വിദ്യാര്‍ത്ഥി രാഷ്ട്രീയം : ഈ ഉത്തരവ് ക്ഷണിച്ചു വരുത്തിയത്

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

poli

സമീപകാലത്ത് പല കോടതിവിധികളും ജനാധിപത്യ സംവിധാനത്തിനു നേരെയുള്ള കടന്നാക്രമങ്ങളെ തടയുന്ന പരിചകളാണ്. കോടതി മാത്രമാണ് ഇനി ആശ്വാസം എന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങള്‍ ഇന്നു വ്യാപകവുമാണ്. അതേസമയം പലപ്പോഴും കോടതി വിധികള്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതുമാണ്. കലാലയ രാഷ്ട്രീയത്തെ കുറിച്ചുള്ള ഹൈക്കോടതി ഇടക്കാല ഉത്തരവ് അത്തരത്തിലൊന്നാണ്. അതേസമയം ഇ്ത്തരത്തിലുള്ള ഒരു ഉത്തരവ് ക്ഷണിച്ചുവരുത്തിയതില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പങ്കും വിസ്മരിക്കാനാവില്ല.
വിദ്യാലയങ്ങളില്‍ സമരവും സത്യാഗ്രഹവും പാടില്ലെന്നും ഇത്തരക്കാരെ പുറത്താക്കണമെന്നുമാന്ന് ഹൈക്കോടതി പറയുന്നത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ നിയമപരമായി വേണം നടത്തിയെടുക്കാന്‍. ജനാധിപത്യത്തില്‍ ഇത്തരം സമരങ്ങള്‍ക്ക് സ്ഥാനമില്ല. അവ നിയമവിരുദ്ധവുമാണ്. സമരം ചെയ്യുന്നത് അവരുടെ ആവശ്യങ്ങള്‍ നീതിപൂര്‍വ്വമല്ല എന്നതുകൊണ്ടാണെന്നു പറഞ്ഞ കോടതി വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം പഠനത്തില്‍ ശ്രദ്ധിക്കാനും ഉപദേശം നല്‍കി. വിദ്യാലയങ്ങളില്‍ രാഷ്ട്രീയം വേണ്ടെന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടവര്‍ പഠനം നിര്‍ത്തിപോകണമെന്നും കോടതി വ്യക്തമാക്കി. കോളജ് പരിസരത്ത് ടെന്റു കെട്ടിയാല്‍ അവ പൊളിച്ചുനീക്കാം. കാമ്പസിനുള്ളില്‍ കടന്നുള്ള സമരങ്ങള്‍ നേരിടാന്‍ മാനേജ്മെന്റിന് പോലീസിന്റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.
പൊന്നാനി എം.ഇ.എസ് കോളജ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. എസ്.എഫ്.ഐ വിദ്യാര്‍ത്ഥി നേതാവിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയ്ക്കെതിരെ കോളജില്‍ വിദ്യാര്‍ത്ഥികള്‍ ടെന്റ് കെട്ടി സമരം നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജിയിലാണ് ജനാധിപത്യത്തിന്റെ അടിത്തറയായ സമരങ്ങളും രാഷ്ട്രീയവും വേണ്ട എന്നു കോടതി പറയുന്നത്. തീര്‍ച്ചയായും ചവറ്റുകൊട്ടയിലെറിയേണ്ട ഉത്തരവ്.
അപ്പോഴും മറക്കാന്‍ പാടില്ലാത്ത ഒന്നുണ്ട്. കേരളത്തിലെ കലാലയങ്ങലില്‍ പലതിലും കണ്ണൂരിലെ രാഷ്ട്രീയാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നതാണത്. ആണ്‍കുട്ടികളുടെ മെയ്ക്കരുത്തിന്റെ പ്രകടനമാണ് പലയിടത്തും വിദ്യാര്‍ത്ഥി രഷ്ട്രീയം. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളേക്കാള്‍ അവര്‍ക്കു താല്‍പ്പര്യം പിതൃസംഘടനകളുടെ കക്ഷി രാഷ്ട്രീയ താല്‍പ്പര്യങ്ങളാണ്. കോളേജുകള്‍ മിക്കവയും ചില വിദ്യാര്‍ത്ഥി സംഘടനകളുടെ കോട്ടകളാണ്. മറ്റു സംഘടനകള്‍ക്ക പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാതിരിക്കലടക്കമുള്ള ഗുണ്ടായിസും ജനാധിപത്യവിരുദ്ധതയുമാണ് അവിടങ്ങളില്‍ നടക്കുന്നത്. ഹോസ്റ്റലുകളും യൂണിയന്‍ ഓഫീസും മറ്റുമാണ് ഇവരുടെ കേളീരംഗം. ഒരു ശക്തിക്കും അവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. പ്രബുദ്ധമെന്നു പേരുകേട്ട നമ്മുടെ കലാലയങ്ങള്‍ പലപ്പോഴും യുദ്ധഭൂമികളാകുന്ന കാഴ്ചയാണ് കാണുന്നത്. പരസ്പരം തല്ലി മരിക്കുന്നതിനോ മുറിവേല്‍പ്പിക്കുന്നതിനോ വേണ്ടി മാത്രം കുറെ യുവ പുരുഷന്മാര്‍ കോളേജുകളില്‍ വിലസുന്നതാണോ വിദ്യാര്‍ത്ഥി രാഷ്ട്രീയം? യുവത്വത്തിന്റെ ഉമ്മറപ്പടി ചവിട്ടിനില്‍ക്കാന്‍ പഠിക്കുന്ന കുറെ കുമാരന്മാര്‍ക്ക് അവരില്‍ വളരുന്ന പൗരുഷത്തിന്റെ ഊക്കു കാണിക്കുന്നതിനുള്ള സ്ഥലമാണോ കലാലയം? ബൗദ്ധികവും ക്രിയാത്മകവുമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്രാപിക്കുകയില്ല. അക്കാദമികമായ അന്തരീക്ഷത്തിനുപകരം കപടരാഷ്ട്രീയാന്തരീക്ഷത്തിന്റെ പുരുഷക്കോയ്മയാണ് ഇത്തരം കലാലയങ്ങളില്‍ കൊടികുത്തിവാഴുന്നത്. ഈ രീതിശാസ്ത്രത്തെ തിരുത്താതെ, ഉദ്ദേശ്യശുദ്ധിയുള്ള രാഷ്ട്രീയലക്ഷ്യങ്ങളെ തിരിച്ചറിയാതെ കലാലയ രാഷ്ട്രീയം അര്‍ത്ഥവത്താകില്ല. സാമൂഹ്യ സ്ഥാപനമെന്ന നിലയ്ക്കും വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയ്ക്കും ഒരു കലാലയവും അതിലെ അംഗങ്ങളായ വിദ്യാര്‍ത്ഥി-അധ്യാപകവൃന്ദവും അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ ഇതിനല്പം പോലും സാധിക്കുന്നില്ല എന്നതാണ് സത്യം.
വിദ്യാര്‍ത്ഥി രാഷ്ട്രീയം കക്ഷിരാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി മാറിയിരിക്കുന്നു. അതിനാല്‍തന്നെയാണ് ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും രാഷ്ട്രീയത്തോട് വിരക്തിയുള്ളവരാകുന്നത്. അതിന്റെ ബലത്തിലാണ് മാനേജ്‌മെന്റുകള്‍ കോടതി കയറുന്നതും ഇത്തരത്തില്‍ ഉത്തരവുകള്‍ ഇറങ്ങുന്നതും. ഒരു സ്വയംവിമര്‍ശനത്തിനാണ് വിദ്യാര്‍ത്ഥി നേതാക്കള്‍ ഇപ്പോള്‍ തയ്യാറാകേണ്ടത്.
നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ അവസ്ഥയെന്താണ്? ഉന്നതവിദ്യാഭ്യാസത്തില്‍ നമ്മള്‍ ബീഹാറിനേക്കാള്‍ പുറകിലാണ്. അഖിലേന്ത്യാതലത്തില്‍ മികച്ചതെന്നു പറയാവുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമോ യൂണിവേഴ്സിറ്റിയോ നമുക്കില്ല. ആരോഗ്യത്തെ പോലെ ഏറ്റവും വലിയ കച്ചവടമായി വിദ്യാഭ്യാസവും മാറി. കക്ഷിരാഷ്ട്രീയത്തിനുവേണ്ടിമാത്രം സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്കോ ശബളവര്‍ദ്ധനവിനുമാത്രം സമരം ചെയ്യുന്ന അധ്യാപക സംഘടനകള്‍ക്കോ ഈ രംഗത്ത് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ? ആ അര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം കൊണ്ടെന്തുഗുണം എന്ന ചോദ്യത്തിനു മറുപടിയുണ്ടോ? ലോകം കണ്ട വളരെ ഗുണകരമായ മാറ്റങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വഹിച്ച പങ്ക് പ്രധാനമാണ്. ഫ്രഞ്ചുവിപ്ലവമായാലും ടിയാന്‍മെന്‍സ്‌ക്വയര്‍ സമരമായാലും ഇന്ത്യയില്‍ സ്വാതന്ത്ര്യസമരം, ജെ പി പ്രസ്ഥാനം, നക്സല്‍ പ്രസ്ഥാനം തുടങ്ങിയവയായാലും ഇത് വ്യക്തമാണ്. പക്ഷെ ഇപ്പോളിവിടെ നടക്കുന്നത് അതൊന്നുമല്ലല്ലോ. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാനും തിരുത്താനും തയ്യാറാകാതെ കോടതിവിധിക്കതിരെ പ്രതികരിക്കുന്നതില്‍ എന്തര്‍ത്ഥം?

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply