സാക്ഷരതയില്‍ ഊറ്റം കൊണ്ട് നമുക്ക് കാലം കഴിക്കാം….

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

hhhമലയാളികള്‍ ഏറ്റവുമധികം ഊറ്റം കൊള്ളുന്ന വിഷയമാണല്ലോ വിദ്യാഭ്യാസം. ഇന്ത്യയിലെ വിദ്യാഭ്യാസരംഗത്ത് ഒന്നാം സ്ഥാനത്താണ് നമ്മള്‍ എന്നാണല്ലോ അവകാശവാദം. എത്രയോ കാലമായി അതുതന്നെ പറഞ്ഞ് നാമൊരു സ്വയംഭോഗത്തിന്റെ സുഖമനുഭവിക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? സാക്ഷരതയിലൊഴികെ ഏതു വിദ്യാഭ്യാസമേഖലയിലാണ് നാം മുന്‍നിരയിലുള്ളത്?
ഇന്ന് മാതൃഭൂമി പത്രം അതിന്റെ വിദ്യാഭ്യാസപേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്ത നമ്മുടെ അഹങ്കാരത്തിനുള്ള മറുപടിയാണ്. വിദ്യാഭ്യാസമേഖലയില്‍ ഉയര്‍ന്ന നിലവാരത്തിലാണ് നാമെങ്കില്‍ സ്വാഭാവികമായും വിദേശവിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാനെത്തുമല്ലോ. ഇന്ത്യയില്‍ നിരവധി വിദേശവിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട.് 2015ല്‍ അവരുടെ എണ്ണം ഏകദേശം രണ്ടു ലക്ഷമാണ്. അവരില്‍ എത്രപേര്‍ കേരളത്തിലുണ്ടെന്നറിയുന്നതോടെ തീരും നമ്മുടെ അഹന്ത. വെറും 89 പേര്‍! കര്‍ണ്ണാടകത്തില്‍ 20204ഉം മഹാരാഷ്ട്രയില്‍ 18905ഉും ആന്ധ്രയില്‍ 16000ഉം തമിഴ്‌നാട്ടില്‍ 13212ഉം ഡെല്‍ഹിയില്‍ 8334ഉം ഉത്തര്‍ പ്രദേശില്‍ 3426ഉം ഗുജറാത്തില്‍ 1210ഉം ചണ്ഡിഗഡില്‍ 1520ഉം വിദേശവിദ്യാര്‍ത്ഥികള്‍ പഠിക്കുമ്പോഴാണ് കേരളത്തില്‍ 89 പേര്‍ പഠിക്കുന്നത്. എന്തിനേറെ? ഏറ്റവും പിന്നോക്കമേഖലകളായി കരുതപ്പെടുന്ന ബീഹാറില്‍ 420ഉം ഹരിയാനയില്‍ 262ഉം വിദേശ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. നമ്മുടെ തൊട്ടയല്‍പക്കത്തുള്ള കോയമ്പത്തൂരില്‍ 2915, ബാംഗ്ലൂരില്‍ 10216, മംഗലാപുരത്ത് 1610, മൈസൂരില്‍ 975 എന്നിങ്ങനെയാണ് വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം.
ദൈവത്തിന്റെ സ്വന്തം നാട് എന്നു ലോകം മുഴുവന്‍ പ്രസിദ്ധമാണ് കേരളം എന്നാണല്ലോ വെപ്പ്. അതിനാല്‍തന്നെ കേരളത്തെ കുറിച്ചറിയാത്തതുകൊണ്ടല്ല വിദേശവിദ്യാര്‍ത്ഥികള്‍ ഇവിടെയെത്താത്തത് എന്നു കരുതുന്നതില്‍ തെറ്റില്ല. മറിച്ച് നന്നായി അറിയുന്നതുകൊണ്ടുതന്നെയാണത് സംഭവിക്കുന്നത് എന്നുതന്നെ പറയേണ്ടിവരും.  അഖിലേന്ത്യാതലത്തില്‍ ശ്രദ്ധേയമായ ഒരു ഉന്നതവിദ്യാഭ്യാസകേന്ദ്രമോ സര്‍വ്വകലാശാലയോ നമുക്കില്ല എന്നതല്ലേ വസ്തുത? നമ്മുടെതന്നെ  മികച്ച വിദ്യാര്‍ത്ഥികളെല്ലാം ഉന്നതപഠനത്തിന് മറ്റു സംസ്ഥാനങ്ങളില്‍ പോകേണ്ട അവസ്ഥയാണ്. അപ്പോഴും ഐ ഐ ടി പോലുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നവര്‍ എത്രയോ കുറവാണ്. ഇടക്കാലത്ത് ശക്തമായ മെഡിക്കല്‍ – എഞ്ചിനിയറിംഗ് ജ്വരം പ്രശ്‌നങ്ങളെ കൂടുതല്‍ മോശമാക്കി. സംഭവിച്ചതെന്താണ്? പൊതുമേഖലയെ കുറിച്ചും സോഷ്യലിസത്തെകുറിച്ചുമെല്ലാം വാചാലമാകുന്നവരുടെ നാട്ടില്‍ വിദ്യാഭ്യാസമേഖല കച്ചവടവല്‍ക്കരിക്കപ്പെടുകയും മ്ലേച്ഛമായ രീതിയില്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയും ചെയ്തു. സ്വകാര്യമേഖല വേണ്ട എന്നല്ല പറയുന്നത്. സ്വകാര്യ – പൊതു മേഖലകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം നടക്കുകയാണ് വേണ്ടത്. അന്ധമായ പൊതുമേഖലാ ജ്വരം മൂത്ത് സ്വകാര്യമേഖലയെ തള്ളിപ്പറയുന്നതാണ് മികച്ച സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കാരണം. പണഇയെടുക്കാന്‍ താല്‍പ്പര്യമില്ലാത്ത, വേതനത്തില്‍ മാത്രം താല്‍പ്പര്യമുള്ള അധ്യാപകരാകട്ടെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളേയും നശിപ്പിക്കുന്നു. ഇവിടത്തെ മത്സരം ഗുണമേന്മക്കല്ലല്ലോ. സ്വാശ്രയവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ എല്ലാ വര്‍ഷവും ആവര്‍ത്തിക്കപ്പെടുന്നു. അതേസമയത്ത് മിടുക്കരായ കുട്ടികള്‍ പുറത്തുപോകുന്നു. സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകളുടെ അടച്ചുപൂട്ടലുകള്‍ ഉടനാരംഭിക്കും. കേരളത്തിനു ശാപമായ കക്ഷിരാഷ്ട്രീയവല്‍ക്കരണവും വിദ്യാഭ്യാസമേഖലയെ നശിപ്പിച്ചു. രാഷ്ട്രീയപ്രസ്ഥാനങ്ങളിലേക്ക് ആളെക്കൂട്ടാനുള്ള ഏജന്‍സി മാത്രമാണ് ഇവിടത്തെ വിദ്യാര്‍ത്ഥി സംഘടനകള്‍. അധ്യാപകസംഘടനകള്‍ക്കു ലക്ഷ്യം ശബളവര്‍ദ്ധനവും പണിയെടുക്കാതിരിക്കലും കക്ഷിരാഷ്ട്രീയവും മാത്രം. യുജിസി സ്‌കെയില്‍ അനുസരിച്ച് വേതനമാകാം, എന്നാല്‍ മറ്റു നിബന്ധനകള്‍ പാടില്ല എന്ന ഇവരുടെ പഴയ നിലപാട് ഓര്‍മ്മയുണ്ടല്ലോ.
ഉന്നതവിദ്യാഭ്യാസമേഖലയെ ശക്തമാക്കുന്നതിന് ശക്തമായ നടപടികള്‍ അനിവാര്യമാണ്. ഏറെ പ്രതീക്ഷ നല്‍കിയ മുന്‍ എല്‍ഡിഫ് സര്‍ക്കാരിലെ വിദ്യാഭ്യാസമന്ത്രി എം എ ബേബി തികഞ്ഞ പരാജയമായിരുന്നു. ഇപ്പോള്‍ രവീന്ദ്രനാഥിലാണ് മുഴുവന്‍ പ്രതീക്ഷയും. സ്വാശ്രയ സ്ഥാപനങ്ങളില്‍ സാമൂഹ്യ നിയന്ത്രണവും അക്കാദമിക് മികവും ഉറപ്പ് വരുത്തുന്നതിനുള്ള നിയമഭരണ നടപടികള്‍ സ്വീകരിക്കും, അഫിലിയേറ്റു ചെയ്യപ്പെട്ടിട്ടുളള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളുടെ സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും ഉയര്‍ത്തുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കും,  ഉദാരമായ സാമ്പത്തിക പിന്തുണയോടെ വിവിധ മേഖലകളില്‍ ഗവേഷണപ്രോജക്ടുകളെടുക്കാന്‍ സ്ഥാപനങ്ങളെ പ്രേരിപ്പിക്കും, നിയമനം ലഭിക്കുന്ന അധ്യാപകര്‍ക്ക് സര്‍വീസില്‍ പ്രവേശിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട നിയമങ്ങള്‍, പഠനസമ്പ്രദായം, പരീക്ഷാ നടത്തിപ്പ്, മൂല്യനിര്‍ണയം, വിദ്യാര്‍ത്ഥി പ്രവേശനം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് പരിശീലനം നല്‍കും,  സര്‍വീസിലുളള അധ്യാപകര്‍ക്ക് ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും പഠനവിഷയത്തിലും മൂല്യനിര്‍ണയത്തിലും ഉയര്‍ന്നതലത്തിലുളള പരിശീലനം നല്‍കും, സര്‍വകലാശാലാകേന്ദ്രങ്ങളെയാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ സിരാകേന്ദ്രങ്ങളായി മാറ്റും കേന്ദ്രസര്‍ക്കാര്‍ ഉന്നതഗവേഷണ സ്ഥാപനങ്ങള്‍ കേരളത്തിലേയ്ക്കു കൊണ്ടുവരാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തും, ഉന്നതമായ വിദ്യാഭ്യാസ നിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ലൈബ്രറി, അധ്യാപകര്‍ക്കുളള സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉദാരമായ സ്‌കോളര്‍ഷിപ്പുകള്‍, ആഗോളപ്രതിഭകളുടെ ഹ്രസ്വകാല സന്ദര്‍ശന പരിപാടികള്‍, ലബോറട്ടറികള്‍ എന്നിവ ഉറപ്പുവരുത്തും, പ്രധാന ഗവേഷണകേന്ദ്രങ്ങളിലും സ്വയംഭരണ ഡിപ്പാര്‍ട്ട്‌മെന്റുകളിലും ഫെല്ലോഷിപ്പുകള്‍ സ്ഥാപിക്കും, സ്വാശ്രയ കോളേജുകളില്‍ മിനിമം അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് സര്‍വകലാശാലകള്‍ പരിശോധിച്ച് ഉറപ്പുവരുത്തും. ഉന്നതവിദ്യാഭ്യാസരംഗത്തെ കേന്ദ്ര ഏജന്‍സികളും സര്‍വകലാശാലകളും നിര്‍ദ്ദേശിക്കുന്ന യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരും ജീവനക്കാരുമായി നിയമിക്കാന്‍ പാടുളളൂവെന്ന് വ്യവസ്ഥചെയ്യും, കേരളത്തിലെ അഞ്ച് എഞ്ചിനീയറിംഗ് കോളേജുകള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നിക്കല്‍ എക്‌സലന്‍സ് ആയി ഉയര്‍ത്തും. ഇവിടെ അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും,  സ്വാശ്രയ സ്ഥാപനങ്ങളില്‍ അധ്യാപകഅനധ്യാപക ജീവനക്കാര്‍ക്ക് മാന്യമായ നിലയിലുള്ള സേവനവേതന വ്യവസ്ഥകള്‍ ഉറപ്പുവരുത്തുന്നതിന് നിയമനിര്‍മ്മാണം കൊണ്ടുവരും  തുടങ്ങി നിരവധി പ്രതീക്ഷകള്‍ എല്‍ഡിഎഫ് പ്രകടനപത്രികയിലുണ്ട്. അവയെല്ലാം നടപ്പായാല്‍ നന്ന്. എന്നാല്‍ അതിനുള്ള ഒരു സാധ്യതയുമില്ല എന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വ്യക്തമാക്കുന്നത്. വിദേശത്തുനിന്നുപോയിട്ട് സംസ്ഥാനത്തുള്ളവര്‍ പോലും ഇവിടെ പഠിക്കാനുണ്ടാകില്ല. അപ്പോഴും സാക്ഷരതകുറിച്ച് നമുക്ക് ഊറ്റും കൊള്ളാം.. കാലം കഴിക്കാം…


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply