ഇസ്ലാമോ ഫോബിയ, വെറുപ്പിലേക്ക് വഴിമാറുമ്പോള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

 

പഴയ നാഗരികതകളുടെ ഏറ്റുമുട്ടല്‍ അഥവാ കുരിശുയുദ്ധ മനോഭാവത്തിലേക്ക് ലോകം വീണ്ടും മാറിക്കൊണ്ടിരിക്കുന്ന നിലവിലെ പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യത്തിലാണ് മാര്‍ച്ച് 15 ഒരു ഇസ്ലാമോഫോബിയ വിരുദ്ധ ദിനം കൂടി കടന്നുവരുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ഫ്രാന്‍സില്‍ ആദ്യമായി ഉപയോഗിച്ചുവെന്നു പറയപ്പെടുന്ന ഈ വാക്ക്, ബ്രിട്ടണിലെ റണ്ണിമീഡ് എന്ന ഇടതുപക്ഷ ചിന്താസംഭരണിയില്‍ നിന്നാണ് Islamophobia: A Challenge for all (ഇസ്ലാമോഫോബിയ: എ ചലഞ്ച് ഫോര്‍ ഓള്‍) എന്ന റിപ്പോര്‍ട്ടിലൂടെ 1997 ല്‍ വീണ്ടും പ്രചാരത്തില്‍ വരുന്നത്. പിന്നീട് അക്കാദമിക പഠനങ്ങളും ആക്റ്റിവിസ്റ്റുകളും ഐക്യരാഷ്ട്രസഭ പോലെയുള്ള രാജ്യാന്തര സ്ഥാപനങ്ങളും പാശ്ചാത്യ ലോകത്തെ പത്ര-ദൃശ്യ മാധ്യമങ്ങളുമാണ് ഈ വാക്കിനു വന്‍ പ്രചാരണം നല്‍കിയത്. ഇസ്ലാമോഫോബിയയില്‍ നിന്ന് ‘ലിബറല്‍ ഇസ്ലാമോഫോബിയ’ യിലേക്കും അവിടെ നിന്ന് ഇന്ന് ഏറ്റവും ഭീകരമായ ഇസ്ലാം വെറുപ്പിലേക്കും (Hatred of Islam) അതിന്റെ പ്രയോഗം മാറിക്കഴിഞ്ഞു എന്ന് പലപ്പോഴും നാം മനസ്സിലാക്കാതെ പോകുന്നുണ്ട്.

മുസ്ലീം പൗരന്മാരെ അന്യവല്‍ക്കരിക്കുക മാത്രമല്ല; കടുത്ത വിവേചനത്തിലൂടെ ആധുനിക നാഗരികതക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നായി പ്രചരിപ്പിക്കുകയും, മനുഷ്യ പുരോഗമനത്തിലേക്കുള്ള അവരുടെ സഞ്ചാരത്തെ പൂര്‍ണമായും തടസ്സപ്പെടുത്തുകയും ചെയ്യുക എന്നതാണ് സാമ്രാജ്യത്വ – സയണിസ്റ്റ് – ഇന്ത്യന്‍ ഫാസിസ്റ്റ് സഖ്യത്തിന്റെ ലക്ഷ്യം. ‘ജൂത-ക്രിസ്ത്യന്‍’ നാഗരിക യുക്തി ഉപയോഗിച്ചാണ് ഈ നിര്‍വചനങ്ങളും പ്രചരണങ്ങളും നടത്തുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇസ്ലാമോഫോബിയ എന്നത് ഒരു ഒളിഞ്ഞിരിക്കുന്ന പ്രതിഭാസമാണ്, അതിനെ ആളിക്കത്തിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യാം. അതായത് ഇന്നത് ജ്വലിച്ച് ആളിക്കത്തുന്ന ‘ഇസ്ലാം വെറുപ്പ്’ എന്ന രൂപത്തിലേക്ക് മാറിയിരിക്കുന്നു. പക്ഷേ പാശ്ചാത്യ നാഗരികതയുടെ അനിവാര്യമോ അന്തര്‍ലീനമോ ആയ ഒരു സവിശേഷതയായോ, സവര്‍ണ്ണ ഹിന്ദുത്വവുമായി ബന്ധപ്പെടുത്തിയോ മാത്രം നാം അതിനെ വഴക്കമില്ലാതെ വിലയിരുത്തുന്നത് സാധാരണമായിരിക്കുന്നു.

ഇന്ത്യയിലെ ഇസ്ലാമോഫോബിയയെ (ഇസ്ലാം വെറുപ്പിനെ) സംഘപരിവാരത്തിലും ബി.ജെ.പിയിലും മാത്രം പരിമിതമായ ഒന്നായി തിരിച്ചറിയുന്ന പ്രവണതയെയും പ്രശ്‌നവല്‍ക്കരിക്കേണ്ടതുണ്ട്. മുസ്ലിം വിരുദ്ധ മുന്‍വിധികളും, ആക്രമണങ്ങളും, പുറന്തള്ളലുമൊക്കെ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ രൂപീകരണം മുതലും അതിനു മുമ്പും വ്യാപകമാണെങ്കിലും, ഇന്ത്യയിലെ ഇസ്ലാമോഫോബിയയെന്ന സങ്കല്പനത്തിന്റെ പ്രയോഗം പടിഞ്ഞാറന്‍ നാടുകളിലെ അതിന്റെ പ്രയോഗത്തിനുശേഷം വളരെ വൈകിയാണ് മനസ്സിലാക്കാന്‍ തുടങ്ങിയത്.

ഇന്നും ചില സമുദായ നേതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും വംശീയ പ്രസ്താവനകളുടെയും വിദ്വേഷ പ്രസംഗങ്ങളുടെയും പശ്ചാത്തലത്തില്‍ മാത്രമാണ് ഇസ്ലാമോഫോബിയ എന്ന പദത്തിന് ‘മൂല്യം’ ഉണ്ടായി എന്ന അര്‍ത്ഥത്തില്‍ ദുര്‍ബലമായ ചര്‍ച്ചകള്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ഇസ്ലാമോഫോബിയ എന്ന മുസ്ലിം വിരുദ്ധ ഹിംസകളുടെ സ്വഭാവത്തെ കുറിച്ചുള്ള പണ്ഡിതോചിതമായ ഇടപെടലുകളുടെ നമ്മെ അത്ഭുതപ്പെടുത്തുന്ന അഭാവം, പ്രത്യേകിച്ച് കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്.

‘മുസ്ലീം ഭീതി’ ഇസ്ലാമിന് ഹ്രസ്വ ചരിത്രം മാത്രമുള്ള പാശ്ചാത്യലോകത്തിന്റെ സവിശേഷതയാണെന്നും, മുസ്ലീമിന് താരതമ്യേന ദീര്‍ഘ ചരിത്രമുള്ള ഇന്ത്യയില്‍ മുമ്പ് അത്തരം പ്രചരണം ഉണ്ടായിട്ടില്ല എന്നും ഉള്ള വാദഗതികള്‍ പോലും മുന്നോട്ടുവയ്ക്കുന്നുണ്ട്. അത്തരം ഉത്ഭവസ്ഥാന വാദഗതികള്‍ മുസ്ലിംഫോബിയ എന്ന വാക്കിന്റെ അര്‍ത്ഥം മുന്‍നിര്‍ത്തിയുള്ള വാദഗതികള്‍ മാത്രമാണ്.

മുസ്ലിം സ്വാധികാരത്തിന്റെ സാധ്യതയെ, അഥവാ ഒരു ചരിത്ര സംഘാടനം എന്ന നിലയിലുള്ള മുസ്ലിം രാഷ്ട്രീയ സ്വത്വത്തിന്റെ പ്രഖ്യാപനത്തെയാണ് ഇസ്ലാമോഫോബിയ ശിക്ഷണ വിധേയമാക്കി തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ മുസ്ലിം വിരുദ്ധ ഹിംസകളെ വര്‍ഗീയം, സാമുദായികം പ്രാദേശികം, കമ്മ്യൂണല്‍ വയലന്‍സ് എന്നിങ്ങനെയുള്ള സംജ്ഞകള്‍ ഉപയോഗിച്ച് മാത്രം മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിന്റെ ചരിത്രപരമായ അബദ്ധവും നാം തിരിച്ചറിയേണ്ടതുണ്ട്. ചരിത്രത്തില്‍ വിപരീതമായ അനുഭവങ്ങളും തെളിവുകളും ഉണ്ടായിട്ടും, ഇത്തരം നിരീക്ഷണങ്ങള്‍ പലപ്പോഴും ഇരയെയും വേട്ടക്കാരനെയും ഒരുപോലെ കുറ്റവാളികള്‍ ആക്കുന്ന പ്രവണതയിലേക്ക് നയിക്കുന്നുണ്ട്.

ഇത്തരം ‘മതനിരപേക്ഷം’ എന്ന് ആഘോഷിക്കുന്ന നിരീക്ഷണങ്ങള്‍, മുസ്ലിം ഹത്യയെ മതം എന്ന ഒരു പൊതു ക്ലാസിഫിക്കേഷനുമായി സമീകരിക്കുകയും, അധീശത്വ വിഭാഗവും (ഹിന്ദു ഭൂരിപക്ഷം) അധ:കൃത വിഭാഗങ്ങളും (മുസ്ലിം ന്യൂനപക്ഷം) തമ്മിലുള്ള അതിരൂക്ഷമായ അസമത്വത്തെ അതിലൂടെ അദൃശ്യമാക്കുകയും ചെയ്യുന്നു. അതായത് മുസ്ലീമത്വത്തെയോ, മുസ്ലീമത്വമെന്ന് വ്യാഖ്യാനിക്കപ്പെടുന്നതിനേയോ ലക്ഷ്യം വെച്ചുള്ള ആയുധപ്രയോഗമാണ് ഇസ്ലാംഫോബിയ എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ, വംശത്തെ കുറിച്ചുള്ള ജീവശാസ്ത്രപരമോ ശരീരസവിശേഷതയെ അടിസ്ഥാനപ്പെടുത്തിയോ ഉള്ള ഒരു ധാരണ ഇവിടെ പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നില്ല.

വിഭിന്നങ്ങളായ ഗോത്ര പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരാണ് മുസ്ലീങ്ങളെങ്കിലും അവരുടെ പേര്, സാംസ്‌കാരിക സ്വത്വം, അവരുടേതെന്ന് മുന്‍ നിശ്ചയിക്കപ്പെട്ട പെരുമാറ്റ രീതികള്‍, ജീവിതരീതികള്‍, ആചാരങ്ങള്‍ എന്നിവ കാരണം വംശീയവല്‍ക്കരിക്കപ്പെട്ടവരും അതുകൊണ്ട് വിവേചനം നേരിടുന്നവരുമാണ്. അതുകൊണ്ടാണ് മുസ്ലീങ്ങള്‍ ‘വംശം’ എന്ന നിലയില്‍ കൈകാര്യം ചെയ്യപ്പെടുന്നത്.

ഇസ്ലാമോ ലെഫ്റ്റിസം

ഇസ്ലാം വിഷയവുമായി ബന്ധപ്പെട്ട് ഫ്രാന്‍സില്‍ രൂപീകൃതമായ ഇടതുപക്ഷത്തിന്റെ നവസൈദ്ധാന്തിക സംവേദനമാണ് ഇസ്ലാമോ ലെഫ്റ്റിസം (Islamo leftism). ഇസ്ലാമിക പ്രതിരോധവും, കര്‍തൃത്വങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യം മുന്നോട്ടുവെച്ച് വികസിതമായതാണെങ്കിലും, ‘ഇസ്ലാമോ-ഇടതുപക്ഷം’ എന്ന പദം ഇന്ന് വലതുപക്ഷ ഭീകരതയുടെ ആയുധമായി മാറിയിരിക്കുകയാണ്. ഇത് യൂറോപ്പില്‍ താമസിക്കുന്ന മുസ്ലീങ്ങളെ കളങ്കപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വ്യത്യസ്ത വ്യക്തികളെ ‘നല്ല’ vs ‘ചീത്ത’ മുസ്ലീങ്ങള്‍ എന്ന വിഭാഗത്തിലേക്ക് ഒന്നിച്ചുചേര്‍ക്കാന്‍ ഇത് പ്രേരിപ്പിക്കുന്നുണ്ട്.

ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ച് (CNRS) ഉള്‍പ്പെടെയുള്ള നിരവധി നിരീക്ഷകര്‍ ‘ഇസ്ലാമോ-ഇടതുപക്ഷം’ എന്നത് തീവ്ര വലതുപക്ഷക്കാരും, മുഖ്യധാരാ വലതുപക്ഷ – മധ്യപക്ഷ പാര്‍ട്ടികളും മുസ്ലീം വിരുദ്ധ വികാരത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പലപ്പോഴും ഉപയോഗിക്കുന്ന ഒരു ‘ഗൂഢാലോചനാ സിദ്ധാന്തം’ ആയി കണക്കാക്കുന്നുണ്ട്. ഇസ്ലാമോ ലെഫ്റ്റിസം ഇന്ന് ലോകത്തെ പല രാജ്യങ്ങളിലേയും ഇടതുപക്ഷങ്ങള്‍ പ്രയോഗിച്ചു വരുന്നുണ്ട്. ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ഇടതുപക്ഷ പാര്‍ട്ടികളും പ്രവര്‍ത്തകരും മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണത്തിനു മേല്‍ എങ്ങനെയെങ്കിലും ഭരണകൂട ബലപ്രയോഗമേര്‍പ്പെടുത്താനുള്ള സജീവ നീക്കങ്ങളാണ് നടത്തിവരുന്നത്. മുസ്ലിം സ്ത്രീകളണിയുന്ന ശിരോവസ്ത്രം പൊതുയിടങ്ങളില്‍ നിരോധിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചതോടെയാണ്, പരാജയപ്പെട്ടു കിടന്ന ഇടതുപക്ഷ പാര്‍ട്ടിയായ സ്വിസ് പാര്‍ട്ടി വലിയ മുന്നേറ്റം നടത്തിയത്.

തങ്ങളാണ് മുസ്ലിം സംരക്ഷകര്‍, തങ്ങള്‍ക്കു മാത്രമേ ഫാസിസത്തെ നേരിടാന്‍ കഴിയൂ എന്ന ഒരു വ്യാജ നരേറ്റീവ് സൃഷ്ടിച്ച് സിപിഎമ്മും മുസ്ലീങ്ങളെ ഭയപ്പെടുത്തി സ്വാധീനിക്കുന്ന തന്ത്രം കേരളത്തില്‍ മാത്രമല്ല മൂന്ന് പതിറ്റാണ്ട് ബംഗാളിലും പ്രയോഗിച്ചു വിജയിച്ചതാണ്. എന്നാല്‍, ‘ഇസ്ലാമിനും’ മുസ്ലീങ്ങള്‍ക്കും എതിരായി, നിര്‍വചിക്കപ്പെട്ടതായി കാണുന്ന ഒരു പാശ്ചാത്യ നാഗരികതയുടെ ഉപരിതലത്തില്‍ നിലനില്‍ക്കുന്ന, ഒരു കുരിശുയുദ്ധ യുക്തിയാണ് ഇപ്പോള്‍ കേരളത്തില്‍ സിപിഎം എന്ന സോഷ്യല്‍ ഫാസിസ്റ്റ് പാര്‍ട്ടി പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.

ഇവിടെ സിപിഎം അഭിമാനപൂര്‍വ്വം പറയുന്ന, ബ്യൂറോക്രാറ്റിക് സോഷ്യല്‍ ഫാസിസ്റ്റ് രാഷ്ട്രമായ ചൈനയും പടിഞ്ഞാറും തമ്മിലുള്ള കാലങ്ങളായി നിലനിന്ന പ്രത്യയശാസ്ത്ര തര്‍ക്കങ്ങള്‍ പോലും അപ്രത്യക്ഷമാക്കുന്ന വിധത്തില്‍ ഇവ രണ്ടിനെയും കോര്‍ത്തിണക്കുന്ന ഘടകം ഇസ്ലാമോഫോബിയയാണ്. ബഹുജന നിരീക്ഷണം, ബയോമെട്രിക് ശേഖരണം, നിര്‍ബന്ധിതവേല, വന്ധ്യംകരണം, കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തുക, മതപരമായ ആചാരങ്ങള്‍ കുറ്റവല്‍ക്കരിക്കുക, തടങ്കല്‍ പാളയങ്ങളില്‍ പുനര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ പ്രക്രിയകളിലൂടെ ഇസ്ലാമെന്ന ‘വൈറസ് ബാധ’ നിയന്ത്രിക്കുന്ന കഠിന പ്രയത്‌നത്തിലാണ് ചൈന.

സവര്‍ണ്ണ – ശൂദ്ര ആചാര വേഷം ധരിച്ച്, പ്രച്ഛന്ന ബ്രാഹ്മണനായി പ്രത്യക്ഷപ്പെടുന്ന വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗമോ, ഹാസ്യ വര്‍ണ്ണനയ്ക്ക് പാത്രമാകുന്ന ശശികലയുടെ വിഷപ്രസംഗമോ അല്ല പ്രത്യക്ഷത്തില്‍ നാം ഭയക്കേണ്ടത്. മറിച്ച്, വലിയ ഫാസിസ്റ്റ് വിരുദ്ധ, ന്യൂനപക്ഷ സംരക്ഷണ നിലപാടുകാരായി രംഗത്ത് വരുന്ന മുഖ്യധാരാ മാര്‍ക്‌സിസ്റ്റ് പ്രച്ഛന്നങ്ങളെയാണ് നാം കരുതിയിരിക്കേണ്ടത്. സയണിസത്തിലും, ഹിന്ദുത്വത്തിലും ‘വര്‍ഗ്ഗീയത’ കണ്ടെത്തി അടയാളപ്പെടുത്തുന്നതോടൊപ്പം, അവര്‍ മുസ്ലിം കര്‍തൃത്വങ്ങളെ തിരഞ്ഞുപിടിച്ച് അതിലേക്ക് ചേര്‍ത്തു വയ്ക്കുകയാണ് ചെയ്തു വരുന്നത്. ചെറുന്യൂനപക്ഷ സംഘടനയായ, പൊതുവായ പ്രശ്‌നങ്ങളെ നേരിടാന്‍ ശക്തമായ പങ്കാളികളായിത്തീരാന്‍ സാധ്യത നിറഞ്ഞ, ജമാഅത്ത് ഇസ്ലാമിക്കെതിരേയും, കോണ്‍ഗ്രസ് യുവ നേതാവ് ഷാഫി പറമ്പിലിനെതിരെയും, ലീഗിന്റെ കെ എം ഷാജിക്കെതിരെയും നടത്തിവരുന്ന ഇസ്ലാമിക മതമൗലിക ആരോപണങ്ങള്‍ ഇതിന്റെ ഭാഗമാണ്.

ഷാഫി എന്തുകൊണ്ട് ഹിന്ദുത്വ ഫാസിസത്തെ കടന്നാക്രമിച്ചു വിമര്‍ശിക്കുന്നില്ല എന്നാണ് ചില ‘നിഷ്‌കളങ്കര്‍’ ചോദിക്കുന്നത്. ഇവിടെ ഫാസിസത്തെ വിമര്‍ശിക്കേണ്ടത് മുസ്ലിം നാമധാരിയായ നേതാവിന്റെ നിര്‍ബന്ധിത ‘കടമ’ ആയി ബാധ്യതപ്പെടുത്തുകയാണ്. ഭൂരിപക്ഷ ഹിന്ദുവാണ് പ്രതികരിക്കേണ്ടത് എന്ന ചരിത്രപരമായ വസ്തുത ഇവിടെ മറച്ചുവയ്ക്കുകയാണ്. ഷാഫിക്കോ, കെ എം ഷാജിക്കോ ബഹുസ്വരത ഭരണഘടനയില്‍ മാത്രം നിലനില്‍ക്കുന്ന ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍, ന്യൂയോര്‍ക്കിലെ സൊഹറാന്‍ മംദാനി ആകാന്‍ കഴിയില്ല. കാരണം 10% ത്തില്‍ താഴെ മാത്രം മുസ്ലീംങ്ങളുള്ള ന്യൂയോര്‍ക്കില്‍, മംദാനി വിജയം നേടുന്നത്, വൈവിധ്യത്തെ ഉള്‍ക്കൊള്ളാനും, അംഗീകരിക്കാനും ഉള്ള സാമൂഹ്യ വിദ്യാഭ്യാസവും സംസ്‌കാരവും ന്യൂയോര്‍ക്ക്കാര്‍ക്ക് ഉള്ളതുകൊണ്ടാണ്. തന്റെ മത സ്വത്വം ഒരു പ്രശ്‌നമായ സ്ഥലത്ത്, ‘മതമാണ് പ്രശ്‌നം’ എന്നല്ലാതെ ഷാജിക്ക് മറ്റൊന്നും പറയാന്‍ കഴിയില്ല.

കമ്മ്യൂണിസവും മുതലാളിത്തവും തമ്മിലുള്ള ഒരു ദ്വികക്ഷി പോരാട്ടത്താല്‍ ലോകം താല്‍ക്കാലികമായി അധിനിവേശം ചെയ്യപ്പെട്ടിരിക്കുമ്പോള്‍, മുതലാളിത്തം ‘വിജയിച്ചു’ കഴിഞ്ഞ ഘട്ടത്തില്‍, ലോക ശത്രുതയുടെ ആഴമേറിയ ഘടന വീണ്ടും ഇസ്ലാം vs. ക്രൈസ്തവലോകമായി മാറും എന്ന സ്ഥിതിയിലേക്ക് യുദ്ധകാഹളം മുഴക്കി സാമ്രാജ്യത്വം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍, ഇന്ത്യന്‍ ഹിന്ദുത്വ ഫാസിസം രാജ്യത്തിന്റെ മുഴുവന്‍ സംവിധാനങ്ങളും അതിനുവേണ്ടി ചലിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ സിപിഎം പോലെയുള്ള സോഷ്യല്‍ ഫാസിസ്റ്റ് പാര്‍ട്ടികള്‍ ഇസ്ലാമോഫോബിയ മാറ്റാനുള്ള ടൂള്‍ കിറ്റ് തങ്ങളുടെ കൈവശമാണ് എന്ന് അവകാശപ്പെട്ടു കൊണ്ട്, ഇസ്ലാമോഫോബിയക്ക് ബഹു പാഠങ്ങള്‍ നിര്‍മ്മിച്ച് മുസ്ലീങ്ങള്‍ക്കിടയില്‍ വിഘടനങ്ങള്‍ സൃഷ്ടിച്ച് ഹിന്ദുത്വ ഭൂരിപക്ഷത്തിന് സംതൃപ്തമായ നിര്‍വചനങ്ങള്‍ നല്‍കുന്ന ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത, സാമൂഹ്യ വിപത്ത് സൃഷ്ടിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്തായാലും ഇസ്ലാമോഫോബിയ എന്ന വ്യവഹാരത്തെ ഇല്ലാതാക്കുന്നതിന് പകരം, അതിനെ കൂടുതല്‍ വിപുലീകരിക്കുന്ന പ്രവര്‍ത്തനമാണ് വ്യാപകമായി കണ്ടുവരുന്നത്. മുസ്ലിം വിരുദ്ധ വംശീയതയെന്നോ, അതിനേക്കാള്‍ വിപുലവും ശക്തവുമായ മറ്റെന്തെങ്കിലും പരികല്പനയോ ഇസ്ലാമോഫോബിയ എന്ന ലേബലുകള്‍ക്ക് പകരം ഉപയോഗിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. സൗഹൃദം, അപ്പം പങ്കുവെക്കല്‍, പരസ്പര സഹായം, സഹോദര്യം, പ്രകൃതി ദുരന്തങ്ങള്‍ അല്ലെങ്കില്‍ മറ്റ് ബാഹ്യ ഭീഷണികള്‍ നേരിടുന്നതിലെ ഐക്യദാര്‍ഢ്യം, അല്ലെങ്കില്‍ നമ്മുടെ ലോകത്തെ മാറ്റിമറിക്കുന്ന പൊതു മനുഷ്യരാശിയുടെ ദശലക്ഷക്കണക്കിന് ദൈനംദിന സംഭവങ്ങള്‍ എന്നിവയുടെ ചരിത്രങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്ലിം എങ്ങനെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന സമഗ്രമായ ചരിത്ര പഠനമാണ് നമുക്ക് വേണ്ടത്.

ഇസ്ലാമോഫോബിയ വിരുദ്ധ പ്രവര്‍ത്തകര്‍ക്കിടയിലെ ബൃഹദാഖ്യാനം (metanarrative)കളും സ്റ്റീരിയോടൈപ്പുകളും തമ്മിലുള്ള അന്തരം മനസ്സിലാക്കി, ഇസ്ലാമോഫോബിക് വിമര്‍ശകരുടെ വൈജ്ഞാനിക വൈരുദ്ധ്യത്തെ തിരിച്ചറിഞ്ഞ് കറക്റ്റ് ചെയ്തുകൊണ്ട് ഈ വിഷയത്തെ നാം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്.

ഇസ്ലാമെന്നത് ഇന്ത്യയെ സംബന്ധിച്ച് അപരിചിതമായ ഒരു ഘടകമല്ലെന്നും അതുകൊണ്ട് തന്നെ ഇസ്ലാമിനോടുള്ള യുക്തിരഹിതമായ ഭയം (ഫോബിയ) അല്ല മുസ്ലിം വിരുദ്ധ ആക്രമണങ്ങളിലേക്ക് നയിക്കുന്നതെന്നും, മറിച്ച് ചരിത്രപരമായ പീഢനത്തെ കുറിച്ചുള്ള ആഖ്യാനവും വര്‍ഗീയതയും ആണ് ഹിംസയെ ഉദ്ദീപിപ്പിക്കുന്നതെന്നുമുള്ള വാദത്തിലൂടെ ഇസ്ലാമോഫോബിയ എന്ന പദത്തിന്റെ ഇന്ത്യയിലെ പ്രസക്തിയെ അജയ് ഗുദ്ദവര്‍ത്തിയെ പോലെയുള്ള സമൂഹ ചിന്തകര്‍ തള്ളിക്കളയുന്നുണ്ട്. ഇസ്ലാമോഫോബിയയെക്കുറിച്ചുള്ള ഉപരിതല ധാരണകള്‍ക്കപ്പുറത്തേക്ക് നീങ്ങേണ്ടതിന്റെ ആവശ്യകതയും, വംശം, കൊളോണിയലിസം, ഭരണകൂട രീതികള്‍ എന്നിവയുമായുള്ള അതിന്റെ ആഴത്തിലുള്ള ഘടനാപരമായ കുരുക്കുകള്‍ തുറന്നുകാട്ടേണ്ടതിന്റെ ആവശ്യകതയും ഈ ഇസ്ലാമോഫോബിയ വിരുദ്ധ ദിനത്തില്‍ ഓര്‍മ്മപ്പെടുത്തുകയാണ്.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply