
പോലീസ് തന്നെ കൊലയാളികളാകുമ്പോള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന കസ്റ്റഡി മരണങ്ങളെ കുറിച്ചുള്ള കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ലൗക് ഡൗണ്‍ സമയത്ത് തൂത്തുകുടിയില്‍ കടയടക്കാന്‍ അല്‍പ്പം വൈകി എന്ന കുറ്റം ചുമത്തി പിതാവിനേയും മകനേയും ലോക്കപ്പിലിട്ടു മര്‍ദ്ദിച്ചുകൊന്ന സംഭവം രാജ്യമാകെ ശ്രദ്ധിച്ചതിനെ തുടര്‍ന്നാണ് കണക്കുകള്‍ പുറത്തുവന്നത്. ലോക്കപ്പ് മര്‍ദ്ദനങ്ങളോടുള്ള ജനങ്ങളുടെ പ്രതിഷേധം എത്രമാത്രം ശക്തമാണെന്നതിന്റെ തെളിവാണ് തൂത്തുകുടിയില്‍ മര്‍ദ്ദനത്തിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ ജനങ്ങള്‍ പടക്കം പൊട്ടിച്ച് ആഹ്ലാദിച്ച ദൃശ്യങ്ങള്‍.
2019 ല്‍ മാത്രം ഇന്ത്യയില്‍ ആകെ 1,731 പേര്‍ കസ്റ്റഡിയില്‍ മരണപ്പെട്ടതായാണ് കണക്ക്. അതായത് ദിനം പ്രതി അഞ്ച് മരണങ്ങള്‍. പീഡനത്തിനിരയായവരെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ച്, ഇന്ത്യയില്‍ നടന്നിട്ടുള്ള പീഡനത്തെക്കുറിച്ചുള്ള 2019ലെ വാര്‍ഷിക റിപോര്‍ട്ടിലാണ് 1,606 മരണങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലും 125 എണ്ണം പോലിസ് കസ്റ്റഡിയിലും സംഭവിച്ചതായി ചൂണ്ടിക്കാട്ടുന്നത്. കേരളമടക്കം മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കസ്റ്റഡി കൊലപാതകങ്ങള്‍ നടക്കുന്നു. പോലിസ് കസ്റ്റഡിയില്‍ മരണപ്പെട്ട 125 കേസുകളില്‍ 93 പേര്‍ ക്രൂരമായ പീഡനത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. ചിലര്‍ ആത്മഹത്യ ചെയ്‌തെന്നാണ് പോലിസ് പറയുന്നത്.
അതിക്രൂരമായ മര്‍ദ്ദനമുറകളാണ് പോലീസ് പ്രയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇരുമ്പാണിയും റോളറും തീയും മുളകുപൊടിയും വൈദ്യുതിയും ലാത്തിയും സൂചിയും ഇരുമ്പുവടിയുമെല്ലാം അതിനായി ഉപയോഗിക്കുന്നു. സിനിമകളില്‍ കാണുന്ന പോലെ കൈകാലുകള്‍ കെട്ടി തലകീഴായി തൂക്കിയിട്ട ശേഷം അടിക്കലും പ്ലയര്‍ ഉപയോഗിച്ച് വിരല്‍ നഖങ്ങള്‍ പിഴുതെടുക്കലുമെല്ലാം സിഥിരം പരിപാടിയാണ്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ദരിദ്രരും ദളിത്, മുസ്ലിം വിഭാഗങ്ങളില്‍ പെട്ടവരുമാണെന്നത് പ്രത്യേകം പറയാതെ വയ്യ. ലോക്കപ്പ് കൊലകളുടെ രാഷ്ട്രീയവും അതിലൂടെ പുറത്തുവരുന്നു. സ്ത്രീകള്‍ നേരിടുന്നത് പ്രധാനമായും ലൈംഗിക അതിക്രമങ്ങള്‍ തന്നെ. 2019 ല്‍ പോലിസ് കസ്റ്റഡിയില്‍ നാല് സ്ത്രീകളും കൊല്ലപ്പെട്ടതായും റിപോര്‍ട്ടില്‍ പറയുന്നു. പോലീസ് സ്‌റ്റേഷനുകളിലും ലോക്കപ്പുകളിലുമെല്ലാം ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം മിക്കയിടത്തും ഇപ്പോഴും നടപ്പായിട്ടില്ല.
പ്രബുദ്ധമെന്നൊക്ക പറയുന്ന കേരളവും ഇക്കാര്യത്തില്‍ വ്യത്യസ്ഥമല്ല. ഏതാനും വര്‍ഷങ്ങളായി കേരളത്തിലെ പോലീസിനെതിരായ പരാതികള്‍ വര്‍ദ്ധിക്കുന്നതായി പോലീസ് കംപ്ലെയന്‍സ് അതോറിട്ടിയും മനുഷ്യാവകാശ കമ്മീഷനുമൊക്കെ സര്‍ക്കാരിനു മുന്നില്‍ ചൂണ്ടികാണിക്കാറുണ്ട്. എന്നാല്‍ ആത്മവീര്യത്തിന്റെ പേരിലാണ് സര്‍ക്കാര്‍ പോലീസിനു കവചമൊരുക്കുന്നത്. രാജന്‍, ഉദയകുമാര്‍, ഗോപി, ശ്രീജിത്, ശ്രീജിത് വരാപ്പുഴ, സനല്‍കുമാര്‍, രാജ്കുമാര്‍ തുടങ്ങിയവരൊക്കെ പലപ്പോഴായി പോലീസിനാല്‍ കൊലചെയ്യപ്പെട്ടവരില്‍ ചിലരാണ്. വിനായകനെപോലെ പോലീസ് അതിക്രമത്തിനു പിന്നാലെ ആത്മഹത്യ ചെയ്തവരും പിന്നീട് മരിച്ചവരുമൊക്കെ വേറെ. പ്രധാനമായും ഉദയകുമാര്‍ വധത്തില്‍ മാത്രമാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടത്. പോലീസ് അതിക്രമങ്ങളെ കുറിച്ച് പോലീസ് തന്നെ അന്വേഷിച്ചാല്‍ മറ്റെന്താണുണ്ടാകുക? ഈ മന്ത്രിസഭ അധികാരത്തിയപ്പോള്‍ പതിറ്റാണ്ടുകള്‍ക്കുശേഷം വ്യാജഏറ്റുമുട്ടല്‍ കൊലകളും സംസ്ഥാനത്ത് നടന്നു. ദളിതുകളും ദുര്‍ബ്ബലുമായവര്‍ തന്നെയാണ് ഇവിടേയും പീഡനങ്ങള്‍ക്ക് ഏറ്റവും വിധേയരാകുന്നവര്‍. കൂടാതെ ട്രാന്‍സ്ജെന്ററുകളും. ഇപ്പോഴും ഏതെങ്കിലും രാഷ്ട്രീയക്കാരുടെ സഹായമില്ലാതെ ധൈര്യം പോലെ പോലീസ് സ്റ്റേഷനുകളിലേക്ക് കയറി ചെല്ലാന്‍ ധൈര്യമുള്ളവര്‍ കുറവാണല്ലോ. ജനമൈത്രി എന്ന ഓമനപേരുള്ള സ്റ്റേഷനുകളും തഥൈവ. ലോക്കപ്പ് മര്‍ദ്ദനവും പീഡനവും സര്‍ക്കാരിന്റെ പോലീസ് നയമല്ല എന്ന പതിവുപല്ലവി തന്നെയാണ് സര്‍ക്കാര്‍ പറയുന്നത്. ്അതേ വാദത്തില്‍ ഭീകരനിയമങ്ങളും കര്‍ക്കശമാക്കുന്നു. എന്തിനേറെ, അറസ്റ്റ് ചെയ്യുമ്പോള്‍ പോലും നിലവിലെ ചട്ടങ്ങള്‍ പാലിക്കുന്നില്ല.
അതിനിടെ വര്‍ദ്ധിച്ചു വരുന്ന പോലീസ് അതിക്രമ പരാതികളും നിയമ പരിജ്ഞാനം ഇല്ലാത്തവര്‍ പോലീസ് സ്റ്റേഷനുകളില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ച് പോലീസ് സ്റ്റേഷനുകളില്‍ അഡ്വക്കേറ്റുമാരുടെ സേവനം ലഭ്യമാക്കാന്‍ ലീഗല്‍ സര്‍വ്വീസ് അതോറിട്ടി തീരുമാനം സ്വാഗതാര്‍ഹമാണ്. അതനുസരിച്ച് പോലീസ് സ്റ്റേഷനിലേക്ക് കേസുമായി ബന്ധപ്പെട്ട് ആരെയെങ്കിലും ചോദ്യം ചെയ്യാനോ, അറസ്റ്റ് ചെയ്യാനോ വിളിപ്പിക്കുന്നുവെങ്കില്‍ നിയമ പരിജ്ഞാനമുള്ള വക്കീലിന്റെ സേവനം ലഭ്യമാകുകയും അതുവഴി സാധാരണക്കാര്‍ക്ക് ഭയമില്ലാതെ ഇനി പോലീസ് സ്റ്റേഷനുകളിലേക്ക് കയറി ചെല്ലാനും സാധിക്കുമെന്നാണ് അതോറിട്ടി അവകാശപ്പെടുന്നത്. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു സേവനം നല്‍കുന്നത്. ഇതനുസരിച്ച് ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിക്കപ്പെട്ട വ്യക്തിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അഭിഭാഷകന്‍ വിലയിരുത്തും. ആരോപിക്കപ്പെടുന്ന കുറ്റവും ചോദ്യം ചെയ്യലിനായി വ്യക്തിയെ വിളിച്ച വിശദീകരിച്ചു നല്‍കും. എല്ലാ നിയമോപദേശവും സഹായവും നല്‍കും. യാതൊരു അടിസ്ഥാനവുമില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായാല്‍ അഭിഭാഷകന്‍ ഇടപെടുകയും പോലീസിനെ നിയമ വശങ്ങള്‍ വിശദീകരിച്ച് ഉപദേശം നല്‍കും. ചോദ്യം ചെയ്യലിനായി സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്കോ അവരുടെ താമസ സ്ഥലത്തല്ലാതെ മറ്റൊരു സ്ഥലത്തേക്കോ വിളിച്ചിട്ടില്ലെന്ന് ഉറപ്പാക്കും. ഒരു കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെങ്കില്‍, ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം നല്‍കിയിട്ടുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ക്ക് പോലീസ് സ്റ്റേഷനില്‍ നിന്നു തന്നെ ജാമ്യം നേടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അറസ്റ്റു ചെയ്യപ്പെട്ടയാളുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ബന്ധപ്പെട്ടിട്ടുണ്ടോ എന്നും അതിനു വേണ്ടിയുള്ള നടപടികള്‍ അഭിഭാഷകന്‍ കൈക്കൊള്ളും. അതാത് ദിവസത്തെ പ്രവര്‍ത്തങ്ങള്‍ അന്ന് തന്നെ ഡിസ്ട്രിക്ട് ജഡ്ജ് ചെയര്‍മാന്‍ ആയിട്ടുള്ള ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മുമ്പാകെ അഭിഭാഷകന്‍ ബോധിപ്പിക്കും.
സ്വാഗതാര്‍ഹമാണ് ഈ തീരുമാനമെങ്കിലും നിമയമം നടപ്പാക്കാന്‍ ബാധ്യസ്ഥരായ പോലീസ് നിയമം ലംഘിക്കുന്നതാണ് ഇത്തരത്തിലുള്ള തീരുമാനത്തിനു കാരണം എന്നതാണ് പ്രധാനം. അതിനാണ് അറുതി വരുത്തേണ്ടത്. തീര്‍ച്ചയായും നിയമം നിയമത്തിന്റെ വഴിക്കു പോകണം. അതില്‍ സര്‍ക്കാര്‍ ഇടപെടരുത്.. എന്നാല്‍ പോലീസ് നിയമത്തിന്റെ വഴിക്കുപോയില്ലെങ്കില്‍ ഇടപെടാന്‍ ജനാധിപത്യ സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണ്.
