സഫലമീ യാത്ര

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

satമുസരിസില്‍നിന്നും ഗയയിലേക്കൊരു യാത്ര. മനുഷ്യര്‍ മനുഷ്യരെ തിരിച്ചറിയുന്ന ഒരു യാത്ര.. സംസ്‌കാരങ്ങള്‍ ഒന്നായി തീരുന്ന ഒരു യാത്ര.
നാലായിരത്തില്‍പരം കി.മീ. അപ്പുത്തുള്ള ബീഹാറിലെ ഷെര്‍ഹട്ടി ഗ്രാമത്തിലെ സത്‌നാം സിംഗിന്റെ വസതിയിലേക്കാണ് കൊടുങ്ങല്ലൂരില്‍നിന്നും 17 പേരടങ്ങുന്ന ഒരു സംഘം യാത്ര പുറപ്പെട്ടത്.സംസത്‌നാമിന്റെ സഹോദരന്‍ സത്യവീര്‍ സിംഗ് മാന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് യാത്ര. 21നാണ് വിവാഹം… 24ന് വിവാഹ സല്‍ക്കാരം… 25ാം തിയ്യതി ഇവര്‍ ഗയയില്‍നിന്നും മടങ്ങും.
സത്‌നാംസിംഗിനെ കേരളം മറക്കാറായിട്ടില്ലല്ലോ. അമൃതാനന്ദമയീ മഠത്തില്‍ നിന്ന് പിടികൂടിയശേഷം സംശയകരമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ബീഹാറില്‍ നിന്നുള്ള യുവാവ്. തന്റെ മകന്റെ മരണത്തെ കുറിച്ചന്വേഷിക്കണമെന്ന സത്‌നാംസിംഗിന്റെ പിതാവ് ഹരീന്ദര്‍ കുമാര്‍ സിംഗിന്റെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷയെ ഇതുവരേയും കേരള സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. അക്കാര്യത്തില്‍ പ്രബുദ്ധകേരളത്തിനോ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ ഒരു പ്രശ്‌നവുമില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് സമാന സാഹചര്യത്തില്‍ മഠത്തില്‍ വെച്ചുതന്നെ മരിച്ച നാരായണന്‍ കുട്ടിയുടെ സ്മരണ ഇപ്പോഴും കൊണ്ടുനടക്കുന്ന കൊടുങ്ങല്ലൂരിലെ ഏതാനും മനുഷ്യാവകാശപ്രവര്‍ത്തകരാണ് ഈ പിതാവിനോടൊപ്പം നീതിക്കായുള്ള പോരാട്ടത്തില്‍ മുഖ്യമായും അണിനിരന്നത്. അവരോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹമാണ് രണ്ടാമത്തെ മകന്റെ വിവാഹത്തിന് ഇവരെ ക്ഷണിക്കാന്‍ കാരണമായത്. ആ ക്ഷണം നിരസിക്കാന്‍ കഴിയാത്തതിനാലാണ് ആയിരകണക്കിനു കിലോമീറ്റര്‍ അകലത്തേക്ക് ഒരു വിവാഹത്തിനായുള്ള ഈ യാത്ര.
‘ഞങ്ങള്‍ മുസരിസുകാര്‍ ഷെര്‍ഹട്ടിലെ സത്‌നാം കുടുംബത്തിന്റെ ബന്ധുക്കളായി മാറിയിട്ട് രണ്ടുവര്‍ഷത്തിലധികമായിരിക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ സതാനാം സിംഗിന്റെ പിതാവും മാതാവും സഹോദരനും കൊടുങ്ങല്ലൂരില്‍ എത്തിയിരുന്നു, വിവാഹം ക്ഷണിക്കാന്‍.. ആ ക്ഷണം ഒഴിവാക്കാന്‍ ഞങ്ങള്‍ക്കാവില്ലായിരുന്നു. കാരണം, സത്‌നാം കുടുംബത്തില്‍ ഇപ്പോള്‍ ഞങ്ങളും അംഗങ്ങളാണ്. ഞങ്ങള്‍ പുറപ്പെടുകയാണ് ഇസാബിന്‍ അബ്ദുള്‍ കരീം, എന്‍.ബി.അജിതന്‍, പി.എ.മോഹനന്‍, കെ.എം.ബേബിയും ബീനചേച്ചിയും, ഷക്കീറും കുടുംബവും, പ്രൊഫ.കെ.അജിത, അഡ്വ.എം.ബിജുകുമാര്‍ ഞാനും കുടുംബവും എല്ലാവരും ഒരൊറ്റ മനസ്സായി… ഒരൊറ്റ ലക്ഷ്യവുമായി.. ഏപ്രില്‍ 29ന് ഞങ്ങള്‍ തിരകെയെത്തും’ യാത്രയില്‍ പങ്കെടുക്കുന്ന മനോജിന്റെ ഫേസ് ബുക് പോസ്റ്റിലെ വരികളാണിവ.
‘ശാന്തിയുടെ നാടാണ് കേരളം എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്നാല്‍ കേരളം ദുഖം തന്ന പിതാവാണ് ഞാന്‍. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ എല്ലാ മലയാളികളുടേയും സഹകരണം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.’ ബുദ്ധന്റെ നാടായ ഗയയില്‍ നിന്നെത്തിയ ആ പിതാവ് തൊഴുകൈയോടെ, കണ്ണീരോടെയാണ് തൃശൂരിലെ സാമൂഹ്യപ്രവര്‍ത്തകര്‍ക്കുമുന്നില്‍ രണ്ടുവ ര്‍ഷം മുമ്പ് ഈ വാക്കുകള്‍ പറഞ്ഞൊപ്പിച്ചത്. വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ആ പിതാവിന് ഉത്തരം നല്‍കാന്‍ ശാന്തിയുടെ നാടിനായിട്ടില്ല.
2012 ആഗസ്റ്റ് 4ന് അമൃതാനന്ദമയീ മഠത്തില്‍നിന്ന് പൂജപ്പുര മാനസിക രോഗാശുപത്രിയിലെത്തിച്ച്, അവിടെ വെച്ച് സംശയകരമായ സാഹചര്യത്തിലായിരുന്നു  സത്‌നാംസിംഗ് കൊല്ലപ്പെട്ടത്. ആ പിതാവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ പലരുമോര്‍ത്തത് മറ്റൊരു പിതാവിനെയായിരുന്നു. ദശകങ്ങളോളം നീതിക്കുവേണ്ടിയലഞ്ഞ് അവസാനം അതു ലഭിക്കാതെ പോയ മറ്റൊരു പിതാവിനെ. പ്രൊഫ ഈച്ചരവാരിയരെ. മരിച്ചിട്ടും തന്റെ മകനെ മഴയത്ത് നിര്‍ത്തിയത് എന്തിനാണന്ന അദ്ദേഹത്തിന്റെ ചോദ്യത്തിനു മറുപടി പറയാന്‍ മലയാളിക്കായില്ല. അതിനുള്ള ഉത്തരം കിട്ടാതെ അദ്ദേഹം പോയി. അതായിരിക്കുമോ ഈ പിതാവിന്റേയും നിയോഗം?
മകന്റെ മരണത്തെകുറിച്ച് സിബിഐ അന്വേഷനം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാനായിരുന്നു ഹരിന്ദര്‍ കുമാര്‍ സിംഗ് അന്ന് കേരളത്തിലെത്തിയത്. വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ മകനെപോലെതന്നെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നാരായണന്‍കുട്ടിയുടെ നാടായ കൊടുങ്ങല്ലൂരും നാരായണ ഗുരുകുലവും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്. നോക്കാം എന്ന പതിവു മറുപടിയോടെ ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ യാത്രയാക്കുകയായിരുന്നു. എന്നാല്‍ ഇതുവരേയും അതുനോക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
2012 മെയ് 30നാണ് ഗയയിലെ ഷെര്‍ഹാട്ടിയില്‍നിന്ന് സത്‌നാംസിംഗിനെ കാണാതായത്. ജൂലായ് 31ന് ഇദ്ദേഹത്തെ വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തില്‍നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു ആഗസ്റ്റ് നാലിന് സത്‌നാംസിംഗ് മരിക്കുന്നത്. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ശരീരത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആശ്രമത്തില്‍ അക്രമം നടത്താന്‍ വന്ന തീവ്രവാദിയായിട്ടായിരുന്നു സത്‌നാംസിംഗിനെ ചിത്രീകരിച്ചത്. എന്നാല്‍ ആത്മീയശാന്തിക്കായി അലഞ്ഞ, അല്പസ്വല്പം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മിടുക്കനായ ചെറുപ്പക്കാരനായിരുന്നു സത്‌നാം സിംഗെന്നതായിരുന്നു യാഥാര്‍ത്ഥ്യം. ‘പഠിക്കാന്‍ മിടുക്കനായിരുന്നു അവന്‍. ലക്‌നൗവില്‍ നിയമപഠനം നടത്തുമ്പോഴായിരുന്നു തുടക്കം. രണ്ടുവര്‍ഷം ഇനി താന്‍ പഠിക്കുന്നില്ല എന്നു പറഞ്ഞ് അവന്‍ ബേലൂര്‍ മഠത്തില്‍ പോയി. പിന്നീട് റിഖി ഫീഠത്തില്‍ ആത്മീയ പഠനത്തിനായി പോയി. എന്നാല്‍ സ്വസ്ഥത കിട്ടാതെ തിരിച്ചെത്തിയ അവനെ മെയ് 30 നു കാണാതാകുകയായിരുന്നു. അവന്‍ കേരളത്തില്‍ എത്തുമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല. ഓഗസ്റ്റ് 1ന് കരുനാഗപ്പിള്ളി പോലീസ് സ്‌റ്റേഷനിന്‍ നിന്ന് മകന്‍ കസ്റ്റഡിയിലാണെന്ന് ഫോണ്‍ ലഭിക്കുകയായിരുന്നു. പിറ്റേന്നുതന്നെ തങ്ങള്‍ കേരളത്തിലെത്തിയെങ്കിലും ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല. അവന്‍ ജീവിതത്തില്‍ ഇന്നോളം ഒരുറുമ്പിനെ പോലും കൊന്നിട്ടില്ല. അല്ല എന്ന് ഒരു സംഭവമെങ്കിലും കാണിച്ചുതന്നാല്‍ സംഭവിച്ചത് അതിനുള്ള ശിക്ഷയായി ഞങ്ങള്‍ കരുതാം. അല്ലെങ്കില്‍.. ‘ ആ പിതാവിന്റെ തൊണ്ടയിടറിയിരുന്നു..
പോലീസ് കസ്റ്റഡിയില്‍ വെച്ച് വലിയച്ഛന്റെ മകന്‍ വിമല്‍ കിഷോര്‍ സത്‌നാംസിംഗിനെ കണ്ടിരുന്നു. സഹോദരനു മാനസിക പ്രശ്‌നമുണ്ടെന്നും ജാമ്യം നല്‍കണമെന്നും തങ്ങള്‍ കൊണ്ടുപൊയ്‌ക്കൊള്ളാമെന്നും വിമല്‍ പോലീസിനോട് കേണപേക്ഷിച്ചു. എന്നാല്‍ പോലീസ് ആദ്യം ജയിലിലേക്കും പിന്നെ മാനസിക ആശുപത്രിയിലേക്കും അയക്കുകയാണ് ചെയ്തത്. രണ്ടിടത്തും സത്‌നാംസിംഗിനു മര്‍ദ്ദനമേറ്റതായി സൂചനയുണ്ടായിരുന്നു..
വാസ്തവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരളത്തില്‍ വരാന്‍ ഈ പിതാവിനു ധൈര്യമുണ്ടായിരുന്നില്ല. കേരളം അവര്‍ക്കൊരു പേടീസ്വപ്നമായി മാറിയിരുന്നു. ഒപ്പം ‘അമ്മ’യും. അതിനിടയിലായിരുന്നു ഇവിടെനിന്നൊരു സംഘം ഗയയില്‍ സത്‌നാംസിംഗിന്റെ വീട്ടിലെത്തിയത്. ഉത്തരേന്ത്യയിലെ ആദിവാസികള്‍ക്കായി ജീവിതം മാറ്റിവെച്ച ദയാബായിയും കൊടുങ്ങല്ലൂരിലെ ഏതാനും മനുഷ്യാവകാശപ്രവര്‍ത്തകരും. 24 വര്‍ഷം മുമ്പ് കൊടുങ്ങല്ലൂര്‍കാരനായിരുന്ന നാരായണന്‍കുട്ടി സമാന സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ടും ഇന്നേവരെ ആ കേസ് തെളിയുകയോ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയോ ഉണ്ടായിട്ടില്ല. നാരായണന്‍കുട്ടിയും ഒരു വലിയ മനുഷ്യസ്‌നേഹിയായിരുന്നു. കവി സച്ചിദാനന്ദനടക്കമുള്ളവരുടെ സുഹൃത്ത്. ഗൂഗിളില്ലാത്ത അന്ന് ലോകത്തെ ഏതു ഫിലോസഫറും അവരുടെ ഫിലോസഫിയും മനപാഠം. വായനയും ചര്‍ച്ചകളുമായിരുന്നു ജീവിതം. സ്വാഭാവികമായും നാരായണന്‍കുട്ടിയും അസ്വസ്ഥനായിരുന്നു. ശാന്തി തേടിയായിരുന്നു അയാളും സ്വന്തം നാട്ടുകാരി കൂടിയായ അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തിയത്. മരണത്തോടെ ആ അന്വേഷണം അവസാനിക്കുകയായിരുന്നു. നാരായണന്‍കുട്ടി മരിച്ച വര്‍ഷമായിരുന്നു സത്‌നാംസിംഗ് ജനിച്ചത്. ഈ സമാനതകളാണ് കൊടുങ്ങല്ലൂര്‍കാരെ സത്‌നാംസിംഗിന്റെ വസതിയില്‍ എത്തിച്ചത്. അന്നവിടെ കൂടിയിരുന്നു മുഴുവന്‍ ഗ്രാമവാസികള്‍ക്കും മുന്നില്‍ തൊഴുകൈയോടെ മലയാളികള്‍ക്കുവേണ്ടി മാപ്പുചോദിച്ച ദയാബായിയും കൂട്ടരും പത്രസമ്മേളനം നടത്തുകയും ഇക്കാര്യത്തില്‍ നിയമയുദ്ധം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അവരുടെ ക്ഷണപ്രകാരമായിരുന്നു ഹരിന്ദര്‍ കുമാര്‍ സിംഗ് കേരളത്തില്‍ എത്തിയത്. ദയാബായിക്കൊപ്പമായിരുന്നു മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവിനേയും മറ്റും അദ്ദേഹം സന്ദര്‍ശിച്ചത്.
എന്നാല്‍ അമ്മക്കെതിരെ ചെറുവിരലനക്കാന്‍ ഏതു സര്‍ക്കാര്‍ തയ്യാറാകും?
സാമ്പത്തികമായി വളരെ ഉയര്‍ന്ന നിലയിലാണ് സത്‌നാംസിംഗിന്റെ കുടുംബം. വായനയും ചര്‍ച്ചകളുമായി വലിയൊരു സുഹൃത് വലയം അയാള്‍ക്കുണ്ടായിരുന്നു. കൂട്ടുകാര്‍ക്കെല്ലാം പറയാനുള്ളത് നല്ല ഓര്‍മ്മകള്‍ മാത്രം. എങ്കിലും സത്‌നാംസിംഗ് അസ്വസ്ഥനായിരുന്നു എന്നും അവര്‍ പറയുന്നു. പണ്ടൊരു ബുദ്ധന്‍ വീടുവിട്ടിറങ്ങിയ പോലെതന്നെയായിരുന്നു സത്‌നാംസിംഗും ഇറങ്ങിയത്. യാത്രകളായിരുന്നു അയാള്‍ക്ക് ഹരം. എല്ലാ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ തീവണ്ടിയാത്രകള്‍. റിഖി പീഠത്തിലെ സ്വാമി സച്ചിദാനന്ദ സരസ്വതികള്‍ സത്‌നാംസിംഗിന്റെ പ്രതിഭ കണ്ട് മാതാപിതാക്കളെ വിളിച്ചുവരുത്തി മകന്റെ ആത്മീയ യാത്ര തടയരുതെന്ന് ഉപദേശിച്ചിരുന്നു. പഠിപ്പ് കളഞ്ഞ് ശാന്തി തേടിയലയുന്ന മകനെയോര്‍ത്ത് വിഷമമുണ്ടായെങ്കിലും ഉള്ളിലെവിടേയോ അഭിമാനവുമുണ്ടായിരുന്നു എന്ന് ഹരിന്ദര്‍ കുമാര്‍ സിംഗ് പറഞ്ഞു. എന്നാല്‍ എല്ലാം പോയി. നീതിക്കായി ഏതറ്റംവരെ പോകാനും ആ പിതാവ് തയ്യാര്‍. എന്നാല്‍ എവിടേയും അടയുന്ന വാതിലുകള്‍. ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ ആ പിതാവ് അങ്ങകലെ സിദ്ധാര്‍ത്ഥന്റെ നാട്ടില്‍ കഴിയുന്നു. അതിനിടയിലാണ് രണ്ടാമത്തെ മകന്റെ വിവാഹം. കൊടുങ്ങല്ലൂരിലെ നല്ലവരായ ആ മനുഷ്യസ്‌നേഹികളെ ക്ഷണിക്കാതിരിക്കാന്‍ അദ്ദേഹത്തിനായില്ല. ആ ക്ഷണം നിരസിക്കാന്‍ ഇവര്‍ക്കുമായില്ല. അങ്ങനെയാണ് ഈ .യായ്ര സഫലമാകുന്നത്. അപ്പോഴും എന്തുസംഭവിച്ചാലും പ്രതികരിക്കാന്‍ പോലും തയ്യാറാകാതെ ഭക്തിയുടെ വാണിജ്യവുമായി മഠവും അതിലാറാടി സാക്ഷരരരായ മലയാളിയും  പ്രാഥമികകടമപോലും നിര്‍വ്വഹിക്കാതെ സര്‍ക്കാരും ഒരക്ഷരം മിണ്ടാത്ത പ്രസ്ഥാനങ്ങളും നേതാക്കളും ഫോര്‍ത്ത് എസ്‌റ്റേറ്റും. സത്‌നാംസിംഗും ഈ പിതാവും നാരായണന്‍കുട്ടിയും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ മാത്രം ബാക്കിയാകുന്നു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply