്കേണ്ടുന്നതിന്റെ ആവശ്യം ആല്‍ത്തിയ സ്ത്രീ കൂട്ടായ്മ ഉയര്‍ത്തി കാട്ടുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
വാര്‍ദ്ധക്യത്തില്‍ യാതൊരു സാമ്പത്തിക ഭദ്രതയുമില്ലാതെ കഴിയുന്ന വൃദ്ധപൗരജനങ്ങള്‍ കേരളത്തില്‍ സര്‍വ്വസാധാരണമാണ് . പ്രത്യേകിച്ചും സ്ത്രീകളുടെയിടയില്‍. കേരളത്തിലെ ഒരു കാതലായ അടിസ്ഥാന സ്ത്രീ തൊഴില്‍ സമൂഹം അനൗപചാരിക മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരാണ്. ഇവര്‍ സര്‍ക്കാര്‍ ജോലികളിലോ, ചില സ്വകാര്യസ്ഥാപനങ്ങളിലോ കൊടുക്കുന്ന പെന്‍ഷന്‍ മുതലായ യാതൊരു സാമ്പത്തിക ആനുകൂല്യങ്ങളും ലഭിക്കാത്തവരാണ്. വാര്‍ദ്ധക്യത്തില്‍ ഇവരുടെ ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി, കണക്കിലെടുത്തു വേണം വയോജന പാലന ക്രമങ്ങള്‍ നിര്‍ദ്ദേശിക്കാന്‍. ഇവര്‍ക്ക് ജീവിക്കാന്‍ ആവശ്യമുള്ള സ്ഥിരമായിട്ടുള്ള പ്രതിമാസ സാമ്പത്തിക ആനുകൂല്യം നല്‍കേണ്ടതുണ്ട്.
വയോധികരുടെ സാമൂഹ്യാധിഷ്ഠിത പൊതു ആരോഗ്യ പരിപാലന ക്രമങ്ങള്‍, വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കണക്കിലെടുക്കണം. ചെറുപ്പകാലത്തുള്ള ദാരിദ്ര്യം, അല്പഭക്ഷണം, പോഷകാഹാരക്കുറവ് മുതലായവ കാരണം വാര്‍ദ്ധക്യകാലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന വേദനാജനകമായ ആരോഗ്യപ്രശ്‌നങ്ങള്‍ പലതാണ്. വാതം, പ്രമേഹരോഗങ്ങള്‍, കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, അര്‍ബുദം, ഹൃദ്രോഗരങ്ങള്‍, മാനസികരോഗങ്ങള്‍, അല്‍സൈമേഴ്സ്, ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങള്‍ മുതലായവക്ക് ചികിത്സ ഉറപ്പിക്കേണ്ടതുണ്ട്. ഇവ വൃദ്ധ സദനങ്ങളില്‍ മാത്രമല്ല, പ്രായമായവര്‍ താമസിക്കുന്ന കുടുംബങ്ങളിലും സ്വകാര്യ സംവിധാനങ്ങളിലും അന്വേഷിച്ചു കണ്ടുപിടിച്ചു നടപ്പാക്കേണ്ടതാണ്.
നഗരങ്ങളിലും, പ്രാന്തപ്രദേശങ്ങളിലും, നാട്ടിന്‍പുറങ്ങളിലും പല സമൂഹങ്ങളിലും പട്ടിണി കിടക്കുന്ന വൃദ്ധജനങ്ങളുണ്ട്. അവര്‍ക്ക് ദിവസം ഒരു നേരമെങ്കിലും പോഷകഗുണമുള്ള ഭക്ഷണം എത്തിച്ചു കൊടുക്കാനുള്ള സംവിധാനം സഹായകരമാകും. മീല്‍സ്-ഓണ്‍ -വീല്‍സ് പോലെയുള്ള പദ്ധതികള്‍ ഒറ്റയ്ക്ക് കഴിയേണ്ടി വരുന്ന വൃദ്ധജനങ്ങള്‍ പട്ടിണി കിടക്കേണ്ടിവരുന്നില്ല എന്നുറപ്പുണ്ടാക്കും. ആശ്രയ പോലുള്ള മുന്‍പദ്ധതികളുടെ ഫലങ്ങള്‍, പോരായ്മകള്‍, അതിന്റെ ലിംഗപരമായ മാനങ്ങള്‍, മുതലായവയെപ്പറ്റി സമഗ്രമായ പഠനവും അത്യാവശ്യമാണ്.
വയോധികര്‍ക്കെതിരെ പല തരം അക്രമങ്ങള്‍ നടക്കുന്ന നാടാണ് കേരളം. പൈസ തട്ടിപ്പു, പിടിച്ചുപറി, കൊള്ള, കൊല, ബലാത്സംഗം മുതലായ അക്രമങ്ങള്‍ പ്രായമായവര്‍ അനുഭവിക്കുന്നതായി ആവശ്യത്തിലേറെ തെളിവുകളുണ്ട്. പ്രായമായവരെ ഇത്തരം അക്രമങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള സംവിധാനം വയോജന വകുപ്പിന്റെ ചുമതലയില്‍ നടപ്പാക്കേണ്ടതുണ്ട്.
കേരളത്തിലെ പ്രായമായ LGBTQ+, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ വളരെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. ‘ഇരട്ട അന്യവല്‍ക്കരണം’ അനുഭവിക്കുന്നവരാണ്. സാമൂഹിക ഒറ്റപ്പെടല്‍, സാമ്പത്തിക അനിശ്ചിതത്വം, ആരോഗ്യ സംരക്ഷണത്തിന്റെ അഭാവം എന്നിവയുടെ സങ്കീര്‍ണ്ണമായ നഷ്ടം ഇവര്‍ നേരിടുന്നു. പ്രായമായ സിസ്ജെന്‍ഡര്‍ സ്ത്രീകള്‍ പുരുഷാധിപത്യ ഘടനകളെ നേരിടുമ്പോള്‍, ക്വിയര്‍, ട്രാന്‍സ് സമൂഹത്തിലെ മുതിര്‍ന്നവര്‍, പ്രായാധിക്യത്തിനോടൊപ്പം, ലിംഗപരമായ പാര്‍ശ്വവല്‍ക്കരണത്തോടും പോരാടുന്നവരാണ്. ഇത്തരത്തിലുള്ള ലിംഗഭേദത്തിലടിസ്ഥാനപ്പെട്ടിട്ടുള്ള അവജ്ഞയും വിവേചനവും മനസ്സിലാക്കി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ വാര്‍ദ്ധക്യസഹജമായ ആവശ്യങ്ങള്‍ക്ക് ഉറപ്പു കൊടുക്കേണ്ടതുണ്ട്.
പ്രായമായവരെ ഇത്തരം അക്രമങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള സംവിധാനം വയോജന വകുപ്പിന്റെ ചുമതലയില്‍ നടപ്പാക്കേണ്ടതുണ്ട്. പ്രായമായവരെ ഇത്തരം അക്രമങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള സംവിധാനം വയോജന വകുപ്പിന്റെ ചുമതലയില്‍ നടപ്പാക്കേണ്ടതുണ്ട്.
7. പുരുഷപീഡനപരിഹാര വേദി, incel സംഘങ്ങള്‍. ഇവ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശത്തെ ഹനിക്കുന്നത്. അവയ്ക്ക് മൂക്കുകയറിടണം.
ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വവും സ്വാതന്ത്ര്യവും എല്ലാ പൗരജനങ്ങള്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ്. എന്നാല്‍ ആധുനിക കാലത്ത് സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റിന്റെയും മറവില്‍ വളര്‍ന്നുവരുന്ന ചില പ്രവണതകള്‍ സ്ത്രീകളുടെ ഈ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വലിയ രീതിയിലുള്ള വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ‘പുരുഷപീഡന പരിഹാര’മെന്ന പേരില്‍ സ്ത്രീവിരുദ്ധതയും ലിംഗസമത്വത്തിനെതിരെയുള്ള വിദ്വേഷവും പ്രചരിപ്പിക്കുന്ന ഇത്തരം ഗ്രൂപ്പുകളെ കര്‍ശനമായി നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിലവിലുള്ള ‘പുരുഷാവകാശ’ ഗ്രൂപ്പുകളില്‍ ഭൂരിഭാഗവും സ്ത്രീസുരക്ഷയ്ക്കായി രാജ്യം നിര്‍മ്മിച്ച നിയമങ്ങളെ അട്ടിമറിക്കാനും സ്ത്രീകളുടെ സ്വതന്ത്രമായ മുന്നേറ്റങ്ങളെ തടയാനുമാണ് ശ്രമിക്കുന്നത്.
ഗാര്‍ഹികപീഡന വിരുദ്ധ നിയമം (498A), തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമ നിരോധന നിയമം (POSH) തുടങ്ങിയവയെല്ലാം സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശത്തെയും (Article 21) സമത്വത്തിനുള്ള അവകാശത്തെയും (Article 14) സംരക്ഷിക്കുന്നതിനായി നിര്‍മ്മിക്കപ്പെട്ടവയാണ്. ഈ നിയമങ്ങളെ തരംതാഴ്ത്തി കാണിക്കാനും, അതിക്രമത്തിനിരയാകുന്ന സ്ത്രീകളെ വീണ്ടും വേട്ടയാടാനും ഇത്തരം വേദികള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. ?തങ്ങള്‍ക്ക് പ്രണയമോ ലൈംഗികമായ അടുപ്പങ്ങളോ ലഭിക്കാത്തതിന് കാരണം സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശങ്ങളുമാണെന്ന് വിശ്വസിക്കുന്ന പുരുഷന്മാരുടെ ആഗോള ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ‘ഇന്‍സെല്‍’. ഇത് കേവലമൊരു ഓണ്‍ലൈന്‍ ചര്‍ച്ചാഗ്രൂപ്പല്ല, മറിച്ച് കടുത്ത സ്ത്രീവിരുദ്ധതയും അക്രമവും പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ ചിന്താഗതിയാണ്. ?
സൈബര്‍ ഇടങ്ങളിലെ അക്രമം:
സ്ത്രീകളെ വ്യക്തിഹത്യ ചെയ്യുക, മോശം പദപ്രയോഗങ്ങള്‍ നടത്തുക, അവരുടെ സ്വകാര്യതയെ മാനിക്കാതിരിക്കുക എന്നിവ ഇത്തരം ഗ്രൂപ്പുകളുടെ പ്രധാന വിനോദമാണ്. സ്ത്രീകളില്‍ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുക വഴി അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെയും തൊഴില്‍ ചെയ്യാനുള്ള അവകാശത്തെയും (Article 19) പരോക്ഷമായി ഇല്ലാതാക്കാന്‍ ഇവര്‍ ശ്രമിക്കുന്നു.
എല്ലാത്തിനുമുപരി, കടുത്ത ഭരണഘടനാപരമായ ലംഘനങ്ങളാണ് ഈ സംഘങ്ങള്‍ നടത്തുന്നത്. ഭരണഘടനയുടെ അനുച്ഛേദം 15 വ്യക്തമാക്കുന്നത് ലിംഗഭേദത്തിന്റെ പേരില്‍ യാതൊരുവിധ വിവേചനവും പാടില്ലെന്നാണ്. കൂടാതെ സ്ത്രീകളുടെ അന്തസ്സിന് ഭംഗം വരുത്തുന്ന ആചാരങ്ങളും പ്രവണതകളും ഉപേക്ഷിക്കേണ്ടത് പൗരരുടെ കടമയാണെന്ന് മൗലിക കര്‍ത്തവ്യങ്ങളില്‍ (Article 51A(e)) പറയുന്നുണ്ട്. എന്നാല്‍ ഇന്‍സെല്‍ ഗ്രൂപ്പുകളും തീവ്ര പുരുഷ സംഘടനകളും സ്ത്രീകളെ തുല്യ മനുഷ്യരായി കാണാന്‍ വിസമ്മതിക്കുന്നതിലൂടെ ഭരണഘടനയുടെ അന്തസ്സത്തയെത്തന്നെയാണ് വെല്ലുവിളിക്കുന്നത്. ഇത്തരം ഹിംസാത്മക കൂട്ടായ്മകളെ പൊറുപ്പിക്കുന്നത് സാമൂഹ്യജനാധിപത്യസാധ്യതകളെ ഇല്ലാതാക്കും, ലിംഗപരമായ സമത്വത്തിന്റെയും സമാധാനത്തിന്റെയും സാധ്യതയെത്തന്നെ തകര്‍ക്കും.
