യു എസില്‍ വ്യക്തി സ്വാതന്ത്ര്യം ട്രംപിനുമാത്രം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

2016 -ലെ യു.എസ്. തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ, അന്നത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വേച്ഛാധിപത്യ പ്രകടനങ്ങളെ വിമര്‍ശിച്ചവര്‍ അദ്ദേഹത്തെ ‘എല്‍ സെനോര്‍ പ്രെസിടെന്തേ’ (El Senor Presidente) എന്ന് പരിഹാസത്തോടെ വിശേഷിപ്പിക്കാറുണ്ടായിരുന്നു. ട്രംപ് എല്ലായ്‌പ്പോഴും പരമപുച്ഛത്തോടെ അവഹേളിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍/കരീബിയന്‍ രാഷ്ട്രങ്ങളിലെ സ്വേച്ഛാധിപതികളോട് ഇയാളെ താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു ഇരട്ടപ്പേരായിരുന്നു ‘എല്‍ സെനോര്‍ പ്രെസിടെന്തേ.’ സ്വയം ‘കോടിയ്യോ’ (സ്പാനിഷ് ഭാഷയിലെ ‘caudillo,’ ഇംഗ്ലീഷിലെ strong man, warlord, dictator എന്ന് തന്റെ രാഷ്ട്രീയ സ്വത്വത്തെ വിശേഷിപ്പിച്ച സ്‌പെയിനിലെ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ, ചിലിയിലെ ഓഗൂസ്‌റ്റോ പിനോഷെ, പനാമയിലെ മനുവേല്‍ നോറിയേഗാ, അര്‍ജന്റീനയിലെ ഹുവാന്‍ പെറോണ്‍, ഹോര്‍ഹെ വിദേല, ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ റഫായേല്‍ ട്രൂഹിയ്യോ എന്നിങ്ങനെയുള്ള ഏകാധിപതികളോട് ട്രംപിനെ ചേര്‍ത്തുനിര്‍ത്തി പരിഹസിക്കാന്‍ ഉപയോഗിച്ചിരുന്ന പ്രയോഗമായിരുന്നു ഇത്. മറ്റു ചിലര്‍ അഡോള്‍ഫ് ഹിറ്റ്‌ലറിനോടും, ഇപ്പോഴത്തെ റഷ്യയിലെ പൂട്ടിനോടും, ഹങ്കറിയിലെ വിക്ടര്‍ ഓര്‍ബന്‍, ടര്‍ക്കിയിലെ എര്‍ദോഗാന്‍ എന്നിവരോടും ട്രംപിനെ താരതമ്യം ചെയ്തിരുന്നു.

എന്നാല്‍ 2024ലെ ട്രംപിന്റെ രണ്ടാമത്തെ പ്രസിഡന്‍സിയോടെ കളിയും ചിരിയും വളരെ പെട്ടെന്ന് തന്നെ ഭാവം മാറി കാര്യമായി തീര്‍ന്ന് അമേരിക്ക പൂര്‍ണ്ണമായും ഒരു സ്വേച്ഛാധിപത്യത്തിലേക്ക് സ്വമേധയാ വഴുതിവീണിരിക്കുന്നു എന്ന് തന്നെ പറയാം. അമേരിക്കന്‍ സംസ്‌കാരത്തിന്റെ, അമേരിക്കന്‍ സമൂഹത്തിന്റെ മുഖമുദ്ര എന്നുതന്നെ പറയാവുന്ന individualism-വ്യക്തിത്വം, വ്യക്തി സ്വാതന്ത്ര്യം-എന്നീ മൂല്യങ്ങള്‍ ഇപ്പോള്‍ ഒരൊറ്റ വ്യക്തിയില്‍ മാത്രം-ട്രംപില്‍ മാത്രം ഉള്‍ക്കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യമായി ചുരുങ്ങിയിരിക്കുന്നു. ട്രംപിന്റെ വാക്കിന് അമേരിക്കയില്‍ ഇപ്പോള്‍ എതിര്‍വാക്കില്ല. ട്രംപിനെതിരെ വായ തുറന്നാല്‍ മിക്കവാറും ജയിലില്‍ പോകാന്‍ സാധ്യതയുണ്ട്! സ്വേച്ഛാധിപത്യം പുതിയ വാര്‍ത്തയല്ല. പക്ഷെ അമേരിക്കക്കാര്‍ സ്വമനസ്സാലേ, സന്തോഷത്തോടെ സ്വേച്ഛാധിപത്യം സ്വീകരിക്കുന്നത് സമകാലീന രാഷ്ട്രീയത്തില്‍ ജനാധിപത്യത്തിന്റെ ഗുണനിലവാരം കുറയുന്നതിന്റെയും ജനാധിപത്യം ചുരുങ്ങിച്ചുരുങ്ങി ക്ഷയിക്കുന്നതിന്റെയും ദൃഷ്ടാന്തമെന്ന നിലയില്‍ ഒരു മുന്നറിയിപ്പാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സ്വേച്ഛാധിപത്യത്തിലോട്ടുള്ള അമേരിക്കയുടെ വഴുതിവീഴല്‍ ട്രംപിന്റെ ആദ്യത്തെ പ്രസിഡന്‍സിയില്‍ തുടങ്ങിയെന്നാണ് ജനാധിപത്യ മൂല്യങ്ങള്‍ ക്ഷയിക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന സ്വീഡനിലെ ഗോട്ടെന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി പറയുന്നത്. ട്രംപിന് മുന്‍പുള്ള റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാരെയും ഡെമോക്രാറ്റിക് പ്രസിഡന്റുമാരെയും അവരുടെ കക്ഷിരാഷ്ട്രീയ മൂല്യങ്ങളെയും വെച്ചുനോക്കുമ്പോള്‍, അമേരിക്കയും യൂറോപ്പിലെ മുന്‍ മധ്യവലതുപക്ഷ (center right) ഭരണകൂടങ്ങളും തമ്മിലുണ്ടായിരുന്ന തുല്യതകളേക്കാള്‍, ഇപ്പോള്‍ അമേരിക്കയ്ക്ക് താദാത്മ്യം ഉള്ളത് സ്വേച്ഛാധിപത്യ സമൂഹങ്ങളിലെ ഭരണകക്ഷികളുമായിട്ടാണ് എന്നാണീ പഠനത്തിന്റെ നിര്‍ണ്ണയം.

നാല് തരം ഭരണകൂടങ്ങളെയാണ് ഗോട്ടെന്‍ബര്‍ഗ് പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്: liberal democracy, electoral democracy, electoral autocracy, closed autocracy. ഇലക്ടറല്‍ ഡെമോക്രസിയില്‍ എക്‌സിക്യൂട്ടീവ് തലത്തിലേക്കുള്ള ബഹുകക്ഷി തിരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും നീതിയുക്തവുമാണ്; വോട്ടവകാശം, അഭിപ്രായ സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം എന്നിവയില്‍ തൃപ്തികരമായ അളവുകള്‍ ഉണ്ടാവും.ലിബറല്‍ ഡെമോക്രസിയില്‍ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ആവശ്യകതകള്‍ നിറവേറ്റപ്പെടുന്നു; എക്‌സിക്യൂട്ടീവ് തലത്തില്‍ ജുഡീഷ്യല്‍, ലെജിസ്ലേറ്റീവ് എന്നീ നിയന്ത്രണങ്ങള്‍ ഉണ്ടാവും; കൂടാതെ പൗരസ്വാതന്ത്ര്യം, നിയമത്തിന് മുന്നിലുള്ള തുല്യത, തുല്യമായ നിയമത്തിന്റെ സംരക്ഷണവും പ്രസക്തമാണ്. ഇലക്ടറല്‍ ഓട്ടോക്രസിയില്‍ എക്‌സിക്യൂട്ടീവ് തലത്തിലുള്ള ബഹുകക്ഷി തിരഞ്ഞെടുപ്പുകള്‍ നിലവിലുണ്ട്; പക്ഷെ ആവിഷ്‌കാര സ്വാതന്ത്ര്യം, കൂട്ടായ്മ, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ തുടങ്ങിയ അടിസ്ഥാന ആവശ്യകതകളുടെ അപര്യാപ്തത ഉണ്ടാവും. ക്ലോസ്ഡ് ഓട്ടോക്രസിയില്‍, ഡിക്‌റ്റേറ്റര്‍ഷിപ്പില്‍, എക്‌സിക്യൂട്ടീവ് തലത്തിലേക്ക് ബഹുകക്ഷി തിരഞ്ഞെടുപ്പുകള്‍ ഉണ്ടാവാറില്ല; ആവിഷ്‌കാര സ്വാതന്ത്ര്യം, സംഘടനാ സ്വാതന്ത്ര്യം, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ തുടങ്ങിയ അടിസ്ഥാന ജനാധിപത്യ ഘടകങ്ങളുടെ അഭാവം പ്രബലവുമായിരിക്കും.

2024 ലെ കണക്കുകള്‍ അനുസരിച്ച്, ലോകത്ത് ഇപ്പോള്‍ 88 ജനാധിപത്യ രാജ്യങ്ങളുണ്ട് (ലിബറല്‍, ഇലക്ടറല്‍); 91 സ്വേച്ഛാധിപത്യ രാജ്യങ്ങളുമുണ്ട് (തിരഞ്ഞെടുപ്പ് ഉള്ളവ, അടച്ചുപൂട്ടിയവ). ഈ നമ്പറുകള്‍ 2023 നേക്കാള്‍ പൂര്‍ണ്ണമായ ഒരു വിപരീത പ്രവണതയാണ് കാണിക്കുന്നത്. ലിബറല്‍ ജനാധിപത്യ രാജ്യങ്ങള്‍ ആണ് ലോകത്തിലെ ഇപ്പോള്‍ ഏറ്റവും ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഭരണകൂട മാതൃക. 2024 ല്‍ ആകെ 29 എണ്ണം മാത്രമാണുള്ളത്. ലോകത്തിലെ ആകെയുള്ള ജനസംഖ്യ വെച്ച് നോക്കുമ്പോള്‍ വെറും 12% ല്‍ താഴെയാണ്, വെറും 0.9 ബില്യണ്‍ നിവാസികള്‍ ആണ് ലിബറല്‍ ഡെമോക്രാറ്റിക് രാഷ്ട്രങ്ങളില്‍ കഴിയുന്നവര്‍. കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന കണക്കാണിത്. 2024 അവസാനത്തോടെ ലോക ജനസംഖ്യയുടെ 17% മാത്രമേ തിരഞ്ഞെടുപ്പ് ജനാധിപത്യ രാജ്യങ്ങള്‍ പിന്തുടരുന്നുള്ളൂ.

ലോകജനസംഖ്യയുടെ 46%, അതായത് 3.7 ബില്യണ്‍ നിവാസികള്‍, തിരഞ്ഞെടുപ്പ് ഉള്ള സ്വേച്ഛാധിപത്യത്തിലാണ് ജീവിക്കുന്നത്. വലിയ ജനസംഖ്യയുള്ള, മുഴുവന്‍ അടച്ചുപൂട്ടിയ സ്വേച്ഛാധിപത്യ രാജ്യങ്ങളാണ് ചൈന, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നിവ. ലോകജനസംഖ്യയുടെ 26%, അതായത് 2.1 ബില്യണ്‍ ആളുകള്‍ ഈ ഭരണകൂടത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ ലോകത്തിലെ 4 പേരില്‍ ഏകദേശം 3 പേര്‍ 72% സ്വേച്ഛാധിപത്യ രാജ്യങ്ങളിലാണ് ജീവിക്കുന്നത്.

ഈ നാല് തരത്തിലുള്ള ഭരണകൂടങ്ങളിനുള്ളില്‍ നിന്നുള്ള രണ്ടു തരം രാഷ്ട്രീയ- സാമൂഹ്യ-മാധ്യമ പ്രയാണങ്ങളാണ് ജനാധിപത്യവല്‍ക്കരണവും സ്വേച്ഛാധിപത്യവല്‍ക്കരണവും. ജനാധിപത്യവല്‍ക്കരണം എന്നാല്‍ ഒരു രാജ്യം കൂടുതല്‍ ജനാധിപത്യത്തിലേക്ക് നീങ്ങുന്നു എന്നാണ്, രാഷ്ട്രത്തിന്റെ തുടക്കം പരിഗണിക്കാതെ തന്നെ. ജനാധിപത്യവല്‍ക്കരണം ഒരു സ്വേച്ഛാധിപത്യത്തിന്റെ ഉദാരവല്‍ക്കരണം ആയി ഉത്ഭവിക്കാം. അല്ലെങ്കില്‍ ഒരു ജനാധിപത്യത്തിന്റെ ആഴംകൂട്ടലായി ആരംഭിക്കാം. സ്വേച്ഛാധിപത്യവല്‍ക്കരണം ഇതിന്റെ വിപരീതമാണ്. സ്വേച്ഛാധിപത്യവല്‍ക്കരണം ഒരു ജനാധിപത്യത്തിന്റെ ‘പിന്നോട്ട് മാറല്‍’ ആയി ആരംഭിക്കാം. അല്ലെങ്കില്‍ ഒരു സ്വേച്ഛാധിപത്യത്തിന്റെ റിഗ്രഷന്‍ ആയി പരിണമിക്കാം. അമേരിക്കയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഇത്തരത്തിലൊരു ‘റിഗ്രെഷന്‍’ആണ്. ഇത് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുദ്രാവാക്യത്തില്‍ തന്നെ കേള്‍ക്കാം: Make America Great Again. Again എന്ന വാക്ക് മുന്നോട്ടു പോകുന്നു എന്ന ഭാവേന ഉള്ള ഒരു ഒരു പിന്നോട്ടുനോക്കലാണ്.

സ്വേച്ഛാധിപത്യവല്‍ക്കരിക്കപ്പെട്ട 25ലധികം രാജ്യങ്ങളില്‍ മാധ്യമങ്ങളുടെ സെന്‍സര്‍ഷിപ്പും അടിച്ചമര്‍ത്തലും വര്‍ദ്ധിക്കുകയും അക്കാദമിക് സ്വാതന്ത്ര്യം കുറയുകയും ചെയ്യുന്നു. 2025ല്‍ ട്രംപിന്റെ അമേരിക്കയില്‍ മാധ്യമ സ്വാതന്ത്ര്യം ഇല്ലെന്ന് തന്നെ പറയാം. ചേരി തിരിഞ്ഞുള്ള തികച്ചും ധ്രുവീകരണപ്പെട്ട വാര്‍ത്താ മാധ്യമ പ്രതിസന്ധിയാണിവിടെ ഇപ്പോള്‍. സത്യമെന്ത്, കള്ളമെന്ത് എന്ന് മനസ്സിലാക്കാന്‍ വിഷമമുണ്ട്. വിശ്വാസം നശിച്ച നാടാണ് അമേരിക്ക. അല്ലെങ്കില്‍ ട്രംപില്‍ വിശ്വസിക്കാം.

സ്വേച്ഛാധിപത്യവല്‍ക്കരിക്കപ്പെട്ട രാജ്യങ്ങളില്‍ സിവില്‍ സെര്‍വീസസ് ഓര്‍ഗനൈസഷന്‍സ് (CSO) അതായത് പൗരന്മാരുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സംരംഭങ്ങളും അഡ്വക്കസിയും നടത്തുന്ന കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍, എന്‍ജിഒ കള്‍ (NGO), തൊഴിലാളി യൂണിയനുകള്‍, തദ്ദേശീയ ഗ്രൂപ്പുകള്‍, ചാരിറ്റബിള്‍ സംഘടനകള്‍, വിശ്വാസാധിഷ്ഠിത സംഘടനകള്‍, പ്രൊഫഷണല്‍ അസോസിയേഷനുകള്‍, ഫൗണ്ടേഷനുകള്‍ എന്നിവ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കപ്പെടുകയും പൊളിച്ചു മാറ്റപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യപ്പെടുന്നു. ഒരു ചെറിയ ഉദാഹരണം മാത്രം മതി ഇത് മനസ്സിലാക്കാന്‍: ട്രംപിന്റെ രണ്ടാമത്തെ പ്രസിഡന്‍സി തുടങ്ങിയതിനുശേഷം വൈറ്റ്ഹൗസ് വെബ്‌സൈറ്റില്‍ നിന്നും അമേരിക്കന്‍ സൈന്‍ ലാംഗ്വേജ് (ASL)-കേള്‍വിയില്ലാത്തവര്‍ക്ക് സംഭാഷണം മനസ്സിലാക്കാനുള്ള ആംഗ്യഭാഷ- ഈ disabiltiy accommodation എടുത്തു മാറ്റിക്കഴിഞ്ഞു. പിരിച്ചുവിടപ്പെട്ട പതിനായിരക്കണക്കിന് അമേരിക്കന്‍ തൊഴിലാളികള്‍ ജനാധിപത്യത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായി സാമൂഹ്യ സേവനം ചെയ്തിരുന്നവരാണ്. ഇവര്‍ വൃദ്ധസൈനികര്‍ക്കുള്ള ആരോഗ്യസേവനം ചെയ്യുന്നവര്‍ മുതല്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സൗജന്യമായി ഭക്ഷണം കൊടുക്കന്നവര്‍, അമേരിക്കയിലെ നൂറുകണക്കിന് നാഷണല്‍ പാര്‍ക്കുകളുടെ മേല്‍നോട്ടം വഹിക്കുന്നവര്‍ വരെ ഉള്‍പ്പെടുന്നു.

അക്കാദമിക്-സാംസ്‌കാരിക സ്വാതന്ത്ര്യം, ചര്‍ച്ചാ സ്വാതന്ത്ര്യം എന്നിവ സ്വേച്ഛാധിപത്യ ഭരണാധികാരികള്‍ ആക്രമിക്കുന്ന സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു. അമേരിക്കയിലെ ഒരു പഠനകേന്ദ്രത്തിലും സാംസ്‌കാരിക/ആവിഷ്‌കാര/ചര്‍ച്ചാ സ്വാതന്ത്ര്യം ഇല്ല എന്നു തന്നെ പറയാം. ഈയടുത്ത കാലത്ത് ഗാസയിലെ യുദ്ധത്തിനെതിരായി സംസാരിച്ച മഹ്മൂദ് ഖലീല്‍ എന്ന പലസ്തീനി പിഎച്ച് ഡി സ്റ്റുഡന്റിനെ ട്രംപിന്റെ ഉത്തരവ് അനുസരിച്ചു അറസ്റ്റു ചെയ്യുകയുണ്ടായി. നിയമപരമായി ഗ്രീന്‍കാര്‍ഡോടെ അമേരിക്കയില്‍ താമസിക്കുന്നയാളാണ് ഖലീല്‍. എട്ടു മാസം ഗര്‍ഭമുള്ള ഭാര്യയുമൊത്ത് കൊളംബിയയില്‍ പഠിക്കുകയാണ്. ഖലീലിനെ അറസ്റ്റുചെയ്തു നാട് കടത്താനുള്ള നിര്‍ദ്ദേശം നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ എന്ത് പഠിക്കാം എന്ത് പഠിപ്പിക്കാം എന്ന് ഇനി മുതല്‍ ട്രംപും അയാളുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും ആണ് തീരുമാനിക്കുന്നത്. ഇന്ത്യയില്‍നിന്നും മറ്റും കൊളംബിയ പോലുള്ള ഐവി ലീഗ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനായി ഇനി മുതല്‍ ഓടിക്കിതച്ചു ആള്‍ക്കാര്‍ വരില്ല എന്ന് വിശ്വസിക്കട്ടെ.

ഇവ കൂടാതെ, തെറ്റായ വിവരങ്ങള്‍, ധ്രുവീകരണം എന്നീ പ്രക്രിയകള്‍ സ്വേച്ഛാധിപത്യവല്‍ക്കരണം ശക്തിപ്പെടുത്തുന്നു. തെറ്റായ വിവരങ്ങള്‍ പറഞ്ഞു പരത്തുക, ചരിത്രം മാറ്റിയെഴുതുക, ജനാധിപത്യ മൂല്യങ്ങള്‍ ആവശ്യപ്പെടുന്ന പൗരന്മാരെ ശത്രുക്കളായി ചിത്രീകരിക്കുക, അവരെ ദേശദ്രോഹികളാക്കി മാധ്യമങ്ങളിലൂടെ അവര്‍ക്കെതിരെ ക്യാമ്പയ്‌നുകള്‍ നടത്തുക, ഒരു രാഷ്ട്രത്തെ മുഴുവന്‍ ധ്രുവീകരിക്കുക എന്നിവ ഇവിടെ നിത്യസംഭവങ്ങളായിക്കഴിഞ്ഞിരിക്കുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്തുകൊണ്ടാണ് അമേരിക്കയില്‍ ഇപ്പോള്‍ ഓട്ടോക്രസിയോട് ഇത്ര അനുഭാവം? പല വിശദീകരണങ്ങളുണ്ട്. ഒന്ന്, അമേരിക്കയുടെ ആദ്യത്തെ കറുത്ത പ്രസിഡന്റായ ഒബാമയുടെ എട്ടു വര്‍ഷത്തെ ഭരണത്തിന് വെളുത്ത വര്‍ഗ്ഗത്തിന്റെ തിരിച്ചടി എന്നൊരു പക്ഷം. വെളുത്ത വര്‍ഗ്ഗക്കാരുടെ അസംതൃപ്തിയുടെ വിജയചിഹ്നമാണ് ട്രംപ് എന്ന വാദം. രണ്ട്, ഡെമോക്രാറ്റുകള്‍ തുടങ്ങിവെച്ച, ക്ലിന്റണ്‍, ഒബാമാ എന്നിവര്‍ പ്രാമാണ്യത്തോടെ അംഗീകരിച്ചു ഒപ്പുവെച്ച ‘മെറിറ്റോക്രസി’ കഴിവിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ആളുകളുടെ സര്‍ക്കാര്‍. ഈ മെറിറ്റോക്രസിയുടെ വളര്‍ച്ചയില്‍ പിന്നോക്കം തള്ളപ്പെട്ട അമേരിക്കയിലെ ബഹുഭൂരിപക്ഷം വെളുത്ത വര്‍ഗ്ഗക്കാരുടെ പ്രതികാരം- ഇത് വേറൊരു പക്ഷം. ഒബാമയുടെ കീഴിലാണ് അമേരിക്ക ശരിക്കും ഒരു ടെക്‌നോക്രസി ആയി പരിണമിച്ചത്. ഈ വളര്‍ച്ചയുടെ സ്വാഭാവികമായ റിഗ്രെഷന്‍ ആണ് ട്രംപിന്റെ ഇലോണ്‍ മസ്‌ക് എന്ന പക്ഷം. അമേരിക്ക ഒരിക്കലും ഒരു ജനാധിപത്യമല്ലായിരുന്നുവെന്നും വര്‍ഗ്ഗാധിഷ്ഠിതമായ അധീശാധികാരത്തിന്റെയും മേല്‍ക്കോയ്മയുടെയും തിരിച്ചുവരവാണിതെന്നും മറ്റൊരു പക്ഷം.

ഹേഗെല്‍ പണ്ട് പറഞ്ഞിട്ടുണ്ടല്ലോ, ‘എല്ലാ മഹത്തായ ലോക ചരിത്ര വസ്തുതകളും വ്യക്തികളും രണ്ടുതവണ പ്രത്യക്ഷപ്പെടുന്നു’ എന്ന്. മാര്‍ക്‌സ് എഴുതിയ അനുബന്ധം ഇങ്ങനെയാണ്, ‘എല്ലാ മഹത്തായ ലോക ചരിത്ര വസ്തുതകളും വ്യക്തികളും രണ്ടുതവണ പ്രത്യക്ഷപ്പെടുന്നു. ആദ്യം ദുരന്തമായി. രണ്ടാമത് പ്രഹസനമായി…’ ട്രംപിനെ അറിഞ്ഞിരുന്നെങ്കില്‍ മാര്‍ക്‌സ് ഒരുപക്ഷെ മറ്റൊരു രൂപാന്തരം കൂടി എഴുതിച്ചേര്‍ക്കുമായിരുന്നു: ‘മൂന്നാമത് ബീഭത്സമായി’ എന്ന്…

(കടപ്പാട് പാഠഭേദം)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply