ദൈവത്തിന്റെ സ്വന്തം നാട് യുവജനങ്ങളുടേതല്ലാതാകുമ്പോള്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

രാമക്ഷേത്ര പ്രതിഷ്ഠാ കോലാഹലങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം കേരളത്തെ കുറിച്ച് നടന്ന ഒരു വിവാദം കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയി. യുവജനങ്ങള്‍ വ്യാപകമായി കേരളം വിടുന്നുവെന്ന് മുഖ്യമന്ത്രിയുടേയും പ്രതിപക്ഷനേതാവിന്റേയും സാന്നിധ്യത്തില്‍ ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തിന്റെ പ്രസ്താവനയാണ് ഉദ്ദേശിക്കുന്നത്. ദൈവത്തിന്റെ നാട്ടില്‍ ജീവിതം വിജയിപ്പിക്കാന്‍ കഴിയില്ലെന്ന തോന്നലാണ് യുവജനങ്ങള്‍ക്കെന്നും അതങ്ങനയല്ല, ഇവിടെ ജീവിച്ചു വിജയിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ വിഷയത്തെ അതര്‍ഹിക്കുന്ന ഗൗരവത്തോടെ മുഖ്യമന്ത്രി കണ്ടോ എന്നു സംശയമാണ്. പുറത്ത് പോയി പഠിക്കണമെന്ന കുട്ടികളുടെ ആഗ്രഹത്തിന് മാതാപിതാക്കള്‍ വഴങ്ങുന്ന കാലമാണിതെന്നും അവരെ എങ്ങനെ ഇവിടെ നിലനിര്‍ത്താമെന്ന് സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിവരികയാണ്. ഇതെല്ലാം ഒറ്റ ദിവസം കൊണ്ട് ലക്ഷ്യം കണ്ടെന്ന് വരില്ല. പക്ഷേ മാറ്റങ്ങളുണ്ടാകും നമ്മുടെ നാട് ജീവിക്കാന്‍ പറ്റാത്ത നാടല്ല എന്നെല്ലാം പറഞ്ഞ അദ്ദേഹം മറ്റൊന്നു കൂടി കൂട്ടിചേര്‍ത്തു. വിദേശത്ത് പോയവര്‍ പോലും കൊവിഡ് സമയത്ത് കേരളത്തിലേക്കാണ് മടങ്ങിയെത്തിയതത്രെ. അവര്‍ പിന്നെ മറ്റെവിടെയാണ് പോകുക? ലോകം മുഴുവന്‍ ഏറെക്കുറെ അ്ങ്ങനെ തന്നെ.യായിരുന്നില്ലേ?

ഏതാനും മാസം മുമ്പ് യൂറോപ് പര്യടനം കഴിഞ്ഞുവന്ന പിണറായി പറഞ്ഞത് മറ്റൊന്നായിരുന്നു. കേരളത്തില്‍ നിന്നുളള ആരോഗ്യപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും യു.കെ യിലേയ്ക്ക് തൊഴില്‍ കുടിയേറ്റവും വിദ്യാര്‍ത്ഥികള്‍ക്ക് പഠന അവസരങ്ങളും സാധ്യമാക്കുന്നതിനുള്ള അര്‍ത്ഥവത്തായ ഇടപെടല്‍ സാധ്യമായി എന്നായിരുന്നു അത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നീ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് സുഗമവും സുരക്ഷിതവുമായ കുടിയേറ്റം സാധ്യമാക്കുകയാണ് ലക്ഷ്യമെന്നും ഒരാഴ്ചയോളം നീളുന്ന യു.കെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു എന്നും ആദ്യഘട്ടത്തില്‍ ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകള്‍ക്കായി 3000 ലധികം ഒഴിവുകളിലേക്ക് തൊഴില്‍ സാധ്യത തെളിയുമെന്നും അടുത്ത മൂന്ന് വര്‍ഷത്തേക്ക് യുകെയില്‍ 42,000 നഴ്‌സുമാരെ ആവശ്യം വരുമെന്നും ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുകയും ചെയ്തു.

സത്യത്തില്‍ എത്രയോ പതിറ്റാണ്ടുകളായി മലയാളി ആരംഭിച്ചതാണ് കുടിയേറ്റവും പ്രവാസവും. കുടിയേറുന്ന പ്രദേശങ്ങള്‍ മാറികൊണ്ടിരിക്കുന്നു എന്നു മാത്രം. മലേഷ്യ സിലോണ്‍, സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളിലേക്ക് കുട്ിയേറിയവരുടെ അനന്തരതലമുറകളെ സംസ്ഥാനത്തിന്റെ പല ഭാഗത്തും കാണാമല്ലോ. തുടര്‍ന്ന് കറാച്ചി, മുംബൈ, കല്‍ക്കട്ട, ചെന്നൈ പോലുള്ള നഗരങ്ങളിലേക്കായി കുടിയേറ്റം. പിന്നത്തെ കുടിയേറ്റം എല്ലാവര്‍ക്കുമറിയുന്നപോലെ ഗള്‍ഫിലേക്കായി. ഇതുവരെയുള്ള മലയാളിയുടെ കുടിയേറ്റ ചരിത്രത്തില്‍ ഏറ്റവും പ്രധാനം അതുതന്നെ. ഇക്കാലത്തുതന്നെ അമേരിക്കയിലേക്കും കനഡയിലേക്കും യൂറോപ്യന്‍ രാഷ്ട്രങ്ങളിലേക്കുമൊക്കെ കുടിയേറ്റം ആരംഭിച്ചിരുന്നു. പ്രധാനമായും നഴ്സുമാരര്‍ തന്നെ. പിന്നാലെ മറ്റു തൊഴില്‍ മേഖലകളിലുള്ളവരും പോകാനാരംഭിച്ചു. ബാഗ്ലൂര്‍ വഴി ഈ രാജ്യങ്ങളിലേക്ക് നിരവധി ഐടി വിദഗ്്ധര്‍ പറന്നു. ഇപ്പോഴിതാ ജോലികള്‍ക്കു മാത്രമല്ല, വിദ്യാഭ്യാസത്തിനായും ആയിരങ്ങള്‍ ഈ രാജ്യങ്ങളിലേക്കു പോകുന്നു. മുന്‍കാല കുടിയറ്റങ്ങളുടെ തുടര്‍ച്ച ഇതിനുണ്ടങ്കിലും കാതലായ ഒരു വ്യത്യാസം കൂടിയുണ്ട്. ഇത് അക്ഷരാര്‍ത്ഥത്തില്‍ കുടിയേറ്റമാണ് എന്നതാണത്. ഈ രാജ്യങ്ങളിലേക്കു പോകുന്നവര്‍ മിക്കവാറും അവിടെതന്നെ സ്ഥിര താമസമാകുന്നു. അതിന്റെ ഭാഗമായി ഇന്നു സംസ്ഥാനത്തു വീടില്ലാത്ത കുടുംബങ്ങളുടെ എണ്ണത്തേക്കാള്‍ എത്രയോ കൂടുതല്‍ വീടുകള്‍ പൂട്ടിക്കിടക്കുന്നു.

കേരളം യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു സമാനമാണ് എന്നൊക്കെ കൊട്ടിഘോഷിക്കുന്നവരാണല്ലോ നമ്മള്‍. എന്നാല്‍ യാഥാര്‍ത്ഥ്യം എത്ര അകലെയാണ്. നമ്മുടെ കൗമാരക്കാരേയും ചെറുപ്പക്കാരേയും പ്രചോദിപ്പിക്കുന്ന ഒന്നും തന്നെ ഇവിടെയില്ല എന്നതു തന്നെയാണ് യാഥാര്‍ത്ഥ്യം. ഉന്നതവിദ്യാഭ്യാസത്തില്‍ നമ്മളെത്ര പുറകിലാണെന്നു ബോധ്യമാക്കുന്ന വാര്‍ത്തകളാണ് അനുദിനം പുറത്തുവരുന്നത്. സത്യത്തില്‍ ഉന്നത വിദ്യാഭ്യാസത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കുമുള്ള യാത്രകള്‍ തുടങ്ങി കുറച്ച് കാലമായി. ഇപ്പോഴത് വന്‍തോതിലായി എന്നു മാത്രം. ഇപ്പോള്‍ സംസ്ഥാനത്തെ കലാലയങ്ങളില്‍ 37 ശതമാനം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നാണ് വാര്‍ത്ത. സത്യത്തില്‍ ഇവിടെ പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ മാത്രമാണ് എന്തെങ്കിലും മികവുള്ളത് അതുപോലും എത്രമാത്രമെന്ന് സമീപകാലത്ത് ആ മേഖലയിലെ മേധാവി തന്നെ തുറന്നു പറഞ്ഞല്ലോ.

അതേസമയം ഈ ഒഴുക്കിനുള്ള കാരണം ഉന്നത വിദ്യാഭ്യാസത്തിലെ നിലവാരമില്ലായ്മ മാത്രമല്ല. ഇവിടെ നിലനില്‍ക്കുന്ന കപടസദാചാരബോധവും അമിതമായ കക്ഷിരാഷ്ട്രീയവും അഴിമതികളും തൊഴില്‍ സാധ്യതകളുടെ കുറവും നിക്ഷേപകസൗഹൃദമല്ലാത്തതും മാതാപിതാക്കളുടെ അമിതമായ നിയന്ത്രണങ്ങളും മറ്റും കുട്ടികളെ സ്ഥലം വിടാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണെന്ന സര്‍വ്വേ റിപ്പോര്‍ട്ടും അടുത്തയിടെ പുറത്തുവന്നിരുന്നു. അതില്‍ പുതിയ തലമുറ ഏറ്റവും വെറുക്കുന്ന കപട സദാചാര ബോധത്തിന്റെ പ്രധാന കാരണം ആര്‍ച്ച് ബിഷപ്പ് പ്രതിനിധാനം ചെയ്യുന്നവര്‍ തന്നെയാണ്. മറുവശത്ത് സ്വതന്ത്രമായ ജീവിതം ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്ക് പലപ്പോഴും തടസ്സമായി നില്‍ക്കുന്നത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും, പ്രത്യേകിച്ച് മുഖ്യമന്ത്രി പ്രതിനിധാനം ചെയ്യുന്ന സമഗ്രാധിപത്യ വാദികളും.

ഇവിടെ ഉയര്‍ന്ന വേതനമുണ്ടെന്ന പ്രചാരണവും മിഥ്യയാണ്. ദിവസത്തൊഴിലുകാര്‍ക്ക് ഭേദപ്പെട്ട വേതനമുണ്ട്. പക്ഷെ അവരില്‍ മിക്കവര്‍ക്കും എന്നും തൊഴിലില്ല. മറ്റ് ആനുകൂല്യങ്ങളില്ല. ആ മേഖലകളില്‍ ഇപ്പോള്‍ കൂടുതല്‍ ഇതരസംസ്ഥാനക്കാരാണ്. മറിച്ച് ഇവിടത്തെ സ്വകാര്യമേഖലയിലെ മഹാഭൂരിഭാഗം ജീവനക്കാര്‍ക്കും ലഭിക്കുന്നത് ശരാശരി മാസം 10000 രൂപയാണ്. ദിവസകൂലി 350നു താഴെ. ബംഗാളികള്‍ക്ക് അവിടെ കിട്ടുന്ന കൂലി. ചെറുകിട സംരംഭകരുടെ അവസ്ഥയും വ്യത്യസ്ഥമല്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ചില പൊതുമേഖലാ ജീവനക്കാര്‍ക്കും ചില വന്‍കിട സ്വകാര്യ സ്ഥാപനങ്ങളിലും മാത്രമാണ് ഉയര്‍ന്ന വേതനമുള്ളത്. തുച്ഛം വേതനത്തിനായി ജീവിതം തുലക്കാന്‍ ചെറുപ്പക്കാര്‍ തയ്യാറാകാത്തത് സ്വാഭാവികം മാത്രം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

തുടക്കത്തില്‍ സൂചിപ്പിച്ചപോലെ ഇപ്പോഴത്തെ ഈ കുടിയേറ്റം മുന്‍ പ്രവാസങ്ങളില്‍ നിന്നു വ്യത്യസ്ഥമാകുന്നത്് ഈ പോകുന്നവര്‍ മിക്കവാറും അവിടങ്ങളിലെ പൗരന്മാരായി മാറുമെന്നതാണ്. പഠിപ്പിനൊപ്പം ജോലിചെയ്യും. പിന്നീട് സ്ഥിരജോലി കണ്ടെത്തും. വിവാഹം കഴിക്കും. കഴിയുന്നത്ര ബന്ധുക്കളേയും സുഹൃത്തുക്കളേയുമൊക്കെ കൊണ്ടുപോകും. അവര്‍ക്കവിടെ വന്‍തുക വേനം ലഭിച്ചാലും അതിന്റെ വിഹിതമൊന്നും ഇങ്ങോട്ടുവരാന്‍ പോകുന്നില്ല. മാത്രമല്ല പഠിക്കനാവശ്യങ്ങള്‍ക്കായി വലിയ തുക അവിടങ്ങളിലേക്കൊഴുകുന്നു. ഗള്‍ഫ് പ്രവാസത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരവസ്ഥയാണ് സംജാതമാകുന്നത് എന്നര്‍ത്ഥം. മാത്രമല്ല ഇപ്പോള്‍ തന്നെ പത്തനംതിട്ടയിലും മറ്റും ജനസംഖ്യയില്‍ കുറവുവരാന്‍ കാരണം ഇതുകൂടിയാണ്.

പതുക്കെ പതുക്കെ ജനസംഖ്യയിലെ ചെറുപ്പക്കാരുടെ അനുപാതം കുറഞ്ഞുവരും. അധികം താമസിയാതെ വൃദ്ധരുടെ സ്വന്തം നാടായി കേരളം മാറും. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇവിടെ അവരുട ജീവിതം അരക്ഷിതമാകും. മിക്കവാറും യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം ഇന്‍ഷ്വറന്‍സും മറ്റു സര്‍ക്കാര്‍ സഹായങ്ങളുമുള്ളതിനാല്‍ വൃദ്ധരുടെ ജീവിതം സുരക്ഷിതമാണ്. അവര്‍ക്ക് സഹായത്തിനു ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കാനുള്ള സൗകര്യങ്ങളുണ്ട്. അങ്ങനെയാണല്ലോ അവിടത്തെ ആശുപത്രികളിലും വൃദ്ധസദനങ്ങളിലും വീടുകളിലും ഇവിടത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വ്യാപകമായി ജോലി ലഭിക്കുന്നത്, നമ്മുടെ അവസ്ഥ പക്ഷെ അതാകില്ലല്ലോ. മാത്രമല്ല സാമാന്യം വിദ്യാഭ്യാസമുള്ള യുവജനങ്ങളാണ് ഇവിടെനിന്നു പോകുന്നത്. വന്‍തോതിലുള്ള മനുഷ്യവിഭവശേഷിയാണ് നമുക്ക് നഷ്ടപ്പെടുന്നത്. പകരം വിദേശത്തുനിന്നുപോയിട്ട് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുപോലും ഇവിടേക്ക് പഠിക്കാനോ തൊഴിലിനോ കാര്യമായി ആരുമെത്തുന്നില്ല. വരുന്നത് ബംഗാള്‍, ഒറീസ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ മാത്രമാണ്.

മറ്റൊരു പ്രധാന വിഷയം കൂടി ഉന്നയിക്കേണ്ടതുണ്ട്. കുടിയേറ്റത്തിന്റെ ഈ സാധ്യതകളൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ ഏതൊക്കെ ജനവിഭാഗങ്ങള്‍ക്ക് അതു സാധ്യമാകുന്നു എന്നതാണത്. അതിനാവശ്യമായ പ്രാഥമിക മൂലധനം പോലുമില്ലാത്ത ലക്ഷങ്ങളുടെ നാടാണ് കേരളം. ദളിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ഉദാഹരണം. മലയാളികളില്‍ വലിയൊരു വിഭാഗത്തിനു പ്രവാസവും സംരംഭകത്വവും ഉന്നതവിദ്യാഭ്യാസവും മറ്റും സാധ്യമായത്, ഇപ്പോഴും സാധ്യമാകുന്നത് സ്വന്തം ഭൂമി പണയം വെച്ചാണല്ലോ. അതിനുള്ള അവസരമില്ലാത്തവര്‍ എന്തു ചെയ്യും? മാത്രമല്ല ഈ പ്രവണത എത്രകാലം നിലനില്‍ക്കും എന്നും പറയാനാവില്ല. അധികകാലം തുടരില്ല എന്നാണ് പല വിദഗ്ധരും നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ മലയാളി പ്രവാസത്തിനായി പുതിയ മേച്ചില്‍ പുറങ്ങള്‍ കണ്ടെത്തേണ്ടിവരും. ഇത്തരത്തില്‍ ഗൗരവമായ വിഷയങ്ങളെന്തെങ്കിലും ബിഷപ്പും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ആലോചിക്കുന്നുണ്ടോ ആവോ !


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply