“പ്രബുദ്ധകേരള”ത്തിനുനേരെ ചൂണ്ടുവിരലുകളാകുന്ന ഉത്രയും ആതിരയും അഞ്ജനയും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

പ്രബുദ്ധരെന്നും നമ്പര്‍ വണ്‍ എന്നുമൊക്കെ സ്വയം വിശേഷിപ്പിച്ച് നിര്‍വൃതി കൊള്ളുന്നവരാണല്ലോ മലയാളികള്‍. എന്നാല്‍ ആ വിശേഷണങ്ങള്‍ യാഥാര്‍ത്തില്‍ നിന്ന് എത്രയോ അകലെയാണെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഇവിടെ നിരന്തരം ആവര്‍ത്തിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ നടന്ന മൂന്നു സംഭവങ്ങള്‍ തന്നെ മലയാളിയുടെ കാപട്യത്തിന്റെ ഉദാഹരണങ്ങളായി ചൂണ്ടികാണിക്കാം. മുഖ്യധാരാകേരളം എന്നു വിശേഷിക്കപ്പെടുന്നവര്‍ സമൂഹത്തിന്റെ ഓരങ്ങളിലേക്ക് ആട്ടിപായിക്കപ്പെടുന്നവരോടെടുക്കുന്ന നിലപാടുകള്‍ വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഉദ്ദേശിക്കുന്നത്. ഉത്ര എന്ന പെണ്‍കുട്ടിയുടെ വധം, ആതിര എന്ന പെണ്‍കുട്ടിയുടെ കൊലയാളികളെ കോടതി വെറുതെ വിട്ടത്, അഞ്ജന ഹരീഷിന്റെ ആത്മഹത്യ. ഇവയിലെല്ലാം പൊതുവായി കാണുന്ന ചില സ്വഭാവങ്ങളുണ്ട്്. അതെകുറിച്ചാണ് ഈ കുറിപ്പ്.

സാമൂഹ്യജീവിതത്തിന്റെ പല മേഖലകളിലും കേരളം നേടിയ പല നേട്ടങ്ങളേയും കുറിച്ച് നാം വാചാലരാകാറുണ്ട്. ഒപ്പം അതിന്റെ അവകാശമാര്‍ക്കാണെന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യാറുണ്ട്. ഇത്തരം ചര്‍ച്ചകളില്‍ പൊതുവില്‍ ഉയര്‍ന്നു വരാറുള്ള പല പേരുകളുമുണ്ട്. നവോത്ഥാനപ്രസ്ഥാനം, ദേശീയപ്രസ്ഥാനം, മിഷണറിമാര്‍, കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നിങ്ങനെ പോകുന്നു ഈ പട്ടിക. സമീപകാലത്ത് ഈ ലിസ്റ്റില്‍ തിരുവിതാംകൂര്‍ രാജാവും വന്നിട്ടുണ്ട്. അതെന്തോ ആകട്ടെ. നവകേരളസൃഷ്ടിയില്‍ പങ്കുണ്ടെന്നു കരുതപ്പെടുന്ന ഇവരൊന്നും തൊടാത്ത ചില മേഖലകളുണ്ട്. അതിലൊന്നാണ് കുടുംബം. എല്ലാ മേഖലകളിലുമുള്ള ജനാധിപത്യവല്‍ക്കരണത്തെ കുറിച്ചു ഘോരഘോരം പ്രസംഗിക്കുമ്പോഴും കുടുംബത്തെ ജനാധിപത്യവല്‍ക്കരിക്കാന്‍ ഇവരാരും കാര്യമായി ശ്രമിച്ചിട്ടില്ല. അതിനാല്‍ തന്നെ കുടുംബമെന്നത് പുരുഷധിപത്യത്തിന്റേയും ജാത്യാധിപത്യത്തിന്റേയും പ്രതീകമായി തുടര്‍ന്നു. സാമൂഹ്യജീവിതത്തില്‍ ഒഴിവാക്കിയെന്ന് പലരും അവകാശപ്പെടുന്ന മൂല്യങ്ങളെല്ലാം കുടുംബത്തിനകത്ത് തുടര്‍ന്നു പോരുന്നു. ഇപ്പോഴുമങ്ങനെ തുടരുന്നു. ഇടക്കാലത്ത് ചില ഫെമിനിസ്റ്റ് ഗ്രൂപ്പുകളാണ് ഈ വിഷയം അല്‍പ്പമെങ്കിലും ഉന്നയിക്കാന്‍ ശ്രമിച്ചത്. എന്നാലതൊന്നും കാര്യമായി മുന്നോട്ടുപോയില്ല ന്നെതാണ് വസ്തുത.

കൊല്ലത്ത് അഞ്ചലില്‍ ഇരുപത്തിയഞ്ചുകാരിയായ ഉത്രയെ പാമ്പിനെ കൊണ്ട്‌ കടിപ്പിച്ചുകൊന്ന സംഭവം നോക്കാം. കൊലപാതകത്തിന്റെ രീതിയെ കുറിച്ചുള്ള ചര്‍ച്ചകളൊക്കെ നടക്കട്ടെ. എന്നാലീ സംഭവത്തിലെ യഥാര്‍ത്ഥവില്ലന്‍ സ്ത്രീധനമാണല്ലോ. ലിംഗനീതിയെ കുറിച്ചും സ്ത്രീനീതിയെ കുറിച്ചുമൊക്കെ ഘോരഘോരം വാചകമടിക്കുന്നവരാണല്ലോ നമ്മള്‍. എന്നാല്‍ സ്ത്രീധനത്തിലും നമ്മള്‍ വളരെ മുന്നിലെന്നാണ് കണക്കുകള്‍ പറയുന്നത്. ”ഞങ്ങള്‍ സ്ത്രീധനം എത്രവേണമെന്ന് പറയുന്നില്ല, എന്താണെന്നു വെച്ചാല്‍ തന്നാല്‍ മതി, തറവാട്ടു മഹിമക്കനുസരിച്ചു തന്നാല്‍ മതി, എന്തായാലും മോശമാവില്ല എന്നറിയാം” എന്നിങ്ങനെയുള്ള സംഭാഷണങ്ങള്‍ വിവാഹമാര്‍ക്കറ്റില്‍ നിരന്തരം കേള്‍ക്കുന്നതാണല്ലോ. കണക്കു കൃത്യമായി പറഞ്ഞ് കൊടുക്കുന്നതാണ് ഒരര്‍ത്ഥത്തില്‍ ഇതിനേക്കാള്‍ ഭേദം. അപ്പോഴത് യഥാര്‍ത്ഥ കച്ചവടമാകും. എങ്കില്‍ കച്ചവടത്തിലെ മിനിമം മര്യാദയെങ്കിലുമുണ്ടാകും. ഇവിടെ അതുപോലുമില്ല. സ്വര്‍ണ്ണത്തിന്റേയും ആഡംബരകാറിന്റേയും മറ്റും രൂപത്തിലാണല്ലോ നമ്മുടെ സ്ത്രീധനം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണകച്ചവടം നടക്കുന്നത് കേരളത്തിലാകാനും പ്രധാന വ്യാപാരികള്‍ മലയാളികളാകാനുമുള്ള കാരണം ഇതല്ലാതെ മറ്റെന്താണ്? അറവുശാലയില്‍ മാടുകളെ വില്‍ക്കുന്നതുപോലും നമ്മുടെ മിക്കവിവാഹങ്ങളേക്കാള്‍ അന്തസ്സുള്ളതാണ്. വിവാഹശേഷം വലിയൊരു വിഭാഗം പെണ്‍കുട്ടികളും നേരിടുന്ന സംഭവങ്ങള്‍ തന്നെയാണ് ഉത്രയും ഭര്‍തൃഗൃഹത്തില്‍ നേരിട്ടത് എന്നുറപ്പ്. കുടുംബത്തിന്റെ അന്തസ്സും വിവാഹത്തിന്റെ പവിത്രതയും സംരക്ഷിക്കാനെന്ന പേരില്‍ നമ്മുടെ പെണ്‍കുട്ടികള്‍ വലിയൊരു ഭാഗവും സ്വയം എരിഞ്ഞടുങ്ങുകയാണ്. ഇടക്ക് ഇത്തം സംഭവങ്ങളുണ്ടാകുമ്പോള്‍ ചില ചര്‍ച്ചകളൊക്കെ നടക്കും. പിന്നീടെല്ലാം പതിവുപടി. ഇക്കാര്യത്തില്‍ കക്ഷിരാഷ്ട്രീയ – ജാതിമതഭേദങ്ങളൊന്നുമില്ല. ഇവിടെ മലയാളി ഒന്നാണ്.

ആതിരയിലേക്കുവരാം. ദുരഭിമാനകൊലകളുടെ പേരില്‍ മറ്റു സംസ്ഥാനങ്ങളെ നിരന്തരം ആക്ഷേപിക്കുന്നവരാണല്ലോ നമ്മള്‍. എന്നാല്‍ ഘോരഘോരം നടത്തുന്ന പ്രസംഗങ്ങളിലൊഴികെ ജാതി ഉപേക്ഷിക്കാന്‍ എത്ര മലയാളികള്‍ തയ്യാറായിട്ടുണ്ട്? നമ്മുടെ കുടുംബത്തിന്റെ അടിത്തറ ഇപ്പോഴും ജാതിയല്ലാതെ മറ്റെന്താണ്? ദളിതരേയും ആദിവാസികളേയും ഒഴിവാക്കി മിശ്രവിവാഹം നടത്താനാഗ്രഹിക്കുന്നവരുടേയും സ്വജാതി വിവാഹ ബ്യൂറോകളുടേയും നാട്ടിലിരുന്നാണ് നമ്മള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജാതിവെറിയെ കളിയാക്കാറുള്ളത്. പിന്നീടിതാ അതേ ദുരഭിമാനകൊലകള്‍ തന്നെ കേരളത്തിലും അരങ്ങേറി. അതിന്റെ ഇരയായിരുന്നു ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് സ്വന്തം പിതാവിനാല്‍ കൊലചെയ്യപ്പെട്ട ആതിര. വാസ്തവത്തില്‍ ആതിരയുടേത് ദുരഭിമാന കൊലയല്ല. ജാതികൊലതന്നെയാണ്. സ്വന്തം മകള്‍ക്കെതിരെയല്ല, വാസ്തവത്തില്‍ അവള്‍ വിവാഹം കഴിച്ച യുവാവടങ്ങിയ ദളിത് സമുദായത്തിനുനേരെയാണ് അയാള്‍ വെട്ടുകത്തി വീശിയത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ സംഭവത്തിന്റെ ക്ലൈമാക്‌സോ? ആതിരയുടെ അമ്മയും സഹോദരനും – അതായത് കൊലയാളിയുടെ ഭാര്യയും മകനും – കോടതിയില്‍ കൂറുമാറി. കുടുംബത്തെ സംരക്ഷിക്കാന്‍. അങ്ങനെ തെളിവില്ലാത്തിന്റെ പേരില്‍ ഈ ജാതികൊലയും കുറ്റവിമുക്തമായി. വാസ്തവത്തിലവര്‍ കൂറുമാറുകയല്ല, ഈ ജാതിവ്യവസ്ഥയോട് കൂറുപുലര്‍ത്തുകയാണ് ചെയ്തത്. പ്രബുദ്ധ കേരളത്തിന്റെ യഥാര്‍ത്ഥചിത്രം.

അഞ്ജന ഹരീഷിന്റെ ആത്മഹത്യ ലൈംഗികന്യൂനപക്ഷ വിഭാഗങ്ങള്‍ കേരളത്തില്‍ നേരിടുന്ന ഭയാനകമായ പീഡനങ്ങളുടെ പ്രതികരണമാണ്. അതും പ്രധാനമായും ബന്ധപ്പെട്ടുകിടക്കുന്നത് ”കുടുംബമാഹാത്മ്യ”ത്തോടുതന്നെ. വ്യത്യസ്ഥയാണെന്നതിന്റെ പേരില്‍ സ്വന്തം വീട്ടില്‍ അഞ്ജന നേരിട്ട പീഡനങ്ങള്‍ ഏറെ വാര്‍ത്തയായിരുന്നു. ഏതോ പീഡനകേന്ദ്രത്തില്‍ അവര്‍ ഭീകരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് വീട്ടുകാരോടൊപ്പം പോകാനിഷ്ടമില്ല എന്ന അവരുടെ മൊഴി കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ലൈംഗികന്യൂനപക്ഷങ്ങളെ ഇന്നും അംഗീകരിക്കാത്ത ഒരു സമൂഹത്തില്‍ ജീവിക്കുക അവര്‍ക്ക് സാധ്യമായിരുന്നില്ല. അതിന്റെ തുടര്‍ച്ചയായിരുന്നു ആ ആത്മഹത്യ. എന്നാല്‍ ജനാധിപത്യവിരുദ്ധമായ കുടുംബസംവിധാനത്തിനെതിരെ ഉയര്‍ന്നുവരേണ്ട നൈതികബോധത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന്റെ പേരില്‍ ക്വിയര്‍ – ബഹുജന്‍ – മുസ്ലിം – ഫെമിനിസ്റ്റ് വിഭാഗങ്ങളുടെ ജനാധിപത്യാവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളെ തകര്‍ക്കാനുള്ള സംഘടിത ശ്രമങ്ങളാണ് നടക്കുന്നത്. അക്കാര്യത്തില്‍ സംഘപരിവാര്‍ ശക്തികളും മുഖ്യധാരാ ഇടതുപക്ഷവും കോര്‍ക്കുന്ന കാഴ്ചയും കാണുന്നു.

ചുരുക്കത്തില്‍ പുരുഷാധിപത്യത്തിന്റേയും ജാത്യാഭിമാനത്തിന്റേയും പ്രതീകവും ജനാധിപത്യവിരുദ്ധവുമായ കുടുംബസംവിധാനത്തെ മഹത്‌വല്‍ക്കരിക്കുകയും ദളിതരുടയും സ്ത്രീകളുടേയും ലൈംഗികന്യൂനപക്ഷങ്ങളുടേയും മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തെപോലും ഹനിക്കുകയും ചെയ്യുന്ന മൂല്യങ്ങളുയര്‍ത്തിപിടിച്ചാണ് മലയാളികള്‍ സ്വയം പ്രബുദ്ധരെന്ന് ഊറ്റം കൊള്ളുന്നത്. ആ ഊറ്റത്തിനുനേരെ ഉയരുന്ന ചൂണ്ടുവിരലുകളാണ് ഉത്രയുടേയും ആതിരയുടേയും അഞ്ജനയുടേയും അങ്ങനെയുള്ള നിരവധി പേരുടേയും സ്ഥാപനവല്‍കൃതകൊലപാതകങ്ങള്‍. വരുംകാലങ്ങളില്‍ ആ ചൂണ്ടുവിരലുകളുയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മലയാളി മറുപടിപറയേണ്ടിവരും.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply