
ആദിവാസി ഹൈന്ദവവല്‍ക്കരണം ഭരണഘടനാ വിരുദ്ധം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ആദിവാസി സ്ത്രീകളുടെ തുല്യ പിന്തുടര്‍ച്ചാ അവകാശത്തിനുവേണ്ടി, ആദിവാസി ഗോത്ര വ്യക്തി, ഹിന്ദു ആചാരങ്ങള്‍ക്ക് അനുകൂലമായി ആചാര നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ കോടതികള്‍ ‘ഹിന്ദുവല്‍ക്കരണ പരിശോധന’ നടത്തുന്നത് അത്ഭുതകരമാണ്. ഇത് ഗോത്ര സ്വത്വനിഷേധം ആണെന്ന് മാത്രമല്ല, ഗോത്ര സമൂഹങ്ങള്‍ക്ക് വ്യത്യസ്തമായ സാമൂഹിക ഘടനകള്‍, ആചാരങ്ങള്‍, സാംസ്‌കാരിക സ്വത്വങ്ങള്‍ എന്നിവയുണ്ടെന്നും അവയ്ക്ക് ഏകീകൃതവല്‍ക്കരണത്തില്‍ നിന്ന് സംരക്ഷണം ആവശ്യമാണെന്നും ഭരണഘടനാ കോടതികള്‍ക്ക് തിരിച്ചറിയാന്‍ കഴിയാതാകുന്നതിന്റെ രാഷ്ട്രീയ പ്രശ്‌നം കൂടിയാണ്.
ഭരണഘടനാപരവും നിയമപരവുമായ ചട്ടക്കൂട് സാമൂഹിക പരിഷ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിനും ഗോത്ര സ്വയംഭരണം സംരക്ഷിക്കുന്നതിനും ഇടയിലുള്ള സൂക്ഷ്മമായ സന്തുലിതാവസ്ഥയെ പ്രതിഫലിപ്പിക്കുന്നതാകണം. എന്നാല്‍ അതിനു വിപരീതമായി ആദിവാസി സ്ത്രീ തുല്യതാ അവകാശത്തിന് ‘ഹൈന്ദവവല്‍കരണം’ പരിഹാരമായി കണ്ട ഹിമാചല്‍ ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതി നിര്‍ണായകമായ വിധി പ്രസ്താവിച്ചിരിക്കുകയാണ്.
ആദിവാസി ഗോത്ര സമൂഹങ്ങള്‍ക്കിടയില്‍ സ്ത്രീകളുടെ പിന്തുടര്‍ച്ചാവകാശം ഇന്നും പരിഹരിക്കാതെ അനിശ്ചിതത്വത്തില്‍ തുടരുകയാണ്. പാരമ്പര്യവും പൈതൃകവുമായ ഭൂ സ്വത്തില്‍ ആദിവാസി സ്ത്രീകള്‍ക്ക് നിരുപാധികമായ തുല്യ അവകാശം അവഗണിക്കപ്പെടുന്നത്, അവരുടെ സാമൂഹ്യ സാംസ്‌കാരിക തനിമ ചോരാതെ ആധുനിക നിയമത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെട്ടിട്ടില്ല. 1956 ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശം (Hindu Succession Act) സ്ത്രീകള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യ അവകാശം നല്‍കുമ്പോള്‍, ആദിവാസി ഗോത്രങ്ങള്‍ മാത്രം അതിന്റെ ആലോചനാ പരിധിയില്‍ പോലും വന്നിട്ടില്ല എന്ന സ്ത്രീ നിഷേധ പ്രശ്‌നം കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
‘ഹൈന്ദവ’ വല്‍ക്കരിക്കപ്പെട്ടവര്‍ക്ക് (Hinduised) മാത്രമാണ് ചില കോടതികളില്‍ നിന്ന് ഒറ്റപ്പെട്ട കേസുകളില്‍ 1956ലെ ഹിന്ദു പിന്തുടര്‍ച്ചാ അവകാശത്തെ മുന്‍നിര്‍ത്തി ഗോത്ര സ്ത്രീകള്‍ക്ക് പാരമ്പര്യ ഭൂ അവകാശത്തിന് അനുകൂലമായ വിധി ഉണ്ടായിട്ടുള്ളത്. ആദിവാസി ഗോത്ര സമൂഹങ്ങളുടെ പ്രാക്തന പാരമ്പര്യ – സാംസ്‌കാരിക മൂല്യങ്ങളെല്ലാം കുടഞ്ഞു കളഞ്ഞ് ഹിന്ദുത്വം സ്വീകരിച്ചാല്‍ മാത്രമേ അവരുടെ സ്ത്രീ അവകാശങ്ങള്‍ സ്ഥാപിക്കപ്പെടുകയുള്ളൂ എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ചുരുക്കത്തില്‍ പാരമ്പര്യ അവകാശങ്ങളെ കുറിച്ചുള്ള ചോദ്യം ഉയരുമ്പോള്‍ ‘ഹിന്ദുത്വവല്‍ക്കരണം’ ആദിവാസി ഗോത്ര സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് അനിവാര്യ ഘടകം ആക്കിത്തീര്‍ക്കുന്ന ഒരു സാമൂഹ്യ പരിസരം സൃഷ്ടിക്കപ്പെടുന്നുണ്ട്.
എന്നാല്‍ 2025 ഒക്ടോബര്‍ 8 ലെ സുപ്രീം കോടതി വിധിയോടെ ഇതിനൊരു പര്യവസാനം ഉണ്ടായിരിക്കുന്നുവെന്ന് പറയാം. ജസ്റ്റിസ് സഞ്ജയ് കരോള്‍, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് 1956 ഹിന്ദു പിന്തുടര്‍ച്ചാ നിയമം ആദിവാസി (Scheduled Tribe) സ്ത്രീ തുല്യാവകാശ വിഷയത്തില്‍ ബാധകമാക്കാന്‍ കഴിയില്ല എന്ന് പ്രസ്താവിച്ചിരിക്കുന്നു. ആദിവാസി ഗോത്ര സമൂഹത്തിന്റെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ (special protection) എന്ന ഭരണഘടനാ അവകാശം പുനഃ ദൃഢീകരിക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടും ചര്‍ച്ചയാവുകയാണ്. നവാംഗ് vs ബഹാദൂര്‍ (Navang vs Bahadur) കേസിലാണ് സുപ്രീംകോടതിയില്‍ നിന്ന് ഈ നിര്‍ണായക വിധി ഉണ്ടായിരിക്കുന്നത്.
ഹിന്ദുവല്‍ക്കരിക്കപ്പെട്ട രണ്ട് ഗോത്ര പെണ്‍കുട്ടികള്‍ക്ക് പൈതൃക സ്വത്തവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ട് എന്ന ഹിമാചല്‍ ഹൈക്കോടതിയുടെ 2015ലെ വിധിയുടെ അപ്പീലിലാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം. നിലവിലെ ഹിന്ദു ആക്ട് ഗോത്രവര്‍ഗങ്ങള്‍ക്ക് കൂടി ബാധകമാക്കാന്‍ പാര്‍ലമെന്റിന് മാത്രമേ അധികാരമുള്ളൂ എന്ന് സുപ്രീംകോടതി വിധിച്ചു. ഗോത്ര സമൂഹങ്ങളുടെ അനന്യമായ സാമൂഹ്യ സാംസ്‌കാരിക സവിശേഷതകളെ പുറന്തള്ളി ഏതെങ്കിലും മതത്തിന്റെ പേരിലാണോ അവരുടെ അവകാശങ്ങളെ വിലയിരുത്തേണ്ടത് എന്ന സുപ്രധാനമായ ചോദ്യമാണ് ഇവിടെ ഉയരുന്നത്. മറ്റേതെങ്കിലും ചട്ടം വിപുലീകരിച്ചുകൊണ്ട് അവര്‍ക്ക് തുല്യ അവകാശങ്ങള്‍ നല്‍കുന്നതിന് പകരം, ഒരുഭാഗത്ത് അവരെ ഹിന്ദുവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍, മറ്റൊരു വിഭാഗം ഗോത്ര പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ പേരില്‍ ആദിവാസി സ്ത്രീകള്‍ വിവേചനം നേരിടുന്നത് തുടരുന്നതിന് സ്ഥിരവും നിയമപരവുമായ പരിഹാരം കണ്ടെത്താതിരിക്കുകയും ചെയ്യുന്നു.
ഗോത്രവര്‍ഗ്ഗക്കാരെ ഹിന്ദുവല്‍ക്കരിക്കുന്നത് ഗോത്രവര്‍ഗക്കാരുടെ തനതായ വ്യക്തിത്വം സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാ ഉറപ്പിന്റെ നിരാകരണമാണ്. എന്നുമാത്രമല്ല ഹിമാചല്‍ ഹൈക്കോടതിയുടെ ഈ വിധി ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ സെക്ഷന്‍ 2(2) ന്റെ ഭരണഘടനാ സാധുത അസ്ഥിരീകരിക്കുന്നുണ്ട്. സെക്ഷന്‍ 2(2) ആക്ട് പട്ടികവര്‍ഗ്ഗത്തെ ഹിന്ദു പിന്തുടര്‍ച്ചാവകാശത്തില്‍ നിന്ന് ഒഴിവാക്കുന്നതായി കൃത്യമായി നിര്‍വചിക്കുന്നുണ്ട്.
നേരത്തെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ സെക്ഷന്‍ 2 (1) ന്റെ വ്യാപ്തി വിശാലമാക്കാന്‍ കോടതി ശ്രമങ്ങള്‍ നടത്തിയിരുന്നു. ഈ വകുപ്പിന് കീഴില്‍ അവരെ വ്യക്തമായി ഒഴിവാക്കാത്തതിനാല്‍, ആക്ടിന്റെ സെക്ഷന്‍ 2 (1) പ്രകാരം അവരെ ഹിന്ദു എന്നതിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താമെന്ന് നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇത് സെക്ഷന്‍ 2 (2) ന് വിരുദ്ധമാണ് എന്ന് അതിന്റെ പ്രാഥമികമായ നിര്‍വ്വചനം തന്നെ സൂചിപ്പിക്കുന്നുണ്ട്. അതായത് സെക്ഷന്‍ 2(1) ലെ ഒരു വ്യവസ്ഥയും വിജ്ഞാപനം ചെയ്യപ്പെട്ട പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ബാധകമല്ല. എന്നാല്‍ ആദിവാസി സ്ത്രീകള്‍ക്ക് അവരുടെ ഗോത്ര സ്വത്വം തിരഞ്ഞെടുക്കാനുള്ള അവകാശം നിഷേധിക്കുകയും, ഹിന്ദുമതത്തിന്റെ അനുയായികളാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു എന്നാണ് ഏതൊരു സാമാന്യ മനുഷ്യനും ചിന്തിക്കുക.
ഗോത്രവര്‍ഗക്കാരുടെ മതവിശ്വാസം എന്തുതന്നെയായാലും 1956ലെ ഹിന്ദു ആക്ട് അവര്‍ക്കിടയില്‍ വ്യാപിപ്പിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ഇപ്പോള്‍ പ്രസ്താവിച്ചു കഴിഞ്ഞു. ഇനി അനന്തരാവകാശത്തെ കൂടുതല്‍ സ്ത്രീപക്ഷമാക്കുന്ന ഒരു പ്രത്യേക നിയമം തന്നെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്. എന്നാല്‍ ഇന്നത്തെ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തില്‍ നിന്ന് അത് പ്രതീക്ഷിക്കാന്‍ കഴിയില്ല. ആദിവാസി ഗോത്ര സമൂഹങ്ങളെ, അവരുടെ തനത് സംസ്‌കാരത്തില്‍ നിന്നും സാമൂഹ്യഘടനയില്‍ നിന്നും വേരോടെ പിഴുതെടുത്ത് ഹിന്ദുത്വത്തിലേക്ക് സ്ഥാപിക്കാനുള്ള ചതിക്കുഴികളാണ് വ്യാപകമായി കണ്ടുവരുന്നത്.
ഗണ്യമായ ഗോത്രജനസംഖ്യകളുള്ള മറ്റ് സംസ്ഥാനങ്ങളിലെ പരമ്പരാഗതമായ പിന്തുടര്‍ച്ചാവകാശം ക്രോഡീകരിച്ച് അവരോട് കൂടി ചര്‍ച്ച ചെയ്ത്, ഗോത്ര സ്വത്വം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ലിംഗസമത്വം ഉറപ്പാക്കാനുള്ള ഒരു രാഷ്ട്രീയ ജനാധിപത്യ പരിഹാരമാണ് അടിയന്തരമായി ഉണ്ടാകേണ്ടത്.
ഏതെങ്കിലും ഒരു മതവിശ്വാസത്തെ, അതിന്റെ തത്ത്വസംഹിതയെ ഉത്തമ വിശ്വാസത്തോടെ സ്വീകരിക്കുന്നതാണ് മതപരിവര്‍ത്തനം എന്നു പറയുന്നത്. എന്നാല്‍ സുപ്രീം കോടതിയുടെ 1966ലെ ‘ഹിന്ദു’ എന്നതിന്റെ നിര്‍വചനത്തെ കൃത്യമായി മനസ്സിലാക്കിയാല്‍, ആ മതത്തിലേക്ക് ഒരു പരിവര്‍ത്തനം തത്വത്തില്‍ അസാധ്യമാണ് എന്ന് മനസ്സിലാക്കാം. ‘ഹിന്ദു’ എന്നത് മറ്റു മതങ്ങളെപ്പോലെ പൊതുവായ ഈശ്വര പ്രാര്‍ത്ഥനാ സംവിധാനമോ, പ്രവാചകനോ, നിര്‍വചിക്കാവുന്ന ഏതെങ്കിലും സിദ്ധാന്തമോ ഉള്ള മത കല്‍പ്പനയല്ല. മറിച്ച് ഒരു ‘ജീവിതരീതി’ മാത്രമാണെന്നാണ് 1966ല്‍ സുപ്രീംകോടതി നിരീക്ഷിക്കുന്നത്. ഇങ്ങനെ കൃത്യമായി നിര്‍വചനം പോലും നല്‍കാന്‍ കഴിയാത്ത ഒരു സംവിധാനത്തിലേക്ക് എങ്ങനെയാണ്, ആര്‍ക്കാണ് മാറാന്‍ കഴിയുക?
ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം പട്ടികവര്‍ഗക്കാര്‍ക്ക് ബാധകമല്ലെന്ന് അസന്ദിഗ്ധമായി വിധിച്ച മധു കിഷ്വാര്‍ vs. സ്റ്റേറ്റ് ഓഫ് ബീഹാര്‍ (1996) എന്ന കേസിലെ സുപ്രധാന വിധി ഉള്‍പ്പെടെയുള്ള ജുഡീഷ്യല്‍ നിരീക്ഷണങ്ങള്‍ ഈ പറയുന്ന ‘ഹിന്ദുത്വ പരിശോധന’ നടത്തുന്ന കോടതികള്‍ക്ക് മുന്നിലുണ്ട്. ഈ തീര്‍പ്പാക്കിയ നിലപാട് മറികടക്കാന്‍ ഹിമാചല്‍ ഹൈക്കോടതി നടത്തിയ ശ്രമം ജുഡീഷ്യല്‍ നിയമനിര്‍മ്മാണത്തിന് തുല്യമാണ്. അതുപോലെ, 1956-ലെ ഹിന്ദു ദത്തെടുക്കല്‍, പരിപാലന നിയമം, 1955-ലെ ഹിന്ദു വിവാഹ നിയമം എന്നിവയൊന്നും ST വിഭാഗങ്ങള്‍ക്ക് ബാധകമല്ല. അവര്‍ ഏതെങ്കിലും മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ല രൂപീകരിക്കപ്പെട്ടിട്ടുള്ളത്. മറിച്ച്, അവരുടെ സാമൂഹികവും സാംസ്‌കാരികവും വിഭവപരവുമായ സ്വഭാവ വിശേഷതകളും കമ്മ്യൂണിറ്റി രീതികളും അവര്‍ അധിവസിക്കുന്ന പ്രദേശവും സംസ്ഥാനവും അടിസ്ഥാനപ്പെടുത്തിയാണ് ST എന്ന നില നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ST വിഭാഗം പ്രത്യേക മേഖലകളില്‍ പ്രത്യേകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ആന്ധ്രാപ്രദേശിലെ ഷെഡ്യൂള്‍ ചെയ്ത പ്രദേശത്ത് മാത്രമാണ് വാല്‍മീകി സമുദായത്തെ ST വിഭാഗമായി വിജ്ഞാപനം ചെയ്യുന്നത്. മറ്റൊരു ഉദാഹരണത്തിന് ഭരണഘടന (പട്ടികവര്‍ഗങ്ങള്‍ – യൂണിയന്‍ ടെറിട്ടറികള്‍) ഉത്തരവ്, 1951 (C .0.33) പ്രകാരം ലക്ഷദ്വീപ്, മിനിക്കോയ്, ആന്‍ഡമാന്‍ ദ്വീപ് നിവാസികളെ പട്ടികവര്‍ഗ്ഗങ്ങളായി പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ അവര്‍ മതം കൊണ്ട് മുസ്ലീങ്ങളാണ്. അതിനാല്‍, ST പദവി ജനങ്ങള്‍ക്ക് നല്‍കുന്നത് അവര്‍ വിശ്വസിക്കുന്ന മതത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് അവര്‍ ഉള്‍പ്പെടുന്ന സമുദായത്തിന്റെയും അവര്‍ താമസിക്കുന്ന പ്രദേശത്തിന്റെയും അടിസ്ഥാനത്തിലാണ്.
മറ്റൊരു ഗുരുതരമായ പ്രശ്‌നം ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം ‘ഹിന്ദുവല്‍ക്കരിക്കപ്പെട്ട’ ഗോത്രവര്‍ഗക്കാര്‍ക്കും ബാധകമാക്കിയാല്‍, ആദിവാസികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഭരണഘടനാ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാനോ സാങ്കല്‍പ്പിക ദത്തെടുക്കല്‍ രേഖകള്‍ സൃഷ്ടിക്കാനോ വഴിയൊരുക്കും എന്നതാണ്. ഗോത്ര സമൂഹങ്ങള്‍ വിശാലമായ അര്‍ത്ഥത്തില്‍ ഏകതാന രീതിയില്‍ പുലരുമ്പോള്‍, ഹിന്ദു മതം ജാതി ഗ്രൂപ്പുകളാല്‍ സാംസ്‌കാരികമായി വളരെയേറെ വിഭിന്നമാണ്.ഗോത്ര വനിതകള്‍ക്ക് പരമ്പരാഗത സ്വത്തും തുല്യനീതിയും ലഭ്യമാക്കാന്‍ ‘ഹിന്ദുവത്ക്കരണം’ മാനദണ്ഡമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെ നമ്മുടെ ആദിവാസി പ്രാക്തന ഗോത്ര സമൂഹത്തെ, ഹിന്ദുവല്‍ക്കരിക്കാന്‍ ഉള്ള ഏതു ശ്രമങ്ങളെയും നാം ജാഗ്രതയോടെ കാണേണ്ടതാണ്.
