
ഹര്‍ത്താല്‍ : കോടിയേരിയും പിണറായിയും പാഠം പഠിക്കുന്നു….!!
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രമേ ഇനി സിപിഎം ഹര്‍ത്താല്‍ നടത്തൂ എന്നു സംസ്ഥാന സെക്രട്ടറി കോടിയേരി. ഹര്‍ത്താലുകള്‍ വികസനത്തെ ബാധിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി. കേരളത്തില്‍ നടത്തിയ ഹര്‍ത്താലുകളില്‍ ഒന്നാം സ്ഥാനത്തുള്ള പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ഇതു തിരിച്ചറിയാന്‍ ബിജെപി പോയ ദിവസം നടത്തിയ ആഭാസ ഹര്‍ത്താല്‍ വേണ്ടിവന്നു. അങ്ങനെ ഒരുപകാരമെങ്കിലും ആ ഹര്‍ത്താല്‍ കൊണ്ടുണ്ടായത് നന്നായി. ഇതേ വിഷയം മുമ്പേ പറയാറുള്ളവരെ എങ്ങനെയൊക്കെയാണ് ഇവരടക്കമുള്ള നേതാക്കള്‍ ആക്ഷേപിക്കാറുള്ളത് എന്നതു തല്‍ക്കാലം മറക്കാം.
ഒരു ജനാധിപത്യ സംവിധാനത്തില്‍ ഏറ്റവും ഉയര്‍ന്ന സമരമുറ തന്നെയാണ് ഹര്‍ത്താലെന്നതില്‍ സംശയമില്ല. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്ക് പ്രകടിപ്പിക്കാവുന്ന ഏറ്റവും ഫലപ്രദമായ പ്രതിഷേധരീതി ഹര്‍ത്താല്‍ തന്നെ. എന്നാല്‍ കേരളത്തില്‍ സംഭവിക്കുന്നതെന്താണ്? രാഷ്ട്രീപാര്‍ട്ടികളുടെ കുടിപ്പകയുടെ പേരില്‍ നടന്ന കൊലകളുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകള്‍ നടന്നിട്ടുള്ളത്. അതുപോലെ പൊതുജനങ്ങളുമായി ബന്ധമില്ലാത്ത, നി്സ്സാരമായ മറ്റനവധി വിഷയങ്ങളുടെ പേരില്‍. ബിജെപിയും സിപിഎമ്മുമാണ് ഇക്കാര്യത്തില്‍ മുന്നിലെങ്കിലും മറ്റുപാര്‍ട്ടികളും ഒട്ടും മോശമല്ല. ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ ചെറുതും വലുതുമായി നൂറിനടുത്ത് ഹര്‍ത്താലുകള്‍ നടന്നിരിക്കുന്നു. അതിന്റെയെല്ലാം ക്ലൈമാക്‌സായിരുന്നു ഒരാള്‍ ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ബിജെപി നടത്തിയ ഹര്‍ത്താല്‍. എന്തായാലും ഹര്‍ത്താലുകളെ കുറിച്ചൊരു വിചിന്തനത്തിന് ആ ഹര്‍ത്താര്‍ കാരണമായി എന്ന ഗുണമുണ്ടായി.
പ്രതിഷേധ സൂചകമായി ഹര്‍ത്താലിനാഹ്വാനം ചെയ്യാന്‍ ജനാധിപത്യ സംവിധാനത്തില്‍ ആര്‍ക്കും അവകാശമുണ്ട് എന്നതിനു തുല്ല്യമാണ് അതില്‍ പങ്കാളിയാകണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ജനങ്ങളുടെ ജനാധിപത്യാവകാശവും. തങ്ങളുന്നയിക്കുന്ന വിഷയങ്ങളില്‍ യോജിപ്പുള്ളവര്‍ ഹര്‍ത്താലില്‍ പങ്കെടുക്കണമെന്നാഹ്വാനം ചെയ്യുകയല്ലാതെ ബലമായി അടിച്ചേല്‍പ്പിക്കാന്‍ ജനാധിപത്യ സംവിധാനത്തില്‍ പാര്‍ട്ടികള്‍ക്ക് ആരാണവകാശം നല്‍കിയത്.? യോജിപ്പുള്ളവര്‍ ഹര്‍ത്താലില്‍ പങ്കെടുത്ത് പ്രതിഷേധിക്കട്ടെ. അതല്ലല്ലോ പക്ഷെ നടക്കുന്നത്. ഭയം കൊണ്ടുമാത്രമാണ് ഹര്‍ത്താല്‍ ദിനങ്ങലില്‍ ജനങ്ങള്‍ പുറത്തിറങ്ങാത്തത്. വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തത്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നത്. ഹര്‍ത്താലിനോടോ അതിനുന്നയിക്കുന്ന കാരണങ്ങളോടോ തീരെ അനുഭാവമോ ഇല്ലെങ്കിലും ജനം അതില്‍ പങ്കെടുക്കുന്നു. അങ്ങനെ ഹര്‍ത്താല്‍ വിജയിച്ചെന്ന അവകാശവാദങ്ങള്‍ പുറത്തുവരുന്നു. നേരത്ത അറിഞ്ഞാല്‍ വലിയൊരു വിഭാഗം ഹര്‍ത്താല്‍ ആഘോഷവുമാക്കുന്നു. അങ്ങനെയാണ് ഹര്‍ത്താല്‍ പൂര്‍ണ്ണം എന്ന തലക്കെട്ടുവരുന്നത്. സംസ്ഥാനത്തെ ദളിത് സംഘടനകള്‍ ആദ്യമായി ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചപ്പോള്‍ ഇവരെല്ലാം ചേര്‍ന്ന് അത് തകര്‍ക്കാന്‍ ശ്രമിച്ച കാര്യം തല്‍ക്കാലും മറക്കാം.
സത്യത്തില്‍ ഹര്‍ത്താല്‍ ജനങ്ങളെ ബാധിക്കുന്നിലുമുണ്ട് ഒരു വിവേചനം. ഇപ്പോഴത്തെ ഹര്‍ത്താലുകള്‍ സ്വകാര്യകാറുകളും ബൈക്കുകളുമുള്ളവരെ ബാധിക്കുന്നതുപോലുമില്ല. ബാധിക്കുന്നത് പൊതുവാഹനങ്ങളെ ആശ്രയിക്കുന്നവരെ മാത്രമാണ്. പാവപ്പെട്ടവരെ എന്നര്‍ത്ഥം. ദിവസവേതനക്കാരായ അവര്‍ക്ക് ഒരു ദിവസത്തെ വേതനം നഷ്ടപ്പെടുന്നു. ഉദാഹരണം ഷോപ്പ് ജീവനക്കാര്‍ തന്നെ. അതുപോലെ ലക്ഷകണക്കിനു വരുന്ന ദിവസ വേതനക്കാരേയും.
നിരോധനം കൊണ്ട് ഹര്‍ത്താല്‍ ഇല്ലാതാക്കാന്‍ എളുപ്പമല്ല എന്നത് മറ്റൊരു വസ്തുത. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിനെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഹര്‍ത്താലുകള്‍മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുമായി ‘കേരള ഹര്‍ത്താല്‍ നിയന്ത്രണബില്‍ 2015’ തയ്യാറാക്കാനായിരുന്നു നീക്കം. പൊതുജനാഭിപ്രായം കേട്ടശേഷം സമൂഹത്തിലെ വിവിധതുറകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളുമായി ആശയവിനിമയം നടത്തിയശേഷമായിരിക്കും ബില്ലു കൊണ്ടുവരികയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. അതുമായി ബന്ധപ്പെട്ട് കുറിച്ചു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയി പിന്നീട് കോണ്‍ഗ്രസ്സ് തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതോടെ എല്ലാം അവസാനിച്ചു. ഹര്‍ത്താല്‍ നിരോധനമല്ല, ഹര്‍ത്താലില്‍ പങ്കെടുക്കാനും പങ്കെടുക്കാതിരിക്കാനുമുള്ള അവകാശം തുല്ല്യമായി അംഗീകരിക്കപ്പെടുകയാണ് വേണ്ടത്. അത്തരത്തിലുള്ള നിയമനിര്‍മ്മാണമാണ് നടത്തേണ്ടത്. നേരത്തെ പാര്‍ട്ടികള്‍ നടത്തിയിരുന്ന ബന്ദുകള്‍ നിരോധിച്ചപ്പോഴാണ് ഹര്‍ത്താലുകള്‍ വ്യാപകമായത്. കേരളത്തില്‍ ഇവ രണ്ടും പേരിലല്ലാതെ ഒരു വ്യത്യാസവുമില്ല. ഇനി ഹര്‍ത്താല്‍ നിരോധിച്ചാല്‍ പൊതുപണിമുടക്കെന്ന പേരിലോ നിസ്സഹകരണമെന്ന പേരിലോ ഇതുതന്നയാവര്‍ത്തിക്കും.
ഭരണകൂടത്തിനെതിരായ പ്രതിഷേധിക്കുന്നതിലും നൈതികതയും ജനാധിപത്യമൂല്യങ്ങളും കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്. ഒരാധുനിക ജനാധിപത്യസമൂഹത്തിനനുസൃതമായ രീതിയില്‍ വേണം പ്രതിഷേധവും. അതിനെ വേണമെങ്കില്‍ ജനാധിപത്യ ഹര്‍ത്താലെന്നു വിളിക്കാം. പച്ചയായി പറഞ്ഞാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് നേതാക്കളും അണികളും അതില്‍ പങ്കെടുക്കുക. സ്വന്തം വീട്ടിലിരിക്കുക. ബാക്കി ജനം തീരുമാനിക്കട്ടെ. അതിനു നമ്മുടെ പ്രസ്ഥാനങ്ങള്‍ തയ്യാറുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. അതേ കുറിച്ചുകൂടി കോടിയേരിയും പിണറായിയും പറഞ്ഞാല്‍ കൊള്ളാം. വാസ്തവത്തില്‍ ഹര്‍ത്താല്‍ മാത്രമല്ല, മുഷ്ടി ചുരുട്ടുന്ന നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി തന്നെ മാറേണ്ടിയിരിക്കുന്നു. മുഷ്ടിചുരുട്ടിയുള്ള പ്രകടനങ്ങളും ഗതാഗതം സ്തംഭിപ്പിച്ചുള്ള സമ്മേളനങ്ങളും സംസ്ഥാന മാര്‍ച്ചുകളും സംഘട്ടനങ്ങളും കൊലപാതകപരമ്പരകളുമൊക്കെ നടത്തുന്നത് എന്തിനാണ് ? ജനത്തെ ബോധവല്‍ക്കരിക്കാനോ? അത്തരത്തില്‍ ബോധവല്‍ക്കരിക്കേണ്ട വിധം ബുദ്ധിശൂന്യരാണോ ജനം? ആധുനിക കാലത്തിനനുസരിച്ച് ഇപ്പറഞ്ഞ രാഷ്ട്രീയപ്രവര്‍ത്തന ശൈലിയാകെ ഉടച്ചുവാര്‍ക്കേണ്ടിയിരിക്കുന്നു. പത്രങ്ങളും ചാനലുകളും സോഷ്യല്‍ മീഡിയയുമെല്ലാം സജീവമായ ഒരു പ്രദേശത്താണ് ഈ രാഷ്ട്രീയാഭാസങ്ങള്‍ നടക്കുന്നത്. ഇത്തരം മാധ്യമങ്ങളില്‍ മുഖാമുഖം വന്നിരുന്ന് രാഷ്ട്രീയസംവാദം നടത്തുകയല്ലേ വേണ്ടത്? അത്തരത്തിലുള്ള ഒരു സംവാദത്തെ വികൃതമായ രൂപമാണ് ഇപ്പോള്‍ ചാനലുകളിലെ ന്യൂസ് അവര്‍ ചര്‍ച്ചകള്‍. അവയുടെ ശൈലി മാറണം. അവതാരകരുടേയും ഉച്ചത്തില്‍ സംസാരിക്കുന്നവരുടേയും ആധിപത്യത്തില്‍ നിന്നു മോചിതമാക്കി, തികച്ചും ജനാധിപത്യപരമായ രീതിയില്‍ ഇത്തരം ചര്‍ച്ചകളെ മാറ്റിയെടുക്കുകയാണ് വേണ്ടത്. തീര്‍ച്ചയായും സോഷ്യല്‍ മീഡിയയും ഇതിനായി ഉപയോഗിക്കാം. സോഷ്യല്‍ മീഡിയയുടെ കരുത്ത് എത്രമാത്രം ശക്തമാണെന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ടല്ലോ. ജനത്തിനും ഇടപെടാവുന്ന രീതിയിലുള്ള ചര്‍ച്ചകളാണ് ഉണ്ടാകേണ്ടത്. അതില്‍ നിന്ന് ഏതാണ് ശരിയെന്ന് ജനങ്ങള്‍ തന്നെ തീരുമാനിക്കട്ടെ. ജനങ്ങളെ വെല്ലുവിളിക്കുന്ന രീതികള്‍ ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യമെങ്കിലും കോടിയേരിയും പിണറായിയും പരിഗണിക്കണം. സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ ഈ നേതാക്കള്‍ ഇക്കാര്യത്തില്‍ നിലപാടെടുത്താല്‍ മറ്റു പാര്‍ട്ടികള്‍ക്കും ആ പാത പിന്തുടരേണ്ടിവരുമെന്നുറപ്പ്. അതാകട്ടെ ജനാധിപത്യസംവിധാനത്തെ ശക്തിപ്പെടു്തതുകയും ചെയ്യും.

