ടി പീറ്ററെ ഓര്‍ക്കുമ്പോള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

അങ്ങനെ അവനും പോയി. ടി. പീറ്ററിനെ കോവിഡ് കൊണ്ടുപോയി. എന്നേക്കാള്‍ മൂന്നുവയസ്സ് മൂപ്പെണ്ടെങ്കിലും വാടാ, പോടാ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. മത്സ്യമേഖലയില്‍ അങ്ങനെയാണ്. അവിടെ കേരളത്തിലെ നേതാക്കള്‍ തമ്മില്‍ ഒരു ‘ഗോത്ര’ത്തിലെന്നപോലെ ബന്ധമാണ്. പീറ്റണാണെങ്കില്‍ വലിയ വേളിയിലെ കടപ്പുറത്ത് ഒതുങ്ങുന്ന ആളല്ല. കേരളത്തിലെവിടേയുമുള്ള കടലോരങ്ങളിലുമായി നിറഞ്ഞുനില്ക്കുകയാണ്. 25 വര്‍ഷമായി എല്ലാ സമരങ്ങളിലും ഞങ്ങളോടൊപ്പവും മുന്നിലും പീറ്ററാണ്. പത്ത് വര്‍ഷമായി നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയുമാണ്. മിനിഞ്ഞാന്ന് ഡെല്‍ഹിയില്‍, ഇന്നലെ ചെന്നൈയില്‍ ഇന്നു വൈകീട്ട് വേളിയില്‍ അല്ലെങ്കില്‍ വലിയതുറയില്‍. കടപ്പുറത്ത് ഉയര്‍ന്ന രാഷ്ട്രീയ നേതാവിനേക്കാളും തിരക്ക്. എല്ലാവരോടും നിറഞ്ഞ സ്‌നേഹം. അടുപ്പം. ആര്‍ക്കും പരാതിയില്ല. തിരുവനന്തപുരത്തെ രാഷ്ട്രീയവും അതിന്റെ കൗശലങ്ങളും നന്നായറിയുന്ന, എന്നാല്‍ അതില്‍ വീണുപോകാത്ത ഒരാള്‍. എല്ലാ ചര്‍ച്ചകളിലും, ‘പീറ്ററാദ്യം പറയൂ’ എന്ന് മന്ത്രി പറയുന്ന ഒരു ആധികാരികന്‍!!

1970-കളില്‍ തിരുവനന്തപുരത്ത് സ്‌പെന്‍സര്‍ ജംഗ്ഷനിലുള്ള പി.സി.ഒ. എന്ന സ്ഥാപനമാണ് മത്സ്യമേഖലയിലെ ഗവേഷണ പ്രവവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു പാത തുറന്നത്. യൂണിവേഴ്‌സിറ്റിയും, പ്ലാനിംഗ് ബോര്‍ഡും, സി.ഡി.എസ്സും പോലുള്ള സ്ഥാപനങ്ങളുള്ളപ്പോള്‍ എന്തിനു പി.സി.ഒ. എന്നു ഞങ്ങള്‍ ശങ്കിച്ചു. നളിനി നായിക്കിനെപ്പോലുള്ള ഗവേഷകരെ അവരവിടെക്കൂട്ടി. ഫിഷറീസ് വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്ത തങ്കപ്പനാചാരിയെപ്പോലുള്ളവരെ ഗവേഷണ തലവനുമാക്കിയ ഒരു എന്‍.ജി.ഒ. സ്ഥാപനം. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്ന സായിപ്പിന്റെ കെണിയാണ് വോളണ്ടറി സ്ഥാപനങ്ങളെന്ന നിലയില്‍ ഞങ്ങളവരോട് പ്രതിഷേധിച്ചും നടന്നു.

1970 കളുടെ ഒടുവില്‍ അവരാണ് തോമസ് കോച്ചേരി എന്ന ജസ്യൂട്ട് പാതിരിയെ കണ്ടെത്തി സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന്‍ രൂപീകരിച്ചത്. സമര്‍ത്ഥനായ സംഘാടകനായിരുന്നു കോച്ചേരി. പ്രക്ഷോഭകാരിയായ ലാല്‍കോയില്‍പ്പറമ്പിലിനേയും ബുദ്ധിജീവിയായ ഏ.ജെ. വിജയനേയും ഇടത്തും വലത്തും നിര്‍ത്തി അദ്ദേഹം കേരളതീരത്ത് തെക്ക് വടക്ക് സംഘടനകെട്ടിപ്പടുത്തു. 1980കളുടെ ആരംഭത്തില്‍ കാലവര്‍ഷം ആരംഭിക്കുമ്പോള്‍ കോഴിക്കോട് സിസ്റ്റര്‍ ആലീസും സെക്രട്ടേറിയറ്റിനുമുന്നില്‍ ലാലും നിരാഹാരം തുടങ്ങും. എന്‍.ജി.ഒ.കള്‍ എന്ന് ഞങ്ങള്‍ അവമതിപ്പോടെ വിളിച്ചുവെങ്കിലും വര്‍ഷകാലത്തെ ട്രോളിംഗ് നിരോധനത്തിലേക്ക് സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയ പ്രധാന ഘടകം ആ സമരങ്ങളായിരുന്നുവെന്നതില്‍ സംശയമില്ല.

തൊണ്ണൂറുകളുടെ ആദ്യം ആ സംഘടനയുടെ തിരുവനന്തപുരത്തെ ആഫീസ് സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായാണ് പീറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഒരു തനി മത്സ്യത്തൊഴിലാളി! ആ പരുക്കന്‍ അവസ്ഥയില്‍ നിന്നും വര്‍ഷങ്ങളിലെ പ്രക്ഷോഭങ്ങളിലൂടെ ചിന്തേരിട്ടുമിനുക്കിയ പോലെ പീറ്റര്‍ എന്ന നേതാവ് വളര്‍ന്നുവന്നു. 1990-കളില്‍ ആഴക്കടല്‍ കപ്പലുകള്‍ക്കെതിരായ സമരത്തിലൂടെ കോച്ചേരി അഖിലേന്ത്യാ സംഘാടകനും സാര്‍വ്വദേശീയ നേതാവുമായി സ്ഥാപിക്കപ്പെട്ടു. 2004-ലെ സുനാമി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ സംഘടനാ നേതാക്കള്‍ പലവഴിക്കായി, പീറ്റര്‍ സംഘടനാ പ്രസിഡന്റായി. മേഖലയിലെ പ്രക്ഷോഭ വേദിയായി ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകൃതമായി. രൂപീകരണം മുതലിങ്ങോട്ട് കേരളത്തിലെ നിസ്വവിഭാഗങ്ങളുടെ സംയുക്ത പ്രക്ഷോഭങ്ങളിലെ മുന്നണി സ്ഥാനീയനായിരുന്നു പീറ്റര്‍. ഇപ്പോളും ഈ സംഘടനകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ‘സിമന്റിംഗ് ഫാക്ട’റാണദ്ദേഹം. ഗവേഷകനോ ബുദ്ധിജീവിയോ അല്ലാതിരുന്നിട്ടുകൂടി ഈ ദൗത്യങ്ങളും ഏറ്റെടുത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. നിരന്തരമായി ഗവേഷകരോടും ഗവേഷണ സ്ഥാപനങ്ങളോടും ഇടപഴകി. തര്‍ക്കിച്ചു. സാധാരണക്കാരുടെ ജീവിതത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടുവന്നു. കേരള ഫിഷറീസ് സര്‍വ്വകലാശാലയുടെ സിന്റിക്കേറ്റ് അംഗമായി. പത്ത് വര്‍ഷമായി ഈ രംഗത്തെ ഏക മാസികയായ ‘അലകള്‍’ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു.

മാറിമാറി വന്ന സര്‍ക്കാരുകളോടും സ്ഥാപനങ്ങളോടും നിരന്തരമായി ഇടപഴകാനും, സമ്മര്‍ദ്ദത്തിലാക്കി ആനുകൂല്യങ്ങള്‍ നേടാനുമുള്ള പ്രത്യേക കഴിവ് പീറ്ററിനുണ്ടായിരുന്നു. അധികാര കേന്ദ്രങ്ങളുമായി നിരന്തരമായ സഹവാസത്തിലേര്‍പ്പെടുമ്പോഴും ജനിച്ച മണ്ണില്‍ കാലുപൂഴ്ത്തി നില്‍ക്കാനദ്ദേഹത്തിനായി. ഈ പ്രതിബദ്ധതയാണ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നത്. വികസന കുത്തൊഴുക്കില്‍ വിഴിഞ്ഞം തുറമുഖം വരുകയും തിരുവനന്തപുരത്തെ കടപ്പുറങ്ങള്‍ കടലെടുക്കുകയും ചെയ്യുമ്പോഴും, ഓരോ കാലവര്‍ഷത്തിലും തീരവാസികള്‍ കൂട്ടത്തോടെ പാലായനം ചെയ്യുമ്പോഴും അവരോടൊപ്പം പീറ്ററുണ്ട്. ചര്‍ച്ചകള്‍ക്ക് മറ്റേതു നേതാവിനെക്കാളും മുന്‍പന്തിയിലും. ഗ്രീക്കു പുരാണത്തിലെ ആന്റിയസ് എന്നൊരു ധീരകഥാപാത്രത്തെക്കുറിച്ച് സ്റ്റാലിന്‍ പറഞ്ഞിട്ടുണ്ട്. ഭൂമിദേവിയുടെ മകനായ ആന്റിയസ്സിനെ തോല്പിക്കാന്‍ ആര്‍ക്കുമായിരുന്നില്ല. യുദ്ധം ചെയ്ത് ക്ഷീണിക്കുന്ന ആന്റിയസ്സ് നിലത്ത് കാലുചവിട്ടി നില്‍ക്കും. അമ്മയായ ഭൂമി അയാള്‍ക്ക് ആവോളം മുലചുരത്തി നല്‍കും. നിലത്തു ചവിട്ടുന്നോളം ആര്‍ക്കും ആന്റിയസ്സിനെ തോല്പിക്കാനാവില്ല എന്നു മനസ്സിലാക്കിയ ഹെര്‍ക്കുലീസ് യുദ്ധത്തില്‍ ആന്റിയസ്സിനെ പൊക്കിപ്പിടിച്ചാണ് പോരടിച്ചത്. ‘നിലംതൊടീക്കാതെ’ എന്ന പ്രയോഗം ഇതില്‍ നിന്നും വന്നതാകാം. ക്ഷീണിതനായ ആന്റിയസ് കൊല്ലപ്പെട്ടു. കഥ പറഞ്ഞവസാനിപ്പിച്ച സ്റ്റാലിന്‍ പറഞ്ഞു, ‘കമ്യൂണിസ്റ്റുകാര്‍ ആന്റിയസ്സിനെപ്പോലെയാണ്. ഭൂമിയും ജനങ്ങളും, ആയി ബന്ധപ്പെടുന്നോളം അവരെ ആര്‍ക്കും തോല്പിക്കാനാവില്ല തന്നെ’! ഈ കഥ ഇന്ന് കേരളത്തിനും പാഠമാണ്.

ടി. പീറ്റര്‍ കമ്യൂണിസ്റ്റു പാര്‍ട്ടിക്കാരനല്ല. പാര്‍ട്ടി നേതാവുമല്ല. പക്ഷേ മണ്ണില്‍ കാലുറപ്പിച്ചുനില്‍ക്കുന്ന ഒരു നേതാവാണ്. കേരളത്തിലെ മത്സ്യബന്ധന മേഖല പ്രശ്‌ന സങ്കീര്‍ണ്ണവും കലുഷിതവുമായ നാളുകളെ നേരിടുകയാണ്. കടലില്‍ മീന്‍ കുറയുന്നു. മീനുള്ളപ്പോഴാണെങ്കില്‍ വിലയും കിട്ടുന്നില്ല. വിലകിട്ടുമ്പോള്‍ മീനുമില്ല! ആദംസ്മിത്തിന്റെ കാലമുതലുള്ള സാമ്പത്തിക ശാസ്ത്രത്തിന്റെ ദുരന്തമുഖത്താണവര്‍. വിപണിയില്‍ സര്‍ക്കാരും സഹകരണ പ്രസ്ഥാനവും ശക്തമായി ഇടപെടണമെന്ന് വാദിക്കാന്‍ പീറ്ററാണ് മുന്നിലുള്ളത്. നൈറ്റ് ഫിഷിംഗ് പാടില്ല, ലൈറ്റിട്ട് മീന്‍പിടിക്കരുത്, കുഞ്ഞു മീനുകളെ പിടിക്കരുത്, അധികം തള്ളമീനുകളേയും പിടിക്കരുത് എന്ന സ്വയം നിയന്ത്ര ചട്ടം പറയാന്‍ പീറ്റര്‍മാര്‍ ഇനിയും വേണ്ടതുണ്ട്.

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവും പരിസ്ഥിതി സംരക്ഷണവും പരസ്പര ദ്വന്ദ്വങ്ങളായി പോരടിക്കുന്ന കാലമാണിത്. പരിസ്ഥിതി നന്നല്ലെങ്കില്‍ മീനില്ല, മീനില്ലെങ്കില്‍ മീന്‍കാരില്ല, മത്സ്യതൊഴിലാളി സംഘടനയുമില്ല എന്ന യുക്തി ലളിതമാക്കി മനസ്സിലാക്കിയ നേതാവാണദ്ദേഹം. ഇതുവഴി കേവലമൊരു എന്‍.ജി.ഒ. സംഘടനയുടെ അതിരുകളെ ഭേദിക്കാനുമദ്ദേഹത്തിനായി. തീരത്തെമ്പാടും വന്‍ പദ്ധതികള്‍ വരികയാണ്. സാഗര്‍മാല, ഭാരത് മാല പദ്ധതികളുടെ ഭാഗമായി ആറ് തുറമുഖങ്ങള്‍, 550 കൂറ്റന്‍ കെട്ടിടങ്ങള്‍, 12 തീരദേശ വികസന സോണുകള്‍, 11 തീരദേശ സര്‍ക്യൂട്ടുകള്‍, 2000 കിലോമീറ്റര്‍ റോഡും, കണ്ടല്‍ക്കാടുകളുടെ വിനാശം, തീരക്കടലിന്റെ പരിപാലനം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കടലിന്റെ മക്കള്‍ അന്യാധീനപ്പെടുകയും നിഷ്‌കാസിതരുമാകുന്നകാലം വരുന്നേയുള്ളൂ. ഈഘട്ടത്തില്‍ പീറ്ററെന്ന ആന്റിയസ്സിന്റെ അഭാവം കടലോരത്തെ അനാഥമാക്കുന്നു. നാഷണല്‍ ഫിഷര്‍ ഫോറത്തെ അനാഥമാക്കുന്നു. കോവിഡ് എത്രമാത്രം ഭീകരനായ ഒരു സത്വമാണെന്ന് ദുഃഖത്തോടെ കേരളീയര്‍ അറിയുന്നു?

(കേരള മത്സ്യത്തൊഴിലാളി ഐക്യവേദി – ടിയുസിഐ – പ്രസിഡന്റാണ് ലേഖകന്‍)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply