പത്രോസ് മുതല്‍ കൃഷ്ണന്‍ വരെ – അഥവാ മാല മുതല്‍ കുഞ്ഞയ്യപ്പന്‍ വരെ

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

kk

എം സുകുമാരന്റെ പ്രശസ്ത നോവല്‍ ശേഷക്രിയയിലെ കുഞ്ഞയ്യപ്പനെ മറക്കാന്‍ സാഹിത്യാസ്വാദകര്‍ക്കോ രാഷ്ട്രീയതല്‍പ്പരര്‍ക്കോ കഴിയില്ല. ഒപ്പം കുഞ്ഞയ്യപ്പന്റെ ആത്മഹത്യാകുറിപ്പും. ‘ഒരു മഹാ രോഗിയായി; പൊട്ടിയൊലിക്കുന്ന വ്രണങ്ങള്‍ മനപൂര്‍വ്വം പൊതിഞ്ഞുകെട്ടാതെ ചലവും ചോരയുമൊലിപ്പിച്ച് വിധി വൈപരീത്യത്തിന്റെ മരണഭീതിയുളവാക്കുന്ന കീര്‍ത്തനങ്ങള്‍ പാടി പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും അടങ്ങുന്ന അതിവിശാലവും ബൃഹത്തുമായ ഈ പുണ്യ ഭുമിയില്‍ അലഞ്ഞു തിരിഞ്ഞ് മറ്റാര്‍ക്കും ഞാന്‍ എന്റെ രോഗം പരത്തില്ല. എന്റെ കുടിലിനു പുറകിലുള്ള മാവും ആ ഊഞ്ഞാല്‍ കയറും ഇക്കാര്യത്തില്‍ ഇന്നു പുലരുംമുമ്പെ എന്നെ സഹായിക്കും. എന്റെ ചില അന്തിമാഭിലാഷങ്ങള്‍ കൂടി ഇവിടെ രേഖപ്പെടുത്തി ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.ഒന്നാമതായി എന്റെ ശവകുടീരപ്പലകയില്‍ ഇത്രയും എഴുതി വക്കണം. അച്ചടക്കത്തിനായി ആത്മത്യാഗം വരിച്ച ഒരു മഹാത്മാവ് ഇവിടെ അന്ത്യനിദ്രകൊള്ളുന്നു. ഒരു പൂവിതള്‍ നുള്ളിയിട്ടു പോലും ആ ഉറക്കത്തിന് ഭംഗം വരുത്തരുത്. രണ്ടാമത്തെ കാര്യം എന്റെ മരണശേഷം എന്റെ ഭാര്യക്കും മകനുമായി ഒരു കുടുംബ സഹായ ഫണ്ട് പതിവുപോലെ പാര്‍ട്ടി പിരിച്ചുണ്ടാക്കുമെന്നും അതില്‍ പകുതി സംഖ്യ ഒരു സ്ഥിരം നിക്ഷേപമായി ‘മാസം തോറും ചുരുങ്ങിയത് ആയിരം രൂപയെങ്കിലും പലിശയിനത്തില്‍ കിട്ടാനുള്ള ഏര്‍പ്പാട് പാര്‍ട്ടി ചെയ്തേക്കുമെന്നുള്ള കാര്യത്തില്‍ എനിക്കൊട്ടും സംശയമില്ല….. അവര്‍ക്കൊരു വീട് വച്ചു കൊടുക്കുമ്പോള്‍ സ്ഥലം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കുഞ്ഞയ്യപ്പന്‍ കുടുംബ സഹായ ഫണ്ട് കമ്മറ്റിക്കാരോട് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാന്‍ കേന്ദ്രക്കമ്മറ്റി നിര്‍ദേശം കൊടുക്കണം.ആ വീടിന്റെ മട്ടുപാവിലിരുന്നാല്‍ നാറുന്ന ചേരിപ്രദേശങ്ങളോ അഴുക്കുപുരണ്ട അഗതിമന്ദിരങ്ങളോ തൊഴിലാളികളുടെ ചെറ്റക്കുടിലുകളോ കാണരുത്:…….’ – ഇതായിരുന്നു ആ കുറിപ്പിലെ വരികള്‍. കുഞ്ഞയ്യപ്പന്‍ ആത്മഹത്യ ചെയ്തത് പ്രണയനൈരാശ്യം കൊണ്ടോ സാമ്പത്തിക കടബാധ്യത മൂലമോ ആയിരുന്നില്ല. മറിച്ച് താന്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പ്രസ്ഥാനത്തിന്റെ അപചയമായിരുന്നു അതിനു കാരണം. തന്റെയും തന്റെ വര്‍ഗത്തിന്റെയും മോചനം ഈ പ്രസ്ഥാനത്തിലൂടെയാണെന്ന് കുഞ്ഞയ്യപ്പന്‍ സ്വപ്നം കണ്ടിരുന്നു. എന്നാലതില്‍ തന്നെപോലെ പാവപ്പട്ട ദളിതന് സ്ഥാനമില്ലെന്ന തിരിച്ചറിവായിരുന്നു അയാളെ ആത്മഹത്യയിലേക്ക് നയിച്ചത്. സുകുമാരന്റെ നോവല്‍ പ്രസിദ്ധീകരിച്ചിട്ട് മൂന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും കുഞ്ഞയ്യപ്പന്മാര്‍ കേരളത്തിലുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഏതാനും ദിവസം മുമ്പ് കായലില്‍ ചാടി ആത്മഹത്യ ചെയ്ത കൃഷ്ണന്‍ ഒടുവിലത്തെ ഉദാഹരണം. കഞ്ഞയ്യപ്പന്‍ ആത്മഹത്യ ചെയ്ത കാരണം തന്നെയായിരുന്നു കൃഷ്ണനേയും അതിനു പ്രേരിപ്പിച്ചത്. കുഞ്ഞയ്യപ്പനെപ്പോലെതന്നെ ആത്മഹത്യ കുറിപ്പ് എഴുതി വെച്ചാണ് എളങ്കുന്നപ്പുഴ പഞ്ചായത്ത് മെമ്പറും പ്രസിഡന്റുമൊക്കെയായിരുന്ന കൃഷ്ണന്‍ കുഞ്ഞയ്യപ്പന്റെ വഴി തന്നെ തെരഞ്ഞെടുത്തത്. തന്നെ പാര്‍ട്ടി പുകച്ച് പുറത്തു ചാടിക്കുകയാണെന്ന് കൃഷ്ണന്‍ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമായി എഴുതിയിരുന്നു. എന്നാല്‍ ആത്മഹത്യാകുറിപ്പിനെ ആധാരമാക്കി കേസെടുക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. സര്‍ക്കാര്‍ മാത്രമല്ല, പാര്‍ട്ടിക്കും കൃഷ്ണന്റെ മരണം വളരെ ചെറിയ കാര്യം മാത്രം. സംഭവത്തില്‍ പാര്‍ട്ടിതലത്തില്‍ അന്വേഷണത്തിന്റെ ഒരാവശ്യവുമില്ലന്നാണ് കഴിഞ്ഞ ദിവസം എറണാകുളം ജില്ലാകമ്മിറ്റി പ്രസ്താവനയിറക്കിയത്. ദളിതന്റെ ജീവനു അത്രവിലയേയുള്ളു എന്നു സാരം.
കമ്യണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമെടുത്തു പരിശോധിച്ചാല്‍ ഇതില്‍ അത്ഭുതപ്പെടാനില്ല എന്നതാണ് മറ്റൊരു കാര്യം. പാര്‍ട്ടിയുടെ ജനനം തന്നെ ദളിതനെ പുറത്താക്കിയായിരുന്നു. കുന്തക്കാരന്‍ പത്രോസിനെ. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ചോരകൊണ്ട് ഇതിഹാസം രചിച്ച, ഇപ്പോഴും വര്‍ഷാവര്‍ഷം കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ സമുചിതമായി ആചരിക്കുന്ന പുന്നപ്ര വയലാര്‍ സമരത്തിന്റെ കുന്തമുനക്കാരന്‍. തിരുകൊച്ചിയില്‍ കമ്യൂണിസ്റ്റു പ്രസ്ഥാനം വളര്‍ത്തിയതിനു പുറകിലെ യഥാര്‍ത്ഥ പോരാളി പത്രോസായിരുന്നു. 1931ല്‍ തിരുവനന്തപുരത്തുവെച്ചു രൂപീകരിക്കപ്പെട്ട ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ കേരളഘടകത്തിനു നേതൃത്വം നല്‍കിയതും മറ്റാരുമായിരുന്നില്ല. അന്നു ഇഎംഎസും എകെജിയും കൃഷണപിള്ളയുമെല്ലം കോണ്‍ഗ്രസ്സുകാരായിരുന്നു. എന്നാല്‍ 1939-ല്‍ പിണറായിയിലെ പാറപ്പുറത്തു വച്ച് നടന്ന സമ്മേളനം ദളിതനില്‍ നിന്ന് ബ്രാഹ്മണനിലേക്കുള്ള അധികാരമാറ്റത്തിനായിരുന്നു സാക്ഷ്യം വഹിച്ചത്. എന്നാല്‍ അതൊന്നും പത്രോസിന്റെ വിപ്ലവവീര്യത്തെ ബാധിച്ചില്ല. അങ്ങനെയാണ് പുന്നപ്രവയലാറിന്റെ കുന്തമുനക്കാരനായി പത്രോസ് മാറിയത്. ഇനിയൊരൊറ്റ തൊഴിലാളിയെ തൊട്ടാല്‍ ആലപ്പുഴ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കത്തിക്കുമെന്ന് സര്‍ സി.പിയെ താക്കീതു ചെയ്തു പത്രോസ്. പത്രോസിനെ പിടികിട്ടിയാല്‍ ഇടിവണ്ടീടെ പിറകെ കെട്ടി വലിച്ചിഴച്ച് ആ അസ്ഥി തനിക്ക് കാണാനെത്തിക്കണം എന്നാണ് സി.പി ഉത്തരവിട്ടത്. എന്നാല്‍ പത്രോസിനെ ഒതുക്കിയത് പാര്‍ട്ടിതന്നെയായിരുന്നു. ആദ്യം ബ്രാഞ്ചിലേക്കു തരം താഴ്ത്തി. പിന്നീട് പുറത്തേക്ക് പോയ പത്രോസ് ചുമട് എടുത്തും ചായക്കട നടത്തിയും കയര്‍ മാറ്റുകള്‍ കൊണ്ടു നടന്നു വിറ്റും അവിടേയും യില്‍ പരാജിതനായി ചുമച്ചും കുരച്ചും 1980 ല്‍ മരണപ്പെട്ടു …. ! ചുടുകാട്ടില്‍ ആ ചിത ഒരനാഥപ്രേതത്തിന്റേതുപോലെ എരിഞ്ഞടങ്ങിയപ്പോള്‍ പാര്‍ട്ടി നേതാക്കന്മാര്‍രും തന്നെയുണ്ടായിരുന്നില്ല. റീത്തുകള്‍ ഒന്നുമില്ലായിരുന്നു. വര്‍ഷം തോറും നടക്കുന്ന പുന്നപ്ര വയലാര്‍ അനുസ്മരണങ്ങലിലൊന്നും പത്രോസിനെ സ്മരിച്ചതേയില്ല. സമരത്തിന്റെ ജൂബിലിയോടനുബന്ധിച്ച് ദേശാഭിമാനി ദിനപത്രം സ്പെഷ്യല്‍ പതിപ്പ് ഇറക്കിയതിലും പത്രോസില്ലായിരുന്നു. സി. പി. എം. ന്റെ സംസ്ഥാന സമ്മേളനം 2015 ഫെബ്രുവരി 20-23 വരെ ആലപ്പുഴയില്‍ നടന്നപ്പോഴും പത്രോസിനെ വിസ്മരിച്ചു. പാര്‍ട്ടി ചരിത്രത്തില്‍നിന്നും ചരിത്രരേഖകളില്‍നിന്നും പത്രോസിനെ നിഷ്‌കാസനം ചെയ്തു. അതിനുള്ള രാഷ്ട്രീയ കാരണം ജാതിയാധിപത്യമല്ലാതെ മറ്റൊന്നായിരുന്നില്ല. പത്രോസിനെ തള്ളിപ്പറഞ്ഞതോടെ പത്രോസ് പ്രതിനിധീകരിച്ചിരുന്ന പറയനും പുലയനുമടക്കമുള്ള അധഃസ്ഥിതരെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തള്ളിപ്പറഞ്ഞത്. അങ്ങനെയാണത് ശങ്കരന്‍ നമ്പൂതിരിപ്പാടുമാരുടേയും അച്ചുതമേനോന്മാരുടേയും പാര്‍ട്ടിയായത്. ‘നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി’യില്‍ മാലയില്‍ നിന്ന് കേശവന്‍ നായരും പരമുപിള്ളയും ചെങ്കൊടി പിടിച്ചുവാങ്ങി മുന്നില്‍ നിന്നതുപോലെതന്നെ… ആ ചരിത്രം തന്നെയാണ് തുടരുന്നത്. ഇപ്പോഴത് കൃഷ്ണനിലൂടെയാണെന്നുമാത്രം.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply