
അലനും താഹയ്ക്കും ജാമ്യം ലഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിദ്യാര്‍ത്ഥികളായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ക്കെതിരെയുള്ള യുഎപിഎ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. 2019 നവമ്പര്‍ ഒന്നിന് അറസ്റ്റിലായ രണ്ടു യുവാക്കളുടെയും കേസ് വിചാരണക്കായി കോടതിയുടെ മുമ്പിലെത്തുന്നത് ആറു മാസത്തിനു ശേഷമാണ്. ദീര്‍ഘമായ അന്വേഷണത്തിനു ശേഷവും കൃത്യമായ തെളിവുകളൊന്നും ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കു കഴിഞ്ഞിട്ടില്ല. രണ്ടുപേര്‍ക്കെതിരെയും യുഎപിഎ പ്രയോഗിക്കാനുള്ള കേരളാ പോലീസിന്റെ തീരുമാനം തെറ്റും നീതിരഹിതവുമായ നടപടിയായിരുന്നു എന്ന് കേസിന്റെ ഓരോ ഘട്ടത്തിലും കൂടുതല്‍ വ്യക്തമായി വരികയാണ്. നഗ്‌നമായ അധികാര ദുര്‍വിനിയോഗമാണ് കേസിന്റെ തുടക്കം മുതല്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.
ഇനിയെങ്കിലും അവര്‍ക്കു നീതി ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് കേരള സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. എന്‍ഐഎ കോടതിയില്‍ നിന്ന് അവര്‍ക്കു ജാമ്യം ലഭിക്കുന്നതിന് കേരള സര്‍ക്കാരിന് വേണ്ടി അപേക്ഷ നല്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണം. അതിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
വിചാരണ വേളയില്‍ ജാമ്യം ലഭിക്കാതെ പോയാല്‍ വര്‍ഷങ്ങളോളം അവര്‍ ജയിലില്‍ കഴിയേണ്ടിവരും എന്ന് ഇത്തരം കേസുകളിലെ അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ഇന്നത്തെ മാരകമായ പകര്‍ച്ചവ്യാധിയുടെ പരിതസ്ഥിതിയില്‍ ജയിലുകളിലെ അവസ്ഥ അതീവ ഗുരുതരമാണ്. ജാമ്യം ലഭിക്കാതെ രണ്ടു വിദ്യാര്‍ഥികള്‍ ജയിലുകളില്‍ ജീവിതം ഹോമിക്കേണ്ടി വരുന്നത് സകല മനുഷ്യാവകാശങ്ങളും അവര്‍ക്കു നിഷേധിക്കുന്നതിന് തുല്യമാകും. കേന്ദ്രസര്‍ക്കാറിനു മുഖ്യമന്ത്രി നേരത്തെ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയത് ഗുരുതരമായ ഒരു കുറ്റവും അവരുടെ കാര്യത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ്. അതിനാല്‍ ഇനിയും വൈകാതെ അവര്‍ക്കു നീതി ഉറപ്പാക്കുന്നതിന് ജാമ്യത്തിനായി സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുക്കണം.
ബി ആര്‍ പി ഭാസ്‌കര്‍, (ചെയര്‍മാന്‍)
ഡോ .ആസാദ് (കണ്‍വീനര്‍)
