
പുനരുത്ഥാനത്തെ നവോത്ഥാനമാക്കുന്ന കാലം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നവോത്ഥാനവും പുനരുത്ഥാനവും തമ്മിലുള്ള വ്യത്യാസം നവോത്ഥാനം പറയുന്നവര്‍ക്ക് പോലും തിരിച്ചറിയാത്ത വിചിത്രകാലമാണിതെന്നു എം.എന്‍.കാരശ്ശേരി. എന്തിനെയാണ് നവോത്ഥാനമെന്നു വിളിക്കുന്നതെന്നും എന്താവശ്യത്തിനാണ് പറയുന്നതെന്നും പറയുന്നവര്‍ക്കൊന്നും തിരിച്ചറിയാനാവുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. വി ടി ഭട്ടതിരിപ്പാടിന്റെ ജീവിതം വിഷയമാക്കി ഇ ഡി ഡേവിസ് രചിച്ച ‘ഇരിക്കപണ്ടം കഥ പറയുന്നു’ എന്ന നാടക കൃതി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂജ വേണ്ടെന്നു വക്കുന്നത് വിപ്ലവമാണ്. സ്ത്രീയോ, ദളിതനോ, ആദിവാസിയോ പൂജ നടത്തിയാലും പൂജയാകും എന്ന് പറയുന്നത് നവോത്ഥാനവും. എന്നാല്‍ പൂജ ബ്രാഹ്മണന്‍ തന്നെ നടത്തണമെന്ന് പറയുന്നത് പുനരുത്ഥാനമാണ്. പുനരുദ്ധാനം എന്ന് പറഞ്ഞാല്‍ മനസിലാക്കാന്‍ എളുപ്പമുണ്ട്. നവോഥാനമെന്ന പേരില്‍ നടക്കുന്നത് അതിനു വിപരീതമായ കാര്യങ്ങളാണ്. ഇപ്പോള്‍ നടക്കുന്നത് പഴമയുടെ വീണ്ടെടുപ്പാണ് – അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രീയപാര്‍ട്ടിക്കാരും സാമുദായിക നേതാക്കളും മാധ്യമങ്ങളുമെല്ലാം പുനരുത്ഥാന നേതാക്കളെ നവോഥാന നേതാക്കളെന്നാണ് വിശേഷിപ്പിക്കുന്നത്. അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ നവോത്ഥാന നേതാക്കളെ മറന്നുകൊണ്ടാണ് കാര്യങ്ങള്‍. വി ടി യും നാരായണ ഗുരുവും ജനിച്ച നാട്ടില്‍ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശനം വേണമെന്ന് പറയുമ്പോള്‍ ഞങ്ങള്‍ക്ക് പ്രവേശനം വേണ്ട എന്ന് പറഞ്ഞു കുലസ്ത്രീകള്‍ പ്രകടനം നടത്തുന്നതിന് അരങ്ങില്‍ നിന്ന് അടുക്കളയിലേക്ക് തിരിച്ചു പോക്കാണെന്ന് കാരശ്ശേരി പരിഹസിച്ചു.
മഹാത്മാ ഗാന്ധി വലിയൊരു സംസ്‌കാരമാണെന്നാണ് വി ടി ഭട്ടത്തിരിപ്പാട് വിശേഷിപ്പിച്ചത്. മൂല്യങ്ങളെയും തുല്യതയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ച് അവബോധം നല്‍കിയ ഗാന്ധിജി എങ്ങനെ ആത്മഹത്യ ചെയ്തു എന്നൊരു ചോദ്യം ഇന്ന് സമൂഹത്തില്‍ വന്നിരിക്കുന്നു. ഇതിനേക്കാള്‍ ഭീകരമായി ചോദ്യം ചോദിക്കാനില്ലെന്ന് കാരശ്ശേരി പറഞ്ഞു.
