
ഈജിപ്തിലെ വസന്തം ഇനിയെങ്ങോട്ട്?
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഈജിപ്തില്‍ അശാന്തി തുടരുകയാണ്. സൈനിക നടപടികളില്‍ അടുത്തയിടെ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുകയാണ്. നടപടികെളെ ന്യായീകരിച്ച് ഇടക്കാല പ്രധാനമന്ത്രി ഹാസിം അല്‍ ബിബ് ലാവി രംഗത്തുണ്ട്. സൈനിക നടപടിയല്ലാതെ സര്‍ക്കാറിന് മറ്റു പോംവഴികളില്ലെന്ന് അദ്ദേഹം ടെലിവിഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്ത് പലയിടത്തും അടിയന്തരാവസ്ഥയും കര്‍ഫ്യൂവുമാണ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം വെല്ലുവിളിച്ചാണ് ജനം തെരുവിലിറങ്ങിയിരിക്കുന്നത്. വരും ദിവസങ്ങള്‍ കൂടുതല്‍ രക്തരൂക്ഷിതമാകാനാണ് സാധ്യത.
സൈന്യം പുറത്താക്കിയ മുഹമ്മദ് മുര്‍സിയെ ജയിലിലടക്കാന്‍ അന്വേഷണ ജഡ്ജി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ഈജിപ്തില്‍ വണ്ടും സംഘര്‍ഷം ശക്തമായത്. സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് നാടുനീളെ റാലികള്‍ നടത്താന്‍ സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ സീസി ആഹ്വാനം നല്‍കിയിരുന്നു. തുടര്‍ന്ന് സെക്കുലറിസ്റ്റുകളും ഇടതുപക്ഷക്കാരും തമര്‍റുദ് (റെബല്‍) പ്രവര്‍ത്തകരും വിവിധ ഭാഗങ്ങളില്‍ റാലികള്‍ നടത്തി. ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും രംഗത്തിറങ്ങി. ഇതേതുടര്‍ന്നാണ് സംഘര്‍ഷം വ്യാപകമായത്. അതാണ് ഇപ്പോഴും ശക്തമായി തുടരുന്നത്.
ലോകം ഏറെ കൊട്ടിഘോഷിച്ച അറബി വസന്തത്തിന്റെ ഏറ്റവും വിജയകരമായ വിപ്ലവം നടന്നത് ഈജിപ്തിലായിരുന്നു. മറ്റു പല അറബി രാജ്യങ്ങള്‍ക്കും പ്രചോദനമായതും ഈജിപ്തിലെ വിപ്ലവമായിരുന്നു. അത്തരം ഒരു വിപ്ലവത്തിന്റെ ചുവടുപിടിച്ച് വരുന്ന ഭരണകൂടം ജനാധിപത്യപരമായിരിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. അവിടെ നടന്ന തിരഞ്ഞെടുപ്പ് പൊതുവില്‍ സമാധാനപരമായിരുന്നു. തിരഞ്ഞെടുപ്പുഫലത്തെകുറിച്ച് അന്ന് ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടുമില്ല. അധികാരത്തില്‍ വന്നത് മുസ്ലിം ബ്രദര്‍ ഹുഡ് ആയിരുന്നു. അന്നു മുതല്‍ ഇസ്ലാമിക പരിവര്‍ത്തനങ്ങള്‍ക്കുള്ള നിയമങ്ങളും നടപടികളും അവര്‍ ആരംഭിക്കുകയും ചെയ്തു. അതിനായി പ്രസിഡന്റ് മുര്‍സി സ്വീകരിച്ച പല നടപടികളും ജനാധിപത്യവിരുദ്ധമായിരുന്നു. ഭരണഘടന അനുശാസിക്കുന്നതില്‍ കൂടുതല്‍ അധികാരങ്ങള്‍ അദ്ദേഹം അവകാശപ്പെട്ടു. അതിനെതിരെ സ്വാഭാവികമായും ജനവികാരം നഷ്ടപ്പെട്ടു. എന്നാല്‍ അവര്‍ക്കൊരു ബദല്‍ ഉണ്ടായില്ല. അതാണ് സൈന്യം ഭംഗിയായി ഉപയോഗിച്ചത്. ഇപ്പോഴും തുടരുന്ന അശാന്തിയുടെ മൂലകാരണവും അതുതന്നെ.
ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുമെന്നും ജനാധിപത്യം പുനസ്ഥാപിക്കുമെന്നും സൈന്യം പറയുന്നുണ്ട്. കാത്തിരുന്നു കാണാം. ഈജിപ്തില്‍ ഉണ്ടായെന്നു പറയുന്ന ജനാധിപത്യവല്‍ക്കരണം എത്രത്തോളം ആഴത്തിലുള്ളതായിരുന്നു എന്ന സംശയം ഇപ്പോള്‍ രൂക്ഷമായിരിക്കുന്നു. അറബി വസന്തത്തിന്റെ പല രൂപഭാവങ്ങളും മുതലെടുക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. അതിനോട് ഐക്യപ്പെടാന്‍ മുര്‍സിക്ക് മടിയുണ്ടായിരുന്നില്ല. പതിവുപോലെ ഇടപെടാന്‍ തയ്യാറായി അമേരിക്ക കാത്തുനില്‍ക്കുകയാണന്നു കരുതാം. ലോകത്തെമ്പാടുമുള്ള ജനാധിപത്യ മതനിരപേക്ഷ ശക്തികളെല്ലാം ഉറ്റുനോക്കുന്നത് ഈജിപ്തിലേക്കാണ്. അവരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് അറബി വസന്തത്തിനു തുടര്‍ച്ചയുണ്ടാകുമോ? അതോ അതൊരു സ്വപ്നം മാത്രമായി മാറുമോ എന്ന് കാത്തിരുന്നു കാണാം..
