ദുരഭിമാനകൊല – അഴിഞ്ഞു വീഴുന്നത് കേരളത്തിന്റെ ദുരഭിമാനവും.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

ഏറെ ചര്‍ച്ചചെയ്യപ്പെട്ട കോട്ടയം മാന്നാനം സ്വദേശി കെവിന്റെത് ദുരഭിമാനകൊലതന്നെയെന്ന  കോടതിയുടെ വിധി കേരളത്തെ കുറിച്ചുള്ള മറ്റൊരു മിഥ്യാഭിമാനത്തെ കൂടി തകര്‍ത്തെറിയുന്നു. കേരളം ജാതിചിന്തയെ മറികടന്നുവെന്നും ഉത്തരേന്ത്യയെപോലെ ദുരഭിമാന കൊലകളൊന്നും ഇവിടെ നടക്കില്ല എന്ന ധാരണയാണ് ഈ സംഭവത്തോടെ ചീട്ടുകൊട്ടാരം പൊലെ തകര്‍ന്നത്. ഇന്നും പ്രത്യക്ഷമായും പരോക്ഷമായും ജാതിയുടെ സ്വാധീനം എത്ര ശക്തമാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. മാത്രമല്ല, ജാതിയുടെ പ്രഭവകേന്ദ്രം ഹിന്ദുമതമാണെങ്കിലും മറ്റു മതങ്ങളും ഒട്ടും മോശമല്ലെന്നും ഈ സംഭവം വ്യക്തമാക്കുന്നു.

കേരളത്തില്‍ നിലനില്‍ക്കുന്ന ജാതി വിവേചനത്തിന്റെയും ജാത്യാഭിമാനത്തിന്റേയും പ്രത്യക്ഷ ഉദാഹരണമായിരുന്നു കെവിന്റെ കൊലപാതകം. കോട്ടയം മാന്നാനത്തുള്ള ദളിത് ക്രൈസ്തവ കുംടുംബത്തിലുള്ള കെവിനും സവര്‍ണ ക്രൈസ്തവ കുടുംബ പരിസരമുള്ള റോമന്‍ കത്തോലിക്ക വിഭാഗത്തില്‍ നിന്നുള്ള നീനുവും തമ്മിലുള്ള പ്രണയവും വിവാഹവുമാണ് കെവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. കെവിനും നീനുവും തമ്മിലുള്ള ബന്ധത്തിന് നീനുവിന്റെ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഉയര്‍ന്ന സാമൂഹിക സാഹചര്യങ്ങളുള്ള നീനുവിന്റെ കുടുംബത്തിനു വേണ്ടി പോലീസും ഒത്തുകളിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും പാര്‍ശ്വവല്കൃത വിഭാഗങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന വിവേചനവും അടിച്ചമര്‍ത്തലുമാണ് ഇത് കാട്ടി തന്നത്.

