ശിവഗിരിയിലെ വി മുരളീധരന്റെ സന്ദര്‍ശനം
എഴുതപ്പെട്ട ഇന്ത്യാ ചരിത്രത്തില്‍ ജാതി വ്യവഹാരത്തിനെതിരെ നടത്തിയിട്ടുള്ള ഏറ്റവും ശക്തമായ ഒരു പ്രതിവ്യവഹാരമായിട്ടാണ് ശ്രീനാരായണ ഗുരുവിന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന വരികള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈഴവ വംശീയതയിലൂടെ പ്രാകൃത ജാതി വികാരത്തെ ഉദ്ധരിച്ച് കേരളത്തിലെ ജാതി രഹിത സാംസ്‌കാരിക രംഗം മലീമസമാക്കുന്ന നടേശനാണ് ശരി, ശ്രീനാരായണന്‍ അല്ല എന്നാണ് ശിവഗിരി മഠം സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.
2013 ല്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത്, ഗുജറാത്ത് വംശീയ കൂട്ടക്കൊലയുടെ ചോരപ്പാടുണങ്ങാത്ത കാലത്ത് ശിവഗിരി സന്ദര്‍ശിക്കുവാന്‍ അനുമതി ലഭിക്കുകയും ശ്രീനാരായണ ഗുരുവിന്റെ സമാധിസ്ഥലത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇരുട്ടു പരത്തുകയും ചെയ്തത് കേരളം മറന്നിട്ടില്ല. സംഘപരിവാര്‍ സഹയാത്രികരായ ഒരു വിഭാഗം സന്യാസിമാരുടെ ഗൂഢനീക്കത്തിലൂടെയാണ് മോദിക്ക് സന്ദര്‍ശനം സാധ്യമായത് എന്ന് അന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
വര്‍ക്കലയിലും പരിസര പ്രദേശങ്ങളിലും കടുത്ത പ്രതിഷേധവുമായി ബഹുജനങ്ങള്‍ പരിപാടിയില്‍നിന്ന് വിട്ടുനിന്നപ്പോള്‍, വിദൂര പ്രദേശങ്ങളില്‍ നിന്നു പോലും സംഘപരിവാര്‍ പ്രവര്‍ത്തകരെ എത്തിച്ച് അന്ന് ശിവഗിരിയെ കാവിപ്പിടിയിലമര്‍ത്തിയിരുന്നു. പിന്നീട് പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി 2015 ഡിസംബര്‍ 15ന് ശിവഗിരി മഠം സന്ദര്ശിച്ചപ്പോള്‍ യാതൊരു പ്രതികരണവും സാംസ്‌കാരിക കേരളത്തില്‍ നിന്ന് ഉണ്ടായില്ല. ഡിസംബര്‍ 2023 ന് ശിവഗിരി 91ാം തീര്‍ത്ഥാടന പരിപാടി ഉദ്ഘാടനം ചെയ്യാന്‍ സംഘപരിവാര്‍ മന്ത്രിസഭയിലെ സഹമന്ത്രിയായ വി മുരളീധരന്‍ എത്തിച്ചേര്‍ന്നപ്പോഴും അത്തരത്തില്‍ ഒരു പ്രതിഷേധവും ഉണ്ടായില്ല.
‘ബ്രിട്ടീഷുകാര്‍ ഇല്ലായിരുന്നുവെങ്കില്‍ തനിക്ക് ശംബൂകന്റെ ഗതി വരുമായിരുന്നു’ എന്നു പറഞ്ഞ് ബ്രാഹ്മണ്യ സനാതന പ്രത്യയ ശാസ്ത്രത്തിന്റെ ഭീകരതയെ ഓര്‍മിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കാണ്, ശിവഗിരി മഠത്തിലെ ആശയ കച്ചവടത്തിന്റെ പണ്ഡിത പടനായകര്‍ ഗുരു ദര്‍ശനങ്ങളുടെ കുഴിമാടം തോണ്ടുന്ന പ്രത്യയശാസ്ത്രത്തിന്റെയും അതിന്റെ ഭരണകൂടത്തിന്റെയും പ്രതിനിധിയെ തീര്‍ത്ഥാടന ഉദ്ഘാടനത്തിനായി ആനയിച്ചിരിക്കുന്നത്.
ശ്രീനാരായണ ധര്‍മമീമാംസാ പരിഷത്തിന്റെ കനക ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിനാണ് മോദിയെ ക്ഷണിച്ചുവരുത്തിയത്. പ്രത്യേക വിമാനത്തിലാണ് മോദി എത്തിയത്. വര്‍ക്കല പരിസരം മുഴുവന്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഗുജറാത്തിലെ ഉന്നത പൊലീസ് മേധാവികളുടെ നേതൃത്വത്തിലുള്ള സംഘം ശിവഗിരിയിലും പരിസരങ്ങളിലും തമ്പടിച്ചിരുന്നു. ഇസെഡ് പ്ലസ് കാറ്റഗറിയില്‍പ്പെട്ടതിനാല്‍ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് കമാന്‍ഡോകള്‍ ഏര്‍പ്പെടുത്തിയ സുരക്ഷയ്ക്ക് പുറമെയാണിവയെല്ലാം. വന്‍തോതില്‍ ഉള്ള ബിജെപി കാവിപ്പടയായിരുന്നു അന്ന് ശിവഗിരി മുഴുവന്‍. കണ്ടാല്‍ ബിജെപി സമ്മേളനം ആണെന്ന് തോന്നും വിധം പതാകയുമേന്തിയാണ് വിവിധ ഭാഗങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ എത്തിയിരുന്നത്.
വേദിയില്‍ ശ്രീനാരായണ ഗീതങ്ങള്‍ ആലപിക്കുമ്പോള്‍ പോലും അന്തരീക്ഷത്തില്‍ ‘ഭാരത് മാതാ കീജയ്, വന്ദേമാതരം’ തുടങ്ങിയ മുദ്രാവാക്യ അട്ടഹാസങ്ങള്‍ പോലും അലയടിച്ചു. സ്വാഗത പ്രാസംഗികനുള്‍പ്പെടെ നരേന്ദ്രമോദിയുടെ പേരുപറയുമ്പോള്‍ കൈയടിച്ചും മറ്റും ആരവം മുഴക്കിക്കൊണ്ടിരുന്നു. അധ്യക്ഷനായിരുന്ന സ്വാമി പ്രകാശാനന്ദ നിശ്ശബ്ദത പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഭയാനകമായ ബഹളം തുടര്‍ന്നു. വേദിയില്‍ മുഴങ്ങിയ ശ്രീനാരായണ സ്തുതി ഏറ്റുചൊല്ലാന്‍ പോലും വിരലിലെണ്ണാവുന്ന ശ്രീനാരായണീയര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
അതിശക്തമായ പ്രതിഷേധമാണ് മോഡിയുടെ ശിവഗിരി സന്ദര്‍ശനത്തിനെതിരെ നാടെങ്ങും ഉയര്‍ന്നത്. ശിവഗിരിയുടെ മതേതര ജാതിരഹിത പവിത്രത തകര്‍ക്കുന്ന നടപടിക്കെതിരെ വിദ്യാര്‍ഥികളും യുവജനങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങി. എന്നാല്‍ സവര്‍ക്കറൈസേഷന്റെ ഭരണകൂട പ്രതിരൂപമായ വി മുരളീധരനെ തീര്‍ത്ഥാടന ഉദ്ഘാടനത്തിന് ക്ഷണിക്കുമ്പോള്‍ ശ്രീനാരായണ മനുഷ്യ ധര്‍മ്മവാദത്തിന്റെ മുഖം മൂടിക്കുള്ളില്‍ ഇരുന്ന് സനാതന ഭീകരതയുടെയും, സവര്‍ണ്ണ ഹിന്ദുത്വ അപരാധ കര്‍മ്മങ്ങളുടെയും ഉച്ചഭാഷിണികളായിത്തീരുന്ന ‘ശിവഗിരി മഠാധിപന്മാരെ’ യാണ് നാം കാണുന്നത്. ശ്രീനാരായണ ഗുരുദര്‍ശനത്തിന്റെ വരം ലഭിച്ചവര്‍ എന്ന് അവകാശപ്പെടുന്ന, സ്വയം പ്രഖ്യാപിത സാമൂഹ്യ സംഘടനകളോ ബുദ്ധിജീവികളോ ഇതിനെതിരെ ഒരു പ്രതികരണമോ പ്രക്ഷോഭമോ നടത്തിയില്ല.
സംഘപരിവാര്‍ സവര്‍ണ്ണ – കോര്‍പ്പറേറ്റ് അധിനിവേശത്തിന്റെ ചെന്നായക്കൂട്ടങ്ങള്‍ കേരളത്തെ സ്‌നേഹപൂര്‍വ്വം തിന്നുതീര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കാത്തവരല്ല നാം. ചരിത്രത്തില്‍ നടുകുനിപ്പിച്ച്, വാപൊത്തി നിര്‍ത്തിച്ച അധീശ സംസ്‌കൃതിയെയാണ്, കന്നുകാലികളെക്കാള്‍ നീചമായ ജീവിതം അനുവദിക്കപ്പെട്ട പ്രത്യശാസ്ത്രത്തെയാണ് ഗുരുദര്‍ശനത്തിന്റെ അകത്തളങ്ങളിലേക്ക്, അതിന്റെ ആത്മാവിലേക്ക് ചിലര്‍ ആസൂത്രിതമായി ഇറക്കിവിടുന്നത്. അവര്‍ക്ക് അഭിനന്ദന ശുശ്രൂഷ ചെയ്യാന്‍ ഗുരുവിന്റെ പേരും ചരിത്രവും അടയാളങ്ങളും മറയാക്കാന്‍ ഒരു ലജ്ജയും ഭയവും ഇവര്‍ക്ക് തോന്നുന്നില്ല.
ശ്രീനാരായണഗുരു സന്ദേശം കേരളത്തില്‍ പ്രയോഗിക്കാനാണ് വി മുരളീധരന്‍ ആഹ്വാനം ചെയ്യുന്നത്. സത്യത്തില്‍ അതിനര്‍ത്ഥം സംഘപരിവാറില്‍ നിന്ന് പൂര്‍ണ്ണ വിമുക്തമായ കേരളമെന്നാണ്. എന്നാല്‍ ചാത്തന്‍ പുലയനും സാവിത്രി അന്തര്‍ജ്ജനവും എന്നുപറഞ്ഞാല്‍ പൊട്ടിത്തെറിക്കുന്ന ഒരു മതാത്മക ഭാവുകത്വം ഗുരുവിന്റെ പേരില്‍ സൃഷ്ടിച്ച് കേരളത്തെ പല ഉത്തരേന്ത്യന്‍ പ്രദേശങ്ങളേയും പോലെ പശുത്തൊഴുത്തിന് സമാനമാക്കണമെന്നാണ് വി മുരളീധരന്‍ സത്യത്തില്‍ ആഗ്രഹിക്കുന്നത്. അതിനു ശിവഗിരി മഠത്തിലെ ഗുരുഭക്തിയുടെ കപട രൂപങ്ങളായ ക്ലീബ സംന്യാസ വര്‍ഗ്ഗം തനിക്കൊപ്പമുണ്ട് എന്ന ആത്മവിശ്വാസം അയാളുടെ പ്രസംഗകസര്‍ത്തില്‍ കാണാം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
എഴുതപ്പെട്ട ഇന്ത്യാ ചരിത്രത്തില്‍ ജാതി വ്യവഹാരത്തിനെതിരെ നടത്തിയിട്ടുള്ള ഏറ്റവും ശക്തമായ ഒരു പ്രതിവ്യവഹാരമായിട്ടാണ് ശ്രീനാരായണ ഗുരുവിന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന വരികള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈഴവ വംശീയതയിലൂടെ പ്രാകൃത ജാതി വികാരത്തെ ഉദ്ധരിച്ച് കേരളത്തിലെ ജാതി രഹിത സാംസ്‌കാരിക രംഗം മലീമസമാക്കുന്ന നടേശനാണ് ശരി, ശ്രീനാരായണന്‍ അല്ല എന്നാണ് ശിവഗിരി മഠം സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.
ജീവിതത്തില്‍ ദാരുണമായ അപചയത്തിന്റെ മാലിന്യം കുന്നു കൂടുമ്പോള്‍ ആ മാലിന്യ കൂമ്പാരത്തിന്റെ മുകളില്‍ സ്വന്തം സമുദായത്തിന്റെ കൊടി നാട്ടുവാന്‍ ശ്രമിക്കുന്ന നടേശനുപോലും പരസ്യമായി പറയാന്‍ കഴിയാത്ത കാര്യം സ്ഥാപിച്ചെടുക്കാന്‍ ചതുര്‍വര്‍ണ്യ യോജനയുടെ പ്രതിനിധിയായ വി മുരളീധരന് കഴിഞ്ഞിരിക്കുന്നു. ഇന്ത്യ എന്ന ദേശരാഷ്ട്രത്തെ ജാതി-മത- ഗോത്ര-വംശീയതയുടെ ആയുധം കൊണ്ട് വിഘടിപ്പിക്കുവാനും സവര്‍ണ്ണ വംശീയ വാദത്തിന് അഭിമാനകരമായ സിദ്ധാന്തവത്കരണം രൂപപ്പെടുത്തുവാനും കേരളത്തില്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാര്‍ സാംസ്‌കാരിക അധിനിവേശത്തിന് മണ്ണു പാകപ്പെടുത്തി കൊടുക്കു കയാണ് ശിവഗിരി മഠം.
ഇത്തരം ഒരു സംഘടിതവും ആസൂത്രിതവുമായ പ്രതിഗമന (regression)ത്തിന്റെ ചരിത്ര ഘട്ടത്തില്‍, മതനിരപേക്ഷ രാഷ്ട്രീയ നാഗരികതയുടെ കാര്യത്തില്‍ ലോകത്തിന് തന്നെ മാതൃകയായ ഒരു ദേശഘടന (polity)യുള്ള കേരളം, സനാതന ബ്രാഹ്മണ്യ മൂല്യങ്ങള്‍ ശ്രീനാരായണ ധര്‍മ്മ പരിസരത്തില്‍ നിന്നു തന്നെ മുളപ്പിച്ചെടുപ്പിക്കുന്നതിനെതിരെ ശക്തമായ സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രതിരോധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതിലൂടെ മാത്രമേ ആസൂത്രിതമായി ശ്രീനാരായണ ഗുരുവിനെ വൈദിക ബ്രാഹ്മണ്യ ഹിന്ദുത്വത്തിന്റെ ഉന്മാദ ദേശീയ ബോധത്തിന്റെ പ്രതീകമാക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളെ തടയാന്‍ കഴിയൂ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in