
സൊമാറ്റോ : അമിത് ശുക്ലക്കെതിരെ കേസെടുക്കും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഡെലിവറി ബോയി ഹിന്ദുവല്ലാത്തതിനാല്‍ സൊമാറ്റോയുടെ ഓര്‍ഡര്‍ റദ്ദാക്കിയ മധ്യപ്രദേശ് സ്വദേശിയായ അമിത് ശുക്ലക്കെതിരെ കേസു വരും. ഇയാളില്‍ നിന്ന് വിശദീകരണം തേടി നോട്ടീസ് അയക്കാന്‍ പോലീസ് തീരുമാനിച്ചു. സംഭവത്തില്‍ അമിത് ശുക്ലയുടെ വിശദീകരണം തേടുമെന്ന് ജബല്‍പൂര്‍ പോലീസ് സൂപ്രണ്ട് അമിത് സിംഗ് പറഞ്ഞു. ആരോപണം തെളിഞ്ഞാല്‍ മതവികാരം വ്രണപ്പെടുത്തിയതിന് തുല്യമാണെന്നും ഇയാള്‍ക്കെതിരെ കേസെടുക്കുമെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.
ഹിന്ദുവല്ലാത്ത ഡെലിവറി ബോയി മാറ്റണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും സൊമാറ്റോ തയ്യാറായില്ല. തുടര്‍ന്ന് ഇയാള്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. അക്കാര്യം സെമാറ്റോയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം ചര്‍ച്ചയായത്. ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണമാണ് മതമെന്നുമായിരുന്നു സൊമാറ്റോയുടെ നിലപാട്. കമ്പനിയുടെ നിലപാടിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പിന്തുണയാണ് ലഭിച്ചത്.
ഇന്ത്യ എന്ന ആശയത്തിലും ഉപഭോക്താക്കളുടെയും പങ്കാളികളുടെയും വൈവിധ്യത്തിലും അഭിമാനമുണ്ടെന്ന് സൊമാറ്റോ സ്ഥാപകന്‍ ദീപിന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തു. കമ്പനി മൂല്യങ്ങള്‍ക്കെതിരായ ബിസിനസ് നഷ്ടപ്പെട്ടാലും ഖേദമില്ലെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ജീവനക്കാരനെ മാറ്റാന്‍ ആവശ്യപ്പെട്ടതിനെ ന്യായീകരിച്ച് അമിത് ശുക്ല രംഗത്ത് വന്നു. തന്റെ മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ് ചോദിച്ചതെന്നും സൊമാറ്റോ അത് മാനിക്കണമായിരുന്നെന്നും ശുക്ല പറഞ്ഞു.