ഇരുവരുടേയും വിവാഹം രജിസ്റ്റര്‍ ചെയ്തതറിഞ്ഞപ്പോള്‍ നീനുവിന്റെ കുടുംബം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി പോകുകയും അവിടെ നീനുവിന്റെ പിതാവു ചാക്കോയും കുടുംബാംഗങ്ങളും കെവിനെ മര്‍ദിക്കുവാന്‍  ശ്രമിക്കുകയും ചെയ്തു. മാത്രമല്ല സ്റ്റേഷനില്‍ വച്ച് പോലീസിന്റെ സഹായത്തോടെ നീനുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍  ശ്രമിക്കുകയും ചെയ്തിരുന്നു. നിയമപരമായി വിവാഹിതരാണെന്നു രേഖകള്‍ കാണിച്ചിട്ടും അവിടെ നിന്നും നീനുവിനെ പോലീസിന്റെ ഒത്താശയോടെ ഒരു ഹോസ്റ്റലില്‍ മാറ്റി താമസിപ്പിച്ചു. പോലീസ് തുടക്കം മുതല്‍ നീനുവിന്റെ കുടുംബത്തിന്റെ ഭാഗത്തായിരുന്നു.  കുടുംബത്തില്‍ നിന്ന് ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് കാട്ടി ഗാന്ധി നഗര്‍ പോലീസ് സ്റ്റേഷനില്‍ നീനു പരാതി നല്‍കി.  ഭീഷണി നിലനില്ക്കുന്നതുകൊണ്ട് കെവിന്‍ ബന്ധുവീട്ടിലാണ് അതിനുശേഷം താമസിച്ചിരുന്നത്. ഈ ബന്ധുവീട്ടില്‍ നിന്നുമാണ് കെവിനേയും സുഹൃത്ത് അനീഷിനെയും അക്രമി സംഘം തട്ടികൊണ്ട് പോകുന്നത്. 2018, മെയ് 27 നു രാത്രിയായിരുന്നു ഇരുവരേയും നീനുവിന്റെ സഹോദരന്‍ ഷാനുവും ഇഷാന്‍, നിയാസ്, റിയാസ് എന്നീ സുഹൃത്തുക്കളും കൊട്ടേഷന്‍ സംഘവും ചേര്‍ന്ന് തട്ടികൊണ്ടുപോയത്. വീടിന്റെ പിന്‍വശത്തെ വാതില്‍ തകര്‍ത്തു വീട്ടില്‍ കയറിയ അക്രമി സംഘം വടിവാളുകള്‍ വീശിക്കൊണ്ട് ഭീഷണി മുഴക്കിയാണ് തട്ടിക്കൊണ്ടുപോകല്‍ നടത്തിയത്. ബഹളം കേട്ടു അയല്‍ക്കാര്‍ ഓടിയെത്തിയെങ്കിലും ഭയപ്പെട്ടു മാറി നില്‍ക്കുകയായിരുന്നു. ഉടനടി കെവിന്റെ കുടുംബം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയും ചെയ്തു. കെവിനേ തട്ടികൊണ്ട് പോയെന്നും അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അറിയിച്ചിട്ടും കുടുംബത്തെ സ്റ്റേഷനില്‍ നിര്‍ത്തിയതല്ലാതെ ഒരു നടപടിയും പോലീസ് എടുത്തില്ല. പകരം മുഖ്യമന്ത്രിയുടെ പരിപാടിയുമായി ബന്ധപെട്ടു സുരക്ഷയൊരുക്കാനുള്ള തിരക്കാണെന്നു ന്യായീകരണങ്ങളാണ് പോലീസ്  പറഞ്ഞത്.  അക്രമികള്‍ അനീഷിനെ മര്‍ദിച്ചു അവശനാക്കിയതിനു ശേഷം വെറുതെ വി്ടു.  അനീഷും ഗാന്ധി നഗര്‍  സ്റ്റേഷനില്‍ എത്തി കാര്യങ്ങളുടെ ഗൗരവം പൊലീസുകാരെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അനങ്ങാന്‍ കൂട്ടാക്കിയില്ല. അവസാനം സംഭവമറിഞ്ഞു ഹോസ്റ്റലില്‍ താമസിക്കുന്നുണ്ടായിരുന്ന നീനു നേരിട്ട് സ്റ്റേഷനിലേക്ക് വന്നു.  സംഭവം നടന്നെന്നു അറിഞ്ഞ സമയത്തെങ്കിലും കാര്യമായ അന്വേഷണം പോലീസിന്റെ ഭാഗത്തു നിന്നുമുണ്ടായിരുന്നെങ്കില്‍ കെവിന്റെ ജീവന്‍ നഷ്ടപെടുമായിരുന്നില്ല. അതിനുപകരം  ഗാന്ധി നഗര്‍ എസ് ഐ ആയിരുന്ന ഷിബുവും മറ്റുപൊലീസുകാരും അക്രമികളെ തുടക്കം മുതല്‍ പരോക്ഷമായി സഹായിക്കുന്നുണ്ടായിരുന്നു.

സംഭവം അറിഞ്ഞു ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷനില്‍ എത്താന്‍ തുടങ്ങി. തട്ടികൊണ്ടുപോയ വണ്ടിയുടെ നമ്പറും തട്ടിക്കൊണ്ടുപോയവരുടെ നമ്പറും തെന്മല ഭാഗത്തേക്കാണ് തട്ടിക്കൊണ്ടുപോയതെന്നും സ്ഥലമടക്കം അറിയിച്ചിട്ടും അടക്കം പോലീസ് ഈ അനാസ്ഥ കാട്ടിയതു കടുത്ത പ്രതിഷേധത്തിന് ഇരയാക്കി. പോലീസ് സ്റ്റേഷന് മുന്നില്‍ കെവിന്റെ കുടുംബം പ്രതിഷേധിച്ചു. മാധ്യങ്ങളിലും വാര്‍ത്തവന്നു.  ഇതോടെ അന്വേഷണം നടത്താതെ മാര്‍ഗ്ഗമില്ലെന്നു കണ്ട പോലീസ് സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായി. രാത്രിയോടെ കെവിനേ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാറിന്റെ ഉടമസ്ഥനെയും അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന വിശാല്‍ എന്നയാളെയും പോലീസ് അറസ്‌റ് ചെയ്തു. അപ്പോഴും കെവിന്‍ എവിടെയുണ്ട് എന്നതിനെക്കുറിച്ചു പോലീസുകാര്‍ക്ക് ഒരു വിവരവും ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ കെവിന്റെ മൃതദേഹം ചാലിയേക്കര തോടില്‍ കണ്ടെത്തുകയായിരുന്നു. നല്ലതു പോലെ നീന്താനറിയാവുന്ന കെവിന്‍ അരക്കൊപ്പം വെള്ളത്തില്‍ മരിച്ചു കിടന്നു. അനീഷിനെ മര്‍ദിച്ചവശനാക്കി ഓടിച്ച ശേഷം കെവിനെ തോടില്‍ മുക്കി കൊല്ലുകയായിരുന്നു എന്ന് സംശയിക്കപ്പെടുന്നു.

കെവിന്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പരന്നതോടെ ഈ ജാതിക്കൊലപാതകം ദളിത് സമൂഹങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായി. കെവിന്റെ ദളിത് സ്വത്വം തന്നെയാണ് ഈ കൊലപാതകത്തിന്റെ അടിസ്ഥാനപരമായ കാരണം. മറ്റൊരു വിഭാഗത്തില്‍ നിന്നുള്ള ആളുകളും കേരളത്തില്‍ ഈ കാലത്തു പ്രണയത്തിന്റെ പേരില്‍ കൊല്ലപ്പെടുകയില്ലായിരുന്നു. കെവിന്‍ സംഭവത്തിനു മുന്‍പ് മാര്‍ച്ചില്‍ ദളിത് യുവാവുമായി പ്രണയത്തിലായതിനെത്തുടര്‍ന്നു വിവാഹമുറപ്പിച്ച ആതിര എന്ന യുവതിയെ സ്വന്തം സ്വന്തം അച്ഛന്‍ രാജന്‍ വിവാഹത്തിന്റെ തലേന്ന് കുത്തികൊന്നിരുന്നു. പുരോഗമനപരം എന്ന് കരുതുന്ന കേരളത്തിലും ജാതിയുടെ പേരിലുള്ള ദുരഭിമാനക്കൊലകള്‍ വലിയ തരത്തില്‍ ദളിത് സ്വത്വബോധം ഉണര്‍ത്തി.

കെവിന്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് മെയ് 29നു ദളിത് സംഘടനകള്‍ കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി. ചേരമ സാംബവര്‍ ഡെവലപ്‌മെന്റ് സൊസൈറ്റി യു ഡി എഫ്, ബി ജെ പി എന്നീ മുഖ്യധാരാ സംഘാടകളും കെവിന്റെ കൊലപാതകത്തില്‍ ഹര്‍ത്താലിന് ആഹ്വനം ചെയ്തു. ഹര്‍ത്താല്‍ വിജയമായിരുന്നു. ദളിത് വിഷയങ്ങളില്‍ പൊതുവില്‍ ഉണ്ടാകുന്ന മാധ്യമ തിരസ്‌കാരത്തിനു കെവിന്റെ കൊലപാതകത്തില്‍ മാധ്യമങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള പരിപാടികളുമായിട്ടാണ് ദളിത് സംഘടനകള്‍ മുന്നോട്ട് വന്നത്. ക്രിസ്തീയ സമൂഹങ്ങള്‍ക്കുള്ളിലുമുള്ള ജാതി വിവേചനമാണ് ഇത്തരം സംഭവങ്ങള്‍ വെളിവാക്കിത്തന്നത്.

മെയ് 29 ഓടെ മുഖ്യ പ്രതികളായ നീനുവിന്റെ സഹോദരന്‍ ഷാനുവും പിതാവ് ചാക്കോയും കണ്ണൂരിലെ ഒളി സങ്കേതത്തില്‍ നിന്നും അറസ്റ്റിലായി. പ്രത്യേകാന്വേഷണ സംഘമാണ് ഇവരെ അറസ്‌റ് ചെയ്തത്. കേസില്‍ ആകെ 13 പ്രതികളാണ്. വിഷയത്തില്‍ സമൂഹത്തില്‍ കടുത്ത പ്രതിഷേധമുണ്ടായി.  നിയമസഭയില്‍ കെവിന്‍ കേസ് സി ബി ഐ ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മറുപടിയായി വിഷയത്തില്‍ പോലീസുകാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും എന്ന് സര്‍ക്കാര്‍ അറിയിച്ചു.  പോലീസുകാരായ എ എസ ഐ ബിജു,പോലീസ് ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഗാന്ധിനഗര്‍ പോലീസ് കൊലപാതകത്തില്‍ പ്രതികളെ സഹായിച്ചു എന്ന് ഐ ജി വിജയ് സാക്കറെ വെളിപ്പെടുത്തി. എന്നാല്‍  കോട്ടയത്ത് പോലീസ് ജില്ലാ മേധാവി ആയിരുന്ന വി എം മുഹമ്മദ് പ്രതി സാനു ചാക്കോയുടെ ബന്ധുവാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഗാന്ധിനഗര്‍ എ എസ് ഐ ബിജുവിന്റെ അഭിഭാഷകനാണ് ഇക്കാര്യം ഏറ്റുമാനൂര്‍ കോടതിയില്‍ അറിയിച്ചത്. കെവിന്റെ മൃതദേഹം കണ്ടെത്തിയ അന്ന് മുഹമ്മദ് റഫീഖിനെ ജില്ലാ പോലീസ് മേധാവി സ്ഥാനത്തു നിന്നും നീക്കിയിരുന്നു. ആരോപണവിധേയരായ മറ്റുപോലീസുകാര്‍ക്കെതിരേയും അച്ചടക്ക നടപടിയെടുത്തു. പ്രതിഷേധങ്ങള്‍ കൊണ്ടുണ്ടായ വലിയ നേട്ടം തന്നെയാണത്.

കോട്ടയം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പിതാവും സഹോദരനും തന്റെ ഭര്‍ത്താവിനെ കൊല്ലുകയായിരുന്നു എന്നും മരണം വരെ കെവിന്റെ മാതാപിതാക്കളെ താന്‍ സംരക്ഷിക്കുമെന്നും നീനു കോടതിയില്‍ പറഞ്ഞതാണ് കോടതിയെ ഈ നിലപാടിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ചത്. ഇത്തരമൊരു വിധിയെ സ്വാഗതം ചെയ്യുമ്പോഴും നിയമപരമെന്നതിനേക്കാള്‍, തെറ്റായ അവകാശ വാദങ്ങള്‍ മാറ്റിവെച്ച് കേരളീയ സമൂഹത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യമാണ് ഇവിടെ വെളിവാകുന്നത് എന്നംഗീകരിച്ചുള്ള സാമൂഹ്യ ഇടപെടലാണ് അടിയന്തിരമായി വേണ്ടത്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply