പറക്കുന്ന യൗവനവും നരക്കുന്ന കേരളവും ഭാര്‍ഗ്ഗവീനിലയങ്ങളും.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

 

കേരളം ഒരു തെരഞ്ഞെടുപ്പിലേക്ക് കൂടി നീങ്ങുകയാണല്ലോ. അതുമായി ബന്ധപ്പെട്ട് നമ്മള്‍ നേരിടുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്, വ്യത്യസ്ഥമായ രാഷ്ട്രീയ നിലപാടുകളും ചര്‍ച്ചയാകുന്നു. അതൊക്കെ നന്ന്. എന്നാല്‍ വളരെ ഗൗരവമുള്ള പല പ്രശ്‌നങ്ങള്‍ക്കും അര്‍ഹിക്കുന്ന പ്രാതിനിധ്യം ഈ പ്രചാരണ കോലാഹലത്തില്‍ ലഭിക്കുന്നില്ല എന്നു തോന്നുന്നു. അത്തരം ചില വിഷയങ്ങളാണ് ഇവിടെ ഉന്നയിക്കാന്‍ ശ്രമിക്കുന്നത്.

ഏറ്റവും പ്രധാന വിഷയം കേരളം അനുദിനം നരക്കുന്നു എന്നതാണ്. പ്രാഥമികാരോഗ്യ മേഖലയില്‍ നേടിയ പല നേട്ടങ്ങളും മൂലം മലയാളികളുടെ ശരാശരി പ്രായം മറ്റു മിക്ക സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലാണ്. അത് പല യൂറോപ്യന്‍ രാജ്യങ്ങളോടും താരതമ്യം ചെയ്യാവുന്ന അവസ്ഥയാണ്. അതിലാകട്ടെ സ്ത്രീകളുടേത് അല്‍പ്പം കൂടുതലുമാണ്. പുരുഷന്മാരുടെ ശരാശരി പ്രായം ഏകദേശം 72ഉം സ്ത്രീകളുടേത് 76മാണ്. അതോടൊപ്പം സാധാരണഗതിയില്‍ ഭര്‍ത്താവിന് ഭാര്യയേക്കാള്‍ എട്ടും പത്തും വയസ് കൂടുതലാണല്ലോ. അതിനാല്‍ തന്നെ ജീവിതപങ്കാളി മരിച്ച വയോധികരായ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ കൂടുതലാണ്. ഇനിയെങ്കിലും അഭിസംബോധന ചെയ്യേണ്ട ഒരുവിഷയമാണിത്. ദാമ്പത്യത്തില്‍ പുരുഷന് പ്രായകൂടുതല്‍ വേണം എന്ന സങ്കല്‍പ്പം തന്നെ പുരുഷാധികാരത്തിന്റേതാണ്. നമുക്കു വേണ്ടത് ലിംഗനീതിയാണ്.

ശരാശരി പ്രായം ഉയര്‍ന്നിട്ടുണ്ടെങ്കിലും വയോധികരുടെ ജീവിതനിലവാരം വളരെ മോശമാണ്. ആയുസില്‍ യൂറോപ്പിനോട് താരതമ്യം ചെയ്യാവുന്ന അവസ്ഥ എന്നൊക്കെ പറയുമ്പോള്‍ അത് ജീവിതനിലവാരത്തിലില്ല എന്നതാണ് വസ്തുത. അവിടെ വയോധികരുടെ ഉത്തരവാദിത്തം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. കുട്ടികള്‍ ഒരു പരിധി കഴിഞ്ഞാല്‍ മാതാപിതാക്കള്‍ക്കൊപ്പമോ പ്രായമായവര്‍ മക്കളോടൊപ്പം ജീവിക്കുന്നതുപോലും മോശമായി കാണുന്നവരാണ് പലരും. അവരെ നോക്കാനും പരിരക്ഷിക്കാനുമാണ് കേരളത്തില്‍ നിന്നടക്കം ആയിരകണക്കിനുപേര്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കാതെ അങ്ങോട്ടുപോകുന്നത്. ഇവിടെയാകട്ടെ വയോധികരെ നോക്കാന്‍ മറ്റുരാജ്യങ്ങളില്‍ നിന്ന് ആരും വരുന്നില്ല എന്നത് വേറെ കാര്യം. മാത്രമല്ല, വയോധികരില്‍ വലിയൊരു ഭാഗം കിടപ്പിലാണ്. കൃത്യമായ പരിചരണം മിക്കവര്‍ക്കും കിട്ടുന്നില്ല. പാലിയേറ്റീവ് കെയര്‍ ഇനിയും വേണ്ടത്ര വളരാത്ത പ്രദേശമാണല്ലോ കേരളം. വലിയൊരു വിഭാഗത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ മക്കള്‍ നിര്‍വ്വഹിക്കുന്നുണ്ടാകാം. പുറത്തുള്ളവരില്‍ പലരും മാതാപിതാക്കളുടെ പരിചരണത്തിന് സംവിധാനവും ഉണ്ടാക്കിയിട്ടുണ്ടാകും. മുന്‍സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആ പ്രശ്‌നമില്ല. എന്നാല്‍ വലിയൊരു വിഭാഗം വയോധികരും സര്‍ക്കാര്‍ നല്‍കുന്ന തുച്ഛം പെന്‍ഷനായി കാത്തിരിക്കുന്നവരാണ്. വയോധികരുടെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതിനു പകരമാണ് ഈ തുച്ഛം പെന്‍ഷന്‍ നല്‍കുന്നത്. അതും അവരുടെ അവകാശമായി കാണാതെ തങ്ങളുടെ ഔദാര്യമോ ഭരണനേട്ടമോ ആയാണ് അവതരിപ്പിക്കുന്നത്. ഇത്രയും പേര്‍ അതിനായി കാത്തിരിക്കുന്നു എന്നതില്‍ നിന്നുതന്നെ ഭരണനേട്ടത്തിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമാണല്ലോ. ചുരുങ്ങിയത് 5000 രൂപയെങ്കിലും പെന്‍ഷന്‍ നല്‍കിയിട്ടാണ് അങ്ങനെ അവകാശപ്പെടുന്നതെങ്കില്‍ മനസ്സിലാക്കാം. അതോടൊപ്പം മുഴുവന്‍ വയോധികര്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പാടാക്കണം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മക്കള്‍ മാതാപിതാക്കളെ നോക്കി ഇവിടെതന്നെ ജീവിക്കണം എന്നല്ല പറഞ്ഞുവരുന്നത്. ലോകമിന്ന് കൈവിരല്‍ തുമ്പിലാണ്. എവിടെ വേണമെങ്കിലും പോയി പഠിക്കാനും ജോലി ചെയ്യാനുമുള്ള സാഹചര്യം ഇന്ന് നിലവിലുണ്ട്. അത് പരമാവധി ഉപയോഗിക്കുകയാണ് വേണ്ടത്. കേരളം പല മേഖലകളിലും മെച്ചപ്പെട്ട അവസ്ഥയിലാണെങ്കില്‍ അതിന് പല കാരണങ്ങളുണ്ട്. സമൂഹത്തിന്റ അടിത്തട്ടില്‍ നിന്നുള്ള നവോത്ഥാന പ്രസ്ഥാനങ്ങളും മിഷണറി പ്രവര്‍ത്തനവും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമൊക്കെ അതിന് കാരണമാണ്. അതോടൊപ്പം, ചിലപ്പോള്‍ അതിലും കൂടുതല്‍ സ്വാധീനം പ്രവാസത്തിനാണ്. സിലോണ്‍, സിംഗപ്പൂര്‍, മലയ തുടങ്ങിയ പ്രദേശങ്ങളിലേക്കായിരുന്നു ആദ്യകാല കുടിയേറ്റങ്ങള്‍ നടന്നത്. പിന്നീട് ചെന്നൈ, മുംബൈ, ലാഹോര്‍, കല്‍ക്കട്ട പോലുള്ള മഹാനഗരങ്ങളിലേക്കായി. 1970കളോടെയാണ് പ്രവാസം ഏറ്റവും ശക്തമായത്. അതാകട്ടെ പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളിലേക്കായിരുന്നു. ഉല്‍പ്പാദനമേഖല മുരടിച്ചപ്പോള്‍ ഗള്‍ഫ് കുടിയേറ്റമായിരുന്നു കേരളത്തെ പിടിച്ചുനിര്‍ത്തിയത്. എന്നാല്‍ അതുണ്ടാക്കിയ മറ്റു സ്വാധീനങ്ങളും നിരവധിയാണ്. ഇനിയുമവ വേണ്ടത്ര വിശകലനം ചെയ്തിട്ടില്ല. ഇപ്പോള്‍ അതിലേക്ക് കടകുന്നില്ല.

പിന്നീട് അമേരിക്ക, യൂറോപ്പ് പോലുള്ള പ്രദേശങ്ങളിലേക്കും കുടിയേറ്റം വ്യാപകമായി. അതിപ്പോഴും തുടരുന്നു. ഉന്നതപഠനത്തിനായി അവിടങ്ങളിലേക്ക് പോകുന്നവര്‍ വലിയൊരു ഭാഗം പിന്നീടവിടെ തന്നെ ജീവിതം കരുപിടിപ്പിക്കുന്നു. അതുവഴി വലിയ മനുഷ്യവിഭവശേഷിയും സാമ്പത്തികവുമാണ് കേരളത്തിന് നഷ്ടമാകുന്നത്. ഒപ്പം കേരളം നരക്കുകയുമാണ്. ആയുര്‍ ദൈര്‍ഘ്യം കൂടുകയും ജനനനിരക്ക് കുറയുകയും വിദേശത്തേക്കുള്ള കുടിയേറ്റം വര്‍ദ്ധിക്കുകയും ചെയ്തതോടെ സംസ്ഥാനത്തെ ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞുവരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. പ്ലസ് ടു കഴിയുമ്പോഴേക്കും ഉന്നതപഠനത്തിനായി നാടുവിടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള അവകാശവാദങ്ങളൊക്കെ തെറ്റാണെന്നതാണ് വാസ്തവം. അതുപോലെ വലിയ വായില്‍ വിപ്ലവം പറയുമ്പോഴും ഇപ്പോഴും തികച്ചും ഫ്യൂഡലായ, സദാചാര ഗുണ്ടകള്‍ നിറഞ്ഞ ഒരു സമൂഹമാണ് നമ്മുടേത്. അതും കൗമാരക്കാരെ ഇവിടെ നിന്ന് അകറ്റുന്നു. നമ്മുടെ രാഷ്ട്രീയക്കാര്‍ക്കോ എഴുത്തുകാര്‍ക്കോ ഒന്നും അവരെ പ്രചോദിപ്പിക്കാന്‍ കഴിയുന്നില്ല. പക്ഷെ ഇവര്‍ പോകുന്നത് മിക്കവാറും വിദ്യാഭ്യാസ ലോണെടുത്താണ്. പഠിപ്പു കഴിഞ്ഞാലും വലിയൊരു വിഭാഗം തിരിച്ചുവരില്ല. അവിടെ തന്നെ സെറ്റില്‍ ചെയ്യും. പൗരത്വം നേടും.

ഗള്‍ഫ് മലയാളികളില്‍ നിന്ന് ഇങ്ങോട്ടാണ് പണമൊഴുകിയിരുന്നത്. അവിടെ പൗരത്വം കിട്ടാത്തതിനാല്‍ അവരെന്തായാലും തിരിച്ചുവരും. അവിടെയുള്ള വന്‍കിട സംരംഭകര്‍ ഇവിടേയും സ്ഥാപനങ്ങള്‍ ആരംഭിക്കുന്നു. കുറെപേര്‍ക്കങ്ങനെ തൊഴില്‍ ലഭിക്കുന്നു. എന്നാല്‍ പുതിയ പ്രവാസികള്‍ ഇവിടെ നിന്ന് പണം അങ്ങോട്ടാണ് കൊണ്ടുപോകുന്നത്. പിന്നെ അവിടെതന്നെ സെറ്റിലാകുന്നു. ഫലത്തില്‍ ഗള്‍ഫ് പ്രവാസം കേരളസമൂഹത്തിന് സാമ്പത്തികമായി ഗുണകരമായിരുന്നെങ്കില്‍ നവപ്രവാസം നഷ്ടക്കച്ചവടമാണ്. അതോടൊപ്പെമാണ് താമസിക്കാനാളില്ലാതെ വീടുകള്‍ അടഞ്ഞുകിടക്കുന്നതും ഭാര്‍ഗ്ഗവീ നിലയങ്ങള്‍ പെരുകുന്നതും ബാങ്കുകളില്‍ അവകാശികളില്ലാതെ പണം വെറുതെ കെട്ടികിടക്കുന്നതും ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞുവരുന്നതും വൃദ്ധജനങ്ങള്‍ അരക്ഷിതരാകുന്നതും… അതേസമയം ഈ കുടിയേറ്റത്തിന്റെ സാധ്യതകളും കുറഞ്ഞുവരുന്നു എന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല രാഷ്ട്രങ്ങളിലും കുടിയേറ്റക്കാര്‍ക്കെതിരായ വികാരവും വര്‍ദ്ധിക്കുന്നു. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കാണാന്‍ പോകുന്നതേയുള്ളു. ലോകത്തെവിടെ എന്തുസംഭവിച്ചാലും അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവും കൂടുതലായി ബാധിക്കുന്ന ഒരു പ്രദേശമാണല്ലോ കേരളം.

മറുവശത്ത് വിദ്യാഭ്യാസനിലവാരം ഉയര്‍ന്നതും പ്രവാസവും മൂലം അടിസ്ഥാന ജോലികള്‍ ചെയ്യാന്‍ ആളെ കിട്ടാത്ത സാഹചര്യം കേരളത്തില്‍ ശക്തമായപ്പോഴാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇങ്ങോട്ടുള്ള കുടിയേറ്റം ശക്തമായത്. ആദ്യമത് തമിഴ്‌നാട്ടില്‍ നിന്നായിരുന്നു. പിന്നീട് തമിഴ്‌നാട്ടിലെ കാര്‍ഷികമേഖലയിലെ മാറ്റങ്ങളും സര്‍ക്കാരിന്റെ ജനപ്രിയ നയങ്ങളും മൂലം നിരവധി പേര്‍ തിരിച്ചുപോയി. ഇപ്പോഴത്തെ കുടിയേറ്റം പ്രധാനമായും ആസാം, ബംഗാള്‍, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ്. 25നും 30നും ലക്ഷത്തിനിടക്ക് ഇതരസംസ്ഥാന തൊഴിലാളികള്‍ ഇന്നു സംസ്ഥാനത്തുള്ളതായി കണക്കാക്കപ്പെടുന്നു. അവരില്ലെങ്കില്‍ ഇന്നു കേരളമില്ല. നമുക്ക് ഗള്‍ഫ് എങ്ങനെയായിരുന്നു, അതുപോലെയാണവര്‍ക്ക് കേരളം. സ്വാഭാവികമായും കുറെ പണം അവര്‍ ഇവിടെ ചിലവാക്കും. പക്ഷെ ഭൂരിഭാഗവും ഗള്‍ഫ് മലയാളികളെ പോലെ അവരും നാട്ടിലേക്കയക്കുന്നു. നമുക്ക് വലിയ മെച്ചമൊന്നുമില്ല എന്നര്‍ത്ഥം. അതേസമയം പലപ്പോഴുമവര്‍ക്കുനേരെ വംശീയ അതിക്രമങ്ങള്‍ മലയാളികള്‍ നടത്തുന്നതാണ് ദൗര്‍ഭാഗ്യകരം. അവരുടെ ജീവിത സാഹചര്യങ്ങള്‍ വളരെ മോശവുമാണ്.

കേരളത്തില്‍ ഉത്തരേന്ത്യയേക്കാള്‍ വലിയ കൂലിയാണ് കൊടുക്കുന്നത്, അതുകൊണ്ടാണ് അവര്‍ ഇവിടേക്ക് ഒഴുകുന്നതെന്ന് നാം വീമ്പടിക്കാറുണ്ട്. കെട്ടിട നിര്‍മ്മാണം പോലെ പല ജോലികള്‍ക്കും അതുശരിയാണ്. പക്ഷെ അവര്‍ക്ക് അവിടെ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ കൂലി ഇവിടെ മലയാളികള്‍ക്ക് ലഭിക്കുന്ന എത്രയോ മേഖലകളുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. ടെക്‌സ്‌റ്റൈല്‍സ് തൊഴിലാളികള്‍, ചെറുകിട സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ചെറുകിട സംരംഭകര്‍, ഹരിത കര്‍മ്മ സേനക്കാര്‍, താല്‍ക്കാലിക ജീവനക്കാര്‍, അംഗണ്‍വാടിക്കാര്‍, ആശമാര്‍, നഴ്‌സുമാര്‍, തൊഴിലുറപ്പുകാര്‍, പെട്രോള്‍ ബങ്ക് ജീവനക്കാര്‍, ഹോട്ടല്‍ ജീവനക്കാര്‍, റിസപ്ഷണിസ്റ്റുകള്‍, തോട്ടം തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിങ്ങനെ പട്ടിക എത്രവേണമെങ്കിലും നീട്ടാം. ആദിവാസികളുടെ ശരാശരി വരുമാനമോ? ഈ അസംഘടിത മേഖലകളിലുള്ളവരുടെ പ്രശ്‌നങ്ങളൊന്നും തെരഞ്ഞെടുപ്പുവേളകളില്‍ പോലും ആരും അഭിസംബോധന ചെയ്യുന്നില്ല. സംഘടിതര്‍ക്ക് മാത്രമാണ് നാം വാരികോരി കൊടുക്കുന്നത്. തെരഞ്ഞെടുപ്പടുത്തപ്പോള്‍ കൊവിഡ് വേളയില്‍ പോലും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്ക് കൂടുതല്‍ വേതനം നല്‍കിയ ലോകത്തെ ഏക പ്രദേശമായിരിക്കും കേരളം.

തെരഞ്ഞെടുപ്പു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സമീപകാലത്ത് നിരന്തരമായി ഉയരുന്ന ആവശ്യമാണ് വയോധികരെ ഒഴിവാക്കണമെന്ന്. തീര്‍ച്ചയായും രണ്ടോ മൂന്നോ തവണ ജനപ്രതിനിധികളായവരെ ഒഴിവാക്കണം. അതില്‍ പ്രായം നോക്കേണ്ടതുമില്ല. അതേസമയം വയോധികര്‍ക്കും ജനസംഖ്യാനുപാതികമായ പ്രാതിധ്യം വേണം. വയോധികര്‍ക്കുമാത്രമല്ല, ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും ട്രാന്‍സ് വിഭാഗങ്ങള്‍ക്കും ദളിത് – ആദിവാസി വിഭാങ്ങള്‍ക്കും അംഗപരിമിതര്‍ക്കും തുടങ്ങി സമൂഹത്തിലെ വ്യത്യസ്ഥ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം വേണം. പ്രാതിനിധ്യമാണല്ലോ ജനാധിപത്യം. വയോജന കമ്മീഷന്‍, വയോജന ബജറ്റ് എന്നൊക്കെ നമ്മള്‍ കേള്‍ക്കുന്നുണ്ട്. അവയെല്ലാം നല്ലതു തന്നെ. ഒപ്പം വയോജനങ്ങള്‍ക്കായുള്ള ഓള്‍ഡേജ് ഹോമുകളും ഡേ കെയര്‍ സെന്ററുകളുമെല്ലാം വേണം. സാമ്പത്തികശേഷിയില്ലാത്തവര്‍ക്കും അവിടെ ജീവിക്കാനാകണം. സര്‍ക്കാരിനു നേരിട്ടോ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സ്വകാര്യ സംരംഭങ്ങളോ ആകാം. അവിടെ അവര്‍ക്ക് ഭക്ഷണം മാത്രം കിട്ടിയാല്‍ പോര, സാമൂഹ്യജീവിതം സാധ്യമാകണം. വിനോദാപാധികളടക്കം എല്ലാ സൗകര്യങ്ങളും വേണം.

വയോജനങ്ങളുടേയും കുട്ടികളുടേയും സംരക്ഷണം സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണെന്ന ബോധമാണ് അനിവാര്യം. മാതാപിതാക്കള്‍ക്കും മക്കള്‍ക്കും കൂടുതല്‍ ഉത്തരവാദിത്തമുണ്ട് എന്നതു ശരി. അപ്പോഴും പുതിയ ലോകസാഹചര്യത്തില്‍ മാതാപിതാക്കളോടൊപ്പം ജീവിക്കാന്‍ മക്കള്‍ക്ക് കഴിയണമെന്നില്ലല്ലോ. അത് തെറ്റാണെന്നു പറയാനുമാകില്ല. അതുപോലെ തന്നെ പ്രധാനമാണ് വിഭാര്യരും വിധവകളുമായവര്‍ക്ക് വാര്‍ദ്ധക്യത്തില്‍ വിവാഹം കഴിച്ചോ അല്ലാതേയോ ഒരുമിച്ച് ജീവിക്കണമെന്നു തോന്നിയാല്‍ അതിനുള്ള അവസരമുണ്ടാകുക എന്നത്. അത് അഭിമാനക്ഷതമാണെന്ന പൊതുബോധം മാറേണ്ട കാലം അധികരിച്ചിരിക്കുന്നു. കേരളം നരക്കുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യവും പരിഗണിക്കാവുന്നതാണ്

ഇനിയും നമ്മള്‍ ഗൗരവമായി എടുക്കാത്ത മറ്റനവധി വിഷയങ്ങളുമുണ്ട്. ഏതാനും വിഷയങ്ങള്‍ കൂടി സൂചിപ്പിക്കട്ടെ. സ്ത്രീകള്‍ക്ക അധികാരത്തില്‍ വളരെ കുറവ് പങ്കുള്ള പ്രദേശമാണ് കേരളം. രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളിലെ അവസ്ഥയും അതുതന്നെ. അതിനവസാനമുണ്ടാക്കണം. വനിതാ സംവരണ നിയമം നടപ്പാകുന്നതിനു കാത്തുനില്‍ക്കാതെ സ്ഥാനാര്‍ത്ഥികളില്‍ മൂന്നിലൊന്ന് സംവരണം വനിതകള്‍ക്ക് നല്‍കിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണത്. പാര്‍ട്ടിക്കകത്തെ സ്ഥാനങ്ങളിലും അതുവേണം. അതുപോലെ സംവരണം വഴി കുറെ പേര്‍ക്ക് തൊഴില്‍ ലഭിച്ചതൊഴികെ ദളിതരുടെ അവസ്ഥ മഹാമോശമാണ്. ആദിവാസികളുടെത് പറയാനുമില്ല. കേരളം വികസിച്ചെന്ന് അവകാശപ്പെടുമ്പോള്‍ അതിന്റെ അര്‍ഹമായ വിഹിതം ഇരുകൂട്ടര്‍ക്കും ലഭിക്കുന്നില്ല. കേരളത്തെ കേരളമാക്കിയതില്‍ പ്രധാന പങ്കുവഹിച്ച പ്രവാസത്തില്‍ അവരുടെ പങ്ക് തുലോം തുച്ഛമാണല്ലോ. സ്വന്തമായ സ്ഥാപനങ്ങേളാ എയ്ഡഡ് സ്ഥാപനങ്ങേളാ അവര്‍ക്കില്ല. സര്‍ക്കാര്‍ വേതനം നല്‍കിയിട്ടും എയ്ഡഡ് സ്ഥാപനങ്ങലില്‍ സംവരണമില്ല.

ആദിവാസികളുടെയും ദളിതരുടേയും ഭൂപ്രശ്‌നത്തിന് ഇപ്പോഴും പരിഹാരമായിട്ടില്ല. അപൂര്‍ണ്ണമായ ഭൂപരിഷ്‌കരണം മൂലം ഭൂമി ലഭിച്ചത് അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്കല്ലല്ലോ. തന്മൂലം ദളിതര്‍ നാലുസെന്റ് കോളനികളിലൊതുങ്ങി. അവയെ നമ്മളിന്ന് ഉന്നതിയെന്നു വിളിക്കുന്നു. മറുവശത്ത് കാര്‍ഷിക മേഖല തകര്‍ന്നു. ആദിവാസി നവജാത കുഞ്ഞുങ്ങളുടെ മരണനിരക്ക് വളരെ കൂടുതലാണ്. കേരളത്തിനകത്തുതന്നെ വലിയ കുടിയേറ്റമായിരുന്നല്ലോ പശ്ചിമഘട്ടമേഖലകളിലേക്ക് നടന്ന കര്‍ഷക കുടിയേറ്റം. അതുമൂലം പോസറ്റീവായ പലതും നടന്നിട്ടുണ്ട്. ഒപ്പം നെഗറ്റീവായ സംഭവങ്ങളും നിരവധിയാണ്. കുറെയൊക്കെ ഗാഡ്്ഗില്‍ ചൂണ്ടികാട്ടിയിട്ടുണ്ടല്ലോ. ആദിവാസികള്‍ക്ക് ഭൂമി നഷ്ടപ്പെട്ടതുമുതല്‍ ഇപ്പോഴത്തെ മനുഷ്യ – വന്യമൃഗ സംഘര്‍ഷം വരെ അതിന്റെ തുടര്‍ച്ചയാണ്. മറുവശത്ത് കാലാവസ്ഥാവ്യതിയാനത്തിന്റെ ഏറ്റവും രൂക്ഷമായ പ്രത്യാഘാതങ്ങള്‍ നേരിടുന്ന ജനതയാണ് ഇന്നു നാം. മറ്റൊന്ന് നാടെങ്ങും വ്യാപകമാകുന്ന ഇസ്ലാമോഫോബിയ നമ്മുടെ സാമൂഹ്യജീവിതത്തില്‍ മോശപ്പെട്ട പ്രവണതകള്‍ക്ക് കാരണമാകുന്നു. ഈ തെരഞ്ഞെടുപ്പുമായി ബന്ധ്‌പ്പെട്ട് ആ പ്രവണത ശക്തമായിട്ടുണ്ട്. അതിനാല്‍ തന്നെ മുസ്ലിം ജനവിഭാഗങ്ങള്‍ ഭീതിയിലാണ്. മറുവശത്ത് വര്‍ഗ്ഗീയതയും ഹിന്ദുത്വരാഷ്ട്രീയവും ജാത്യാധിപത്യവും കുറയുകയല്ല, ശക്തമാകുകയാണ്. കൊട്ടിഘോഷിക്കുന്ന നവോത്ഥാന മൂല്യങ്ങളെല്ലാം കൈമോശം വന്ന ജനതയായി നാം മാറികഴിഞ്ഞിരിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഷ്ട്രീയപ്രസ്ഥാനങ്ങളോ അധികാരികളോ ഇനിയും ഗൗരവമായി പരിഗണിക്കാത്ത മറ്റനവധി മേഖലകളുമുണ്ട്. ജീവിത ശൈലി രോഗങ്ങളില്‍ നമ്മള്‍ ഏറ്റവും മുന്നിലാണ്. കാന്‍സര്‍, പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, കുടവയര്‍, കരള്‍ വൃക്ക രോഗങ്ങള്‍, ഹൃദയസ്തംഭനം, അള്‍ഷിമേഴ്‌സ്, ഓട്ടിസം, ആത്മഹത്യ, റോഡപകടങ്ങള്‍, കുട്ടികളുടെ അരക്ഷിതാവസ്ഥ. കുട്ടികള്‍ മുതല്‍ പോലീസുദ്യോഗസ്ഥര്‍ വരെയുള്ളവരില്‍ പോലും വര്‍ദ്ധിക്കുന്ന ആത്മഹത്യകള്‍. കലുഷിതമാകുന്ന കുടുംബങ്ങളും അതുമൂലം വര്‍ദ്ധിക്കുന്ന വിവാഹമോചനങ്ങളും അവ കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും, സ്ത്രീപീഡനങ്ങള്‍, പോക്‌സോ കേസുകള്‍, കൊലപാതകങ്ങള്‍, വര്‍ദ്ധിക്കുന്ന ഫാസ്റ്റ് ഫുഡ് സംസ്‌കാരം, സദാചാര ഗുണ്ടായിസം, സ്ത്രീകള്‍ക്ക് പൊതുവഴിയിലൂടെ പോലും നടക്കാന്‍ ഭയപ്പെടണ്ട അവസ്ഥ, നിറം ഉയരം സൗന്ദര്യം തുടങ്ങി പല കാരണങ്ങളും പറഞ്ഞുള്ള ബോഡി ഷെയ്മിംഗ്, അമിതമായ മദ്യപാനം, മയക്കുമരുന്നുപയോഗം, ആരോഗ്യമേഖലയിലെ കഴുത്തറുപ്പന്‍ ചൂഷണം… ഈ പട്ടിക ഏറെ നീട്ടാനാകും.

ഒരു ജനത നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ഏറ്റവും ശക്തമായി ഉന്നയിക്കേണ്ട സമയമാണ് തെരഞ്ഞെടുപ്പ്. അവയോടുള്ള നിലപാടും തങ്ങളെന്താണ് ചെയ്യാനുദ്ദേശിക്കുന്നത് എന്നും ഈ സമയത്ത് ജനങ്ങളോട് പറയാന്‍ ഓരോ പാര്‍ട്ടികളും ബാധ്യസ്ഥരാണ്. എന്നാല്‍ ആ ദിശയിലൊരു ശ്രമവും ഈ തെരഞ്ഞെടുപ്പിലും ഒരു പാര്‍ട്ടിയും നടത്തുന്നില്ല എന്നതാണ് ഖേദകരം. തീര്‍ച്ചയായും രാഷ്ട്രീയം തന്നെയാണ് പ്രാഥമികമായി ചര്‍ച്ച ചെയ്യേണ്ടത്. വളരെ നിലവാരം കുറഞ്ഞ രീതിയിലാണെങ്കിലും അത് നടക്കുന്നുണ്ട്. നടക്കട്ടെ. പിന്നെ നടക്കുന്ന പ്രധാന ചര്‍ച്ച വികസനത്തെ കുറിച്ചാണ്. അതാവശ്യമാണ്. പക്ഷെ ആ ചര്‍ച്ചകള്‍ പ്രധാനമായും കേന്ദ്രീകരിക്കുന്നത് ആരാണ് റോഡുണ്ടാക്കിയത്, പാലമുണ്ടാക്കിയത് തുടങ്ങിയവയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളിലാണ്. അതിന്റെ ഭാഗമായി മത്സരിച്ചുള്ള ഉദ്ഘാടന മഹാമഹങ്ങളും വമ്പന്‍ പ്രസ്താവനകളും കോടികള്‍ ചിലവഴിച്ചുള്ള പരസ്യങ്ങളുമാണ് നടക്കുന്നത്. എന്നാല്‍ മുഖാമുഖം നിന്നുള്ള ഒരു സംവാദത്തിന് പ്രമുഖനേതാക്കളാരും തയ്യാറാകുന്നുമില്ല. നേരത്തെ വിവരിച്ചപോലുള്ള കേരളം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കും നേരെ എല്ലാ പ്രസ്ഥാനങ്ങളും മുഖം തിരിക്കുകയുമാണ്. അതിനാല്‍ തന്നെ തുടര്‍ ഭരണം ഉണ്ടായാലും ഇല്ലെങ്കിലും വലിയ പ്രതീക്ഷക്കൊന്നും അടിസ്ഥാനമില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply