മാര്‍ച്ചില്‍ മാതൃഭൂമിയില്‍ നിന്ന് എത്രപേര്‍ പങ്കെടുക്കും?

സംഘടനാപ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കപ്പെട്ട സി നാരായണനെ തിരിച്ചെടുക്കാനാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ തിങ്കളാഴ്ച മാതൃഭൂമി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയാണല്ലോ. മാര്‍ച്ചില്‍ മാതൃഭൂമിയുടെ സ്ഥാപനങ്ങളില്‍ നിന്ന് എത്ര പേര്‍ പങ്കെടുക്കുമെന്ന് കാത്തിരുന്നു കാണാം. തൊഴില്‍ നഷ്ടപ്പെടുമെന്നതിനാല്‍ പങ്കെടുക്കില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. അങ്ങനെ ത്യാഗങ്ങളിലൂടെ തന്നെയാണ് ഏതു പ്രസ്ഥാനവും കെട്ടിപ്പടുത്തിട്ടുള്ളത്. സത്യത്തില്‍ അടങ്ങിയൊതുങ്ങി ജോലിചെയ്താല്‍ മികച്ച വേതനമാണ് മാതൃഭൂമി, മനോരമ പോലുള്ള സ്ഥാപനങ്ങള്‍ നല്‍കുന്നതെന്നത് വാസ്തവം. ചെറുകിട സ്ഥാപനങ്ങളുടെ അവസ്ഥയോ വളരെ പരിതാപകരവും.2012ലാണ് വേജ് ബോര്‍ഡ് വിഷയത്തില്‍ കെയുഡബ്ല്യുജെ പ്രവര്‍ത്തകര്‍ […]

collegejournalism

സംഘടനാപ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കപ്പെട്ട സി നാരായണനെ തിരിച്ചെടുക്കാനാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ തിങ്കളാഴ്ച മാതൃഭൂമി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയാണല്ലോ. മാര്‍ച്ചില്‍ മാതൃഭൂമിയുടെ സ്ഥാപനങ്ങളില്‍ നിന്ന് എത്ര പേര്‍ പങ്കെടുക്കുമെന്ന് കാത്തിരുന്നു കാണാം. തൊഴില്‍ നഷ്ടപ്പെടുമെന്നതിനാല്‍ പങ്കെടുക്കില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. അങ്ങനെ ത്യാഗങ്ങളിലൂടെ തന്നെയാണ് ഏതു പ്രസ്ഥാനവും കെട്ടിപ്പടുത്തിട്ടുള്ളത്. സത്യത്തില്‍ അടങ്ങിയൊതുങ്ങി ജോലിചെയ്താല്‍ മികച്ച വേതനമാണ് മാതൃഭൂമി, മനോരമ പോലുള്ള സ്ഥാപനങ്ങള്‍ നല്‍കുന്നതെന്നത് വാസ്തവം. ചെറുകിട സ്ഥാപനങ്ങളുടെ അവസ്ഥയോ വളരെ പരിതാപകരവും.2012ലാണ് വേജ് ബോര്‍ഡ് വിഷയത്തില്‍ കെയുഡബ്ല്യുജെ പ്രവര്‍ത്തകര്‍ കേരളത്തിലെ പത്രസ്ഥാപനങ്ങള്‍ക്കു മുന്നില്‍ ധര്‍ണ്ണ നടത്തിയത്. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം, തുടങ്ങി എല്ലാ പത്രസ്ഥാപനങ്ങള്‍ക്കു മുന്നിലും ധര്‍ണ്ണകള്‍ അരങ്ങേറി. ഡ്യൂട്ടിയിലില്ലാത്ത ജീവനക്കാരെ മാത്രം പങ്കെടുപ്പിച്ചു നടത്തിയ ഈ ധര്‍ണ്ണയാണ് എം.പി. വീരേന്ദ്രകുമാറിനേയും മകന്‍ ശ്രേയാംസ് കുമാറിനേയും പ്രകോപിപ്പിച്ചത്. ധര്‍ണ്ണയില്‍ പങ്കെടുത്ത നിരവധി പേരെ പിന്നീട് പത്രം പലവിധത്തില്‍ ഉപദ്രവിച്ചു. അന്യ സംസ്ഥാനങ്ങളിലെ ചെറു പട്ടണങ്ങളില്‍ ബ്യൂറോകള്‍ രൂപീകരിച്ച് നാടുകടത്തിയും കാരണങ്ങള്‍ സൃഷ്ടിച്ച് സസ്‌പെന്‍ഡ് ചെയ്തും ജീവനക്കാര്‍ക്കെതിരായ നടപടികള്‍ തുടരുകയായിരുന്നു. ഇതേത്തുടര്‍ന്ന് പലരും രാജിവയ്ക്കാന്‍ വരെ നിര്‍ബന്ധിതരായി. നിസാര കാരണങ്ങള്‍ പറഞ്ഞ് സി. നാരായണനെ മാസങ്ങളായി സസ്‌പെന്‍ഷനില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. ഇതിനൊടുവിലാണ് പിരിച്ചു വിട്ടത്.
മാതൃഭൂമിക്കെതിരേയുള്ള സമരം ഒറ്റപ്പെട്ട സംഭവമല്ലെന്നും രാജ്യത്താകെയുള്ള പണിയെടുക്കുന്നവരുടെ പ്രശ്‌നമാണിതെന്നും തൊഴിലാളികള്‍ കോര്‍പ്പറേറ്റ് ആജ്ഞയ്ക്ക് വഴങ്ങി ജീവിക്കേണ്ട അടിമകളാണെന്ന പുതിയ വാണിജ്യ സങ്കല്‍പ്പത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാനെന്നും യൂണിയന്‍ സെക്രട്ടറി എന്‍ പത്മനാഭന്‍ പറയുന്നു. മാതൃഭൂമിയില്‍ നിന്നും പുറത്താക്കപ്പെട്ട നാരായണന്‍ ഒരു പ്രതീകം മാത്രമാണ്, മുതലാളിക്ക് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കാന്‍, എത്ര അപകടകരമായ തൊഴില്‍ സാഹചര്യത്തിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നതെന്ന് തൊഴിലാളിക്ക് ബോധ്യപ്പെടാന്‍. അതുകൊണ്ടു തന്നെ ഇതു പത്രത്തിനെതിരേയുള്ള സമരമല്ല, ഇതു തൊഴിലാളിയുടെ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. അതില്‍ ശരിയുണ്ടാകാം. എന്നാല്‍ ഇത്തരമവസ്ഥയിലും ഇവിടെ വിവിധമേഖലകളില്‍ തൊഴില്‍ സമരങ്ങള്‍ നടക്കുന്നുണ്ട്. തീര്‍ത്തും അസംഘടിതരായ നഴ്‌സുമാരും ടെക്‌സ്റ്റൈല്‍ ജീവനക്കാരും സിബഎസ്ഇ അധ്യാപകരും വരെ സമരം ചെയ്യുന്നു. എന്നാല്‍ തൊഴില്‍ മേഖലയിലേതടക്കം സമൂഹത്തിലെ മുഴുവന്‍ അനീതിക്കുമെതിരെ ഘോരഘോരം എഴുതുകയും ശബ്ദിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രം എന്തേ അതിനു കഴിയുന്നില്ല? മാതൃഭൂമിയില്‍ തന്നെ എത്രയോ ജീവനക്കാരെ വിദൂര സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുന്നു. പത്ര ഏജന്റുമാരുടെ സമരത്തെ തകര്‍ക്കാന്‍ മനോരമയിലെ മുതിര്‍ന്ന ജീവനക്കാര്‍ പോലും തെരുവിലറങ്ങി പത്രം വില്‍ക്കാന്‍ നിര്‍ബന്ധിതരായ കാഴ്ചയും നാം കണ്ടു. കല്ല്യാണ്‍ സമരം മുതല്‍ വി എസിന്റെ പത്രപ്രസ്താവന വരെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയാതിരുന്ന മാധ്യമപ്രവര്‍ത്തകരുടെ നിസ്സഹായതയും കണ്ടു. മിക്ക മാധ്യമസ്ഥാപനങ്ങളിലും തുച്ഛമായ വേതനത്തിന് അടിമപ്പണി ചെയ്യിക്കുകയാണെന്ന വസ്തുതയും അറിയാത്തവരില്ല. ഇതെല്ലാം കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന്റെ ഭാഗമായി എല്ലാ തൊഴിലാളികളും നേരിടുന്ന പ്രശ്‌നമെന്ന രീതിയില്‍ ചിത്രീകരിക്കുന്നത് ഒളിച്ചോട്ടമാണ്. ഈ മേഖലയിലെ സവിശേഷപ്രശ്‌നങ്ങള്‍ തന്നെയാണ് മുഖ്യകാരണം. സ്വന്തം തൊഴില്‍ മേഖലയില്‍ ഒരു സ്വാധീനവും ഇല്ലാത്തവരാണ് പത്രപ്രവര്‍ത്തക യൂണിയനെന്ന് പഴയ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ കഥാകൃത്ത് സക്കറിയ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. എന്തിന്? മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് മുതലാളിയുടെ സമ്മതപത്രമില്ലാതെ സംഘടനയില്‍ മെമ്പര്‍ഷിപ്പ് പോലും നല്‍കില്ലല്ലോ.
അടുത്തയിടെ ടെലഗ്രാഫ് കെ വി ഡാനിയല്‍ പുരസ്‌കാരം സ്വീകരിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും യൂണിയന്‍ മുന്‍ നേതവുമായിരുന്ന ഗൗരിദാസന്‍ നായരുടെ പ്രസംഗം കേട്ടിരുന്നു. താന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നത് 45 പേര്‍ക്കാണെന്നായിരുന്നു ഗൗരി അന്ന് മുഖ്യമായും പറഞ്ഞത്. ആരാണെന്നോ ആ 45 പേര്‍? കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ശബളം ആവശ്യപ്പെട്ട് വളരെ ചെറിയ രീതിയില്‍ ശബ്ദമുണ്ടാക്കാന്‍ ശ്രമിച്ചതിന് ഇന്ത്യയിലെ പല ഭാഗത്തേക്കും സ്ഥലം മാറ്റപ്പെട്ട ഒരു പ്രമുഖ പത്രത്തിലെ ജേര്‍ണ്ണലിസ്റ്റുകള്‍.. അത് മാതൃഭൂമി തന്നെയായിരുന്നു.
മറ്റു തൊഴില്‍ മേഖലകളിലെ ചൂഷണങ്ങള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകര്‍ സ്വയം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് മിണ്ടാന്‍ പോലും ആകാത്ത അവസ്ഥയിലാണ്. മറ്റുള്ളവരുടെ സംഘടനാ സ്വാതന്ത്ര്യത്തെ കുറിച്ച് ഘോരഘോരം വാചാലരാകുമ്പോള്‍ സ്വന്തം മേഖലയിലെ സംഘടന ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണെന്നു മറക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഗൗരി ചൂണ്ടികാട്ടിയ സംഭവം. പത്രപ്രവര്‍ത്തക യൂണിയന്റെ തലപ്പത്ത് ഏറെ കൊല്ലമിരുന്ന ആളാണല്ലോ ഗൗരി. അതുകൊണ്ടുതന്നെ സംഘടനയുടെ നിസ്സഹായാവസ്ഥ അദ്ദേഹത്തിനു നന്നായറിയാം. മാധ്യമപ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുമ്പോല്‍ പ്രതികരിക്കാന്‍ സംഘടനക്കു കഴിയാറുണ്ട്. സര്‍ക്കാര്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കാറുമുണ്ട്. അത്രതന്നെ. പിന്നെ കുടുംബയോഗങ്ങളും സെമിനാറുകളും മറ്റും മറ്റും. ഇപ്പോഴിതാ സംഘടനയെ ശരിക്കും ഒരു ട്രേഡ് യൂണിയന്‍ ആക്കാനാണ് കീരുമാനമെന്ന് പത്മനാഭന്‍ പറയുന്നു. നടന്നാല്‍ നന്ന്. ഒരു പ്രമുഖ പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തിനുണ്ടായ അനുഭവം. മുകളില്‍ നിന്നു ലഭിച്ച നിര്‍ദ്ദേശമനുസരിച്ച്് ഒരു അണ്‍ എയ്ഡഡ്് സ്‌കൂളിലെ അധ്യാപകരെ മാനേജ് മെന്റ് ചൂഷണം ചെയ്യുന്നതായി വലിയൊരു സ്റ്റോറി പുള്ളി എഴുതി. പിറ്റേന്ന് മാനേജര്‍ വിളിച്ചു. സ്‌നേഹത്തോടെ എന്താണ് പഠച്ചതെന്നും കിട്ടുന്ന ശബളമെത്രയാണെന്നും ജോലി സമയമെത്രയാണെന്നും എത്ര ലീവ് കിട്ടുമെന്നും മറ്റുമുള്ള വിശദാംശങ്ങള്‍ ചോദിച്ചു. പറഞ്ഞുവന്നപ്പോള്‍് അതിനേക്കാള്‍ എത്രയോ മെച്ചമാണ് ആ സ്‌കൂളിലെ അധ്യാപകരുടെ അവസ്ഥ.
ചില മാധ്യമങ്ങൡ ഭേദപ്പെട്ട വേതനമുണ്ടെങ്കിലും അടിമത്തവും കുറഞ്ഞവേതനവും അമിതമായ ജോലിഭാരവും മുഴുവന്‍ സമയ ടെന്‍ഷനും നേരിടുന്നവരാണ് പൊതുവില്‍ മാധ്യമപ്രവര്‍ത്തകര്‍. തങ്ങളെന്തോ മഹത്തായ തൊഴിലാണ് ചെയ്യുന്നതെന്ന് ഭാവിക്കുമ്പോഴും യാഥാര്‍ത്ഥ്യം അതല്ല എന്നവര്‍ക്കറിയാം. ഈ സാഹചര്യത്തിലാണ് നാരായണന്‍ സംഭവം പ്രസക്തമാകുന്നത്. ഇതിലെങ്കിലും ക്രിയാത്മകമായി ഇടപെടാന്‍ യൂണിയനു കഴിയുമോ? ഇനിയും നാരായണന്മാര്‍ ഉണ്ടാകില്ല എന്നുറപ്പു വരുത്തലാണ് ലക്ഷ്യമെന്ന് പത്മനാഭന്‍ പറഞ്ഞതായി വായിച്ചു. അപ്പോള്‍ നാരായണന് നീതി കിട്ടില്ലെന്നാണോ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply