
വെട്ടുവഴി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഒറ്റ വെട്ടിനു കഴിയുമായിരുന്നല്ലോ,
ടി. പി. ചന്ദ്രശേഖരന്‍,
പിന്നെന്തിനായിരുന്നൂ ഇത്രയേറെ?
.
അതോ, ആ കണക്ക് പറയാം:
അമ്പത്തൊന്നും
അവനെന്ന നീതിമൊഴിയിലെ
ഓരോ അക്ഷരവും കെടുത്താന്‍.
ബാക്കി വെട്ട്
മാര്‍ക്‌സിനും മുന്‍പേയുദിച്ച്
ഇനിയും വീറസ്തമിക്കാത്ത
അവന്റെ കടത്തനാടന്‍ പകലുകളെ
കബന്ധങ്ങളാക്കാന്‍.
അജ്ഞാതരായ മനുഷ്യരുമായി
നീയെനിക്ക് സാഹോദര്യം തന്നു എന്ന്
പാര്‍ട്ടിയെ നോക്കി അവനും
അവനെ നോക്കി പാര്‍ട്ടിയും ഇനിമേല്‍
നെരൂദയെ ഓര്‍ക്കാതിരിക്കാന്‍ .
.
ക്ഷമിക്കണം,
കവിളത്ത് ഒറ്റുമ്മ പതിഞ്ഞ്
അവനെ കിട്ടിയപ്പോഴേക്ക്
കുട്ടികള്‍ ഉറങ്ങിപ്പോയി.
അതുകൊണ്ടാണ്,
കരാറില്‍ പറഞ്ഞപോലെ
കുട്ടികളുടെ മുന്നിലിട്ട് വെട്ടാഞ്ഞത്.
മുതിര്‍ന്നവര്‍ മയങ്ങിപ്പോയി,
അതുകൊണ്ടാണ്
നൂറുമേനിയായ അവന്റെ മേനി
കാതലുറച്ച ചെമ്മരുത് പോലെ
വയല്‍ വെയിലില്‍
അനങ്ങാക്കാണികളുടെ കണ്‍തരിശില്‍
വെട്ടി വീഴ്ത്താഞ്ഞത്.
.
കരാര്‍പ്പൊന്ന് കിട്ടി.
എന്നാലും
ഒരു ചോദ്യത്തിന്റെ കടം ബാക്കി:
അവരു വെട്ടിക്കുന്ന വെട്ടൊക്കെ
അവരിലും കൊള്ളുന്നതെന്ത്?
.
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, മേയ് 27 – ജൂണ്‍ 2, 2012)
