ബി സി (ബിഫോര്‍ കൊറോണ) കഴിഞ്ഞു, ഇനി എ സി (ആഫ്ടര്‍ കൊറോണ) കാലം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

പലരും പ്രവചിക്കുന്നതു പോലെ ഇനിയുള്ള കാലം കൊറോണക്ക് മുമ്പുള്ള പഴയ കാലത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും. അതുകൊണ്ടു ചരിത്രത്തെ ബി സി (ബിഫോര്‍ കൊറോണ) എന്നും എസി (ആഫ്ടര്‍ കൊറോണ) എന്നും വേര്‍തിരിക്കാം. എങ്ങനെയായിരിക്കും ഈ പുതിയ കാലം (കോറോണക്ക് ശേഷം) എന്നതിനെ പറ്റി ഇപ്പോള്‍ പ്രവചിക്കുക എളുപ്പമല്ല. എന്നാല്‍ ഇത്രയും കാലത്തെ അനുഭവങ്ങള്‍ വച്ച് കൊണ്ടു ചില സൂചനകള്‍ നമുക്ക് കിട്ടുന്നു. പക്ഷെ അവിടെയും മുന്നേറാന്‍ പല പാതകള്‍ ഉണ്ടാകും. ഇതില്‍ ഏതു നാം തിരഞ്ഞെടുക്കുന്നു എന്നതാണ് പ്രധാനം. നാളിതുവരെ നാം പുലര്‍ത്തിപ്പോന്ന നിരവധി സങ്കല്‍പ്പങ്ങള്‍ ഇവിടെ തകര്‍ന്നു വീണു. ഒരിക്കലും ഒഴിവാക്കാന്‍ കഴിയില്ലെന്ന് വിശ്വസിച്ചിരുന്ന പലതും അത്ര അത്യാവശ്യമാല്ലെന്നു തിരിച്ചറിയുന്നു. സുഖം, സൗകര്യം, സന്തോഷം, സ്വാദ്, സൗന്ദര്യം തുടങ്ങിയവ സംബന്ധിച്ചുള്ള നമ്മുടേ കാഴ്ചപ്പാടുകള്‍ മാറി മറിഞ്ഞിരിക്കുന്നു. ഇതൊക്കെ നേടാന്‍ വേണ്ടിയാണല്ലോ നാം വികസനം എന്ന മുദ്രാവാക്യം നിരന്തരം മുഴക്കിയിരുന്നത്. എന്താണ് വികസനം എന്നത് സംബന്ധിച്ച ഒരു നിര്‍വചനമായത്.

ലോകത്തിലെ രാജ്യങ്ങളെ നമ്മള്‍ വികസിതം, വികസ്വരം, അവികസിതം എന്നിങ്ങനെ മൂന്നായി തിരിച്ചതാണ്. ഇതില്‍ വികസ്വരരാജ്യങ്ങളുടെ ലക്ഷ്യം ഒരു വികസിത രാജ്യമാകുക എന്നതാണല്ലോ. ഇന്ത്യയുടെ ഭരണകര്‍ത്താക്കള്‍ എപ്പോഴും അവകാശപ്പെടുന്നത് തങ്ങള്‍ ഇന്ത്യയെ ഒരു വികസിതരാജ്യമാക്കും എന്നാണ്. അതിന്റെ അപകടസാധ്യതകള്‍ പലവിധത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ഇന്ത്യ ആളോഹരി ഊര്‍ജ ഉപഭോഗത്തില്‍ അമേരിക്ക പോലൊരു വികസിതരാജ്യത്തിനൊപ്പമായെന്നു കരുതുക. അതായത് ഇന്ന് ഇന്ത്യ ഉപയോഗിക്കുന്നതിന്റെ മുപ്പതിരട്ടിയാകും നമ്മുടേ മൊത്തം ഊര്‍ജാവശ്യം. ചൈനയും ഇതിനൊപ്പമായാല്‍ മൊത്തം ആവശ്യം ഇന്നത്തേതിന്റെ നൂറിരട്ടിയോളമാകും. ഇത്രക്കും ഊര്‍ജം ഉത്പാദിപ്പിക്കാന്‍ ഈ ഭൂമിക്കു കഴിയുമോ? അങ്ങനെ കഴിഞ്ഞാല്‍ തന്നെ അതെത്ര വര്‍ഷം? ഈ ഉപഭോഗം സൃഷ്ടിക്കുന്ന ഖര വാതക ദ്രാവകമാലിന്യങ്ങള്‍ താങ്ങാന്‍ ഈ ഭൂമിക്കും അന്തരീക്ഷത്തിനും കഴിയുമോ? ഇങ്ങനെ പല ചോദ്യങ്ങളും ഉണ്ട്.

