കേരളം നമ്പര്‍ വണ്‍ – യാഥാര്‍ത്ഥ്യമെന്താണ്?
കേരളത്തെ കുറിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാതലത്തില്‍ നടത്തുന്ന നുണപ്രചരണങ്ങള്‍ ചെറുക്കപ്പെടേ ണ്ടതുതന്നെ. ഇന്ത്യയില്‍ ക്രമസമാധാനം ഏറ്റവും തകര്‍ന്ന സംസ്ഥാനമെന്നും തങ്ങളുടെ പ്രവര്‍ത്തകര്‍ നിരന്തരമായി കൊലചെയ്യപ്പെടുന്ന സംസ്ഥാനമാണെന്നുമുള്ള പ്രചരണമാണ് മുഖ്യമായും ബിജെപിയും ചില ദേശീയ ചാനലുകളും നടത്തുന്നത്. അതിനെതിരെ കേരളസര്‍ക്കാര്‍ ദേശീയമാധ്യമങ്ങളില്‍ നല്‍കിയ പരസ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. നിരവധി പേര്‍ നമ്പര്‍ വണ്‍ കേരള എന്ന പ്രൊഫൈല്‍ പിക്ച്ചറുമിട്ടു. കേരളം നമ്പര്‍ വണ്ണാണ് എന്നു വിശ്വസിക്കുന്നില്ല എന്നു മുന്‍കൂര്‍ ജാമ്യമെടുത്ത് രാഷ്ട്രീയസത്യസന്ധതയില്ലാത്തവരും അതു ചെയ്യുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തെ […]
കേരളത്തെ കുറിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാതലത്തില്‍ നടത്തുന്ന നുണപ്രചരണങ്ങള്‍ ചെറുക്കപ്പെടേ ണ്ടതുതന്നെ. ഇന്ത്യയില്‍ ക്രമസമാധാനം ഏറ്റവും തകര്‍ന്ന സംസ്ഥാനമെന്നും തങ്ങളുടെ പ്രവര്‍ത്തകര്‍ നിരന്തരമായി കൊലചെയ്യപ്പെടുന്ന സംസ്ഥാനമാണെന്നുമുള്ള പ്രചരണമാണ് മുഖ്യമായും ബിജെപിയും ചില ദേശീയ ചാനലുകളും നടത്തുന്നത്. അതിനെതിരെ കേരളസര്‍ക്കാര്‍ ദേശീയമാധ്യമങ്ങളില്‍ നല്‍കിയ പരസ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. നിരവധി പേര്‍ നമ്പര്‍ വണ്‍ കേരള എന്ന പ്രൊഫൈല്‍ പിക്ച്ചറുമിട്ടു. കേരളം നമ്പര്‍ വണ്ണാണ് എന്നു വിശ്വസിക്കുന്നില്ല എന്നു മുന്‍കൂര്‍ ജാമ്യമെടുത്ത് രാഷ്ട്രീയസത്യസന്ധതയില്ലാത്തവരും അതു ചെയ്യുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ അതിന്റെ ആവശ്യമെന്താണാവോ? എന്തായാലും ഈ പ്രചരണങ്ങളുടെയെല്ലാം അകത്തുക പിണറായി അഖിലേന്ത്യാതലത്തില്‍ ശ്രദ്ധേയനായി എന്നതാണ്. അതു നല്ലതുതന്നെ. ആന്റണിക്കുശേഷം കുറെകാലമായല്ലോ കേരളത്തില്‍ നിന്നൊരു ദേശീയനേതാവുണ്ടായിട്ട്.
അതേസമയം സംസ്ഥാനം നല്‍കിയ പരസ്യം കൃത്യമായ വിശകലനത്തിനു വിധേയമാക്കേണ്ടതാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്താണ് നാം എന്ന പല്ലവി നിരന്തരമായി കേള്‍ക്കുന്നതാണ്. വാസ്തവത്തില്‍ അത്തരമൊരു താരതമ്യം തന്നെ അര്‍ത്ഥരഹിതമല്ലേ? ഇന്ത്യയിലെ സംസ്ഥാനങ്ങളെ അത്തരത്തില്‍ താരതമ്യം ചെയ്യുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഇന്ത്യയെന്നത് വൈവിധ്യമാര്‍ന്ന നിരവധി ദേശീയതകളുടെ സമുച്ചയമാണ്. കൊളോണിയല്‍ കാലഘട്ടമില്ലായിരുന്നെങ്കില്‍ വ്യത്യസ്ത രാഷ്ട്രങ്ങള്‍ തന്നെ ഇവിടെ ഉണ്ടാകുമായിരുന്നു. യൂറോപ്പില്‍ നിലനിന്നിരുന്ന ലാറ്റിന്‍ ആധിപത്യത്തിനെതിരെ പ്രാദേശികഭാഷകള്‍ വളര്‍ന്നുവരുകയും അവസാനം ദേശീയരാഷ്ട്രരൂപീകരണത്തില്‍ എത്തുകയും ചെയ്തപോലുള്ള സംഭവവികാസങ്ങള്‍ ഇവിടേയും ആരംഭിക്കാന്‍ തുടങ്ങിയിരുന്നു. ഇവിടെയത് ഭക്തിപ്രസ്ഥാനത്തിന്റെ രൂപത്തിലായിരുന്നു. സംസ്ൃതമേധാവിത്വത്തിനെതിരായ പ്രാദേശിക ഭാഷകളുടെ വളര്‍ച്ചയും ആ കാലഘട്ടത്തില്‍ പ്രകടമാണ്. എന്നാല്‍ കൊളോണിയല്‍ ആധിപത്യം. ചരിത്രഗതിയെ വഴിമാറ്റിവിട്ടു. പിന്നീട് കൊളോണിയല്‍ വിരുദ്ധ സമരത്തിലുണ്ടായ ഐക്യമാണ് ഇന്ത്യയെന്ന രാജ്യത്തിന്റെ രൂപീകരണത്തിന്റെ അടിത്തറയായത്. പക്ഷെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ചരിത്രപരമായ വളര്‍ച്ച വളറെയധികം വ്യത്യസ്ഥമാണ്. ഇന്നും അങ്ങനെതന്നെ. അവ തമ്മില്‍ താരതമ്യം ചെയ്ത് നമ്മള്‍ മുന്നിലാണ്, അവര്‍ പിന്നിലാണ് എന്ന വാദം അര്‍ത്ഥരഹിതമാണ്.
വാസ്തവത്തില്‍ വേണ്ടത് മറ്റൊന്നാണ്. പരസ്പരമുള്ള താരതമ്യത്തിനു പകരം വര്‍ഷാവര്‍ഷം ഓരോ സംസ്ഥാനത്തിന്റേയും വളര്‍ച്ചയെ വിലയിരുത്തിയാണ് പുരസ്‌കാരം നല്‍കേണ്ടത്. അതായത് കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം മുന്നോട്ടുപോയോ, ഗുജറാത്ത് മുന്നോട്ടുപോയോ., പോയെങ്കില്‍ എത്ര ശതമാനം എന്നിങ്ങനെയാണ് പരിശോധിക്കേണ്ടത്. എന്നാല്‍ യാതൊരുതരത്തിലും താരതമ്യമില്ലാത്തവര്‍ തമ്മില്‍, ഉദാഹരണമായി ആമയും മുയലും പോലുള്ള മത്സരമാണ് ഇന്ത്യ ടുഡെ നടത്തിയത്. അത് സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ക്കു നിരക്കുന്നതല്ല. ഇന്നത്തെ അവസ്ഥയില്‍ കേരളം പുറകോട്ടും ബീഹാര്‍ മുന്നോട്ടുമാണ് പോകുന്നതെങ്കിലും താരതമ്യത്തില്‍ കേരളമാകും മു്ന്നില്‍. ഉന്നതവിദ്യാഭ്യാസത്തില്‍ ഇതു പ്രകടമാണല്ലോ. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖല പുറകോട്ടുപോകുകയാണെന്നതില്‍ സംശയമില്ലല്ലോ. എന്നാല്‍ മുന്‍കാലനേട്ടങ്ങളുടെ ഫലമായി മുന്നോട്ടുപോകുന്ന മിക്കസംസ്ഥാനങ്ങള്‍ക്കും മുന്നിലായിരിക്കുമല്ലോ നാം.
ക്രസമാധാനം, സാമുദായിക സാഹോദര്യം, ഭരണക്ഷമത, അഴിമതിയില്ലായ്മ, മനുഷ്യവികസന സൂചികകള്‍, സാക്ഷരത, ആളോഹരി വരുമാനം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലാണ് കേരളം മുന്നിലെന്ന അവകാശവാദവുമായി സര്‍ക്കാര്‍ പരസ്യം നല്‍കിയിരിക്കുന്നത്. ആയിരിക്കാം. എന്നാല്‍ ഇവയില്‍ മിക്കതിലും അടുത്ത കാലത്തായി കേരളം പുറകോട്ടടിക്കുകയാണെന്നതാണ് വസ്തുത. പക്ഷെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത് നമ്മളതു വിസ്മരിക്കുന്നു.
കൊട്ടിഘോഷിക്കപ്പെടുന്ന രണ്ടുമേഖലകള്‍ മാത്രമെടുക്കുക. ആരോഗ്യവും വിദ്യാഭ്യാസവും. ഉല്‍പ്പാദനമേഖല വികസിക്കാതെ പോലും ഒരു സമൂഹത്തിനു മുന്നോട്ടുപോകാമെന്ന് കേരളത്തിലെ ഈ രണ്ടു മേഖലകള്‍ ചൂണ്ടികാട്ടി ലോകമാസകലം പ്രചരണം നടന്നല്ലോ. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ വന്‍തോതില്‍ ഈ മേഖലയില്‍ നിക്ഷേപം നടത്തിയതിന്റെ ഗുണകള്‍ പ്രകടമായിരുന്നു. സംസ്ഥാനത്തിന്റെ മിക്കവാറും മേഖലകളില്‍ പ്രാഥമിക ചികിത്സാ സൗകര്യങ്ങളും പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങളും എത്തിയെന്നത് ശരിയാണ്. അവിടെതീര്‍ന്നു ഈ മുന്നേറ്റം. പിന്നീട് രണ്ടുമേഖലകളിലും സംഭവിച്ചതെന്താണ്? യാതൊരു നിയന്ത്രണവുമില്ലാത്ത സ്വകാര്യവല്‍ക്കരണം. ഫലമോ? ചൂഷണത്തിന്റെ ഏറ്റവും വലിയ മേഖലകളായി ഇവ മാറി. നേടിയ നേട്ടങ്ങളെല്ലാ നഷ്ടപ്പെടുകയും ചെയ്തു. ഒരു മഴ പെയ്യുമ്പോഴേക്കും പനി പിടിക്കുകയും പനി പിടിച്ചാല്‍ മരണപ്പെടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് വിഖ്യാതമായ കേരളമോഡല്‍ മാറി. ഒരിടത്തുമില്ലാത്ത രീതിയിലുള്ള പുതിയ രോഗങ്ങള്‍. അവയുടെ ചികിത്സയുടെപേരില്‍ തീവെട്ടിക്കൊള്ള. ആയുസ്സ ഉയര്‍ന്നിരിക്കാം. പക്ഷെ വൃദ്ധരില്‍ ഭൂരിഭാഗവും കിടപ്പില്‍. വിദ്യാഭ്യാസത്തിലോ? സാക്ഷരത നേടി. മംഗളവും മനോരമയുമൊക്കെ നന്നായി വായിക്കാം. ഉന്നതവിദ്യാഭ്യാസത്തില്‍ നാം ബീഹാറിനു പുറകില്‍. മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കു പുറത്തുപോയി പഠിക്കേണ്ട ഗതികേട്. സ്വകാര്യമേഖലയുടെ കൊള്ള അനസ്യൂതം തുടരുന്നു. അധ്യാപക വിദ്യാര്‍ഥി അനുപാതം ദേശീയതലത്തില്‍ നൂറ് വിദ്യാര്‍ഥികള്‍ക്ക് രണ്ട് അധ്യാപകര്‍ എന്നിടത്ത് 25 വിദ്യാര്‍ഥികള്‍ക്ക് ഒരധ്യാപകന്‍ എന്ന നിലയിലാണത്രെ കേരളത്തില്‍. ചിലയിടത്ത് പൂജ്യം വിദ്യാര്‍ത്ഥിക്കും അധ്യാപകരുണ്ടല്ലോ. പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയാണ് അതിനു കാരണമെന്ന് മറച്ചുവെച്ചാണ് ഈ താരതമ്യം.
ക്രമസമാധാനത്തിന്റെ കാര്യം. വര്‍ഷം തോറും കൊലപാതകവും ബലാല്‍സംഗവുമടക്കമുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ പെരുകുകയാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു പോലീസിന്റെ എണ്ണവംു വര്‍ദ്ധിക്കുന്നു. കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ട കൊലകളില്‍ നാം തന്നെ മുന്നില്‍. ദളിതര്‍ക്കും സ്ത്രീകള്‍ക്കും ആദിവാസികള്‍ക്കും മറ്റു ദുര്‍ബ്ബലവിഭാഗങ്ങള്‍ക്കും എതിരായ അക്രമങ്ങളും വര്‍ദ്ധിക്കുന്നു. ആദ്യമായി ട്രാന്‍സ്‌ജെന്റര്‍ പോളിസി നടപ്പാക്കി എന്നു പറയുമ്പോഴും അവര്‍ക്ക് മാന്യമായി ജീവിക്കാനുള്ള അവസ്ഥ കേരളത്തിലുണ്ടോ..? പല സംസ്ഥാനങ്ങളിലും ഐ എ എസുകാരടക്കമുള്ളവര്‍ അവരില്‍ നിന്നുള്ളപ്പോള്‍ ഇവിടേയോ? വര്‍ഗ്ഗീയ – സാമുദായിക വികാരങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിക്കുകയാണെന്ന് ഏതു കൊച്ചുകുഞ്ഞിനുമറിയാം. എന്നിട്ടും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?
നമ്മുടെ ഭരണത്തിലെ കാര്യക്ഷമത സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്നവരോട് പ്രതേകിച്ചു പറയേണ്ടതില്ലല്ലോ. എന്തിന്, മുഖ്യമന്ത്രി പോലും ഈ വിഷയം നിരന്തരമായി ഉന്നയിക്കുന്നുണ്ടല്ലോ. കൈക്കൂലിയില്ലാതെ എന്തെങ്കിലും കാര്യം നടത്തിയെടുക്കാനാവുമോ? പാരിസ്ഥിതികമായി നമ്മുടെ അവസ്ഥയെന്തെന്ന് പശ്ചിമഘട്ടവും നദികളും പാടശേഖരങ്ങളും നീര്‍ത്തടങ്ങളും വരള്‍ച്ചയും പാറമാഫിയയും നഗരമാലിന്യങ്ങളും വിഷം തുപ്പുന്ന ഫാക്ടറികളും മറ്റും മറുപടി പറയും. അക്കാര്യത്തിലാകട്ടെ നാം മറ്റു സംസ്ഥാനങ്ങളേക്കാള്‍ പുറകിലുമാണ്. ആളഓഹരി വരുമാനത്തില്‍ മുന്നിലായിരിക്കാം. എന്നാല്‍ കൃഷിയോ വ്യവസായമോ ഇല്ലാതെയാണ് ആ നേട്ടം. കൃത്യമായും പ്രവാസി പണം. നമ്മുടെ മുഖ്യവരുമാന മേഖല മദ്യവും ഭാഗ്യക്കുറിയും. പിന്നെ പറയുന്നത് ഉപഭോഗസംസ്‌കാരമാണ്. ശരിയാണ്, ഉപഭോഗവസ്തുക്കളുടെ പറുദീസയാണ് കേരളം. ആര്‍ക്കാണതുകൊണ്ടുനേട്ടം? ഇരുചക്രവാഹന ഉടമകളുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ധനയുണ്ടായതാണത്രെ (ദേശീയ തലത്തില്‍ 15 ശതമാനം) ഇന്ത്യ ടുഡേ കേരളത്തിന് ഒന്നാം സ്ഥാനം നല്‍കാന്‍ പ്രധാന കാരണം. അതു നേട്ടമാണോ? അതുവഴി ആഗോളതാപനത്തില്‍ നമ്മുടെ സംഭാവന വര്‍ദ്ധിക്കുകയല്ലേ? സ്വകാര്യവാഹനങ്ങളുടെ വര്‍ദ്ധനയുടെ ഫലമായി റോഡുവീതി കൂട്ടാന്‍ എത്രയോ കുടുംബങ്ങളെ കുടിയിറക്കുന്നു. അപകടങ്ങളാല്‍ നമ്മുടെ റോഡുകളിലെല്ലാം ചോരപുഴകള്‍ ഒഴുകുന്നു. സാമൂഹ്യരോഗ്യത്തിന്റെ പ്രതീകമായ പൊതുഗതാഗതം തകരുന്നു. ഇതെല്ലാം പുരോഗതിയാണോ? അതുപോലെ കൊട്ടാരസദൃശമായ കെട്ടിടങ്ങള്‍ കെട്ടിപൊക്കി പൊങ്ങച്ചം കാണിക്കുന്നതും കോടികള്‍ ചിലവാക്കി വിവാഹം നടത്തുന്നതുമൊക്കെ പുരോഗതിയെന്നു പറയാനാവുമോ?
കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ആദിവാസികളുടെ ജീവിതത്തെ പരാമര്‍ശിച്ച് നരേന്ദ്രമോദി തുടങ്ങിവെച്ച സോമാലിയ വിവാദത്തോടെയാണ് നമ്മള്‍ ഒന്നാം സ്ഥാനത്താണെന്നു സമര്‍ത്ഥിക്കാനുള്ള മലയാളികളുടെ പ്രവണത കൂടുതല്‍ ശക്തമായത്. നേരത്തെ തന്നെ ഈ അഹങ്കാരം നമുക്കുണ്ടായിരുന്നു. മോദി എന്തുലക്ഷ്യത്തില്‍ പറഞ്ഞാലും ആദിവാസിവിഭാഗങ്ങളിലെ ശിശുമരണനിരക്കിനെ പരാമര്‍ശിച്ച് മോദി പറഞ്ഞതില്‍ ശരിയുണ്ടോ എന്നു പരിശോധിക്കാതെ ഗുജറാത്തുമായി താരതമ്യം ചെയ്ത് നമ്മെ സ്വയം ന്യായീകരിക്കുകയാണ് എല്ലാവരും ചെയ്തത്. ആദിവാസികള്‍, ദളിതര്‍, തോട്ടം തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ഭിന്നലിംഗക്കാര്‍, ഇതരസംസ്ഥാനത്തൊഴിലാളികള്‍ തുടങ്ങിയ പല വിഭാഗങ്ങളുടേയും അവസ്ഥ കേരളത്തില്‍ പരിതാപകരമാണ്. അതുപോലെതന്നെ നഴ്‌സുമാര്‍, പീടികത്തൊഴിലാളികള്‍, അണ്‍ എയ്ഡഡ്് അധ്യാപകര്‍ തുടങ്ങി നിരവധി അസംഘടിതമേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരുടേയും. വിദ്യാഭ്യാസത്തിലൊക്കെ മുന്നിലാണെങ്കിലും സ്ത്രീകളുടെ സാമൂഹ്യപദവി വളരെ മോശമാണ്. അതൊക്കെ മറച്ചുവെച്ചാണ് അര്‍ത്ഥരഹിതമായ നമ്മുടെ അവകാശവാദം. പൊതുവിതരണ സമ്പ്രദായത്തെ കുറിച്ചു പരസ്യത്തിലുണ്ട്. അതു തകരുകയാണെന്ന് ആര്‍ക്കാണറിയാത്തത്? ഭൂരഹിതര്‍ക്കു ഭൂമി എന്ന ആവശ്യത്തെ തള്ളിക്കളഞ്ഞ്, പാട്ട കാലാവധി കഴിഞ്ഞും കുത്തകകള്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കാതെ നടപ്പാക്കുന്ന 400 ചതുരശ്ര അടി വീടു – ഫഌറ്റു നിര്‍മ്മാണ പദ്ധതിയായ ലൈഫിനേയും പരസ്യത്തില്‍ ഉയര്‍ത്തിപിടിക്കുന്നു.
ഇത്തരത്തിലുള്ള വിഷയങ്ങള്‍ പരിഗണിക്കാതേയും നമ്മുടെ ഇപ്പോഴത്തെ പോക്ക് പിന്നോട്ടാണെന്ന് (അത് ഈ മന്ത്രിസഭയുടെ മാത്രം പ്രശ്‌നമല്ല എന്നു പ്രതേകിച്ച് പറയേണ്ടതില്ലല്ലോ) അംഗീകരിക്കാതേയും ചരിത്രപരമായിതന്നെ വ്യത്യസ്ഥ നിലവാരത്തിലുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുന്ന ഈ രീതിതന്നെ തെറ്റാണ്. അത് സംഘപരിവാറിനെ പ്രതിരോധിക്കാനായിരിക്കാം. പക്ഷെ യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in