രാമക്ഷേത്ര പ്രതിഷ്ഠാദിന ക്ഷണമെന്ന കെണി

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ചരിത്രത്തില്‍ ഇത് സുവര്‍ണദിനമായി ചേര്‍ക്കപ്പെടുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ചരിത്രം പോലും തിരുത്തിയെഴുതുന്നവര്‍ക്ക് അതിനു കഴിയുമായിരിക്കാം. രാമക്ഷേത്രം നിര്‍മ്മിക്കുന്നത് രാമഭക്തിയുടെ പേരിലല്ല എന്ന് ആ്രര്‍ക്കുമറിയാം. പിന്നാലെ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പല്ലാതെ മറ്റെന്താണ് അതിന്റെ ലക്ഷ്യം? അതാകട്ടെ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള ആര്‍ എസ് എസ് രൂപീകരണത്തിന്റെ 100-ാം വാര്‍ഷികം ആസന്നമായ വേളയില്‍. രാമക്ഷേത്രം ആധുനിക ഇന്ത്യയുടെ പ്രതീകമാണ്, ദേശീയതയുടെ പ്രതീകമാണ്, ശ്രീരാമന്‍ ഐക്യത്തിന്റെ അടയാളമാണ് തുടങ്ങിയ അവകാശവാദങ്ങളോടെ നടക്കുന്ന ഈ ചടങ്ങ് ഹിന്ദുത്വദേശീയത വളര്‍ത്തിയെടുക്കാനുള്ള ഒരു രാഷ്ട്രീയ ഉപകരണം മാത്രം. പ്രതിഷ്ഠാദിനചടങ്ങുകളാകട്ടെ നടക്കുന്നത് തികച്ചും സര്‍ക്കാര്‍ പരിപാടിയെ്‌നന നിലയില്‍. ഒരു മതേതരരാജ്യത്താണ്, ഒരു മതവിഭാഗത്തിന്റഎ ആരാധനാലയം തകര്‍ത്ത് നിര്‍മ്മിക്കുന്ന മറ്റൊരു ആരാധനാലയം സര്‍ക്കാര്‍ പരിപാടിയെന്ന നിലയില്‍ ഭക്തര്‍ക്കു തുറന്നു കൊടുക്കുന്നത്.

വളരെ തന്ത്രപൂര്‍വ്വമാണ് കേന്ദ്ര സര്‍ക്കാരും ബിജെപിയും പ്രതിഷേടാദിന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. അതിലേറ്റവും പ്രധാനം പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ചടങ്ങിനു ക്ഷണിച്ചിരിക്കുന്നു എന്നതാണ്. അതിലൂടെ പ്രതിപക്ഷപാര്‍ട്ടികളും നേതാക്കളും അക്ഷരാര്‍ത്ഥത്തില്‍ കെണിയില്‍ പെട്ടിരിക്കുകയാണ്. കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ.. ഏറ്റവും പ്രതിസന്ധി സ്വാഭാവികമായും കോണ്‍ഗ്രസ്സിനു തന്നെ. അയോദ്ധ്യയിലെ ക്ഷേത്രനിര്‍മ്മാണത്തിനു കാരണമായത് തങ്ങളുടെ നടപടികളായിരുന്നു എന്നു വാദിക്കുന്ന നേതാക്കള്‍ പോലുമുള്ള പാര്‍ട്ടിയാണല്ലോ കോണ്‍ഗ്രസ്സ്. ബാബറി മസ്ജിദ് പൊളിച്ചത് കോണ്‍ഗ്രസ്സ് ഭരിക്കുമ്പോള്‍. കേരളത്തിലെ നേതാക്കള്‍ എളുപ്പത്തില്‍ പറയുന്ന പോലെയല്ല ഉത്തരേന്ത്യയിലെ അവസ്ഥ. ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുത്താലും പങ്കെടുത്തില്ലെങ്കിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെടുക. പങ്കെടുക്കാതിരുന്നാല്‍ ഹിന്ദുവിരുദ്ധ പാര്‍ട്ടിയായിട്ടായിരിക്കും ബിജെപി കോണ്‍ഗ്രസ്സിനെ മുദ്രയടിക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് തെരഞ്ഞെടുപ്പില്‍ വലിയ ക്ഷീണമുണ്ടാക്കും. ്പങ്കെടുത്താല്‍ നഷ്ടപ്പെടുക ഇപ്പോഴും ഒരുപരിധിവരെ നിലനില്‍ക്കുന്ന ന്യൂനപക്ഷവിഭാഗങ്ങളുടെ വിശ്വാസമായിരിക്കും. അതും പ്രതികൂലമായി ബാധിക്കാം. ഈ സാഹചര്യത്തെ എങ്ങനെ മറികടക്കാനാവുമെന്നുള്ള കൂലംകുഷമായ ചിന്തയിലാണ് നേതാക്കള്‍.

ക്ഷണം നിരാകരിക്കുന്ന സിപിഎം തീരുമാനം കേരളത്തില്‍ വ്യാപകമായി ആഘോഷിക്കപ്പെടുന്നുണ്ട്‌. കേരളത്തില്‍ മാത്രം ശക്തിയുള്ള അവര്‍ക്കതിനു കഴിയും. കേരളത്തിലെ കോണ്‍ഗ്രസ്സിന്റേയും അഭിപ്രായം ഏറെക്കുറെ അതുതന്നെ. അ്‌പ്പോഴും വളരെ പ്രധാനപ്പെട്ട ഒന്നുണ്ട്. ബാബറി മസ്ജിദ് തകര്‍ത്തു നിര്‍മ്മിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല എന്നല്ല സിപിഎം പോലും പറയുന്നത്. മറിച്ച് ചടങ്ങ് സര്‍ക്കാര്‍ പരിപാടിയാക്കുന്നു എന്നാണ്. ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി ഏറെക്കുറെ സ്വാഗതം ചെയ്തവരാണ് മിക്കവാറും പാര്‍ട്ടികള്‍ എന്നതു മറക്കരുത്.

കോണ്‍ഗ്രസ്സിന്റെ ജന്മദിനത്തിലാണ് ഈ കുറിപ്പെഴുതുന്നത്. സ്വാതന്ത്ര്യസമരകാലത്ത് ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ്സിനെ ഹിന്ദുപാര്‍ട്ടിയാക്കാനുള്ള നീക്കം ശക്തമായിരുന്നു. ഗാന്ധിയുടെ വരവോടെയാണ് അത് ദുര്‍ബലമായത്. തുടര്‍ന്നായിരുന്നു ആര്‍എസ്എസും ഹിന്ദുമഹാസഭയുമൊക്കെ രൂപം കൊണ്ടത്. ഗാന്ദി – നെഹ്‌റു – അംബേദ്കര്‍ ത്രയങ്ങള്‍ക്കു മുന്നില്‍ ഹിന്ദത്വപാര്‍ട്ടി വാദികള്‍ക്ക് ഒന്നും ചെയ്യാനായിരുന്നില്ല. ഗാന്ധി രാമരാജ്യത്തെ കുറിച്ച് എപ്പോഴും പറയുമായിരുന്നു. പക്ഷെ അത് ഹിന്ദുത്വവാദികളുടെ രാമരാജ്യമല്ല എന്ന് വ്യക്തം. ഒരു സാധാരണ ക്ഷേത്രത്തിന്റെ പ്രതിഷ്ടാചടങ്ങില്‍ പങ്കെടുക്കുന്നതുപോലെയല്ല് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നത്. അതുവഴി നഷ്ടപ്പെടുന്നത് കോണ്‍ഗ്രസ്സിന്റെ മതേതരമുഖമാണ്. മാത്രമല്ല അധികാരത്തിലെത്താനും തങ്ങളഉടെ വിഭാവനയിലുള്ള മതരാഷ്ട്രം സ്ഥാപിക്കാനുും ബിജെപി എന്തിനെ പ്രതീകമാക്കിയോ അതോടൊപ്പെം നില്‍്ക്കുക എന്നത് രാഷ്ട്രീയ നിലപാടിനെ വഞ്ചിക്കലുമാണ്.

സത്യത്തില്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ തന്നെ മിക്കപാര്‍ട്ടികളുടേയും നിലപാടുകള്‍ നാം കണ്ടതാണ്. മുഖ്യമന്ത്രിമാരടക്കമുള്ള കോണ്‍ഗ്രസ്സ് പല നേതാക്കളും അതിനെ പിന്തുണക്കുകയായിരുന്നു. അവരില്‍ പുതുതലമുറയുടെ പ്രതിനിധി പ്രിയങ്കാഗാന്ധിയും പെട്ടിരുന്നു. വ്യത്യസ്ഥ അഭിപ്രായക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ തന്നെ വാ തുറന്നതുമില്ല. കോണ്‍ഗ്രസ്സ് മാത്രമല്ല, രാജ്യത്തെ ഏതെങ്കിലും പാര്‍ട്ടി അതിനെതിരെ ശക്തമായി രംഗത്തുവന്നോ? ലോഹ്യയേയും അംബേദ്കറെയുമൊക്കെ ഉയര്‍ത്തിപിടിക്കുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടികളും ദളിത് പ്രസ്ഥാനങ്ങളുമടക്കം. അരവിന്ദ് കെജ്രിവാളെടുത്ത നിലപാടില്‍ പലരും ഞെട്ടുന്നതു കണ്ടു. എന്തിനേറെ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കുപോലും ട്രസ്റ്റിനുപകരം പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും ആര്‍ എസ് എസുമൊക്കെ ചേര്‍ന്ന് പരിപാടി നടത്തിയതിലായിരുന്നു പ്രതിഷേധം. മുസ്ലിം സംഘടനകളാകട്ടെ ഭയം മൂലവും നിശബ്ദരായിരുന്നു. വാസ്തവത്തില്‍ 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കുമ്പോഴും ഇതൊക്കെതന്നെയായിരുന്നല്ലോ അവസ്ഥ. പ്രതിഷ്ഠാദിനത്തിലും അതു തന്നെ ആവര്‍ത്തിക്കാനാണ് സാധ്യത.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബഹുസ്വരതയാണല്ലോ ഇന്ത്യയുടെ മുഖമുദ്ര. ഈ വൈവിധ്യം നമ്മുടെ മിത്തുകളിലും ദേവന്മാരിലുമെല്ലാം പുരാണങ്ങളിലുമെല്ലാം കാണാം. രാമനും രാമായണവും അതില്‍ നിന്നും വ്യത്യസ്ഥമല്ല. മഹാത്മാഫൂലേ രാമനുപകരം ബലിസങ്കല്‍പ്പമാണ് ഉയര്‍ത്തി പിടിച്ചത്. ഗാന്ധിയുടെ രാമനില്‍ നിന്ന് എത്രയോ അകലെയാണ് ഗോഡ്‌സെയുടെ രാമന്‍. സ്‌നേഹസമ്പന്നനായ രാമനെയാണ് ഭക്തിപ്രസ്ഥാനത്തില്‍ കാണുന്നത്. എത്രയോ ഗ്രന്ഥകര്‍ത്താക്കളുടെ പേരില്‍ രാമായണമുണ്ട്. അവയിലെല്ലാം വൈജാത്യങ്ങളുണ്ട്. ആദിവാസി രാമായണവും മാപ്പിളരാമായണമടക്കം നിലവിലുണ്ട്. കുട്ടികൃഷ്ണമാരാരടക്കം എത്രയോപേരുടെ വൈവിധ്യമാര്‍ന്ന വ്യാഖ്യാനങ്ങളും നിലവിലുണ്ട്. അതുപോലെ പലരുടെ പക്ഷത്തുനിന്നും രാമായണവായനകള്‍ നടന്നിട്ടുണ്ട്. ശംബൂകന്റെ പക്ഷത്തുനിന്ന് രാമായണത്തിന് ഒരു ദളിത് വായന സാധ്യമാണ്. ശൂര്‍പ്പണഖയുടെ പക്ഷത്തുനിന്നും വ്യത്യസ്ഥമായൊരു വായനയുണ്ട്. സീതയുടെയും ഊര്‍മ്മിളയുടേയും പക്ഷത്തുനിന്ന് രാമായണത്തിന് ഫെമിനിസ്റ്റ് വായന സാധ്യമാണ്. എങ്ങനെ വ്യാഖ്യാനിച്ചാലും ശരി, രാമായണ രാമരാജ്യം കീഴാളരോടും സ്ത്രീകളോടും കരുണയും നീതിയും കാണിക്കാതെ ഹിംസയാണ് പ്രയോഗിച്ചിട്ടുള്ളതതെന്ന ശക്തമായ വാദവും നിലവിലുണ്ട്.

ഇത്തരത്തിലുള്ള ഒരു ബ്രാഹ്മണ്യ സാമൂഹിക വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഭരണകൂട രൂപത്തെ ആദര്‍ശാത്മക ഹിന്ദു രാഷ്ട്ര വ്യവസ്ഥയായി ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേക്ക് സന്നിവേശിപ്പിച്ചത് ഗാന്ധിയാണെന്ന വിമര്‍ശനം നിലവിലുണ്ട്. ശംബൂകനെ കൊന്ന രാമന്റെ ചാതുര്‍വര്‍ണ്ണ ഹിംസക്കെതിരെ ‘രാവണായനം’ എന്ന തമിഴ് ദേശീയത സങ്കല്‍പ്പം മുന്നോട്ടു വച്ചുകൊണ്ടാണ് പെരിയോര്‍ രാമസ്വാമി നായ്ക്കര്‍ ജനാധിപത്യത്തെയും തുല്യനീതിരാഷ്ട്രീയത്തെയും പറ്റി സംസാരിച്ചത്. ഇതേ ഘട്ടത്തില്‍ തന്നെയാണ് രാമായണം ഉള്‍പ്പടെയുള്ള വര്‍ണ്ണ സാഹിത്യങ്ങള്‍ ബ്രാഹ്മണിസത്തിന്റെ പ്രതിവിപ്ലവ തത്വ ശാസ്ത്രമായി അംബേദ്കര്‍ പ്രഖ്യാപിച്ചതും. പിന്നീട് വൈവിധ്യമാര്‍ന്ന നിരവധി രാമസങ്കല്‍പ്പങ്ങളെ അട്ടിമറിച്ച് ഏകീകൃതമായ ഒരു ടെക്‌സറ്റ് ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതായിരുന്നു 1987ല്‍ സംപ്രേഷണം ചെയ്ത രാമായണ സീരിയല്‍. അതിന്റെ ലക്ഷ്യമെന്തായിരുന്നു എന്ന് ഇന്ന് വ്യക്തമായല്ലോ. അതാണ് ബാബറി മസ്ജിദും ഒട്ടനവധി വംശഹത്യകള്‍ക്കും ശേഷം ഇപ്പോള്‍ അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെത്തി നില്‍ക്കുന്നത്.

ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിലേക്കു ക്ഷണിക്കുക വഴി പ്രതിപക്ഷപാര്‍ട്ടികള്‍ക്കുള്ളില്‍ മാത്രമല്ല, ഇന്ത്യാ സഖ്യത്തിലും ഭിന്നതകള്‍ സൃഷ്ടിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. അത്തരത്തിലുള്ള ഭിന്നതകള്‍ രൂപപ്പെടുന്നു എന്നുതന്നെയാണ് ആദ്യഘട്ട പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. സത്യത്തില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്നിലൊന്നിനേക്കാള്‍ അല്‍പ്പം കൂടുതല്‍ വോട്ടേ ബിജെപിക്കു ലഭിച്ചിട്ടുള്ളു, പ്രതിപക്ഷം ഒന്നിച്ചു നിന്നാല്‍ ഒരുപക്ഷെ ഇത്തവണയവര്‍ക്കു തടയിടാന്‍ കഴിയും. എന്നാല്‍ ബിജെപിയുടെ ചടുലമായ തന്ത്രങ്ങള്‍ക്കുമുന്നില്‍ അതത്ര എളുപ്പമല്ല. മാത്രമല്ല സീറ്റുവ്ിഭജനം. നേതൃത്വം, കാസ്റ്റ് സെന്‍സസ് തുടങ്ങിയ വിഷയങ്ങളില്‍ രൂക്ഷമായ ഭിന്നതകളാണ് ഇന്ത്യാ സഖ്യത്തിലുള്ളത്. അതിനൊക്കെ പുറമെയാണ് രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലേക്കുള്ള ക്ഷണം. ആര്‍ജ്ജവത്തോടെ ഈ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യാസഖ്യത്തിനും കോണ്‍ഗ്രസ്സിനും കഴിയും, പ്രതിഷ്ഠാദിന ക്ഷണമെന്ന കെണിയെ അതിജീവിക്കാനാവുമെന്നു തന്നെ പ്രതീക്ഷിക്കാനേ ഇപ്പോള്‍ കഴിയൂ.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply