
വേടസംഗീതത്തിന്റെ രാഷ്ട്രീയവും കേരളത്തിലെ ജാതിയും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നീര്‍നിലങ്ങളിന്‍ അടിമയാരുടമയാര്
നിലങ്ങളായിരം വേലിയില്‍
തിരിച്ചതാര്
തിരിച്ച വേലിയില്‍ കുലം മുടിച്ചതെത്ര പേര്…
പ്രമുഖ റാപ്പര്‍ വേടന്‍ തന്റെ പ്രകടനങ്ങളിലൂടെയും ഗാനരചനകളിലൂടെയും ഒരു നവവിപ്ലവാത്മക ഇടപെടലാണ് ജാതികേരളത്തില്‍ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ പാട്ടുകളും വരികളും അഭിമുഖങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാവുന്നതാണ്. മലയാളികളുടെ ജാതിയും ജാതിയാധിഷ്ഠിത മൂലധനങ്ങളും അതിനോടൊപ്പം വരുന്ന സാമൂഹ്യ-സാമ്പത്തിക നേട്ടങ്ങളുടെ സമസ്യകളെയും ഗഹന കപടതയെയും അദ്ദേഹം തുറന്ന് കാട്ടി കൊണ്ടേയിരിക്കുന്നു.
കണ്ണില്‍ കാണാത്ത ജാതി മത വേര്‍പ്പാട്
യുഗങ്ങളായ് തുടങ്ങി ഇനിയുമെന്നെ വേട്ടയാട്
അടങ്ങി നില്‍ക്കുവാന്‍ അയ്യോ ഞാന്‍ പെട്ട പാട്
എന്റെ മുതുകില്‍ നിന്റെ വഞ്ചനയാലേറ്റ പാട്—
എന്നിവ പോലെയുള്ള അതിശക്തമായ വരികളുള്ള, ഒറിജിനല്‍ സൈറ്റില്‍നിന്നു മാത്രം ഒരു കോടിയില്‍ പരം ആള്‍ക്കാര്‍ കണ്ട പാട്ട് മേല്പറഞ്ഞ ഗഹന കപടതയുടെ മുഖം വലിച്ചുകീറുന്ന ഒന്നായിരുന്നു. പിന്നീട് നടത്തിയ അഭിമുഖങ്ങളിലും സംഭാഷണങ്ങളിലൂടെയും അദ്ദേഹം ഈ ഗാനത്തിന്റെ വിമര്‍ശനാത്മക തലങ്ങള്‍ വികസിപ്പിച്ചു. കേരളത്തിലെ ദൈനംദിന ജീവിതത്തില്‍ ജാതിയുടെയും അതിന്റെ മറഞ്ഞ രാഷ്ട്രീയങ്ങളുടെയും സാന്നിധ്യം അദ്ദേഹം പുതിയ തലമുറയിലേക്ക് , ഒരു പാരമ്പര്യ ബുദ്ധിജീവിക്കും കഴിയാത്ത രീതിയില്‍ എത്തിച്ചു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കേരളത്തിലെ ഓരോ അര കിലോമീറ്ററിലും കാണപ്പെടുന്ന ജാതി മാട്രിമോണിയല്‍ ബോര്‍ഡുകള്‍, ‘ജാതിയില്ലാത്ത’ മലയാളി ആധുനികതയുടെ സ്വയം തൃപ്തിപ്പെടുത്തുന്ന കെട്ടുകഥയെ പൊളിച്ചു കാണിക്കുന്നു.. ലോകപ്രശസ്ത ചിന്തകന്‍ ഫ്രാന്‍സ് ഫാനോണിന്റെ വംശവിവേചന ചിന്തയെ (racial-epidermal virus) അനുസ്മരിപ്പിച്ചുകൊണ്ടു, കേരളത്തിലെ ജാതിയെ, വേടന്‍, ”വംശീയ-ചര്‍മ” വൈറ സായിട്ടുതന്നെ അവതരിപ്പിക്കുന്നു. കറുത്ത തൊലിയെ, ശരീരങ്ങളെ വ്യവസ്ഥാപിതമായ വിദ്വേഷത്തിനും ബ്രാഹ്മണിക്കല്‍ സൗന്ദര്യ വിധേയമാക്കുന്ന ഒരു സംവിധാനമായും അദ്ദേഹം ജാതിയെ അടയാളപ്പെടുത്തി.
ഞാന്‍ ‘വേദ’നാവാന്‍ കൂട്ടാക്കാത്ത, ചരിത്രപരമായ വേദനകള്‍ പേറുന്ന ‘വേട’നാണ് എന്ന് നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഈ രാഷ്ട്രീയ റാപ്പറുടെ സംഗീതവും ഇടപെടലുകളും കേരള സമൂഹത്തിന്റെ ‘പുരോഗമന’ ധാരണകളെയും അതിന്റെ ജാതിവിവേചന പ്രക്രിയകളെയും അത്യന്തം ശക്തമായി ചോദ്യം ചെയ്യുന്നു. ‘കോളണി വാണങ്ങള്‍’, ‘ പാണന്‍’, ‘പുലയന്‍’ തുടങ്ങിയ പദങ്ങള്‍ ജാതിയാധിഷ്ഠിത അധിക്ഷേപങ്ങള്‍ വര്‍ഷങ്ങളായി കേരളത്തില്‍ പ്രചാരത്തിലുണ്ടെന്ന് വേടന്‍ തുറന്നറിയിക്കുന്നു. കേരളീയ സംസ്‌കാരത്തിലെ ഗഹനമായ ജാതി-വംശീയത ഇതിലൂടെ വേടന്‍ പുതിയ തലമുറയിലേക്കെത്തിക്കുന്നു.
‘ഞാന്‍ ഒരു രാഷ്ട്രീയ കാഴ്ചപ്പാടുള്ള ഗായകനല്ല, മറിച്ചു പാടാന്‍ കഴിവുള്ള ഒരു രാഷ്ട്രീയ മനുഷ്യനാണ് എന്ന് വേടന്‍ നിരന്തരം പറയുന്നുണ്ട് ; ”അതിന്റെ ഭാഗമായി ഞാന്‍ പാട്ടുകളും എഴുത്തുകളും ചെയ്യും’, എന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ സംഗീതം കേരളത്തിലെ ശുദ്ധീകരിച്ച സാമൂഹിക പ്രതിനിധാനങ്ങളെ തകര്‍ക്കുന്നു, അത് ജാതിഅധിഷ്ഠിത അസമത്വങ്ങളുടെ സാക്ഷ്യമായി മാറുന്നു.
വേടന്‍ തന്റെ സംഗീതത്തിലൂടെ, ജാതിയാല്‍ സൃഷ്ടിച്ച സാമൂഹിക പീഡകളെ ഒരു പ്രതിക്രമാത്മക സൗന്ദര്യമായി മാറ്റുന്നു. സ്വന്തം അനുഭവങ്ങള്‍ സ്വന്തം നിബന്ധനകളില്‍ രേഖപ്പെടുത്താനുള്ള അവകാശം ഈ സംഗീതത്തിലൂടെ അദ്ദേഹം വീണ്ടെടുക്കുന്നു. ദളിത് സാന്നിധ്യവും സംഗീതവും വെറും കാഴ്ചകളുടെയും കേള്‍വികളുടെയും കൂട്ടുകളല്ല, മറിച്ചു അവ ഹൃദയ പ്രതിരോധത്തിന്റെ സമാഹാരമാണ് എന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു. അത് ധീരതയുടെ സാമൂഹ്യ ദൗത്യം നിര്‍വ്വഹിക്കുന്നു.
ഭൂമിയും, ജാതിയും, നിറവിവേചനവും പോലുള്ള വിഷയങ്ങളില്‍ വസ്തുതാപരമായ വിമര്‍ശനങ്ങളിലേക്ക് അദ്ദേഹം കേള്‍വിക്കാരെ നിരന്തരം ക്ഷണിക്കുന്നു. സ്റ്റേജുകളിനിന്നുള്ള അദ്ദേഹത്തിന്റെ ‘വയോ’ വിളി ജാതി ജീവിതത്തിലേക്ക് കണ്ണുതുറന്നു നോക്കാന്‍ നമ്മോടു നിരന്തരം ആവശ്യപ്പെടുന്നു . വേടന്റെ പാട്ട് നീതിയുടെയും (നീതി), ധൈര്യത്തിന്റെയും (ധീരത) ശക്തമായ വിളിയാണ്. ചൂഷിതരായവരെ എഴുന്നേല്‍ക്കാനും ജാതി വംശീയതയുടെ അതിര്‍പ്പുരകള്‍ തകര്‍ക്കാനും (”അതിര്‍ത്തികള്‍ തകര്‍ത്തീടുവാന്‍ വാ”) ആഹ്വാനം ചെയ്യുന്നു. ”അറിവ്” നെ, പ്രതിരോധത്തിന്റെ ആയുധമായി അദ്ദേഹം ഉയര്‍ത്തിക്കാണിക്കുന്നു. സമഗ്രമായ ദളിത് ഐക്യത്തിന്റെ ആവശ്യവുമായി അത് മുന്നോട്ട് വരുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വേടന്റേത് വെറും പാട്ടല്ല; പ്രഖ്യാപന ങ്ങളാണ്. ജാതിവ്യവസ്ഥയോടുള്ള അടിയന്തരമായ പ്രതിരോധമാണ്. അതുകൊണ്ടു വേടന്‍ ഒരു ഒരു സമൂഹത്തിന്റെ തന്നെ ശബ്ദമാണ്. അദ്ദേഹം പങ്കുവെക്കുന്നത് അതേപോലുള്ള മറ്റുസമൂഹങ്ങളുടെയും അതിലൂടെ ഒരു സമൂഹത്തിന്റെ ആകാംക്ഷകളും പ്രതിരോധങ്ങളുമാണ്. അതാണ് അദ്ദേഹം വീണ്ടും വീണ്ടും പറയുന്നത്
ഞാന്‍ പാണനല്ല പറയനല്ല പുലയനല്ല
നീ തമ്പുരാനുമല്ല
ആണേല്‍ ഒരു മ**രുമില്ല
ഇനിയും കാലമില്ല കാത്തിരിക്കാനാകുകില്ല
പൊറുത്ത് പോകുവാന്‍ ക്ഷമയൊരുതരി ബാക്കിയില്ല.
അദ്ദേഹം തിരിച്ചുവരുമെന്ന് ഏറ്റവും നന്നായി അറിയുന്നത് അദ്ദേഹത്തിന് തന്നെയാണ്. ഇപ്പോഴത്തെ നീക്കങ്ങള്‍ അദ്ദേഹം നിയമങ്ങള്‍ അനുസരിച്ചില്ല എന്നത് കൊണ്ടുമാത്രമായിരിക്കട്ടെ. വേടനിടങ്ങള്‍ തങ്ങളെ അലോസരപ്പെടുത്തുന്നതുകൊണ്ടുള്ള ശിക്ഷയായി, അദ്ദേഹത്തെ ഇല്ലാതാക്കാനുള്ളതാണു ഒരു വംശീയ-നിറ-ജാതി സമാഹരണമാണ് ഇപ്പോഴുള്ള നീക്കങ്ങള്‍ എങ്കില്‍ അത് പരാജയപ്പെടുകയേ ചെയുള്ളൂ.
(മാര്‍ച്ച് 24ന് ഐഐടി ഇന്‍ഡോറില്‍ ഒരു കോണ്‍ഫറന്‍സിന്റെ ഭാഗമായി ചെയ്ത ഗവേഷണ പ്രബന്ധത്തിന്റെ ഒരു ഭാഗമാണിത്. കുറച്ചുമാസങ്ങള്‍ക്കുള്ളില്‍, പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടു പൂര്‍ണ്ണമായി വിവര്‍ത്തനം ചെയ്യാം എന്ന് കരുതിയതയായിരുന്നു. പുതിയ സാഹചര്യത്തില്‍ പങ്കുവയ്ക്കാന്‍ വൈകിക്കേണ്ട എന്ന് തോന്നിയതായി പറയുന്നു ഡെല്‍ഹി യൂണിവേഴ്‌സിറ്റി ഹിസ്റ്ററി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ലേഖകന്‍)

Tajmanzoor
April 30, 2025 at 5:45 am
മികച്ച പഠനം