വിവരാവകാശനിയമം സ്മാര്‍ട്ടാകുന്നു

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

indexവിവരാവകാശനിയമമനുസരിച്ചുള്ള മറുപടികള്‍ നേടാന്‍ ഇനിമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങണ്ട. കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിക്കണ്ട. വിവരാവകാശനിയമം സ്മാര്‍ട്ടാകുകയാണ്. എന്നാല്‍ അതിനെ അട്ടിമറിക്കാനും നിയമം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതും ജനാധിപത്യം കൂടുതല്‍ സുതാര്യമാകുന്നത് തടയാനുമുള്ള ശ്രമങ്ങളും ശക്തമാകുകയാണ്. നിയമം കൂടുതല്‍ സ്മാര്‍ട്ടാകുന്നത് തടയാന്‍ ശ്രമിക്കുന്നതാകട്ടെ ഉദ്യോഗസ്ഥരും രാഷ്ട്രീയപാര്‍ട്ടികളും.

ഓണ്‍ലൈനിലൂടെ വിവരാവകാശ രേഖകള്‍ ലഭ്യമാക്കാന്‍ സംസ്ഥാന ഐ.ടി.മിഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒമ്പത് വകുപ്പുകളില്‍ ഒരുക്കിയ സൗകര്യം ഡിസംബറോടെ എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കുകയാണ്. റവന്യൂവകുപ്പിന്റെ 23 സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ തുടങ്ങിയ ഇ ഡിസ്ട്രിക്ട് പദ്ധതി വിപുലീകരിച്ചതോടെയാണ് വിവരാവകാശവും ഓണ്‍ലൈനിലാകുന്നത്. ഈ ലക്ഷ്യത്തോടെയാണ് ംംം.ലറശേെൃശര.േസലൃമഹമ.ഴീ്.ശി എന്ന വെബ് പോര്‍ട്ടല്‍ ആരംഭിച്ചിരിക്കുന്നത്. ഇ ഡിസ്ട്രിക്ട് സേവനങ്ങള്‍ക്കായി അക്ഷയകേന്ദ്രങ്ങളില്‍ പോകേണ്ടതില്ല. ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ എവിടെയിരുന്നും സര്‍ക്കാര്‍ സേവനങ്ങള്‍ നേടാം. വിദ്യാഭ്യാസം, വിവര സാങ്കേതികം, ആരോഗ്യം, നോര്‍ക്കറൂട്ട്‌സ്, തിരുവനന്തപുരം കളക്ടറേറ്റ്, ധനകാര്യം, മോട്ടോര്‍ വാഹനം, വ്യവസായം, വനം എന്നീ വകുപ്പുകളില്‍ വിവരാവകാശ രേഖകള്‍ ഇപ്പോള്‍ തന്നെ ഈ വെബ്‌പോര്‍ട്ടലിലൂടെ നേടാന്‍ കഴിയും.
എന്നാല്‍ വിവരാവകാശ രേഖകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള പദ്ധതിയെ അട്ടിമറിക്കാനാണ് പല വകുപ്പുകളും ശ്രമിക്കുന്നത്. നിയമം വന്ന അന്നുമുതലെ അതിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ശക്തമാണല്ലോ. അതിന്റെ തുടര്‍ച്ച തന്നെ ഇതും. ജനങ്ങളാണ് ജനാധിപത്യത്തിലെ രാജാക്കന്മാരെന്നും അവര്‍ക്കുള്ള സേവനത്തിനാണ് തങ്ങള്‍ വേതനം പറ്റുന്നതെന്നുമുള്ള അടിസ്ഥാനതത്വമാണ് ഉദ്യാഗസ്ഥര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. പുതിയ സൗകര്യങ്ങളെ കുറിച്ച് ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുകയാണെന്ന പരാതി വ്യാപകമായിട്ടുണ്ട്. അതിനാല്‍തന്നെ വളരെ കുറിച്ചുപേര്‍ മാത്രമാണ് ഓണ്‍ ലൈന്‍ വഴി വിവരാവകാശത്തിനു അപേക്ഷിച്ചിട്ടുള്ളത്.
വിവരാവകാശ നിയമം അതനിവാര്യമായ യഥാര്‍ത്ഥ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കവും അട്ടിമറിക്കപ്പെടുകയാണ്. അതില്‍ മുന്നില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍തന്നെ. ദേശീയ രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശനിയമത്തിനു കീഴില്‍ കൊണ്ടുവരാനുള്ള വിവരാവകാശ കമ്മീഷന്റെ തീരുമാനത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ കൂടുതല്‍ ശക്തമാകുകയാണ്. വാസ്തവത്തില്‍ വിവരാവകാശത്തിനും സുതാര്യതക്കുംവേണ്ടി നിലനില്‍ക്കുന്നു എന്നവകാശപ്പെടുന്ന ആം ആദ്മി പാര്‍ട്ടിയുടെ വരുമാനം പോലും വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശം കൂടുതല്‍ പ്രസക്തമായിരിക്കുകയാണ്. എന്നാല്‍ തങ്ങള്‍ എല്ലാ നിയമങ്ങള്‍ക്കും അതീതരാണെന്നും ജനങ്ങളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ മറുപടി പറയേണ്ടവരല്ല എന്നുമുള്ള നിലപാടില്‍തന്നെയാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം. സാമ്പത്തിക കണക്കുകള്‍ സമര്‍പ്പിക്കാന്‍ പലരും ഒരുക്കമാണ്. എന്നാല്‍ പാര്‍ട്ടി തീരുമാനങ്ങളും നയങ്ങളും ഉള്‍പാര്‍ട്ടി ചര്‍ച്ചകളും വിവരാവകാശനിയമമനുസരിച്ച് വെളിപ്പെടുത്താനാവില്ലെന്നുമാണ് മിക്ക പാര്‍ട്ടികളുടേയും നിലപാട്. അതെങ്ങിനെ കഴിയും എന്നാണവരുടെ ചോദ്യം? ശരിയാണ്. തുടര്‍ന്നു വരുന്ന രീതിയനുസരിച്ച് അതു ചിന്തിക്കാന്‍ പാടാണ്. എന്നാല്‍ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഈ തീരുമാനത്തെ പിന്തുണക്കുകയാണ് വേണ്ടത്.
പാര്‍ട്ടികള്‍ പൊതു അധികാര കേന്ദ്രങ്ങളല്ല എന്നതാണ് നേതാക്കളുടെ പ്രധാനവാദം. എന്നാല്‍ അധികാര കേന്ദ്രങ്ങള്‍ വിവരാവകാശ നിയമത്തിനു കീഴില്‍ വരുമ്പോള്‍ അവയെ നിയന്ത്രിക്കുന്ന ശക്തികള്‍, അഥവാ യഥാര്‍ത്ഥ അധികാര കേന്ദ്രങ്ങള്‍ക്ക് അതെങ്ങിനെ ബാധകമാകാതിരിക്കും? എങ്കില്‍ ഉദ്യോഗസ്ഥര്‍ എങ്ങനെ നിയമം നടപ്പാക്കാന്‍ തയ്യാറാകും എന്ന ചോദ്യം ബാക്കി.
ജനാധിപത്യത്തില്‍ രാഷട്രീയപാര്‍ട്ടികള്‍ ജനങ്ങളുടെ പ്രാതിനിധ്യം അവകാശപ്പെടുന്നു. ജനങ്ങളാണ് അവരെ അധികാരത്തിലെത്തിക്കുന്നത്. എങ്കിലും അവ മിക്കപ്പോാഴും ജനവിരുദ്ധരാകാറുണ്ട്. നേതാക്കള്‍ അഴിമതിക്കാരാകാറുണ്ട്. അതിനെ നിയന്ത്രിക്കാന്‍ കാര്യമായ സംവിധാനമില്ല. അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ പാര്‍ട്ടികളും സര്‍ക്കാരുമെല്ലാം അഴിമതിക്കാരാകുന്നത് ഇന്ത്യയില്‍ മാത്രമല്ല, ലോകമെങ്ങും കാണുന്നതാണ്. അതു തടയാന്‍ നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ കാര്യമായ സംവിധാനമില്ല. പ്രതിപക്ഷം സമരങ്ങള്‍ നടത്തും. എന്നാല്‍ അവരും പലപ്പോഴും വ്യത്യസ്ഥരാകാറില്ല. പാര്‍ലിമെന്റിലും നിയമസഭകളിലും മറ്റും അവിശ്വാസം കൊണ്ടുവരാം. എന്നാല്‍ ഇപ്പോഴത്തെ സംവിധാനത്തില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള ധാരണയില്‍ മാത്രമാണ് അതില്‍ നടപടികള്‍ ഉണ്ടാകുക. ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനുള്ള അവകാശത്തെ കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ പ്രായോഗികമായി അത് എളുപ്പമല്ല. മാത്രമല്ല, എത്രപേര്‍ ആവശ്യപ്പെട്ടാല്‍ തിരിച്ചു വിളിക്കാം, അതും തീരുമാനിക്കപ്പെടുന്നത് രാഷ്ട്രീയ താല്‍പ്പര്യങ്ങളാലാകില്ലേ, വീണ്ടും തിരഞ്ഞെടുപ്പ് നടന്നാല്‍ അതുതന്നെ ആവര്‍ത്തിക്കില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ മറ്റു മുന്നണിയെ വിജയിപ്പിക്കാം. എന്നാല്‍ എല്ലാവരും ഒരുപോലെയാകുന്ന സാഹചര്യമാണല്ലോ നിലനില്‍ക്കുന്നത്. പിന്നെ ഉള്ളത് ഇപ്പോള്‍ ആദ്യമായി സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നടപ്പാക്കിയിരിക്കുന്ന നെഗറ്റീവ് വോട്ടാണ്. പേരില്‍ പറയുന്നപോലെ അത് നെഗറ്റീവ് ആയ പ്രതികരണം മാത്രമാണ്. പോസിറ്റീവ് ആയ പരിഹാരമല്ല.
ഈ സാഹചര്യത്തിലാണ് ജനകീയാധികാരത്തെ ഊട്ടിയുറപ്പിക്കുന്ന വിവാരാവകാശ നിയമവും സേവനാവകാശ നിയമവുമൊക്കെ പ്രസക്തമാകുന്നത്. അന്തിമ അധികാരം ജനങ്ങള്‍ക്കുതന്നെ എന്ന രാഷ്ട്രീയ നിലപാട് ഇതിലുണ്ട്. അതിനെയാണ് പാര്‍ട്ടികള്‍ ഭയപ്പെടുന്നത്. ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത വിഷയങ്ങളാണോ പാര്‍ട്ടി കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യുന്നതും തീരുമാനെമെടുക്കുന്നതും? പാര്‍ട്ടിതീരുമാനമനുസരിച്ചാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ പോലും നടക്കുന്നതെന്ന ആരോപണത്തെ ഇതു ശരി വെക്കുകയല്ലേ? സിപിഎമ്മിന്റേയോ കോണ്‍ഗ്രസ്സിന്റേയോ ബിജെപിയുടേയോ സംസ്ഥാന സമിതി തീരുമാനങ്ങള്‍ വിവരാവകാശ നിയമമനുസരിച്ച് ആവശ്യപ്പെട്ടാല്‍ എന്താണ് കുഴപ്പം? അതു ജനങ്ങള്‍ക്കു ലഭ്യമാക്കുക എന്നത് ജനാധിപത്യത്തിന്റെ ഉന്നത രൂപമായി കാണാന്‍ എന്തേ നേതാക്കള്‍ക്കാകുന്നില്ല? അങ്ങനെയല്ലേ ജനാധിപത്യം സുതാര്യമാകുന്നത്? പാര്‍ലിമെന്റ്, നിയമസഭാ സമ്മേളനങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റും സുതാര്യമാകുന്ന കാലത്ത് അവയെ നിയന്ത്രിക്കുന്ന പാര്‍ട്ടിയോഗങ്ങളും സുതാര്യമാകണം. ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധ്പപെട്ട് സിപിഎം, കോണ്‍ഗ്രസ്സ് പാര്‍ട്ടികളുടെ പ്രധാന കമ്മിറ്റി തീരുമാനങ്ങള്‍ ലഭ്യമായാല്‍ കേസ് തെളിയിക്കാന്‍ ഒരു പക്ഷെ എത്രയോ എളുപ്പമാകും? സത്യത്തില്‍ പാര്‍ട്ടി കമ്മിറ്റിയോഗങ്ങളുടെ തത്സമയ പ്രക്ഷേപണം നല്‍കാന്‍ പോലും തയ്യാറാകുകയാണ് വേണ്ടത്. അത്രമാത്രം സുതാര്യമാകണം ജനാധിപത്യം.
സത്യത്തില്‍ ഇന്ത്യയില്‍ പാര്‍ലമെന്ററി രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖ്യമായും ഫ്യൂഡല്‍, മുതലാളിത്ത സമ്പന്ന വിഭാഗങ്ങളുടെ താല്‍പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതും സംരക്ഷിക്കുന്നതുമെന്നു കാണാം. ഇടത്തരക്കാരുടേയും കര്‍ഷകരുടേയും തൊഴിലാളികളുടേയുമെല്ലാം പ്രതിനിധികളെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികളെ കാണാമെങ്കിലും നമ്മുടെ അധികാരസംവിധാനത്തില്‍ അവരെല്ലാം ഫലത്തില്‍ സമ്പന്നവിഭാഗങ്ങളുടെ താല്‍പര്യസംരക്ഷകരായി മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക. ഇവരും പഴയ ഫ്യൂഡല്‍ ഘടനയില്‍തന്നെ തുടരുന്ന ഉദ്യോഗസ്ഥമേധാവി വര്‍ഗ്ഗവും ചേര്‍ന്നുള്ള ഭരണവര്‍ഗ്ഗ കൂട്ടുകെട്ട് പാര്‍ലമെന്ററി സമ്പ്രദായത്തെ തങ്ങളുടെ താല്‍പര്യസംരക്ഷണത്തിനുള്ള ഒരു ഉപാധിയായി മാറ്റിയിരിക്കുന്നു. അതുകൊണ്ടുതന്നെ വികസിത മുതലാളിത്തരാജ്യങ്ങളില്‍ കാണാനാവാത്തവിധം ഭീമാകാരരൂപം പൂണ്ട അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും സ്വജനപക്ഷപാതത്തിന്റേയും കുടുംബവാഴ്ചയുടേയും ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും ഇവിടെ കാണാം. ഇലക്ഷന്‍ കമ്മീഷന്റെ സക്രിയത്വം, മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരണം, വിവരാവകാശ നിയമം തുടങ്ങിയവയെല്ലാം ജനാധിപത്യസമ്പ്രദായത്തിന്റെ മുന്നോട്ടുള്ള കാല്‍വെയ്പുകളാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ എന്നു പറയാറുണ്ട്. അതില്‍ കുറെയൊക്കെ ശരിയുണ്ടു താനും. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്നുള്ള മായാവതിയെ പോലുള്ളവര്‍ അധികാരത്തിലെത്തിയതും അടിയന്തരാവസ്ഥയെയും മറ്റും അറബികടലില്‍ വലിച്ചെറിഞ്ഞതും ഉദാഹരണങ്ങള്‍. മറിച്ചുള്ള ഉദാഹരണങ്ങളും ഉണ്ടെന്നത് ശരി. ഈ സാഹചര്യത്തില്‍ ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ വിവരാവകാശ നിയമം പോലുള്ളവ കൂടുതല്‍ ശക്തമാക്കാനും അധികാരവ്യവസ്ഥയെ കൂടുതല്‍ സുതാര്യമാക്കാനുമാണ് നാം ശ്രമിക്കേണ്ടത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply