
ആഷിക് അബുവും റിമാ കല്ലിങ്കലും വിവാഹിതരാകുമ്പോള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

താരവിവാഹങ്ങള്‍ എന്നും എവിടേയും വാര്‍ത്തയാണ്. പിന്നീടവര്‍ പിരിയുന്നതും വലിയ വാര്‍ത്തതന്നെ. വിവാഹമോചനം മോശപ്പെട്ട കാര്യമാണെന്ന ധാരണ കാലഹരണപ്പെട്ടതാണ്. മിക്കപ്പോഴും വിവാഹമോചനത്തിനു കാരണം സ്ത്രീ ആത്മബോധം നേടുന്നതാണെന്നതാണ് വസ്തുത. അതു സഹിക്കാന്‍ പുരുഷനു കഴിയാറില്ല. അതിനാല്‍ വിവാഹമോചനങ്ങള്‍ പലതും പുരോഗമപരം തന്നെ.
തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നതായി സംവിധായകന്‍ ആഷിക് അബുവും നടി റീമാ കല്ലിങ്കലും കഴിഞ്ഞ ദിവസം എറണാകുളത്ത് സ്ഥിരീകരിച്ചിരുന്നു. നടന്‍ ദിലീപും നടി മഞ്ജുവാര്യരും വിവാഹമോചനത്തിനു ശ്രമിക്കുന്നു എന്ന സ്ഥിരീകരിക്കാത്ത വാര്‍ത്ത പരക്കുന്നതിനിടയിലാണ് ഇത്. സ്‌നേഹവും വിവാഹവുമൊക്കെ വ്യക്തിപരമായ കാര്യങ്ങള്‍തന്നെ. പക്ഷെ പ്രസ്തുത താരവിവാഹത്തില്‍ മലയാളിക്ക് നഷ്ടപ്പെട്ടത് മികച്ച നടിയെ. സ്ത്രീകള്‍ പൊതുരംഗത്തു സജീവമാകേണ്ട ഇക്കാലത്ത് ഈ നടി നാലുചുമരുകള്‍ക്കിടയില്‍ ഒതുങ്ങുകയായിരുന്നു. സ്ത്രീകളുടെ സര്‍ഗ്ഗാത്മകതക്ക് തടയിടുന്നതാണ് ഇന്നത്തെ കുടുംബമൂല്യങ്ങള്‍ എന്നതിനു ഏറ്റവും മികച്ച ഉദാഹരണമായിരുന്നു ആ വിവാഹം. ഇപ്പോഴിതാ വിവാഹമോചനത്തേയും മഞ്ജു സിനിമയിലേക്ക് തിരിച്ചു വരുന്നതിനേയും കുറിച്ചുള്ള വാര്‍ത്തകള്‍ ഒരുമിച്ചാണ് വരുന്നത് അര്‍ത്ഥപൂര്‍ണ്ണമാണ്. നൃത്തരംഗത്തേക്ക് അവര്‍ തിരിച്ചുവന്നു കഴിഞ്ഞു.
ഇത്തരമൊരവസ്ഥ റിമാ കല്ലിങ്കലിനു ഉണ്ടാകില്ല എന്നു പ്രതീക്ഷിക്കാം. അവര്‍ നല്ല ചങ്കൂറ്റമുള്ള പെണ്‍കുട്ടിയാണ്. ന്യൂ ജനറേഷന്‍ താരങ്ങളാണ് ഇരുവരും. ആഷിക് അബുവും കാലഹരണപ്പെട്ട മൂല്യങ്ങളില്‍ കുടുങ്ങികിടക്കുന്ന വ്യക്തിയല്ല എന്നു കരുതാം. എങ്കില്‍ കൂടി സിനിമയെ ഗൗരവമായി കാണുന്നവര്‍ക്കിടയില്‍ ഈ വിവാഹവും ആശങ്ക ജനിപ്പിക്കുന്നത് സ്വാഭാവികം – അതവരുടെ മാത്രം കാര്യമാണെന്ന് അംഗീകരിക്കുമ്പോഴും…..