ഇതിനായി താഴെ പറയുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കേണ്ടതുണ്ട്:
കര്‍ശനമായ സൈബര്‍ നിയമങ്ങള്‍:
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സ്ത്രീവിരുദ്ധതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളും ഗ്രൂപ്പുകളും നിരീക്ഷിക്കാനും നിരോധിക്കാനും സൈബര്‍ സെല്ലിന് പ്രത്യേക വിഭാഗം ഉണ്ടാകണം.
നിയമപരമായ നടപടികള്‍:
‘പുരുഷ സംരക്ഷണം’ എന്ന വ്യാജേന സ്ത്രീകളുടെ മൗലികാവകാശങ്ങളെ ഹനിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സാമ്പത്തിക സ്രോതസ്സുകളും പ്രവര്‍ത്തനങ്ങളും നിയമപരിധിയില്‍ കൊണ്ടുവരിക.
ബോധവല്‍ക്കരണം:
വിദ്യാലയങ്ങളിലും കോളേജുകളിലും ലിംഗസമത്വത്തെക്കുറിച്ചും ഭരണഘടനാ അവകാശങ്ങളെക്കുറിച്ചുമുള്ള ബോധവല്‍ക്കരണം ശക്തമാക്കുക വഴി യുവാക്കള്‍ ഇത്തരം തെറ്റായ ചിന്താഗതികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയാം.
8. തീരദേശസ്ത്രീകളുടെ വിഷയങ്ങള്‍ക്ക് അടിയന്തര ശ്രദ്ധ.
കേരളത്തിലെ തീരദേശങ്ങളിലാണ് കഴിഞ്ഞ പത്തുവര്‍ഷങ്ങളിലെ ഏറ്റവും രൂക്ഷമായ പാരിസ്ഥിതിക- സാമൂഹ്യ- സാമ്പത്തിക വെല്ലുവിളികള്‍ അനുഭവപ്പെട്ടത്. കാലാവസ്ഥാവ്യതിയാനം തീരദേശവാസികളുടെ ദൈനംദിന ജീവിതത്തിനും തൊഴിലിനും സുരക്ഷയ്ക്കും സാമൂഹ്യഭദ്രതയ്ക്കും വലിയ ഇടിച്ചില്‍ ഉണ്ടാക്കുന്നു. അദാനി അടക്കമുള്ള വലിയ- ചെറിയ മുതലാളികള്‍ തീരദേശത്തെ ഭൂവിഭവങ്ങളെയും കടലിനെയും കൈവശപ്പെടുത്തുന്നു. നൂറ്റാണ്ടുകളായി കേരളതീരങ്ങളില്‍ വസിച്ചുവരുന്ന ജനങ്ങളുടെ അവകാശങ്ങളും ശബ്ദവും കുറ്റകരമായ രീതികളില്‍ അവഗണിക്കപ്പെടുന്നു. ഈ വെല്ലുവിളികള്‍ അവിടുത്തെ സ്ത്രീജീവിതങ്ങളെ ദുരിതത്തിലാഴ്ത്തി അദൃശ്യമാക്കുന്നുവെന്നു മാത്രമല്ല, അവിടുത്തെ സ്ത്രീകളുടെ ശബ്ദങ്ങളെത്തന്നെ കേള്‍ക്കാതെയാക്കിയിരിക്കുന്നു.
പൊതുവെ ഈ പ്രദേശത്തെ ഉദ്ദേശിച്ചുള്ള വികസപ്രവര്‍ത്തനങ്ങളില്‍ കഠിനാദ്ധ്വാനികളായ തീരദേശവനിതകള്‍ക്ക് അവിടുത്തെ സമൂഹങ്ങളെ ഓരോ ആഘാതത്തിനു ശേഷവും പൂര്‍വസ്ഥിതിയിലെത്തിക്കാനുള്ള ചുമതലയാണ് കൊടുക്കാറ്. അതായത്, മേല്‍പ്പറഞ്ഞ ദുരിതങ്ങളില്‍ സമൂഹത്തെ താങ്ങിനിര്‍ത്തുന്ന ഉത്തരവാദിത്വമാണ് വികസനവ്യവഹാരങ്ങള്‍ അവര്‍ക്കു കല്പിക്കുന്നത് – ഇതിനെ വികസനപരമായ കര്‍തൃത്വമായി വെള്ളപൂശി നിരന്തരം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിശാലസാഹചര്യങ്ങളെ കാണാതെയാക്കുന്ന വ്യവഹാരങ്ങളും ഇന്ന് കേരളത്തില്‍ ധാരാളമുണ്ട്. എന്നാല്‍ കുടുംബത്തെ താങ്ങിനിര്‍ത്താന്‍ ഒന്നിലധികം തൊഴിലുകളില്‍ ഏര്‍പ്പെടുന്ന, തങ്ങളുടെ പരമ്പരാഗതവരുമാനമാര്‍ഗങ്ങള്‍ നഷ്ടമായ, കാലാവസ്ഥാദുരന്തങ്ങള്‍ മൂലം ജീവിതസമ്പാദ്യം മുഴുവന്‍ നഷ്ടമായ, കുടുംബഭദ്രത തകര്‍ന്ന, സ്ത്രീജീവിതങ്ങളാണ് ആ പ്രദേശങ്ങളില്‍ സാമൂഹ്യപുറന്തള്ളലിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നത്.
തീരദേശവനിതകള്‍ തങ്ങളുടെ വികസനഭാവിയെ സ്വയം തീരുമാനിക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. അവരുമായി വിപുലമായ തുറന്ന ചര്‍ച്ചകളിലൂടെ പുതിയ വികസനവീക്ഷണം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. സാമൂഹ്യമുഖ്യധാരയ്ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ട, അതിന്റെ ലിംഗധാരണകളനുസരിച്ച് പണിയപ്പെട്ട, വികസനവീക്ഷണമല്ല തീരദേശവനിതകള്‍ക്ക് വേണ്ടതെന്നത് ഇത്രയും വര്‍ഷത്തിനിടയില്‍ സുവ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.
9. WCC ഉയര്‍ത്തിയ വിഷയങ്ങളോട് ആത്മാര്‍ഥമായ സമീപനം
കേരളചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തൊഴില്‍സമരങ്ങളില്‍ ഒന്നായി വേണം വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഇടപെടലുകളെ കാണാന്‍. ജനസമ്മതി നേടിയ ആ സമരത്തോട് മുന്‍സര്‍ക്കാരിന് പ്രതികരിക്കേണ്ടിവന്നെങ്കിലും ആ സമരം ഉയര്‍ത്തിയ ഗുരുതരമായ പ്രതിസന്ധി സിനിമാവ്യവസായത്തിനുള്ളില്‍ യാതൊരു മാറ്റവുമില്ലാതെ തുടരുന്നുവെന്നതിന് എത്രയോ തെളിവുകള്‍ ഇതിനകം ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. 2017- ലെ ദിലീപ് കേസ് മുതല്‍ ഡോ. ആശാ അച്ചി ജോസഫ് ഉയര്‍ത്തിയ വിഷയങ്ങള്‍ വരെ സിനിമാരംഗത്തെ പച്ചയായ പിതൃമേധാവിത്വഹുങ്കിനെ സംശയാതീതമായ രീതിയില്‍ വെളിവാക്കിയിരിക്കുന്നു. വളരെ ഉപരിപ്ലവമായ സമീപനമായിരുന്നു മുന്‍സര്‍ക്കാരിന്റേതെന്നും നിസ്സംശയം പറയാം.
ഈ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയ വിഷയങ്ങളെ ശ്രദ്ധിക്കാതിരുന്നാല്‍, അവയിലെ ശബ്ദങ്ങളെ അവഗണിച്ചാല്‍, കേരളത്തിലെ സാമൂഹ്യജനാധിപത്യവത്ക്കരണപ്രക്രിയയും തൊഴില്‍രംഗത്തെ ലിംഗതുല്യതയും ജനാധിപത്യവും വല്ലാതെ ശോഷിക്കുമെന്ന് ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഭൂരിപക്ഷവാദ യാഥാസ്ഥിതികത്വത്തോട് എത്രയും എളുപ്പത്തില്‍ ഇഴുകിച്ചേരുന്ന ഘടകങ്ങളാണ് സിനിമാരംഗത്തെ സ്ത്രീവിരുദ്ധതയെ സാമൂഹ്യമാദ്ധ്യമങ്ങളിലും പുറത്തും താങ്ങിനിര്‍ത്തുന്നതെന്ന വസ്തുതയ്ക്കു നേരെ ഈ സര്‍ക്കാര്‍ കണ്ണടച്ചുകൂടാ.
10. വനിത കമീഷന്‍ നേതൃത്വം സിവില്‍ സമൂഹതലത്തില്‍ സാമൂഹ്യ ജനാധിപത്യവത്ക്കരണത്തിനായി പ്രവര്‍ത്തിച്ച ദലിത്- പിന്നാക്ക വിഭാഗം സ്ത്രീകളുടേതാകണം
വനിതാ കമീഷന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കണമെങ്കില്‍ അതിന്റെ നേതൃത്വം ലിംഗനീതിയുടെ പക്ഷത്ത് ഉറച്ചുനില്‍ക്കണം. കേരളത്തിലെ വരേണ്യരല്ലാത്ത സ്ത്രീകളോടൊപ്പം പ്രവര്‍ത്തിച്ചുള്ള പരിചയവും അവരുടെ വിഷയങ്ങളെപ്പറ്റിയുള്ള നേരറിവും, വരേണ്യ ലിബറല്‍ ഫെമിനിസത്തിന്റെ പരിമിതികളെപ്പറ്റി പൂര്‍ണബോധ്യവും ഉള്ളവര്‍ കേരള വനിത കമീഷന്റെ തലപ്പത്ത് എത്തേണ്ടതുണ്ട് – ലിബറല്‍ സ്ത്രീവാദത്തിന്റെ പരിമിതകള്‍ക്കപ്പുറം ലിംഗപരമായ അസമത്വത്തെയും നീതിയെയും കാണാന്‍ ശേഷിയുള്ളവര്‍ അവിടെ വേണം. കഴിഞ്ഞ പത്തുവര്‍ഷം ഭരിച്ചിരുന്ന സര്‍ക്കാര്‍ ലിംഗനീതിയെ കേവലം ലിബറല്‍ ഫെമിനിസത്തിന്റെ ശരികളിലേക്കു ചുരുക്കാന്‍ ശ്രമിച്ചു, എന്നാല്‍ അതില്‍ത്തന്നെ കാര്യമായ ആത്മാര്‍ത്ഥത കാണിക്കാന്‍ അവര്‍ മെനക്കെട്ടില്ല. ആ ദിശയെ പാടെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.
വനിതാ കമീഷന്റെ നേതൃത്വത്തെക്കുറിച്ച് തീരുമാനമെടുക്കുമ്പോള്‍ ഈ സര്‍ക്കാര്‍ കേരളത്തിലെ ദലിത്- തീരദേശ- ആദിവാസി മേഖലകളിലെ ജനാധിപത്യസമരങ്ങളില്‍ സിവില്‍സമൂഹപക്ഷത്തുനിന്ന് ഉയര്‍ന്നുവന്ന പോരാളികളെ വേണം പരിഗണിക്കാനെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനകീയസമരങ്ങളുടെ നേതൃത്വം പലപ്പോഴും സ്ത്രീകളുടേതായിരുന്നു, ആണ്. കഴിഞ്ഞ നൂറ്റാണ്ടിനോട് താരതമ്യം ചെയ്യുമ്പോള്‍ ചരിത്രമാറ്റം തന്നെയാണിതെന്ന് വ്യക്തമാകുന്നു.
ഈ മാറ്റത്തിന്റെ പ്രസക്തിയെ പുതിയ സര്‍ക്കാര്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുകതന്നെ വേണം. ജനങ്ങളെ സര്‍ക്കാരിലേക്ക് കൂടുതല്‍ അടുപ്പിക്കാനും സര്‍ക്കാര്‍സംവിധാനങ്ങളെ കൂടുതല്‍ ലിംഗനീതിപൂര്‍ണവും സുതാര്യവുമാക്കാന്‍ ഇടവരുത്തുന്നതുമായ ഉപകരണമായി വനിതാക്കമ്മിഷനെ മാറ്റിത്തീര്‍ക്കാന്‍ ഈ സര്‍ക്കാര്‍ പരിശ്രമിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
‘ആല്‍ത്തിയ’ സ്ത്രീസാഹോദര്യസംഘം: മുംതാസ് ബീഗം, മിനി മോഹന്‍, മിനി എസ്, അനാമികാ അജയ്, പി. ഇ. ഉഷ, അനു ജോയ്, ജെ. ദേവിക, ദിവ്യ ജി. എസ്, മാഗ്ലിന്‍ ഫിലോമെന, ഗായത്രി ദേവി.
