
മുതലാളിത്തവും സ്ത്രീവാദവും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ഫെമിനിസ്റ്റ് സംഘടനയായ വിമന്‍സ് ഇന്ത്യ അസോസിയേഷന്‍ (women’s India association-WIA) രൂപീകരിക്കപ്പെട്ടിട്ട് 108 വര്‍ഷം തികയുന്നു. 1917 മെയ് 8നാണ് ആനി ബസന്റ് അധ്യക്ഷയായി ഈ സംഘടന രൂപീകരിക്കപ്പെട്ടത്. ബീഗം ഹസ്രത്ത് മൊഹാനി, അംബുജ അമ്മാള്‍ തുടങ്ങിയവര്‍ അതിന്റെ മുന്‍നിര നേതാക്കള്‍ ആയിരുന്നു.
അതിനുമുമ്പ് തന്നെ 1848ല്‍ പെണ്‍കുട്ടികള്‍ക്കുള്ള ആദ്യ സ്‌കൂള്‍ ആരംഭിച്ചുകൊണ്ട്, സാവിത്രി ഭായ് ഫൂലെ പെണ്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചിരുന്നു. 1882 ല്‍ ആദ്യത്തെ ഫെമിനിസ്റ്റ് രചനയായ താരാഭായ് ഷിന്‍ഡെയുടെ സ്ത്രീ – പുരുഷ് തുലന (A comparison between women and men) പ്രസിദ്ധീകരിക്കപ്പെടുകയും വലിയ ചര്‍ച്ചയ്ക്ക് വിധേയമാവുകയും ചെയ്തിട്ടുണ്ട്.
ഇന്നത്തെ ഇന്ത്യയുടെയും ലോകത്തിന്റെയും സാമൂഹിക രാഷ്ട്രീയ സാഹചര്യത്തില്‍ ഫെമിനിസ്റ്റ് മുന്നേറ്റത്തിന്റെ ചരിത്രവും പ്രസക്തിയും പരിശോധിക്കാനുള്ള ശ്രമമാണ് ഈ ലേഖനത്തിലൂടെ നിര്‍വഹിക്കുന്നത്.
എല്ലാ സ്ത്രീകള്‍ക്കും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക സമത്വത്തിനും സ്വയംഭരണത്തിനും വേണ്ടി വാദിക്കുന്ന ഫെമിനിസം ഒരു പ്രസ്ഥാനം എന്ന നിലയില്‍ 1848 ലാണ് ആരംഭിക്കുന്നത്. എങ്കിലും, നൂറ്റാണ്ടുകളായി നീണ്ടുനില്‍ക്കുന്നതും വ്യത്യസ്തമായ ‘തരംഗങ്ങളിലൂടെ’ പരിണമിക്കുന്നതുമായ ഒരു ദീര്‍ഘവും സങ്കീര്‍ണ്ണവുമായ ചരിത്രമുണ്ട്. ജ്ഞാനോദയ കാലഘട്ടത്തിലാണ് ആദ്യകാല ഫെമിനിസ്റ്റ് ചിന്തകള്‍ ഉയര്‍ന്നുവന്നത്. മേരി വോള്‍സ്റ്റോണ്‍ക്രാഫ്റ്റ്, അബിഗെയ്ല്‍ ആഡംസ് തുടങ്ങിയ വ്യക്തികള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി വാദിച്ചു. സ്ത്രീകളുടെ വോട്ടവകാശത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സ്ത്രീവാദത്തിന്റെ ആദ്യ തരംഗം 19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉയര്‍ന്നുവന്നു. 1960-കളില്‍ ആരംഭിച്ച ‘രണ്ടാം തരംഗം’ വിശാലമായ സാമൂഹിക, സാംസ്‌കാരിക അസമത്വങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനായി വ്യാപ്തി വികസിപ്പിക്കാന്‍ ശ്രമിച്ചു. ബെറ്റി ഫ്രീഡന്‍ (Betty Friedan), ഗ്ലോറിയ സ്‌റ്റൈനം (Gloria Steinem), സിമോണ്‍ ദെ ബുവ (Simone de Beauvoir) തുടങ്ങിയ ശക്തരായ സ്ത്രീകളുടെ ഒരു ധൈഷണിക നിര അതിന് നേതൃത്വം കൊടുത്തു.
അതേസമയം 1990-കളില്‍ ഉയര്‍ന്നുവന്ന മൂന്നാം തരംഗം സ്ത്രീ – പുരുഷ – സാമൂഹ്യ ബന്ധങ്ങളുടെ വൈരുദ്ധ്യങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കാതെ, കമ്പോളവല്‍കൃത വൈവിധ്യവല്‍ക്കരണത്തിന്റെ പാത സ്വീകരിക്കാന്‍ തുടങ്ങി. ഇന്ന് ആ പശ്ചാത്യ ഫെമിനിസ്റ്റ് ധാര നാലാം തരംഗത്തില്‍ എത്തിനില്‍ക്കുമ്പോള്‍, ഏറെക്കുറെ പൂര്‍ണ്ണമായും മുതലാളിത്തത്തിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നതാണ് നാം കാണുന്നത്.
മുതലാളിത്തം ഉല്‍പാദനത്തിന്റെ മുഴുവന്‍ നിയന്ത്രണവും കയ്യാളിക്കൊണ്ട് ഘടനാപരമായ അസമത്വങ്ങളില്‍ ‘അഭിവൃദ്ധി’ പ്രാപിക്കുമ്പോള്‍, സ്ത്രീവാദം അടിച്ചമര്‍ത്തല്‍ ഘടനകളെ വെല്ലുവിളിച്ചുകൊണ്ട് അസമത്വത്തിനെതിരെ നിലനില്‍ക്കുന്ന പ്രത്യയശാസ്ത്രമാണ്. അതുകൊണ്ടുതന്നെ സ്ത്രീവാദത്തിനും മുതലാളിത്തത്തിനും ഒരുമിച്ച് നിലനില്‍ക്കാന്‍ കഴിയില്ല.
ലിംഗ വിവേചന ഘടനകളെ തകര്‍ത്ത് തുല്യാവകാശത്തില്‍ അഥവാ സമത്വത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ഫെമിനിസം. ലളിതമായി പറഞ്ഞാല്‍, വ്യവസ്ഥാപിതമായി അസമമായ ഒരു ലോകത്ത് എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ക്കായി ഇത് വാദിക്കുന്നു. വൈവിധ്യമാര്‍ന്ന പ്രാതിനിധ്യത്തിന്റെ തത്വങ്ങളില്‍ വേരൂന്നി, വികസനത്തിന്റെ എല്ലാ ഘട്ടങ്ങളിലും തലങ്ങളിലും അത് അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അങ്ങനെ സമത്വ തത്വങ്ങളില്‍ വേരൂന്നുന്ന സ്ത്രീവാദം അടിച്ചമര്‍ത്തല്‍ ഘടനകളെ തകര്‍ക്കാന്‍ വാദിക്കുമ്പോള്‍, ഉല്‍പാദനത്തെ നിയന്ത്രിക്കുന്ന മുതലാളിത്തം ഈ ഘടനാപരമായ അസമത്വങ്ങളില്‍ തഴച്ചുവളരുന്നു. അതായത്, ലാഭം പരമാവധിയാക്കുന്നതില്‍ അന്ധമായി മുന്നേറുന്ന ഒരു മുതലാളിക്ക്, ‘വിലകുറഞ്ഞ തൊഴിലാളികളെ ‘ നിയമിക്കുന്നത് ഗുണം ചെയ്യും. കുറഞ്ഞ ശമ്പളമുള്ള, അസ്ഥിരമായ ഈ ജോലികളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളാണെന്ന് നിസ്സംശയമായി പറയാന്‍ കഴിയും. ലോകത്തിലെ ലിംഗസമത്വത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ 2020 ലെ റിപ്പോര്‍ട്ട് കാണിക്കുന്നത് , 1995 മുതല്‍ തൊഴില്‍ വിപണിയിലെ ലിംഗ വിടവ് ഇന്നും അതേപടി തുടരുന്നു എന്നാണ്.
ഇന്നത്തെ ലോക ഫെമിനിസത്തിന്റെ നാലാം തരംഗത്തില്‍ സ്ത്രീകളുടെ അസ്തിത്വത്തിന് അഭിമാനകരവും സ്വതന്ത്രവുമായ പുതിയ മാനങ്ങള്‍ നിര്‍ധരിച്ചുകൊടുത്തു എന്ന ഫെമിനിസ്റ്റ് അവകാശവാദങ്ങളുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് ഒരു അന്വേഷണം അനിവാര്യമാണ്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ആവിര്‍ഭവിച്ച ഫെമിനിസ്റ്റ് പ്രത്യയശാസ്ത്ര കാലത്തെ സ്ത്രീയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീയും ഏറെ വ്യത്യസ്തമാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഫെമിനിസം കൈവരിച്ചു എന്ന് അവകാശപ്പെടുന്ന നേട്ടങ്ങള്‍, സ്ത്രീകള്‍ക്കിടയില്‍ തുല്യതയാണോ അതുല്യതയാണോ അവ നിരുപാധികമാണോ എന്നെല്ലാം പരിശോധിക്കപ്പെടേണ്ടതുണ്ട്.
മുതലാളിത്ത ആവാസ വ്യവസ്ഥയില്‍ പുലരുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ സ്ത്രീ സ്വത്വത്തെ ചുരുക്കിക്കളയുകയോ ആവശ്യങ്ങളുടെ നിയമങ്ങളെ അട്ടിമറിച്ച് വലിച്ചുനീട്ടുകയോ ആണ് ചെയ്തിട്ടുള്ളതെന്ന് കാണാനാകും. സ്ത്രീക്ക് അനുയോജ്യമായ ഒരു സമൂഹ്യ വ്യവസ്ഥ സൃഷ്ടിച്ചെടുക്കുന്നതിനു പകരം, സമൂഹത്തിന് അനുരൂപമായ സ്ത്രീകളെ സൃഷ്ടിച്ചെടുക്കുകയാണ് പശ്ചാത്യ ഫെമിനിസം പിന്തുടരുന്ന മിക്കവാറും സ്ത്രീ വാദ സംഘടനകള്‍ ചെയ്യുന്നത്.
ഇന്ന് ഇന്ത്യയിലും ലോകത്ത് തന്നെയും നിലനില്‍ക്കുന്ന പല സ്ത്രീവാദ സംഘങ്ങളും പലപ്പോഴും അരാഷ്ട്രീയമാകുന്നതും, അതിന് പിന്നില്‍ പതിയിരിക്കുന്ന വിപണിയുടെ അധികാര ശബ്ദവും, ഉപരിവര്‍ഗ്ഗ വിധേയത്വവും കൃത്യമായി വിലയിരുത്തപ്പെടാതെ പോകുന്നതുകൊണ്ട് കോര്‍പ്പറേറ്റ് കമ്പോളത്തിന്റെയും വംശീയ ഫാസിസത്തിന്റെയും ഇരകളായിത്തീരുന്ന ഓരം ചേര്‍ക്കപ്പെട്ട വിഭാഗങ്ങളിലെ സ്ത്രീ സംഘര്‍ഷങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയാറില്ല.
ഇത്തരം അരാഷ്ട്രീയ സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ മൂലധന അധികാര ചൂതാട്ടത്തിന്റെ അപകടകരമായ അടയാളങ്ങളായിത്തീരുന്നുണ്ട്. നമ്മുടെ സമൂഹം കുടുംബ കേന്ദ്രീകൃതമായ നൈതിക ഘടനയാണെന്നതിനാല്‍ കുടുംബത്തിന്റെ അടിപ്പടവുകള്‍ തകര്‍ക്കുന്ന ഭരണകൂട – എന്‍ ജി ഒ സ്ത്രീശാക്തീകരണ ‘താത്വിക’ ബോധന പ്രവര്‍ത്തനങ്ങള്‍ വലിയ സാമൂഹ്യ ദുരന്തമായി മാറിയിട്ടുണ്ട്.
ആധിപത്യ ഘടനകളെ പുരുഷാധിപത്യപരമായി മാത്രം ലിംഗവല്‍ക്കരിക്കപ്പെടുമ്പോഴുണ്ടാകുന്ന അതിഭാവുകത്വത്തിലൂടെ അധീശാധികാരത്തിന്റെ അപമാനവികമായ ചൂഷണ താല്പര്യത്തെ പ്രച്ഛന്നവല്‍ക്കരിക്കുവാന്‍ സാമ്രാജ്യത്വ അധിനിവേശ ശക്തികള്‍ക്ക് വഴിയൊരുക്കിക്കൊടുക്കുന്ന പാശ്ചാത്യ ഫെമിനിസത്തിന്റെ പൊയ്മുഖങ്ങളാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പല സ്ത്രീശാക്തീകരണ സംഘങ്ങളും. കമ്പോള മൂലധനത്തിന്റെ ഈ അപമാനവികമായ നിഷ്ഠൂരതയെ പുരുഷന്റെ ജൈവഘടനയില്‍ (Biology) ലയിപ്പിച്ച് സാമ്രാജ്യത്വത്തിന്റെ സംരക്ഷകരാകുന്നതാണ് എന്‍.ജി. ഒ. സ്ത്രീപക്ഷ വാദികളുടേയും അതിന്റെ ബുദ്ധി ജീവികളുടേയും നിഗൂഢ കര്‍മ്മ പദ്ധതികള്‍. സ്ത്രീയും പുരുഷനും വ്യത്യസ്ത അളവില്‍ ആണെങ്കിലും കമ്പോളവല്‍ക്കരണത്തിന്റെ ഇരയാണെന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യം ഇവിടെ ബോധപൂര്‍വ്വം തമസ്‌കരിക്കപ്പെടുകയാണ്.
1980 കളുടെ മധ്യത്തോടെയാണ് സ്ത്രീവാദ സന്നദ്ധ സംഘടനകള്‍ക്ക് വംശവര്‍ദ്ധനവ് ഉണ്ടാകുന്നത്. പുരുഷ സാമൂഹ്യ വ്യവസ്ഥിതിയില്‍ പുരുഷന് ആപേക്ഷിക മുന്‍ഗണന ലഭിക്കുന്നു,. അതേസമയം അമിതാധികാരത്തിന്റെ രാഷ്ട്രീയ മാതൃകകളെ പൂജിക്കുന്ന സര്‍വ്വാധികാരഘടനകള്‍ക്ക് സ്ത്രീ വിധേയമായിത്തീരുന്നുണ്ട്
അധികാര ദല്ലാള്‍ സ്ഥാനത്ത് സ്ത്രീയെ പ്രതിഷ്ഠിക്കുന്നതിനു വേണ്ടി മാത്രമാണ് പുത്തന്‍ സ്ത്രീപക്ഷ വാദവുമായി വിവിധ സംഘങ്ങളെ പണക്കിഴി കൊടുത്തും അല്ലാതെയും സാമ്രാജ്യത്വം രംഗത്തിറക്കിയിരിക്കുന്നത്. സ്ത്രീ ഈ അധികാര ഘടനയുടെ (Hegemonic Structure) വക്താവും സാക്ഷിയും പങ്കാളിയും ഒപ്പം ഇരയും ആയിത്തീരുന്നതുകൊണ്ടാണ് ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ കുഞ്ഞാമിനയേയും, വാത്മീകിയുടെ സീതയേയും ശൂര്‍പ്പണഖയേയും ലക്ഷ്മണ പത്‌നി ഊര്‍മിളയേയും, എഴുത്തച്ഛന്റെ ഋതുവായ പെണ്ണിനേയും സ്ത്രീപക്ഷത്തുനിന്നു വീക്ഷിക്കുവാനും, തിരുത്തുവാനും ഒരു സ്ത്രീ പക്ഷവാദികളും മുതിരാത്തത്. എന്നുമാത്രമല്ല ഈ സൃഷ്ടികളുടെ ഭാവുകത്വപരമായ ആഘോഷങ്ങള്‍ കൊണ്ടാടപ്പെടുകയും ചെയ്യുന്നു.
പതിനായിരത്തെട്ടു സ്ത്രീകളില്‍, അത്രയും ലൈംഗിക ബഹുപാഠങ്ങള്‍ നിര്‍മ്മിക്കുന്ന ശ്രീകൃഷ്ണന്‍ എന്ന അധികാര വ്യവസ്ഥാ രൂപത്തെ, ഭാര്യമാരുടെ ഒരു കോളനി തന്നെ സ്വന്തമായുള്ള ദുഷ്യന്ത മഹാരാജാവിനെ, കൗസല്യയിലും കൈകേയിയിലും സുമിത്രയിലും ലൈംഗികതയുടെ ബഹുപാഠങ്ങള്‍ നിര്‍മ്മിച്ച ദശരഥനെ, സ്ത്രീപക്ഷത്തു നിന്നു വിലയിരുത്തുവാനും ക്ലീബ ബിംബങ്ങളാണ് ഈ കഥാപാത്രങ്ങള്‍ എന്ന് പ്രഖ്യാപിക്കുവാനും മുഖ്യധാര എന്ന് അവകാശപ്പെടുന്ന ഫെമിനിസ്റ്റ് സാംസ്‌കാരിക മണ്ഡലങ്ങള്‍ ഇന്നുവരെ തയ്യാറായിട്ടില്ല. അതിനു കാരണം പുരുഷനായകന്‍ പ്രതിനിധീകരിക്കുന്ന സംസ്‌കാരം മൂലധനരംഗത്തെ അധിമൂലധനത്തിന്റെ ഉഗ്ര പ്രതാപവും പ്രതീകവും പ്രതിഫലനവുമാകുന്നു എന്നതുകൊണ്ടാണ്. ഈ സാംസ്‌കാരിക അപചയങ്ങളുടെ ഫലമാണ്, ഉത്തരാധുനിക ഇന്ദുലേഖമാര്‍ അടുക്കളയില്‍ നിന്ന് ഇറങ്ങി അരങ്ങത്തെത്താതെ, അമ്പലപ്പറമ്പില്‍ പൊങ്കാലയിടുന്ന കാഴ്ച നമുക്ക് കാണേണ്ടിവന്നത്.
അടുക്കളയും അരങ്ങും തമ്മിലുള്ള ദൂരം വര്‍ദ്ധിച്ചതും പൊങ്കാലയിടുന്ന അമ്പലപ്പറമ്പുകളുടെയും തെരുവുകളുടെയും വിസ്തൃതി ഓരോ വര്‍ഷവും കൂടിവരുന്നതും നമ്മുടെ ഫെമിനിസ്റ്റ് ചിന്തയെ ആകുലപ്പെടുത്തുന്നില്ല. പൊങ്കാലക്കലങ്ങള്‍ ഉടക്കാതെ, പൊങ്കാല അടുപ്പുകളിലെ തീ അണക്കാതെ ദര്‍ശന വ്യക്തതയുള്ള ഒരു ഫെമിനിസ്റ്റ് പ്രവര്‍ത്തനവും കേരളത്തില്‍ ഫലം കാണില്ല.
അതുകൊണ്ട് ‘ഇര’ (quarry) എന്ന സാമാന്യ വിവക്ഷ സ്ത്രീയുടെ ഭൗതിക ദുരന്തമായല്ല മറിച്ച് ഒരു ഭ്രമകല്പന മാത്രമായി പൊതുചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പുരുഷന്റെ അതി ലൈംഗികതക്കും അധികാര പ്രബലതകള്‍ക്കും കീഴ്‌പ്പെടുന്ന സ്ത്രീ ഇരയുടെ ഇരമാത്രമാണ്. എന്നാല്‍ ഈ അധികാര പുരുഷന്‍ മൂലധനാധിനിവേശത്തിന്റെ ആദ്യത്തെ ഇരയാണെന്ന് തിരിച്ചറിയാതെ പോകുന്നു. ഇരയുടെ ഇരയെന്ന നിലയില്‍ പുരുഷനും കൂടി അടിപ്പെട്ടു പോകുന്ന സ്ത്രീയുടെ അവസ്ഥ അതിദാരുണമായിക്കൊണ്ടിരിക്കുന്നുവെന്ന യഥാര്‍ത്ഥ്യത്തെ മറച്ചു പിടിക്കാനാണ് സ്ത്രീ ശാക്തീകരണത്തിന്റെ മുക്കുപണ്ടങ്ങളെ ഉല്പാദിപ്പിക്കുന്ന സ്ത്രീ സന്നദ്ധസംഘങ്ങളും(voluntary organizations) സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്.
സ്ത്രീയെ അധിമൂലധനത്തിന്റെയും മൂലധനാധികാരത്തിന്റേയും നിര്‍വ്വഹണാധികാരികള്‍ (Executives) ആക്കി ഉയര്‍ത്തിയെടുക്കുന്ന ഈ നവകോളനീകരണ പദ്ധതികള്‍ സ്ത്രീ പുരുഷബന്ധങ്ങളെ സര്‍ഗ്ഗാത്മകവും വൈകാരികവുമായ ഉള്ളടക്കം വറ്റിപ്പോയ ബലാധിഷ്ഠിത വാണിജ്യ ബന്ധങ്ങള്‍ മാത്രമായി ചുരുക്കുന്നു.
പുരുഷാധിപത്യമെന്ന അത്യുക്തിപരമായ ആശയം പ്രചരിപ്പിച്ച് അധികാരസ്ഥാനത്തിന്റെ ദല്ലാള്‍ മാതൃകാരൂപങ്ങളെ സ്‌ത്രൈണമയമാക്കിക്കഴിഞ്ഞാല്‍ സ്ത്രീ സ്വാതന്ത്ര്യമായിയെന്ന പ്രതിലോമയുക്തിയിലൂടെ സ്ത്രീസംഘങ്ങളെ ആശ യാധിപത്യോപകരണങ്ങളാക്കി (Tools of hegemonic dogma) സാര്‍വ്വദേശീയ കോളണീകരത്തിന്റെ ചൂഷണവീര്യം വര്‍ദ്ധിപ്പിക്കുന്നു.
ചുരുക്കത്തില്‍ സാമ്രാജ്യത്വത്തിന്റേയും ഇന്നത്തെ ഇടതുഭരണകൂടത്തിന്റെയും മറ്റു അരാഷ്ട്രീയ സതീവാദ സംഘടനകളുടേയും സ്ത്രീശാക്തീകരണ പദ്ധതികള്‍ സ്ത്രീയെ പുത്തന്‍ മൂലധനശക്തിയുടെ ഇരയും ദല്ലാളും നടത്തിപ്പുകാരിയും എന്ന തലത്തിലേക്കുള്ള ദുരന്തമാക്കിത്തീര്‍ക്കുന്നുണ്ട്.
A. K ആന്റണിയുടെ മകന്‍ അനില്‍ ആന്റണി മുമ്പ് വൈസ് പ്രസിഡന്റും ട്രസ്റ്റി ബോഡ് അംഗവുമായിരുന്ന വിദേശ ഫണ്ടിങ്ങില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ ശാക്തീകരണ സന്നദ്ധ സംഘടനയായ ‘നവദൂതന്‍ ഫൗണ്ടേഷന്‍’ പോലെ പല സംഘങ്ങളും ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഒരു കൂട്ടം സ്ത്രീപക്ഷവാദ വനിതകളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന ‘ലോഡി കാര്‍ലൊ’ എന്ന ‘സ്ത്രീ സെക്‌സ് ടോയ് ‘ നിര്‍മ്മാണ കമ്പനിയുടെ സി. ഇ .ഒ ലോറ ഹാര്‍ഡോക് (ഇവര്‍ ലോകം മുഴുവന്‍ റോബോട്ടിക് സെക്‌സ് ടോയ് പ്രദര്‍ശനവും വില്പനയും നടത്തുന്നുണ്ട് ) വലിയ സ്ത്രീ പക്ഷവാദിയായാണ് മുതലാളിത്ത മാധ്യമങ്ങള്‍ വാഴ്ത്തുന്നത്..!
ബഹുരാഷ്ട്ര കമ്പനികള്‍ക്കു വേണ്ടിയുള്ള ബംഗ്ലാദേശിലെ വസ്ത്ര നിര്‍മ്മാണമേഖലയിലെ തുച്ഛമായ കൂലിക്ക് അടിമപ്പണി ചെയ്യുന്ന ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ പ്രക്ഷോഭ സമരങ്ങള്‍ ആരംഭിച്ചപ്പോള്‍, ബ്രിട്ടീഷ് പോപ് ഗായക സംഘമായ ‘സ്‌പൈസി ഗേള്‍സ് ‘ തുല്യനീതിയുടെ (Gender equality) രക്ഷക വേഷമണിഞ്ഞ് രംഗത്തുവന്നിട്ടുള്ളതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്. തെലുങ്കാന സായുധ വര്‍ഗ്ഗസമരത്തെ ഉപരോധിക്കാന്‍ സന്നദ്ധ സംഘ രൂപത്തെ (വിനോബഭാവെ) രംഗത്തിറക്കിയ ചരിത്രം നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. സാംസ്‌കാരിക മന:ശ്ശാസ്ത്രതലത്തില്‍ പ്രത്യയശാസ്ത്ര സംജ്ഞകളുടെ പ്രയോഗത്തിലൂടെ നടപ്പാക്കുന്ന ഈ അധിനിവേശത്തെയാണ് ഗ്രാംഷി (Antonio Francesco Gramsci ) ‘ഹെഗിമണി’ (hegemony)എന്ന സംപ്രത്യയത്തിലൂടെ വിശദീകരിക്കുന്നത്.
സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ തകര്‍ക്കപ്പെട്ടിട്ടുള്ളത് ദാരുണമായി അപമാനിക്കപ്പെട്ടിട്ടുള്ളത് കൊലചെയ്യപ്പെട്ടിട്ടുള്ളത് വംശീയ കലാപ കൂട്ടകുരുതിക്കളങ്ങളിലാണ്, യുദ്ധങ്ങളിലാണ്. എന്നാല്‍ ഭരണകൂട ആശ്രിത സ്ത്രീ വിമോചന പ്രസ്ഥാനങ്ങളോ, മറ്റ് അരാഷ്ട്രീയ സ്ത്രീപക്ഷ വാദികളോ വംശീയതയുടെ ചുടുചോരക്കളങ്ങളില്‍ കുത്തിക്കീറപ്പെട്ട സ്ത്രീകളുടെ കൂട്ട വിലാപങ്ങള്‍ അവരെ ആകുലപ്പെടുത്തിയതായി പറഞ്ഞു കേട്ടിട്ടില്ല.
ഫലസ്തീനില്‍ പതിനായിരക്കണക്കിനു സ്ത്രീകള്‍, പെണ്‍ കുഞ്ഞുങ്ങള്‍, നവജാത ശിശുക്കള്‍, ഗര്‍ഭിണികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു കൊണ്ടിരിക്കുമ്പോള്‍ കേരളത്തില്‍ പോലും സ്ത്രീ സംഘടനകളുടെ നേതൃത്വത്തില്‍ ഏതെങ്കിലും ശക്തമായ പ്രതിഷേധം നടക്കാതിരുന്നത് അതിന്റെ ഏറ്റവും അടുത്ത നേര്‍ സാക്ഷ്യമാണ്. ഇപ്പോള്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്നുകൊണ്ടിരിക്കുന്ന ആശാ സമരത്തില്‍ പോലും അറിയപ്പെടുന്ന ഏതെങ്കിലും ഫെമിനിസ്റ്റ് സംഘടനകളുടെ പ്രത്യക്ഷ ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ നടന്നതായി കേട്ടിട്ടില്ല.
പാര്‍ട്ടി അധികാര കേന്ദ്രത്തിന്റെ പിന്‍ബലത്തില്‍ പുരുഷന്മാര്‍ വളഞ്ഞിട്ട് മാനസികമായി പീഡിപ്പിച്ചതിന്റെ ഭാഗമായാണ് അനീഷ്യ എന്ന അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ ജുഡീഷ്യല്‍ രംഗത്ത് എന്നുമാത്രമല്ല, പൊതുരംഗത്തെ ഒരു ഫെമിനിസ്റ്റ് സംഘടനകളും അവരുടെ നീതിക്കുവേണ്ടി കൈ ഉയര്‍ത്തിയമാത്രമല്ല, സാഹിത്യരംഗത്തെ സ്ത്രീപക്ഷ എഴുത്തുകാരിയും എഴുത്തുകാരനും പ്രവര്‍ത്തകരും ഹിന്ദുത്വ ഫാസിസത്തില്‍ നിന്ന് സ്ത്രീകള്‍ നേരിടുന്ന അപമാനവീകമായ നിഷ്ഠൂരതയെ കടന്നാക്രമിക്കുവാനോ ഉപരോധിക്കുവാനോ സമര രംഗത്തിറങ്ങിയതായി മലയാളത്തില്‍ കേട്ടുകേള്‍വി പോലുമില്ല.
1970കളിലെ സ്ത്രീ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളോട് ചേര്‍ന്നാണ് പരിസ്ഥിതി സ്ത്രീവാദം എന്ന ഒരു പരികല്പന ഉയര്‍ന്നുവരുന്നത്. സാമൂഹിക ഫെമിനിസം, മാര്‍ക്‌സിസ്റ്റ് ഫെമിനിസം, ലിബറല്‍ ഫെമിനിസം, സാംസ്‌കാരിക ഫെമിനിസം ഇവയെല്ലാം വ്യത്യസ്ത സമീപനങ്ങള്‍ പുലര്‍ത്തിയിരുന്നുവെങ്കിലും പരിസ്ഥിതി സ്ത്രീവാദത്തിന്റെ കാര്യത്തില്‍ ചേര്‍ന്നുനില്‍ക്കുകയുണ്ടായി. പരിസ്ഥിതി സ്ത്രീവാദം എന്ന പരികല്പന ആദ്യമായി ഉപയോഗിക്കുന്നത് 1980ല്‍ ഫ്രാങ്കോയിസ് ഡി എന്‍ബോണെ (Franchise D’ Enbonne) ആണ്. പ്രകൃതി മനുഷ്യബന്ധങ്ങളെ ഗുണപരമായി പരിവര്‍ത്തിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ പൊതു ലക്ഷ്യം. പുരുഷ കേന്ദ്രീകൃതമായ ഭൗതികതയ്ക്ക് പകരം സ്ത്രീ കേന്ദ്രീകൃതമായ മതാതീത ആത്മീയ സങ്കല്പനമാണ് പരിസ്ഥിതി ഫെമിനിസം മുന്നോട്ടു വയ്ക്കുന്ന ആശയം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഔദ്യോഗിക ഇടതുപക്ഷത്തിന്റെ ലോകബാങ്ക് വായ്പാ പദ്ധതിയായ സ്വാശ്രയ കുടുംബ സംഘത്തില്‍ പുരുഷനില്‍ നിന്ന് സ്ത്രീ ‘സ്വാശ്രയം’ നേടുമ്പോള്‍ സ്വാശ്രയ വിദ്യാഭ്യാസ പദ്ധതികളിലൂടെ വിദ്യാഭ്യാസ വാണിഭക്കാര്‍ ‘സ്വാശ്രയം’ സമ്പാദിക്കുന്നു. അങ്ങനെ സ്ത്രീയെയും വിദ്യാഭ്യാസത്തേയും ഒരുപോലെ ചൂഷണ ചരക്കാക്കി മാറ്റുന്ന പ്രക്രിയക്കാണ് ഭരണകൂടം ‘ശാക്തീകരണം’ എന്നു പറയുന്നത്.
സ്ത്രീ സ്ത്രീയായിരിക്കുകയും പുരുഷ സര്‍ഗ്ഗാത്മകതയോളം ശക്തമായ വിപരീത സര്‍ഗ്ഗാത്മകതയായിരിക്കുകയും ചെയ്യുമ്പോഴാണ് സ്ത്രീ – പുരുഷ ബന്ധം ഗുണപരമായ അര്‍ത്ഥാനുഭവമാകുന്നത്. എന്നാല്‍ വന്ദന ശിവ , വൃന്ദ കാരാട്ട് ഉള്‍പ്പെടെയുള്ള നിരവധി സ്ത്രീപക്ഷവാദികളും സ്ത്രീ ശാക്തീകരണ സംഘങ്ങളും മൗലികമായി സ്ത്രീ വിരുദ്ധമായ സാമ്രാജ്യത്വ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്.
സ്ത്രീയെ ക്രയവസ്തുവാക്കുന്ന, (commodity) സ്ത്രീ സ്വത്വത്തിന്റെ ബഹുപാഠ നിര്‍മ്മിതികള്‍ മൂലധന താല്പര്യങ്ങള്‍ക്കനുഗുണമായി സൃഷ്ടിക്കുന്ന, സ്ത്രീ സ്വാതന്ത്ര്യമാണ് ഇവര്‍ ഉന്നം വെക്കുന്നത്. അതായതു് സ്ത്രീയെ പരസ്യത്തിനും, ചാരവൃത്തിക്കും, മനുഷ്യക്കടത്തിനും, മയക്കുമരുന്നുവിതരണത്തിനും, മദ്യശാല നൃത്തങ്ങള്‍ക്കും, മദ്യം വിളമ്പുന്നതിനും, എന്തിന് വ്യാപാര സമുച്ചയങ്ങളില്‍ ആകര്‍ഷണവസ്തുവായി വരെ നിര്‍ത്തുന്ന വിപണിയുടെ ക്രയവസ്തുവാക്കി രൂപാന്തരപ്പെടുത്തുന്നതാണ് സ്ത്രീ സ്വാതന്ത്ര്യത്തിന്റേയും സ്ത്രീ ശാക്തീകരണത്തിന്റേയും ബഹുസ്വര സിദ്ധാന്തങ്ങള്‍.
എണ്‍പതുകളില്‍ എം പി പരമേശ്വരനും എം.എ.ബേബിയും പി.ഗോവിന്ദപിള്ളയും മറ്റും തുന്നിയെടുത്തതും നാം കീറിയെറിഞ്ഞതുമായ തത്വചിന്തകളുടെ ബലിരക്തം പുരണ്ട ഉടുപ്പുകളാണ് ഇന്ന് ഈ അരാഷ്ട്രീയ സംഘങ്ങള്‍ എടുത്തണിയുന്നത്. ഒപ്പം സ്റ്റേറ്റ് അതിന്റെ രാഷ്ട്രീയ കളരിമുറയുപയോഗിച്ച് വര്‍ഗ്ഗ-ലിംഗ നിര്‍ണ്ണയങ്ങളിലൂടെ മനുഷ്യരാശിയെ വിഘടിച്ചകറ്റിക്കൊണ്ടിരിക്കുന്നു. വര്‍ഗ്ഗം എന്ന സങ്കല്പനത്തിന്റെ സ്ഥാനത്ത് മനുഷ്യരാശിയെ വിഘടിപ്പിക്കുന്ന നാനാതരം പരികല്പനകളും സങ്കല്പനങ്ങളും തിരുകിക്കയറ്റി ഒരു പ്രത്യയശാസ്ത്ര തത്വചിന്താപദ്ധതി തന്നെ സാമ്രാജ്യത്വം വളര്‍ത്തിയെടുക്കുന്നതും അതിന്റെ അവാന്തരവിഭാഗമായി നവ ഫാസിസം (Neo fascism) രൂപമെടുക്കുന്നതും നാം രാഷ്ടീയ ജാഗ്രതയോടെ നോക്കിക്കാണേണ്ടതുണ്ട്.