സംഘപരിവാറിന്റെ സ്ത്രീവിരുദ്ധതയും മഹിളാമാര്‍ച്ചും
ഉന്നാവോയിലും കത്വയിലും അതിക്രൂരമായി പെണ്‍കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്ത് മരണത്തിലേക്ക് തള്ളിവിട്ട പ്രതികള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് കൂടിയാണ് ബിജെപി – യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ: സോയ ജോസഫ് എഴുതുന്നു
2024 ജനുവരി മൂന്നാം തീയതി തൃശൂര്‍ നഗരത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഒരു മഹിളാ മാര്‍ച്ച് സംഘടിപ്പിക്കുകയാണല്ലോ. അടിസ്ഥാന തത്വശാസ്ത്രം മുതല്‍ അടിമുടി സ്ത്രീവിരുദ്ധമായ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേരളത്തിലെ രാഷ്ട്രീയ തന്ത്രമായി മഹാറാലി എന്ന ഈ റോഡ് ഷോയെ ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയതലത്തില്‍ മനുസ്മൃതിയാണ് ഭരണഘടനയ്ക്ക് പകരം വെക്കേണ്ടത് എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചവര്‍, ആണധികാര ഹിന്ദുത്വവാദം രാഷ്ട്രീയ പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്നവര്‍ ഇന്ന് തിരഞ്ഞെടുപ്പ് രസതന്ത്രത്തിലേക്ക് ഏത് ജനാധിപത്യവിശ്വാസിക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന സ്ത്രീമുന്നേറ്റം എന്ന ഒരു തുറുപ്പു ചീട്ട് ഇറക്കുകയാണ്.
ഉന്നാവോയിലും കത്വയിലും അതിക്രൂരമായി പെണ്‍കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്ത് മരണത്തിലേക്ക് തള്ളിവിട്ട പ്രതികള്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് കൂടിയാണ് ബിജെപി. നീതിക്കായി ഗുസ്തി താരങ്ങള്‍ നടത്തിയ പോരാട്ടത്തോട് എടുത്ത നിലപാടും കണ്ടു. അവര്‍ രാഷ്ട്ര നിര്‍മ്മാണത്തിന്റെ ഭാഗമായി ബേട്ടി പഠാവോ ബേട്ടി ബച്ചാവോ എന്ന പദ്ധതിയുമായി വരുന്നു എന്നാല്‍ അതിനു വേണ്ടിയുള്ള പ്രവര്‍ത്തന തുകയുടെ 50 ശതമാനവും പരസ്യത്തിനു വേണ്ടി ഉപയോഗിക്കുന്നു. 24 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയും ബാക്കി തുക പാഴായി പോവുകയും ചെയ്യുന്നു.
ശബരിമല വിഷയത്തിലും മുത്തലാഖ് വിഷയത്തിലും ഇവരുടെ ഇരട്ടത്താപ്പ് നാം നേരിട്ട് അറിഞ്ഞതാണ്. സുപ്രീംകോടതി നിയമം മൂലം നിരോധിച്ച മുത്തലാക്ക് വീണ്ടും പാര്‍ലമെന്റില്‍ വലിച്ചിഴച്ച് ഒരു സമുദായത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടു. ബിജെപി മുന്നോട്ടുവെച്ച ഏറ്റവും വലിയ സ്ത്രീപക്ഷ പദ്ധതിയായി അവര്‍ തന്നെ പറയുന്നത് 2016 ല്‍ ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല സ്‌കീം ആണ് . സൗജന്യമായി പാചകവാതകം ബിപിഎല്‍ കുടുംബങ്ങളിലേക്ക് നല്‍കുക എന്നതായിരുന്നു പദ്ധതി ലക്ഷ്യം. എന്നാല്‍ രണ്ടാമതൊരു സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ ആയിരം രൂപയില്‍ അധികം നല്‍കേണ്ടി വരുന്ന സ്ഥിതിവിശേഷത്തില്‍ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ ദരിദ്രരായ സ്ത്രീകള്‍ 90% വും ഉജ്ജ്വലാസ്‌കീമില്‍ നിന്ന് പിന്‍വാങ്ങി വിറകിലേക്കും പുകയെടുപ്പിലേക്കും ചാണക വര്‍ളിയിലേക്കും തിരിഞ്ഞതായി കണക്കുകള്‍ പറയുന്നു. പാചകവാതകത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും വിലവര്‍ധന ഏറ്റവും അധികം ബാധിച്ചത് ഇന്ത്യയിലെ സാധാരണ സ്ത്രീകളെ തന്നെയാണ്.
ബിജെപിയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള കലാപങ്ങളുടെയും മനുഷ്യകുരിതികളുടെയും ആള്‍ക്കൂട്ട അക്രമണങ്ങളുടെയും ന്യൂനപക്ഷ വിരുദ്ധതയുടെയും ഒക്കെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകള്‍ തന്നെയാണ്. ഹിന്ദുസ്ത്രീകളോട് നിങ്ങള്‍ കുറഞ്ഞത് ഏഴു കുഞ്ഞുങ്ങളെ എങ്കിലും പ്രസവിക്കണം എങ്കില്‍ മാത്രമേ മോദി ഭരണം സുസ്ഥിരമായി നിലനിര്‍ത്താന്‍ ആകൂ എന്ന് ആവശ്യപ്പെടുന്ന സംഘപരിവാര്‍ നേതാക്കള്‍ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രധാനമന്ത്രി മാതൃ വന്ദന യോജന ആദ്യത്തെ പ്രസവത്തിന് മാത്രമാണ് അനുകൂല്യങ്ങള്‍ നല്‍കുന്നത്. 26% സ്ത്രീകളും ഈ പദ്ധതിക്ക് പുറത്താണ് . സ്ത്രീകളെ വെറും പ്രത്യുല്‍പാദന യന്ത്രമാക്കി മാറ്റാനാണ് സംഘപരിവാര്‍ പ്രത്യയശാസ്ത്രം എക്കാലവും ആഗ്രഹിച്ചിട്ടുള്ളത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
സ്ത്രീകളുടെ ആരോഗ്യം വിദ്യാഭ്യാസം സാമ്പത്തിക സ്രോതത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് ജെന്‍ഡര്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ് തയ്യാറാക്കുന്നത്. 156 രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയുടെ സ്ഥാനം 140 ആണ് .
വനിത സംവരണ നിയമം കൊണ്ടുവരുമ്പോഴും അത് നടപ്പിലാക്കാനുള്ള ആര്‍ജ്ജവം ബിജെപി കാണിക്കുന്നില്ല സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണങ്ങളില്‍ സര്‍വകാല റെക്കോര്‍ഡിലാണ് കണക്കുകള്‍ എന്നാലോ കുറ്റവാളികളെ ശിക്ഷിക്കുന്ന കാര്യത്തില്‍ ഏറ്റവും പിറകിലും . ആരോഗ്യ പരിരക്ഷയുടെ കാര്യത്തിലും വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും നൂതന സാങ്കേതിക വിദ്യകള്‍ അറിയുന്ന കാര്യത്തിലും ഒക്കെ ഇന്ത്യന്‍ സ്ത്രീ ഒരുപാട് പിറകിലാണ്.
ആരെ ഉദ്ധരിക്കാനാണ് ഈ റോഡ് ഷോ ? ഈ മഹിള മാര്‍ച്ച് ? അധസ്ഥിതരായ സ്ത്രീകളെ വീണ്ടും വീണ്ടും അരികുവല്‍ക്കരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ബിജെപി ഭരണകൂടം ആരുടെ കണ്ണില്‍ പൊടിയിടാനാണ് ഇത്തരമൊരു കെട്ടുകാഴ്ച ഒരുക്കുന്നത്. അങ്ങേയറ്റം സ്ത്രീവിരുദ്ധരായ ദളിത് വിരുദ്ധരായ ന്യൂനപക്ഷ വിരുദ്ധരായ സംഘപരിവാറുകാര്‍ എല്ലാകാലത്തും ഞങ്ങള്‍ ഇതൊന്നുമല്ല എന്ന് തെളിയിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കും. അതില്‍ വീഴാനുള്ളവരല്ല ജനാധിപത്യമതേതര ഇന്ത്യയില്‍ ജീവിക്കുന്ന മനുഷ്യര്‍.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in