കാലാവസ്ഥാമാറ്റമടക്കമുള്ള പ്രതിസന്ധികള്‍ നമ്മുടേ മുന്നില്‍ ഉണ്ടല്ലോ.
കൊറോണ ഉയര്‍ത്തുന്ന വിഷയം മറ്റൊന്നാണ്. ഈ വികസിതരാജ്യങ്ങള്‍ മനുഷ്യജീവന് എത്രമാത്രം സുരക്ഷിതമാണ് എന്ന ചോദ്യമാണത്. ജീവന്‍ ഭീഷണിയില്‍ ആണെങ്കില്‍ പിന്നെ സുഖവും സൗകര്യവും സൗന്ദര്യവും സ്വാദും മറ്റും അത്ര പ്രധാനമാകില്ലല്ലോ. വികസിത അമേരിക്കയില്‍ മരിച്ച ഒരു മലയാളിയുടെ ബന്ധു ഇങ്ങനെ ചിന്തിച്ചിരിക്കും, അവര്‍ ഇന്ത്യയില്‍, കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ കേരളത്തില്‍ ആയിരുന്നെങ്കില്‍ ഒരു പക്ഷെ രക്ഷപ്പെടുമായിരുന്നു എന്ന്. അപ്പോള്‍ വികസനം എന്ന വാക്കിന്റെ അര്‍ഥം ഇന്ന് നാം കരുതുന്നത് മാത്രമല്ല എന്ന ചിന്തയെങ്കിലും നമ്മളില്‍ ഉണര്‍ത്താന്‍ ഇത് സഹായകമാകില്ലേ? ഇത് നമ്മുടെ സകല ജീവിതസങ്കല്‍പ്പങ്ങളെയും മാറ്റി മറിക്കാന്‍ പര്യാപ്തമല്ലേ?

വേഗത എന്നതാണല്ലോ വികസനത്തിന്റെ ഒരു മുഖമുദ്ര. പണ്ടു നമുക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നതിന്റെ ആയിരക്കണക്കിന് മടങ്ങ് വേഗതയില്‍ ഇന്ന് യാത്ര ചെയ്യാം. അതൊരു വലിയ നേട്ടമായി നാം കരുതുന്നു. ഗാന്ധിജിയുടെ ഹിന്ദ് സ്വരാജ് എന്ന ഗ്രന്ഥം വായിക്കാത്തവര്‍ വായിക്കണം. 1908ല്‍ എഴുതിയ ആ പുസ്തകത്തില്‍ തീവണ്ടി എന്ന മഹത്തായ വാഹനത്തെപ്പറ്റി ഗാന്ധിജി പറയുന്ന ഒരു കാര്യമുണ്ട്. മനുഷ്യരെയും ചരക്കുകളെയും വേഗത്തില്‍ എത്തിക്കാന്‍ തീവണ്ടി ഗുണകരമാണ് എന്നത് ശരി. പക്ഷെ ഒരു പകര്‍ച്ചവ്യാധി വന്നാല്‍ അതിവേഗത്തില്‍ എല്ലായിടത്തും എത്തിക്കുന്നതിനും തീവണ്ടി കാരണമാകും എന്നും. പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ലോകത്തെ മുഴുവന്‍ ഗ്രസിച്ച സ്പാനിഷ് ഫ്‌ളു എന്നാ മഹാമാരി വന്നപ്പോള്‍ ആദ്യം നിര്‍ത്തി വച്ചത് തീവണ്ടി ഗതാഗതമാണ്. ഇപ്പോള്‍ അത് വളരെ പ്രകടമായിരിക്കുന്നു. കൊറോണ പടര്‍ന്നു പിടിച്ചപ്പോള്‍ ആദ്യം ബാധിച്ചത് നമ്മുടേ ചലനവേഗത്തെയാണ്. നിര്‍ത്തിവച്ചത് തീവണ്ടിയും വിമാനവുമാടക്കമുള്ള യാത്രാസംവിധാനങ്ങളാണ്. ഇങ്ങനെ ഒരവസ്ഥ ആറു മാസം മുമ്പ് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നുവോ?

ലോകത്തെയാകെ വിറപ്പിച്ചു കൊണ്ട് ഒരു കൊച്ചു വൈറസ് കോവിഡ് 19 വിലസുകയാണ്. ഒരു രാജ്യവും ജനസമൂഹവും ഇത് ബാധിക്കാത്തവരായി ഇല്ല. ജീവിതത്തിന്റെ സമസ്ത മേഖലകളെയും അത് നിശ്ചലമാക്കിയിരിക്കുന്നു, ചുരുങ്ങിയത് തളര്‍ത്തിയിരിക്കുന്നു. വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ് ഒരിക്കലും പ്രതീക്ഷിക്കാത്ത വേഗതയിലാണ്. ഈ ബാധ അത്ര മാരകമല്ല എന്നു കണക്കുകള്‍ പറയുന്നു. മറ്റേതൊരു പകര്‍ച്ചവ്യാധിയെക്കാള്‍ കുറവാണിതിന്റെ മരണനിരക്ക്. കേവലം അഞ്ചു ശതമാനം മാത്രം. തന്നെയുമല്ല മരണം സംഭവിക്കുന്നത് ഈ രോഗം മൂലമല്ല മറിച്ച് മാരകാമായ ഒരു രോഗം ഉള്ളവരില്‍ അത് ഗുരുതരമാകുന്നതിനാലാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍, വൃദ്ധരില്‍, കുട്ടികളില്‍ ഒക്കെയാണ് മരണസാധ്യത അധികമുള്ളത്. ഇതു കൊണ്ടൊക്കെ തന്നെ സാര്‍സും എബോളയും മറ്റും പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഉണ്ടായ ജാഗ്രത ഇതില്‍ ഉണ്ടായില്ല. വിശേഷിച്ചും പാശ്ചാത്യരാജ്യങ്ങളില്‍. അതാണ് അവിടത്തെ ഗുരുതരമായ അവസ്ഥക്ക് കാരണമായത്.

ലോകത്തിലെ അതിസമ്പന്നരും വികസിതരുമായ സമൂഹങ്ങളിലാണ് ഇപ്പോള്‍ രോഗബാധയും മരണനിരക്കും ഏറ്റവും ഉയര്‍ന്നിരിക്കുന്നത്. അമേരിക്കയും സ്‌പെയിനും ഇംഗ്ലണ്ടും ഫ്രാന്‍സും ഇറ്റലിയും ജര്‍മനിയും മറ്റുമാണ് ഇതിന്റെ ഭീകരതാണ്ഡവം ഏറ്റവുമധികം അനുഭവിച്ചത്. ചൈനയിലാണ് ഇതിന്റെ ഉത്ഭവം എങ്കിലും അവിടെ വളരെ പെട്ടന്ന് തന്നെ സ്ഥിതിഗതികള്‍ നിയന്ത്രവിധേയമായി എന്നാണ് മനസ്സിലാകുന്നത്. അവിടെ നിലനില്‍ക്കുന്ന സമഗ്രാധിപത്യ ഭരണം വിവരങ്ങള്‍ മറച്ചു പിടിക്കുന്നതാനെന്ന വാദം ഉണ്ട്. പക്ഷെ ഇന്നത്തെ ലോകത്തില്‍ അതത്ര എളുപ്പമല്ല. എന്നാല്‍ സര്‍ക്കാരിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് രോഗവ്യാപനം അടിച്ചമര്‍ത്തിയതാകാം എന്ന വാദം കുറേക്കൂടി വിശ്വസനീയമാണ്. ചൈനക്കെതിരെ അമേരിക്കന്‍ ഭരണകൂടം ശക്തമായി രംഗത്തുവരുന്നുമുണ്ട്. പക്ഷെ ഈ വൈറസ് ആദ്യം കണ്ടെത്തിയ വുഹാനില്‍ പ്രവര്‍ത്തിക്കുന്ന ഒരു വൈറസ് ഗവേഷണകേന്ദ്രത്തിന് അമേരിക്കയുടെ സഹായം ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും നിഷേധിക്കപ്പെട്ടിട്ടില്ല.

ഈ വൈറസിന് ചികിത്സയില്ല. പ്രതിരോധമാരുന്നും കണ്ടെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ഇത് കുറേക്കാലം നമ്മുടെയൊക്കെ ഇടയില്‍ ഉണ്ടാകുമെന്ന് തീര്‍ച്ച. വൈറസ് ബാധ മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു. കൃഷി, വ്യവസായം തുടങ്ങിയ പരമ്പരാഗതമെഖലകളെ മാത്രമല്ല അത് സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും വിശ്വാസങ്ങളെയും ബന്ധങ്ങളെയും സ്ഥാപനങ്ങളെയുമെല്ലാം പുതിയ രീതിയില്‍ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. വരും കാലത്ത് എങ്ങനെയായിരിക്കും നമ്മുടേ കൃഷി? തുറന്ന ആഗോള കമ്പോളത്തെ ലക്ഷ്യം വച്ചാണ് മിക്കപ്പോഴും നാം കൃഷി ചെയ്തിരുന്നത്. പക്ഷെ ഇനി അത് സാധ്യമാകുമോ? ആഗോളവല്‍ക്കരണം ആരംഭിച്ച കാലത്ത് അതിനെക്കുറിച്ച് അരുന്ധതി റോയ് പറഞ്ഞ ഒരു കാര്യമുണ്ട്. ചരക്കുകള്‍ക്കും മൂലധനത്തിനും യാതൊരു തടസ്സവുമില്ലാതെ രാജ്യാതിര്‍ത്തികള്‍ കടക്കാം. പക്ഷെ ഇവ ഉണ്ടാക്കുന്നവരും ഉപയോഗിക്കുന്നവരുമായ മനുഷ്യര്‍ക്ക് അത് സാധിക്കില്ല എന്നതാണ് ഇതിന്റെ വൈരുദ്ധ്യം എന്ന്. ഇതുവരെ നടന്നുകൊണ്ടിരുന്ന ചരക്കുകളുടെ രാജ്യാതിര്‍ത്തി കടന്നുള്ള കൈമാറ്റം ഇനി ഇത് പോലെ ഉണ്ടാകാന്‍ സാധ്യതയില്ല. രാജ്യങ്ങള്‍ തങ്ങളുടെ അതിര്‍ത്തികള്‍ അങ്ങനെ തുറന്നിടില്ല. സംരക്ഷണവാദം ശക്തിപ്പെടും. സംസ്ഥാനങ്ങള്‍ തമ്മില്‍ പോലും കൈമാറ്റങ്ങള്‍ക്ക് പ്രതിസന്ധി ഉണ്ടാകാം. തങ്ങളുടെ ആവശ്യത്തിനുള്ള ഉത്പാദനത്തിന് മുന്‍ഗണന കിട്ടുന്നത് സ്വാഭാവികം. പ്രത്യേകിച്ചും ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍. അങ്ങനെ വരുമ്പോള്‍ ലാഭം മാത്രമായിരിക്കില്ല കൃഷിയുടെ ലക്ഷ്യം. നിലനില്പ് കൂടിയാകും. മുന്നൂറു ശതമാനം വരെ സബ്‌സിഡി നല്‍കി നെല്ലുല്പാദിപ്പിക്കുന്ന ജപ്പാന്‍ ഒറ്റപ്പെട്ട അനുഭവമാകില്ല. കേരളാ സ്വയം പര്യാപ്തമാകണം എന്ന ചിന്ത അല്പമെങ്കിലും ഉയര്‍ന്ന കാലമാണിത്. ഭക്ഷ്യവിളകളുടെ കൃഷിക്ക് പ്രാധാന്യം വരുമ്പോള്‍ അതിനാവശ്യമായ രീതിയില്‍ മണ്ണും വെള്ളവും പരിസ്ഥിതിയും സംരക്ഷിക്കേണ്ടി വരും. നമ്മുടേ വീക്ഷണം തന്നെ മാറുന്നു.

സാമ്പത്തിക മാന്ദ്യമെന്നത് ഒരു പുതിയ കാര്യമല്ല. ഇതിനു മുമ്പ് പലവട്ടം ഉണ്ടായിട്ടുണ്ട്. 1930കളില്‍ മഹാമാന്ദ്യം ഉണ്ടായിട്ടുണ്ട്. കൊറോണ വരുന്നതിനു മുമ്പ് തന്നെ ഒരു വലിയ മാന്ദ്യത്തിലേക്ക് ലോക സമ്പദ് ഘടന വീണു കഴിഞ്ഞിരുന്നു. പക്ഷെ മുമ്പുള്ള അവസ്ഥയല്ല ഇന്നത്തേത്. ഉപഭോഗത്തില്‍ പെട്ടന്നൊരു വര്ധനവുണ്ടാക്കാന്‍ കെയിന്‍സും മറ്റും നിര്‍ദ്ദേശിച്ച പഴയ സൂത്രങ്ങള്‍ ഇന്ന് മതിയാകാതെ വരുന്നു. കാരണം ഇന്നുള്ളത് കേവലം ഒരു സാമ്പത്തിക പ്രതിസന്ധി മാത്രമല്ല. ഒരു നിലക്ക് നോക്കിയാല്‍ ഇതിന്റെ അടിസ്ഥാനം സാമ്പത്തികം അല്ല. മറിച്ച് മനുഷ്യനും പ്രക്രുതിയും തമ്മിലുള്ള ഇടപെടലുകളിലെ അസന്തുലിതാവസ്ഥയാണ്. അത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലും ഉണ്ടായിരിക്കുന്നു. എത്ര പണം ഇറക്കിയാലും ഉപഭോഗം കൂട്ടി സമ്പദ് വ്യവസ്ഥയെ ഇന്ന് രക്ഷിക്കാന്‍ കഴിയില്ല. കാരണം ഇന്ന് വളര്‍ച്ചയുടെ പരിമിതി പണമല്ല, മറിച്ചു പ്രകൃതി തന്നെയാണ്. അതിലെ വിഭവങ്ങളാണ്. അത്യാര്‍ത്തി കൊണ്ടു മനുഷ്യന്‍ നടത്തിയ കൊള്ളകള്‍ അവനു തന്നെ തിരിച്ചടിയാകുന്നു. അത് പ്രളയമായും കൊടുങ്കാറ്റായും വരള്‍ച്ചയായും നമ്മെ തിരിഞ്ഞു കൊത്തുന്നു. കേരളത്തിന്റെ അവസ്ഥ തന്നെ നോക്കുക. നമുക്കിനി വന്‍കിട വികസനപദ്ധതികള്‍ അത്ര എളുപ്പം നടപ്പാക്കാന്‍ കഴിയില്ല. അതില്‍ ഭൂമി, മണ്ണ്, പാറ, വെള്ളം തുടങ്ങിയ വിഭവങ്ങളുടെ ലഭ്യതയും പ്രതിസന്ധികളും പ്രധാനഘടകങ്ങളാകുന്നു. ഒരു പ്രളയത്തിനു തകര്‍ക്കാന്‍ കഴിയുന്നതെയുള്ളു നമ്മുടേ ഏതു വികസനവും എന്ന് നാം തിരിച്ചറിയുന്നു.

ഇതൊക്കെ അറിഞ്ഞില്ലെന്നു ഭാവിച്ചു കൊണ്ടു മഹാവികസനതിന്റെ പാതയിലൂടെ മുന്നോട്ടു പോകാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ചെറുതായിരിക്കില്ല. വിഴിഞ്ഞം എന്ന വിനാശപദ്ധതി ഒന്നാം തരം ഉദാഹരണം. അത് പൂര്‍ത്തിയാക്കുക എളുപ്പമാകില്ല. അതിനേക്കാള്‍ മാരകമായ അതിവേഗ റെയില്‍ എന്ന സില്‍വര്‍ ലൈനും കൊണ്ടു വരിക അസാധ്യമാകും. ഇതിനായി എത്ര തണ്ണീര്‍തടങ്ങള്‍ നികത്തണം, എത്ര കുന്നിടിക്കണം, എത്ര പേരെ കുടിയിറക്കണം, എത്ര പാറമടകള്‍ വേണം.. ഇതിനായി എടുക്കുന്ന ഭീമമായ കടം എങ്ങനെ ആര്‍ തിരിച്ചടക്കും? ഒരു കൊറോണ വന്നപ്പോള്‍ അടച്ചിട്ട കൊച്ചി മെട്രോയുടെ നഷ്ടം എത്ര കാലം കൊണ്ടാണ് ജനങ്ങള്‍ അടച്ചു തീര്‍ക്കുക? അതിന്റെ പത്തു മടങ്ങാകും സില്‍വര്‍ ലൈനിന്റെ കടം. ഇതുപോലെ തന്നെ 45 മീറ്റര്‍ വീതിയില്‍ ഭൂമി എടുത്തു നാലുവരി ദേശീയപാത എന്ന പദ്ധതി. ഇവിടെ കുടിയിറക്കപ്പെടുന്നവര്‍ എവിടെ പോകും? ഉപഭോഗം കുറയ്ക്കുക എന്നത് അനിവാര്യമായ കടമ്പയാണ്. പക്ഷെ അതാര് കുറക്കണം? വിഭവങ്ങള്‍ക്ക് മേല്‍ സമ്പത്തും അധികാരവും കൊണ്ടു ആധിപത്യം സ്ഥാപിച്ചിരിക്കുന്നവര്‍ക്ക് അത് നഷ്ടമാകണം. വിഭവങ്ങളുടെ നീതി പൂര്‍വ്വമായ വിതരണം വേണം.

ജീവിതത്തെ നിലനിര്‍ത്തുന്നത് തൊഴില്‍ ആണല്ലോ. തൊഴില്‍ എന്ന സങ്കല്‍പ്പത്തില്‍ ഉണ്ടായ മാറ്റങ്ങളും പ്രകടമാണ്. യാത്ര തന്നെ ഒരു പ്രധാന തൊഴില്‍ മേഖലയായിരുന്നു. ടൂറിസമടക്കം ഒട്ടനവധി മേഖലകള്‍ക്ക് മേല്‍ വലിയ ചോദ്യചിഹ്നം ഉയര്‍ന്നിരിക്കുന്നു. പലതൊഴിലുകളും ഇല്ലാതാകുന്നതിനോപ്പം പല തൊഴിലുകളുടെയും രൂപം തന്നെ മാറുന്നു. ഈ മാറ്റം വരുമാനത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. എന്നാല്‍ അതോടൊപ്പം നമ്മുടെ വേഷം ഭാഷ, യാത്ര, ഭക്ഷണം, വിശ്രമ, വിദ്യാഭ്യാസം മുതലായവയില്‍ എല്ലാം കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കും. വീട്ടിലിരുന്നു ജോലി ചെയ്യുക എന്നാ രീതി ഐടി അടിസ്ഥാനത്തിലുള്ള പല ജോലികള്‍ക്കും സാധ്യമാണ്. അതുകണ്ടു തന്നെ യാത്ര അനിവാര്യമാല്ലാതക്കുന്നു. വാഹനക്കമ്പോളത്തില്‍ ഇതുണ്ടാക്കുന്ന ആഘാതം ചെറുതാകില്ല. വേഷത്തിന്റെ കാര്യത്തിലും വ്യത്യാസം വരുന്നു. വിദ്യാഭ്യാസം വീട്ടിലിരുന്നാകുന്നതോടെ വലിയ കലാലയങ്ങേളാ സര്‍വ്വകലാശാലകേളാ ആവശ്യമില്ലാതാകുന്നു. അത്തരത്തിലുള്ള വിദ്യാഭ്യാസം ഉത്പാദിപ്പിക്കുന്ന സംസ്‌കാരം എന്തായിരിക്കും എന്ന ചോദ്യമുണ്ട്. ഒരേ അധ്യാപകന് ഒരേ സമയം ആയിരക്കണക്കിന്നു വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാം. അധ്യാപകരുടെ തൊഴില്‍ കാര്യമായി കുറയുന്നു. പരീക്ഷാരീതികള്‍ മാറുന്നു. പക്ഷെ ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ വിദ്യാഭ്യാസത്തിനു പുറത്താകുന്നു.

ലാഭമാണ് ലോകത്തെ ചലിപ്പിക്കുന്നതെന്ന പഴയ മുതലാളിത്ത സമീപനം ഇന്ന് ഏറെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. കൊറോണ മൂലം ഇത് വരെ കൊല്ലപ്പെട്ടിരിക്കുന്നത് മൂന്നു ലക്ഷം പേരാണ്. എന്നാല്‍ മലിനീകരണം മൂലം ഓരോ വര്‍ഷവും ലോകത്ത് 42 ലക്ഷം പേരാണ് കൊല്ലപ്പെടുന്നത്. ഓരോ ദിവസവും അഞ്ചു വയസ്സിനു താഴെയുള്ള 1400 കുട്ടികള്‍ ശുദ്ധജലം കിട്ടാത്തതിനാല്‍ കൊല്ലപ്പെടുന്നു. ഒരു വര്‍ഷം അഞ്ചു ലക്ഷം കുട്ടികള്‍. പക്ഷെ കൊറോണ പൊലെ ഇതൊന്നും ആര്‍ക്കും വാര്‍ത്തയാകുന്നില്ല. ഒറ്റയടിക്കല്ല, ഒരിടത്തല്ല, വികേന്ദ്രീകൃതമായാണ് ഈ മരണങ്ങള്‍ നടക്കുന്നത്. ഭോപ്പാലില്‍ ഒറ്റയടിക്ക് ആയിരങ്ങള്‍ മരിച്ചപ്പോള്‍ പോലും വ്യവസായം സംബന്ധിച്ച നമ്മുടേ വീക്ഷണങ്ങളില്‍ ഒരു മാറ്റവും ഉണ്ടായില്ല. വ്യവസായങ്ങളിലും ഖനനങ്ങളിലും മറ്റും മലിനീകരണം ഇല്ലാത്തതോ കുറഞ്ഞതോ ആയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാല്‍ ഈ മരണങ്ങള്‍ വളരെ കുറയ്ക്കാം. പക്ഷെ അതിനു ആരും ശ്രമിക്കില്ല. കാരണം അങ്ങനെ ചെയ്താല്‍ ചെലവ് കൂടും, ലാഭം കുറയും. അപ്പോള്‍ മനുഷ്യന്റെ ജീവനേക്കാളും പ്രാധാന്യം അഥവാ മുന്‍ഗണന ലാഭത്തിനാകുന്നു. ഇതിനെ ഭരണകൂടമോ രാഷ്ട്രീയ നേതൃത്വങ്ങളോ, എന്തിനു നീതിന്യായ കോടതികളോ പോലും ചോദ്യം ചെയ്യുന്നില്ല. അവിടെ നിയമങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്നു. കാരണം ഇതില്‍ ഇരകളാക്കപ്പെടുന്നവര്‍ സാമൂഹ്യമായി അധികാരത്തില്‍ പങ്കില്ലാത്തവരും ലാഭം കൊയ്യുന്നവര്‍ നേരെ എതിര്‍ വശത്തുള്ളവരുമാണ്. എന്നാല്‍ കൊറോണ ബാധിച്ചവരില്‍ നല്ലൊരു പങ്കും സമൂഹത്തിന്റെ മധ്യ ഉപരി മധ്യവര്‍ഗങ്ങളില്‍ പെട്ടവരാണ്. വികസിത രാജ്യങ്ങളിലെ പ്രജകളാണ്. അതുകൊണ്ടു തന്നെ ഇതൊരു ആഗോളവിഷയമാകുന്നു.

മുതലാളിത്ത ജീവിതക്രമത്തിന്റെ അടിസ്ഥാനമായി പലരും പറയുന്നത് മത്സരാധിഷ്ടിതമാണ് ലോകമെന്നാണ്. ശേഷിയുള്ളവയുടെ അതിജീവനം എന്ന ഡാര്‍വിന്‍ തത്വമാണ് അതിനടിസ്ഥാനം . കൊറോണ ബാധിക്കുന്നവരില്‍ മരണസാധ്യതയുള്ളത് വൃദ്ധര്‍ക്കും രോഗികള്‍ക്കുമാണ് എന്നതിനാല്‍ അതില്‍ വ്യാകുലപ്പെടെണ്ടതില്ല എന്ന് വാദിക്കുന്നവരുടെ നേതാവാണ് ഇന്ന് യു എസ ഭരിക്കുന്ന ട്രംപ്. ശേഷിയില്ലാത്തവര്‍ നിലനില്‍ക്കാന്‍ അര്‍ഹരല്ല എന്നാണവര്‍ പറയുന്നത്. ഈ വാദം തീര്‍ത്തും അശാസ്ത്രീയം മാത്രമല്ല മനുഷ്യത്വ സങ്കല്പത്തിന് തന്നെ വിരുദ്ധവുമാണ്. ഡാര്‍വിന്‍ ഈ തത്വം പറയുന്നത് മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടാകുന്നതിനും വളരെ മുമ്പുള്ള കാലത്തെ കുറിച്ചാണ്. സാമൂഹ്യജീവിയായി മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന, പ്രുകൃതിയിലെ മറ്റു സസ്യജീവജാലങ്ങളെ ആശ്രയിച്ചു മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന മനുഷ്യന് ഇതനുസരിച്ചാണെങ്കില്‍ ഈ ഭൂമിയില്‍ ജീവിക്കാനേ പറ്റില്ല. കാരണം ജന്മനാ ഏറ്റവും ദുര്‍ബലനായ ജീവിയാണ് മനുഷ്യന്‍. സാമൂഹ്യമായ അസ്ഥിത്വം കൊണ്ടു മാത്രം പ്രുകൃതിയുടെ പരിമിതികളെ അതിജീവിക്കുന്ന നമ്മള്‍ അനുസരിക്കേണ്ട തത്വം ഏറ്റവും ശേഷി കുറഞ്ഞവയുടെ അതിജീവനമെന്നതാണ്. നമ്മുടെ വീട്ടില്‍ ഏറ്റവും മുന്തിയ പരിഗണന കൊടുക്കേണ്ടത് ഏറ്റവും ദുര്‍ബലരായവര്‍ക്കാണല്ലോ, വൃദ്ധര്‍, രോഗികള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിങ്ങനെ. മറിച്ച് ശേഷിയുള്ളവര്‍ എടുത്തിട്ടു ബാക്കി ശേഷിയില്ലാത്തവര്‍ക്കെന്ന സമീപനം ആയാല്‍ വീട് ഒരു നാള്‍ പോലും നിലനില്‍ക്കില്ല. ലാഭാധിഷ്ടിതമാണ് ലോകമെന്ന സങ്കല്‍പം ഉള്ളതിനാലാണ് യു എസ പോലുള്ള രാജ്യങ്ങളില്‍ ധാരാളം വിലകൂടിയ യന്ത്രസംവിധാനങ്ങള്‍ ഉണ്ടാകും പക്ഷെ ആരോഗ്യപ്രവര്ത്തകാര്‍ക്ക് പോലും ആവശ്യത്തിനുള്ള രക്ഷാ ഉപകരണങ്ങള്‍ ഉണ്ടാകില്ല. വിലകുറഞ്ഞ മരുന്നുകളും ഉപകരണങ്ങളും ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ ലാഭകരമല്ല.

വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമെന്നു കരുതുന്ന ജനാധിപത്യസമൂഹങ്ങളില്‍ ഇന്ന് നാം കാണുന്നതെന്താണ്? എല്ലാ സ്വാതന്ത്രങ്ങള്‍ക്കുമപ്പുറം പ്രധാനമാണ് ജീവന്റെ നിലനില്‍പ്പ് എന്നതല്ലേ? ഇതിനു വിപരീതമായി ചിന്തിച്ച യുഎസിലും ഇറ്റലിയിലും ഇംഗ്ലണ്ടിലുമെല്ലാം മഹാദുരന്തം ഭീകരമുഖം കാണിക്കുന്നു. പക്ഷെ ഇതിനൊരു മറുവശവും ഉണ്ട്. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഒരു അവസരമാക്കി എടുത്തു നിലവിലുള്ള പരിമിതമായ ജനാധിപത്യാവകാശങ്ങള്‍ പോലും കവര്‍ന്നെടുക്കുന്ന ഭരണ കര്‍ത്താക്കളും ഉണ്ട്. യുദ്ധകാലത്തെന്ന പോലെ ഭരണകൂടം സര്‍വ്വധികാരിയാകുകയും അതിനെ ചോദ്യം ചെയ്യുന്നവര്‍ രാജ്യദ്രോഹികളും രോഗം പടര്‍ത്താന്‍ ശ്രമിക്കുന്നവരും ജനശത്രുക്കളും ആകുന്നു. വിമര്‍ശനം ഇല്ലാതെ വന്നാല്‍ ജനാധിപത്യം ഇല്ല. മൂന്നാം ലോകരാജ്യങ്ങളില്‍ ഈ സാധ്യത വളരെ കൂടുതലാണ്. ഇന്ത്യയും ബ്രസീലുമെല്ലാം നല്‍കുന്ന സൂചനകള്‍ അതാണ്. ജനങ്ങള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയില്ലെന്ന സാഹചര്യം മുതലെടുത്തുകൊണ്ട് പ്രകൃതിവിഭവക്കൊള്ളക്കും ഭൂമി ഏറ്റെടുക്കാനും പരിസ്ഥിതിസംരക്ഷണത്തിന് ഉള്ള നിയന്ത്രണങ്ങള്‍ പോലും ദുര്‍ബലപ്പെടുത്താനും ശ്രമങ്ങള്‍ നടക്കുന്നു.

ഇതൊക്കെ പറയുമ്പോള്‍ പരമ്പരാഗത മാര്‍ക്‌സിസ്റ്റ് ഇടതുപക്ഷക്കാര്‍ ഉന്നയിക്കുന്ന ഒരു വാദമുണ്ട്. ഇതൊക്കെമുതലാളിത്തത്തിന്റെ ദോഷമാണ്. ഞങ്ങള്‍ ഇത് പണ്ടേ പറയുന്നു. നിങ്ങളെപ്പോലുള്ള വലതുപക്ഷക്കാര്‍ (?) മുതലാളിത്തത്തെയും അതിന്റെ പുതിയ രൂപമായ ആഗോളവല്‍ക്കരണത്തെയും ന്യായീകരിക്കുന്നു. 1990കളില്‍ തന്നെ ഇത് സംബന്ധിച്ച വലിയ സംവാദങ്ങള്‍ നടന്നതാണല്ലോ. ഇടതുപക്ഷം ഇതിനെ എതിര്‍ത്തപ്പോള്‍ നിങ്ങള്‍ അവരെ കാലഹരണപ്പെട്ടവര്‍ എന്ന് പരിഹസിച്ചു. സോവിയറ്റ് യുണിയനടക്കമുള്ള കിഴക്കന്‍ ചേരിയുടെ പരാജയത്തില്‍ സന്തോഷിച്ചു. അതുയര്‍ത്തിക്കാട്ടി ഇനി മുതലാളിത്തത്തിന് മാത്രമേ ഭാവിയുള്ളു എന്ന് സ്ഥാപിച്ചു. സര്‍ക്കാര്‍ നിയന്ത്രിത സമ്പദ്വ്യവസ്ഥ എന്നതിനെ നഷ്ടക്കച്ചവടമായി കണ്ടു. പൊതുമേഖല എന്നാല്‍ ജനങ്ങള്‍ക്ക് മേല്‍ നടത്തുന്ന കൊള്ളയായി കണ്ടു. കെഎസ്ആര്‍ടിസിയും സ്വകാര്യബസും താരതമ്യം ചെയ്ത് സ്വകാര്യവല്‍ക്കരണത്തെ ന്യായീകരിച്ചു. സര്‍ക്കാരല്ല കമ്പോളമാണ് നീതിയെന്നും ജനാധിപത്യമെന്നും അതിനു സ്വയം നിയന്ത്രിക്കാന്‍ കഴിയുമെന്നും വാദിച്ചു. പക്ഷെ രണ്ടര പതിറ്റാണ്ടു പിന്നിടുമ്പോള്‍ കോവിഡ് നാടിനെ നിഷ്പ്രഭമാക്കുമ്പോള്‍ തിരിച്ചറിയുക പൊതുമേഖല എന്നത് എന്തിനാണ് എന്ന്. ഇത്തരം ന്യായീകരണങ്ങള്‍ ഇടതുപക്ഷമെന്ന് സ്വയം വിളിക്കുന്നവര്‍ ഉന്നയിക്കുന്നു. പക്ഷെ ഇങ്ങനെ പറയുന്നവരോടൊരു ചോദ്യം മതി വായടപ്പിക്കാന്‍. ഇതേ ആഗോളീകരണം നല്‍കിയ എല്ലാ സുഖ സൌകര്യങ്ങളും സന്തോഷങ്ങളും നിങ്ങള്‍ മറ്റാരെക്കാള്‍ നന്നായി ഉപയോഗിക്കുന്നില്ലേ? ആഗോളീകരണത്തെ എതിര്‍ക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും അതിന്റെ ഏറ്റവും ബീഭത്സമായ രൂപം നാം കാണുന്നത് ചൈനയിലല്ലേ? ഇന്ത്യയില്‍ ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന മുഖ്യധാരക്കാര്‍ ഏതു വിഷയത്തിലാണ് മൂലധന കമ്പോള ശക്തികളെ തടഞ്ഞു നിര്‍ത്തിയത്? ശുദ്ധജലവും ശുദ്ധവായുവും വില്‍ക്കുന്നതിനെ നിങ്ങള്‍ എതിര്‍ക്കുന്നുവോ? മൂലധനം മുന്നോട്ടു വയ്ക്കുന്ന വികസന സങ്കല്‍പം തന്നെയല്ലേ നിങ്ങള്‍ക്കും ഉള്ളത്? അതിവേഗ റയിലും ടോള്‍ റോഡും കൊക്ക കോളയും ഖനനക്കൊള്ളയും അംഗീകരിക്കുന്ന നിങ്ങള്‍ക്ക് എങ്ങനെ മൂലധനശക്തികളെ നേരിടാന്‍ കഴിയും? മൂലധനത്തിന്റെ വാലായി മാറാനും അതിന്റെ ലാഭത്തിനു വേണ്ടി മണ്ണും വെള്ളവും മനുഷ്യനും വില്‍ക്കപ്പെടാനും വഴി വയ്ക്കുന്ന നയങ്ങള്‍ തന്നെയല്ലേ നിങ്ങളും നടപ്പിലാക്കുന്നത്? അപ്പോള്‍ യാന്ത്രിക ഇടതുപക്ഷമെന്ന ബദല്‍ നമ്മുടേ മുന്നില്‍ ഇല്ല. മറിച്ച് ഭൂമിയുടെ നിലനില്‍പ്പിനു, അതുവഴി മനുഷ്യരുടെ നിലനില്‍പ്പിനു സഹായകമാകുന്ന നയങ്ങള്‍ രൂപപ്പെടുത്തി നടപ്പിലാക്കാന്‍ കഴിയുന്ന ഒരു ബദലിനായുള്ള അന്വേഷണമാകട്ടെ കോവിഡിന് ശേഷമുള്ള കാലത്തെ നമ്മുടെ രാഷ്ട്രീയം. ജീവിതത്തെ ബാധിക്കുന്ന സമസ്ത മേഖലകളെയും വ്യത്യസ്തമായ രീതിയില്‍ നോക്കാനും വിലയിരുത്താനുമുള്ള സ്വതന്ത്ര ചിന്താശേഷി നമുക്കുണ്ടാകട്ടെ


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply