ദളിത് ബന്ധു എന്‍ കെ ജോസിനെ ആദരിക്കുന്നു.

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

jose

ദളിത് ബന്ധു എന്‍.കെ ജോസിനെ കെ.പി.എം.എസ് ആദരിക്കുന്നു
നൂറ്റി നാല്പതില്‍ പരം ചരിത്ര, സാമൂഹ്യചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവും, കേരള ദളിത്, കേരള ക്രൈസ്തവ ചരിത്ര പണ്ഡിതനും , കേരള ഹിസ്റ്ററി കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റുമാണ് എന്‍.കെ.ജോസ് (ജനനം ഫെബ്രുവരി 2 1929). ദളിത് പഠനങ്ങള്‍ക്കും, ദളിത്ചരിത്ര രചനകള്‍ക്കും നല്‍കിയ സംഭാവനകള്‍ മാനിച്ച് 1990ല്‍ ദളിത് സംഘടനകള്‍ അദ്ദേഹത്തിനു ദളിത്ബന്ധു എന്ന ആദരനാമം നല്‍കി. പില്‍ക്കാലത്ത് അത് തന്റെ തൂലിക നാമമാക്കുകയായിരുന്നു എന്‍.കെ ജോസ്.
വൈക്കം താലൂക്കിലെ വെച്ചൂരില്‍ നമശിവായം എന്ന കുടുംബപേരുള്ള കത്തോലിക്കാകുടുംബത്തില്‍ 1929ല്‍ കുര്യന്‍, മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം ചേര്‍ത്തല , ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായിരുന്നു. ബാല്യത്തില്‍ നടന്ന പുന്നപ്ര വയലാര്‍ പ്രക്ഷോഭത്തെക്കുറിച്ച് ജോസ് തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതിയിട്ടുണ്ട്. തേവര സേക്രഡ് ഹാര്‍ട്ട്‌സ്, സെന്റ് ആല്‍ബര്‍ട്‌സ് എറണാകുളം എന്നിവിടങ്ങളിലായിരുന്നു കോളേജ് വിദ്യാഭ്യാസം.
പഠനകാലത്ത് ജോസിന്, കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ആശയങ്ങളില്‍ താല്പര്യം തോന്നിയിരുന്നു. വൈക്കം മുഹമ്മദ് ബഷീറുമായുള്ള സമ്പര്‍ക്കം തന്നില്‍ കാര്യമായ സ്വാധീനം ചെലുത്തിയതായി ജോസ് കരുതുന്നു. 23ആം വയസ്സില്‍ മുതലാളിത്തം ഭാരതത്തില്‍ എന്ന ആദ്യ ഗ്രന്ഥം രചിച്ചു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം വാര്‍ദ്ധയിലെ ഗാന്ധി ആശ്രമത്തില്‍ ഗാന്ധിയന്‍ ചിന്തയിലും സോഷ്യലിസ്റ്റ് പഠനത്തിലും ഏര്‍പ്പെടാനായി തിരഞ്ഞെടുക്കപ്പെട്ടു. പില്‍ക്കാലത്ത് ജോസ് ഗാന്ധിയെ അതിനിശതമായി വിമര്‍ശിച്ച് എഴുതിയിട്ടുണ്ട്. റാം മനോഹര്‍ ലോഹ്യ, വിനോബ ബാവേ, ജയപ്രകാശ് നാരായണ്‍ എന്നീ സോഷ്യലിസ്റ്റ് ആചാര്യന്മാരായിരുന്നു ജോസിന്റെ രാഷ്ട്രീയ ഗുരുക്കന്മാര്‍. കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റ് പക്ഷത്തു നിന്നും ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്കും അദ്ദേഹം മാറി. പി.എസ്.പി.യുടെ സംസ്ഥാന ഭാരവാഹിയായിരുന്ന കാലത്ത് തിരുവിതാംകൂറിലെ ഭരണ മുന്നണിയായിലായിരുന്നു ആ പാര്‍ട്ടി. മാര്‍ത്താണ്ഡത്ത് നടന്ന പോലീസ് വെടിവെയ്പ്പ് അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടി പിളരാനും ജോസ് സജീവ രാഷ്ടീയം ഉപേക്ഷിക്കാനും നിമിത്തമായി..
രാഷ്ട്രീയം ഉപേക്ഷിച്ച് ശേഷം മാത്രം വിവാഹത്തെക്കുറിച്ച് ചിന്തിച്ച ജോസ്, 1955ല്‍ തങ്കമ്മയെ വിവാഹം കഴിച്ചു. മകളും കുടുംബവും വിദേശത്ത് വസിക്കുന്നു. 1960കളില്‍ കേരള കത്തോലിക്ക കോണ്‍ഗ്രസ്സില്‍ സംസ്ഥാന തലത്തിലെ പദവികള്‍ പലതും വഹിച്ചിട്ടുണ്ട്. ആ സമയത്താണ് അദ്ദേഹം അംബേദ്ക്കറുടെ ജീവചരിത്രം വായിച്ചത്. താന്‍ അന്വേഷിക്കുന്നത് അംബേദ്ക്കറിസമാണ് എന്ന തിരിച്ചറിവ് വൈകാതെ തന്നെ അദ്ദേഹത്തിനുണ്ടായി. 1983ല്‍ കത്തോലിക്കാ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിടവാങ്ങിയ അദ്ദേഹം, മുഴുവന്‍ സമയ ദളിത് ചരിത്ര ഗവേഷകനായി മാറി. പരമ്പരാഗത ചരിത്രവും, തലമുറകളായി പുലര്‍ത്തിപോരുന്ന ധാരണകളും പൊളിച്ചെഴുതുന്നവയായിരുന്നു ജോസിന്റെ കൃതികള്‍ എല്ലാം തന്നെ. പ്രധാനമായും രണ്ട് പരമ്പരകളായാണ് അദ്ദേഹം തന്റെ കൃതികളെ തിരിച്ചിട്ടുള്ളത്. നസ്രാണീ സീരീസ്, ദളിത് സിരീസ് എന്ന് ജോസ് അവയെ വിളിക്കുന്നു. അദ്ദേഹത്തിന്റെ വീക്ഷണങ്ങളില്‍ ചിലത് ഇവയാണ്:
കേരളക്രൈസ്തവര്‍ ബ്രാഹ്മണരില്‍ നിന്നും മതപരിവര്‍ത്തനം ചെയ്തവരാണ് എന്ന വിശ്വാസം സഭാനേതാക്കന്മാരുടെ സങ്കല്‍പ്പ സൃഷ്ടിയാണ് എന്ന് ജോസ് ആദ്യം തന്നെ തുറന്നു പറഞ്ഞിരുന്നു. കേരളത്തില്‍ ക്രൈസ്തവതക്കുള്ളതിന്റെ പകുതി പ്രായമേ ബ്രാഹണ്യത്തിനുള്ളു എന്ന കണ്ടെത്തലും പഴയ കൊച്ചിരാജ്യത്തെ പുരാവസ്തു ഗവേഷണവുമെല്ലാം ജോസിന്റ അഭിപ്രായത്തെ സ്ഥിരീകരിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍, ബ്രാഹമണരില്‍ നിന്നല്ല മറിച്ച് പുരാതന കേരളത്തിലെ ജൂതന്മാരില്‍ നിന്നാണ് നസ്രാണികളുടെ ഉല്‍ഭവം എന്ന പുത്തന്‍ ആശയത്തിനു രൂപംകൊടുക്കേണ്ടി വന്നു സഭാ നേതാക്കന്മാര്‍ക്ക്. ഈ വാദവും ജോസ് തന്റെ ലേഖനങ്ങളില്‍ ഖണ്ഡിച്ചിട്ടുണ്ട്.
കേരളത്തിലെ ആദിമ ക്രൈസ്തവര്‍ ഇന്നാട്ടിലെ ആദിവാസികള്‍ തന്നെയായിരുന്നു എന്നും ജാതിവ്യവസ്ഥിതി നിലവിലില്ലാത്ത കാലത്തായിരുന്നു പരിവര്‍ത്തനങ്ങള്‍ നടന്നിരുന്നതെന്നു ജോസ് വാദിക്കുന്നു. അതിനു ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് കേരളത്തിലെ ആര്യപ്രവേശം എന്നും അപ്പോള്‍ മാത്രമാണ് ജാതി വിഷയം ഉല്‍ഭവിച്ചതെന്നും ജോസ് ആദികാലം മുതല്‍ക്കേ കരുതിവരുന്നു.പില്‍ക്കാലത്ത് ജാതിവ്യവസ്ഥിതിയില്‍ നിന്നും മോചനം ലഭിക്കാന്‍ ദളിത്/ അവശ വിഭാഗങ്ങള്‍ സംഘടിതമായി ക്രൈസ്തവത സ്വീകരിക്കകയുണ്ടായി എന്നും ജോസ് സ്ഥിരീകരിക്കാറുണ്ട്. ചരിത്രം എല്ലാക്കാലത്തും അധികാര വര്‍ഗ്ഗത്തിന്റെ മാത്രം രചനയായിരുന്നു.അധികാരവര്‍ഗ്ഗങ്ങള്‍ മാറി മാറി വരികയും പോവുകയും ചെയ്യുന്നതാകയാല്‍ ചരിത്രവും മാറി കൊണ്ടിരിക്കുകയായിരുന്നു എന്നത് വ്യക്തമാണല്ലോ. ഭാരതത്തിന്റെ ചരിത്രമെന്നാല്‍ ഇപ്പോള്‍ ആര്യ/ബ്രാഹ്മണ വീക്ഷണവും, പാശ്ചാത്യ /യൂറൊപ്യന്‍ ധാരണകളും മാത്രമായി മാറ്റപ്പെട്ടിരിക്കുന്നു എന്നതാണ് ജോസിന്റെ എക്കാലത്തേയും വിലാപം. ഇവിടുത്തെ ബൗദ്ധ/ ജൈന/ ദളിത് പാരമ്പര്യവും സംസ്‌ക്കാരവും ചരിത്രവും ആസൂത്രിതമായി തമസ്‌ക്കരിക്കപ്പെടുകയായിരുന്നു എന്ന് ആവര്‍ത്തിച്ച് ചൂണ്ടിക്കാണിക്കുകയാണ് നാലു ദശാബദങ്ങളായി ജോസ് ചെയ്യുന്നത്.ആധുനിക കേരള ചരിത്രം പഞ്ചലഹളകളുടെ ചരിത്രവും അവയുടെ തുടര്‍ച്ചയുമാണ് എന്നു ജോസ് സിന്താദ്ധിക്കുന്നു.
പുലയലഹള,
ചാന്നാര്‍ ലഹള,
മാപ്പിള ലഹള,
വയലാര്‍ ലഹള,
വൈക്കം സത്യാഗ്രഹം എന്നിവയാണ് ജോസിന്റെ പഞ്ച ലഹളകള്‍.

ദളിത് സിരീസിലെ ചില പുസ്തകങ്ങള്‍

ചാന്നാര്‍ ലഹള
പുലയലഹള
ക്ഷേത്ര പ്രവേശന വിളംബരം
വൈക്കം സത്യഗ്രഹം ഒരു പ്രഹേളിക
ശിപായി ലഹള ഒരു ദളിത് മുന്നേറ്റം
വേലുത്തമ്പി ദളവ
ദിവാന്‍ മണ്‍റൊ
അംബേദ്ക്കര്‍
മഹാനായ അയ്യങ്കാളി
വൈകുണ്ഠ സ്വാമികള്‍
മഹാത്മാ ഫൂലെ
കേരള പരശുരാമന്‍ പുലയ ശത്രു
ക്രൈസ്തവ ദളിതര്‍
അംബേദ്ക്കറും മനുസ്മൃതിയും
ഗാന്ധി ഗാന്ധിസം ദളിതര്‍
ഗാന്ധിവധം ഒരു പുനര്‍വായന
വാല്മീകി ഒരു ബൗദ്ധനോ?
കറുത്ത അമേരിക്ക
കറുത്ത കേരളം

നസ്രാണി സിരീസ് ചില കൃതികള്‍

ആദിമ കേരള ക്രൈസ്തവരുടെ
ആരാധന ഭാഷ
അര്‍ന്നോസ് പാതിരി
ക്‌നായിത്തൊമ്മന്‍ ഒരു സത്യമോ ?
കേരളത്തിലെ കത്തോലിക്ക
അല്‍മായര്‍
ഭാരതത്തിലെ ക്രിസ്തു മതം
കേരളത്തിലെ സുറിയാനി സഭയുടെ ഉല്‍ഭവം
മാര്‍ തോമാ റോക്കാസ്
ജാതിക്കു കര്‍ത്തവ്യന്‍ ഗീവര്‍ഗ്ഗീസ്
സീറോ മലബാര്‍കുര്‍ബാനയുടെ ചരിത്രം
കേരളത്തിലെ സുറീയാനി സഭയുടെ ഉല്‍ഭവം
കല്‍ദായ പൈതൃകം
കുടവച്ചൂര്‍ പള്ളി
ക്‌നാനായ?
നസ്രാണി
ആദിമ കേരള സഭ
നിലയ്ക്കല്‍

2015 മെയ് 30 ന് രാവിലെ 10 ന് വൈക്കം അംബികാ മാര്‍ക്കറ്റില്‍ നടക്കുന്ന ആദരിക്കല്‍ ചടങ്ങില്‍ കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ എന്‍.കെ.ജോസിനെ പൊന്നാട അണിയിക്കും.

pularvettam.blogspot.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply