
കെജിഎസിന്റെ കൂര്‍മം – ‘സത്യാന്തര’ കാലത്തെ കവിത
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ലോകമെങ്ങുമുള്ള അനീതിയ്‌ക്കെതിരെ, ഏറ്റവുമധികം പ്രതിഷേധിക്കുന്ന ജനത, ഒരുപക്ഷേ, മലയാളികളാവും. ഗാസയിലെ, യുക്രൈനിലെ, മണിപ്പൂരിലെ, കൂട്ടക്കുരുതികള്‍ക്കെതിരെ, കോര്‍പ്പറേറ്റ് ലോകക്രമത്തിനെതിരേ, ഫാസിസത്തിനെതിരേ, വര്‍ഗ്ഗീയതയ്‌ക്കെതിരേ, വംശഹത്യക്കെതിരേ…. എന്നാല്‍ സ്വന്തം നാട്ടില്‍ വിഷം ചീറ്റുന്ന ഭീകരതയെ ചോദ്യം ചെയ്യാന്‍ മലയാളിക്ക് പേടിയാണ്.
ടി.പി.ചന്ദ്രശേഖരന്‍ എന്ന വിമത കമ്യൂണിസ്റ്റുകാരന്റെ ചോരയില്‍ തിടം വച്ച സി.പി.എം. ഭീകരത കൊലയും അക്രമവും മുഖ്യ രാഷ്ട്രീയ പ്രവര്‍ത്തനമാക്കി മാറ്റി. പ്രതിഷേധങ്ങള്‍ അടിച്ചൊതുക്കി. വിയോജിക്കുന്നവര്‍ വേട്ടയാടപ്പെട്ടു. കൊലയും പീഡനമുറകളും പരിഷ്‌ക്കരിക്കപ്പെട്ടു. വാക്കിനെ കഠാരയാക്കാനും, ഭാഷയെ പാഷാണമാക്കാനും കൊലപാതകത്തെ ആത്മഹത്യയെന്ന് മൊഴിമാറ്റാനും കഴിയും വിധം ഹനനവിദ്യകള്‍ വികസിക്കപ്പെട്ടു. പോലീസ് സ്റ്റേഷനുകളും തൊഴിലിടങ്ങളും, തെരുവുകളും കലാശാലകളും ഇടിമുറികളായി, കൊലയറകളായി. സിദ്ധാര്‍ത്ഥന്റെയും നവീന്‍ ബാബുവിന്റെയും ആത്മഹത്യയെന്നു തീര്‍പ്പാക്കിയ കൊലപാതകങ്ങള്‍ ചെറുദൃഷ്ടാന്തങ്ങള്‍ മാത്രം. കൂട്ടവിചാരണക്കൊലകള്‍. കൊലവെറിക്കൂത്തുകള്‍, കൊലയെക്കാള്‍ ക്രുരമായ കൊല്ലാക്കൊലകള്‍, തേജോവധങ്ങള്‍. ഈ ദൈനംദിനരാഷ്ട്രീയഭീകരതയെ നേരിടുവാന്‍ എഴുത്തുകാരും ബുദ്ധിജീവികളും പേടിക്കുന്നു. ഭരണകൂട ഭീകരതയെ സാധൂകരിക്കുകയും ഉദാത്തവല്‍ക്കരിക്കുകയും ചെയ്യുന്ന ദൗത്യം സ്വയം ഏറ്റെടുക്കാന്‍ സാംസ്‌ക്കാരികനായകന്മാര്‍ സജ്ജരാവുന്നത് ഇത്തരമൊരു പശ്ചാത്തലത്തിലാണ്.
രാഷ്ട്രീയപരവും സാംസ്‌ക്കാരികവുമായ ഈ ഭയാന്തരീക്ഷത്തെ ഭേദിച്ചുകൊണ്ടാണ് കെ.ജി.എസ്സിന്റെ”കൂര്‍മ്മം”(മാതൃഭൂമി വാരിക, നവംബര്‍ 24, 2024) എന്ന കവിത വരുന്നത്. സമകാലഭീകരതയെ തുറന്നു കാട്ടുന്ന കവിതയെന്ന നിലയില്‍ അത് പത്രമാധ്യമങ്ങളാലും വായനക്കാരാലും ശ്ലാഘിക്കപ്പെട്ടു. എന്നാല്‍ വെറും ഭരണകൂടവിമര്‍ശനമെന്നതിനപ്പുറം, ഭീകരതയ്ക്ക് പിന്നിലെ രാഷ്ട്രീയ ദൈവശാസ്ത്രത്തെ, ഗൂഢാഭിചാരങ്ങളെ, മറനീക്കിക്കാട്ടുന്നു ഈ കവിത.
വിപ്ലവസ്വപ്നങ്ങള്‍സജീവമായിരുന്നകാലത്ത് ”വിശക്കുന്ന മനുഷ്യാ പുസ്തകമെടുക്കൂ” എന്നായിരുന്നു മന്ത്രം. ലോകമെങ്ങും വിമോചനപ്പോരാളികളെ ആവേശഭരിതരാക്കിയ ഈ ആഹ്വാനം ഇന്ന് പ്രതിവിപ്ലവത്തിന്റെ താരാട്ട് മാത്രം. പുസ്തകം വിശക്കുന്നവന്, പീഡിതന്, പിന്തള്ളപ്പെട്ടവന്, വെടിമരുന്നല്ല, ഉറക്കുമരുന്ന്. അത് നമ്മെ കൊണ്ടുപോകുന്നത് വിമോചനത്തിലേക്കല്ല പിന്‍വലിയലിലേക്ക്, അധികാരത്തിനു വഴിപ്പെടലിലേക്ക്, ആത്മവിസ്മൃതിയിലേക്ക്.
”വിശക്കുന്ന മനുഷ്യാ, പുസ്തകമെടുക്കൂ
സുഖമായുറങ്ങാം’.
ഇത് പ്രതിവിപ്ലവ താരാട്ട്,
ഇതിലെനിക്കുറങ്ങേണ്ട”
ബര്‍തോള്‍ട്ട് ബ്രെഹ്ത്തിന്റെ വിമോചനാഹ്വാനം ഇവിടെ പാരഡീകരിക്കപ്പെടുകയാണ്. വിശക്കുന്നവന് ഉണരാന്‍ ഇന്ന് പുസ്തകം പോരാ എന്നാണ് ഈ കവിതയുടെ ബോധോദയം. ജ്ഞാനോദയത്തിന്റെയും വിപ്ലവങ്ങളുടെയും ഫാസിസ പ്രതിരോധത്തിന്റെയും കാലങ്ങളില്‍ വിമോചനത്തിന്റെ ഇന്ധനമായിരുന്നു ഗ്രന്ഥമെങ്കില്‍ ഇന്നത് ദാസ്യത്തിന്റെ, പ്രശമനത്തിന്റെ, പ്രതിലോമതയുടെ ഉത്തേജകമായിരിക്കുന്നു.
ഗ്രന്ഥവും ഗ്രന്ഥജ്ഞാനവും അപനിര്‍മ്മാണത്തിനു വിധേയമാവുന്നുണ്ടിവിടെ. വിമോചനത്തിന്റെ ആയുധമാവാനും അതേ സമയം തന്നെ വിധേയത്വത്തിന്റെയും മതാന്ധതയുടെയും മാദ്ധ്യമമാവാനും ഗ്രന്ഥത്തിനു കഴിയും എന്ന് ചരിത്രം നമുക്ക് വെളിവ് തരുന്നുണ്ട്. അധികാരത്തിന്റെ ആജ്ഞയും വ്യാകരണവും ആയി, ചോദ്യങ്ങളെ വിഴുങ്ങുന്ന ഉത്തരങ്ങളായി, തീര്‍ച്ചകളായി, ഗ്രന്ഥങ്ങള്‍ പണ്ടുമുതലേ നമ്മുടെ കണ്ണുകെട്ടുന്നുണ്ട്. ബൈബിള്‍, ഖുറാന്‍, ഗീത, ഭരണഘടന, എല്ലാ മഹാഗ്രന്ഥങ്ങളും മോചനം വാഗ്ദാനം ചെയ്യുന്നു. അതേ സമയം അവ നമ്മില്‍ നിന്ന് വിധേയത്വവും ആവശ്യപ്പെട്ടു. മാര്‍ക്‌സിന്റെയും ലെനിന്റെയും സ്റ്റാലിന്റെയും മാവോയുടെയും ഗ്രന്ഥങ്ങള്‍ വിപ്ലവത്തിന്റെ വേദമായി, മതമായി, കാലക്രമേണ പ്രതിവിപ്ലവത്തിന്റെ ഭീകരപ്രസ്ഥാനമായി മാറുന്നതിന് ചരിത്രം സാക്ഷി. ഏതു ഗ്രന്ഥത്തിനുമുള്ളില്‍ ഒരു വേദാധികാരഘടന മറഞ്ഞു കിടപ്പുണ്ട്. വിമര്‍ശജാഗ്രമായ വായനയുടെ അഭാവത്തില്‍ പുസ്തകം”മറ”യായി മാറുന്നു എന്ന്വ്യംഗ്യം, ധ്വനി.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇനി നാം പുസ്തകത്തെ വിമോചനായുധമാക്കി മാറ്റുവാന്‍ തിരുമാനിക്കുന്നു എന്നു വിചാരിക്കുക. അതിനെ തടയാനുള്ള സംവിധാനങ്ങള്‍ വ്യവസ്ഥിതി തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അധികാരത്തിന്റെ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും നമ്മെ വഴിപ്പെടുത്തുന്ന ചില ആഭിചാര പ്രയോഗങ്ങളുണ്ട് സമകാല ചരിത്രത്തില്‍. അവ നമ്മുടെ ഉള്ളില്‍ അശരീരികളായി പ്രവേശിച്ച് നമ്മുടെ കണ്ണും കാതും കെട്ടുന്നു.വിരട്ടുന്നു. പ്രതിരോധത്തെ നമ്മില്‍ത്തന്നെ ഞെക്കിക്കൊല്ലിക്കുന്ന, ഭീകരതയുടെ പങ്കാളിയാക്കി നമ്മെത്തന്നെ മാറ്റുന്ന, ഇത്തരം ദുര്‍മന്ത്രവാദങ്ങളിലൂടെയാണ് അധികാരവ്യവസ്ഥ നമ്മെ ബന്ധിയാക്കുന്നത്. പുസ്തകശക്തിയെ നിര്‍വ്വീര്യമാക്കുന്ന സൂക്ഷ്മ ഹിംസാപ്രയോഗമാണ് ഈ നവാഭിചാരം.
”കൊലത്തെളിവും കൊള്ളമുതലുമായ്
കണ്മുന്നിലൂടെ മാന്ത്രികക്കുതിര പായും; നീ
കണ്ടില്ലെന്ന് നടിക്കണം.
ഞെട്ടിക്കും കുളമ്പടി,
കേട്ടില്ലെന്ന് ഭാവിക്കണം.
നീതിക്കുര കുരയ്ക്കരുത്”.
‘പുസ്തകം വായിച്ചുറങ്ങൂ’. അതല്ലെങ്കില്‍ ‘കണ്ണുംകാതുമടക്കൂ’: ആഭിചാരകന്‍ നിങ്ങളോട് മന്ത്രിക്കുന്നു. ‘അറുംകൊലയുടെ തെളിവും കൊള്ളമുതലുമായി അധികാരത്തിന്റെ മാന്ത്രികക്കുതിര നിന്റെ രാത്രികളെ ഞെട്ടിച്ചുകൊണ്ട് പായും. കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കണം. ”നീതിക്കുര കുരയ്ക്കരുത്”.
വിപ്ലവബോധ്യങ്ങളും സത്യനിഷ്ഠകളും വെടിയുക. അയാള്‍ ഉപദേശിക്കുന്നു. ‘സഹനമലകള്‍’ താണ്ടി നീ നേടിയെടുത്ത പ്രാണനും പദവിയും പണയം വയ്ക്കരുത്. നേരിനുനേരേ കണ്ണും കാതുമടച്ചാല്‍ വിജയത്തിന്റെ കൊടുമുടികള്‍ പൂകാം. അല്ലെങ്കിലോ..”:എഴുത്തുകാരന്, പൗരന്, ബുദ്ധിജീവിക്ക്, മുന്നില്‍ അധികാരി വയ്ക്കുന്ന രഹസ്യഡീലാണിത്. അതില്‍ ഒരു ഓഫര്‍ ഉണ്ട്. ഒരു താക്കീതും. അയാള്‍ നിങ്ങളുടെ പുറത്തല്ല അകത്താണ്. ജീവനില്‍ കൊതിയും പദവിയില്‍ മോഹവും ഉള്ളവര്‍ക്ക് ഈ ഡീലില്‍ ഒപ്പുവയ്ക്കാതെ വയ്യ. അങ്ങനെയാണ് സാംസ്‌ക്കാരികനായകരും, നാമോരോരുത്തരും ആമകളായി മാറുന്നത്.
കണ്ണും കാതും പൂട്ടി, കയ്യും തലയും സ്വരവും വെളിവും വീര്യവും ഒളിച്ചു വച്ച്, പുസ്തകച്ചട്ട പുറംതോടാക്കി, ജ്ഞാനഭാരം ചുമന്ന്, നേതൃനാമം ജപിച്ച്, നമ്മുടെ തെരുവുകളിലൂടെ, തൊഴിലിടങ്ങളിലൂടെ, ഞൊണ്ടിയും ഇഴഞ്ഞും നീങ്ങുന്ന ഈ ആമകള്‍ ഏതാണ്? സമകാലമലയാളിയുടെ സൂക്ഷ്മചരിത്രകായമാണത്. ഒരു മാന്ത്രികക്കണ്ണാടിയിലെന്നപോലെ നമ്മുടെ കര്‍തൃസ്വരൂപം ഇവിടെ തെളിഞ്ഞുവരുന്നു. ഭരണകൂട ഭീകരത സാധ്യവും സ്വീകാര്യവുമാവുന്നത് ആഭിചാരപരമായ ഈ രൂപാന്തരീകരണപ്രക്രിയയ്ക്ക് ജനങ്ങളെ വശംവദരാക്കുന്നതിലൂടെയാണ്. പ്രത്യയശാസ്ത്രവും ദൈവശാസ്ത്രവും ജ്ഞാനശാസ്ത്രവും ഏകോപിതമായി നടപ്പാക്കുന്ന ആത്മത്തിന്റെ സാങ്കേതികവിദ്യയിലൂടെ (technology of self).
ദൈവശാസ്ത്രിയും പ്രത്യയശാസ്ത്രിയും ജ്യോതിഷിയുമായ പാര്‍ട്ടി-താന്ത്രികന്‍, മതേതര പുരോഹിതന്‍, പുതിയ ഒരുതരം അവതാരകഥ മെനയുന്നു. ജനങ്ങളെ അയാള്‍ ഉദ്‌ബോധിപ്പിക്കുന്നു: ‘കൂര്‍മ്മോപാസന ചെയ്ത് കൂര്‍മ്മമനുഷ്യരാവൂ. ഇത് വിപ്ലവത്തിന്റെ, മാനവികതയുടെ, ഗ്രഹണകാലം. മാഫിയാപഹാരകാലം. സ്വാര്‍ത്ഥച്ചളിയിലാണ്ട മോക്ഷാമൃതം വീണ്ടെടുക്കാന്‍ കൂര്‍മ്മമാതൃക അത്യുത്തമം. ഭയമാണ് അതിന്റെ സ്രഷ്ടാവ്. കര്‍മ്മനിരോധനമാണ് കൂര്‍മ്മമാവലിന്റെ മാര്‍ഗ്ഗം. കയ്യും കാലും പഞ്ചേന്ദ്രിയങ്ങളും ഉള്‍വലിഞ്ഞ് നിഷ്‌ക്രിയ സ്വത്വമായി മാറല്‍. സ്റ്റാലിന്റെ നവാവതാരമായ പാര്‍ട്ടിത്തമ്പ്രാന്‍, നമ്മുടെ ക്യാപ്റ്റന്‍, നിര്‍ദ്ദേശിക്കുന്ന കേഡര്‍ മാതൃകയാണത്.: ‘ഈ ദോഷകാലത്ത്’ നേതൃനാമം ജപജപ ശരണം’. ‘അധികാരത്തോടുള്ള വിയോജിപ്പ് വിഴുങ്ങുക. വിമര്‍ശനവീറ്, ഇനി വേണ്ട.മനസ്സിന്റെ പേജുകള്‍ക്കിടയില്‍ ഒളിച്ച് പൂജിച്ചു കൊള്ളൂ അവനവന്റെ ലാഭമയില്‍പ്പീലി. ആത്മനിരോധനത്തിന്റെ കഠിനതപശ്ചര്യകളിലൂടെ, വാതിലെല്ലാം തുറന്നിടുകയും അതേസമയം ഉള്ള് അടച്ചു വയ്ക്കുകയും ചെയ്യുന്ന, അഭിനവയോഗവിദ്യ വശത്താക്കൂ!. ചരിത്രവല്‍ക്കരിക്കുക എന്നാല്‍ കൂര്‍മ്മവല്‍ക്കരിക്കുക എന്നര്‍ത്ഥം’.
”കതകെല്ലാം തുറന്നാലും
അടഞ്ഞതായിരിക്കണം വീട്.
ഭേദിക്കാനാവാത്തൊരു ഗൂഢകഠിന-
പേടകമാവണം മനം”.
കതകെല്ലാം തുറന്നുവെച്ച് ഉള്ളടച്ചു പൂട്ടിയ വീടുകള്‍ നമ്മള്‍. ഇഴയുന്ന തുറുങ്കുകള്‍, പാറകള്‍, കോട്ടകള്‍. ആര്‍ക്കും ഭേദിക്കാനാവാത്ത ”ഗൂഢകഠിനപേടക”ങ്ങള്‍ നമ്മുടെ മനസ്സുകള്‍. അടിമുടി വ്യാജന്മാര്‍, പേടിക്കോലങ്ങള്‍, പൊളിവചനന്മാര്‍, പൊയ്ജന്മങ്ങള്‍ നമ്മള്‍. ഉറക്കമുണര്‍ന്നപ്പോള്‍ കീടമായി മാറുകയായിരുന്നു കാഫ്കയുടെ ഗ്രിഗര്‍സാംസയുടെ ദുരന്തരൂപാന്തരനിയോഗം. ഇന്ന് മനുഷ്യത്വത്തില്‍ നിന്നുള്ള നമ്മുടെ പതനം ഒരു കൂര്‍മ്മമായി രൂപം മാറലാണ്.
സത്യാനന്തരകാലം എന്ന പാശ്ചാത്യ പരികല്പന, കാലനിര്‍ണ്ണയം, ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ‘സത്യാന്തര’കാലം എന്ന് വേണം നമ്മുടെ വര്‍ത്തമാനകാലത്തെ, കവി പറയുന്ന കൂര്‍മ്മകാലത്തെ വിളിക്കാന്‍. കാരണമെന്തെന്നാല്‍ സത്യം ഒരു കാലത്തിലും തറഞ്ഞു നില്‍ക്കുന്ന ഒന്നല്ല. അത് ചരിത്രത്തിന്റെ ഇന്നലെയല്ല. അതെന്നും ‘നാളെ’യാണ്. ഇന്നലെയെ കാലാനുക്രമമായി പിന്തുടരുന്ന രേഖീയമായ ‘നാളെ’യല്ലെന്നു മാത്രം. അരേഖീയവും ഭവാനുഭവപരവുമായ (ontological)) ‘ഭാവി’യാണത്.
സത്യാന്തരണമാണ് നമ്മുടെ കാലത്തിന്റെ സ്വഭാവം. അര്‍ഥാന്തരണത്തിലൂടെയാണ് ഈ സത്യാന്തരണം സംഭവിക്കുന്നത് എന്നത്രേ കവിതയുടെ കണ്ടെത്തല്‍. നേരത്തിന്റെ മാറ്റം ഇവിടെ നാമത്തിന്റെയും അര്‍ത്ഥത്തിന്റെയും അതുവഴി നേരിന്റെയും മാറാട്ടം. നാമവും അര്‍ഥവും നേരും തിരിമറിയുന്ന നേരം, ഈ കൂര്‍മ്മകാലം. വിപ്ലവവും പ്രതിവിപ്ലവവും, നീതിയും അനീതിയും, കൊലപാതകവും ആത്മഹത്യയും, ജീവഹത്യയും ജീവരക്ഷയും, നേരും നുണയും തമ്മിലുള്ള സൂക്ഷ്മമായ വേര്‍തിരിവുകളെല്ലാം കലക്കിക്കളയുന്ന ഭാഷാന്തരണപ്രക്രിയ കൂടിയാണ് ഈ കൂര്‍മ്മവല്‍ക്കരണക്രിയ. നാമാര്‍ത്ഥവിവേചനങ്ങളെ തകിടം മറിച്ചുകൊണ്ട് ഭാഷാവ്യവസ്ഥയെ, അങ്ങനെ, സത്യാവിഷ്‌ക്കാരത്തെ, ഹനനം ചെയ്യുന്ന പ്രക്രിയ. ഭീകരത ഇന്ന് സാധ്യവും സാധൂകൃതവുമാകുന്നത് ഈ അര്‍ത്ഥഹത്യയിലൂടെയാണ്. അര്‍ത്ഥഹത്യ സത്യഹത്യയാണ്. വിപ്ലവം പ്രതിവിപ്ലവവും പ്രതിവിപ്ലവം വിപ്ലവവുമായി കീഴ്‌മേല്‍മറിയുന്ന പ്രക്രിയ.’ നേരും ധീരതയുമല്ല വാഴ്ത്തും മൗനവും’ ആണ് ഇന്ന് വിപ്ലവകാരിക്കു വേണ്ട യോഗ്യത.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൊന്ന് കെട്ടിത്തൂക്കല്‍ ആത്മഹത്യയെന്നും തല്ലി തലതകര്‍ക്കല്‍ ജീവരക്ഷയെന്നും ‘ഇടതു’ കേരളം പരിഭാഷ ചെയ്യുന്നതങ്ങനെയാണ്. പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥന്റെയും കണ്ണൂര്‍ ഏ.ഡി.എം.ആയിരുന്ന നവീന്‍ബാബുവിന്റെയും കൊല ആത്മഹത്യയെന്ന് കല്പിക്കപ്പെട്ടു. നവകേരളയാത്രയ്ക്കിടയില്‍ പാര്‍ട്ടിക്കാരും പോലീസ്സും അംഗരക്ഷകരും കരിങ്കൊടി കാട്ടിയ യുവാക്കളെ തല്ലിച്ചതച്ച രക്ഷാപ്രവര്‍ത്തനമെന്ന് വാഴ്ത്തപ്പെട്ടു.
ഈ അര്‍ത്ഥച്യുതിയെ, സത്യച്യുതിയെ, സമീപിക്കാന്‍’ സത്യാനന്തരം’ എന്ന ആധുനികാനന്തര സങ്കല്പനം അപര്യാപ്തം എന്ന് നാം കണ്ടു. സത്യാന്തരണമാണ് ഇന്ന് സംഭവിക്കുന്നത്. അത് അര്‍ഥത്തിന്റെ ഹത്യയാവുന്നു. ഈ അര്‍ത്ഥഹത്യ , ഭാഷാവ്യവസ്ഥയെ മാത്രമല്ല നൈതികമായ എല്ലാ ഉടമ്പടികളേയും ധര്‍മ്മനിര്‍ണ്ണയങ്ങളേയും ഹനനം ചെയ്യുന്നു. അത് സത്യത്തെയും നീതിയേയും കൊല്ലുന്നു. നേരുമാറ്റം പേരുമാറ്റമായും അര്‍ത്ഥമാറ്റമായും അങ്ങനെ നേരുമാറ്റമായും മാറിമറിയുമ്പോള്‍ അത് കേവലം ഭാഷയുടെയോ ആവിഷ്‌ക്കാരത്തിന്റെയോ പ്രശ്‌നമല്ല. പ്രതിരോധങ്ങളെല്ലാം റദ്ദാക്കപ്പെടുന്ന, സര്‍വ്വഭീകരതയും അനുവദനീയമാകുന്ന, നൈതികവും രാഷ്ട്രീയപരവുമായ ഒരു മഹാപ്രതിസന്ധിയിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്. ‘സത്യാന്തക’വും ലോകാന്തകവുമായ ഒരു രാശിമാറ്റത്തെയാണ് അത് കുറിക്കുന്നത്.
പുസ്തകകേന്ദ്രിതവും മനുഷ്യകേന്ദ്രിതവുമായ മുന്‍വിധികളെല്ലാം ഈ കവിതയില്‍ പരിഹസിക്കപ്പെടുന്നുണ്ട്. സര്‍വ്വജീവികളേയും പുല്‍കുന്ന നൈതികമായ ഒരു പ്രതിരോധദര്‍ശനം ഇവിടെ ഉയര്‍ന്നുവരുന്നുണ്ട്. അതിമാനവമെന്നോ അമാനവമെന്നോ പറയാവുന്ന ഒരു വിമോചന പരിപ്രേക്ഷ്യം. ”മടിയനായ മനുഷ്യാ!” ഉറുമ്പില്‍നിന്നും പറവയില്‍നിന്നും അലിവിന്റെ, നേരിടലിന്റെ, പാഠങ്ങള്‍ പഠിക്കൂ’എന്ന അശരീരി മുഴങ്ങുന്നുണ്ട്. അമ്പെയ്യുന്ന വേടനെ കടിച്ച് ഇണക്കിളിയെ രക്ഷിച്ച ബുദ്ധകഥകളിലെ ഉറുമ്പും മറ്റൊരു വേടനില്‍നിന്ന് ഇണയെ രക്ഷിക്കാന്‍ ഉയിരുകൊടുത്ത ജടായുവും ഒക്കെ വീരകഥാപത്രങ്ങളായി വരുന്നു. നൈതികമായ നേരിടലിന്റെ ഒരു എതിര്‍പുരാണം, എതിര്‍ചരിത്രം, കവിത നെയ്യുന്നു. ”മാനിഷാദ” എന്ന ആദികവിയുടെ ധര്‍മ്മരോദനത്തെ അമാനവികവും ബൗദ്ധവുമായ ഒരു പ്രതിരോധ വിതാനത്തിലേക്ക് തിരിച്ചു വിടുന്നു.
ഭീകരത ലോകം വാഴുന്ന ‘സത്യാന്തര’ നേരങ്ങളില്‍, വഴങ്ങാത്ത വാക്ക്, കണ്ണും കാതും പൂട്ടാത്ത ഉണര്‍വ്വ്, പതറാത്ത പാറാവ്, നേരിന്റെ, നീതിയുടെ, നാവ്, വിമര്‍ശന വീറു്, ധീരമായ വാഴ്വ്, കവിത എന്ന് നിര്‍വ്വചിക്കുന്നു കവി ഇവിടെ. ഭീകരതയെ സഹ്യവും അഭിലഷണീയവുമാക്കുന്ന അധികാരത്തിന്റെയും ജ്ഞാനത്തിന്റെയും സര്‍വ്വരൂപങ്ങളെയും പിഴുതെറിയുന്ന വെളിവിന്റെ പേരുകവിതയെന്ന്. ഘാതകനെ കടിക്കുന്ന ഉറുമ്പ്, ഭീകരനെ തടയുന്ന പരുന്ത്, കവിതയെന്ന്.

കൂര്‍മം
കെ ജി എസ്
വിശക്കുന്ന മനുഷ്യാ, പുസ്തകമെടുക്കൂ
സുഖമായുറങ്ങാം’.
ഇതൊരു പ്രതിവിപ്ലവ താരാട്ട്,
ഇതിലെനിക്കുറങ്ങണ്ട.
വേണ്ട.
നീ കണ്ണടച്ചാല്‍ മതി.
കൊലത്തെളിവും കൊള്ളമുതലുമായ്
കണ്മുന്നിലൂടെ മാന്ത്രികക്കുതിര പായും;
കണ്ടില്ലെന്ന് നടിക്കണം.
ഞെട്ടിക്കും കുളമ്പടി,
കേട്ടില്ലെന്ന് ഭാവിക്കണം.
നീതിക്കുര കുരയ്ക്കത്.
കാണല്‍ ഉണരലാണെന്നും
ഉണരല്‍ നിലപാടാണെന്നും
നിലപാട് പ്രവര്‍ത്തനമാണെന്നും വാദിക്കരുത്.
സത്യം പറയുന്നത് വിപ്ലവകരമാണെന്ന്
സ്വപ്നം പുലമ്പരുത്.
കാലുക്ക് മുള്ളും ഉള്ളുക്ക് കനലുമായ
സഹനമല കേറിക്കേറി നേടിയ
പദവി വെച്ചും പ്രാണന്‍ വെച്ചും
ചൂത് കളിക്കരുത്; അറിയാല്ലോ,
നഷ്ടപ്പെടാന്‍ കൊടുമുടികള്‍.
തന്ത്രപരമായി ഇത് വിപ്ലവത്തിന്റെ
മാഫിയാപഹാര കാലം;
സ്വാര്‍ത്ഥച്ചെളിയിലാണ്ടു മോക്ഷാമൃതം, മീളാന്‍
കൂര്‍മ മാതൃക ഭദ്രമെന്ന്
സ്റ്റാലിന്‍തമ്പ്രാന്‍..
2
കൈയ്യും തലയും പുറത്തിടരുത്
സ്വരവും വെളിവും പുറത്തിടരുത്
ഇന്ദ്രിയങ്ങള്‍ പുറത്തിടരുത്
ആത്മവീര്യം പുറത്തിടരുത്.
കതകെല്ലാം തുറന്നാലും
അടഞ്ഞതായിരിക്കണം വീട്.
ഭേദിക്കാനാവാത്തൊരു ഗൂഢകഠിന-
പേടകമാവണം മനം.
കൂര്‍മമായിരുന്നു പണ്ട് പണ്ട്
പാറക്കെട്ടും പര്‍വതവും.
കൂര്‍മമായിക്കൊണ്ടിരിക്കയാണ്
ലോകരേറെയുമെന്ന് കണ്ട പ്രീതിയിലാണ്
കൂര്‍മസ്രഷ്ടാവായ ഭയം.
നേരും ധീരതയും വിപ്ലവമോ
വാഴ്ത്തും മൌനവും പ്രതിവിപ്ലവമോ അല്ല.
നേതൃനാമം ജപ ജപ ശരണം
ഗ്രഹണ നേരത്ത്.
മനസ്സിന്റെ പേജുകള്‍ക്കിടയില്‍
ആരുമൊരു ലാഭമയില്‍പ്പീലി പൂജിക്കും.
മാനം കാണിക്കരുത്;
കാണിക്കരുത് വിമര്‍ശനവീറ്,
കേടുകാലത്ത്.
മടിയാ
നീ ഉറുമ്പുകള്‍ക്ക് മേല്‍ ഡിഡിറ്റി
തൂവുന്നുണ്ടല്ലോ; അവയില്‍ നി-
ന്നെന്തെങ്കിലും പഠിച്ചോ?
ഉറുമ്പുകടിയുടെ പാഠമെങ്കിലും?
മാ നിഷാദാ എന്ന് രണ്ടാം വേടനെ കടിച്ചതും
കാമുകിപ്രാവിനെ രക്ഷിച്ചതുമെങ്കിലും?
ആ ഉറുമ്പിന്റെ ധൈര്യം ചിറക് വെച്ച്
കാലാന്തരത്തില്‍ ജടായു ആയതെങ്കിലും?
3
കാലാന്തരം അര്‍ത്ഥാന്തരം.
നേര് പറയുന്നതല്ല, നേര് നടിക്കുന്നതായി വിപ്ലവം.
നാമം ക്രിയ വിശേഷണങ്ങളില്‍ അര്‍ത്ഥം മാറുന്നു;
വാച്യം , വ്യംഗ്യം,
ധ്വനി അഥവാ ദര്‍ശനവും മാറുന്നു.
അവന്‍ മറ്റവനാവുന്നത്ര
വാഗ്ദാനം വഞ്ചനയാവുന്നത്ര.
കൊന്ന് കെട്ടിത്തൂക്കുന്ന-
താത്മഹത്യയാവുന്നത്ര.
പിക്കാക്‌സ് കൊണ്ട് നേരുയിര്‍ വെട്ടിപ്പിളര്‍ക്കുന്നത്
ജീവരക്ഷാപ്രവര്‍ത്തനമാവുന്നത്ര.
നേരമാറ്റം പേരുമാറ്റമെന്ന്
നേര് മാറ്റം അര്‍ത്ഥമാറ്റമെന്നാര് പഠിക്കണം ?
