കേരളം : പോരാട്ടം കനക്കുമ്പോള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

എന്തു വില കൊടുത്തും മൂന്നാം തവണയും അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തിലാണ് ബിജെപി എന്നതില്‍ സംശയമില്ല. 1925ല്‍ രൂപീകരിക്കപ്പെട്ട ആര്‍ എസ് എസ് തങ്ങളുടെ ലക്ഷ്യമായ ഹിന്ദുത്വരാഷ്ട്രം 100 വര്‍ഷത്തിനുള്ളില്‍ സ്ഥാപിക്കുമെന്നാണല്ലോ പ്രതിജ്ഞയെടുത്തിരുന്നത്. ആ ലക്ഷ്യം ജനാധിപത്യപരമായി, എന്നാല്‍ ജനാധിപത്യത്തെ അട്ടിമറിച്ച് ഈ തെരഞ്ഞെടുപ്പോടെ നേടാമെന്ന ധാരണയിലാണവര്‍. കഴിഞ്ഞ 10 വര്‍ഷത്തെ എല്ലാ പ്രവര്‍ത്തനവും ആ ലക്ഷ്യത്തിനുവേണ്ടിയായിരുന്നു. അവയിലവസാനത്തേതാകും അയോദ്ധ്യയും ചില സംസ്ഥാനങ്ങളില്‍ മാത്രം പരിശോധിച്ച ഏകസിവില്‍ കോഡും എന്നാണ് കരുതിയത്. എന്നാല്‍ നടപ്പാക്കിയവയൊന്നും പോര എന്ന തോന്നലില്‍ നിന്നാകും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പുള്ള പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള തീരുമാനം. സ്വാഭാവികമായം കേരളത്തിലും ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ച ചെയ്യാന്‍ പോകുന്നത് അവസാനനിമിഷം വന്ന ഈ തീരുമാനമായിരിക്കും. അതിനെതിരെ പരസ്പരം മത്സരിച്ച് പോരാടി മതന്യൂനപക്ഷളുടെ വോട്ടുകള്‍ പരമാവധി നേടാനാകും ഇരുമുന്നണികളുടേയും ശ്രമം. അതിനാല്‍ തന്നെ ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പോകുന്ന ഏറ്റവും പ്രധാന ഘടകം സി എ എ ആകുമെന്നു കരുതാം.

2019ലെ ലോകസഭാതെരഞ്ഞെടുപ്പുഫലത്തിന്റെ അടിസ്ഥാനത്തിലാണ് സ്വാഭാവികമായും കേരളത്തിലെ മുന്നണികള്‍ നയങ്ങളേയും സ്ഥാനാര്‍ത്ഥികളേയും തിരുമാനിച്ചിരിക്കുന്നതെന്നുറപ്പ്. അന്ന് യുഡിഎഫിനു വന്‍വിജയം ലഭിക്കാന്‍ കാരണം ശബരിമലയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണെന്ന് പലരും പറയാറുണ്ട്. അത് തികച്ചും വാസ്തവവിരുദ്ധമാണ്. പൊതുവില്‍ ബിജെപിക്ക് കേരളത്തില്‍ മൂന്നാം സ്ഥാനം മാത്രമാണല്ലോ ഉള്ളത്. അതായത് ഭൂരിപക്ഷം മലയളികളും ബിജെപി അധികാരത്തില്‍ വരുന്നതിനെതിരാണ്. (സാംസ്‌കാരികമായും മാനസികമായും വലിയൊരു ഭാഗം ജനങ്ങളും സംഘിവല്‍ക്കരിക്കപ്പെട്ടവരും ഇസ്ലാമോഫോബിക്കുമാണെങ്കിലും കക്ഷിരാഷ്ട്രീയത്തില്‍ അത് ന്യൂനപക്ഷമാണെന്നതാണ് വാസ്തവം. എപ്പോള്‍ വേണമെങ്കിലും അത് മാറാമെന്നത് വേറെ കാര്യം). കേന്ദ്രത്തില്‍ ബിജെപി രണ്ടാമതും അധികാരത്തില്‍ വരാതിരിക്കാനുള്ള രാഷ്ട്രീയ നിലപാടില്‍ നിന്നാണ് അന്ന് മലയാളികളില്‍ വലിയൊരു ഭാഗം വോട്ടുചെയ്തത്. സ്വാഭാവികമായും ആദ്യപരിഗണന കോണ്‍ഗ്രസ്സ് തന്നെയാണല്ലോ. വയനാട്ടിലെ രാഹുലിന്റെ സാന്നിധ്യം യുഡിഎഫിന് കൂടുതല്‍ ആവേശം നല്‍കിയെന്നുമാത്രം. (വാസ്തവത്തില്‍ ശബരിമല വിഷയത്തില്‍ തീവ്രതയിലെ ഏറ്റക്കുറച്ചില്‍ മാറ്റിനിര്‍ത്തിയാല്‍ മൂന്നു മുന്നണികളുടേയും നിലപാട് ഒന്നായിരുന്നു എന്നതും ഓര്‍ക്കാവുന്നതാണ്)

ഇക്കുറിയും 2019ലെ ഫലമായിരിക്കും വരുക എന്ന് യുഡിഎഫ് പറയുമ്പോള്‍ അന്നത്തെ സാഹചര്യമൊന്നും ഇന്നു നിലവിലില്ലാത്തതിനാല്‍ ഫലം മറിച്ചാകുമെന്നാണ് എല്‍ഡിഎഫിന്റെ വാദം. രണ്ടും ഭാഗികമായേ ശരിയാകുന്നുള്ളു. കഴിഞ്ഞ തെരഞ്ഞെടുപ്പിലില്ലാതിരുന്ന ഇന്ത്യാ സഖ്യം ഇന്നു നിലവിലുണ്ട്. എന്നാല്‍ ആരംഭത്തിലെ പ്രതീക്ഷകളെല്ലാം അസ്തമിച്ച അവസ്ഥയാണ് സഖ്യത്തിന്റേത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ തവണത്തെ പോലെ കോണ്‍ഗ്രസ്സില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെന്നുതന്നെ കരുതാം. മാത്രമല്ല, സിറ്റിംഗ് എംപിമാരോട് മിക്കപ്പോഴും കാണുന്ന എതിര്‍പ്പ് ഫലത്തെ സ്വാധീനിക്കും. നിലവിലെ എംപിമാരെ മുഴുവനായി തന്നെ മത്സരിപ്പിക്കാനുളള തീരുമാനം തന്നെ തെറ്റാണ്. അതിനൊക്കെ പുറമെ ദേശീയപാര്‍ട്ടി എന്ന പദവി തന്നെ പോയാലോ എന്ന ആശങ്കയില്‍ ശക്തന്മാരാണെന്നു അവര്‍ കരുതുന്നവരെയാണ് പൊതുവില്‍ സിപിഎമ്മും എല്‍ഡിഎഫും രംഗത്തിറക്കിയിരിക്കുന്നത്. അവരില്‍ പലരും പല്ലുപോയ സിംഹങ്ങളാണെന്നതു വേറെ കാര്യം. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരിയുന്ന ലക്ഷകണക്കിനു പേര്‍, പൂക്കോട് കൊലവരെയെത്തിനില്‍ക്കുന്ന രാഷ്ട്രീയ ഗുണ്ടായിസം, വര്‍ദ്ധിക്കുന്ന മനുഷ്യ – വന്യജീവി സംഘര്‍ഷം തുടങ്ങിയവയൊക്കെ എല്‍ഡിഎഫിനു പ്രതികൂലമാണ്. കഴിഞ്ഞ തവണത്തേക്കാള്‍ ഫലം അല്‍പ്പം മെച്ചപ്പെടുത്താന്‍ എല്‍ഡിഎഫിനു കഴിയാനിടയുണ്ടെന്നു മാത്രം കരുതാം. വലിയ പ്രതീക്ഷകളുമായി രംഗത്തിറങ്ങിയിരിക്കുന്ന ബിജെപിക്ക് ഇത്തവണയും ഒരു സീറ്റും കിട്ടാനിടയില്ല.

സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ശക്തമായ പോരാട്ടം നടക്കുന്നുണ്ട്. അവയില്‍ ഏറ്റവും പ്രധാനം തൃശൂര്‍ തന്നെ. പത്മജ ബിജെപിയില്‍ പേയതും ടി എന്‍ പ്രതാപനു പകരം കെ മുരളീധരന്‍ വന്നതും സ്ഥാനാര്‍ത്ഥികളിലും നേതാക്കളിലും പ്രവര്‍ത്തകരിലുമൊക്കെ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. അതേസമയം വളരെയധികം കൊട്ടിഘോഷിക്കപ്പെടുന്ന സുരേഷ് ഗോപിക്ക് എന്തെങ്കിലും മുന്‍കൈ നേരത്തെ ഉണ്ടായിരുന്നെങ്കില്‍ തന്നെ അതു നഷ്ടപ്പെട്ടതായാണ് പൊതുവിലുള്ള വിലയിരുത്തല്‍. ആരംഭത്തില്‍ പ്രതീക്ഷിച്ചിരുന്ന കൃസ്ത്യന്‍ വോട്ടുകളഉടെ ധ്രുവീകരണത്തിന്റെ സാധ്യത കുറഞ്ഞിരിക്കുന്നു എന്നു കരുതാം. അതിനാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ വലിയ മുന്നേറ്റത്തിനു സാധ്യത കുറവാണ്. ജില്ലയിലെയും സംസ്ഥാനത്തെ തന്നെയും മിക്ക ബിജെപി നേതാക്കള്‍ക്കും ഇപ്പോള്‍ സുരേഷ് ഗോപി അഭിമതനല്ല എന്നാണ് വാര്‍ത്ത. സിപിഐയിലെ സുനില്‍ കുമാര്‍ തീര്‍ച്ചയായും ശക്തനായ സ്ഥാനാര്‍ത്ഥിയാണ്. മുരളിയും സുനിലുമായുള്ള പോരാട്ടം കനക്കുമ്പോള്‍ സുരേഷ്‌ഗോപിക്ക് ഗുണം ചെയ്യുമെന്നു പറയുന്നവരുണ്ടെങ്കിലും അതിനു സാധ്യത കുറവാണ്. മുരളി ജയിച്ചാല്‍ തന്നെ കഴിഞ്ഞ തവണത്തെ പ്രതാപന്റെ വിജയം പോലെ എളുപ്പമാകില്ല.

മറുവശത്ത് തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പ്പിക്കാന്‍ പന്ന്യന്‍ രവീന്ദ്രനോ രാജീവ് ചന്ദ്രശേഖറിനോ കഴിയുമെന്നു കരുതാനാവില്ല. സത്യത്തില്‍ രണ്ടാം സ്ഥാനത്തിനായുള്ള മത്സരമാണ് അവിടെ നടക്കുന്നത്. അത് ഇത്തവണ ബിജെപിക്ക് ലഭിക്കാന്‍ സാധ്യത കുറവാണ്. വടകരയാണ് ശക്തമായ മത്സരം നടക്കുന്ന പ്രധാന മണ്ഡലം. ഷൈലജ ടീച്ചല്‍ എല്‍ഡിഎഫിന്റെ ഏറ്റവും ശക്തയായ സ്ഥാനാര്‍ത്ഥി തന്നെ. മറുവശത്ത് യുവത്വത്തിന്റെ പ്രസരിപ്പൊക്കെ ഉണ്ടെങ്കിലും മുരളിയോളം ശക്തനാണോ ഷാഫി എന്നു സംശയമാണ്. ടി പി വധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. കണ്ണൂരിലും പോരാട്ടം കനക്കുമെന്നുറപ്പ്. ഏറ്റവും സീനിയറുകളായ രണ്ടുനേതാക്കളാണല്ലോ ഏറ്റുമുട്ടുന്നത്. ഒരല്‍പ്പം മുന്‍കൈ കെ സുധാകരനാണെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹം നിന്നാല്‍ ജയം ഉറപ്പ് എന്ന വിശ്വാസം ഇത്തവണ ശരിയാകുമോ എന്നു കാത്തിരുന്നു കാണണം. മുന്‍ ഡിസിസി പ്രസിഡന്റാണ് അവിടെ ബിജെപി സ്ഥാനാര്‍ത്ഥി. കോഴിക്കോടും ഏറ്റുമുട്ടുന്നത് സീനിയര്‍ നേതാക്കളാണ്. പക്ഷെ എം കെ രാഘവനെ തോല്‍പ്പിക്കാന്‍ എളമരം കരിമിനാവുമെന്നു തോന്നുന്നില്ല.

യുഡിഎഫ് തരംഗത്തിലും എല്‍ഡിഎഫ് വിജയിച്ച ആലപ്പുഴയിലെ പോരാട്ടം കനത്തതുതന്നെ. ഷാനിമോളെ തോല്‍പ്പിച്ച പോലെ കെ സി വേണുഗോപാലനെ തോല്‍പ്പിക്കാന്‍ ആരിഫിനാകുമോ എന്നത് സംശയമാണ്. ബിജെപിയുടെ ശോഭാ സുരേന്ദ്രന്റെ സാന്നിധ്യവും ഈ മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നു. പാലക്കാട് ശ്രീകണ്ഠനെ പിടിച്ചുകെട്ടാന്‍ വിജയരാഘവനാകുമെന്നു തോന്നുന്നില്ല. ബിജെപിക്ക് കുറെ വോട്ടുകള്‍ ഇവിടെയുണ്ട്. അതുണ്ടാക്കുന്ന സ്വാധീനം തങ്ങളെ സഹായിക്കുമെന്നാണ് ഇരുകൂട്ടരും കരുതുന്നത്. വലിയ പ്രതീക്ഷയോടെ ആറ്റിങ്ങലില്‍ മത്സരിക്കുന്ന ബിജെപിയുടെ കേന്ദ്രമന്ത്രി വി മുരളീധരനും മൂന്നാം സ്ഥാനത്തെത്താന്‍ തന്നെയാണ് സാധ്യത.കൊല്ലത്ത് പ്രേമചന്ദ്രനെ തടയാന്‍ മുഗേഷിന്റെ അഭിനയം മതിയാകില്ല. വര്‍ഷങ്ങളായി മാവേലിക്കരയിലെ എം പിയായ കൊടിക്കുന്നിലിന് അക്കാരണത്താല്‍ തന്നെ ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല.

ചാലക്കുടിയും എറണാകുളവുമൊക്കെ യുഡിഎഫിന് അനുകൂലമായി തുടരാനാണ് സാധ്യത. എന്നാല്‍ കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന് ഇത്തവണ ജയിക്കണമെങ്കില്‍ വെള്ളം കുടിക്കേണ്ടിവരും. ആലത്തൂരില്‍ രമ്യാ ഹരിദാസിന്റെ കാര്യവും പരുങ്ങലിലാണ്. കെ രാധാകൃഷ്ണന്‍ അവിടെ കരുത്തനായ പോരാളിതന്നെയാണ്. എന്നാല്‍ പത്തനംതിട്ടയില്‍ ഐസക് ജയിച്ചാല്‍ അത്ഭുതമാകും. അവിടെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുപോലും നേടാനാകില്ല. മലപ്പുറം, പൊന്നാനി സീറ്റുകളെ കുറിച്ച് എഴുതേണ്ടതില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ കുറിപ്പെഴുതുമ്പോഴുള്ള സാഹചര്യത്തിലെ വിശകലനമാണ് വിവരിച്ചത്. അതനുസരിച്ച് 19 സീറ്റില്ലെങ്കിലും ഭൂരിഭാഗവും യുഡിഎഫ് നേടാനാണ് സാധ്യത. വിജയം നേടുക എന്ന ഒറ്റലക്ഷ്യത്തോടെ സിപിഎം രംഗത്തിറക്കിയിരിക്കുന്ന വലിയ നേതാക്കളില്‍ എത്രപേര്‍ കടന്നുകൂടുമെന്ന് കാത്തിരുന്നു കാണണം. മറുവശത്ത് ഏറെ കാലമായി തുടരുന്ന ചില സിറ്റിംഗ് എം പിമാരുടേയും. സത്യത്തില്‍ ഇരുമുന്നണിയിലേയും സീനിയര്‍ നേതാക്കളില്‍ ഭൂരിഭാഗം പേര്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വലിയ താല്‍പ്പര്യമൊന്നുമില്ല. അവരുടെ മനസ്സില്‍ നിയമസഭാംഗത്വമാണ്. പ്രത്യേകിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക്. അവരുടെ ലക്ഷ്യം ഇവിടത്തെ മന്ത്രിസ്ഥാനമാണ്. സ്ഥാനാര്‍ത്ഥിത്വം ഒഴിഞ്ഞു കിട്ടിയതില്‍ ടി എന്‍ പ്രതാപന്‍ വളരെ സന്തോഷവാനാണ് എന്നു കേള്‍ക്കുന്നത് അതിനാലാണ്. അതേസമയം കേരളത്തില്‍ നങ്കൂരമിട്ടിട്ടുള്ള ഇരുപാര്‍ട്ടിയിലേയും ചില നേതാക്കള്‍, ചിലരെ ഇവിടെ നിന്ന് നാടുകടത്തുകയാണെന്നതും വ്യക്തമാണ്.

ജയിക്കുക എന്ന ഒറ്റലക്ഷ്യത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക എന്നൊക്കെ വാദിക്കാം. അപ്പോഴും പൊറുക്കാനാവാത്ത തെറ്റുകള്‍ എല്ലാ ഭാഗത്തുമുണ്ട്. ശുഷ്‌കമായ വനിതാ പ്രാതിനിധ്യം, ഉള്ളവ തന്നെ മിക്കവാറും ജയസാധ്യത കുറഞ്ഞ സീറ്റുകളില്‍, യുവ സാന്നിധ്യവും ന്യൂനപക്ഷ സാന്നിധ്യവും കുറവ്. സംവരണ സീറ്റുകളിലൊഴികെ ദളിത് സ്ഥാനാര്‍ത്ഥികളില്ല. മന്ത്രിമാരും എംഎല്‍എമാരും രാജ്യസഭാ എം പിമാരും വീണ്ടും രംഗത്ത് ഇവയൊക്കെ ജനാധിപത്യ സംവിധാനത്തിന് ഗുണകരമല്ല. സാമുദായിക രാഷ്ട്രീയം യാഥാര്‍ത്ഥ്യമാണെങ്കിലും അതിനു പുറകെ യാന്ത്രികമായി പോകുന്നതും നന്നല്ല. ഒരുപക്ഷെ അക്കാരണം കൊണ്ടാകും യുഡിഎഫിനു വടകര നഷ്ടപ്പെടുക. കോണ്‍ഗ്രസ്സില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ ഒന്നിലധികം വേണമെന്നതില്‍ സംശയമില്ല. എന്നാല്‍ ഷാഫിയെ വടകരയിലെത്തുക്കുകയല്ല വേണ്ടിയിരുന്നത്. ഒപ്പം മറ്റൊന്നു കൂടി പറയാതെ വയ്യ. ഈ ലിസ്റ്റിലെ ഏറ്റവും വലിയ രാഷ്ട്രീയ ശരിയില്ലായ്മ വയനാട്ടില്‍ നിന്നുള്ള രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വമാണ്. കര്‍ണ്ണാടകയിലോ മറ്റോ ബിജെപിക്കെതിരെ ജയസാധ്യതയുള്ള ഒരുസീറ്റില്‍ നിന്നാണ് അദ്ദേഹം മത്സരിക്കേണ്ടിയിരുന്നത്. പകരം ഇന്ത്യാ സഖ്യത്തില്‍ പെട്ട സിപിഐക്കെതിരെയല്ല. അതും ആനിരാജക്കെതിരെ. അതൊഴിവാക്കിയിരുന്നെങ്കില്‍ വയനാട്ടില്‍ ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാമായിരുന്നു. ഷാഫിയെ വടകരക്കു വിടേണ്ടിയിരുന്നില്ല.

എന്തായാലും വളരെ നേരത്തെ തുടങ്ങിയ കേരളത്തിലെ പോരാട്ടം വളരെ പെട്ടന്ന് അതിശക്തമാകുമെന്നുറപ്പ്. അതിനിടയില്‍ പല സീറ്റുകളിലും ജയ പരാജയ സാധ്യതകള്‍ മാറിവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply