സുരേഷ് ഗോപിയുടേത് മലര്‍പ്പൊടിക്കാരന്റെ കിനാവുമാത്രം
കഴിഞ്ഞ ദിവസം തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച നാരീശക്തി സമ്മേളനത്തില്‍ പങ്കെടുത്തതോടെ വരാന്‍ പോകുന്ന ലോകസഭാതെരഞ്ഞെടുപ്പിന്റെ പ്രചാരണം പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ചു എന്നു കരുതാം. മോദിയുടെ ഗ്യാരണ്ടി മോദിയുടെ ഗ്യാരണ്ടി എന്നു 18 തവണ ആവര്‍ത്തിക്കുക വഴി ഈ തെരഞ്ഞെടുപ്പിലും സ്വന്തം ബ്രാന്റ് സ്ഥാപിക്കുക തന്നെയാണ് അദ്ദേഹം ചെയ്തത്.
ദേശീയതലത്തില്‍ തന്നെ ഈ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു എന്നാണ് വാര്‍ത്തകള്‍. അതേസമയം തൃശൂര്‍ പിടിച്ച് കേരളത്തില്‍ നിന്നുള്ള ലോകസഭാ പ്രാതിനിധ്യത്തിനു തുടക്കം കുറിക്കുക എന്ന കേരളത്തിലെ ഒരു വിഭാഗം നേതാക്കളുടെ വികാരം മോദി ഉള്‍ക്കൊണ്ടോ എന്നത് സംശയമാണ്. റോഡ് ,ഷോയില്‍ മോദിക്കൊപ്പം നില്‍ക്കാന്‍ സുരേഷ് ഗോപിക്ക് അവസരം നല്‍കിയെങ്കിലും പരിപാടിയില്‍ സംസാരിക്കാന്‍ അവസരം കൊടു്തതില്ല. എന്തിന്, സുരേഷ് ഗോപിയുടെ പേരുപോലും മോദി പറഞ്ഞില്ല. സുരേഷ് ഗോപിക്കായി മതിലെഴുത്തു നടത്തിയരൊക്കെ നിരാശരായി എന്നാണ് വാര്‍ത്ത. സുരേഷ് ഗോപിയുടെ പേരു പ്രഖ്യാപിച്ച് മോദി രാജ്യത്തെ ആദ്യത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നാണ് പലരും പ്രതീക്ഷിച്ചത്.
തീര്‍ച്ചയായും ഒന്നാം ക്ലാസ് മണ്ഡലമായി വിലയിരുത്തിയിരിക്കുന്ന തൃശൂരില്‍ വിജയിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ബിജെപി ഈ പരിപാടി സംഘടിപ്പിച്ചത് എന്നതില്‍ സംശയമില്ല. സമ്മേളനം വിജയകരമായിരുന്നു. പക്ഷെ തൃശൂരെടുക്കാന്‍ ബിജെപിക്കും സുരേഷ് ഗോപിക്കുമാകുമോ? അവിഹിതമെന്നൊക്കെ വിശേഷിപ്പിക്കപ്പെടാറുള്ള ധാരണകളൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ അതു സാധ്യമല്ല എന്നതാണ് വസ്തുത. മോദിയുടെ ഗ്യാരണ്ടി എന്നു പറയുന്നതിനേക്കാള്‍ ഉറപ്പിച്ച് പറയാനാകും, തൃശൂരിന്റെ ഗ്യാരണ്ടി, ആ സ്വപ്‌നം വെറും സ്വപ്‌നമായി അവശേഷിക്കും.
തൃശൂര്‍, ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് തൃശൂര്‍ ലോകസഭാ മണ്ഡലം. 2019ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ടി എന്‍ പ്രതാപന് 415089 വോട്ടും സിപിഐ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന് 321456 വോട്ടും സുരേഷ് ഗോപിക്ക് 293822 വോട്ടുമാണ് ലഭിച്ചത്. 28 ശതമാനം വോട്ടാണ് സുരേഷ് ഗോപി നേടിയത്. അത് മോശമാണെന്നു പറയാനാവില്ല. ശബരിമല വിവാദങ്ങളുടെ പശ്ചാത്തലം കഴിഞ്ഞ തവണ ഉണ്ടായിരുന്നു. ഇത്തവണ ആഞ്ഞുപിടിച്ചാല്‍ വിജയിക്കാമെന്നു ബിജെപി കരുതുന്നതിന് പല കാരണങ്ങളുണ്ട്. പ്രധാനം കൃസ്ത്യന്‍ വോട്ടുകളിലുള്ള പ്രതീക്ഷ തന്നെ. തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്, ഇരിങ്ങാലക്കുട മണ്ഡലങ്ങളില്‍ കൃസ്ത്യന്‍ വോട്ടുകള്‍ ധാരാളമുണ്ട്. മറ്റു മണ്ഡലങ്ങളില്‍ അതിനേക്കാള്‍ കൂടുതല്‍ മുസ്ലിം വോട്ടുകളാകാമെങ്കിലും കൃസ്ത്യന്‍ വോട്ടുകളുമുണ്ട്. പൊതുവില്‍ കോണ്‍ഗ്രസ്സിനു പോകുന്ന ഈ വോട്ടുകളില്‍ വലിയൊരു വിഭാഗം ഇത്തവണ തങ്ങള്‍ക്കു കിട്ടുമെന്നാണവര്‍ കരുതുന്നത്. അതിനായുള്ള ശ്രമങ്ങള്‍ ഏറെ നാളായി ആരംഭിച്ചതാണല്ലോ. മണിപ്പൂര്‍ സംഭവവികാസങ്ങള്‍ അല്‍പ്പം തിരിച്ചടിയായെങ്കിലും അതിനെ മറികടക്കാനായി എന്നാണ് ഇന്നവര്‍ കരുതുന്നത്. അതോടൊപ്പം തൃശൂര്‍ നഗരത്തിലടക്കം പല മേഖലകളിലുമുള്ള സവര്‍ണ്ണ – ഈഴവ വോട്ടുകളിലും വര്‍ദ്ധനവുണ്ടാകുമെന്ന് ബിജെപി കരുതുന്നു. സുരേഷ് ഗോപിയുടെ വ്യക്തിത്വവും സഹായകരമാകും. വനിതാ വോട്ടുകളിലും വലിയ വര്‍ദ്ധനവുണ്ടാകും. മുസ്ലിം വോട്ടുകളില്‍ ഒന്നുപോലും കിട്ടുകയില്ലെങ്കിലും വിജയത്തിന് അതെല്ലാം ധാരാളമാണെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ കരുതുന്നത്. കൃസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ക്ക് കൃസ്തുമസ് വിരുന്നു കൊടുത്താണ് മോദി തൃശൂരിലെത്തിയത് എന്നതും പ്രസക്തമാണ്. അതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചെങ്കിലും നിയമനടപടിക്കുപോകാന്‍ ബിജെപിയെ പ്രേരരിപ്പിക്കുന്നതിനു കാരണവും മറ്റൊന്നല്ല.
സാംസ്‌കാരിക തലസ്ഥാനമെന്നൊക്കെ അവകാശപ്പെടുമ്പോഴും രാഷ്ട്രീയത്തേക്കാള്‍ ഉപരിയായി സാമുദായികത തന്നെയായിരിക്കും ഇത്തവണ തൃശൂരിലെ തെരഞ്ഞെടുപ്പു ഫലത്തെ നിര്‍ണ്ണയിക്കുക എന്നുറപ്പാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപന്‍ തന്നെയായിരിക്കും. മുസ്ലിംവോട്ടുകളില്‍ വലിയൊരു ഭാഗം ഇക്കുറിയും ലഭിക്കുക പ്രതാപനായിരിക്കും എന്നുറപ്പ്. അതേസമയം ബിജെപി ആകാംക്ഷയോടെ കാത്തിരിക്കുന്നത് സിപിഐ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന വാര്‍ത്തയെയാണ്. സിപിഐക്കകത്തെ ഗ്രൂപ്പിസം അങ്ങാടിപാട്ടാണല്ലോ. അതിന്റെ ഭാഗമായാണ് മുന്‍മന്ത്രി വി എസ് സുനില്‍ കുമാറിന് കാര്യമായ പദവിയൊന്നും കൊടുക്കാതെയിരിക്കുന്നതെന്നതും പരസ്യമായ രഹസ്യമാണ്. ലോകസഭ.ാ സ്ഥാനാര്‍ത്ഥിയായി മറ്റൊരു മുതിര്‍ന്ന നേതാവിനെ കൊണ്ടുവരാനായിരുന്നു നീക്കം. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ മാറ്റം സുനില്‍ കുമാറിനു അനുകൂലമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. എങ്കില്‍ അതിശക്തമായ പോരാട്ടമാകും നടക്കുക. തമാശയെന്തെന്നുവെച്ചാല്‍ സുനില്‍ കുമാര്‍ തന്നെ വരണമെന്നാണ് ബിജെപിയും ആഗ്രഹിക്കുന്നത് എന്നാണ്. അപ്പോള്‍ പ്രതാപനു ലഭിക്കാനിടയുള്ള കുറെ വോട്ടുകള്‍ സുനില്‍ കുമാറിനു പോകുമെന്നും അതു തങ്ങള്‍ക്കു ഗുണകരമായിരിക്കുമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
സുരേഷ് ഗോപിയുടെ പേരുപറഞ്ഞി്‌ല്ലെങ്കിലും തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ പ്രസംഗം തന്നെയാണ് മോദി നടത്തിയത്. നാരീശക്തി സമ്മേളനമായിരുന്നതിനാല്‍ തന്റെ നേതൃത്വത്തില്‍ നടപ്പാക്കിയെന്നവകാശപ്പെടുന്ന സ്ത്രീ സൗഹൃദ പദ്ധതികളായിരുന്നു കൂടുതല്‍ വിശദീകരിച്ചത് എന്നുമാത്രം. അതേസമയം മോദിയുടെ ഗ്യാരണ്ടി എന്നവകാശപ്പെട്ട, അവയില്‍ പലതും കേരളം മുന്നേ നടപ്പാക്കിയവയാണെന്നതാണ് വസ്തുത. സ്വാഭാവികമായും എന്നു നടപ്പാക്കുമെന്നുറപ്പു പറയാനാവാത്ത വനിതാ സംവരണ നിയമത്തിലായിരുന്നു മോദി കൂടുതല്‍ ഊന്നിയത്. ഒപ്പം ഇരുമുന്നണികളേയും ശക്തമായി തന്നെ മോദി അക്രമിച്ചു. കേരളം ഭരിച്ച ഇരുമുന്നണി സര്‍ക്കാരുകളും സ്ത്രീകളെ ദുര്‍ബലരായാണു കണക്കാക്കിയതെന്നാണ് മോദി പറഞ്ഞത്. ഒപ്പം തന്റെ സര്‍ക്കാര്‍ രാജ്യമെങ്ങും നടത്തുന്നു എന്നവകാശപ്പെടുന്ന ഒരുപാട് ക്ഷേമപദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചു. കേരളത്തില്‍ ഇരുമുന്നണികളും ജനങ്ങളെ വഞ്ചിക്കുകയാണ്. ഭരണപക്ഷമെന്നും പ്രതിപക്ഷമെന്നുമുള്ള പേരുകള്‍ മാത്രമാണു വ്യത്യസ്തം. അക്രമം, കുടുംബാധിപത്യം, അഴിമതി തുടങ്ങി ജനങ്ങളെ വഞ്ചിക്കുന്ന വിഷയങ്ങളില്‍ ഇരുകൂട്ടരും ഒന്നിച്ചാണ്. ഇന്ത്യ മുന്നണിയുണ്ടാക്കാന്‍ ഇവരെ പ്രേരിപ്പിച്ചത് ഈ ഐക്യമാണ്. അഴിമതിയും വഞ്ചനയും ആശയമാക്കിയ ഇന്ത്യ മുന്നണിയെ ബി.ജെ.പി. പരാജയപ്പെടുത്തും എന്നിങ്ങനെ പോയി അദ്ദഹത്തിന്റെ പ്രസംഗം. തൃശൂരിലായതിനാല്‍ സ്വാഭാവികമായും പൂരത്തേയും വടക്കുംനാഥനേയും അദ്ദേഹം പരാമര്‍ശിച്ചു. ഒപ്പം ശബരിമലയും. പാവപ്പെട്ടവര്‍ക്കു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണത്തിന്റെ കണക്ക് ചോദിച്ചാല്‍ രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ എതിര്‍ക്കുന്നു മുത്തലാഖ് നിയമവും എടുത്തുപറഞ്ഞു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
സ്തീശക്തി മോദിക്കൊപ്പം എന്നു കേള്‍ക്കുമ്പോള്‍ ചിരിക്കാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക. മോദിയുടെ ജൈത്രയാത്രക്ക് അടിത്തറയിട്ടതുതന്നെ ഗുജറാത്തില്‍ ഗര്‍ഭിണിയുടെ വയറുകീറിയതടക്കമുള്ള അക്രമങ്ങളുടെ അടിത്തറയിലാണ്. ബള്‍ക്കീസ് ബാനുവിനെ ക്രൂരമായി വലിച്ചുകീറിയവര്‍ ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ സ്വീകരണം കൊടുത്തത് ആരാണെ്? ഗൗരി ലങ്കേഷ് എന്നപേരു മറകാകറായിട്ടില്ലല്ലോ. കത്വ, ഹത്രാസ്, ഉന്നാവ തുടങ്ങിയ സ്ഥലനാമങ്ങളോ? ഇന്നത് മണിപ്പൂരിലെത്തിനില്‍ക്കുന്നു. കായിക താരങ്ങളായ മിന്നുമണിക്കും കായിക താരങ്ങളായ പി ടി ഉഷക്കും മിന്നുമണിക്കും ഇടയില്‍ മോദി ഇരിക്കുമ്പോള്‍ സാക്ഷി മാലിക്കിനെ ഓര്‍ക്കുന്നതും സ്വാഭാവികം. കഴിഞ്ഞില്ല. ഇരുപതോളം പ്രമുഖ വ്യക്തികളെ ആദരിച്ചപ്പോള്‍ എന്‍ ഡി എയില്‍ തന്നെയുള്ള സി കെ ജാനുവിനെ എന്തിനാണ് ഒഴിവാക്കിയത്? പാര്‍ലിമെന്റ് മന്ദിര ഉദ്്ഘാടനത്തില്‍ മാത്രമല്ല, ഇപ്പോള്‍ രാമക്ഷേത്ര പ്രതിഷ്ഠയിലും രാഷ്ട്രപതിയെ ഒഴിവാക്കുന്നതോ? സ്ത്രീക്കും ദളിതനും ആദിവാസിക്കുമൊക്കെ ജീവിക്കാനുള്ള അവകാശം പോലും നിഷേധേിക്കുന്ന മനുസ്മൃതിയാണല്ലോ ഇവരുടെ അപ്രഖ്യാപിത ഭരണഘടന. സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍, പാവപ്പെട്ടവര്‍ ഇവരൊക്കെയാണ് നിലവിലെ ജാതികള്‍ എന്നു പറഞ്ഞ മോദി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ക്രൂരമായ ജാതിവ്യവസ്ഥയെ കാണാതിരിക്കുന്നതും വെറുതെയല്ലല്ലോ. ബിജെപിക്ക് ഒരു പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത കുട്ടിമാളു അമ്മ, അക്കാമ്മ ചെറിയാന്‍, റോസമ്മ പുന്നൂസ് തുടങ്ങിയവരെ സ്മരിച്ചത് എന്തിനാണെന്നു മാത്രം മനസ്സിലായില്ല. അതേസമയം ദാക്ഷായണി വേലായുധനെ സ്മരിക്കാതിരുന്നതും ശ്രദ്ധേയമാണ്.
എന്തായാലും കാര്യമായ പ്രഖ്യാപനങ്ങളൊന്നുുമില്ലാതെ മോദിയുടെ ഷോ അവസാനിച്ചു. ആ ഷോയും മോദിയാണ് ഗ്യാരണ്ടി എന്ന വാക്കുകളും മാത്രമായി അതവസാനിക്കാനാണ് സാധ്യത. തുടക്കത്തില്‍ പറഞ്ഞ സാധ്യതകളെല്ലാം ബിജെപി കിനാവു കാണുമ്പോഴും കാലങ്ങളായി എന്തൊക്കെ ഭിന്നതകളുണ്ടെങ്കിലും പൊതുവില്‍ ജനാധിപത്യവംു മതേതരത്വവും മുറുക്കി പിടിക്കുന്ന ഇരുമുന്നണികളേയും പിന്നിലാക്കി കേരളത്തില്‍ തൃശൂരോ മറ്റേതെങ്കിലും മണ്ഡലമോ സ്വന്തമാക്കാന്‍ ബിജെപിക്കാവുമെന്നു കരുതാനുള്ള രാഷ്ട്രീയ സാഹചര്യമൊന്നും ഉരുത്തിരിഞ്ഞിട്ടില്ല. ശരിയാണ്, സാംസ്‌കാരികമായും മാനസികമായുമൊക്കെ സംഘിവല്‍ക്കരിക്കപ്പെടുന്ന ഒരു സംസ്ഥാനം തന്നെയണ് കേരളം. പക്ഷെ തല്‍ക്കാലം അതിനെ രാഷ്ട്രീയ നേട്ടമാക്കാന്‍ ബിജെപിക്കാകുമെന്നു കരുതാവുന്ന അവസ്ഥ ഇപ്പോഴുമില്ല. ശക്തമായ ഇരുമുന്നണി സംവിധാനം അതുവദിക്കില്ല. അതിനാല്‍ തന്നെ തൃശൂര്‍ക്കാരുടെ ഗ്യാരണ്ടി ഇതാണ്. സുരഷ് ഗോപിയുടെ ആഗ്രഹം മലര്‍പൊടിക്കാരന്റെ സ്വപ്‌നം മാത്രമാകും. (അവിശുദ്ധമെന്നു വിശേഷിപ്പിക്കപ്പെടുന്ന ബന്ധങ്ങളൊന്നും ഉണ്ടാകുന്നില്ലെങ്കില്‍…..)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in