
വയോജനകമ്മീഷന്‍ സ്വാഗതാര്‍ഹം, വേണം വയോജന വകുപ്പും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മലയാളസിനിമയുടെ അഭിമാനമായിരുന്ന കെ ജി ജോര്‍ജ്ജിന്റെ മരണശേഷം പ്രധാനമായും സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ഒരു വിവാദം നടന്നല്ലോ. ജോര്‍ജ്ജിനെ കുടുംബം വൃദ്ധസദനത്തിലാക്കിയെന്നും അവിടെവെച്ചാണ് അദ്ദഹം മരിച്ചതെന്നും ആരോപിച്ച് ഭാര്യക്കും മക്കള്‍ക്കും നേരെ വലിയ തോതില്‍ തന്നെ സൈബര്‍ ആക്രമണം നടക്കുകയുണ്ടായി. അതിന് കൃത്യമായ മറുപടി അദ്ദേഹത്തിന്റെ ജീവിതപങ്കാളി സെല്‍മ പറഞ്ഞു. കുട്ടികള്‍ സ്ഥലത്തില്ല, ചലിക്കാനാവാതെ കിടന്നിരുന്ന അദ്ദേഹത്തെ ഒറ്റക്ക് പരിചരിക്കാനുള്ള ആരോഗ്യം തനിക്കില്ല, വളരെ നല്ല നിലയിലുള്ള വൃദ്ധസദനത്തിലായിരുന്നു അദ്ദേഹം കിടന്നിരുന്നത്, ദിനംപ്രതി ഡോക്ടര്‍ പരിശോധിച്ചിരുന്നു, അദ്ദേഹത്തിന് എപ്പോഴും സിനിമ കാണാനുള്ള സജ്ജീകരണമെല്ലാം ചെയ്തിരുന്നു എന്നിങ്ങനെ പോയി അവരുടെ വിശദീകരണം. ഇത്തരത്തില്‍ അനശ്ചിതമായി കിടക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന യാഥാര്‍ത്ഥ്യബോധത്തോടെയുള്ള വാക്കുകളും അവരില്‍ നിന്നുകേട്ടു.
എന്തൊക്കെയോ തെറ്റായ ധാരണകളില്‍ വൃദ്ധസദനങ്ങളോട് നിഷേധാത്മക നിലപാടാണ് ഭൂരിഭാഗം മലയാളികളും ഇപ്പോഴും പുലര്‍ത്തുന്നത്. അതിനാല്‍ തന്നെ അതെകുറിച്ചുള്ള ഒരു പുനര്‍വിചിന്തനം അനിവാര്യമാണ്. പ്രത്യേകിച്ച് ഒക്ടോബര്‍ ഒന്ന് ലോകവയോജനദിനമായി ആചരിക്കപ്പെടുന്ന സാഹചര്യത്തില്‍. ഇതെകുറിച്ച് ഈ പംക്തിയില്‍ മുമ്പെഴുതിയിട്ടുണ്ടെങ്കിലും ആവര്‍ത്തിക്കേണ്ട അവസ്ഥയാണ്. എല്ലാ വയോജനദിനവേളകളിലും നാം കേള്‍ക്കുന്ന ചില വാചകങ്ങളുണ്ട്. വൃദ്ധരായവരെ മക്കള്‍ പരിചരിക്കുന്നില്ല, കറിവേപ്പില പോലെ വലിച്ചെറിയുന്നു, വൃദ്ധസദനങ്ങളിലാക്കുന്നു എന്നിങ്ങനെയാണവ. ഈ പതിവു മുറവിളികളില്‍ ഒരര്‍ത്ഥവുമില്ല. വിഷയത്തെ കുറെകൂടി ഗൗരവമായി സമീപിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
നല്ല രീതിയിലുള്ള വൃദ്ധസദനങ്ങളാണ് ഇന്നു കേരളം ആവശ്യപ്പെടുന്നത്. അതിനായി ആദ്യം നാം ധരിച്ചുവെച്ചിരിക്കുന്ന പല മിഥ്യാധാരണകളും മാറണം. മക്കളെ വളര്‍ത്തുന്നത് വാര്‍ദ്ധക്യത്തില്‍ തങ്ങളെ പരിചരിക്കാനാണെന്ന ധാരണയാണ് നമ്മള്‍ ആദ്യം മാറ്റേണ്ടത്. തീര്‍ച്ചയായും നാട്ടില്‍തന്നെ കൂടെയുള്ളവര്‍ അവരെ പരിചരിക്കാന്‍ പരമാവധി ശ്രമിക്കണം എന്നാല്‍ ജോര്‍ജ്ജിന്റെ കുടുംബത്തെപോലെ എല്ലാവര്‍ക്കും അതിനാകണമെന്നില്ല. മാത്രമല്ല തൊഴിലിനുവേണ്ടി ലോകം മുഴുവന്‍ യാത്രചെയ്യുന്ന മലയാളികള്‍ അതിനുപകരം മാതാപിതാക്കളെ പരിചരിച്ച് വീട്ടിലിരിക്കണോ? അവിടെയാണ് സ്വാകാര്യാടിസ്ഥാനത്തിലും പൊതുഉടമയിലുമുള്ള വൃദ്ധസദനങ്ങളുടെ പ്രസക്തി. അവ ഭംഗിയായി കൊണ്ടുനടക്കുകയും സോഷ്യല്‍ ഓഡിറ്റിംഗ് നിര്‍ബന്ധമാക്കുകയും ചെയ്യുകയാണ് വേണ്ടത്. ക്രഷുകള്‍ മോശമല്ലാത്ത നമുക്ക എങ്ങനെയാണ് വൃദ്ധസദനങ്ങളും പകല്‍വീടുകളും മോശമാകുന്നത്. ഒന്നുമില്ലെങ്കില്‍ വീടുകളിലെ അന്യവല്‍ക്കരണത്തേക്കാള്‍ എത്രയോ ഭേദമാണ് സമപ്രായക്കാരുടെ കൂടെയുള്ള വയോജനങ്ങളുടെ ജീവിതം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ജനസംഖ്യാവിതരണത്തിന്റെ തോത് പരിശോധിച്ചാല്‍ കേരളത്തിന്റെ പോക്ക് വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമാണെന്ന് പറയാറുണ്ടല്ലോ. കുട്ടികളുടേയും ചെറുപ്പക്കാരുടേയും എണ്ണം കുറയുകയും വൃദ്ധരുടെ എണ്ണം കൂടുകയും ചെയ്യുന്നു. ചെറുപ്പക്കാരാകട്ടെ വലിയൊരു ഭാഗം പ്രവാസികളുമാകുന്നു. ചെറുപ്പക്കാരായ അന്യസംസ്ഥാനതൊഴിലാളികള്‍ ലക്ഷക്കണക്കിനുണ്ടെന്നത് വേറെ കാര്യം. അവരില്‍ ചെറിയൊരു ഭാഗം മാത്രമേ ഇവിടെ കുടുംബമായി ജീവിക്കുന്നുള്ളു. മിക്കവരും ഭാവിയില്‍ തിരിച്ചുപോകും. മലയാളി ശരാശരി ആയുസ്സില്‍ വളരെ മുന്നിലാണെന്നു അഭിമാനത്തോടെ പലരും പറയാറുണ്ട്. അതും വൃദ്ധ ജനസംഖ്യ കൂടാന്‍ കാരണമാണ്. എന്നാല്‍ ആയുസിന്റെ വര്‍ദ്ധന ഗുണനിലവാരത്തിലില്ല. വൃദ്ധരില്‍ വലിയൊരു ഭാഗം കിടപ്പിലാണ്. അവരെ പരിചരിച്ച് തകരുന്ന കുടുംബങ്ങള്‍ നിരവധി. ഈ സാഹചര്യത്തെ കേവലം മക്കളുടെ വിഷയമായി എടുക്കുന്നതു തന്നെ തെറ്റാണ്. ഒരു സാമൂഹ്യപ്രശ്നമായി തന്നെ ഇതിനെ കാണണം. വൃദ്ധരുടെ പരിചരണം സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാകണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മരണംവരെ പെന്‍ഷന്‍ കൊടുക്കുന്നുണ്ടല്ലോ. അവരെപോലെതന്നെ പല രീതിയിലും ജീവിതം മുഴുവന്‍ സമൂഹത്തെ സേവിച്ചവരാണ് എല്ലാവരും. വാര്‍ദ്ധക്യത്തില്‍ അവരുടെ സംരക്ഷണം സമൂഹത്തിന്റെ ബാധ്യതയാണ്. അഥവാ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇപ്പോള്‍ നല്‍കുന്ന നക്കാപ്പിച്ച പെന്‍ഷന്‍ പോര. പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ് തുടങ്ങിയ നയങ്ങള്‍ക്കൊപ്പം മികച്ച രീതിയില്‍ വൃദ്ധസദനങ്ങളും പകല്‍വീടുകളും ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സാമ്പത്തിക ശേഷിയുള്ള മക്കള്‍ വൃദ്ധരെ പുറംതള്ളുന്നതില്‍ കര്‍ശന നടപടി വേണമെന്നത് ശരി. അപ്പോഴും ഇത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് തത്വത്തില്‍ അംഗീകരിക്കണം.
കൗമാരത്തോടെ വീടുവിട്ടിറങ്ങി സ്വയം തൊഴില്‍ ചെയ്ത് പഠിക്കുന്ന തലമുറയാണ് പല വികസിത രാഷ്ട്രങ്ങളിലും വളരുന്നത്. അല്ലെങ്കില്‍ അതു മോശപ്പെട്ട അവസ്ഥയായാണ് കരുതപ്പെടുന്നത്. നമ്മുടെ അവസ്ഥ എന്താണെന്നറിയാമല്ലോ. മറുവശവും അങ്ങനെതന്നെ. ഒരു പ്രായം കഴിഞ്ഞാല്‍ മക്കള്‍ക്ക് ഭാരമാകാതെ മാറിപോകുന്നവരാണ് അവിടങ്ങളിലെ വൃദ്ധരും. അവര്‍ ദമ്പതികളായോ ഒറ്റക്കോ അല്ലെങ്കില്‍ താല്‍പ്പര്യമുള്ളവര്‍ ഒരുമിച്ചോ താമസിക്കുന്നു. തീര്‍ച്ചയായും സര്‍ക്കാരിന്റെ പരിരക്ഷ അവര്‍ക്കുണ്ട്. ആ ഒരു ദിശയിലാണ് നാം മുന്നോട്ടുപോകേണ്ടത്. മറിച്ച് മക്കള്‍ തങ്ങളാഗ്രഹിക്കുന്നപോലെ വളരണമെന്നാഗ്രഹിക്കുന്ന നമ്മള്‍ വൃദ്ധരായ മാതാപിതാക്കളും തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് ജീവിക്കണമെന്നാഗ്രഹിക്കുന്നു. അല്ലെങ്കില്‍ നോക്കുക. അമ്പതും അറുപതും വയസ്സുകളില്‍ വിധവകളും വിഭാര്യരുമാകുന്ന എത്രയോ പേര്‍ നമുക്കു ചുറ്റുമുണ്ട്. എന്തുകൊണ്ട് അവരില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഒരുമിച്ച് ജീവിച്ചുകൂടാ? അതെ, വൃദ്ധവിവാഹം തന്നെ. അതുവഴി അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന സന്തോഷകരമായ വാര്‍ദ്ധക്യമായിരിക്കും. അതിനുപക്ഷെ നാം സമ്മതിക്കുമോ? അത് കുടുംബത്തിനും മക്കള്‍ക്കും നാണക്കേടല്ലേ? പിന്നെ സ്വത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും. സ്വത്തുവിഷയത്തില്‍ പരിഹാരം സാധ്യമാണ്. വിഷയം നമ്മുടെ മിഥ്യാഭിമാനം തന്നെ. മിഥ്യാഭിമാനം കൊണ്ട് വൃദ്ധസദനത്തിലാക്കാതെ വീട്ടില്‍ വൃദ്ധരെ പീഡിപ്പിക്കുന്നവരും കുറവല്ലല്ലോ.
ഇന്ത്യയില്‍ പോലും വന്‍നഗരങ്ങളിലെ ഫ്‌ളാറ്റുസമുച്ചയങ്ങളില്‍ വൃദ്ധരുടെ അസോസിയേഷനുകളുണ്ട്. എന്നും അവര്‍ ഒന്നിച്ചിരിക്കുന്നു. രാഷ്ട്രീയ വിഷയങ്ങള്‍ മുതല്‍ വ്യക്തിപരമായ വിഷയങ്ങള്‍ വരെ ചര്‍ച്ച ചെയ്യുന്നു. ഒരാള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എല്ലാവരും കൂടി അയാളുടെ വീട്ടില്‍ പോയി ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നു. ബുദ്ധിമുട്ടുള്ളവര്‍ പരസ്പരം സഹായിക്കുന്നു. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികളെ സമീപിക്കുന്നു. മുംബൈയില്‍ അത്തരം കാഴ്ചക്ക് ഈ ലേഖകന്‍ ദൃക്‌സാക്ഷിയാണ്. ചെന്നൈയില്‍ ജീവിക്കുന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്‌കറും അവിടത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. നഗരജീവിതത്തില്‍ മനുഷ്യര്‍ തമ്മിലുള്ള ബന്ധമില്ലാതാകുന്നു എന്നാരോപിക്കുന്ന പ്രബുദ്ധമലയാളികളുടെ നാട്ടിലോ? നമ്മുടെ ഫ്‌ളാറ്റുകളിലും ഹൗസിംഗ് കോളനികളിലും നാട്ടിന്‍പുറത്തുമെല്ലാം വൃദ്ധരുടെ സംഘടനകളുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ആരാണ് തടസ്സം നില്‍ക്കുക? മക്കള്‍തന്നെ. അവര്‍ക്ക് നമ്മള്‍ സാമൂഹ്യജീവിതം പൂര്‍ണ്ണമായും നിഷേധിക്കുകയാണ്. മാത്രമല്ല, ആരോഗ്യവാന്മാരാണെങ്കില്‍ തന്നെ സാമ്പത്തികമായ സ്വാശ്രയത്വമില്ലാത്തതിനാല്‍ അപമാനിതമായ ജീവിതമാണ് മിക്കവരും നയിക്കുന്നത്. ജീവിതം മുഴുവന്‍ കുടുംബത്തിനും സമൂഹത്തിനുമായി ജോലി ചെയ്തിട്ടും വയസ്സുകാലത്ത് ഒറ്റപൈസ പോലും കൈയിലില്ലാതെ, ചായ കുടിക്കാനായി പോലും മക്കളുടേയോ മറ്റുള്ളവരുടേയോ മുന്നില്‍ കൈ നീട്ടേണ്ട ഗതികേടിലാണ് ഭൂരിഭാഗവും.
വൃദ്ധരുടെ ക്ഷേമത്തിനു പ്രത്യേക വകുപ്പ് രൂപീകരിക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. സംസ്ഥാനത്ത് വയോജന കമ്മീഷന്‍ രൂപീകരിക്കുമെന്ന് സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ആര്‍ ബിന്ദു ഇന്ന് പ്രഖ്യാപിച്ചതായി കണ്ടു. തീര്‍ച്ചയായും സ്വാഗതാര്‍മാണ് ആ തീരുമാനം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സമീപകാലത്ത് മലയാളികളുടെ പ്രവാസത്തിന്റെ രീതി തന്നെ മാറിയല്ലോ. അതിപ്പോള്‍ പ്രധാനമായും യൂറോപ്പിലേക്കാണ്. ഗള്‍ഫില്‍ നിന്നു വ്യത്യസ്ഥമായി അവര്‍ മിക്കവാറും തിരിച്ചുവരുന്നില്ല. പൗരത്വമെടുത്ത് അവിടെതന്നെ കൂടുന്നു. അതിന്റെ കൂടി ഭാഗമായി സംസ്ഥാനത്ത് ഇന്ന് വൃദ്ധര്‍ മാത്രമുള്ള വീടുകളുടെ എണ്ണം കൂടിവരുകയാണ്. അതിനേക്കാള്‍ ഭേദപ്പെട്ട അവസ്ഥ വൃദ്ധസദനങ്ങളാണ്. ഇക്കാര്യമാണ് സെല്‍മ ജോര്‍ജ്ജ് കൃത്യമായി പറഞ്ഞത്. പുരുഷന്റെ നിഴലാകാതെ സ്വന്തം കാലില്‍ നില്‍ക്കുന്ന സ്ത്രീകളെ കേന്ദ്രീകരിച്ച് നിരവധി സിനിമകളെടുത്തിട്ടുള്ള ജോര്‍ജ്ജിനുപോലും അ്ത്തരമൊരു പരാതി ഉണ്ടാകാനിടയില്ല.
അടിസ്ഥാനപരമായി പൗരാവകാശ ലംഘനത്തിന്റെ പ്രശ്‌നങ്ങളാണ് വൃദ്ധ സമൂഹം ഇന്ന് നേരിടുന്നത്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലിക അവകാശങ്ങള്‍ പ്രായാധിക്യത്തില്‍ ഇല്ലാതാകുന്ന അവസ്ഥ. അതിനൊരു അവസാനമുണ്ടായേ പറ്റൂ. കഴിഞ്ഞില്ല, ജീവിതത്തില്‍ മാത്രമല്ല, മരണത്തിലുംവൃദ്ധരുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെടണം. മരണത്തെ പോലും വന്‍കച്ചവടമാക്കി മാറ്റുന്ന നമ്മുടെ മിക്കവാറും സ്വകാര്യ ആശുപത്രികളിലെ. ഏകാന്തമായ ഐ സി യുവില്‍ കിടന്ന് മരണത്തെ അഭിമുഖീകരിക്കേണ്ടി വരുന്ന അവസ്ഥയും മാറണം. വൈദ്യശാസ്ത്രം കൈവിട്ടെന്നു ബോധ്യമായാല്‍ പരമാവധിപേര്‍ക്ക് സ്നേഹിക്കുന്നവരുടെ ശുശ്രൂഷ ഏറ്റുവാങ്ങി മരിക്കാനുള്ള അവസരമൊരുക്കണം. രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല എന്നുറപ്പായവര്‍ക്ക് ദയാവധം സ്വീകരിക്കാന്‍ കഴിയു്ന്ന രീതിയിലുള്ള നിയമനിര്‍മ്മാണവും വേണം. ഈ ദിശയിലെല്ലമുള്ള ചര്‍ച്ചകള്‍ക്കാണ് കെ ജി ജോര്‍ജ്ജിന്റെ മരണവും വയോജനദാനാചരണവും നിമിത്തമാവേണ്ടത്.
