തമിഴ് നാട് : ഭാഷയിലെ ജീവിതങ്ങള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

എന്റെ സഹപ്രവര്‍ത്തക നാരായണിയുടെ സുഹൃത്തായിരുന്നു ആനന്ദി സൂര്യപ്രകാശം. രണ്ട് പതിറ്റാണ്ട് മുമ്പെപ്പോഴോ ഞാന്‍ അവരെ പരിചയപ്പെട്ടു. ശ്രീലങ്കന്‍ തമിഴ് വംശജയായ അവര്‍ ബിബിസിയുടെ തമിഴ് വിഭാഗത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എല്ലാക്കൊല്ലവും ലണ്ടനില്‍ നിന്നും അവര്‍ ഇന്ത്യയില്‍ വരുമായിരുന്നു. അപ്പോഴൊക്കെ ദില്ലിയില്‍ വന്ന് നാരായണിയെ കാണുമായിരുന്നു. അക്കൂട്ടത്തില്‍, ചിലപ്പോള്‍ ഞാനും അവരെ കണ്ടിരുന്നു.

വലിയ താര പരിവേഷമുണ്ടായിരുന്ന പത്രപ്രവര്‍ത്തകയായിരുന്നു ആനന്ദിയക്ക. ഈഴപ്പോരിന്റെ മൂര്‍ധന്യത്തില്‍ തൊണ്ണൂറുകളിലോ അതിനുമുമ്പോ വടക്കന്‍ ശ്രീലങ്കയിലെ തമിഴ് പ്രദേശത്ത് വന്നിയിലെ കാടുകളിലാണെന്ന് തോന്നുന്നു യുദ്ധഭൂമിയിലെ ഒളിസങ്കേതത്തില്‍വെച്ച് അവര്‍ ബിബിസി തമിഴിനുവേണ്ടി വേലുപിള്ള പ്രഭാകരനെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. സൈക്കിളിന്റെ കരിയര്‍ സീറ്റിലിരുന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് പ്രഭാകരനെ കണ്ടുമുട്ടിയതും മറ്റും അവര്‍ പറഞ്ഞിട്ടുണ്ട്. ഈഴത്തമിഴ് പ്രവാസികളില്‍ മിക്കവരേയും പോലെ ശ്രീലങ്കന്‍ സ്‌റ്റേറ്റിന്റെ കടുത്ത വിമര്‍ശകയും പ്രഭാകരന്റേയും തമിഴ് പുലികളുടേയും ആരാധികയുമായിരുന്നു അവര്‍. തമ്പി എന്നുമാത്രമേ അവര്‍ പ്രഭാകരനെ അഭിസംബോധന ചെയ്ത് പറയുമായിരുന്നുള്ളൂ; പുലിപ്പടയാകട്ടെ ബോയ്‌സും.

രാജീവ്ഗാന്ധിവധം വലിയ അബദ്ധമായിരുന്നുവെന്നും ഇന്ത്യക്കാര്‍ പുലികള്‍ക്ക് മാപ്പു നല്‍കണമെന്നും അവര്‍ പറഞ്ഞിരുന്നു. ജനാധിപത്യം പ്രവര്‍ത്തനത്തില്‍ മാത്രമല്ല ആശയലോകത്തും സ്വാധീനം ചെലുത്തിയിട്ടില്ലാത്ത ഫാസിസ്റ്റ് സംഘടനയല്ലേ പുലിപ്പട എന്ന വിമര്‍ശനം അവര്‍ അവഗണിച്ചുപോന്നു. കടുത്ത അഭിപ്രായ വ്യത്യാസമുള്ളപ്പോഴും പ്രായത്തില്‍ അവരേക്കാള്‍ ഇളപ്പമായ എന്നെപ്പോലുള്ളവരോട് സംവദിക്കാന്‍ താല്പര്യം കാണിച്ചിരുന്നു. നാലാം ഈഴം യുദ്ധത്തിന്റെ (1970 കളുടെ അന്ത്യത്തില്‍ തുടങ്ങി ഒന്നാം ഈഴം യുദ്ധം, രണ്ടാം ഈഴം യുദ്ധം എന്നിങ്ങനെ പറയാറുണ്ട്) അവസാന പാദത്തില്‍ ടെലിഫോണില്‍ വിളിക്കുമായിരുന്നു. കരച്ചിലും പഴിപറച്ചിലും ശപിക്കലുമായി എന്റെ ”മക്കളെ” അവര്‍ കൊല്ലുകയാണ് എന്നവര്‍ അലമുറയിട്ടിരുന്നു. ഇന്ത്യ ഇടപെടണം, നിങ്ങള്‍ക്കൊക്കെ എന്തെങ്കിലും ചെയ്തുകൂടേ എന്നിങ്ങനെ ചോദിക്കുമായിരുന്നു. കരച്ചിലും ശാപവാക്കുകള്‍ക്കും ശേഷം ക്ഷമാപണം നടത്തുകയും ചെയ്യും.

പുലികളുടെ മിലിറ്ററിസ്റ്റിക് രാഷ്ട്രീയ കാഴ്ചപ്പാടിനോട് യോജിക്കാതിരിക്കുമ്പോഴും ഈഴത്തമിഴരുടെ അവകാശങ്ങളോട് അനുഭാവം പുലര്‍ത്തിയിരുന്ന ഞങ്ങളെ ആനന്ദിയക്കയുടെ വിലാപം ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. ദേശീയതയെക്കുറിച്ചും സ്വയം ഭരണാവകാശ സമരങ്ങളെക്കുറിച്ചും അതിന്റെ മിലിറ്ററിസ്റ്റിക് സ്വഭാവത്തെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളില്‍ ആനന്ദിയക്കയെപ്പോലുള്ളവരുടെ നിലപാട് കടന്നുവരുമായിരുന്നു. സ്‌കൂള്‍ കാലം മുതല്‍ കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ ഈഴ വാര്‍ത്തകളില്‍ അഭയാര്‍ത്ഥി പ്രശ്‌നമാണ് മുന്നിട്ട് നിന്നിരുന്നത്. ഭാഷാദേശീയത എന്ന സങ്കല്പത്തിന്റെ ആഴം ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അതില്‍ എത്ര രൂഢമൂലമായിരുന്നുവെന്ന് ഓര്‍ത്തുപോകുന്നു.

നവസാമ്പത്തിക പദ്ധതികളും ആഗോളവല്‍ക്കരണവും ദേശീയതാരാഷ്ട്രീയത്തെ പ്രതിക്കൂട്ടിലാക്കി. മാതമല്ല, സോവിയറ്റ് ചേരിയുടെ പതനം ലിബറല്‍ ജനാധിപത്യത്തിനും അതിന്റെ സ്ഥാപനങ്ങള്‍ക്കും ആശയങ്ങള്‍ക്കും വലിയ പ്രചാരം നല്‍കി. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയം ലോകത്ത് പലയിടത്തും കൈവരിച്ചിരിക്കുന്ന മിലിറ്ററിസ്റ്റിക് മാനം അനാശാസ്യമായി മാറുകയാണ് ഈ കാലഘട്ടത്തില്‍. രാഷ്ട്രീയ സാമ്പത്തിക ആശയങ്ങളെ മുന്‍നിര്‍ത്തിയുള്ള സായുധ സമരങ്ങള്‍ നിയമവിരുദ്ധമായി വ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥയും ഇക്കാലത്തുണ്ടാവുന്നുണ്ട്.

ഈഴത്തമിഴ് ദേശീയത ഈ സന്ദര്‍ഭത്തെ വേണ്ടവിധത്തില്‍ തിരിച്ചറിഞ്ഞുവോ എന്നത് സംശയമാണ്. പുലികളുടെ രാഷ്ട്രീയ നേതൃത്വത്തിന് ഇക്കാര്യത്തില്‍ കുറ്റകരമായ പങ്കുണ്ട്. മാവീരന്‍മാര്‍ക്ക് വെറ്റി വണക്കം നല്കി തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പുലികളെ ആശീര്‍വദിച്ചു പോന്നു. Critical insider മാരുടെ നിയോഗം അവര്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചു.

1970 കളില്‍ ശിവകുമാരന്റെ ആത്മഹത്യയോടെ രൂപംകൊണ്ട ഈഴത്തമിഴ് സായുധസമരം 2000- ത്തോടെ പുലികളുടെ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതൃത്വത്തിന്റെ കീഴിലായി കഴിഞ്ഞിരുന്നു. രാഷ്ട്രീയ സംഘടനയെന്നതിനേക്കാള്‍ ഒരു രാഷ്ട്രീയ കള്‍ട്ട് ആയിരുന്നു എല്‍.ടി.ടി.ഇ. കൊലപാതകമായിരുന്നു എല്ലാ പ്രശ്‌നങ്ങള്‍ക്കും പുലികള്‍ കണ്ട പരിഹാരം. ഈ രാഷ്ട്രീയത്തെ ചോദ്യം ചെയ്ത, ദേശീയതാ പ്രശ്‌നത്തെ അനുകൂലിച്ചുകൊണ്ടിരിക്കെത്തന്നെ ഏതൊരു പ്രവര്‍ത്തകനേയും നേതാവിനേയും ബുദ്ധിജീവിയേയും സംഘടനയേയും ആദ്യാവസരത്തില്‍ തന്നെ ഇല്ലായ്മ ചെയ്യാന്‍ പുലികള്‍ ശുഷ്‌ക്കാന്തി കാണിച്ചിരുന്നു. യാഴ്പ്പാണത്തും (ജാഫ്‌ന) ചാവക്കച്ചേരിയിലും വാവുനിയയിലും ബറ്റിക്കൊലോവയിലും ട്രിങ്കോമാലിയിലും, എന്തിന് കൊളമ്പില്‍ പോലും അവര്‍ ആക്രമണങ്ങള്‍ നടത്തി വിമര്‍ശ സ്വരങ്ങളെ ഉന്മൂലനം ചെയ്തുപോന്നിരുന്നു.

കടല്‍ കടന്ന് രക്ഷപ്പെട്ടവര്‍ക്കാകട്ടെ പ്രവാസി ലോകത്ത് ഒട്ടുമേ സ്വാധീനമുണ്ടായിരുന്നില്ല. ശ്രീലങ്കന്‍-ഇന്ത്യന്‍ സര്‍ക്കാരുകളുടെ കൂടെ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ നിശ്ശബ്ദരാവുക എന്ന് രണ്ട് പോംവഴികള്‍ മാത്രമാണ് അവരുടെ മുമ്പിലുണ്ടായിരുന്നത്. ഇന്ത്യയിലെയും യൂറോപ്പിലെയും തമിഴ് സമൂഹം ഈ പുലിരാഷ്ട്രീയത്തിന്റെ വൈകാരിക ചട്ടക്കൂടിന് സമ്പൂര്‍ണ്ണമായും വിധേയരായിരുന്നു. എതിര്‍ ശബ്ദങ്ങളെ എതിര്‍ത്തും അവഗണിച്ചും അപകീര്‍ത്തിപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമൊക്കെ നിശ്ശബ്ദരാക്കിയപ്പോള്‍ നഷ്ടമായത് ദേശീയതയെക്കുറിച്ച് സര്‍ഗ്ഗാത്മകമായി ചിന്തിക്കുവാനുള്ള സാധ്യതകളായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഭാഷയ്ക്ക് പുറത്ത് ഒരു ദേശീയതാ ജീവിതമുണ്ടോ എന്ന അന്വേഷണം ഈഴത്തമിഴ് രാഷ്ട്രീയം അനുവദിച്ചിരുന്നുവെന്ന് തോന്നുന്നില്ല. മലയാളികള്‍ക്ക് സുപരിചിതനായ കവി രുദ്രമൂര്‍ത്തി ചേരന്‍ എന്നിവരൊക്കെ transnational ദേശീയതയെക്കുറിച്ച് സംസാരിക്കുകയും എഴുതുകയും ചെയ്തത് ഏട് വിട്ട് സംവാദ സ്ഥലങ്ങളിലേക്ക് എത്തിയിരുന്നില്ല. പ്രവാസപ്പണവും പട്ടിണിയുമായി ഈഴംദേശീയത അതിന്റെ ശവക്കോട്ട തേടുകയായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. അസംഖ്യം സമാധാന ചര്‍ച്ചകളും ഫെഡറല്‍ ഉടമ്പടി വാഗ്ദാനങ്ങളും എങ്ങും എത്തിയില്ല. 1980-90 കാലത്ത് യാഴ്പ്പാണത്തും വന്നിയിലും വടക്ക് കിഴക്കന്‍ ശ്രീലങ്കയിലും ആധിപത്യം ലഭിച്ച ‘സുവര്‍ണ’ കാലമായിരുന്നോ ‘തമ്പി’ ആദര്‍ശരാഷ്ട്രമായി കണ്ടിരുന്നത്?

പതിനായിരക്കണക്കിന് സിവിലിയന്‍ ജനതയെ ഏതാണ്ട് ബന്ദികളാക്കിക്കൊണ്ട് 2009 ല്‍ മുള്ളിവൈയ്ക്കല്‍ പ്രദേശത്ത് പുലികള്‍ അന്തിമയുദ്ധത്തിനായി പിന്‍വാങ്ങിയത് ഒരര്‍ത്ഥത്തില്‍ ഒരു കൂട്ട ആത്മഹത്യയ്ക്കായിരുന്നു. അന്തര്‍ദ്ദേശീയ അംഗീകാരം ലഭിച്ചിരുന്നത് കൊണ്ട് എല്ലാത്തരം ആയുധങ്ങളും ലോജിസ്റ്റിക് സഹായങ്ങളും ലഭ്യമായിരുന്നതുകൊണ്ടും ശ്രീലങ്കന്‍ സൈന്യം ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി എന്നാണ് സാക്ഷ്യം.

വര്‍ഷങ്ങള്‍ക്കു ശേഷം മുല്ലൈത്തീവിലെ കായല്‍ക്കരയില്‍ നില്‍ക്കവേ കൂടെയുണ്ടായിരുന്ന വിജിതരന്‍ എന്ന തമിഴ് ചിത്രകാരന്‍ പറഞ്ഞത് ഓര്‍ക്കുന്നത്: യുദ്ധം അവസാനിച്ചപ്പോള്‍ കായല്‍ നിറയെ ശവങ്ങളായിരുന്നു. വിജതരന്റെ കുടുംബവും മുള്ളിവയ്ക്കല്‍മുല്ലൈത്തീവിലേക്ക് പലായനം ചെയ്യപ്പെട്ടവരിലുണ്ടായിരുന്നു. കായല്‍ത്തീരത്ത് വെട്ടുകാളിയമ്മന്‍ കണ്ണകി ക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. ചിലപ്പതികാരത്തില്‍ അനീതി നാടുവാഴുന്നത് കണ്ട് മധുരാനഗരിയെ കത്തിയെരിച്ച കണ്ണകി എവിടെപ്പോയി എന്ന് അറിയാതെ ഓര്‍ത്തുപോയി.

ആനന്ദിയക്ക ഈഴത്തമിഴകത്തിന്റെ തകര്‍ച്ചയോട് ഒരിക്കലും പൊരുത്തപ്പെട്ടിരുന്നില്ല. യുദ്ധം അവസാനിച്ച് കുറേ നാളുകള്‍ക്ക് ശേഷം ആഗോളത്തമിഴരുടെ ഒരു കൂട്ടായ്മ ലണ്ടനില്‍ നടക്കുമ്പോള്‍ ആനന്ദിയക്കയുടെ നിര്‍ബന്ധം കാരണം ഞാനും പങ്കെടുത്തിരുന്നു. പുലികളുടെ പരാജയവുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ഒരുപാടുപേര്‍ അന്നവിടെയുണ്ടായിരുന്നു. എങ്കിലും അവര്‍ എത്ര സംഘടനകളായി വേര്‍തിരിഞ്ഞാണ് സമരം ചെയ്തിരുന്നത് എന്നോര്‍ക്കുമ്പോള്‍ അന്തം വിട്ടുപോകും. റ്റെലോയും പ്ലോട്ടും ഇ.പി.ആര്‍.എല്‍.എഫും ഇ.എന്‍. ഡിഎല്‍.എഫും അങ്ങനെ തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വിഘടിച്ചതുപോലെയായിരുന്നു ഈഴത്തമിഴ് പ്രസ്ഥാനവും. പുതിയ തലമുറയാകട്ടെ തങ്ങളുടെ പുതിയ ഇടത്ത്-യൂറോപ്പ്, ഇംഗ്ലണ്ട്, കാനഡ-എന്നിങ്ങനെ പുതിയ ജീവിതം കരുപ്പിടിപ്പിക്കുന്നു. എങ്കിലും അവരിലൊക്കെ അണയാത്ത ഒരു തീയുണ്ടെന്ന് തോന്നാറുണ്ട്. ഭാഷ ജ്വലിപ്പിച്ചു നില്‍ക്കുന്ന തീ; ഭാഷയെന്ന വികാരം ഭാഷയെന്ന ദേശീയതയായി മാറാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല.

ഫെബ്രുവരിയില്‍ 86-ാമത്തെ വയസ്സില്‍ ആനന്ദിയക്ക മരിച്ചു. ഈഴത്തമിഴ് പ്രവാസി സമൂഹം അവര്‍ക്ക് വലിയ ആദരം നല്‍കി. അക്കയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക ഈ തീയാണ്. വാക്കിലെ തീ, മനസ്സിലെ തീ, ഭാഷയിലെ തീ. ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴുക്ക് എന്ന് വൈരമുത്തു ‘ഇരുവ’രില്‍ എഴുതിയതുപോലെ; എങ്കള്‍ വാഴ്‌വും എങ്കള്‍ വളമും മങ്കാത തമിഴെന്റ് സംഗേ മുഴങ്ക് (ഞങ്ങളുടെ ജീവിതവും സമ്പത്തും തമിഴ് തന്നെ എന്ന് മുഴക്കുക ശംഖേ) എന്ന് ഭാരതിദാസന്‍ പാടിയതുപോലെ.

ഇതൊക്കെ ഇന്നും പ്രസക്തമെന്ന് തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഡിലിമിറ്റേഷനെ ചുറ്റിപൊന്തി വന്നിരിക്കുന്ന രാഷ്ട്രീയം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതിന്റെ ഉറവിടം തമിഴ് നാടാണെന്നും ഊര്‍ജ്ജം ദ്രാവിഡ പ്രസ്ഥാനമാണെന്നതും സ്വാഭാവികം മാത്രം. നവവിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ടാണ് കേന്ദ്ര വിരുദ്ധ രാഷ്ട്രീയത്തിന് ഭാഷാ രാഷ്ട്രീയത്തിന്റെ ആവരണം തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയത്. ത്രിഭാഷാ പദ്ധതിയെന്നത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ/ബിജെപിയുടെ ഗൂഢോദ്ദേശ്യമാണ് എന്ന വിലയിരുത്തലാണ് തമിഴ്‌നാടിന്റേത്. ത്രിഭാഷാ പദ്ധതിയെ അംഗീകരിക്കാത്തതുമൂലം തമിഴ്‌നാടിനുള്ള കേന്ദ്രഗ്രാന്റ് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു വെച്ചതിനെ മുന്‍നിര്‍ത്തിയാണ് ഈ രാഷ്ട്രീയ നയം ഡിഎംകെ സര്‍ക്കാര്‍ അടവുനയമായി സ്വീകരിക്കുന്നത്. അടവുനയം ഡി.എം.കെയുടെ നിലപാടുമായി ചേര്‍ന്നുപോകുന്നു എന്നത് നയത്തെ പ്രാദേശികമായി സ്വീകാര്യമാക്കുന്നുണ്ട്. ഗ്രാന്റ് തടഞ്ഞുവെക്കാന്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു അവകാശവുമില്ല. കാരണം വിദ്യാഭ്യാസം സംസ്ഥാന സര്‍ക്കാരിന്റെ കൂടി അവകാശമാണ്.

ഭാഷയെ മുന്‍നിര്‍ത്തി തമിഴ്‌നാട് തെന്നിന്ത്യന്‍ ഐക്യത്തെപ്പറ്റി സംസാരിക്കുമ്പോള്‍ പറയുന്നത് രാഷ്ട്രീയം തന്നെയാണ്. ഒന്ന്, ഭാഷാ ദേശീയതയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് ഫെഡറല്‍ രാഷ്ട്രീയത്തിന് ഈ നിലപാട് മുന്‍തൂക്കം നല്‍കുന്നുണ്ട്. രണ്ട്, ഡിലിമിറ്റേഷന്‍ മൂലം നഷ്ടമാകാനിടയുള്ള പാര്‍ലമെന്ററി പ്രാതിനിധ്യം ഒഴിവാക്കുക എന്നത് മറ്റൊരു ലക്ഷ്യം. മൂന്ന്, ബിജെപി സ്വീകരിച്ചിരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദല്‍ ഭാഷാ ദേശീയതയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഫെഡറല്‍ കൂട്ടായ്മയാണെന്ന് ഡി.എം.കെ. കരുതുന്നു. നാല്, ഒരിന്ത്യ, ഒരു മതം, ഒരു ഭാഷ, ഒരു പാര്‍ട്ടി, ഒരു ഐഡിയോളജി എന്നിങ്ങനെ നാനാത്വത്തില്‍ ഏകത്വം കണ്ടുപിടിക്കാനുള്ള ബിജെപി രാഷ്ട്രീയത്തിന്റെ, സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ബദല്‍ ഇന്ത്യ എന്നും ഏകത്വത്തില്‍ അടങ്ങിയിരിക്കുന്ന നാനാത്വത്തെ തിരിച്ചറിയലാണ് എന്ന ബോധം ഈ രാഷ്ട്രീയത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

ചെന്നൈയില്‍ രാഷ്ട്രീയ കൂട്ടായ്മ പാസ്സാക്കിയ പ്രമേയത്തില്‍ ഇത് പറയാതെ പറയുന്നുണ്ട്. അഥവാ പ്രമേയത്തിന്റെ രാഷ്ട്രീയ സ്പിരിറ്റ് ഫെഡറല്‍ ഇന്ത്യ എന്ന ഏകത്വത്തില്‍ നാനാത്വത്തെ തേടുന്ന രാഷ്ട്രീയമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറത്ത് വലിയ സാധ്യതകള്‍ തുറന്നു നില്‍ക്കുന്ന നിലപാട് ഏകത്വത്തില്‍ നാനാത്വം എന്ന കാഴ്ചപ്പാട്. അതിന്റെ ഉയിര്‍ശ്വാസം ഭാഷ മണ്ണും മനസ്സും ദേശവുമാകുന്ന രാഷ്ട്രീയമാണ്. ജാതി, മതം, ദേശം എന്നീ സ്വത്വങ്ങള്‍ക്ക് ഉപരിയായി ഭാഷയെ പ്രതിഷ്ഠിക്കുന്നുവെന്നതാണ് ഈ കാഴ്ചപ്പാടിന്റെ പ്രത്യേകത.

മിക്കവാറും ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഈ രാഷ്ട്രീയത്തിന് വേരോട്ടം സാധ്യമാണ്. കാരണം ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ ദേശീയത രൂപം കൊണ്ടതും ശക്തിപ്രാപിച്ചതും ഭാഷാ ദേശീയതയുടെ വികാസം മൂലം തന്നെയാണ്. രണ്ടാമത്തേതാകട്ടെ ഏതാണ്ട് പത്ത് നൂറ്റാണ്ടോളം തുടര്‍ന്നുപോന്ന ഒരു സാമൂഹ്യ പ്രക്രിയയുടേയും സാഹിത്യ പരിശീലനത്തിന്റേയും കാവ്യനിര്‍മ്മാണത്തിന്റെയും സാംസ്‌കാരികമൂല്യത്തെ പിന്‍പറ്റിക്കൊണ്ടാണ് വളര്‍ന്നത്. ഭാഷയ്‌ക്കൊപ്പം സംസ്‌കാരവും ഉല്പാദനവും കൃഷിയും വികസിച്ച ഭൂപ്രദേശത്തൊക്കെ ഭാഷാ ദേശീയത ശക്തിപ്രാപിച്ചു. തമിഴ്‌നാടും കര്‍ണ്ണാടകവും മഹാരാഷ്ട്രയും പഞ്ചാബും ഇങ്ങനെയുള്ള പ്രദേശങ്ങളാണ്. കൃഷിയും ഉല്പാദനവും ഇല്ലാതായ ദേശങ്ങളില്‍ ഇതിന്റെ തീവ്രത വളരെ കുറഞ്ഞുവന്നു, കേരളത്തില്‍ ഭാഷാദേശീയത ശക്തിപ്രാപിക്കാത്തതിന്റെ കാരണം അതിന്റെ തൊഴില്‍മേഖലയുടെ വികാസവുമായി ബന്ധപ്പെട്ടുകിടക്കുന്നു. തമിഴ്‌നാട്ടിലാകട്ടെ അങ്ങനെയല്ല. പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ക്ക് തമിഴ് ദേശീയത ശക്തിപ്രാപിക്കുന്നത് ഭാഷാഭിമാനവുമായി ബന്ധപ്പെട്ടുകൊണ്ടാണ്.

തമിഴ് താത്താ എന്ന് വിളിപ്പേരുള്ള ഉവേ സ്വാമിനാഥയ്യര്‍ സംഘകാലകൃതികള്‍ കണ്ടെടുത്തുകൊണ്ട് അസ്തിവാരമിട്ടതാണ് ഈ ദേശാഭിമാനം. ഭാഷയുടെ പ്രാചീനവും ആഴവും മുന്‍നിര്‍ത്തി പുതിയ ചരിത്രവായനയും നീതിയെക്കുറിച്ചുള്ള ആലോചനകളും-ജാതിവിരുദ്ധ രാഷ്ട്രീയത്തിന്റെ ഒരു ധാര ഭാഷയുമായി ബന്ധപ്പെട്ടുകൊണ്ടാണ്; സംസ്‌കൃതത്തിന് ബദല്‍ തമിഴ് എന്ന് സ്ഥാപിച്ചുകൊണ്ട് ആര്യാധിനിവേശത്തിനും ബ്രാഹ്മണസംസ്‌കാരത്തിന്റെ വരവിനും മുമ്പുള്ള തമിഴകത്ത് ജാതിഭേദം ഇല്ലായിരുന്നുവെന്നുമൊക്കെ വാദിച്ചുകൊണ്ട്- ഇരുപതാം നൂറ്റാണ്ടില്‍ രൂപം കൊള്ളുന്നത്. സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലയേയും ഭാഷാ രാഷ്ട്രീയം സ്വാധീനിക്കുകയുണ്ടായി. ഭാഷയെ അമ്മയായി കണ്ടും ദേശമായി കണ്ടും ആരാധനാമൂര്‍ത്തിയാക്കിയും ഈ ഭാഷാ ദേശീയത ജനമനസ്സില്‍ സ്ഥാനം പിടിക്കുകയുണ്ടായി. (ഈഴത്തമിഴരോടുള്ള സാഹോദര്യത്തിന്റെ അടിസ്ഥാനം ഈ ഭാഷാദേശീയതയാണ്.)

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭാരതി അതിനെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധിപ്പിച്ചു. നീരാറും കടലുടുത്ത നിലമടന്തൈ കെഴിലൊഴുകും എന്ന മനോന്മണീയം സുന്ദരം പിള്ളയുടെ തമിഴ് തായ്‌വാഴ്ത്തില്‍ നിന്നും (സ്‌കൂളുകളില്‍ പ്രാര്‍ത്ഥനാഗീതം തമിഴ് തായ്‌വാഴ്ത്താണ് വന്ദേമാതരമല്ല) ഭാരതിയുടെ ഭാരതവര്‍ണ്ണന (സിന്ധുനദിയിന്‍ മിസൈ നിലവിനിലേ ചേരമനാട്ടിളം പെണ്‍കളുടനെ) യിലേക്കുള്ള യാത്ര തമിഴ് ദേശീയ ഇന്ത്യന്‍ ദേശീയതയുടെ ഭാഗമാകുന്നതിന്റെ കഥ കൂടിയാണ്.

ഭാരതിയില്‍ നിന്നും ഭാരതിദാസനില്‍ എത്തുമ്പോള്‍ തമിഴ്-ദ്രാവിഡ ദേശീയത ഇന്ത്യന്‍ ദേശീയതയില്‍ നിന്നും വിടുതല്‍ പ്രാപിക്കുകയാണ്. തമിഴ് ഭാഷയാകുന്നു പിന്നെ എല്ലാം. ജനപ്രിയ സംസ്‌കാരം ഇതിനെ സിനിമയില്‍ കൂടിയും പാട്ടുകളില്‍ കൂടിയും ഭാഷാദേശീയതയെ ഊട്ടിയുറപ്പിക്കുന്നുണ്ട്. സ്വര്‍ഗ്ഗമേ എന്റാലും അത് നമ്മൂരൈ പോലെ വരുമാ… പല ദേശം മുപ്പുതും പേശും മൊഴികള്‍ തമിഴ്‌പോലെ ഇനിത്തിടുമാ എന്നൊക്കെയുള്ള ഗാനങ്ങള്‍ ഓര്‍മ്മിയില്ലേ? വിജയകാന്തിന്റെ ഒരു സിനിമ ഓര്‍മ്മ വരുന്നു. ഏതോ നഗരത്തില്‍ എല്ലാ അപമാനവും സഹിച്ച് കഴിയുന്ന അയാള്‍ ഉണര്‍ന്നെണീറ്റ് പോരാളിയാകുന്നത് തമിഴ് ഭാഷയെ അന്നാട്ടുകാര്‍ അപമാനിക്കുമ്പോഴാണ്.

സമാനതരത്തിലുള്ള രാഷ്ട്രീയം കര്‍ണ്ണാടകത്തിലും ആന്ധ്രപ്രദേശത്തും (എന്‍ടി രാമറാവുവിന്റെ രാഷ്ട്രീയം ഭാഷാഭിമാനത്തെ ചൊല്ലിയായിരുന്നു) മഹാരാഷ്ട്രയിലുമുണ്ട് പലതും അഭികാമ്യമല്ലാത്ത രീതിയിലാണ് രാഷ്ട്രീയ പ്രവേശനം നേടുന്നത് എങ്കിലും. ഇത് വടക്കേയിന്ത്യന്‍ രാഷ്ട്രീയത്തിന് മനസ്സിലാവുന്ന ഒന്നല്ല. ദേശീയപ്രസ്ഥാനം 1920 കളില്‍ തിരിച്ചറിഞ്ഞ കാര്യമാണെങ്കില്‍ കൂടി 1920ലെ എഐസിസി സമ്മേളനം ഭാഷാദേശീയതകളെ പിന്‍പറ്റി പി.സി.സി. രൂപീകരിക്കാന്‍ തയ്യാറാവുന്നുണ്ട്, പല ഭാഷകളില്‍ ഗാന്ധി ഒപ്പിട്ടു തുടങ്ങുന്നതും ഭാഷാദേശീയതകളെക്കുറിച്ച് ബോധമുണ്ടായിരുന്നതുകൊണ്ടു കൂടിയാവണം. പില്‍ക്കാലത്ത് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെടുകയും പ്രാദേശിക ഭാഷകള്‍ ഭരണഭാഷയുടെ അളവില്‍ രാഷ്ട്രീയ ശേഷി നേടുകയും ചെയ്തു. അസം പ്രക്ഷോഭവും പില്‍ക്കാലത്ത് ബോഡോ രാഷ്ടീയവും പിന്‍പറ്റിയത് ഭാഷാ ദേശീയതയുടെ യുക്തിയാണ്.

തെക്കേയിന്ത്യയില്‍ വളര്‍ന്നുവരുന്ന സംഘപരിവാര്‍ രാഷ്ട്രീയം ഈ ഭാഷാ രാഷ്ട്രീയത്തെ എങ്ങനെ നേരിടുമെന്നത് കണ്ടറിയേണ്ടതാണ്. ചെന്നൈ സമ്മേളനം പുതിയ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ പുതിയ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ തുടക്കമാണ് എന്ന് പറയേണ്ടിയിരിക്കുന്നു.

(കടപ്പാട് – പാഠഭേദം)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “തമിഴ് നാട് : ഭാഷയിലെ ജീവിതങ്ങള്‍

  1. We have to find new ways of defending our nationalism. We should nt give Upanishads to uncreative reading of hindu organizations. It is our collective knowledge bank.

Leave a Reply