2023 ബാക്കിവെക്കുന്നത് സമഗ്രാധിപത്യവും ക്രിമിനല്‍ക്കരണവും

ഇസ്രായേല്‍ – പാലസ്തീന്‍ വിഷയത്തിനിടയില്‍ പോയവര്‍ഷം ഏതാണ്ടെല്ലാവരും മറന്നുപോയ ഒന്നാണ് റഷ്യ, യുക്രെയിനില്‍ തുടരുന്ന അധിനിവേശം ഭാവിയല്‍ ഏതുരാജ്യവും ഏതുരാജ്യത്തും കയറി അധിനിവേശം നടത്തിയാലും ഒന്നും സംഭവിക്കില്ല എന്ന സന്ദേശമാണ് വാസ്തവത്തില്‍ ഇതിലൂടെയെല്ലാം ഉരുത്തിരിയുന്നത്. അതിനാല്‍ തന്നെ വരുംവര്‍ഷങ്ങള്‍ സമാധാനപരമായിരിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല.

ഭാവിയിലേക്ക് കാര്യമായ പ്രതീക്ഷയൊന്നും നല്‍കാതെയാണ് 2023 കടന്നു പോയത് എന്നതാണ് വസ്തുത. പുതുവര്‍ഷത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നൊക്കെ ഭംഗിവാക്ക് പറയാമെങ്കിലും ആഗോളതലത്തിലായാലും അഖിലേന്ത്യാതലത്തിലായാലും കേരളത്തിലായാലും കാര്യങ്ങളുടെ പോക്ക് ആ ദിശയിലാണെന്നു കരുതാന്‍ ബുദ്ധിമുട്ടുണ്ട്. ആത്യന്തികമായി സമഗ്രാധിപത്യത്തിലേക്കും ക്രിമിനല്‍വല്‍ക്കരണത്തിലേക്കും തന്നെയാണ് മാനവസമൂഹം നീങ്ങി കൊണ്ടിരിക്കുന്നത് എന്നു പറയുന്നതാകും കുറെകൂടി യാഥാര്‍ത്ഥ്യത്തോട് അടുത്തുനില്‍ക്കുന്നത്.

ആഗോളതലത്തിലെ 2023ലെ കണ്ണീരു ഗാസ തന്നെ. കാലങ്ങളായി നിലനില്‍ക്കുന്ന വിഷയമാണെങ്കിലും അടുത്തകാലത്തൊന്നും ഇസ്രായേല്‍ – പാലസ്തീന്‍ പ്രശ്‌നം ഇത്രമാത്രം സംഘര്‍ഷഭരിതമായിട്ടില്ല. ഹമാസിനെ എന്നാണ് പറയുന്നതെങ്കിലും പാലസ്തീന്‍ എന്ന സ്വപ്നത്തെ തന്നെ ഇത്തവണ ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തിലാണ് ഇസ്രായേല്‍ അക്രമണം തുടരുന്നത്. അമേരിക്കയടക്കമുള്ള ലോകരാഷ്ട്രങ്ങളും യുഎന്‍ അടക്കമുള്ള ആഗോള സംഘടനകളും നിസഹായരായി നില്‍ക്കുന്ന കാഴ്ച തന്നെയാണ് 2023ലും കണ്ടത്. അതേസമയം മറ്റൊന്നിനും 2023 സാക്ഷ്യം വഹിച്ചു. മുമ്പൊന്നും പതിവില്ലാത്ത വിധം ഇസ്രായേലിനു പിന്തുണ വര്‍ദ്ധിച്ചു എന്നതു തന്നെയാണത്. ഒരു സംശയവുമില്ലാതെ പാലസ്തീനൊപ്പം നിന്നിരുന്ന ഇന്ത്യയുടെ ചാഞ്ചാട്ടം തന്നെ ഏറ്റവും വലിയ ഉദാഹരണം. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാണ് ഏതു യുദ്ധത്തിലും പാലിക്കുന്ന, ആശുപത്രികളേയും അഭയാര്‍ത്ഥി കേന്ദ്രങ്ങളേയും അക്രമിക്കാതിരിക്കുന്ന നയം പോലും ഇസ്രായേല്‍ കാറ്റില്‍ പറത്തിയത്. അതുപോലെതന്നെയാണ് ഒരു യുദ്ധത്തിലും കാണാത്ത പോലെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നതിന്റെ എണ്ണം ഏറെ കൂടിയതും. സംസ്‌കാരചിത്തരായ ഒരു സമൂഹത്തിനും യോജിച്ചതല്ല ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതി. അതായിരുന്നു 2023ല്‍ ലോകത്തിനു മുന്നിലെ ഏറ്റവും വലിയ കണ്ണീര്‍ എന്നു പറയാം.

അതേസമയം ഇസ്രായേല്‍ – പാലസ്തീന്‍ വിഷയത്തിനിടയില്‍ പോയവര്‍ഷം ഏതാണ്ടെല്ലാവരും മറന്നുപോയ ഒന്നാണ് റഷ്യ, യുക്രെയിനില്‍ തുടരുന്ന അധിനിവേശം ഭാവിയല്‍ ഏതുരാജ്യവും ഏതുരാജ്യത്തും കയറി അധിനിവേശം നടത്തിയാലും ഒന്നും സംഭവിക്കില്ല എന്ന സന്ദേശമാണ് വാസ്തവത്തില്‍ ഇതിലൂടെയെല്ലാം ഉരുത്തിരിയുന്നത്. അതിനാല്‍ തന്നെ വരുംവര്‍ഷങ്ങള്‍ സമാധാനപരമായിരിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. പല ലോകരാഷ്ട്രങ്ങളും സമഗ്രാധിപത്യത്തിലേക്കും തീവ്രമായ വലതുവല്‍ക്കരണത്തിലേക്കും നീങ്ങി കൊണ്ടിരിക്കുന്ന വസ്തുതയും ഇതൊടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്. പല രാഷ്ട്രങ്ങളിലും ആഭ്യന്തരകലഹങ്ങളും രൂക്ഷമാകുയാണ്.

ഇന്ത്യയിലേക്കു വന്നാല്‍ കാര്യങ്ങള്‍ കുറെകൂടി വ്യക്തവും ആശങ്കാകുലവുമാണ്. അതിനുള്ള പ്രധാന കാരണം 2024ല്‍ നടക്കുന്ന ലോകസഭാതെരഞ്ഞെടുപ്പുതന്നെ. അതാകട്ടെ ആര്‍എസ്എസ് രൂപീകരണത്തിന്റെ ശതാബ്ദിയിലും. മൂന്നാം തവണയും അധികാരത്തിലെത്താനുള്ള സംഘപരിവാര്‍ നീക്കത്തിന്റെ ഭാഗമായാണ് പല നിര്‍ഭാഗ്യകരമയാ സംഭവങ്ങള്‍ക്കും പോയ വര്‍ഷം സാക്ഷ്യം വഹിച്ചത്. അതിലേറ്റവും രൂക്ഷമായത് മണിപൂര്‍ തന്നെ. ചരിത്രപരമായ പല കാരണങ്ങളും ഉണ്ടാകാമെങ്കിലും മണിപ്പൂരിലെ വംശഹത്യക്ക് പ്രധാന പ്രേരണ മറ്റൊന്നല്ല. ഒന്നിച്ചുനിന്ന് ഫെഡറലിസത്തിനുവേണ്ടിയും സമഗ്രാധിപത്യത്തിനെതിരേയും പോരാടികൊണ്ടിരുന്ന വിഭാഗങ്ങളാണ് അവിടെ പരസ്പരം പോരടിച്ചത്. സ്ത്രീകളടക്കം അതില്‍ ഭാഗഭാക്കാകുന്നത് ഞെട്ടലോടെ നമ്മള്‍ കണ്ടു. രാജ്യത്ത് പലയിടത്തും മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെയായിരുന്നു കടന്നാക്രമണങ്ങള്‍ നടന്നിരുന്നതെങ്കില്‍ അവിടെയത് കാണ്ടമാനിലെപോലെ കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെയായിരുന്നു. ഈ വിഷയത്തില്‍ പ്രധാനമന്ത്രി പുലര്‍ത്തിയ കുറ്റകരമായ മൗനമായിരിക്കും ഒരുപക്ഷെ പോയ വര്‍ഷത്തെ ഏറ്റവും ഞെട്ടിപ്പിച്ച സംഭവം. പോയ വര്‍ഷം സമ്മാനിച്ച മുറിവുകളുണങ്ങാതെയാണ് മണിപ്പൂര്‍ പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്.

ആര്‍ എസ് എസ് രൂപീകരണത്തിന്റെ 100-ാം വര്‍ഷം ആസന്നമായ വേളയില്‍ വരും വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള തന്ത്രങ്ങള്‍ ബിജെപി ആവിഷ്‌കരിക്കുന്ന വേളയിലാണ് പുതുവര്‍ഷം എത്തുന്നത്. 2023ല്‍ അഞ്ചുസംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും അവയൊന്നും വന്‍നേട്ടങ്ങളല്ല എന്നവര്‍ക്കറിയാം. മുഖ്യശത്രുവായ കോണ്‍ഗ്രസ്സ് എത്രയോ പ്രതിസന്ധികള്‍ക്കിടയിലും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നതും ദക്ഷിണേന്ത്യ പൂര്‍ണ്ണമായും ന,്ടപ്പെടുന്നതും ബിജെപിക്ക് തലവേദന തന്നെയാണ് സൃഷ്ടിക്കുന്നത്. 2023ലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ സംഭവം ഇന്ത്യ സഖ്യം രൂപീകരണം തന്നെയായിരുന്നു.1977ല്‍ ബിജെപിയുടെ മുന്‍ഗാമിയായിരുന്ന ജനസംഘമടക്കം പങ്കാളിയായിരുന്ന ജനതാപാര്‍ട്ടിയുടെ രൂപീകരണം തന്നെയാണ് അവരെ ഭയപ്പെടുത്തുന്നത്. ആരേയും ഞെട്ടിച്ചായിരുന്നല്ലോ അന്ന് ജനതാപാര്‍ട്ടി അധികാരത്തിലെത്തിയത്. അത്തരമൊരു സാധ്യത മുന്‍കൂട്ടി കണ്ടുതന്നെ തങ്ങളുടെ നിലപാടുകള്‍ രൂക്ഷമാക്കാനും അതേസമയം ജനകീയമാക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായുള്ള ചര്‍ച്ചകളും വിവാദങ്ങളുമാണ് 2023 വര്‍ഷാന്ത്യത്തെ സജീവമാക്കിയത്. 2024 തുടക്കത്തിലും വാര്‍ത്തകള്‍ കീഴടക്കാന്‍ പോകുന്നത് അതു തന്നെ.

തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനമാഘോഷിക്കാന്‍ പോകുന്നതെന്നതില്‍ കൊച്ചുകുഞ്ഞുങ്ങള്‍ക്കുപോലും സംശയമുണ്ടാകില്ല. വളരെ തന്ത്രപൂര്‍വ്വം പ്രതിപക്ഷത്തെയാകാതെ ആശയകുഴപ്പത്തിലാക്കാനും അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. രാമന്റെ പേര്ില്‍ വോട്ടുചോദിച്ചായിരിക്കും ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നതെന്നു വ്യക്തം. അതിലൂടെ സംഭവിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അതിവേഗതയിലൂള്ള തിരി്ച്ചുപോക്കായിരിക്കും. മുകളില്‍ പറഞ്ഞപോലെ ജനാധിപത്യത്തില്‍ നിന്നകന്ന് സമഗ്രാധിപത്യത്തിലേക്കും വലതുപക്ഷവല്‍ക്കരണത്തിലേക്കും നീങ്ങുന്ന രാജ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി ഇന്ത്യ മാറിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് നാം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളത്തിലേക്കു വന്നാലും ആശാവഹമല്ല കാര്യങ്ങള്‍. ആഗോള അഖിലേന്ത്യാ തലത്തിലുള്ള സംഭവവികാസങ്ങളുടെ പ്രത്യാഘാതങ്ങള്‍ സ്വാഭാവികമായും ഇവിടേയും ഉണ്ടാകുമല്ലോ. പോയവര്‍ഷത്തില്‍ അതേറെ പ്രകടമായിരുന്നു താനും. അതിലേറ്റവും പ്രധാനം ഇസ്ലാമോഫോബിയയുടെ വളര്‍ച്ചതന്നെ. ഗാസാ സംഭവവികാസങ്ങളും ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളോടും വലിയൊരു വിഭാഗം മലയാളികളും പ്രതികരിക്കുന്നത് അങ്ങനെയാണെന്നതാണ് ഖേദകരം. അതുമായി ബന്ധപ്പെട്ട പല സംഭവവികാസങ്ങള്‍ക്കും പോയവര്‍ഷം കേരളം സാക്ഷ്യം വഹിച്ചു. അതോടൊപ്പം സംഭവിച്ച മറ്റൊന്ന് നമ്മുടെ പൊതുസമൂഹത്തിന്റെ ക്രിമിനല്‍വല്‍ക്കരണമാണ്. രാഷ്ട്രീയരംഗം മാത്രമല്ല, മറ്റെല്ലാ മേഖലകളും ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്ന സാഹചര്യത്തിനാണ് പോയ വര്‍ഷം സാക്ഷ്യം വഹിച്ചത്. രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണത്തിന് ഏറ്റവും കാരണമായത് വര്‍ഷാന്ത്യത്തില്‍ നടന്ന നവകേരള സദസുതന്നെ. ലോകത്തൊരു ഭരണാധികാരിയും പറയരുതാത്ത വാചകങ്ങളാണ് സദസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പറഞ്ഞത്. ഗുണ്ടായിസത്തെ ജീവന്‍ രക്ഷാപ്രവര്‍ത്തനമെന്നു പേരിട്ട് ശ്ലാഘിക്കുന്ന മുഖ്യമന്ത്രിയെയാണ് കേരളം കണ്ടത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ അക്രമികള്‍ക്ക് പ്രചോദനമായി. കരിങ്കൊടിപ്രകടനം നടത്തിയവവരെപോലും മര്‍ദ്ദിക്കുക വഴി ജനാധിപത്യത്തെ തന്നെയാണ് കൊലക്കു കൊടുത്തത്, ഇതായിരിക്കും പോയവര്‍ഷം കേരളം കണ്ട ഏറ്റവും നിരാശാജനകമായ സംഭവം.

രാഷ്ട്രീയരംഗത്തു മാത്രമല്ല കേരളീയ ജീവിതം ഒന്നാകെ ക്രിമിനല്‍വല്‍ക്കരിക്കപ്പെടുന്ന കാഴ്ചക്കാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ആത്മഹത്യകളുടേയും കൊലപാതകങ്ങളുടേയും സ്ത്രീപീഡനങ്ങളുടേയും കുട്ടികള്‍ക്കെതിരായ കടന്നാക്രമങ്ങളുടേയും വാര്‍ത്തകളില്ലാത്ത ദിവസങ്ങള്‍ പോയ വര്‍ഷം കാണില്ല. സാമ്പത്തിക ബാധ്യതകള്‍ മൂലമുണ്ടായ കൂട്ട ആത്മഹത്യകള്‍ നിരവധിയാണ്. കൊച്ചുകുട്ടികളെ പോലും അതിഭീകരമായി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ക്കും സംസ്ഥാനം സാക്ഷ്യം വഹിച്ചു. ഭരണത്തലവന്മാരായ മുഖ്യമന്ത്രിയും ഗവര്‍ണറുമായുള്ള സൗന്ദര്യമത്സരവും അതുമായി ബന്ധപ്പെട്ട തെരുവുയുദ്ധങ്ങളും വേറെ. ഒപ്പം ചരിത്രത്തിലൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര സാമ്പത്തിക പ്രതിസന്ധിക്കാണ് പോയ വര്‍ഷം കേരളം സാക്ഷ്യം വഹിച്ചത്. വരുംവര്‍ഷവും ഇക്കാര്യങ്ങളിലൊന്നും വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നു വിശ്വസിക്കാനാവില്ല.

ചുരുക്കത്തില്‍ ആശ്വാസകരമായ ഒരു വര്‍ഷമല്ല കടന്നുപോയത്. പ്രതീക്ഷ നല്‍കുന്ന ഒരു വര്‍ഷമാണ് വരാന്‍ പോകുന്നത് എന്നു പ്രതീക്ഷിക്കാനും വയ്യ. വംശഹത്യകളിലേക്കും അഭയാര്‍ത്ഥി പ്രവാഹങ്ങളിലേക്കും തന്നെയാണ് ലോകം നീങ്ങുന്നത്. വിശാലമായ അര്‍ത്ഥത്തില്‍ സമഗ്രാധിപത്യത്തിലേക്കും വലതുപക്ഷവല്‍ക്കരണത്തിലേക്കും ക്രിമിനല്‍വല്‍ക്കണത്തിലേക്കുമാണ് ലോകത്തിന്റെ മിക്ക ഭാഗങ്ങളും നീങ്ങുന്നത്. ഇന്ത്യയും കേരളവും നീങ്ങുന്നതും ആ ദിശയില്‍ തന്നെയാണെന്നു പറയാതിരിക്കാനാവില്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply